രാധികയുടെ കയ്യുപിടിച്ച് സബ്ബ് രജിസ്ട്രാര്‍ ഓഫീസിന്റെ പടികള്‍ കയറുമ്പോള്‍ ഭാസുര ടീച്ചറിന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.
ആ വിറയല്‍ അമ്മയുടെ കൈകളിലൂടെ തന്റെ ശരീരത്തിലേക്കും പടര്‍ന്നു കയറുന്നത് രാധികയറിഞ്ഞു.
കാവുനില്‍ക്കുന്ന ഒരേക്കറും തറവാട്ടുവീടും വില്‍ക്കുകയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ അമ്മ അസ്വസ്ഥയാണ്.
അമ്മയോടു പറയേെണ്ടന്നായിരുന്നു ആദ്യത്തെ തീരുമാനം. എന്തെങ്കിലും ജാലം പറഞ്ഞ് രജിസ്ട്രാഫീസിലെത്തിച്ച് ഒപ്പിടുവിയ്ക്കുക.
പക്ഷേ ജയേട്ടന്‍ സമ്മതിച്ചില്ല.
അമ്മയോട് എല്ലാം പറയണം. അദ്ധ്യാപികയായിരുന്ന അമ്മയ്ക്ക് വിവരവും ലോകപരിജ്ഞാനവുമുണ്ട്. കാലത്തിന്റെ മാറ്റം അമ്മയ്ക്കറിയാം. അതിനോടൊത്തുനിന്നു ചിന്തിയ്ക്കാനും, തീരുമാനമെടുക്കാനും അമ്മയ്ക്കു കഴിയും. മാത്രമല്ല ഒളിച്ചുവെയ്ക്കുന്നത് ഒരുതരം ആത്മവഞ്ചനയാണ്.
ഭര്‍ത്താവിന്റെ തീരുമാനമാണ് ശരിയെന്ന് ഒടുവില്‍ രാധികയ്ക്കുതോന്നി. വളച്ചുകെട്ടില്ലാതെ അമ്മയോടു കാര്യങ്ങള്‍ പറഞ്ഞു.
മറുപടിയായി ഒരക്ഷരം ഉരിയാടിയില്ല.
അന്നത്തെ ദിവസം മുഴുവന്‍ ആലോചനയിലായിരുന്നു അമ്മ. ജലപാനം നടത്തിയിട്ടില്ല.
ഇടയ്ക്കിടെ മുണ്ടിന്റെ കോന്തലയുയര്‍ത്തി കണ്ണും മുഖവും തുടയ്ക്കുന്നതു കാണാമായിരുന്നു.
അമ്മയുടെ മനോവികാരം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ രാധികയ്ക്ക് കഴിഞ്ഞിരുന്നു.
പതിവുപോലെ സന്ധ്യയ്ക്ക് അച്ഛന്റെ അസ്ഥിത്തറയില്‍ തിരിവെയ്ക്കാന്‍ പോയ അമ്മ മടങ്ങിവരാന്‍ വൈകി.
കാണാഞ്ഞിട്ട് തിരക്കി ചെല്ലുമ്പോള്‍ അസ്ഥിത്തറയ്ക്കു മുന്നിലെ തിരിനാളത്തിന്നരികില്‍ അമ്മ മുട്ടിന്മേല്‍ നില്‍ക്കുന്നു. എന്തോ പിറുപിറുക്കുന്നുണ്ട്.
നാമം ചൊല്ലുകയല്ലെന്ന് മനസ്സിലായി. എന്തോ സംസാരിയ്ക്കുകയാണ്. എന്താണെന്നു വ്യക്തമല്ല. ആരോടാണെന്നും….
അമ്മ സംസാരിച്ചത് അച്ഛനോടായിരിയ്ക്കണം. അച്ഛന്റെ ആത്മാവ് അമ്മയുടെ കൂടെ തന്നെയുണ്ടെന്നാണ് അമ്മയുടെ വിശ്വാസം.
അമ്മയുടെ പരിദേവനങ്ങളെല്ലാം അച്ഛന്‍ കേട്ടിട്ടുണ്ടാകും. അമ്മയെ സമാശ്വസിപ്പിച്ചിട്ടുമുണ്ടാകും.
അച്ഛന്‍ മരിയ്ക്കുന്നതുവരെ, ഒരു കാരണവശാലും അമ്മയുടെ കണ്ണുകള്‍ നനയാന്‍ അച്ഛന്‍ അനുവദിച്ചിരുന്നില്ല. അമ്മയ്ക്കിഷ്ടമില്ലാത്തതൊന്നും അച്ഛന്‍ ചെയ്യുമായിരുന്നില്ല. മറിച്ച് അമ്മയും…
തറവാട്ടുസ്വത്ത് വീതംവെച്ചപ്പോള്‍ തറവാടും കാവും നില്‍ക്കുന്ന ഒരേക്കര്‍ പുരയിടം അമ്മയുടെ പേര്‍ക്കാണ് അച്ഛന്‍ എഴുതിവെച്ചത്.
ഇതൊക്കെ എനിയ്‌ക്കെന്തിനാ?
അച്ഛന്റെ തീരുമാനത്തില്‍ അമ്മ താല്പര്യക്കുറവ് കാണിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.
നമുക്കു മുന്നു പെണ്‍പിള്ളേരല്ലേ ഭാസുരേ…! കെട്ടിയോന്മാര് വിളിക്കുന്ന പിറകേയൊക്കെ അവളുമാര്‍ക്കുപോകാതിരിയ്ക്കാനാവുമോ!
അന്ന് നീ അവര്‍ക്കൊരു ഭാരമാകരുത്. പെരുവഴിയിലിറങ്ങേണ്ട അവസ്ഥയും ഉണ്ടാകരുത്.
പറച്ചിലു കേട്ടാല്‍ തോന്നും ഇന്നോ നാളെയോ അങ്ങുപോകുമെന്ന് – ഭാസുരടീച്ചര്‍ പരിഭവിച്ചു.
തമ്പുരാന്റെ നാവില്‍ ആരുടെ പേരാ ആദ്യം വരുന്നതെന്നു പറയനൊക്കുമോ! തന്നെയുമല്ല നീ ജീവിച്ചിരിയ്ക്കുമ്പോള്‍ എന്റെ കണ്ണടയണേന്നു ഞാന്‍ തിരുവാഴപ്പള്ളിയപ്പനോട് ദിവസോം പറയാറുണ്ട്. ഭാര്യ ജീവിച്ചിരിയ്ക്കുമ്പോള്‍ മരിയ്ക്കുന്ന ഭര്‍ത്താക്കന്മാരാ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാര്‍.
മതി. എനിയ്‌ക്കൊന്നും കേള്‍ക്കണ്ട. ഭാസുരടീച്ചര്‍ ശുണ്ഠിയെടുത്തപ്പോള്‍ അച്ഛന്‍ നിറുത്തി.
അച്ഛന്റെ പ്രവചനം ഫലിച്ചുവെന്ന് രാധികയോര്‍ത്തു. അമ്മ ജീവിച്ചിരിക്കെതന്നെ അച്ഛന്‍ മരിച്ചു.
യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. മരിയ്ക്കുന്നതുവരെ പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു. ഉച്ചയൂണും കഴിഞ്ഞ് ഒന്നുമയങ്ങാന്‍ കിടന്നതാണ്. പിന്നെ ഉണര്‍ന്നില്ല.
അച്ഛന്‍ ഭാഗ്യവാനാണെന്ന് അമ്മ കൂടെക്കൂടെ പറയുമായിരുന്നു. മൂന്നുപെണ്‍മക്കളായിരുന്നു. മൂന്നുപേരെയും നല്ല നിലയില്‍ വിവാഹം കഴിച്ചയച്ചു. എല്ലാവര്‍ക്കും മക്കളുണ്ടായി കണ്ടിട്ടാണ് അച്ഛന്‍ മരിച്ചത്.
ഇളയവരായ ഭാമയും കുസുമവും അവരുടെ ഓഹരി വിറ്റ് ബാംഗ്ലൂരില്‍ സ്വന്തമായി ഫ്‌ളാറ്റ് വാങ്ങി. അവരുടെ ഭര്‍ത്താക്കന്മാര്‍ അവിടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരാണ്. മക്കള്‍ അവിടെ പഠിയ്ക്കുന്നു.
രാധികയുടെ ഒരേയൊരു മകളാണ് കാന്തി. പതിനെട്ടുവയസ്സു പൂര്‍ത്തിയായപ്പോഴേ അവളുടെ വിവാഹം നടത്തി. പതിനെട്ടു കഴിഞ്ഞാല്‍ പിന്നെ ഇരുപത്തയൊന്‍പതിലെ മംഗല്യയോഗമുള്ളു. അങ്ങനെയാണുജാതകം. അതുകൊണ്ടു പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. ഭര്‍ത്താവ് കോയമ്പത്തൂരില്‍ ഡോക്ടറാണ്.
അവള്‍ക്കു സ്വന്തമായി വീടുവാങ്ങണമെന്നു പറഞ്ഞപ്പോള്‍ തന്റെ ഓഹരി വിറ്റ് അവള്‍ക്കുകൊടുത്തു. താനും ജയേട്ടനും അമ്മയോടൊപ്പം തറവാട്ടില്‍ക്കൂടി.
ജനിച്ചുവളര്‍ന്ന നാടുപേക്ഷിയ്ക്കാന്‍ തനിയ്ക്കും ജയേട്ടനും തീരെ താല്പര്യമില്ലായിരുന്നു.
പക്ഷേ കാന്തിയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങേണ്ടിവന്നു. അവളുടെ ഭര്‍ത്താവ് ഉപരിപഠനാര്‍ത്ഥം അമേരിയ്ക്കയിലേക്കു പോകുന്നു. അവളും രണ്ടരവയസ്സുകാരന്‍ മകനും മാത്രമാണ് വീട്ടില്‍. താനും ജയേട്ടനും അവളോടൊപ്പം ചെന്നു താമസിയ്ക്കണമെന്ന് ഒരേവാശി.
വല്ലാത്തൊരു ധര്‍മ്മസങ്കടമായിരുന്നു. അമ്മയെ ആരെ ഏല്‍പിച്ചിട്ടുപോകും. ഉപേക്ഷിയ്ക്കാന്‍ പറ്റുമോ! അങ്ങനെ ചെയ്യുന്നവരുടെ കഥകള്‍ ധാരാളം കേള്‍ക്കുന്നുണ്ട്. വയസ്സായ മാതാപിതാക്കന്മാരെ ഏതെങ്കിലും ക്ഷേത്രത്തില്‍ നടതള്ളുക. അങ്ങനെ ചെയ്യുന്ന മക്കളുടെ പിന്നാലെയുണ്ടാകും ആ മാതാപിതാക്കന്മാരുടെ ശാപപാശം. അതൊരിയ്ക്കല്‍ അവര്‍ക്കുമീതേയും കുരുക്കായി വീഴും. തീര്‍ച്ച.
മകളുടെയും മരുമകന്റെയും ധര്‍മ്മസങ്കടം മനസ്സിലാക്കിയ ഭാസുരടീച്ചര്‍ എല്ലാത്തിനും സമ്മതം മൂളുകയായിരുന്നു.
തമിഴന്റെ ചുടുകാട്ടില്‍ ഒടുങ്ങാനായിരിയ്ക്കും ദൈവനിശ്ചയം. അതുമാറ്റാനാവില്ലല്ലോ.
യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി.
റെയില്‍വേ സ്റ്റേഷനിലേയ്ക്കുപോകാനുള്ള കാറെത്തി. വൈകുന്നേരം ഏഴുമണിയ്‌ക്കോ മറ്റോ ആണ് ട്രെയിന്‍.
യാത്രയ്‌ക്കൊരുങ്ങി പുറത്തേയ്ക്കുവന്ന അമ്മയെ രാധിക ശ്രദ്ധിച്ചു. വീതിയില്‍ പച്ചക്കരയുള്ള സെറ്റുസാരിയും അതിനുചേരുന്ന ബ്ലൗസ്സും നെറ്റിയില്‍ ചന്ദനക്കുറി.
അച്ഛന്‍ പണ്ടെങ്ങോ വാങ്ങിക്കൊടുത്തതാണ് ആ സെറ്റുസാരി. അമ്മ അതു മുമ്പെങ്ങും ഉടുത്തു താന്‍ കണ്ടിട്ടില്ല. നിധിപോലെ അലമാരിയില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു ഇത്ര കാലവും.
ഒരു ശിവരാത്രിനാളില്‍ അമ്പലത്തില്‍ ഉടുത്തുകൊണ്ടുപോകാന്‍ ആ സെറ്റുസാരി താനൊന്നു ചോദിച്ചു.
അമ്മ തന്നില്ല – പകരം പറഞ്ഞ മറുപടി ഇപ്പോഴും തന്റെ മനസ്സിലുണ്ട്.
അതു ഞാന്‍ തരില്ല. – ഞാന്‍ മരിച്ചു കഴിയുമ്പോള്‍ അതുടുപ്പിച്ചുവേണം എന്നെ പട്ടടയിലേക്കെടുക്കാന്‍ – നിന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ ഇഷ്ടത്തിനു വാങ്ങിത്തന്ന പുടവയാ.
പിന്നീട് ഒരിയ്ക്കലും ആ സെറ്റുസാരി താന്‍ ചോദിച്ചിട്ടില്ലെന്ന കാര്യവും രാധികയോര്‍ത്തു.
രാധിക അമ്മയെ ആപാദചൂഢം നോക്കി. അവരുടെ ഉള്ളില്‍ ഒരു ആന്തലുണ്ടായി.
അമ്മ ഇതേതു സാരിയാ ഉടുത്തിരിയ്ക്കുന്നത്. രാധിക ചോദിച്ചു.
ഭാസുരടീച്ചര്‍ നിസ്സംഗ ഭാവത്തില്‍ മകളെ നോക്കി ഒന്നു പുഞ്ചിരിച്ചു. ആ ചിരിയില്‍ എല്ലാത്തിന്റെയും മറുപടിയുണ്ടായിരുന്നു. പക്ഷേ അതു വായിച്ചെടുക്കാന്‍ അന്നേരം രാധികയ്ക്കു കഴിഞ്ഞില്ല.
മകളോടൊപ്പം കാറിന്റെ പിന്‍സീറ്റില്‍ ഭാസുരടീച്ചര്‍ ഇരുന്നു. രാധികയുടെ ഭര്‍ത്താവ് ജയന്തന്‍ മുന്‍സീറ്റിലായിരുന്നു.
പത്തുനാല്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഭര്‍ത്താവിന്റെ കൈപിടിച്ചു താന്‍ വന്നു കയറിയ തറവാട് തന്നില്‍ നിന്നും അകന്നകന്നു പോകുന്നു. അതോ ഓടിയകലുന്നതു താനാണോ?
കാവിന്റെ ചുറ്റുമതിലില്‍ ഒരാള്‍ ചാരി നില്‍ക്കുന്നുവോ! വ്യക്തമായി കാണാന്‍ കഴിയുന്നില്ല. കണ്ണുകള്‍ക്കൊരു മൂടല്‍പോലെ. കണ്ണടയെടുത്തു സാരിത്തുമ്പുകൊണ്ടു തുടച്ചിട്ട് വീണ്ടും മുഖത്തുവെച്ചു.
ഇപ്പോഴും അത്ര വ്യക്തമല്ല. എന്നാലും കുറെയൊക്കെ തിരിച്ചറിയാം.
അതു കരുണേട്ടനല്ലേ! താന്‍ പ്രസവിച്ച മൂന്നു പെണ്‍മക്കളുടെ അച്ഛന്‍. തന്റെ ഭര്‍ത്താവ്. നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു കരുണാകരന്‍ സാര്‍.
അദ്ദേഹം തന്നെ മാടിവിളിയ്ക്കുന്നു.
എന്തോ ചോദിയ്ക്കുന്നു.
ആ ശബ്ദം തന്റെ കാതുകളിലൂടെ ആത്മാവിലേക്ക് ഊര്‍ന്നിറങ്ങുന്നു.
ഭാസുര പോവുകയാണോ! എന്നെ ഇവിടെ തനിച്ചാക്കിയിട്ട്?
ഇല്ല കരുണേട്ടാ. കരുണേട്ടനെ തനിച്ചാക്കിയിട്ട് എനിക്ക് പോവാനാവില്ല. ഞാന്‍ ഇതാവരുന്നു. കരുണേട്ടന്റെയടുത്തേയ്ക്ക്..
ഭാസുരടീച്ചര്‍ മെല്ലെ പിന്നോട്ടുചാഞ്ഞിരുന്നു.
മിഴികള്‍ സാവാധാനം അടഞ്ഞു.
അവരുടെ അന്തരാത്മാവില്‍ നിന്നും ശക്തമായൊരു നിശ്വാസം പുറത്തേയ്ക്കുവന്നു. ആ നിശ്വാസത്തിന്റെ ചിറകിലേറി അവരുടെ ആത്മാവ് പിന്നിലേക്ക് പറന്നുചെന്നു. അധികം അകലെയല്ലാതെ കാവിന്റെ മതില്‍ക്കെട്ടില്‍ ചാരിനില്‍ക്കുന്ന കരുണേട്ടന്റെ നെഞ്ചില്‍ അതുചെന്നു വിലയം പ്രാപിച്ചു.
അന്നേരം പടിഞ്ഞാറ് പകല്‍ അസ്തമിച്ചു കഴിഞ്ഞിരുന്നു. ആകാശച്ചെരുവില്‍ അന്തിമേഘങ്ങള്‍ ചിതറിക്കിടപ്പുണ്ടായിരുന്നു. എരിഞ്ഞടങ്ങിയ ചിതയിലെ കനല്‍ക്കട്ടകള്‍ പോലെ.