ഓസ്‌ക്കാര്‍ നേടിയ കീരവാണിയുമായുള്ള ദീര്‍ഘകാലത്തെ സൗഹൃദാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പ്രശസ്ത ഗാനരചയിതാവായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍.
അത്യുന്നതിയുടെ ഗിരിശൃംഗത്തില്‍ കയറി നിന്ന് ഓസ്‌ക്കാറിന്റെ കീര്‍ത്തികിരീടം ഏറ്റുവാങ്ങിയ ഇന്ത്യയുടെ സംഗീത പ്രതിഭ കീരവാണി വിനയാന്വിതനായി നമ്മളോടു മനസ്സുതുറക്കുന്നു:
”എനിക്കു ലഭിച്ച ഈ സാര്‍വ്വദേശീയാംഗീകാരം ഞാന്‍ ഭാരതത്തിനു സമര്‍പ്പിക്കുന്നു. രാജമൗലിയ്ക്കു കാഴ്ചവെക്കുന്നു”. ദേശീയബോധത്തിന്റെ പരകോടിയില്‍ നിന്ന് ജനസഞ്ചയത്തോടായി നടത്തിയ ഈ പ്രഖ്യാപനം ഭാരതഭൂമിയെ നെഞ്ചിലേറ്റി താലോലിക്കുന്ന രാജ്യസ്‌നേഹത്തിന്റെ വിളംബരമാണ്. ആ ആത്മ സമര്‍പ്പണത്തിനു മുന്നില്‍ ഞാന്‍ നമസ്‌ക്കരിക്കുന്നു.
എനിക്ക് എന്റെ കീരവാണിയെക്കുറിച്ചു പറയാന്‍ തുടങ്ങുമ്പോള്‍ ഇങ്ങനെ തുടങ്ങണമെന്നുള്ള അദമ്യമായ ഉള്‍വിളി. ഇവിടെ ഞങ്ങളുടെ അടുപ്പത്തേക്കാളുപരി അഖിലലോക ബഹുമതിക്കു പാത്രമാകുമ്പോഴും ജന്മഗേഹത്തോടുള്ള ഐക്യത – ആത്മീയബന്ധം അരക്കിട്ടുറപ്പിക്കുന്ന പ്രസ്താവന പലവട്ടം വാഴ്‌ത്തേണ്ടതാണ്. ഒപ്പം അദ്ദേഹം ചില സുപ്രധാനകാര്യങ്ങള്‍ കൂടി പ്രസ്താവിച്ചു. ആര്‍.ആര്‍.ആറിലെ പാട്ടുകളില്‍ ഹൃദയത്തോടു ഏറ്റവും ചേര്‍ന്നു നിന്നതു ജനനി എന്നു തുടങ്ങുന്ന ഗാനമാണ്. ആ പശ്ചാത്തലഗാനത്തില്‍ വശ്യതയും വൈകാരികതയുമുണ്ട്. പക്ഷെ വന്നപ്പോള്‍ ഏറെ ഹിറ്റായത് ‘നാട്ടു നാട്ടു’ എന്ന പാട്ടാണ്. തനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ഈ ഓസ്‌ക്കാര്‍ അവാര്‍ഡ്.
ആര്‍.ആര്‍.ആറിലെ ആദ്യഗാനം തികച്ചും യാദൃച്ഛികമായിരുന്നു. തെലുങ്കു പാട്ട് ഞാന്‍ കണ്ടിട്ടും കേട്ടിട്ടുമില്ല. തമിഴില്‍ കാര്‍ക്കി എഴുതിയ പാട്ടാണ് എനിക്കയച്ചു കിട്ടിയത്. അതുവച്ചു ഞാന്‍ ആരംഭിച്ചു.
‘പുലിയും പുലിവേടനും ആരംഭിച്ചു എന്നു പറയുന്നതിനേക്കാള്‍ അതിനു നിര്‍ബ്ബന്ധിതനായി എന്നു പറയുന്നതാവും ശരി. നാലു ഭാഷകളിലെയും പാട്ടുറിക്കാര്‍ഡിംഗ് ഒന്നിച്ചുവേണം. അത് പബ്ലിസിറ്റിയുടെ ഭാഗമാണ്. എന്നിട്ട് കീരവാണിയെ വിളിച്ചു കേള്‍പ്പിച്ചു. കൊറോണ കാരണം ഞാന്‍ ഹൈദരാബാദിലേക്കു കമ്പോസിംഗിന് പോയില്ല. പോയില്ല എന്നതിനെക്കാള്‍ എന്റെ കൂട്ടുകാരും സുഹൃത്തുക്കളും സമ്മതിച്ചില്ല എന്നതാണ് സത്യം. ഞാന്‍ തുടങ്ങിയ വരികള്‍ പുള്ളി പാടി നോക്കിയപ്പോള്‍ ഒത്തുചേരുന്നുണ്ട്. ആശയവും സമാനമായി രചനയിലുണ്ട്. അങ്ങനെയുള്ള ഉറപ്പിന്മേല്‍ അംഗീകരിക്കപ്പെട്ടു മുഴുവനായതാണ്. കൂട്ടത്തില്‍ പറയട്ടെ ‘നാട്ടു നാട്ടു’ എന്നതിനെക്കുറിച്ചു പറയുമ്പോള്‍ പ്രത്യേകം കണ്ടെടുത്ത ഒരു യാഥാര്‍ത്ഥ്യമുണ്ട്. പ്രഗത്ഭനായ രാജമൗലിയുടെ ശ്രമം വിദേശി കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തുന്നവരുടെ കൂടെ ഐക്യദാര്‍ഢ്യം രൂപപ്പെടുത്താന്‍ ഇന്ത്യന്‍ സംഗീതത്തെയും നൃത്തത്തെയും ഒരുമിപ്പിച്ചു അംഗീകാരവും കയ്യടിയും നേടുക എന്നതായിരുന്നു. മനസ്സിനെ മോഹിപ്പിക്കുന്ന സംഗീതം അതും ഫോക്ക് മ്യൂസിക് എന്ന് ഒറ്റവാക്യത്തില്‍ വേണമെങ്കില്‍ ‘നാട്ടു’ പാട്ടിനെ വിശേഷിപ്പിക്കാം. പക്ഷെ അതൊരെളുപ്പവഴിയെന്നുമാത്രം. അദ്ദേഹം തന്നെ അതിനെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ് – ദേശസ്‌നേഹവും പകയും വീറും വാശിയും ലക്ഷ്യബോധവും സംഹാര സ്വഭാവവും ഒക്കെയുള്ള സംഗമമാണ് ആ പാട്ട്. രചന മുതല്‍ ആലാപനവും ചിത്രീകരണവും വരെ അതിന്റെ സമസ്ത പ്രത്യേകതകളും അതില്‍ ഇതള്‍വിരിച്ചു നില്‍ക്കുന്നു. എല്ലാം ഒരു നിയോഗം പോലെയായിരുന്നു.
കെ. ധൂരിമരതകമണി കീരവാണി എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. വിവിധഭാഷകളില്‍ ഇരുന്നൂറ്റി ഇരുപതില്‍പരം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു. അതിഭാവുകത്വം എന്നു മുദ്രകുത്തി തെലുങ്ക് സിനിമയെ പുച്ഛിച്ചിരുന്ന പ്രേക്ഷകര്‍ക്ക് തികഞ്ഞ മറുപടി നല്‍കിയ സംവിധായകര്‍ ശങ്കരാഭരണം വിശ്വനാഥനും രാജമൗലിയും സംഗീതം കൊണ്ടു കീരവാണിയുമാണ്. അവരുടെ സംഭാവനകളെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതില്‍ എന്റെ എളിയ പങ്ക് ചെറിയതോതിലുമവകാശപ്പെട്ടത് ആ അംഗീകാരത്തിന്റെ പിന്‍ബലത്തിലാണ്. നാലു മിനിട്ടു ദൈര്‍ഘ്യമുള്ള ആര്‍.ആര്‍.ആറിലെ ‘നാട്ടു നാട്ടു’ ഗാനം കീരവാണിയുടെ സംഗീത ജീവിതത്തിലെ ഒരു നാഴികക്കല്ലാണ്. ഇന്ത്യയിലെ വീരശൂരപരാക്രമികളെയൊക്കെ ആവേശപൂര്‍വ്വം അതില്‍ അനുസ്മരിക്കുന്നു. വീരശിവാജി മുതല്‍ നമ്മുടെ പഴശ്ശിരാജ വരെ അതില്‍ അനുസ്മരിക്കപ്പെടുന്നുണ്ട്. ഏതു വൈദേശിക കലയോടും സംഗീതത്തോടായാലും നൃത്തത്തോടായാലും മത്സരിക്കാനുള്ള കരുത്തു ഭാരതത്തിനുണ്ടെന്ന് അത് ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നു. ആ ഒരു വാശിയാണ് അതിന്റെ പിന്നില്‍. നാട്ടിന്‍പുറത്തിന്റെ തനിമയും വിശുദ്ധിയും ചൈതന്യവും ഭാസുരതയും ഭാവവും എല്ലാം അതില്‍ ഒത്തിണങ്ങിയിരിക്കുന്നു. മാനസസരസിലെ മരാളികയെപ്പോലെ പൂവിലെ സൗന്ദര്യസൗരഭ്യങ്ങള്‍ നുകര്‍ന്നു താനേ പാടുന്ന മുരളികപോലെ, കളഭക്കുറിയണിഞ്ഞ നിലാവുപോലെ, സംക്രമസ്‌നാനം കഴിഞ്ഞ മേഘം പോലെ കീരവാണിയുടെ സംഗീതം നമ്മുടെ മനസ്സില്‍ പെയ്തിറങ്ങുന്നു. ആണ്ട്, മാസം, തീയതി ഒന്നുമോര്‍മ്മയില്ല. എന്നും സിനിമയുടെ പറുദീസയായ തമിഴ്‌നാട്ടില്‍ വച്ചാണ്, അതും കോടമ്പാക്കത്ത് വച്ച് കീരവാണിയും ഞാനും തമ്മില്‍ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും. പ്രസിദ്ധസംഗീത സംവിധായകന്‍ രാജാമണിയുടെ വീട്ടില്‍ വച്ചാണ്. ടി.എസ്സ്. മോഹന്‍ സംവിധാനം ചെയ്യുന്ന ‘കേളികൊട്ട്’ എന്ന ചിത്രത്തിന്റെ കമ്പോസിംഗിനുവേണ്ടി രാജാമണിയെ കാണാന്‍ സംവിധായകനും ഞാനും കൂടിച്ചെല്ലുന്നു. അപ്പോള്‍ മണിയുടെ കൂടെ സുന്ദരനായ ഒരു യുവാവ്, ഉത്സാഹപൂര്‍വ്വം രാജാമണിയോടു സംഗീതത്തിന്റെ കാര്യത്തില്‍ സഹകരിക്കുന്നു. രാജാമണി ഞങ്ങളെ പരിചയപ്പെടുത്തി ട്യൂണിംഗില്‍ അദ്ദേഹം രാജാമണിയോടൊത്തു പ്രയത്‌നിച്ചു. ആ പരിചയം ഞങ്ങളെ അടുപ്പിച്ചു. അതൊരു തിരഞ്ഞെടുപ്പു കാലമായിരുന്നു. ആന്ധ്രയിലെ സിനിമാനിര്‍മ്മാതാക്കള്‍ ചിലര്‍ ചേര്‍ന്നു പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിക്കുന്ന നരസിംഹറാവുവിന്റെ പ്രചാരണാര്‍ത്ഥം ഒരു കാസറ്റു തയ്യാറാക്കി. അതിന്റെ സംഗീതം കീരവാണിയായിരുന്നു ചെയ്തത്. അത് നടക്കുന്നതിനിടയ്ക്ക് അതിന്റെ മലയാള രചനയ്ക്കായി ഏ.വി.എമ്മിലെ കമ്പോസിംഗ് മുറിയിലേക്കു എന്നെ കൂട്ടിക്കൊണ്ടുപോയി, അവിടെ സംഗീതസംവിധായകന്‍ രാജാമണി ഉണ്ട്. അങ്ങനെ ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. പാട്ടെഴുതി. നല്ല പാട്ടുകളായിരുന്നു. ദൃഢമായ സൗഹൃദത്തില്‍ പിരിഞ്ഞു – ഇതൊരു ചെറിയ ഫ്‌ളാഷ് ബാക്ക്.
ഓസ്‌ക്കാര്‍ വിരുന്നിനോടനുബന്ധിച്ച് അമേരിക്കയിലേക്ക് പോകും മുമ്പ് ഹൈദരാബാദില്‍ നിന്ന് എനിക്ക് ഒരു വിളി – ഞാന്‍ ഫോണ്‍ എടുത്തപ്പോള്‍ മറുതലക്കല്‍,
”ഞാന്‍ കീരവാണി”.
സ്വയം പരിചയപ്പെടുത്തല്‍. എന്നിട്ടു വിശദീകരണം. എനിക്കൊരു പാട്ടുവേണം. മുഴുവനും വേണ്ട. ഒരഞ്ചാറുവരി മതി. പിന്നെ നമുക്കു വിശദമായെഴുതാം. ഇപ്പം നമുക്ക് പല്ലവി മാത്രം. ചുരുങ്ങിയ വാക്കുകളില്‍ ‘ആര്‍ക്കാ ഏതാ-‘ എന്റെ ചോദ്യം. പ്രൊഡ്യൂസര്‍ ഏ.എം. രത്‌നം. അദ്ദേഹത്തിന്റെ പുതിയ പടം. രത്‌നത്തിനെ എനിക്കു പണ്ടേ പരിചയമുണ്ട്. തമിഴിലും തെലുങ്കിലും എത്രയോ ഹിറ്റ് പടങ്ങള്‍ നിര്‍മ്മിച്ച പ്രഗത്ഭന്‍. പലതും ഞാന്‍ ഡബ്ബ് ചെയ്തിട്ടുമുണ്ട്, മലയാളത്തിലേക്ക്.
കീരവാണി തുടര്‍ന്നു. ”അദ്ദേഹത്തിന്റെ പുതിയ തെലുങ്കു പടത്തിലേക്ക് ഹീറോ പവന്‍ കല്യാണ്‍ (സൂപ്പര്‍ സ്റ്റാര്‍ ചിരംഞ്ജീവിയുടെ സഹോദരന്‍) അഭിനയിക്കുന്ന പടത്തിന്റെ പേര് ‘വീരമല്ലൂ’ – മറ്റു കാര്യങ്ങള്‍ മിസ്റ്റര്‍ രത്‌നം നിങ്ങളെ വിളിച്ചു സംസാരിക്കും – എനിക്കിപ്പം പാട്ടുവേണം.
പല്ലവി പറയട്ടെ?
ചോദ്യം.
‘പറഞ്ഞോളൂ’ – ഞാന്‍. ഹീറോയെ പ്രകീര്‍ത്തിക്കുന്നതാണ് ഗാനം.
”ഇറങ്ങി വരുതേ ശക്തത്തിര്‍ ഇടിയേ
ഇറങ്ങി വരുതേ, ശക്തത്തിര്‍ ഇടിയേ
കഴുത്തെ നുറുക്കി
കഥയെമാറി
നേരടിയാക്കി
വേലപാക്ക തടകള്‍ തട്ടുവാന്‍ മാവീരന്‍” ഞാനതുടന്‍ തന്നെ മലയാളമാക്കി.
”മുഴങ്ങി വരുന്ന ശക്തിയോടിടികള്‍
കഴുത്തുനുറുക്കി
കഥയെമാറ്റി
നേരടിയാക്കി
കാഹളം മുഴക്കി
വേട്ടകളാടാന്‍
പൊളിച്ചെഴുതാന്‍ മാ വീരന്‍”.
എന്നു ഫോണില്‍ത്തന്നെ പറഞ്ഞുകൊടുത്തു. അദ്ദേഹം പാടിനോക്കി. ഓകെ, റിക്കാര്‍ഡിംഗിലേക്കു പോയി. അതു കഴിഞ്ഞു പാട്ടുപാടി റിക്കാര്‍ഡുചെയ്ത സഹായിയും മലയാളിയും എന്നെ പാടികേള്‍പ്പിച്ചു.
എഴുത്തുകാരന്റെ പദങ്ങളെ നൃത്തം പഠിപ്പിക്കുന്ന വിദ്യയാണ് സംഗീതസംവിധായകന്‍ നിര്‍വ്വഹിക്കുന്നത് എന്നു പറയാറുണ്ട്. തികച്ചും അന്വര്‍ത്ഥമാണിത്. പക്ഷെ ഡബ്ബിംഗ് ചിത്രങ്ങളുടെ കാര്യം വരുമ്പോള്‍ നേരേ മറിച്ചാണ്. ആ നൃത്തത്തിനു വാക്കുകള്‍ രൂപപ്പെടുത്തി കൊടുക്കലാണ്. അതുകൊണ്ടും തീരുന്നില്ല. അര്‍ത്ഥവും ആശയവും അധരചലനങ്ങളും (ലിപ് മൂവ്‌മെന്റ്) പാലിക്കപ്പെടണം. അവധാനപൂര്‍വ്വം നിര്‍വ്വഹിക്കേണ്ട ഒരു ജോലിയാണത്. വരികള്‍ക്കു പകരം വരി എഴുതി കൊടുത്തതുകൊണ്ടു മാത്രമായില്ല. ഒറിജിനല്‍ ചിത്രത്തിലെ അന്തരീക്ഷത്തോടും അന്തര്‍ഭാവങ്ങളോടും ഇണങ്ങിച്ചേരണം. സിനിമയില്‍ എന്റെ പ്രവേശനം ഗാന രചയിതാവായിട്ടായിരുന്നല്ലൊ. അതുകൊണ്ടു ചിലപ്പോള്‍ മൗലികചിത്രത്തിലെ ചില വരികളില്‍ ചിലമാറ്റങ്ങള്‍ വരുത്താറുണ്ട്. അര്‍ത്ഥത്തില്‍ മാറ്റം വരുത്താതെ ചിലപ്പോള്‍ വൈകാരികത വര്‍ദ്ധിപ്പിക്കാനും.
നിങ്ങള്‍ കേട്ടുകാണും ബാഹുബലിയിലെ ഒരു കമ്പോസിംഗ്. വിജയ് യേശുദാസും സൈറയും ആണ് ഗായകര്‍. ഞാന്‍ പല്ലവി മാറ്റി എഴുതി കീരവാണിയുടെ കയ്യില്‍ കൊടുത്തു.
”ഞരമ്പുകള്‍ വാത്സ്യായനച്ചൂടില്‍ച്ചൂടില്‍ കരിമ്പുനീര്‍” അദ്ദേഹം അന്തംവിട്ടിരുന്നു. ഒറിജിനല്‍ ട്യൂണ്‍ ചെയ്ത രാജാമണിയുടെ ഗാനാരംഭം അങ്ങനെയല്ല. പക്ഷെ, ട്യൂണിനു മാറ്റമില്ല. ഞാനെഴുതിയ വരികളുടെ അര്‍ത്ഥവും ആശയവും അദ്ദേഹത്തിനു മനസ്സിലായപ്പോള്‍ വളരെ ഇഷ്ടമായി.
”ഇതിരിക്കട്ടെ. മാറ്റങ്ങള്‍”.
അദ്ദേഹത്തിന്റെ അഭിനന്ദനം. ഇതേ അനുഭവം ഡയറക്ടര്‍ രാജമൗലിയില്‍ നിന്നും എനിക്കുണ്ടായി. ഒറിജിനലിനെ അതിശയിക്കുന്ന മലയാള വരികള്‍ എന്നദ്ദേഹം പ്രശംസിച്ചത് അഭിമാനരോമാഞ്ചങ്ങളോടെ ഞാനിപ്പോള്‍ ഓര്‍മ്മിക്കുന്നു.
ബാഹുബലി പാര്‍ട്ട് രണ്ടിലേക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ‘മുകില്‍ വര്‍ണ്ണാ മുകുന്ദാ’ എന്നു മലയാളീകരിക്കപ്പെട്ട ഗാനം അതിലും ഞാന്‍ കഥാഗതിയെ കൂടുതല്‍ ഭാവസുന്ദരമാക്കാന്‍ ശ്രീകൃഷ്ണരാധമാരുടെ പ്രണയത്തെ നമ്മുടെ പ്രേക്ഷകര്‍ക്കുവേണ്ടി ലാളിത്യവല്‍ക്കരിച്ചിട്ടുണ്ട്. അതുകേട്ടപ്പോഴും കീരവാണിക്ക് കൂടുതല്‍ ആഹ്ലാദമുണ്ടായി. ഒരു ഡബ്ബിംഗ് പാട്ടിന് – ശ്വേതക്ക് ആ വര്‍ഷത്തെ മലയാള ഗാനമെന്ന പേരില്‍ അവാര്‍ഡു ലഭിച്ചതും ഞാനഭിമാനപൂര്‍വ്വമിവിടെ കുറിക്കട്ടെ. വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഒരു കൂടിക്കാഴ്ച ഒരു പുനഃസംഗമത്തിന്റെ തിരുനാള്‍ എന്നു വിശേഷിപ്പിക്കാനാണ് ഏറെ ഇഷ്ടം.
നൈര്‍മ്മല്യത്തിന്റെ നറുനിലാവുമായി ഒരു മധുര മന്ദഹാസവുമായി എത്തിയ കീരവാണി. ഞങ്ങളുടെ ഈ ഒത്തുചേരലിനിടക്കു ഒരുപാടു കാര്യങ്ങള്‍ സംഭവിച്ചു. അദ്ദേഹം സംവിധാനം ചെയ്ത ഗരാനമഗുഡ, എല്ലാഭാഷയിലും സൂപ്പര്‍ ഹിറ്റായി. (പ്രഗത്ഭനായ രാഘവേന്ദ്ര റാവുമാണ് ആ ചിത്രം സംവിധാനം ചെയ്തത്. തെലുങ്കില്‍ റിലീസായിട്ടുള്ള ഹിറ്റുചിത്രങ്ങളില്‍ സിംഹഭാഗവും അദ്ദേഹത്തിന്റേതാണ്) കൂട്ടത്തില്‍ മലയാളത്തിലും വന്നു. അത് എഴുതിയത് ഞാനായിരുന്നു. ‘ശങ്കരാഭരണം കഴിഞ്ഞാല്‍ ഏറ്റവും ദിവസം പ്രദര്‍ശന വിജയം നേടിയ അന്യഭാഷാചിത്രമതായിരുന്നു. അതിന്റെ നൂറ്റിരുപതാം നാള്‍ ആഘോഷത്തിന് നിര്‍മ്മാതാവ് ഭാവമിത്രജ ചിരഞ്ജീവി എന്ന ഹീറോയെ വിശിഷ്ടാതിഥിയായി കൊണ്ടുവന്നിരുന്നു.
കേരളക്കരയാകെ കോളിളക്കം സൃഷ്ടിച്ച ആ ഗാനത്തിന്റെ കോളേജു വിദ്യാര്‍ത്ഥികള്‍ക്കായുള്ള മത്സരം വലിയ വിജയമായി. പാട്ടുകളുടെ ചരിത്രത്തിലും അതൊരു വിജയമായി. അതോടെ അത്തരം വാണിജ്യ ചിത്രങ്ങളുടെ ആരംഭമായി. ആറ് പാട്ടുകള്‍, ആറ് ഡാന്‍സ്. ആറിനും ഡബ്ബിംഗ് ചിത്രങ്ങളുടെ കുത്തൊഴുക്ക്. മദിരാശിയിലെ മൂകാ തിയേറ്റര്‍ (ഇന്ന് ബി.ജെ.പിയുടെ ഓഫീസാണ്) ഒരു ഫാക്ടറി പോലെയായി. രാവും പകലും വിശ്രമമില്ലാത്ത ഡബ്ബിംഗ് ജോലിയിലായി ഞാന്‍. ഇതൊക്കെ കീരവാണി കേട്ടിരുന്നു. കാരണം ആ ചിത്രങ്ങളില്‍ ഒട്ടുമിക്കവയും അദ്ദേഹം സംഗീതം നല്‍കിയവയായിരുന്നു. അതൊക്കെ പറഞ്ഞു സൗഹൃദം പുതുക്കിയും ഒന്നിച്ചു പ്രഭാതഭക്ഷണം കഴിച്ചും ഞങ്ങള്‍ പ്രസാദ് സ്റ്റുഡിയോവിലേക്ക് പുറപ്പെട്ടു. അവിടെയാണ് ‘ഈച്ച’യുടെ പാട്ടുകള്‍ ഇട്ടു കാണാനാവുക.
‘ഈച്ച’ എന്ന തെലുങ്കുചിത്രം. പ്രസിദ്ധനായ രമേഷ് ബാബുവാണ് അതിന്റെ നിര്‍മ്മാതാവ്. നിര്‍മ്മാതാവ് എന്നു പറഞ്ഞാല്‍ ഒതുങ്ങില്ല. ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയുടെ ഉടമസ്ഥനും പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവുമായ രാമനായിഡുവിന്റെ മകന്‍. നടന്‍ വെങ്കിടേഷിന്റെ ജ്യേഷ്ഠന്‍. ബാഹുബലിയിലെ റാണയുടെ പിതാവ്. അദ്ദേഹം വിളിച്ചാണ് ഞാന്‍ അതില്‍ ഗാനരചനയ്‌ക്കെത്തിയത്. അന്തരിച്ചു പോയ കെ.പി.കൊട്ടാരക്കരയുടെ മകന്‍ രവി കൊട്ടാരക്കര വഴി. അങ്ങനെ ഒട്ടേറെ അനുഭവങ്ങള്‍. ഭാരതീയ സംഗീതത്തെ ലോകത്തിനു കേള്‍പ്പിച്ച കീരവാണിയെ ഹൃദയത്തോട് ചേര്‍ത്ത് അഭിനന്ദിച്ചുകൊള്ളുന്നു.
(ആര്‍.ആര്‍.ആറിലെ ഗാനം മലയാളത്തില്‍ രചിച്ചതും സംഭാഷണം എഴുതിയതും ലേഖകനാണ്.)