മാര്‍ക്‌സിസം വംശരഹിതവും സാര്‍വദേശീയവുമായ മാനവികതയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന ധാരണയാണ് സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കുമുള്ളത്. മാര്‍ക്‌സിസം സാക്ഷാത്കരിക്കപ്പെടാന്‍ കഴിയാത്ത സ്വപ്‌നമാണെങ്കിലും അത് സ്വപ്‌നം കാണാന്‍ കൊള്ളാവുന്ന ഒന്നാണെന്ന അഭിപ്രായം മാര്‍ക്‌സിന്റെ വിമര്‍ശകര്‍ക്കിടയില്‍പ്പോലുമുണ്ട്. ഒരിക്കലും സ്‌നേഹിക്കാതിരിക്കുന്നതിനെക്കാള്‍ ഭേദമാണല്ലോ സ്‌നേഹിച്ച് നഷ്ടപ്പെടുന്നത്. മാര്‍ക്‌സിസം പരാജയപ്പെട്ട മഹത്തായ ഒരു സ്വപ്‌നമാണ്. ഫാസിസത്തില്‍നിന്ന് വ്യത്യസ്തമായി സമൂഹത്തിന്റെ പൊതുനന്മയാണ് അത് ലക്ഷ്യം വച്ചത് എന്നൊക്കെ പരക്കെ വിശ്വസിക്കപ്പെട്ടു. എന്നാല്‍ മാര്‍ക്‌സിസം ഒരു പേക്കിനാവായാണ് ജൂതമതക്കാര്‍ക്ക് അനുഭവപ്പെട്ടത്. ജര്‍മനിയിലെ വംശഹത്യകള്‍ക്ക് ഹിറ്റ്‌ലറെപ്പോലെ മാര്‍ക്‌സും ഉത്തരവാദിയാണെന്ന് ലോകം പിന്നീട് തിരിച്ചറിഞ്ഞു.
ജൂതവിദ്വേഷത്തിന്റെ കാര്യത്തില്‍ മാര്‍ക്‌സും ഏംഗല്‍സും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണെങ്കിലും ഹിറ്റ്‌ലറെ അപേക്ഷിച്ച് മാര്‍ക്‌സിന് ചരിത്രത്തിന്റെ ആനുകൂല്യം ലഭിച്ചു. കൊടിയ കുറ്റകൃത്യത്തില്‍ രണ്ടുപേര്‍ ഒരുപോലെ പങ്കാളികളാണെങ്കിലും കേസ് കോടതിയിലെത്തുമ്പോള്‍, സംശയത്തിന്റെ ആനുകൂല്യം കൊണ്ടും തെളിവുകളുടെ അഭാവംകൊണ്ടും ഒരാള്‍ വിട്ടയയ്ക്കപ്പെടുകയും മറ്റെയാള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതുപോലെയാണിത്. യഥാര്‍ത്ഥത്തില്‍ തെളിവുകള്‍ ഇല്ലാത്തതുകൊണ്ടല്ല, തനിക്കുവേണ്ടി കേസുവാദിച്ചവരുടെ സാമര്‍ത്ഥ്യമാണ് മാര്‍ക്‌സിന് രക്ഷയായത്. മരണാനന്തരവും മാര്‍ക്‌സിനുവേണ്ടി വാദിക്കാന്‍ ആളുകളുണ്ടായി. സോവിയറ്റ് യൂണിയന്‍ എന്ന അധീശശക്തി ലോകമെമ്പാടും സര്‍വസന്നാഹങ്ങളുമൊരുക്കി ഇതിനായി പ്രത്യക്ഷമായും പരോക്ഷമായും ബുദ്ധിജീവികളെ അണിനിരത്തി. റഷ്യയിലെ ഒക്‌ടോബര്‍ വിപ്ലവത്തിനു ശേഷം ഇരുപതാം നൂറ്റാണ്ടിലുടനീളം ഇന്ത്യയിലുള്‍പ്പെടെ ഇത്തരം ബുദ്ധിജീവികളെ അടവച്ച് വിരിയിച്ചെടുക്കുകയായിരുന്നു.
മാര്‍ക്‌സിന്റെ വിദ്വേഷം മതേതരം!
മാര്‍ക്‌സും ഹിറ്റ്‌ലറും ഒരുപോലെ ജൂതവിദ്വേഷികളായിരുന്നുവെങ്കിലും ഈ വിദ്വേഷത്തിന് വളരെ സങ്കീര്‍ണമായ ഒരു സൈദ്ധാന്തിക ന്യായീകരണം നല്‍കാന്‍ കഴിഞ്ഞത് മാര്‍ക്‌സിനെ വ്യത്യസ്തനാക്കുന്നു. ഈ വിഷയം ചര്‍ച്ച ചെയ്ത മാര്‍ക്‌സിന്റെ അനുയായികളും ഇതുതന്നെ ചെയ്തു. അവര്‍ മാര്‍ക്‌സിനെ വെള്ളപൂശുന്ന പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്ന മാര്‍ക്‌സിന്റെ മുന്‍വിധികള്‍ക്ക് ശാസ്ത്രീയവും പുരോഗമനപരവുമായ ന്യായീകരണങ്ങള്‍ നല്‍കപ്പെട്ടു. മതേതര ചിന്തകന്‍ എന്ന പരിവേഷത്തിന്റെ ബലത്തില്‍ താന്‍ പുലര്‍ത്തിയ കടുത്ത ജൂതവിദ്വേഷത്തെയും മാര്‍ക്‌സ് മതേതരമായി വ്യാഖ്യാനിച്ചു. ജൂതപ്രശ്‌നത്തിന് മാര്‍ക്‌സ് ശാസ്ത്രീയമായ പരിഹാരം നിര്‍ദ്ദേശിക്കുന്നത് ഇങ്ങനെയാണ്: ”ജൂതരും ക്രൈസ്തവരും തമ്മിലെ ബന്ധം ഇനിമേലില്‍ മതപരമല്ല. അത് വിമര്‍ശനാത്മകവും ശാസ്ത്രീയവും മാനുഷികവുമായ ഒന്നാണ്. മതമല്ല, ശാസ്ത്രമാണ് അതിന്റെ ഏകത്വം നിര്‍ണയിക്കുക. ശാസ്ത്രത്തിലെ വൈരുദ്ധ്യങ്ങള്‍ ശാസ്ത്രം തന്നെയാണ് പരിഹരിക്കുക” (138) എന്ന് മാര്‍ക്‌സ് പ്രഖ്യാപിച്ചു.
എന്താണ് മാര്‍ക്‌സ് നിര്‍ദ്ദേശിക്കുന്ന ഈ ‘ശാസ്ത്രീയ പരിഹാരം’ എന്ന് അന്വേഷിക്കുന്നവര്‍ നടുങ്ങിപ്പോകും. ഒരു നാസി ലഘുലേഖയിലെ വിടുവായത്തില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല മാര്‍ക്‌സ് നിര്‍ദേശിക്കുന്ന പരിഹാരങ്ങള്‍. ”ജൂതന്മാര്‍ക്ക് സ്ത്രീപുരുഷ ബന്ധം പോലും ഒരു കച്ചവടച്ചരക്കാണ്. അവര്‍ സ്ത്രീയെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നു. ജൂതന്റെ ശുദ്ധസാങ്കല്‍പ്പികമായ ദേശീയത എന്നത് കച്ചവടക്കാരന്റെ ദേശീയതയാണ്. ജൂതന്റെ യാതൊരു അടിസ്ഥാനവുമില്ലാത്ത നിയമം അടിസ്ഥാനമില്ലാത്ത സാന്മാര്‍ഗികതയുടെ മതപരമായ ഹാസ്യാനുകരണം മാത്രമാണ്. സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുടെ ഒരു ലോകമാണത്.”(139) ഇങ്ങനെയൊക്കെയാണ് മാര്‍ക്‌സ് ജൂതമതക്കാരെ ചിത്രീകരിക്കുന്നത്.
ജൂതന്മാരെപ്പോലെയാവാന്‍ ശ്രമിക്കുന്നതിന് ക്രൈസ്തവരെയും മാര്‍ക്‌സ് വിമര്‍ശിക്കുന്നുണ്ട്. ജൂതന്മാരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ ക്രിസ്തുമതം വേണ്ടതിലേറെ വിശുദ്ധവും ആത്മീയവുമാണെന്ന് മാര്‍ക്‌സ് അഭിപ്രായപ്പെടുന്നു. ഇതിന് മാര്‍ക്‌സ് നിര്‍ദ്ദേശിക്കുന്ന പരിഹാരം ഹിറ്റ്‌ലറും കൂട്ടാളികളും ഓഷ്‌വിറ്റ്‌സിലൂടെ നടപ്പാക്കിയതു തന്നെയാണ്. ജൂതന്മാര്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്നു തന്നെ മാര്‍ക്‌സും സിദ്ധാന്തിക്കുന്നു. മാര്‍ക്‌സ് ഇതിനെക്കുറിച്ച് പറയുന്നതിന്റെ വിവര്‍ത്തനം ഏതാണ്ട് ഇങ്ങനെയാണ്: ”വര്‍ത്തമാനകാലത്തിന്റെ സാമൂഹ്യ വിരുദ്ധ സ്വഭാവം ജൂതമതത്തിലും നാം കണ്ടെത്തുന്നു. ഈ സ്വഭാവം ചരിത്ര വികാസത്തിലൂടെ അതിന്റെ ഉന്നതിയിലെത്തിയിരിക്കുകയാണ്. ഇവിടുന്നങ്ങോട്ട് അത് തീര്‍ച്ചയായും ശിഥിലീകരിക്കപ്പെടും. അന്തിമവിശകലനത്തില്‍ ജൂതന്മാരുടെ വിമോചനമെന്നാല്‍ മനുഷ്യരാശിയെ ജൂതസ്വഭാവത്തില്‍നിന്ന് മോചിപ്പിക്കലാണ്. ഈ ജൂതപ്രകൃതം പരക്കെ തിരിച്ചറിയപ്പെട്ടിട്ടുള്ളതാണ്. തന്റെ മതത്തിന്റെ അയഥാര്‍ത്ഥത ഒരു ജൂതനെ ബോധ്യപ്പെടുത്താന്‍ പൊതുസമൂഹത്തിന് കഴിയില്ല. പ്രായോഗികതയാണ് ആ മതത്തിന്റെ ആദര്‍ശം. ജൂതമത ഗ്രന്ഥങ്ങളായ പെന്ററ്റിയൂക്, ടാല്‍മൂഡ് എന്നിവയില്‍ മാത്രമല്ല, ഇന്നത്തെ സമൂഹത്തിലും ആധുനിക ജൂതന്റെ സ്വഭാവം കാണാനാവും. അമൂര്‍ത്തരൂപത്തിലൊന്നുമല്ല, അങ്ങേയറ്റം മൂര്‍ത്തമായിത്തന്നെ. ഏതെങ്കിലുമൊരു ജൂതന്റെ സങ്കുചിതത്വമായല്ല, സമൂഹത്തിന്റെ തന്നെ ജൂത സങ്കുചിതത്വമായി. ജൂതന്റെ സാമൂഹ്യവിമോചനമെന്നത്, ജൂതസ്വഭാവത്തില്‍നിന്നുള്ള സമൂഹത്തിന്റെ മോചനമാണ്.” (140)
ജൂതവിരോധത്തിനും വംശഹത്യയ്ക്കും സൈദ്ധാന്തികമായ ന്യായീകരണം നല്‍കുന്നതില്‍ ഹിറ്റ്‌ലറെ കടത്തിവെട്ടുകയാണ് മാര്‍ക്‌സ്. എല്ലാ സാമൂഹ്യതിന്മകള്‍ക്കും മാര്‍ക്‌സ് ജൂതനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. മാര്‍ക്‌സിസത്തിന്റെ ആധാരശിലകളിലൊന്നാണ് അന്യവല്‍ക്കരണം. ക്രിസ്തുമതത്തിന്റെ ജൂതസ്വഭാവമാണ് ഇതിന് കാരണമെന്ന് മാര്‍ക്‌സ് വിലയിരുത്തുന്നു. മുതലാളിത്തത്തിന്റേതായ എല്ലാ തിന്മകളുടെയും മൂര്‍ത്തിമദ്ഭാവമായി മാര്‍ക്‌സ് ജൂതനെ കാണുന്നു. യൂറോപ്പിനെ ബാധിച്ച മാരകരോഗത്തിന്റെ ലക്ഷണമാണ് ജൂതനെന്നും, അത് തുടച്ചുനീക്കേണ്ടതാണെന്നും മാര്‍ക്‌സ് വിശ്വസിച്ചു.
സ്റ്റാലിനും ഹിറ്റ്‌ലറും ഒപ്പത്തിനൊപ്പം
യൂറോപ്പിതര സമൂഹത്തെ ഇകഴ്ത്തി കാണിക്കുകയെന്നത് മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും എഴുത്തുകളിലെ പ്രധാന ആശയമാണല്ലോ. യൂറോപ്പിലെതന്നെ അതിജീവനത്തിനു ശ്രമിക്കുന്ന ചെറിയ രാജ്യങ്ങളോടല്ല, ആധിപത്യത്തിനു ശ്രമിക്കുന്ന വമ്പന്‍ രാജ്യങ്ങളോടായിരുന്നു ഇരുവര്‍ക്കും അനുഭാവം. സോഷ്യലിസത്തിലേക്കുള്ള യൂറോപ്പിന്റെ യാത്രയ്ക്ക് തടസ്സമുണ്ടാക്കുകയാണ് ചെറുരാജ്യങ്ങളെന്നും, ഈ തടസ്സങ്ങള്‍ തട്ടിനീക്കേണ്ടതാണെന്നും മാര്‍ക്‌സും ഏംഗല്‍സും പ്രസ്താവിച്ചു. ഇത്തരം ചെറുരാഷ്ട്രങ്ങളെ പരാജയപ്പെടുത്തിയാല്‍ മാത്രം പോരാ, അവിടുത്തെ ജനതയെ തച്ചുതകര്‍ക്കുക തന്നെവേണം! അടുത്ത ലോകയുദ്ധത്തിന്റെ ഫലമായി എല്ലാ പ്രതിലോമ വിഭാഗങ്ങളും അപ്രത്യക്ഷമാകും എന്നാണ് ഏംഗല്‍സ് പറഞ്ഞത്. മാര്‍ക്‌സ് പത്രാധിപരായിരുന്ന ജര്‍മന്‍ പത്രത്തില്‍ ഏംഗല്‍സ് എഴുതിയിട്ടുള്ളത് ഇങ്ങനെയാണ്:
”പോളണ്ട്, റഷ്യ എന്നിവിടങ്ങളിലെയും തുര്‍ക്കിയിലെയും ഏറിയകൂറും അടിമകളായ സ്ലാവുകളെ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് സ്ലാവ് ജനവിഭാഗങ്ങള്‍ക്ക് ഭാവിയില്ല. കാരണം ഇവര്‍ക്ക് സ്വാതന്ത്ര്യത്തിനും അതിജീവനത്തിനുമുള്ള ചരിത്രപരവും ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രാഥമിക സാഹചര്യങ്ങളില്ല” (141). റഷ്യയില്‍നിന്നുള്ള സോഷ്യലിസ്റ്റ് അരാജകവാദിയായിരുന്ന ബെകുനിന്‍ അടിമകളുടെ മോചനത്തെക്കുറിച്ച് പറയുന്നതിനെ ഏംഗല്‍സ് തള്ളിക്കളയുകയും ചെയ്യുന്നു. റഷ്യക്കാരോടുള്ള വിദ്വേഷം ജര്‍മന്‍കാര്‍ക്കിടയിലെ പ്രാഥമികമായ വിപ്ലവവികാരമാണെന്നും, ഇതിനോട് ചെക്കുവംശജരുടെയും ക്രോട്ടുകളുടേയും വിദ്വേഷം കൂട്ടിച്ചേര്‍ക്കുമ്പോള്‍ മാത്രമേ അതിഭീകരമായ പോരാട്ടത്തിലൂടെ അടിമകളെ ഉന്മൂലനം ചെയ്യാനും വിപ്ലവത്തെ സംരക്ഷിക്കാനും കഴിയൂ എന്നൊക്കെയാണ് ഏംഗല്‍സ് എഴുതുന്നത്. ഇത് ജര്‍മനിയുടെ താല്‍പ്പര്യത്തിനുവേണ്ടിയല്ല, വിപ്ലവത്തിന്റെ താല്‍പ്പര്യത്തിനുവേണ്ടിയാണത്രേ. അടിമജനവിഭാഗങ്ങള്‍ക്കെതിരെ യൂറോപ്പില്‍ പൊതുവെയും ജര്‍മനിയില്‍ പ്രത്യേകിച്ചുമുള്ള യുക്തിരഹിതമായ ഈ വംശീയവിദ്വേഷം ഏംഗല്‍സ് ‘വിപ്ലവാഭിനിവേശം’ ആക്കി മാറ്റുന്നു! മാര്‍ക്‌സും ഇതിനെ ശരിവയ്ക്കുന്നുണ്ട്. മനുഷ്യരാശിയുടെ പുരോഗതിയെക്കുറിച്ച് ഉല്‍ബോധിപ്പിച്ചുകൊണ്ടുതന്നെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യത്തെ സൈദ്ധാന്തികമായും പ്രായോഗികമായും ന്യായീകരിക്കുകയാണ് മാര്‍ക്‌സിസ്റ്റ് സ്ഥാപകന്മാര്‍.
1849 ല്‍ ഏംഗല്‍സ് മനസ്സില്ലാമനസ്സോടെയാണെങ്കിലും, ഭാവിയുള്ള അടിമരാജ്യങ്ങളിലൊന്നായി പോളണ്ടിനെ അംഗീകരിക്കുന്നുണ്ട്. പക്ഷേ 1851 ആയപ്പോള്‍ ഈ നിലപാട് മാറ്റുകയും, പോളണ്ട് ഒരു രാഷ്ട്രമല്ലാതാവണമെന്ന് വാദിക്കുകയും ചെയ്തു. പോളണ്ടിന്റെ ശിഥിലീകരണത്തിന് ഒരു രൂപരേഖയും ഏംഗല്‍സ് അവതരിപ്പിക്കുകയുണ്ടായി. മാര്‍ക്‌സിനുള്ള ഒരു കത്തില്‍ ഏംഗല്‍സ് അവതരിപ്പിച്ച ഈ രൂപരേഖ പില്‍ക്കാലത്ത് 1939 ല്‍ നാസി ജര്‍മനിയുമായി സ്റ്റാലിന് മ്യൂണിച്ച് കരാറുണ്ടാക്കാന്‍ സഹായകമായി. നാസി ജര്‍മനിയെ പുതുതായി വികസിച്ചുകൊണ്ടിരിക്കുന്ന സോവിയറ്റ് യൂണിയനെതിരാക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ ശക്തികളെ പ്രതിരോധിക്കുകയാണ് ഇതിലൂടെ സ്റ്റാലിന്‍ ചെയ്തതെന്ന് പാര്‍ട്ടി സൈദ്ധാന്തികര്‍ വാദിക്കുന്നുണ്ടെങ്കിലും പോളണ്ട് പിടിച്ചെടുത്ത് പങ്കുവയ്ക്കുന്നതിന് ജര്‍മന്‍ നാസികളുമായി ആഴത്തിലുള്ള ധാരണയാണുണ്ടായിരുന്നതെന്ന് അക്കാലത്തെ സോവിയറ്റ് യൂണിയന്‍ രേഖകള്‍ വ്യക്തമാക്കുന്നു.
പോളണ്ടിനെ ആക്രമിക്കുന്നതിന് സോവിയറ്റ് യൂണിയനും നാസി ജര്‍മനിയും ഒരേപോലുള്ള ന്യായവാദമാണ് ഉന്നയിച്ചത്. പോളണ്ടിലെ ഉക്രേനിയന്‍, ബെലോറഷ്യന്‍ വംശീയ ന്യൂനപക്ഷങ്ങളെക്കുറിച്ചാണ് സോവിയറ്റ് യൂണിയന്‍ പറഞ്ഞതെങ്കില്‍, പോളണ്ടിലെ ജര്‍മന്‍ വംശജരെ ‘മൃഗീയമായി അടിച്ചമര്‍ത്തുന്നത്’ ആണ് നാസി ജിഹ്വയായ ‘ഡയ് വെയര്‍മാര്‍ക്ട്’ കാരണമായി കണ്ടുപിടിച്ചത്. പോളണ്ടിലെ വിവരദോഷികളായ നേതാക്കളെയാണ് യുദ്ധത്തിന് ഉത്തരവാദികളായി സോവിയറ്റ് യൂണിയന്‍ കുറ്റപ്പെടുത്തിയത്. യൂറോപ്പിലെ ഒരേയൊരു അടിമരാജ്യമായ പോളണ്ട് വല്യേട്ടന്‍ ചമയാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ഡയ് വെയര്‍മാര്‍ക്ടിന്റെ കുറ്റപ്പെടുത്തല്‍. പോളണ്ടിന്റെ പുനഃസംഘടനയെക്കുറിച്ച് 1853 ല്‍ മാര്‍ക്‌സിന് എഴുതിയ കത്തില്‍ ഏംഗല്‍സ് പറയുന്നുണ്ട്. ഇതേ കാര്യമാണ് പില്‍ക്കാലത്ത് ഹിറ്റ്‌ലറും സ്റ്റാലിനും എല്ലാം ചേര്‍ന്ന് നടപ്പാക്കിയത്. പോളണ്ടിനെ ആക്രമിച്ച് കീഴടക്കി ഛിന്നഭിന്നമാക്കുന്നതില്‍ മാത്രം ഇത് ഒതുങ്ങിയില്ല. കീഴടക്കിയ പ്രദേശങ്ങളിലെ ശത്രുക്കളെ നിഷ്‌കരുണം വകവരുത്തുന്നതിലും ഹിറ്റ്‌ലറും സ്റ്റാലിനും ഒന്നിച്ചു. മാര്‍ക്‌സും ഏംഗല്‍സും വിഭാവനം ചെയ്തതുപോലെ ‘നികൃഷ്ടന്മാരെയും പ്രതിലോമകാരികളെയും’ അവര്‍ ഉന്മൂലനം ചെയ്തു.
കടിന്‍-സോവിയറ്റ് ഓഷ്‌വിറ്റ്‌സ്
സോവിയറ്റ്-നാസി ധാരണയെത്തുടര്‍ന്ന് ജര്‍മന്‍ രഹസ്യപോലീസായ ഗെസ്റ്റപ്പോയും റഷ്യയിലെ എന്‍കെവിഡിയും കൂടുതല്‍ സഹകരിക്കാന്‍ തുടങ്ങി. സോവിയറ്റ് യൂണിയനില്‍ അഭയം തേടിയിരുന്ന നൂറുകണക്കിന് ജര്‍മന്‍ കമ്യൂണിസ്റ്റുകളെ സ്റ്റാലിന്‍ നാസി തടവറകള്‍ക്ക് വിട്ടുകൊടുത്തു. ഹിറ്റ്‌ലറെ പ്രീതിപ്പെടുത്തുന്നതിനായിരുന്നു ഇത്. യുദ്ധത്തടവുകാരെ പരസ്പരം കൈമാറുന്നതിന്റെ മുന്നോടിയായിരുന്നു ഈ നടപടി. നാസി സഹകരണത്തോടെ പോളണ്ട് ആക്രമിച്ച റഷ്യന്‍ സേന 14,500 വരുന്ന പോളിഷ് ഉദ്യോഗസ്ഥരെയും പോലീസുകാരെയും പിടികൂടി മൂന്നിടങ്ങളിലായി തടവിലാക്കിയിരുന്നു. 1940 കളുടെ മധ്യത്തില്‍ ഒരു പാടുപോലും അവശേഷിക്കാതെ ഇവരെല്ലാം അപ്രത്യക്ഷരായി! എന്‍കെവിഡി ജയിലിലാക്കിയ 7,300 പോളിഷ് തടവുകാര്‍ക്കും ഇതേ ഗതിവന്നു. 33000 പോളിഷ് തടവുകാരെ ജര്‍മനിയുമായി കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് സ്റ്റാലിന്റെ വിശ്വസ്തനും നരഹത്യകളുടെ ആസൂത്രകനുമായ ബെറിയ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. എന്നാല്‍ ഇതില്‍ ഒരു പ്രശ്‌നമുണ്ടെന്ന് ഒരു രഹസ്യരേഖയിലൂടെ സ്റ്റാലിനെ ബെറിയ അറിയിച്ചു. തടവുകാരില്‍പ്പെടുന്ന പോളണ്ടിലെ ഉദ്യോഗസ്ഥരും ഭൂവുടമകളും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമൊക്കെ അടങ്ങുന്ന 14,700 പേര്‍ സോവിയറ്റ് യൂണിയന്റെ കടുത്ത ശത്രുക്കളാണെന്നായിരുന്നു ബെറിയയുടെ രഹസ്യരേഖ. ഉക്രൈനില്‍ നിന്നും ബെലോറഷ്യയില്‍നിന്നും പിടികൂടിയ 11,000 പേരും ഈ വിഭാഗത്തില്‍പ്പെടുന്നു. ഇവര്‍ക്കുള്ള പരമാവധി ശിക്ഷ, വെടിവച്ചു കൊല്ലല്‍ അടിയന്തരമായി നടപ്പാക്കണമെന്ന് ബെറിയ നിര്‍ദ്ദേശിച്ചു.
ഒട്ടും വൈകിയല്ല. അടുത്ത രണ്ട് ദിവസത്തിനകം ബെറിയയുടെ എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പാക്കാന്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു. 25,700 തടവുകാരെയും അവരുടെ അഭാവത്തില്‍ വിചാരണ ചെയ്ത് വെടിവച്ചുകൊന്നു. സ്റ്റാലിന്റെ ഭാഗ്യം എന്നല്ലാതെ എന്തുപറയാന്‍, പിന്നീട് സോവിയറ്റ് യൂണിയനുമായി തെറ്റിയ നാസികളാണ് ഈ ഭീകരമായ കൂട്ടക്കൊലയെക്കുറിച്ച് ആദ്യമായി ലോകത്തോട് വെളിപ്പെടുത്തിയത്. അതിനാല്‍ തന്നെ ഇത് വെറും പ്രചാരണമാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ സോവിയറ്റ് യൂണിയന് കഴിഞ്ഞു. പൊതുശത്രുവായ ഹിറ്റ്‌ലര്‍ക്കെതിരെ ഒന്നിച്ചുപൊരുതുന്നതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് സ്റ്റാലിനുമായി ചര്‍ച്ച നടത്താന്‍ സഖ്യകക്ഷികളും താല്‍പ്പര്യം കാണിച്ചില്ല. പതിറ്റാണ്ടുകളോളം മോസ്‌കോയിലെ അധികാരകേന്ദ്രങ്ങള്‍ക്കു മാത്രം അറിയാമായിരുന്ന ഈ രഹസ്യം 1990ല്‍ അന്നത്തെ സോവിയറ്റ് ഭരണാധികാരി ഗോര്‍ബച്ചേവ് പുറത്തുവിട്ടു. എന്‍കെവിഡി ഇങ്ങനെ ഒരു കൂട്ടനരഹത്യ നടത്തിയിട്ടുള്ളതായി സമ്മതിച്ചു. ‘കടിന്‍ കൂട്ടക്കൊല’ എന്ന് അറിയപ്പെടുന്ന ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഗോര്‍ബച്ചേവും തയ്യാറായില്ല. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഒടുവില്‍ ഈ നരഹത്യ സംബന്ധിച്ച തെളിവുകള്‍ അത് നടന്ന് അരനൂറ്റാണ്ടിനുശേഷം, ഗോര്‍ബച്ചേവിന്റെ പിന്‍ഗാമിയായ യെല്‍സിന്റെ നിര്‍ദേശപ്രകാരം 1992 ഒക്‌ടോബറില്‍ പോളണ്ടിന്റെ അന്നത്തെ ഭരണാധികാരി ലെ വലേസയ്ക്ക് കൈമാറി. മാനവരാശിക്കെതിരായ മാര്‍ക്‌സിസ്റ്റ് മഹാപാതകമായിരുന്നു ഇത്. മാര്‍ക്‌സും ഏംഗല്‍സും പ്രചരിപ്പിച്ച വംശീയ വിദ്വേഷവുമായി ഇതിന് നേരിട്ട് ബന്ധമുണ്ട്. ഓഷ്‌വിറ്റ്‌സ് എന്ന ഹിറ്റ്‌ലറുടെ തടങ്കല്‍ പാളയങ്ങളിലും ഗ്യാസ് ചേമ്പറുകളിലുമായി ദശലക്ഷക്കണക്കിന് ജൂതന്മാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതിന് സമാനമായ സംഭവമാണിത്.
ലെനിനും ഹിറ്റ്‌ലറും അനുയായികള്‍
ലെനിനെപ്പോലെ ഹിറ്റ്‌ലറും മാര്‍ക്‌സിന്റെ അനുയായി ആയിരുന്നു എന്നുതന്നെ പറയണം. ഹിറ്റ്‌ലര്‍ക്ക് ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും സോവിയറ്റ് യൂണിയനുമായും ഉണ്ടായിരുന്ന സ്‌നേഹദ്വേഷ ബന്ധങ്ങളുമായി ഇതിനെ കൂട്ടിക്കുഴക്കേണ്ടതില്ല. മാര്‍ക്‌സിസം പ്രായോഗികമാക്കുന്നതില്‍ ലെനിന്‍ നേരിട്ട പ്രയാസങ്ങളും പ്രതിസന്ധികളുമൊന്നും ഹിറ്റ്‌ലര്‍ക്ക് നേരിടേണ്ടിവന്നില്ല. മാര്‍ക്‌സ് സിദ്ധാന്തിച്ച ചരിത്രത്തിന്റെ വികാസഘട്ടങ്ങളെ ചാടിക്കടന്നാണല്ലോ ലെനിന്‍ റഷ്യയില്‍ സോഷ്യലിസ്റ്റ് വിപ്ലവം കൊണ്ടുവന്നത്. സമൂഹത്തിന് വികസിക്കാന്‍ മുതലാളിത്തഘട്ടം ആവശ്യമില്ലെന്ന് ലെനിന്‍ തീരുമാനിക്കുകയായിരുന്നല്ലോ. ഇതുവഴി മാര്‍ക്‌സിസത്തെ സമ്പന്നമാക്കുകയാണെന്ന് സ്ഥാപിക്കാന്‍ ലെനിന് വല്ലാതെ വിയര്‍പ്പൊഴുക്കേണ്ടിവന്നു. ഒടുവില്‍ താന്‍ വിഭാവനം ചെയ്തതുപോലുള്ള ഒരു വിപ്ലവം എവിടെയെങ്കിലും നടന്നുകാണാനുള്ള മോഹംകൊണ്ട് മാര്‍ക്‌സും ലെനിന്റെ സാഹസത്തിന് നേര്‍ക്ക് കണ്ണടയ്ക്കുകയായിരുന്നു.
മാര്‍ക്‌സിന്റെ ജൂതവിദ്വേഷമാണ് ഹിറ്റ്‌ലര്‍ക്ക് മുഖ്യമായും പ്രയോഗത്തില്‍ വരുത്തേണ്ടിയിരുന്നത്. അതില്‍ സൈദ്ധാന്തികമായ സങ്കീര്‍ണതകളൊന്നും ഉണ്ടായില്ല. വര്‍ഗസമരത്തിലല്ല, മാര്‍ക്‌സു തന്നെ മുന്നോട്ടുവച്ച വംശീയ ഉന്മൂലനത്തിലാണ് ഹിറ്റ്‌ലര്‍ ഊന്നിയത്. ജൂതനിന്ദയ്ക്ക് മാര്‍ക്‌സ് ഉപയോഗിച്ച അതേ വാക്കുകളെയാണ് പലപ്പോഴും ഹിറ്റ്‌ലറും ആശ്രയിച്ചത്. ജൂതന്മാര്‍ വംശീയമായി ഉന്മൂലനം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാര്‍ക്‌സും ഹിറ്റ്‌ലറും ഒരേപോലെ ചിന്തിക്കുന്നത് ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളെ അദ്ഭുതപ്പെടുത്തിയേക്കാമെങ്കിലും അതൊരു വസ്തുതയാണ്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ദ ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രിബ്യൂണില്‍ 1856 ജനുവരി നാലിന് മാര്‍ക്‌സ് എഴുതിയ ‘ദ റഷ്യന്‍ ലോണ്‍’ എന്ന ലേഖനം. ‘ഡെ സ്റ്റ്യൂമര്‍’ പോലുള്ള നാസി പ്രസിദ്ധീകരണങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകളും ശൈലിയുമാണ് മാര്‍ക്‌സിന്റെ ഈ ലേഖനത്തിലുള്ളത.് ഹിറ്റ്‌ലര്‍ മുന്നോട്ടുവച്ച ‘ഫൈനല്‍ സൊലൂഷന്‍’ എന്ന ഉന്മൂലന പദ്ധതിയിലേക്ക് വഴിതെളിക്കുന്ന ആശയം തന്നെയാണ് മാര്‍ക്‌സും അവതരിപ്പിക്കുന്നത്. മാര്‍ക്‌സ് എഴുതുന്നത് നോക്കുക:
”ഉദാഹരണമായി ആംസ്റ്റര്‍ഡാം എടുക്കാം. രാജദമ്പതിമാരായ ഫെര്‍ഡിനാന്‍ഡും ഇസബെല്ലയും സ്‌പെയിനില്‍നിന്ന് പുറന്തള്ളിയ ജൂതന്മാരുടെ അങ്ങേയറ്റം മോശക്കാരായ വളരെയധികം പിന്മുറക്കാര്‍ കുറെക്കാലം പോര്‍ച്ചുഗലില്‍ തങ്ങിയശേഷം അവിടെനിന്നും പുറന്തള്ളപ്പെട്ടതിനെത്തുടര്‍ന്ന് ഹോളണ്ടിനെ വിശ്രമസങ്കേതമാക്കുകയായിരുന്നു… എന്നാല്‍ ഇക്കൂട്ടര്‍ ഒരിടത്തെങ്കിലും ഒരു ചെറിയ തുക പോലും നിക്ഷേപിക്കുകയോ അല്‍പ്പംപോലും വായ്പയെടുക്കുകയോ ചെയ്തില്ല. അംബ്രോസിയില്‍ (ഇറ്റലി) വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി കൊള്ളയടിക്കുന്ന മിടുക്കന്മാര്‍ ഈ ജൂതന്മാരെക്കാള്‍ ഭേദമാണ്. ചെറുകിട ജൂത ഏജന്റുമാര്‍ വന്‍ ജൂതഭവനങ്ങളില്‍നിന്ന് സാധനങ്ങള്‍ ശേഖരിച്ച് സ്വന്തം വംശത്തോടുള്ള ഭക്തി പ്രകടിപ്പിച്ചു. ”(142)
ആംസ്റ്റര്‍ഡാമിലെ ജൂത വ്യാപാരികളെ അങ്ങേയറ്റം സംസ്‌കാര ശൂന്യമായി അധിക്ഷേപിക്കുകയാണ് മാര്‍ക്‌സ് ഇവിടെ ചെയ്യുന്നത്. ജര്‍മന്‍ നാസികളുടെ ഹീനമായ പ്രചാരവേല തന്നെയാണ് അവരുടെ മുന്‍ഗാമിയെപ്പോലെ മാര്‍ക്‌സും നടത്തുന്നത്. ”അങ്ങനെ എല്ലാ പോപ്പിനെയും ഒരു ജെസ്യൂട്ടിനെയെന്നപോലെ ഓരോ സ്വേച്ഛാധിപതിയെയും ഒരു ജൂതന്‍ പിന്‍പറ്റുന്നു. സത്യത്തില്‍ ചിന്തയെ ശ്വാസംമുട്ടിക്കാന്‍ ജെസ്യൂട്ടുകളുടെ ഒരു നിരയും കീശ കൊള്ളയടിക്കാന്‍ ഒരുപറ്റം ജൂതന്മാരുമില്ലെങ്കില്‍ ഏകാധിപതികളുടെ ആര്‍ത്തികള്‍ ഫലം കാണില്ല. യുദ്ധത്തിന്റെ പ്രയോഗികതയെപ്പറ്റി ചിന്തിക്കേണ്ടതുമില്ല…. 1855 വര്‍ഷം മുന്‍പ് ദേവാലയങ്ങളില്‍നിന്ന് ക്രിസ്തു ജൂതമതക്കാരായ കൊള്ളപ്പലിശക്കാരെ അടിച്ചോടിച്ചു. ആ പണമിടപാടുകാര്‍ നമ്മുടെ കാലത്ത് നിഷ്ഠുരവാഴ്ചയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. ജൂതന്മാരായിരിക്കുക എന്ന ചരിത്രപരമായ യാദൃച്ഛികത വീണ്ടും സംഭവിക്കുകയാണ്.” (143)
മാര്‍ക്‌സ് വിചാരണ ചെയ്യപ്പെടുന്നു
ആള്‍ക്കൂട്ട ആക്രമണത്തിനും കൊലപാതകത്തിനുമുള്ള പ്രേരണയില്‍ കുറഞ്ഞ ഒന്നുമല്ല മാര്‍ക്‌സിന്റെ ഈ ലേഖനമെന്നാണ് നതാനിയേല്‍ വെയ്ല്‍ വിലയിരുത്തുന്നത്. വാസ്തവത്തില്‍ മാര്‍ക്‌സിന്റെ ജൂതവിരോധത്തിന് സമാനതകളില്ല. മാര്‍ക്‌സ് പറയുന്ന ജൂതന്മാര്‍ സ്‌പെയിനില്‍നിന്ന് പുറത്താക്കപ്പെട്ടത് മതപരമായ കാരണങ്ങളാലാണ്. വളരെയധികം പുരോഗമിച്ച ഒരു സമൂഹവും, സ്‌പെയിനിലെ പ്രഭു കുടുംബങ്ങളുമായി വിവാഹബന്ധമുള്ളവരുമായിരുന്നു അവര്‍. സ്‌പെയിനിലെ കുരിശുയുദ്ധത്തിന്റെ ഫലമായി അഭയാര്‍ത്ഥികളാക്കപ്പെട്ട ജൂതന്മാരുടെ സാന്നിദ്ധ്യമാണ് പതിനേഴാം നൂറ്റാണ്ടില്‍ പോളണ്ടിനുണ്ടായ ഉയര്‍ച്ചയ്ക്കു കാരണമെന്ന അഭിപ്രായമാണ് ചരിത്രകാരന്മാര്‍ക്കുള്ളത്. അവരെയാണ് മാര്‍ക്‌സ് അതിക്രൂരമായി നിന്ദിക്കുന്നത്. ജൂതവിരോധം മുന്‍നിര്‍ത്തി മാര്‍ക്‌സിന്റെ ഈ ലേഖനം പ്രസിദ്ധീകരിച്ച ഡാനയെ ഉടമയായ ഹൊറേസ് ഗ്രീലി പത്രത്തില്‍നിന്ന് പുറത്താക്കുകയുണ്ടായി.
കാറല്‍ മാര്‍ക്‌സിനെ മഹത്വവല്‍ക്കരിക്കാന്‍ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര സാംസ്‌കാരിക ഗൂഢാലോചനകളിലൊന്ന് ‘ജൂതപ്രശ്‌നത്തെക്കുറിച്ച്’ എന്ന പ്രബന്ധത്തിലും, ജര്‍മന്‍ പത്രത്തിലും ന്യൂയോര്‍ക്ക് ട്രിബ്യൂണിലും എഴുതിയ ലേഖനങ്ങളിലും, മാര്‍ക്‌സ്-ഏംഗല്‍സ് കത്തിടപാടുകളിലുമുള്ള ജൂതവിരോധം തമസ്‌കരിച്ചതാണ്. റഷ്യന്‍ വിപ്ലവത്തോടെ മാര്‍ക്‌സ് വിജയിയായി പ്രഖ്യാപിക്കപ്പെട്ടതിനാല്‍ ഈ വംശവിദ്വേഷം ചര്‍ച്ചയായില്ല. എന്നുമാത്രമല്ല, രണ്ടാം ലോകയുദ്ധത്തില്‍ ഹിറ്റ്‌ലര്‍ പരാജയപ്പെട്ടതോടെ വംശവിദ്വേഷത്തിന്റെ ഒരേയൊരു പ്രതീകമായി ഹിറ്റ്‌ലര്‍ മാറി. മാര്‍ക്‌സ് അത്ഭുതകരമായി രക്ഷപ്പെട്ടു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മൂലധനം എന്നിവയ്ക്കപ്പുറം ജൂതവിദ്വേഷം മുഴങ്ങുന്ന മാര്‍ക്‌സിന്റെ കൃതികള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ കാര്യമായി പ്രചരിച്ചില്ല. ഈ രചനകളുടെ ഇംഗ്ലീഷ് പതിപ്പുകളോ പരിഭാഷകളോ ഇന്ത്യയില്‍ ലഭ്യമാകാതിരുന്നത് യാദൃച്ഛികമല്ല. മാര്‍ക്‌സിന്റെ കവിതകള്‍ പോലും മലയാളത്തിലാക്കി വായനക്കാരെ സന്തോഷിപ്പിച്ചവര്‍ ‘ജൂതപ്രശ്‌നത്തെക്കുറിച്ച്’ പോലുള്ള രചനകളിലേക്ക് എത്തിനോക്കിയതുപോലുമില്ല. എന്നാല്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ സാര്‍വദേശീയ തലത്തില്‍തന്നെ മാര്‍ക്‌സ് വിചാരണ ചെയ്യപ്പെടുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നു. മാര്‍ക്‌സിന്റെ മുഖംമൂടി അഴിഞ്ഞുവീണു. മാര്‍ക്‌സ് ഒരിക്കല്‍പ്പോലും തള്ളിപ്പറയാതിരുന്ന ആശയങ്ങള്‍ വംശീയ ഉന്മൂലനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഹിറ്റ്‌ലറെ സഹായിച്ചു.
(തുടരും)
അടിക്കുറിപ്പുകള്‍:-
138. On the jewish Question, Karl Marx
139. Ibid
140. Ibid
141. Frederic Engels, Neue Rheinische Zeitung
142. Marx- Racist, Nathaniel Weyl
143. Ibid
Comments