എന്റെ പ്രിയപ്പെട്ട പിതാവിനെക്കുറിച്ച് ഒരു ലേഖനമെഴുതണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എന്റെ മനസ്സ് നാലുപാടും ചിതറിയോടി. ഒട്ടനേകം സംഭവങ്ങളും അനുഭവങ്ങളും എന്റെ മനഃകണ്ണില്‍ ചിറകടിച്ചെത്തി. അങ്ങനെ, എന്റെ ജീവിതത്തെ കരുപ്പിടിപ്പിച്ച, എന്നെ ഞാനാക്കി മാറ്റിയ സംഭവങ്ങളെക്കുറിച്ച് എഴുതാന്‍ ഞാന്‍ തീരുമാനിച്ചു. സംഘത്തിന്റെ പ്രചാരകനാകാന്‍ ആരാണെന്നെ പ്രേരിപ്പിച്ചതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. അപ്പോഴെല്ലാം നിസ്സംശയം ഞാന്‍ പറയുന്ന മറുപടി പ്രചാരക ജീവിതം നയിക്കാന്‍ എനിക്ക് പ്രേരണ നല്‍കിയത് എന്റെ പിതാവാണ് എന്നാകും.
ബാബുറാവു വൈദ്യയെന്ന് പൊതുവെ അറിയപ്പെട്ടിരുന്ന, അദ്ദേഹത്തിന്റെ മക്കളായ ഞങ്ങള്‍ ബാബ എന്ന് വിളിച്ചിരുന്ന മാധവ ഗോവിന്ദ വൈദ്യ 2020 ഡിസംബര്‍ 19-നാണ് സര്‍വേശ്വരനില്‍ വിലയം പ്രാപിച്ചത്. 97 വര്‍ഷക്കാലം സക്രിയവും അര്‍ത്ഥവത്തും പ്രേരണാജനകവുമായ ജീവിതം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ കുടുംബത്തോട് വാത്സല്യവും, തന്റെ ലക്ഷ്യത്തോട് പ്രതിബദ്ധതയും രാഷ്ട്രീയ സ്വയംസേവക സംഘത്തോട് സമര്‍പ്പണഭാവവും പുലര്‍ത്തിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 1931ല്‍ വര്‍ദ്ധ ജില്ലയിലെ തറോഡ എന്ന തന്റെ ഗ്രാമത്തില്‍ നിന്ന് വിദ്യാഭ്യാസത്തിന് നാഗപ്പൂരിലെത്തിയ എന്റെ പിതാവ് 8-ാം വയസ്സില്‍ സംഘ സ്വയംസേവകനായി. 1938ല്‍, തന്റെ 15-ാം വയസ്സില്‍ സംഘ ഉത്തരവാദിത്തം ഏറ്റെടുത്ത അദ്ദേഹം തന്റെ 95-ാം വയസ്സുവരെ നിത്യവും ശാഖയില്‍ എത്തുമായിരുന്നു. ആദ്യം സംഘകാര്യകര്‍ത്താവെന്ന നിലക്കും, പിന്നീട് ഭാരതീയ ജനസംഘത്തില്‍ ചുമതല വഹിച്ചപ്പോഴും, ശേഷം പത്രപ്രവര്‍ത്തകനെന്ന നിലക്കും, മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്നപ്പോഴും, വീണ്ടും സംഘത്തിന്റെ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്, അഖില ഭാരതീയ പ്രചാര്‍ പ്രമുഖ്, സംഘത്തിന്റെ ഔദ്യോഗിക വക്താവ് എന്നീ ചുമതലകള്‍ വഹിച്ചു പ്രവര്‍ത്തിച്ചപ്പോഴും അവസാനം ഔദ്യോഗിക ചുമതലകളൊന്നും ഇല്ലാത്ത ഒരു സാധാരണ സ്വയംസേവകന്‍ എന്ന നിലക്കും നിത്യവും ശാഖയിലെത്തുന്ന കാര്യത്തില്‍ അദ്ദേഹം അങ്ങേയറ്റത്തെ നിഷ്‌ക്കര്‍ഷ പുലര്‍ത്തിയിരുന്നു. അദ്ദേഹം തന്റെ ജീവിതം, സമയം, സാമ്പത്തിക കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്തിരുന്ന രീതി, ധനവിനിമയത്തിന്റെ കാര്യത്തില്‍ പുലര്‍ത്തിയിരുന്ന സൂക്ഷ്മത, വിഭവങ്ങളുടെ ഉപഭോഗത്തില്‍ പാലിക്കേണ്ട നൈതികതയുടെ കാര്യത്തില്‍ പുലര്‍ത്തിയിരുന്ന നിര്‍ബന്ധം, എന്നുവേണ്ട തന്റെ മരണത്തെപ്പോലും അദ്ദേഹം ആസൂത്രണം ചെയ്ത രീതി എന്നിവയെല്ലാം അനന്യസാധാരണമായിരുന്നു.
ജീവിതവീക്ഷണം
ഉന്നതസ്ഥാനമോ ഉന്നത ഉദ്യോഗമോ സമ്പാദിച്ച് കേവലം ഭൗതികമായ ഉന്നമനം നേടുകയെന്നതല്ല മനുഷ്യജീവിതത്തിന്റെ ലക്ഷ്യം; ഒരിക്കലും അതാവരുത് ജീവിതലക്ഷ്യം. കാരണം, ജീവിക്കാന്‍ വേണ്ടി സമ്പാദിക്കുക എന്നതല്ല ജീവിതത്തിന്റെ ഉദ്ദേശ്യം. ഈ ചിന്തയെ സ്വജീവിതത്തിന്റെ ഭാഗമാക്കി മാറ്റി വിജയം വരിച്ച വ്യക്തിയായിരുന്നു ഞങ്ങളുടെ പിതാവ്. അദ്ദേഹത്തിന്റെ ഈ മാനസിക ഭാവം പകര്‍ന്നു കിട്ടിയതുകൊണ്ടാണ് അദ്ദേഹത്തിന്റെ മക്കളായ ഞങ്ങള്‍ക്കെല്ലാം സ്ഥാനമാനങ്ങള്‍ നേടാനുള്ള ആഗ്രഹം, സ്വജീവിതവിജയമാണ് എല്ലാറ്റിലും പ്രമുഖമെന്ന ചിന്ത എന്നിവക്ക് പകരം, സമാജകേന്ദ്രിതവും അര്‍ത്ഥവത്തുമായ ഒരു ജീവിതസമീപനം സ്വീകരിക്കാനായത്. ജീവിതത്തെ സംബന്ധിച്ചുള്ള സവിശേഷമായ ഈ സമീപനം സ്വീകരിക്കാന്‍ ഞങ്ങളെ പാകപ്പെടുത്തിയ അനേകം സംഭവങ്ങളുടെ കൂട്ടത്തില്‍ ഒന്നിനെക്കുറിച്ചിവിടെ പറയാം. ഞാന്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ‘എന്റെ ജീവിതലക്ഷ്യം’ എന്ന വിഷയത്തെക്കുറിച്ച് ഒരു പ്രബന്ധമെഴുതാന്‍ എല്ലാ വിദ്യാര്‍ത്ഥികളോടും ആവശ്യപ്പെട്ടു. എന്റെ ക്ലാസിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഡോക്ടര്‍, എഞ്ചിനീയര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആകണമെന്ന ആഗ്രഹമായിരുന്നു വ്യക്തമാക്കിയത്. ഞാന്‍ എന്റെ പിതാവിനോട് ചര്‍ച്ച ചെയ്തശേഷം എഴുതാമെന്ന് നിശ്ചയിച്ചു. പ്രബന്ധം, ”ജീവിതത്തിന്റെ ലക്ഷ്യം ഒരു സാമൂഹ്യ വിപ്ലവകാരിയായി തീരുകയാണ്” എന്ന വാക്യത്തോടെ ആരംഭിക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. അടുത്ത വാക്യം ഇതായിരുന്നു: ”ഉപജീവനത്തിന് വേണ്ടി ഞാനൊരു ഡോക്ടറോ, എഞ്ചിനീയറോ, ഐ.എ.എസ്. ഉദ്യോഗസ്ഥനോ, പട്ടാള ഉദ്യോഗസ്ഥനോ ആയേക്കാം”. സരളമായ ഈ രണ്ടു വാക്യങ്ങളിലൂടെ ഉപജീവനം തേടുകയെന്നതല്ല ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന വസ്തുത അസന്ദിഗ്ധമായി വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്തത്. ഈ ആശയം എന്റെ ഉപബോധമനസ്സില്‍ ആഴത്തില്‍ പതിയുകയും ചെയ്തു. 10-ാം ക്ലാസ് പരീക്ഷയില്‍ എനിക്ക് ഉന്നതവിജയം നേടാനായി. രസതന്ത്രമായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. എന്റെ ഒരു സഹോദരി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. ഈ സാഹചര്യത്തില്‍, എന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കിലും മെഡിക്കല്‍ വിദ്യാഭ്യാസം തെരഞ്ഞെടുക്കുമായിരുന്നു. പക്ഷെ, ഞാന്‍ ഈ വിഷയം പിതാവിനോട് ചര്‍ച്ച ചെയ്തപ്പോള്‍ ”നമ്മുടെ നാട്ടിന് ഡോക്ടര്‍മാരെ മാത്രമല്ല ആവശ്യം” എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു വര്‍ഷത്തിനുശേഷം ഞങ്ങള്‍ എഞ്ചിനീയറിങ് കോളേജില്‍ ചേരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ വീണ്ടും അദ്ദേഹത്തിന്റെ പ്രതികരണം ”നമ്മുടെ നാടിന് എഞ്ചിനീയര്‍മാരെ മാത്രമല്ല ആവശ്യം” എന്നായിരുന്നു. നിഷ്‌കൃഷ്ടവും സരളവുമായ ഇത്തരം വാക്യങ്ങളിലൂടെ തന്റെ മക്കളിലെല്ലാം ഈ ദേശത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കുന്ന സ്വഭാവം അദ്ദേഹം വളര്‍ത്തിയെടുത്തു. അദ്ദേഹം വായനാശീലനായിരുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള നോവലും ചെറുകഥയും തൊട്ട് ഗഹനമായ തത്വശാസ്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗവേഷണപ്രബന്ധങ്ങള്‍ വരെ അദ്ദേഹം വായിക്കുമായിരുന്നു. ഞാന്‍ എം.എസ്.സി വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ പഠിച്ചിരുന്ന സമയത്തെക്കാള്‍ ഏറെ സമയം അദ്ദേഹം തന്റെ വായനക്ക് ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ പുസ്തകശേഖരത്തില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളെക്കുറിച്ചുള്ള അമൂല്യമായ ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു.
നിരന്തരം വായിക്കൂ
1983ല്‍ എന്റെ പി.എച്ച്.ഡി ഗവേഷണ പ്രബദ്ധം സര്‍വ്വകലാശാലയില്‍ സമര്‍പ്പിച്ച ശേഷം ഞാന്‍ സംഘപ്രചാരകനായി. എന്നെ ഗുജറാത്തിലേക്കാണ് അയച്ചത്. എന്നാല്‍ അവിടെ ഏതു സ്ഥലത്താണ് പ്രവര്‍ത്തനത്തിനായി ഞാന്‍ പോകേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് അറിയുമായിരുന്നില്ല. അക്കാലത്ത് ഗുജറാത്തില്‍ ഞങ്ങളുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും ഉണ്ടായിരുന്നില്ല. വ്യത്യസ്തമായ പ്രദേശം, വ്യത്യസ്തമായ ഭാഷ എന്നിവ പ്രചാരകനെന്ന നിലക്ക് ഒരു പുതിയ അനുഭവമായിരിക്കും എന്നതില്‍ എനിക്ക് സന്തോഷം തോന്നി. ഗുജറാത്തിലേക്ക് യാത്ര തിരിക്കുന്ന ദിവസം ഞാന്‍ സായം ശാഖയില്‍ പോയി തിരിച്ചു വീട്ടിലെത്തി കുടുംബാംഗങ്ങളോട് ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുമ്പോള്‍, യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം, ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധവേണം, പതിവായി എഴുത്തയക്കണം എന്നെല്ലാം ഉപദേശിക്കുന്നതിന് പകരം എന്റെ പിതാവ് അദ്ദേഹം പരമപ്രധാനമായി കരുതുന്ന ഒരു കാര്യത്തെക്കുറിച്ചാണ് എന്നോട് പറഞ്ഞത്. അത് വായനയെക്കുറിച്ചായിരുന്നു! അദ്ദേഹം, പറഞ്ഞു: ”ഒരു പ്രചാരകന്‍ എപ്പോഴും പുതുതായി എന്തെങ്കിലും വായിക്കണം. നീ നിയോഗിക്കപ്പെടുന്നത് എവിടെയാണെങ്കിലും അവിടെ ഏതെങ്കിലും വായനശാല ഇല്ലാതിരിക്കില്ല. അവിടെ അംഗമായാല്‍ വായിക്കാന്‍ പുസ്തകങ്ങള്‍ കിട്ടുമല്ലൊ. ഒരുപക്ഷെ നിയോഗിക്കപ്പെടുന്നത് വായനശാലയില്ലാത്ത കുഗ്രാമത്തിലാണെന്ന് വരികില്‍, അവിടെയും വീടുകളില്‍ സ്വകാര്യ പുസ്തകശേഖരങ്ങള്‍ ഉണ്ടാവും. അത്തരം വീടുകള്‍ കണ്ടെത്തി അവരുമായി പരിചയപ്പെട്ടാല്‍ വായിക്കാന്‍ നല്ല പുസ്തകങ്ങള്‍ കിട്ടാതിരിക്കില്ല. അതായത്, എങ്ങനെ വായിക്കാന്‍ പുസ്തകങ്ങള്‍ കണ്ടെത്താനാകും എന്നതിനെക്കുറിച്ചും, നിരന്തരം വായിക്കുന്നതിനെക്കുറിച്ചുമാണ് അപ്പോള്‍ അദ്ദേഹം എന്നോട് ഊന്നിപ്പറഞ്ഞത്!
ഗൃഹസ്ഥന്‍
എന്റെ പിതാവ് സാരഭൂതമായി ഒരു ഗൃഹസ്ഥനായിരുന്നു. ഞങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്ന സമയത്ത് വിനോദത്തിനും നേരമ്പോക്കിനും ഒരു ഉപാധിയും ഉണ്ടായിരുന്നില്ല. എന്നാല്‍ ദീപാവലി സമയത്തും വേനല്‍ക്കാല അവധി സമയത്തും അദ്ദേഹം ഞങ്ങളോടൊന്നിച്ച് ശീട്ടു കളിച്ച് ഞങ്ങളെ രസിപ്പിക്കുമായിരുന്നു. കൂടാതെ ശീട്ടു കൊണ്ടുള്ള പുതിയ പല കളികളും പഠിപ്പിക്കുമായിരുന്നു. അനേകം ബന്ധുക്കളോടു കൂടിയ ഞങ്ങളുടെ കുടുംബം വളരെ വലുതായിരുന്നുവെങ്കിലും അവരെയെല്ലാം ബന്ധപ്പെടാനും കുടുംബച്ചടങ്ങുകളിലും ആഘോഷങ്ങളിലും സക്രിയമായി പങ്കുചേരാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
കൃഷികാര്യങ്ങളില്‍ തല്പരനായിരുന്ന അദ്ദേഹം ഞങ്ങളുടെ പൂര്‍വ്വിക ഗ്രാമത്തില്‍ കൃഷിയുമായി ബന്ധപ്പെട്ട അനേകം പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. കൃഷിക്ക് കാളകള്‍ അനുപേക്ഷണീയമായിരുന്നതിനാല്‍ കാളകളെക്കുറിച്ച് അദ്ദേഹത്തിന് ധാരാളം അറിവുണ്ടായിരുന്നു. തെലങ്കാനയിലെ കാള കമ്പോളങ്ങളിലെത്തി തനിക്കു വേണ്ടി മാത്രമല്ല, ഗ്രാമത്തിലെ മറ്റുള്ളവര്‍ക്കുവേണ്ടിയും അദ്ദേഹം കാളകളെ വാങ്ങുമായിരുന്നു. പലപ്പോഴും ഞാനും അദ്ദേഹത്തോടൊപ്പം കാളക്കമ്പോളങ്ങളിലേക്ക് പോകാറുണ്ടായിരുന്നു. ഞങ്ങളുടെ കൃഷിഭൂമി വില്പന നടത്തിയ ശേഷവും ഗ്രാമത്തില്‍ നടക്കുന്ന ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കുചേരാന്‍ അദ്ദേഹം അവിടെ പോകുമായിരുന്നു. കാര്‍ഷിക ഉത്സവങ്ങളോടനുബന്ധിച്ച് ഏറ്റവും നല്ല രീതിയില്‍ കാളകളെ അലങ്കരിച്ചൊരുക്കിയവര്‍ക്ക് സമ്മാനം നല്‍കുകയും കാളകളെ നല്ലവണ്ണം സംരക്ഷിക്കാന്‍ അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
പ്രായം 50 വയസ്സ് പൂര്‍ത്തിയായതോടെ അദ്ദേഹം കൂടുതല്‍ സമയം വീട്ടില്‍ ചെലവഴിക്കാന്‍ തുടങ്ങി. ആഷാഢ മാസത്തിലെ ഏകാദശി നാള്‍ മുതല്‍ കാര്‍ത്തിക മാസത്തിലെ ഏകാദശി നാള്‍ വരെ നീണ്ടുനില്‍ക്കുന്ന ചാതുര്‍മാസ കാലത്ത് രാത്രി 9നും 10നും ഇടക്ക് കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് ഒരു സ്‌തോത്രം ചൊല്ലുകയും, ശ്രീമദ് ഭഗവദ്ഗീതയിലെ ഒരദ്ധ്യായം പാരായണം ചെയ്യുകയും, ഭഗവദ്ഗീതയുമായി ബന്ധപ്പെട്ട ഒരു പുസ്തകം വായിക്കുകയും ചെയ്തിരുന്നു. ഈ കാലഘട്ടത്തില്‍ എല്ലാവരും രാത്രി 9 മണിക്ക് മുമ്പ് വീട്ടിലെത്തണമെന്നായിരുന്നു നിയമം. ഈ നാലുമാസക്കാലം രാത്രി 9 മണിക്ക് ശേഷം നടക്കുന്ന ഒരു പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കുമായിരുന്നില്ല.
തരുണ്‍ ഭാരത് പത്രത്തിന്റെ പ്രസാധകരായ നര്‍കേസരി പ്രകാശന്റെ ബോര്‍ഡ് പത്രാധിപസ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ടിട്ടും 60 വയസ്സായപ്പോള്‍ അദ്ദേഹം പത്രാധിപസ്ഥാനം ഉപേക്ഷിച്ചു. പിന്നീട് ബോര്‍ഡ് ആവശ്യപ്പെട്ട പ്രകാരം അദ്ദേഹം നര്‍കേസരി പ്രകാശന്റെ മാനേജിങ്ങ് ഡയറക്ടര്‍ പദവിയിലും അതിനുശേഷം ചെയര്‍മാന്‍ പദവിയിലും പ്രവര്‍ത്തിച്ചു. എന്നാല്‍ 70-ാം വയസ്സില്‍ താന്‍ പദവിയില്‍ നിന്ന് വിരമിക്കുമെന്ന മുന്‍ ഉപാധി അദ്ദേഹം വെച്ചിരുന്നു. സംഘത്തിന്റെ അഖിലഭാരതീയ ചുമതലകള്‍ നിര്‍വ്വഹിക്കുന്ന കാര്യത്തിലും – പൂര്‍ണ ആരോഗ്യവാനായിരുന്നിട്ടും – ഈ ആദര്‍ശത്തിന് അനുഗുണമായി അദ്ദേഹം 75-ാം വയസ്സില്‍ ചുമതലകളില്‍ നിന്ന് വിരമിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മുഴുവന്‍ ഒരു സാധാരണ സ്വയംസേവകന്‍ എന്ന നിലക്കായിരുന്നു. 2000-ാം ആണ്ടിലാണ് സംഘത്തിന് ഒരു ഔദ്യോഗിക വക്താവ് വേണമെന്ന തീരുമാനം ആദ്യമായുണ്ടായത്. വളരെ പണിപ്പെട്ടാണ് ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കാനായത്. എന്നാല്‍ അപ്പോഴും, മൂന്നു വര്‍ഷക്കാലം മാത്രമെ താന്‍ ഈ ചുമതല വഹിക്കൂ എന്ന് അസന്ദിഗ്ദ്ധമായി പറയുകയും അപ്രകാരം ചെയ്യുകയും പിന്നീട് പൊതുജീവിതത്തില്‍ ഒരു സ്വയംസേവകനെന്ന നിലയില്‍ കാര്യനിരതനാവുകയുമാണ് അദ്ദേഹം ചെയ്തത്.
(തുടരും)
ആര്‍.എസ്.എസ്. സഹസര്‍കാര്യവാഹ് ആണ് ലേഖകന്‍
(വിവ: യു.ഗോപാല്‍ മല്ലര്‍)