‘അപാരസുന്ദര നീലാകാശം
അനന്തതേ…നിന്‍ മഹാസമുദ്രം.” എം.ടി. വാസുദേവന്‍നായര്‍ തിരക്കഥയെഴുതി പി. ഭാസ്‌കരന്‍ തന്നെ സംവിധാനം ചെയ്ത വിത്തുകള്‍ എന്ന ചിത്രത്തിലെ ഗാനം. പുകഴേന്തി എന്ന പേരില്‍ തെന്നിന്ത്യന്‍ സിനിമാവേദിയില്‍ പ്രശസ്തനായ തിരുവനന്തപുരത്തുകാരന്‍ വേലപ്പന്‍നായരുടെ സംഗീതസംവിധാനം. ഗാനഗന്ധര്‍വ്വന്റെ ആലാപനം. ആകാശത്തെ അനന്തതയുടെ സാഗരമെന്നു വിശേഷിപ്പിച്ചശേഷം പി. ഭാസ്‌കരനിലെ കവി ഭാവനയുടെ ഉത്തുംഗപഥത്തിലേറുന്ന വരികള്‍. അനാദികാലം മുതല്‍ ഏകാന്തതയുടെ മൗനഗാനം പോലെ ഏതോ കാമുകിയെ കാത്തിരിക്കുകയാണ് ആകാശം എന്ന അജ്ഞാത കാമുകന്‍. പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പിന്റെ ആന്തരിക സൗന്ദര്യം വര്‍ണ്ണിക്കുന്നു. പനിനീര്‍ തൂവുന്ന ലാവണ്യത്തോടെ എഴുപതുകളില്‍ മലയാള ചലച്ചിത്രഗാനലോകത്ത് പദമൂന്നിയ സംഗീതസംവിധായകനാണ് പുകഴേന്തി. സംഗീതത്തെ ഭാവഗീതങ്ങളുടെ തലത്തിലേയ്ക്കുയര്‍ത്തിയ അപാരമായ സര്‍ഗ്ഗവൈഭവം പകര്‍ന്നു തന്ന പ്രതിഭ.
തിരുവനന്തപുരം തമ്പാനൂരിലെ കേശവവിലാസം പുത്തന്‍വീട്ടില്‍ കേശവപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1927 സെപ്തംബര്‍ 27ന് ജനിച്ച പുകഴേന്തിയുടെ യഥാര്‍ത്ഥ പേര് ടി.കെ വേലപ്പന്‍നായര്‍ എന്നായിരുന്നു. ചാല പി.എ സ്‌കൂളില്‍ പഠിച്ച അദ്ദേഹത്തിന്റെ സംഗീത സങ്കല്‍പങ്ങള്‍ക്ക് നിറം പകര്‍ന്നത് നാടകപ്രസ്ഥാനങ്ങളായിരുന്നു. ശക്തി നാടക ട്രൂപ്പിന്റെ തോഴന്‍ എന്ന നാടകത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുവാന്‍ അവസരം ലഭിച്ചു. സംഗീതസംവിധാന രംഗത്തേയ്ക്കുള്ള ആദ്യകാല്‍വെയ്പായിരുന്നു അത്. അന്‍പതുകളില്‍ ദക്ഷിണേന്ത്യന്‍ പര്യടനത്തിനിറങ്ങിയ ബോംബെ ഷോ എന്ന കാര്‍ണിവല്‍ സംഘം അവതരിപ്പിച്ച നാടകത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കാനുള്ള ചുമതലയും പുകഴേന്തിയില്‍ അര്‍പ്പിതമായി. എല്ലാത്തിനും പിന്നില്‍ പിന്തുണച്ചുകൊണ്ടിരുന്ന ഗുരു എം.പി ശിവം ആയിരുന്നു. ഗുരു തന്നെയാണ് തന്റെ പേര് പുകഴേന്തി എന്നാക്കിയതും. പുകഴേന്തി എന്ന പേരുമാറ്റം അദ്ദേഹത്തിന് പ്രശസ്തിയിലേയ്ക്കുള്ള ഒരു കാല്‍വെയ്പായിരുന്നു.
തെന്നിന്ത്യയിലെ പ്രശസ്ത ഗായിക കെ.ബി സുന്ദരാംബാള്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ ഒരു പാട്ട് പാടിക്കേള്‍പ്പിക്കാന്‍ പുകഴേന്തിക്ക് അവസരം ലഭിച്ചു. പുകഴേന്തിയുടെ സ്വരപ്രവാഹം കേട്ട സുന്ദരാംബാള്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയുണ്ടായി. ഒരു ഗായകനാകാനുള്ള പുകഴേന്തിയുടെ ആഗ്രഹത്തിന് കിട്ടിയ പിന്തുണയായിരുന്നു സുന്ദരാംബാളിന്റെ പ്രശംസ. മനസ് നിറയെ സംഗീതവുമായി, സിനിമയെകുറിച്ച് മാത്രം ചിന്തിച്ചു നടന്ന നാളുകളായിരുന്നു. ഒരു തമിഴ് ചിത്രത്തിലൂടെയാണ് പുകഴേന്തി ചലച്ചിത്രരംഗത്തെത്തുന്നത്. ‘മദനമോഹിനി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് പ്രശസ്ത സംഗീതസംവിധായകന്‍ കെ.വി. മഹാദേവനെ ശിവം, പുകഴേന്തിക്ക് പരിചയപ്പെടുത്തുന്നത്. അത് ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ഒരു കൂട്ടുകെട്ട് സൃഷ്ടിച്ചു. അതിലൊന്നായിരുന്നു ഇന്ത്യന്‍ ചലച്ചിത്ര ഇതിഹാസമായി മാറിയ ശങ്കരാഭരണത്തിലെ ഗാനങ്ങള്‍. ചലച്ചിത്ര രംഗത്ത് പുതിയൊരു തരംഗമാണ് ശങ്കരാഭരണത്തിലെ ഗാനങ്ങള്‍ സൃഷ്ടിച്ചത്. അന്നുമുതല്‍ മഹാദേവന്‍ മരിക്കുന്നതുവരെ പുകഴേന്തി അദ്ദേഹത്തിന്റെ വിശ്വസ്ത അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. ഈ ബന്ധം മുപ്പത് വര്‍ഷത്തോളം തുടര്‍ന്നു.
മലയാള മണ്ണില്‍നിന്നും അദ്ദേഹം മാറിനിന്നിട്ടും മലയാളികളുടെ മധുരപ്രതീക്ഷകള്‍ക്കൊത്ത ഗാനങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു. മലയാളികളുടെ മധുരപ്രതീക്ഷകളുടെ പൂങ്കാവനത്തില്‍ മധുരഗാനങ്ങള്‍ നിറച്ചാണ് പുകഴേന്തി മരണത്തിന്റെ കരങ്ങളില്‍ നിത്യശാന്തിപൂണ്ടത്. ചുരുക്കം മലയാള ചിത്രങ്ങള്‍ക്കാണ് അദ്ദേഹം സംഗീതം ചിട്ടപ്പെടുത്തിയിട്ടുള്ളത്. അതിലെ ഗാനങ്ങള്‍കൊണ്ട് തന്നെ അദ്ദേഹം മലയാള ചലച്ചിത്രഗാനശാഖയെ സമ്പന്നമാക്കി. പഴയതലമുറയും പുതിയതലമുറയും ഒരുപോലെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഇഷ്ടപ്പെട്ടു. മിതമായ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചാണ് അദ്ദേഹം ഈണങ്ങള്‍ സൃഷ്ടിച്ചിരുന്നത്. പുകഴേന്തിയുടെ മിതത്വം പാലിക്കുന്ന ഈ സമ്പ്രദായം ഹിന്ദി ചലച്ചിത്രസംഗീത സാമ്രാട്ട് നൗഷാദിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 150 പീസ് ഓര്‍ക്കസ്‌ട്രേഷന്‍ ഉപയോഗിച്ച് സംഗീതം നിര്‍വ്വഹിക്കുന്ന ഹിന്ദി ചലച്ചിത്രലോകത്ത് നിന്നാണല്ലോ നൗഷാദിന്റെ വരവ്. ഇത്രയും ചുരുക്കം ഉപകരണങ്ങള്‍ കൊണ്ട് ഭാവാത്മകമായ ഗാനങ്ങള്‍ എങ്ങനെ ഇവിടെ ചിട്ടപ്പെടുത്തുന്നു എന്നാണ് നൗഷാദ് ചോദിച്ചത്. പുകഴേന്തിക്ക് കിട്ടിയ ഏറ്റവും വലിയ ഒരംഗീകാരമായിരുന്നു അത്.
പുകഴേന്തി മലയാളി ശ്രോതാക്കളുടെ, ഹൃദയം കവര്‍ന്നത് ‘മുതലാളിയിലൂടെയാണ്. പെണ്ണരശ് എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായ മുതലാളിയിലെ ‘പനിനീരുതൂവുന്ന പൂനിലാവ്’. ‘മുല്ലപ്പൂ തൈലമിട്ട്’ തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഗാനങ്ങള്‍ രചിച്ച പി.ഭാസ്‌കരന്റെ നിര്‍ലോഭമായ സഹകരണം കൂടിയായപ്പോള്‍ പുകഴേന്തിക്ക് കൂടുതല്‍ അവസരങ്ങള്‍ മലയാളത്തില്‍ ലഭിച്ചു തുടങ്ങി. 1967ല്‍ പുറത്തിറങ്ങിയ ഭാഗ്യമുദ്രയിലെ ഗാനങ്ങള്‍ പുകഴേന്തിക്ക് ഒരു ഭാഗ്യമുദ്രയായിത്തീര്‍ന്നു. ‘മധുരപ്രതീക്ഷതന്‍ പൂങ്കാവില്‍ വെച്ചൊരു…’ ‘പേരാറും പെരിയാറും’, ‘മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണ് നീ’… തുടങ്ങിയ ഗാനങ്ങള്‍ കൊണ്ട് പുകഴേന്തി മലയാളത്തില്‍ സ്ഥിര പ്രതിഷ്ഠനേടി. യേശുദാസും എസ്. ജാനകിയും ചേര്‍ന്ന് ആലപിച്ച മധുരപ്രതീക്ഷതന്‍ എന്ന ഗാനം മലയാളത്തില്‍ കേട്ട ഏറ്റവും മികച്ച യുഗ്മ ഗാനങ്ങളിലൊന്നാണ്.
1971ല്‍ റിലീസ് ചെയ്ത വിത്തുകളിലെ ഗോപുരമുകളില്‍ വസന്തചന്ദ്രന്‍, അപാരസുന്ദര നീലാകാശം, മരണദേവനൊരു വരം കൊടുത്താല്‍തുടങ്ങിയ ഗാനങ്ങള്‍ ചെയ്യുമ്പോഴും പുകഴേന്തി മലയാളിയുടെ പ്രിയങ്കരനായ സംഗീതസംവിധായകനായിമാറുകയായിരുന്നു. എസ്. ജാനകിയുടെ വോക്കല്‍ റേഞ്ച് ശരിക്കും പ്രയോജനപ്പെടുത്തിയത് പുകഴേന്തിയാണ്. ചിട്ടപ്പെടുത്തിയതില്‍ ഏറെയും ആലപിച്ചതും ജാനകി തന്നെ. ഏത് ഭാവവും അനായാസമായി ആവിഷ്‌കരിക്കാന്‍ കഴിവുള്ള ജാനകിയുടെ ആലാപന വൈശിഷ്ട്യത്തെപ്പറ്റി പല അഭിമുഖങ്ങളിലും പുകഴേന്തി പരാമര്‍ശിക്കുക പതിവായിരുന്നു. കൊച്ചനിയത്തിയിലെ, ശ്രീകുമാരന്‍ തമ്പി രചിച്ച ”സുന്ദരരാവിന്‍ ചന്ദനമുകിലില്‍ മന്ത്രങ്ങളെഴുതും ചന്ദ്രികേ” എന്ന ഗാനത്തിലെ അനുരാഗത്തില്‍ ആദ്യനൊമ്പരങ്ങള്‍ ഭാവാത്മകമായി, അതും അനായാസമായി ജാനകി പ്രതിഫലിപ്പിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പുകഴേന്തി ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ”സ്‌നേഹദീപമേ… മിഴി തുറക്കൂ” എന്ന സിനിമയിലെ ‘ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴിതുറക്കൂ’ എന്ന ഗാനം മലയാളത്തിലെ ഏറ്റവും നല്ല പ്രാര്‍ത്ഥനാ ഗാനം കൂടിയാണ്.
എഴുതുന്നവരും ചിട്ടപ്പെടുത്തുന്നവരും ഒരു പോലെ മഹാരഥന്മാരാകുമ്പോഴാണ് ഗാനത്തിന് അനശ്വരത കൈവരുന്നത്. അങ്ങനെയുള്ള കാലഘട്ടങ്ങള്‍ മലയാളത്തിനും സൗഭാഗ്യം പോലെ ലഭിച്ചു. പ്രമുഖരായ കവികളുടെ മികച്ച രചനകളാണ് ഗാനങ്ങളായി പരിണമിച്ചത്. പ്രഗത്ഭരായ സംഗീതജ്ഞരാണ് അവയെ ധന്യമാക്കിയത്. പ്രതിഭാസ്പര്‍ശം ഓരോ ഗാനത്തിനും സ്വന്തമായ കൈയ്യൊപ്പുകള്‍ നല്‍കി.
സംഗീതരംഗത്ത് പുതിയ അംഗങ്ങള്‍ ഉദയംചെയ്തപ്പോള്‍ പുകഴേന്തി പതുക്കെ പിന്‍മാറി അകന്നു നില്‍ക്കുകയായിരുന്നു. എന്നിരുന്നാലും പുതിയ സമ്പ്രദായങ്ങള ഒന്നും തന്നെ എതിര്‍ത്തിരുന്നില്ല. മറിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സിനിമയില്‍ നിന്നു വിട്ടതിനുശേഷം കാസറ്റുകള്‍ക്കും പുരാണകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച തെലുങ്ക് ടെലി സീരിയലുകള്‍ക്കും സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്.
ആറ്റുകാല്‍ ദേവിഭക്തനായ പുകഴേന്തി എല്ലാവര്‍ഷവും ആറ്റുകാല്‍ പൊങ്കാല ഉത്സവത്തില്‍ പങ്കെടുക്കാന്‍ വരാറുണ്ടായിരുന്നു. 2006ലെ അത്തരം ഒരു സന്ദര്‍ശനത്തിലാണ് ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം അദ്ദേഹത്തിന്റെ ജീവനെടുത്തത്. പുകഴേന്തിയുടെ ഈണങ്ങള്‍ ഇന്നും ഗോപുരമുകളില്‍ തന്നെ. അദ്ദേഹം വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ നറുനിലാവ് പോലെ, തൂവല്‍സ്പര്‍ശം പോലെ ആസ്വാദകരെ തഴുകിത്തലോടും. !!