വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി ഔദ്യോഗിക സഖ്യത്തിന് സിപിഎം തയ്യാറായിരിക്കുകയാണ്. ഒരു കാലത്ത് വര്‍ഗ്ഗശത്രുവായി പ്രഖ്യാപിച്ച കോണ്‍ഗ്രസ്സുമായി സംഖ്യമുണ്ടാക്കേണ്ടിവരുന്നത് സിപിഎം ഇന്ന് എത്തി നില്‍ക്കുന്ന ദയനീയ അവസ്ഥയുടെ പ്രത്യക്ഷോദാഹരണമാണ്.
1925 കാലഘട്ടത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ രൂപംകൊള്ളുന്നത്. ഒരു തൊഴിലാളിവര്‍ഗ്ഗപാര്‍ട്ടി എന്ന നിലയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വേരോട്ടമുണ്ടാക്കാന്‍ ആ പാര്‍ട്ടിക്ക് സാധിച്ചിരുന്നു. ഒരു അഖിലേന്ത്യാ പാര്‍ട്ടി എന്ന നിലയില്‍ ഒരു പ്രതിച്ഛായ ഉണ്ടാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ പലപ്പോഴും ഇന്ത്യാവിരുദ്ധനിലപാടുമായിട്ടാണ് ആ പ്രസ്ഥാനം മുന്നോട്ടുപോയത്. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തതും, നേതാജി സുഭാഷ് ചന്ദ്രബോസിനെ ജപ്പാന്‍കാരുടെ കാല്‍ നക്കി എന്നുവിളിച്ചതും, ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ആപത്ത് 15 ആയി ആചരിച്ചതും ഈ നിലപാടിന്റെ ഉദാഹരണങ്ങളായിരുന്നു. 75 വര്‍ഷം കാത്തിരിക്കേണ്ടിവന്നു സ്വാതന്ത്ര്യദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ പോലും ദേശീയപതാക ഉയരാന്‍.
സ്വാതന്ത്ര്യത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ രാജ്യത്തിന്റെ പലഭാഗത്തും വിജയം നേടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. തൊഴിലാളി സംഘടനാ രംഗത്തും മുന്നേറ്റം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ഒരു കാലത്ത് ലോകസഭയില്‍ പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. അമ്പതിലധികം എം.പി.മാര്‍ ലോകസഭയില്‍ ഉണ്ടായിരുന്നു. എ.കെ. ഗോപാലന്‍ ലോകസഭയിലെ പ്രതിപക്ഷനേതാവായിരുന്നു. ആ കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യമെമ്പാടും വിളിച്ച ഒരു മുദ്രാവാക്യമുണ്ടായിരുന്നു. നെഹ്‌റുവിന് ശേഷം നമ്പൂതിരിപ്പാട് (അളലേൃ ചലവൃൗ ചമാ യീീറശൃശുമറ) രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും എന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന രീതിയില്‍ ആത്മവിശ്വാസം അവര്‍ക്കുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലും ബീഹാറിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും ബംഗാളിലും ത്രിപുരയിലും കേരളത്തിലും എം.പിമാരെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്ന പ്രതാപകാലമുണ്ടായിരുന്നു കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക്. രാജ്യത്തിന്റെ പത്തിലധികം സംസ്ഥാനങ്ങളില്‍ എം.എല്‍.എമാരെ സൃഷ്ടിക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. കോണ്‍ഗ്രസിന് ബദലായി രാജ്യത്ത് ഉയര്‍ന്നുവരുന്ന ശക്തിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. അന്ന് കോണ്‍ഗ്രസ് ആയിരുന്നു അവരുടെ മുഖ്യശത്രു.
തുടര്‍ന്ന് എഴുപതുകളിലും എണ്‍പതുകളിലും ലോകസഭയിലെ സി.പി.എമ്മിന്റെ സീറ്റുകള്‍ ഏറിയും കുറഞ്ഞും വന്നുകൊണ്ടിരുന്നു. രാജ്യസഭയിലും നിര്‍ണ്ണായക ശക്തിയായി വളരാന്‍ സി.പി.എമ്മിന് കഴിഞ്ഞിരുന്നു. ബംഗാളില്‍ ഭരണം പിടിച്ച് മൂന്ന് പതിറ്റാണ്ടിലധികം തുടര്‍ച്ചയായി ഭരണത്തില്‍ തുടരാനും സി.പി.എമ്മിന് കഴിഞ്ഞു. ഒരു ഘട്ടത്തില്‍ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബാസുവിനെ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വരെ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിനിടയില്‍ വി.പി.സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. രാജ്യത്തെ നിര്‍ണ്ണായക സ്വാധീനമുള്ള പാര്‍ട്ടിയായി തന്നെ സി.പി.എം നിലകൊണ്ടു. ത്രിപുരയില്‍ കാല്‍നൂറ്റാണ്ടിലേറെ കാലം സി.പി.എം അടക്കിവാണു. കേരളത്തിലും മാറിമാറി അഞ്ചുവര്‍ഷക്കാലം ഭരണത്തിലേറുകയും ഇപ്പോള്‍ തുടര്‍ഭരണത്തിലിരിക്കുകയും ചെയ്യുന്നു. അപ്പോഴെല്ലാം സിപിഎമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസ് തന്നെയായിരുന്നു.
1990കള്‍ക്ക് ശേഷം ബിജെപി രാജ്യത്ത് നിര്‍ണ്ണായക സ്വാധീനം നേടുകയും, 1996ല്‍ ആദ്യമായി അധികാരത്തില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് ഒരുതവണ 18 മാസവും 1998 മുതല്‍ 2003 വരെ അഞ്ചു വര്‍ഷവും രാജ്യത്ത് ഭരണം നടത്തുകയും ചെയ്തു. 2004ല്‍ നടന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായപ്പോള്‍ യുപിഎ എന്ന പേരില്‍ മുന്നണിയുണ്ടാക്കി സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി. അതോടെ കോണ്‍ഗ്രസ് വിരോധം അവസാനിക്കുകയും മുഖ്യശത്രുവായി ബിജെപിയെ പ്രഖ്യാപിക്കുകയും ചെയ്തു. അഞ്ചുവര്‍ഷക്കാലം സിപിഎം പിന്തുണയോടെ മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായി യുപിഎ മുന്നണി രാജ്യം ഭരിച്ചു. 2009ല്‍ തിരഞ്ഞെടുപ്പില്‍ യുപിഎക്കുള്ള പിന്തുണ പിന്‍വലിക്കുകയും വീണ്ടും യുപിഎ മുന്നണിതന്നെ അധികാരത്തില്‍ വരുകയും ചെയ്തു. കോണ്‍ഗ്രസ് വിരോധത്തില്‍ രാജ്യത്താകമാനം നിലകൊണ്ട സിപിഎം നിലപാട് മാറ്റുകയായിരുന്നു പിന്നീട്.
ഇതിനിടയില്‍ ബംഗാളില്‍ മമതാബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തി പ്രാപിക്കുകയും സി.പി.എമ്മിന്റെ മുഖ്യശത്രു എന്ന നിലയിലേക്ക് വളരുകയും ചെയ്തു. നന്ദിഗ്രാം പോലുള്ള സ്ഥലങ്ങളിലെ കര്‍ഷക സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട്, സി.പി.എം സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് വളര്‍ന്നു. ബംഗാളില്‍ കോണ്‍ഗ്രസ് പിളര്‍ന്നു. നന്ദിഗ്രാം ബംഗാളില്‍ സി.പി.എമ്മിന്റെ വാട്ടര്‍ലൂ ആയി മാറുകയും ജനങ്ങള്‍ സി.പി.എം സര്‍ക്കാരിന്റെ മൂന്നുപതിറ്റാണ്ടുകാലമായുള്ള ഭരണത്തെ തൂത്തെറിയുകയും, മമതാബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ചെയ്തു. ബംഗാളില്‍ സി.പി.എമ്മിന്റെ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞിരുന്നു. പിന്നീട് നടന്ന നിയമസഭാതിരഞ്ഞെടുപ്പിലും, ലോകസഭാ തിരഞ്ഞെടുപ്പിലും സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി നിലംപരിശായി. അതോടുകൂടി ബിജെപിക്ക് ബംഗാളില്‍ നിര്‍ണ്ണായകമായ സ്വാധീനമുണ്ടായി. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 18 എംപിമാര്‍ ബിജെപിക്ക് ബംഗാളില്‍ നിന്നുമാത്രം ഉണ്ടായി. നിയമസഭാതിരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടി മുഖ്യപ്രതിപക്ഷ കക്ഷിയായി ബിജെപി മാറി. 2019ലെ ലോകസഭാതിരഞ്ഞെടുപ്പില്‍ ഒരു എം.പിയെപോലും വിജയിപ്പിക്കാന്‍ സി.പി.എമ്മിനോ ഇടതുമുന്നണിക്കോ കഴിഞ്ഞില്ല.
മൂന്നുപതിറ്റാണ്ടു കാലം ഭരണത്തില്‍ തുടര്‍ന്ന സിപിഎമ്മിന്റെ ഉരുക്കുകോട്ടയായിരുന്ന ബംഗാളില്‍ പിടിച്ചുനില്‍ക്കാന്‍, തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയേയും നേരിടാന്‍ ഒരു കാലത്ത് തങ്ങളുടെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരുന്ന ബുര്‍ഷ്വാ പാര്‍ട്ടിയെന്ന് സിപിഎം വിളിച്ചിരുന്ന കോണ്‍ഗ്രസ്സുമായി അവര്‍ക്ക് സഖ്യത്തിലേര്‍പ്പെടേണ്ടിവന്നു. കഴിഞ്ഞ ബംഗാള്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിലായിട്ടുപോലും രണ്ടു പാര്‍ട്ടികള്‍ക്കും ഒരു എം.എല്‍.എയെപ്പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. 2019ലെ ലോകസഭാതിരഞ്ഞെടുപ്പിലും സിപിഎം കോട്ടയായിരുന്ന ബംഗാളില്‍ നിന്നും ഒരു സിപിഎം എം.പിയെപ്പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല.
ഇതേ അവസ്ഥ തന്നെയായിരുന്നു ത്രിപുരയിലും. 2018ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ നിലവില്‍ അധികാരത്തിലുണ്ടായിരുന്ന സി.പി.എം നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിനെ തൂത്തെറിഞ്ഞ് ബിജെപി അധികാരത്തിലേറി. ബിപ്ലവ്കുമാര്‍ ദേവിന്റെ നേതൃത്വത്തില്‍ ത്രിപുരയില്‍ ചരിത്രത്തിലാദ്യമായി സിപിഎമ്മിന്റെ മൂന്ന് പതിറ്റാണ്ടിന്റെ ഭരണം അവസാനിപ്പിച്ച് ബിജെപി മന്ത്രിസഭയുണ്ടാക്കി. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിന് ത്രിപുരയില്‍ നിന്നും ലോകസഭയിലേക്ക് ഒരംഗത്തെ പോലും സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ 2023ല്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രിപുരയിലും ബംഗാളിലെ പോലെ കോണ്‍ഗ്രസുമായി സഖ്യം പ്രഖ്യാപിച്ചിരിക്കയാണ്. കേരളമൊഴികെ രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും, സിപി.എം ഉള്ള സ്ഥലങ്ങളിലെല്ലാം കോണ്‍ഗ്രസ്സുമായി സഖ്യം പ്രഖ്യാപിച്ചിരിക്കയാണ്. 1950കളില്‍ നിന്നും 2023ല്‍ എത്തിനില്‍ക്കുമ്പോള്‍ സി.പി.എമ്മിന്റെ രൂപാന്തര പ്രാപ്തി പ്രകടമാണ്. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയാല്‍ പോലും രാജ്യത്തെവിടെയും ജയിക്കാന്‍ കഴിയാത്ത രീതിയില്‍ സിപിഎം ദുര്‍ബലമായിരിക്കുന്നു.
2019ലെ ലോകസഭാതിരഞ്ഞെടുപ്പിലും കേരളമൊഴികെ സിപിഎം ഉള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നു. എന്നിട്ടുപോലും മെലിഞ്ഞൊട്ടി ഒന്നുറക്കെ കരയാന്‍ പോലും കഴിയാത്ത രീതിയില്‍ സിപിഎം തകര്‍ന്നിരിക്കുന്നു. ഇപ്പോള്‍ സിപിഎമ്മിന് ലോകസഭയില്‍ പേരിന് മൂന്ന് എം.പിമാര്‍ ഉണ്ട്. അതില്‍ ഒരാള്‍ മാത്രമാണ് സിപിഎമ്മിന്റെ എം.പി എന്നു പറയാന്‍ കഴിയുന്നത്. ആലപ്പുഴയില്‍ നിന്നുള്ള ആരിഫ് മാത്രം. ആരിഫ് അന്ന് ജയിച്ചത് ചെറിയ വോട്ടുകള്‍ക്ക് മാത്രമാണ്. മറ്റ് രണ്ട് എം.പിമാര്‍ തമിഴ് നാട്ടില്‍ ഡിഎംകെയുടെ തണലില്‍ ലഭിച്ചതാണ്. സിപിഐക്ക് ലോകസഭയില്‍ ഒരൊറ്റ എം.പി.യെപ്പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തകര്‍ന്നടിഞ്ഞ സിപിഎമ്മിന് ഇനി ഏക ആശ്രയം കേരളം മാത്രമാണ്. രണ്ടുതവണയും അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ വര്‍ഗ്ഗീയ, തീവ്രവാദികളുടെയും മതഭീകരവാദികളുടെയും തടവറയിലാണ്. അസ്തിത്വം നഷ്ടപ്പെട്ട്, ആശയദാരിദ്ര്യം കൊണ്ട് ആടിയുലയുന്ന സിപിഎം ത്രിപുരയില്‍ കോണ്‍ഗ്രസിന്റെ ചുമലിലേറി ജീവന്‍ വക്കാന്‍ കഴിയുമോ എന്ന ശ്രമത്തിലാണ്. രാജ്യത്തിന്റെ എല്ലാഭാഗത്തും കോണ്‍ഗ്രസിന്റെ ചുമലിലേറി, കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ നിലപാടെടുത്ത് എത്രകാലം മുന്നോട്ടുപോകാന്‍ കഴിയുമെന്ന ചോദ്യത്തിനുമുന്നില്‍ സിപി.എം. പകച്ചുനില്‍ക്കുകയാണ്. കാരണം കേരളത്തിലെ ജനങ്ങള്‍ സി.പി.എമ്മിന്റെ ഈ പൊറാട്ടുനാടകം കണ്ട് മടുത്തിരിക്കുകയാണ്. കേരളത്തിലെ സിപിഎമ്മിന്റെ കോണ്‍ഗ്രസ് വിരുദ്ധത കാപട്യമാണെന്ന് തിരിച്ചറിയുന്ന കാലം അധികം ദൂരെയല്ല എന്ന് സിപിഎമ്മിനും കോണ്‍ഗ്രസിനുമറിയാം. മുസ്ലിംലീഗ് വിഴുങ്ങിയ കോണ്‍ഗ്രസും, ജിഹാദികള്‍ വിഴുങ്ങിയ സി.പി.എമ്മും നിലയില്ലാകയത്തില്‍ മുങ്ങുകയാണ്. സ്വന്തമായി അഭിപ്രായം പറയാന്‍ പോലും കഴിയാതെ ഇവര്‍ക്കു മുന്നില്‍ മുട്ടിലിഴയുകയാണ് സിപിഎമ്മും കോണ്‍ഗ്രസും. കേരളത്തില്‍ ഇവര്‍ നടത്തുന്നത് ഒത്തുതീര്‍പ്പ രാഷ്ട്രീയമാണെന്ന് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അവിടെ അവസാനിക്കും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കാപട്യ രാഷ്ട്രീയം.
കഴിഞ്ഞ എട്ടു വര്‍ഷമായി രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി ഗവണ്‍മെന്റ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണ്. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം വളര്‍ന്നുകഴിഞ്ഞു. കാര്‍ഷിക മേഖല സ്വയം പര്യാപ്തമായി. പ്രതിരോധമേഖലയില്‍ ആയുധങ്ങള്‍ കയറ്റി അയക്കുന്ന രാജ്യമായി മാറി. കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധികളെ ധീരമായി നേരിട്ട് ലോകത്തിന് വിസ്മയമായി. രണ്ട് വാക്‌സിനുകള്‍ നിര്‍മ്മിച്ച് ലോകത്തിന് സംഭാവന ചെയ്തു. 18 സംസ്ഥാനങ്ങള്‍ ബിജെപി ഭരിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ സമസ്തമേഖലയിലും ജനകീയമായ പദ്ധതികള്‍ നടപ്പിലാക്കി മോദി സര്‍ക്കാര്‍ മുന്നേറുമ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും പ്രതിപക്ഷവും അവസാനത്തെ അടവുകളും പയറ്റുകയാണ്. ബിജെപിക്കെതിരെ എല്ലാ മുള്ള്, മുരുക്ക്, മൂര്‍ഖന്‍ പാമ്പുകളും, ശത്രുത മറന്ന് ഒരുമിച്ച്, രാജ്യദ്രോഹികളെപോലും കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഈ അവിശുദ്ധ കൂട്ടുകെട്ടിനെ തോല്‍പിച്ച് ബിജെപി വന്‍വിജയം നേടുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിലും എന്‍ഡിഎ തന്നെ വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തും.
Comments