Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കഥ

ഓരോരോ നേരം

വി.ഇ.ശശിധരന്‍

Print Edition: 30 December 2022

വന്നു വന്ന്, മാസികയായാലും പത്രമായാലും പുറകില്‍ നിന്നു മുന്നിലേക്ക് മറിച്ചു തുടങ്ങുക എന്നത് ശീലമായിരിക്കുന്നു. പത്രത്തിന്റെ എട്ടാം പേജില്‍ ആണ് സാധാരണ, ദേശവാര്‍ത്തകള്‍ നിരന്നിരിക്കുക.
തലേദിവസം പ്രാദേശിക ടെലിവിഷന്‍ ചാനലില്‍ ഏതാണ്ട് മുഴുവന്‍ നേരവും, ദേശീയചാനലുകളില്‍ ഇടവിട്ടും ഡോക്ടര്‍ സുമേഷിനെ പറ്റിയുള്ള വാര്‍ത്തകള്‍ പ്രാധാന്യത്തോടെ കൊടുത്തുകൊണ്ടിരുന്നു.
വര്‍ഷങ്ങളുടെ ശീലമായിരിക്കാം, എത്ര പ്രാവശ്യം ടി.വിയില്‍ കണ്ടാലും പിറ്റേന്ന് പത്രത്തില്‍ കൂടി വായിച്ചാലേ, വാര്‍ത്തകളുടെ ആധികാരികതയില്‍ സ്വയം ഒരു തൃപ്തി തോന്നുകയുള്ളൂ.

സുമേഷിനെ പറ്റിയുള്ള അരപേജ് വാര്‍ത്തയ്ക്ക് താഴെയായിട്ടായിരുന്നു ആ വിവാഹപ്പരസ്യം. ഒരു മുഖപരിചയം തോന്നിയതു കൊണ്ട് ഫോട്ടോ എന്റെ കണ്ണുകളെ നിമിഷനേരത്തേക്ക് കുടുക്കിയെടുത്തു. കണ്ണുകളാകട്ടെ വളരെ പെട്ടെന്നു തന്നെ ഫോട്ടോയില്‍ ഉണ്ടായിരുന്ന ആളെ ഓര്‍ത്തെടുക്കുകയും, ‘ഓ ഇന്നാണല്ലോ ആരതിയുടെ വിവാഹം’ എന്ന് ആലോചിക്കുകയും ചെയ്തു. പൊതുവേ, ഇപ്പോള്‍ എവിടെയും പോകാറില്ല, മിക്കവാറും വിവാഹത്തില്‍ പങ്കെടുക്കലുണ്ടാവില്ല എന്ന് മുന്‍കൂര്‍ ജാമ്യം ആരതിയുടെ അച്ഛന്‍ രാഘവന്‍ മാഷില്‍ നിന്നും എടുത്തിരുന്നതു കൊണ്ട് രാവിലെ തന്നെ ആ കാര്യം ഓര്‍ത്തില്ലെന്നെയുള്ളൂ. ഏതായാലും സുമേഷിന്റെ കാര്യം അറിഞ്ഞ സ്ഥിതിക്ക് ഒന്നവിടെ വരെ പോകാമെന്നു തോന്നുന്നു. അന്നതു നടക്കാതെ പോയത് എത്ര നന്നായെന്ന് ഒരു വാക്ക്, സൗകര്യം കിട്ടുകയാണെങ്കില്‍ ആരതിയോടും പറ്റുമെങ്കില്‍ രാഘവന്‍ മാഷോടും പറഞ്ഞു അഭിമാനിക്കണം. അടിക്കുറിപ്പ് വെറുതെ ഒന്നോടിച്ചു നോക്കി. സുമതി ടീച്ചറുടെയും രാഘവന്‍ മാഷുടെയും മകള്‍ ഡോക്ടര്‍ ആരതിയും, പയ്യന്നൂര്‍ കണ്ടങ്കാളിയിലെ ഇന്നാരുടെയും ഇന്നാരുടെയും മകന്‍ ഇന്നാരും തമ്മില്‍ ഇന്നു വിവാഹിതരാകുന്നു. വേദി ശ്രീകൃഷ്ണ ക്ഷേത്രം. മുഹൂര്‍ത്തം പത്തര മണി. ഇപ്പോഴത്തെ കോവിഡ് നിയന്ത്രണ മാനദണ്ഡ പ്രകാരം പ്രത്യേക ചടങ്ങുകളോ, സല്‍ക്കാരങ്ങളോ ഇല്ല, വധൂവരന്മാരെ മനസാ അനുഗ്രഹിക്കുക.

ആരതി വിവാഹപരസ്യത്തില്‍, നേരിട്ടു കാണുന്നതിലും സുന്ദരി ആയിരിക്കുന്നു.
വര്‍ഷങ്ങളായി പരിചയമുള്ള കുടുംബം. രാഘവന്‍ മാഷും ഞാനും ഏതാണ്ട് ഒരേ കാലത്താണ് സ്‌കൂളില്‍ പഠിച്ചിരുന്നത്. പിന്നീട് ഒരേ പ്രവര്‍ത്തന മണ്ഡലം. പങ്കിട്ട വേദികള്‍… ദൃഢമായിത്തീര്‍ന്ന കുടുംബ ബന്ധങ്ങള്‍…
പണ്ടൊന്നും വിവാഹത്തിന് മുമ്പ് ചെക്കനും പെണ്ണും ഇങ്ങനെ ചേര്‍ന്നുനിന്നു പടം എടുക്കാറില്ല. ആരതിയുടെ മുടി ഇടതു വശത്തു കൂടെ എടുത്തു മുമ്പിലേക്കിട്ടിരിക്കുന്നത് പാതിയും ചെക്കന്റെ മേലാണ് കിടക്കുന്നത്. ചെക്കനാവട്ടെ, വളരെ മാന്യന്‍ ആണെന്നു തോന്നിക്കത്തക്ക വിധത്തില്‍ ഒന്നും ശ്രദ്ധിക്കാതെ നേരെ ക്യാമറയിലേക്കു തന്നെ നോക്കിക്കൊണ്ട്…

സാധാരണ, ഇത്തരം പടങ്ങളില്‍ പ്രതിശ്രുത വധു വരന്റെ ഇടതു ഭാഗത്താണല്ലോ നില്‍ക്കാറുള്ളത് എന്ന് വെറുതെ ഓര്‍ത്തു. ഇവിടെ വലതു വശത്താണല്ലോ എന്നും…

വലതു വശത്തു നിന്നും തന്റെ ഇടതു കൈ ആരതി പുറകിലൂടെ അവന്റെ ഇടതു ചുമലില്‍ കൂടി മുന്നിലേക്കിട്ട് അവനെ തന്നോട് ചേര്‍ത്ത് പിടിച്ചിരിക്കുന്നു. അവളുടെ സുന്ദരമായ ഇടതു കൈപ്പത്തി അവന്റെ ചുമലില്‍ കമിഴ്ന്നു, അമര്‍ന്നിരിക്കുന്നു. കൈപ്പത്തി തുടുത്തു ഭംഗിയായിരിക്കുന്നു. നീണ്ട വിരലുകള്‍ എണ്ണിയെടുക്കാവുന്ന വിധത്തില്‍ അഞ്ചും ചേര്‍ത്ത് വെച്ചിരിക്കുന്നു. നഖങ്ങള്‍ അല്പം നീളമിട്ടു വെട്ടി മിനുസപ്പെടുത്തി നിറമുള്ള പോളിഷ് ഇട്ടിരിക്കുന്നു. അങ്ങനെ നില്‍ക്കുമ്പോള്‍ ആരതിയുടെ വലതു കൈയും സ്വാഭാവികമായി പടത്തില്‍ കാണേണ്ടതാണ്. എന്നാല്‍, ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശപ്രകാരമാവണം, ആരതി വലതു കൈ പുറത്തേക്കു കാട്ടുന്നതേ ഇല്ല. അവള്‍ പൊതുവെ അങ്ങനെ തന്നെയാണല്ലോ. വലതു കൈ ഒന്നുകില്‍ പുറകിലോട്ടു മറച്ചു പിടിക്കും, അല്ലെങ്കില്‍ തെരുപ്പിടിക്കുകയാണെന്ന് മറ്റുള്ളവര്‍ക്കു തോന്നത്തക്ക വിധം സാരി കൊണ്ടോ ഷാളു കൊണ്ടോ ചുറ്റിപ്പിടിക്കും.

ഏതാണ്ട് ഒന്നര വര്‍ഷം മുന്നേ, കഴിഞ്ഞ ജനുവരിയിലാണെന്നാണ് ഓര്‍മ്മ. സന്ധ്യയോടടുത്തിരുന്നു. ഓഫീസ് അടയ്ക്കാന്‍ നോക്കുകയായിരുന്നു. തെരുവില്‍ ആളൊഴിഞ്ഞിരുന്നു. ചുറ്റും മങ്ങിയ വെളിച്ചവും നേര്‍ത്ത മഞ്ഞും കൂടിക്കുഴഞ്ഞു കിടന്നു. ഓഫീസിനു തൊട്ടു മുന്നിലെ നിരത്തിലൂടെ പോകുന്നവര്‍ പോലും ഞങ്ങളില്‍ നിന്നും വളരെ അകലെ ആണെന്ന ഒരു പ്രതീതി ജനിച്ചിരുന്നു. ഓഫിസിനു പുറകു വശത്തുള്ള സിനിമാ തിയേറ്ററില്‍ നിന്നും ഇടയ്ക്കിടെ ഉയരുന്ന ആര്‍പ്പുവിളികള്‍ ഞങ്ങളുടെ ഏകാന്തത കൂട്ടുകയാണ് ചെയ്തിരുന്നത്. നഗരത്തില്‍ നിന്ന് അല്പം അകന്നിട്ടായത് കൊണ്ട്, ഇനി സിനിമ കഴിയണം, തെരുവില്‍ ആളനക്കം ഉണ്ടാവാന്‍.

രാഘവന്‍ മാഷ് കൂട്ടിനു നെല്ലിപ്പാറയിലെ ശ്രീനിവാസനെയും കൊണ്ടുവന്നിരുന്നു. ശ്രീനി ഞങ്ങളുടെ പൊതു സുഹൃത്ത് ആണ്. മരമില്ലും കുറച്ചു രാഷ്ട്രീയവും മധ്യസ്ഥവും ഒക്കെയായി ചെറിയ ഒരു നാട്ടുമുഖ്യസ്ഥന്‍. രണ്ടു പേരേയും ഒന്നിച്ചു കണ്ടപ്പോളേ എനിക്ക് സന്ദര്‍ശനത്തിന്റെ പ്രാധാന്യം മനസ്സിലായിരുന്നു. അത്രയും പ്രധാനപ്പെട്ട, ഒറ്റയ്ക്കു പറയുവാന്‍ മടിയുള്ള എന്തോ കാര്യമല്ലായിരുന്നെങ്കില്‍ മാഷ് ശ്രീനിയെ കൊണ്ടുവരില്ലായിരുന്നു. മാഷിനു തന്നെ എന്തും എന്നോട് നേരിട്ടു പറയുവാനുള്ള സ്വാതന്ത്ര്യം എന്നും ഉണ്ടായിരുന്നു.

പറഞ്ഞു തുടങ്ങിയതും മാഷല്ല, ശ്രീനിയാണ്. മാഷിന് ഒറ്റ മോളാണ്. ആരതി. നിങ്ങള്‍ക്കറിയാവുന്ന വീടും പുരയിടവും. പുറമെ, പരിയാരത്ത് രണ്ടു രണ്ടര ഏക്കര്‍ തെങ്ങിന്‍ തോട്ടവുമുണ്ട്. മെഡിക്കല്‍ കോളേജിനടുത്താണ്. അവിടെ കാലേക്കര്‍ കൊടുത്ത് ആരതിയെ മംഗലാപുരത്ത് എം.ഡിക്കു ചേര്‍ത്തിരിക്കുകയാണ്. അപ്പോള്‍, സ്ഥലത്തിന്റെ മതിപ്പ് വില ഏകദേശം മനസ്സിലായല്ലോ. ഏക അവകാശി. എം.ബി.ബി.എസ്സിന് മെറിറ്റില്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു. അതുകൊണ്ട് വലിയ മുടക്ക് ഒന്നും വേണ്ടിവന്നില്ല. ഇതിപ്പോള്‍ ഒന്നിനു മുകളില്‍ കൊടുക്കേണ്ടി വന്നു. സാരമില്ല, എല്ലാം അവള്‍ക്കു തന്നെ ഉള്ളതാണല്ലോ.

ആരതിക്ക് ഒരു താല്‍പര്യം. എന്റെ സഹപ്രവര്‍ത്തകനായ സുധാകരന്റെ മകന്‍ സുമേഷിനെ അവള്‍ക്ക് കോഴിക്കോട് പഠിക്കുമ്പോഴേ അറിയാം. സുന്ദരന്‍, സുശീലന്‍. മെഡിക്കല്‍ കോളേജിലെ കോഫി ഹൗസിന്റെ മുന്നിലെ വലിയ വാകമരത്തണലിലെ സ്ഥിരം സാന്നിദ്ധ്യം, സുഹൃത്തുക്കളും ആരാധകരുമായി ഒരു പട തന്നെയുണ്ടായിരിക്കും കൂടെ.

പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും പത്തില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നാലാം സ്ഥാനം. പ്ലസ് ടുവിന് രാജ്യത്ത് രണ്ടാമത്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ സംസ്ഥാനത്ത് മൂന്നാം റാങ്ക്. കണ്ണൂര്‍ ജില്ലയില്‍ ടോപ്പര്‍. ആരതിയും കൂട്ടുകാരി സപ്നയും ഇടയ്‌ക്കൊക്കെ സുമേഷിന്റെ ആരാധക വൃന്ദത്തില്‍ സാന്നിധ്യം അറിയിക്കാറുണ്ടായിരുന്നു. ഒരേ നാട്ടുകാര്‍ ആയതു കൊണ്ടാവണം, സുമേഷ് അവര്‍ക്ക് നല്ല പരിഗണനയും കൊടുത്തിരുന്നു. വാകമരത്തണലും, കോഫി ഹൗസിലെ തിരക്കൊഴിവാക്കിയെടുക്കപ്പെടുന്ന ഒറ്റപ്പെട്ട മേശകളിലെ കടുംകാപ്പിയും ബ്രഡ്-ഓംലെറ്റും കുടുംബവിശേഷങ്ങളും അവര്‍ പലവട്ടം പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നെ പിന്നെ എന്തോ സപ്ന, ഇത്തരം പങ്കുചേരലുകളില്‍ നിന്നും താല്പര്യക്കുറവു കാണിച്ചു തുടങ്ങി. അവള്‍ക്കു ആ നേരങ്ങളില്‍ തലവേദന വരാനും ക്ഷീണം തോന്നാനും തുടങ്ങിയതായി ആരതിയോടു ഒഴിഞ്ഞുമാറി. പിന്നീട് ചിലപ്പോഴൊക്കെ ആ തലവേദന തന്നിലേക്ക് പകര്‍ന്നു തന്ന് സപ്ന തന്നെ ഒഴിവാക്കി സുമേഷിന്റെ കൂടെ കറങ്ങി നടക്കുന്നതും ആരതിയോട് ആരൊക്കെയോ പറഞ്ഞിരുന്നു. ആരതി അത് അത്ര കാര്യമാക്കിയില്ല. അവള്‍, പക്ഷെ തന്റെ താല്പര്യം ഭാവിയിലേക്കുള്ള ഒരു നിക്ഷേപമായി കരുതി വെക്കുകയായിരുന്നു.
സുധാകരനും താല്പര്യമായിരുന്നു, പറഞ്ഞപ്പോള്‍.

ആരതിക്ക് സുമേഷിനോട് ഒരു കാര്യം മാത്രമേ ഔപചാരികമായി പെണ്ണ് കാണാന്‍ വന്ന ദിവസം പറയാനുണ്ടായിരുന്നുള്ളൂ. മറ്റു കാര്യങ്ങള്‍ മിക്കവാറും അവള്‍ അവനുമായി പലപ്പോഴായി പങ്കു വെച്ചിട്ടുള്ളതാണ്. ഇക്കാര്യം മാത്രം എന്തോ ഇതു വരെ…

സുമേഷിന്റെ കൂടെ വന്നവര്‍ അപ്പോള്‍ ഭക്ഷണമേശയില്‍ ചായയ്ക്കും സൗഹൃദത്തിനും ഇടയിലായിരുന്നു. വലതു കൈയിലെ സാരിച്ചുരുള്‍ പലവട്ടം അഴിച്ചും ചുരുട്ടിയും ഏറെ ആലോചിച്ചതിനു ശേഷം ആരതി അതും പറഞ്ഞ് സാരിച്ചുരുളില്‍ നിന്നും വലതുകൈ പുറത്തെടുത്ത് സുമേഷിന്റെ കൈയിലേക്ക് ചേര്‍ത്തു. അവള്‍ പറഞ്ഞതു കേള്‍ക്കെ, സുമേഷ് അറിയാതെ അവളുടെ വലതുകൈയിലേക്ക് നോക്കുകയും തന്റെ കൈ അവളില്‍ നിന്നും സാവധാനം പിന്‍വലിക്കുകയും ചെയ്തു.

അപ്പോള്‍ അവള്‍ക്ക് അവനോടു പറയാനുള്ളതെല്ലാം പറഞ്ഞു തീര്‍ന്നു പോയതു പോലെ തോന്നി. അക്ഷരങ്ങള്‍ വറ്റിപ്പോകുകയും വാക്കുകള്‍ കരിഞ്ഞുണങ്ങിപ്പോകുകയും ചെയ്തു. അവള്‍ കുനിഞ്ഞ മുഖവുമായി അവന്റെ മുന്നില്‍ വെറുതെ നിലത്തേക്ക് കണ്ണു നട്ടു.

ആരതിക്ക് അന്ന് ഒന്നോ ഒന്നരയോ വയസ്സേ ഉണ്ടായിരുന്നുള്ളൂ. ആ ദിവസം എന്താണ് നടന്നത് എന്നതിനെപ്പറ്റി അവള്‍ക്കു വ്യക്തമായ യാതൊരു ഓര്‍മയും ഇപ്പോളില്ല. അമ്മയോട് ഒരിക്കലും അതിനെപ്പറ്റി വിശദമായി ചോദിക്കാറുമില്ല. പലരും പലപ്പോഴായി പറഞ്ഞു കേട്ട സൂചനകള്‍ മാത്രമേ അവള്‍ക്കുള്ളൂ. ഒരിക്കല്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ്, ചെറുപ്പത്തിന്റെ തിളപ്പില്‍ അറിയാതെ അമ്മയോടു ചോദിച്ചു പോയതിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും പൂര്‍ണ്ണമായി മറക്കാറായിട്ടില്ല. സ്‌കൂളിലെ ചങ്ങാതിമാരുടെ ആകാംക്ഷയായിരുന്നു അവളെ അതിനു ധൈര്യപ്പെടുത്തിയത്. ഒരാഴ്ചയോളമെടുത്തു അമ്മ വീണ്ടും സാധാരണ നിലയില്‍ ആവാന്‍. അച്ഛനാവട്ടെ, അന്നത്തെ ദിവസത്തിനു ശേഷമാണുപോലും, അവളുടെ ഓര്‍മയില്‍ ഒരു ദിവസം പോലും വൈകുന്നേരങ്ങളില്‍ കുറച്ചെങ്കിലും കഴിക്കാതെ വീട്ടില്‍ വന്നിട്ടുമില്ല. ഈ ഒരു പശ്ചാത്തലത്തില്‍, ആരും അച്ഛനെ വിലക്കാനോ നിരുത്‌സാഹപ്പെടുത്താനോ മിനക്കെടാറുമില്ല.

അന്ന് അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നില്ല, ജോലിക്കു പോയിരിക്കുകയായിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അവളും അമ്മാമ്മയും മാത്രമേ അന്നേരം വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞുമോളുടെ കരച്ചില്‍ കേട്ട് ഓടി വന്നു നോക്കിയതേ അമ്മാമ്മക്കും ഓര്‍മയുള്ളൂ. വാവയുടെ വലതു കൈയില്‍ നിന്നും ചോര വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. അവള്‍ കൈ പൊക്കിപ്പിടിച്ച് പേടിച്ചു നിലവിളിക്കുകയായിരുന്നു. അമ്മാമ്മ ആ കിടപ്പില്‍ രണ്ടാഴ്ചയോളം കിടന്നു. ആരെങ്കിലും ഉണര്‍ത്താന്‍ ശ്രമിക്കുമ്പോഴൊക്കെ അവര്‍ എല്ലാ പാപഭാരവും സ്വയം ഏറ്റെടുത്തു ഉറക്കെ ഉറക്കെ കരഞ്ഞു. ഉച്ച മയക്കത്തിനിടെ കുഞ്ഞ് എഴുന്നേററ് പുറത്തേക്കു പോയത് അറിയാതിരുന്നത് തന്റെ അശ്രദ്ധ കൊണ്ടാണെന്ന് അവര്‍ വിശ്വസിച്ചു. ഓപ്പറേഷന്‍ കഴിഞ്ഞു മുറിവ് ഏതാണ്ട് ഉണങ്ങി വരുന്ന ഒരു ദിവസം അമ്മാമ്മ വാവയെ അടുത്തുവിളിച്ചു. അവളുടെ വലതു കൈ തന്റെ നെഞ്ചിലടുക്കിപ്പിടിച്ചു ഏറെ നേരം പതം പറഞ്ഞു കരഞ്ഞു. അനുഗ്രഹിക്കാനായി അവളുടെ തലയിലേക്കു ഉയര്‍ന്ന അവരുടെ കൈകള്‍ ലക്ഷ്യം കാണാനാവാതെ കിടക്കയിലേക്ക് കുഴഞ്ഞു വീണു. അപ്പോള്‍ അവള്‍ക്കു ആദ്യമായി വലതു കൈയിലെ മുറിഞ്ഞു പോയ വിരലിന്റെ സ്ഥാനത്ത് അസ്വാസ്ഥ്യം തോന്നുകയും വല്ലാതെ വേദനിക്കുകയും ചെയ്തു.

സുമേഷ് ഒന്നും മിണ്ടാതെ, ഒരു മറുചിരി പോലും ചിരിക്കാതെ പുറത്തേക്കു പോയപ്പോള്‍ ആരതിക്ക് വല്ലാത്ത ഒരു ഉള്ളാന്തല്‍ തോന്നി. ടീപോയില്‍ നിന്നും ചായക്കോപ്പകളും അപ്പപ്പാത്രങ്ങളും പെറുക്കിയെടുത്ത് അടുക്കളയിലേക്കു നടക്കുമ്പോള്‍ ആരതിക്ക് ഇപ്പോള്‍, വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും വലതു കൈയിലെ ഇല്ലാതായ വിരലിന്റെ സ്ഥാനത്ത് പഴയതു പോലെ അസ്വാസ്ഥ്യവും വല്ലാത്ത വേദനയും തോന്നി. വൃത്തികെട്ട കറുത്ത ഒരു തേള്‍ അതിന്റെ പിന്‍വാല്‍ വളച്ചു വിരലില്‍ വിടാതെ കുത്തിപ്പിടിക്കുന്നതായോ, അടഞ്ഞ വാതില്‍കതകിന്നിടയില്‍ പെട്ടു ചതഞ്ഞുപോയ വിരല്‍ കറുത്തും കരിവാളിച്ചും നീരു വെച്ചും, കടച്ചിലെടുക്കുന്നതായോ അവള്‍ക്ക് അനുഭവപ്പെട്ടു.

ഇങ്ങനെയൊക്കെ ആയേക്കുമെന്ന് കുറെയൊക്കെ, പ്രതീക്ഷിച്ചിരുന്നതിനാല്‍ അവള്‍ക്കു വലിയ ഇച്ഛാഭംഗം ഒന്നും തോന്നിയില്ല. ഇതുവരെയുള്ള പല പല അനുഭവങ്ങളില്‍ നിന്നും അവള്‍ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍, പക്ഷെ വലതു കൈയിലെ ചെറുവിരല്‍ എന്ന പോലെ ഉള്ളിലുള്ള ഹൃദയത്തിന്റെയോ ഇതുവരെ കൊണ്ടുനടന്ന സ്വപ്നത്തിന്റെയോ ഒരു കഷണം എങ്ങനെയോ, എവിടെയോ മുറിഞ്ഞു നഷ്ടപ്പെട്ടുപോയതു പോലെ അവള്‍ക്കു തോന്നി. മുറിവായിലെ ചോര വാര്‍ന്നു തീരട്ടെ എന്ന് അകലെ ആകാശത്തിലെ വെള്ളിമേഘത്തെ നോക്കി നിന്ന ആരതി, പെണ്ണു കാണാന്‍ വന്നവര്‍ തിരിച്ചു പോയതും അമ്മ ആകുലപ്പെട്ടു കിടന്നു കരഞ്ഞു കൊണ്ടിരുന്നതും അറിഞ്ഞതേയില്ല. അവള്‍ പഴയതുപോലെ അപ്പോള്‍ വീണ്ടും അസ്വസ്ഥയായി. കൈവിരലുകളിലെ വേദന, വല്ലാത്ത ഉള്ളാന്തലിനൊപ്പം കയറിക്കയറി നെഞ്ചകത്തെവിടെയോ കട്ടിയാവുന്നതായി അവളറിഞ്ഞു. ഇപ്പോള്‍, നഷ്ടപ്പെട്ട വലതു കൈവിരല്‍ അവളുടെ ഓര്‍മകളില്‍ നിന്നും വിട്ടുപോയി. പകരം നെഞ്ചകത്ത്, നഷ്ടസ്വപ്നങ്ങളുടെ മുറിപ്പാടിലെവിടെയോ ആണ് ഇടയ്ക്കിടെ ആ മിഥ്യാവേദന അനുഭവപ്പെടുന്നത്. വലിയ നഷ്ടപ്പെടലുകള്‍ അങ്ങനെയാണ്. അത് ചെറിയവയെ ഒന്നാകെ സ്വന്തം ചിറകുകള്‍ക്കുള്ളിലൊതുക്കി സ്വയം, നനഞ്ഞ ഒരു പരുന്തിനെപ്പോലെ ഇളംവെയിലില്‍ തൂവലൊതുക്കിക്കൊണ്ടിരിക്കും.

തീവ്രത കൂടിയും കുറഞ്ഞും, പലവട്ടം ആരതി അതേ വേദന പിന്നീട് ഇടയ്ക്കിടെ നെഞ്ചിലറിഞ്ഞു. ഡോ. സുമേഷ് ഓര്‍ത്തോ ക്ലിനിക്കിലെ അനെസ്തിസ്റ്റിന്റെ ഒഴിവിലേക്കയച്ച അപേക്ഷ പ്രതീക്ഷയ്ക്കു വിപരീതമായി കാരണം കാണിക്കാതെ നിരാകരിക്കപ്പെട്ടപ്പോള്‍ അവള്‍ക്കു ചെറിയ ഒരു വേദന മാത്രമേ തോന്നിയിരുന്നുള്ളൂ. അവിടെയല്ലെങ്കില്‍ മറ്റൊരിടത്ത്. അനെസ്‌തേഷ്യയില്‍ എം.ഡി കഴിഞ്ഞ ഒരാള്‍ക്ക് ജോലി, കിട്ടാക്കനിയൊന്നുമല്ല. എന്നാല്‍, ഒരു മാസത്തിനിപ്പുറം സുമേഷിന്റെ വിവാഹ ക്ഷണപത്രം ആരതിയുടെ കൈകളിലിരുന്നു വിറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ക്കു എവിടെയെങ്കിലും പെട്ടെന്ന് ഇരിക്കണമെന്നു തോന്നി. ക്ഷണപത്രത്തില്‍ വധുവിന്റെ പേരു കൂടി വായിച്ചപ്പോള്‍ അവള്‍ തീര്‍ത്തും വിവശയായി. അടിവയറ്റില്‍ നിന്നും ചെറുതായി ഉയര്‍ന്നു വന്ന അതിതീവ്രമായ ആന്തലും മിഥ്യാവേദനയും തകര്‍ന്ന സ്വപ്നാവശിഷ്ടങ്ങളില്‍ വീണ്ടും കൂടു കൂട്ടി.
താന്‍ പങ്കെടുക്കാതിരുന്നതിനാലോ, എന്തോ വിവാഹം കഴിഞ്ഞയിടയ്ക്ക് സുമേഷും സപ്നയും വീട്ടിലേക്ക് വന്നിരുന്നു. വാ തോരാതെ സംസാരിച്ച് സപ്ന ഒഴിവാക്കിയെടുക്കാന്‍ ശ്രമിച്ച അസ്വാസ്ഥ്യം സുമേഷിന്റെ മുഖത്ത് ആരതിക്ക് വായിച്ചെടുക്കാമായിരുന്നു.

വേദന അല്‍പമൊന്നകന്നപ്പോള്‍, ആരതി അമ്മയോട് തന്റെ പഴയ തീരുമാനം തിരുത്തി. ആരുമായിട്ടാണെങ്കിലും ഉടനെ വിവാഹത്തിനു തയ്യാര്‍. ഒറ്റ കാര്യം മാത്രം. വരനായി ഡോക്ടര്‍ വേണ്ട. മറ്റെന്തെങ്കിലും പ്രൊഫഷന്‍ മതി. എന്‍ജിനീയറോ ബാങ്ക് മാനേജരോ അങ്ങനെ ആരെങ്കിലും. ആഗ്രഹിക്കുന്നതു മുഴുവന്‍ ആര്‍ക്കും അതുപോലെ കിട്ടാറില്ലല്ലോ. ചിലപ്പോള്‍ ചിലര്‍ക്ക് ചിലത് വൈകി കിട്ടി എന്ന് വരാം. മറ്റു ചിലപ്പോള്‍ വേറെ ചില കാര്യങ്ങള്‍ നമ്മെ തേടി വന്നു എന്നും വരാം.

തന്നെ ചുറ്റുന്ന കാറ്റില്‍ നിന്നും, തനിക്കും ഇനിയെങ്കിലും സുഗന്ധം നുകരണം. പാതിരാവില്‍ പയര്‍മണികള്‍ ഉയിര്‍ക്കുന്ന ശബ്ദം കേള്‍ക്കണം. വിവാഹമാല്യവും പൂച്ചെണ്ടുമായി സുമേഷിന്റെ മുന്നില്‍കൂടെ ഒരിക്കല്‍ മന്ദം മന്ദം നടന്നു പോകണം. വിധിയുടെ വേട്ടയാടലുകളില്‍ വെറും ഒരു ഇരയായി, ജീവിതം തളര്‍ത്തിയിടേണ്ട ഒരു കാര്യവും തനിക്കില്ല എന്ന് അവള്‍ സ്വയം പലവട്ടം മനസ്സിലുറപ്പിച്ചു.
പക്ഷെ….
വിധിയുടെ മുന്നില്‍ ആരാണ് വേട്ടക്കാരന്‍? ആരാണ് ഇര?
ആരതി വല്ലാത്ത ചിന്താക്കുഴപ്പത്തില്‍ ആയിരുന്നു രാവിലെ മുതല്‍. ഇതുവരെ ചിന്തിച്ചിരുന്നതു പോലെയോ, മറ്റുള്ളവര്‍ പറഞ്ഞുകേട്ടതു പോലെയോ അല്ല, ഒരു പെണ്‍ ജീവിതത്തിലെ ഏറ്റവും അലസവും വികാരരഹിതവും ആയ പ്രഭാതം ആയാണ് വിവാഹ ദിവസം അവള്‍ക്കു അനുഭവപ്പെട്ടത്. ആരും ഒന്നിനും നിര്‍ബന്ധിക്കാത്ത, ഒട്ടും ധൃതിയില്ലാത്ത, ആകെ ഒറ്റപ്പെടുത്തപ്പെട്ട വിരസമായ ഒരു പ്രഭാതം. രാവിലെ, താന്‍ വിവാഹചമയങ്ങളിടുന്നതിനിടയില്‍ ആരൊക്കെയോ അന്നത്തെ പത്രം കൈമാറി കൈമാറി ഏതോ പ്രധാന വാര്‍ത്ത വായിക്കുന്നുണ്ടായിരുന്നു. ആരും അവളോട് ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ ഇടംകണ്ണുനോട്ടവും സ്വകാര്യം പറച്ചിലുകളും അവര്‍ വായിക്കുന്ന വാര്‍ത്തയില്‍ തനിക്കും ഒരു ഇടമുണ്ട് എന്ന് അവള്‍ക്കു സൂചനകള്‍ നല്‍കിയിരുന്നു. അവര്‍ ഇട്ടിട്ടു പോയപ്പോള്‍ പത്രത്തിലേക്ക് അറിയാതെ തെന്നി വീണ ഒറ്റ കാഴ്ചയില്‍ തന്നെ പത്രത്തിലെ ആ അക്ഷരക്കൂട്ടം തനിക്കു ഒരു നടുക്കമാകുന്നത് അവളറിഞ്ഞു. ഈറന്‍ കണ്ണുകള്‍ ആരും കാണാതിരിക്കാന്‍, എങ്ങോട്ടോ നോക്കിയിരുന്നു.

സപ്ന ആകെ തകര്‍ന്നു പോയിട്ടുണ്ടാകും. അവളുടെ കൈത്തെറ്റാകണമെന്നൊന്നുമില്ല. ലക്ഷത്തില്‍ ഒന്ന് എന്ന തോതിലൊക്കെ അനെസ്‌തേഷ്യയില്‍ അപകട സാധ്യത എപ്പോഴും ഉണ്ട്. നമ്മുടെ കഷ്ട സമയങ്ങളില്‍ ആ ലക്ഷത്തില്‍ ഒരാളായിരിക്കും നമ്മുടെ പേഷ്യന്റ് ആയി വരിക എന്നേയുള്ളൂ. ജീവിതത്തില്‍ എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതു പോലെയാണ് നടക്കുന്നത് എന്ന വിശ്വാസക്കാരിയൊന്നുമല്ല താന്‍. നിമിഷനേരത്തെ ഒരു കാഴ്ച, ഒരു യാത്ര, അതുമല്ലെങ്കില്‍ ഒരു സംഭവം പക്ഷെ ഒരാളുടെയോ ഒരു തലമുറയുടെ തന്നെയോ ജീവിതം മാറ്റി മറിച്ചേക്കുമെന്ന് അവള്‍ക്കു അനുഭവപ്പെട്ടിട്ടുണ്ട്. ഒരു തലമുറ തന്നെ നശിച്ചുപോകാനോ പുതിയ ഒരു തലമുറ ഉദയം ചെയ്യാനോ എത്രയോ ഒറ്റ സംഭവങ്ങള്‍ കാരണമായിട്ടുമുണ്ട്. ഇവിടെയും അതുതന്നെയാണ് ഉണ്ടായിട്ടുണ്ടാവുക. പൊതുവെ, അപകടകരമായ ചികിത്സകളും ഓപ്പറേഷനുകളും ഏറ്റെടുക്കുന്ന കൂട്ടത്തില്‍ ആയിരുന്നു സുമേഷ്. അതുകൊണ്ട് തന്നെയാണ് ചുരുങ്ങിയ കാലം കൊണ്ട് ഡോ.സുമേഷ് ഓര്‍ത്തോ ക്ലിനിക്കും അവിടത്തെ ഡോക്ടറും പ്രശസ്തി നേടിയെടുത്തതും.

കുട്ടിയുടെ മരണത്തില്‍ പരാതികള്‍ വന്നപ്പോള്‍, അധികം ചര്‍ച്ചകള്‍ക്കിടകൊടുക്കാതെ സുമേഷ് ഉത്തരവാദിത്തം മുഴുവന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നിരിക്കണം. ഡോക്ടറുടെ അശ്രദ്ധ കൊണ്ടുള്ള മരണം എന്ന നിലയില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയും വിമര്‍ശനങ്ങളും നിറഞ്ഞപ്പോള്‍ അയാളുടെ മനസ്സ് വല്ലാതെ വിഷമിച്ചിരിക്കണം. അപ്പോഴും സപ്നയുടെ പേര് സംഭവത്തിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാന്‍ സുമേഷ് വല്ലാതെ ശ്രദ്ധിച്ചിരുന്നതായി തോന്നിയിരുന്നു. അനുദിനം വഷളായിക്കൊണ്ടിരുന്ന പ്രതികരണങ്ങളും അവസ്ഥകളും. ഒരുതരത്തിലും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പോയിട്ടുണ്ടാവും സുമേഷിന് ….

അമ്പലത്തിലെ കൊടിമരത്തിന്റെ ചോട്ടില്‍ നിന്നും, തൊഴുതു തിരിഞ്ഞപ്പോഴേക്കും ആരതി മുന്നിലെത്തിയിരുന്നു. വിവാഹ ചടങ്ങുകള്‍ ഏതാണ്ട് എല്ലാം കഴിഞ്ഞിരിക്കുന്നു. ആളുകള്‍ യാത്ര പറഞ്ഞു തുടങ്ങിയിരുന്നു. എന്നെ മാറ്റി നിര്‍ത്തി അപ്പോള്‍ അവള്‍ അവളുടെ ആഗ്രഹം പറഞ്ഞു:
-അങ്കിള്‍, വിചാരിച്ചാലേ നടക്കൂ …

-കല്യാണപ്പെണ്ണ്..?
-അങ്കിള്‍ നേരത്തെ പറഞ്ഞതു പോലെ, അന്ന് വിവാഹം നടക്കാതിരുന്നത് നല്ലതോ ചീത്തയോ ആകട്ടെ. നടന്നിരുന്നെങ്കിലോ..? ഞാനിപ്പോള്‍….
ആരതിയുടെ പഴയ ഇഷ്ടങ്ങള്‍ നന്നായി അറിയാമായിരുന്നതു കൊണ്ട്, പിന്നെ ഒന്നും പറയാന്‍ എനിക്ക് കഴിയുമായിരുന്നില്ല.
വരന്റെ വീട്ടിലേക്കുള്ള യാത്രാവഴിയില്‍ , ആളുകള്‍ കൂടി നിന്നേടത്ത്, ആശുപത്രിക്കു മുന്നില്‍ കുറച്ചു സമയം വണ്ടി നിര്‍ത്താന്‍ പറഞ്ഞു.
-പെട്ടെന്ന്… സപ്നയെ ഒന്നു കണ്ടിട്ട് വേഗം വരൂ…

വിവാഹമാല്യവുമായി സുമേഷിന്റെ മുന്നിലൂടെ നടന്നു പോകണം എന്ന ആഗ്രഹവും വാശിയുമൊക്കെ എപ്പോഴോ ആരതിയില്‍ നിന്നും പൊഴിഞ്ഞു പോയിരുന്നു. അവള്‍ പൂമാല കാറില്‍ അഴിച്ചു വെച്ചു. ധൃതിയില്‍ പൂച്ചെണ്ടുകള്‍ എന്റെ മടിയിലേക്കിട്ടു.
പുറത്തേക്ക് ഓടിവന്ന സപ്ന ആരതിയുടെ മുന്നില്‍ ഒരു നിമിഷം അറിയാതെ ഉറക്കെ വിതുമ്പിപ്പോയി. പഴയ കാലത്തിന്റെ വാകമരങ്ങള്‍ നിറയെ ചുകപ്പു പൂത്തിരുന്നു. ഇളംകാറ്റില്‍ പൂക്കള്‍ അവരുടെ മേല്‍ കൊഴിഞ്ഞു വീഴാന്‍ തുടങ്ങി.
ആരതിയെ കെട്ടിപ്പിടിച്ചു കരയുന്നതിന്നിടയില്‍ സപ്ന എന്തൊക്കെയോ എണ്ണിപ്പെറുക്കി. അവള്‍ക്കു കഴിഞ്ഞ കാലം ഉള്ളിലെവിടെയോ വല്ലാത്ത നൊമ്പരമായി. തന്റെ കൈകള്‍ക്കിടയിലൂടെ ഊര്‍ന്നു വീഴുന്ന സപ്നയെ താങ്ങി നടത്തുമ്പോള്‍ ആരതി, തന്റെ ഉള്ളാന്തലും മിഥ്യാവേദനയും അവളിലേക്ക് തനിയേ പകര്‍ന്നു പോകുന്നതായി അറിഞ്ഞു.

നേരം ഒരു പാടു വൈകിയിരിക്കുന്നു. ജീവിതത്തിലെ ഓരോ കാര്യത്തിനും ഓരോ നേരമുണ്ടല്ലോ. അധികം വൈകുന്നതിനു മുമ്പ് മുഹൂര്‍ത്ത നേരത്തുതന്നെ, അവിടെയെത്തേണ്ടതല്ലേ ….
ഞാന്‍ മെല്ലെ, മുമ്പോട്ടു കയറി ആരതിയെ തൊട്ടുവിളിച്ചു:

-വരൂ, പോകാം…
അവള്‍ സപ്നയേയും സുമേഷിനേയും വിട്ടു പെട്ടെന്ന് തിരിച്ചു വന്നു.
ഞങ്ങളോടൊപ്പം,ജീവിതത്തിലേക്ക്…

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

അരണ മാണിക്യം

കുട്ടിത്തങ്ക

ഭൂമിയിലെ സങ്കീര്‍ത്തനങ്ങള്‍

അതിയോഗ്യ

കാവലാള്‍

ഹിജാബ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies