മുത്തശ്ശിയുടെ മൂന്നാമത്തെ സന്താനം, എന്റെ അമ്മയുടെ രണ്ടാമത്തെ ഏട്ടന്‍, മധുരയിലാണ്. ടീസ്റ്റാളാണത്രെ അമ്മാമന്. അമ്മായി തമിഴത്തിയാണ്. കറുത്തിട്ടാണത്രെ. രണ്ട് ആണ്‍മക്കള്‍. അവരും കറുത്തിട്ടാണോ. അറിയില്ല. അമ്മാമ അമ്മായിയേയും കുട്ടികളേയും തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിട്ടില്ല.
ആറുമാസം മുമ്പൊരു ദിവസം സന്ധ്യക്ക് അമ്മാമ വീട്ടിന്റെ പടികേറിവന്നു. കുടിച്ചിട്ടാണ് വന്നതെന്നു തോന്നുന്നു. കണ്ണു ചുവന്നിട്ടുണ്ട്. വന്നപാടെ മുത്തശ്ശിയോട് ‘കൊമ്പു കോര്‍ത്തു’.എന്റെ ഭാഗം തരണമെന്ന് അമ്മാമ. തരില്ലെന്ന് മുത്തശ്ശി. എന്റെ അച്ഛന്റെ സ്വത്താണെന്ന് അമ്മാമ. നിന്റച്ഛന്‍ എനിക്ക് ദാനത്തീരു തന്നതാണ്, തോന്നിവാസിയായി നടക്കുന്നോര്‍ക്ക് ചില്ലിക്കാശു തരില്ലെന്ന് മുത്തശ്ശി.
അമ്മാമക്ക് ദേഷ്യം വന്നു. മുത്തശ്ശിയുടെ ചെല്ലമെടുത്ത് തൊടിയിലേക്കു വലിച്ചെറിഞ്ഞു. ചുവരില്‍ തൂക്കിയിരുന്ന മുത്തശ്ശന്റെ ചില്ലിട്ട പടം നിലത്തിട്ടു പൊട്ടിച്ചു.”ആരേയും പേടിക്കാനില്ലാച്ചാല്‍ പടിഞ്ഞാറ്റും പെരേടെ തൂണിനെയെങ്കിലും പേടിക്കണം”.’ മുത്തശ്ശി ഇരുന്നേടത്തിരുന്ന് അമ്മാമയോടു കയര്‍ത്തു. അമ്മാമ ചവിട്ടിക്കുതിച്ച് പടിയിറങ്ങിപ്പോയി.അപ്പോഴും മുത്തശ്ശി ഒരു ചൊല്ലു പറഞ്ഞു:
‘കുരുത്തം കെട്ടാലും കുമ്പളങ്ങ കെട്ടാലും ഒന്നിനും കൊള്ളില്ല. ദൂരെക്കളയാനേ പറ്റൂ’
ഞാന്‍ തൊടിയില്‍പോയി ചെല്ലം എടുത്തു കൊണ്ടുവന്നു. ഭാഗ്യത്തിന് ചെമ്പരത്തിച്ചെടിയുടെ മുകളിലാണ് ചെല്ലം ചെന്നു വീണത്. ചെല്ലത്തിന്റെ അടപ്പു തുറന്നിട്ടുണ്ടായിരുന്നില്ല. അസ്സലായിട്ടൊന്നു മുറുക്കിയപ്പോഴാണ് മുത്തശ്ശിയുടെ അരിശം തീര്‍ന്നത്.
അന്ന് അത്താഴക്കഞ്ഞി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ മുത്തശ്ശി അമ്മയോടു പറയുന്നതു കേട്ടു:
‘കാലുകഴുകി ഉണ്ണുന്ന ആണുണ്ടെങ്കിലേ കലം മോറിവെക്കുന്ന പെണ്ണുണ്ടാവു’. ഓരോരുത്തര്‍ക്കും ഓരോ സ്ഥാനണ്ട്. ആ സ്ഥാനത്തിരുന്നാലേ മറ്റുള്ളോര് മാനിക്കൂ. അതാ അപ്പൂ പണ്ടുള്ളോര് പറയണത്:
‘നര്യമ്മാനിരിക്കുന്നിടത്ത് നര്യമ്മാനിരിക്കണം.
കുറുക്കമ്മാനിരിക്കുന്നിടത്ത് കുറുക്കമ്മാനിരിക്കണം’.’
അവസാനം ഇങ്ങനേയും പറഞ്ഞൂ
മുത്തശ്ശി:
‘പുകഞ്ഞ കൊള്ളി പുറത്ത്’
ഞാന്‍ കണ്ടിട്ടുണ്ട്, അടുപ്പു കത്തിക്കുമ്പോള്‍ ചില കൊള്ളികള്‍ കത്തിപ്പിടിക്കില്ല. പുകഞ്ഞുകൊണ്ടു കിടക്കും. അടുക്കളമുഴുവന്‍ പുകകൊണ്ടു നിറയും. അടുക്കളയില്‍ പെരുമാറുന്നവരുടെ കണ്ണിലും മൂക്കിലും കേറും. പുകയുന്ന കൊള്ളി അടുപ്പില്‍ നിന്നെടുത്തു മാറ്റും. വടക്കേ മുറ്റത്തേക്കിട്ട് വെള്ളം തളിച്ചു കെടുത്തും.
Comments