ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യ വൈകാതെ ‘മണികിലുക്കു’മെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ.) ഡയറക്ടര്‍. വന്‍കുതിപ്പിന്റെ കൊടിമുടികള്‍ താണ്ടുകയാണ് രാജ്യത്ത് ധനകാര്യ മേഖല. ഒന്നിനുപിറകെ മറ്റൊന്നായി നാഴികക്കല്ലുകള്‍ സ്ഥാപിക്കുകയാണ്. മഹാവ്യാധിയോ മാന്ദ്യമോ നിമിത്തം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മരവിച്ചുപോകില്ലെന്ന് വസ്തുതകള്‍ ചൂണ്ടിക്കാട്ടിയും സ്ഥിതിവിവരക്കണക്കുകള്‍ വിശദീകരിച്ചും വെളിപ്പെടുത്തുകയാണ് ആര്‍.ബി.ഐ. ഡയറക്ടറും സഹകാര്‍ഭാരതി സ്ഥാപകാംഗവുമായസതീഷ് കാശിനാഥ് മറാഠെ. സാമ്പത്തിക നയങ്ങള്‍ക്കും നൂതന സാമ്പത്തിക പദ്ധതികള്‍ക്കും നേരെ ഉയരുന്ന എതിര്‍പ്പ് താല്‍ക്കാലികം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ എല്ലാ നയങ്ങളും പദ്ധതികളും സ്വീകരിക്കപ്പെടുന്നുണ്ട്. വിജയത്തിന്റെ കാലടിപ്പാടുകള്‍ തുടര്‍ച്ചയായി പതിയുന്ന സുഗമ പാതയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെന്നും അദ്ദേഹം ‘കേസരി’ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. അഭിമുഖത്തില്‍ നിന്ന്:
♣ഇന്ത്യയുടെ ഇപ്പോഴത്തെ ധനസ്ഥിതിയെ റിസര്‍വ് ബാങ്ക് ഡയറക്ടറെന്ന നിലയില്‍ എങ്ങനെയാണു വിശദീകരിക്കുക?
ലോകത്തെയൊന്നാകെ പിടിച്ചുകുലുക്കിയ മഹാവ്യാധിയെ കടന്നെത്തുമ്പോള്‍ നാം ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത് സമ്പദ്‌വ്യവസ്ഥയായി നിലകൊള്ളുകയാണ്. അതു വ്യക്തമാക്കുന്നത് ലോകത്തിലെ ഏറ്റവും കരുത്തേറിയ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമായി നാം വളരുന്നു എന്നാണ്. ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയും നമ്മുടേതു തന്നെയാണ്. ലോകത്തിന്റെ ജി.ഡി.പി. വളര്‍ച്ചയില്‍ ഇന്ത്യയുടെ പങ്ക് നിര്‍ണായകമാണ്.
♣ഇപ്പോഴത്തെ ആഗോള സമ്പദ്‌വ്യവസ്ഥയെ ഇന്ത്യന്‍ വീക്ഷണ കോണില്‍നിന്നുകൊണ്ട് എങ്ങനെയാണു വിലയിരുത്തുക?
ലോകത്താകമാനമുള്ള പല വന്‍കിട രാജ്യാന്തര കമ്പനികളും പ്രവര്‍ത്തന കേന്ദ്രമായി ഇന്ത്യയെ തിരഞ്ഞെടുക്കുകയാണ്. വിഭവ ശേഷി, വിശേഷിച്ച് മനുഷ്യവിഭവ ശേഷി നമുക്കു കൂടുതലായി ഉണ്ട് എന്നതും ഇവിടെ വിപണിലഭ്യത ഏറെ കൂടുതലാണ് എന്നതുമാണു കാരണങ്ങള്‍. ചൈനയില്‍ ഇത്രത്തോളം വിപണിലഭ്യത ഇല്ല. ഇന്ത്യ വൈദഗ്ധ്യവും സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി വളര്‍ച്ചയുടെ പാതയില്‍ കുടികൊള്ളുകയുമാണ്.
♣കേന്ദ്ര, കേരള സര്‍ക്കാരുകള്‍ പണപ്പെരുപ്പമോ വിലക്കയറ്റമോ ഇല്ലെന്ന് അവകാശപ്പെട്ടേക്കാം. എന്നാല്‍, വന്‍ വിലക്കയറ്റമുണ്ടെന്ന പരാതി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതായി തോന്നുന്നു. ഏറ്റവും കൂടുതല്‍ പരാതി ഉയരുന്നതാകട്ടെ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ചാണ്. എന്തു കരുതുന്നു?
പണപ്പെരുപ്പം വര്‍ധിച്ചു എന്നതു വസ്തുതയാണ്. നാലു ശതമാനത്തിനു കീഴെയായിരുന്നു ഏറെക്കാലം രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്ക്. ഇപ്പോഴത് ഏഴോ ഏഴരയോ ശതമാനമായി ഉയര്‍ന്നു. പണപ്പെരുപ്പം വര്‍ധിക്കുന്നതിനു രണ്ടു പ്രധാന കാരണങ്ങളുണ്ട്. മഹാവ്യാധിക്കാലം കടന്നപ്പോഴേക്കും യൂറോപ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതു നിമിത്തം വിതരണ ശൃംഖല തകര്‍ന്നു. ഭക്ഷ്യോല്‍പന്ന വിതരണത്തിനാണു വലിയ തിരിച്ചടി നേരിട്ടത്. ഇതു ലോകത്തില്‍ പലയിടത്തും ഭക്ഷ്യക്ഷാമം സൃഷ്ടിച്ചു. എന്നാല്‍, ഇന്ത്യക്കു മികച്ച ഉല്‍പാദനം നേടിയെടുക്കാന്‍ സാധിച്ചതിനാല്‍ വലിയ അളവു കരുതല്‍ശേഖരമുണ്ടാക്കാന്‍ കഴിഞ്ഞു. ലോകത്തിനാകെ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാന്‍ ഇപ്പോള്‍ നമുക്കു കഴിയും. രാജ്യത്തെ സ്വകാര്യമേഖല ഭക്ഷ്യരംഗം സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും അതുപോലെ, സാഹചര്യം അനുകൂലമാക്കിയെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. ഈ വര്‍ഷം പൊതുമേഖലയെക്കാള്‍ ഗോതമ്പു സംഭരണം നടത്തിയതു സ്വകാര്യ മേഖലയാണ്. ഇതുവഴി കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ലഭിച്ചു. ഇതില്‍നിന്നു വെളിവാകുന്നതാകട്ടെ, പണപ്പെരുപ്പത്തിനുള്ള കാരണം ആഭ്യന്തരമല്ല എന്നാണ്. ഉല്‍പാദന മേഖലയില്‍ വലിയ മാറ്റങ്ങള്‍ മഹാവ്യാധിക്കാലത്തുണ്ടായി. കമ്പനികളിലെ ഉല്‍പന്നശേഖരം വര്‍ധിച്ചു. എന്നാല്‍, വിതരണ ശൃംഖലയുടെ കുത്തഴിഞ്ഞതോടെ പല വ്യാവസായിക ഉല്‍പന്നങ്ങളുടെയും വില ഉയരുന്ന സാഹചര്യമുണ്ട്. ഇതു വില വര്‍ധിക്കാനിടയാക്കി. മൊത്തവിലസൂചിക വല്ലാതെ ഉയര്‍ന്നു. ഏതായാലും, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ആറു മാസത്തിനകം കുറയുമെന്നാണു ഞാന്‍ വ്യക്തിപരമായി വിശ്വസിക്കുന്നത്. കാലാവസ്ഥ അനുകൂലമായതിനാല്‍ റാബി കൃഷിയില്‍ നല്ല ഉല്‍പാദനമുണ്ടാകുമെന്നാണു സൂചനകള്‍. അതോടെ വില താഴും.
♣പുതിയ സാഹചര്യത്തില്‍ അനുവദനീയമായ പരമാവധി പണപ്പെരുപ്പ നിരക്ക് പുതുക്കി നിശ്ചയിക്കാനുള്ള തീരുമാനം ആര്‍.ബി.ഐ. കൈക്കൊള്ളുമോ?
കോവിഡ് ബാധ നിമിത്തവും യൂറോപ്പിലെ യുദ്ധം നിമിത്തവും ലോകത്താകമാനം പണപ്പെരുപ്പം അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. യു.എസ്സില്‍ എട്ടു ശതമാനത്തിലേറെയാണു പണപ്പെരുപ്പം. ഏറെ കാലത്തിനുശേഷം കഴിഞ്ഞ ദിവസം മാത്രമാണ് ആ രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ അല്‍പം താഴ്ച അനുഭവപ്പെട്ടത്. എന്നാല്‍, യൂറോ മേഖലയിലും ബ്രിട്ടനിലുമൊക്കെ പണപ്പെരുപ്പം വര്‍ധിച്ചിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള സാമ്പത്തിക വിദഗ്ധര്‍ പറയുന്നതാകട്ടെ, വര്‍ധിച്ച തോതിലുള്ള പണപ്പെരുപ്പം ഇനി മുതല്‍ സ്വാഭാവികമായ ഒന്നായിത്തീരും എന്നാണ്. എന്നാല്‍, ഇന്ത്യ അങ്ങനെ കരുതുന്നില്ല. പരമാവധി അനുവദനീയമായ നിരക്കായ ആറു ശതമാനത്തിലേക്കു പണപ്പെരുപ്പത്തെ പരിമിതപ്പെടുത്താന്‍ സാധിക്കുമെന്നു വിശ്വസിക്കുന്നുമുണ്ട്. മറ്റൊരു കാര്യംകൂടി പറയട്ടെ: പണപ്പെരുപ്പം രണ്ടു മുതല്‍ ആറു വരെ ശതമാനമാകാമെന്നു തീരുമാനിക്കപ്പെട്ടത് അഞ്ചു വര്‍ഷം മുന്‍പാണ്. എന്നാല്‍, പിന്നീട് സാഹചര്യം അപ്പാടെ മാറി. മഹാവ്യാധി എല്ലാം തകിടംമറിച്ചു. ഉല്‍പാദനം നിലയ്ക്കുകയും ചരക്കുനീക്കം തടസ്സപ്പെടുകയും മറ്റും ചെയ്തു. എങ്കിലും പറയട്ടെ: അല്‍പംകൂടി ക്ഷമ പുലര്‍ത്തേണ്ടിവരും; പക്ഷേ, പണപ്പെരുപ്പം കുറയുമെന്നു തന്നെ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.
♣യു.എസ്സിലെയും ബ്രിട്ടനിലെയും യൂറോ മേഖലയിലെയും സാഹചര്യം പരാമര്‍ശിച്ചല്ലോ. അവിടങ്ങളിലൊക്കെ പണപ്പെരുപ്പം വളരെ ഉയര്‍ന്നതായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാല്‍, അത്തരം പല രാജ്യങ്ങളിലും അനുവദനീയമായ പരമാവധി പണപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തോളം മാത്രമാണല്ലോ?
ഇപ്പോള്‍ പരമാവധി രണ്ടു ശതമാനം പണപ്പെരുപ്പമെന്നു പറയുന്നതില്‍ പ്രസക്തിയേ ഇല്ല. എല്ലാ രാജ്യങ്ങളിലും അതിലുമെത്രയോ അധികമാണു പണപ്പെരുപ്പ നിരക്ക്. ബ്രിട്ടനില്‍ എട്ടു ശതമാനത്തോളമായി. യു.എസ്സില്‍ എട്ടു ശതമാനവും.
♣പണപ്പെരുപ്പം ഈ രീതിയില്‍ വര്‍ധിക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കു തിരിച്ചടിയാവില്ലേ?
ആഗോളതലത്തില്‍ ജി.ഡി.പി. ചുരുങ്ങിവരികയാണ് എന്നതു നിഷേധിക്കാന്‍ കഴിയില്ല. അതു നിരാശാജനകമാണ്. ഊര്‍ജത്തെ ആയുധമാക്കാന്‍ സാധിക്കുമെന്നതു പരിഗണിക്കാതെയാണ് പാശ്ചാത്യ ലോകം തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഉപരോധം ഏര്‍പ്പെടുത്തുന്നതു ദോഷകരമായി ബാധിക്കും. ഇപ്പോള്‍ ഏറ്റവും ശക്തമായ രണ്ടു കറന്‍സികള്‍ ഡോളറും രൂപയുമാണ്. യൂറോ മേഖലയ്ക്കു വരുംകാലം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും.
♣പലിശനിരക്കുകള്‍ അടിക്കടി ഉയര്‍ത്തുകയാണ് യൂറോപ്യന്‍ രാജ്യങ്ങളും യു.എസ്സുമൊക്കെ. അടിസ്ഥാന പലിശ നിരക്ക് 0.75 ശതമാനമെന്ന കൂടിയ നിരക്കില്‍ തുടര്‍ച്ചയായി വര്‍ധിപ്പിക്കാന്‍ യു.എസ്. തയ്യാറായി. എന്നാല്‍, പലിശ നിരക്ക് ആവര്‍ത്തിച്ച് ഉയര്‍ത്തിയിട്ടും പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഇതു തെളിയിക്കുന്നതു പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ പലിശനിരക്കു വര്‍ധിപ്പിക്കുക എന്ന പരമ്പരാഗത രീതി ഫലപ്രദമല്ല എന്നാണോ?
പാശ്ചാത്യ ലോകത്തെ വിപരീത സാഹചര്യം ഇന്ത്യയില്‍ ഉണ്ടാവില്ല. കേന്ദ്ര സര്‍ക്കാരും കേന്ദ്ര ബാങ്കും സഹകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായി പലിശനിരക്കു വര്‍ധിപ്പിക്കേണ്ട സാഹചര്യം നമുക്കില്ല. മഹാവ്യാധിക്കാലത്തു വരുത്തിയ മാറ്റങ്ങളെല്ലാം പിന്‍വലിച്ചു പൂര്‍വസ്ഥിതിയിലേക്കു തിരികെ പോയി. ഏഴു മുതല്‍ ഏഴേകാല്‍ വരെ ശതമാനത്തിനിടയിലാണ് അടിസ്ഥാന പലിശനിരക്ക്. ഈ നിരക്കു വര്‍ധിക്കുമ്പോള്‍ നിക്ഷേപ പലിശയും വായ്പാ പലിശയും ഉയരുമെന്നതും ഓര്‍ക്കണം. പലിശനിരക്കു താഴുമെന്നു പ്രതീക്ഷിക്കുകയും വേണം. നേരത്തേ, പണപ്പെരുപ്പം വളരെ കൂടുതലായിരുന്ന അനുഭവങ്ങളുണ്ട്. പലിശനിരക്കും വളരെ ഉയര്‍ന്നതായിരുന്നു. പലിശയിളവ് ഒരു ശതമാനം മാത്രമായിരുന്നതും അതാകട്ടെ, 16 ശതമാനത്തില്‍നിന്നു 15 ശതമാനം വരെ മാത്രം താഴുന്നതുമായ സാഹചര്യങ്ങള്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ നാം ബഹുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞു. 10 ശതമാനമാകുമോ ഒന്‍പതു ശതമാനമാകുമോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. നാം ഇനിയും മെച്ചപ്പെടും. ഡോ.എ.പി.ജെ.അബ്ദുല്‍ കലാം രാഷ്ട്രപതി ആയിരുന്നപ്പോഴുണ്ടായ ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. രാഷ്ട്രവികസനത്തില്‍ ബാങ്കുകളുടെ സംഭാവന എത്രത്തോളം എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. 20 വര്‍ഷം മുന്നില്‍ക്കണ്ടു തയ്യാറാക്കാനായിരുന്നു നിര്‍ദ്ദേശിച്ചത്. ഞാന്‍ അക്കാലത്ത് ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്റെ ഓണററി സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാവിയിലെ 20 വര്‍ഷത്തെക്കുറിച്ചു പ്രവചിക്കുക അസാധ്യമാണെന്നു കരുതി 10 വര്‍ഷം മുന്നില്‍ക്കണ്ടു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. തുടര്‍ന്നു നടത്തിയ പഠനത്തിന്റെ നിഗമനം പത്തു വര്‍ഷത്തിനകം നിക്ഷേപ പലിശ നിരക്ക് അഞ്ചരയ്ക്കും ഏഴും ശതമാനത്തിനുമിടയിലായിരിക്കും എന്നാണ്. വായ്പാനിരക്ക് എട്ടു ശതമാനത്തിനും ഒന്‍പതു ശതമാനത്തിനും ഇടയിലായിരിക്കുമെന്നും പ്രവചിച്ചു. ആ പ്രവചനങ്ങള്‍ പിന്നീട് യാഥാര്‍ഥ്യമായി. സാഹചര്യം ഇനിയും മെച്ചപ്പെടുമെന്നു പറയാന്‍ കാരണം ഏതാനും വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ പിന്‍തുടര്‍ന്നുവരുന്ന നയങ്ങളാണ്. സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കാന്‍ ഗൗരവമേറിയ ചുവടുകളാണു വെച്ചുകൊണ്ടിരിക്കുന്നത്. ജി.എസ്.ടി., കറന്‍സി നോട്ട് റദ്ദാക്കല്‍, റേര എന്നിവയൊക്കെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. നികുതിവരുമാനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു. മുന്‍കാലങ്ങളില്‍ ഒന്നര കോടി പേര്‍ പോലും റിട്ടേണ്‍ ഫയല്‍ ചെയ്യുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആറു കോടിയിലേറെപ്പേര്‍ ഫയല്‍ ചെയ്യുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതാണു ദുഃഖകരമായ വസ്തുത. എല്ലാ വിഭാഗങ്ങള്‍ക്കും നേട്ടമുണ്ടാകുംവിധമാണ് നമ്മുടെ വളര്‍ച്ച. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ലക്ഷക്കണക്കിനു വീടുകളാണു നിര്‍മിക്കപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്നവര്‍ക്കു ചികില്‍സ ലഭ്യമാക്കുന്ന ഭീമന്‍ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്.
♣ആഗോള സാഹചര്യം നിരീക്ഷിക്കുകയാണെങ്കില്‍ ഓരോ രാജ്യത്തിന്റെയും സാമ്പത്തിക നയങ്ങളും പ്രതിസന്ധി പരിഹാര ശ്രമങ്ങളും വ്യത്യസ്തങ്ങളാണെന്നു കാണാം. ഉദാഹരണത്തിന്, 85 ശതമാനത്തോളം പണപ്പെരുപ്പം നേരിടുന്ന തുര്‍ക്കി പലിശനിരക്ക് ഉയര്‍ത്തുകയല്ല, താഴ്ത്തുകയാണു ചെയ്യുന്നത്. കോവിഡ് ബാധയ്ക്കു മുന്‍പേ പണപ്പെരുപ്പം ഒട്ടുമില്ലാതിരുന്ന ജപ്പാനില്‍ ഇപ്പോള്‍ മൂന്നു ശതമാനത്തോളം പണപ്പെരുപ്പമുണ്ട്. എങ്കിലും ആ രാജ്യം പലിശനിരക്ക് മാറ്റുന്നതേയില്ല. യു.എസ്സിലാകട്ടെ, ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സാധിക്കുന്നുമില്ല. ഇന്ത്യ പിന്‍തുടരുന്നത് ഈ രാജ്യങ്ങളില്‍നിന്നൊക്കെ വ്യത്യസ്തമായ രീതിയുമാണ്. വിജയിക്കാവുന്ന മാതൃക ഏതാണ്?
ഓരോ രാജ്യത്തും ഓരോ സാഹചര്യമാണു നിലനില്‍ക്കുന്നത്. ജപ്പാന്റെ സാമ്പത്തിക രംഗം വര്‍ഷങ്ങളായി സ്തംഭനാവസ്ഥയിലായിരുന്നു. പ്രതീക്ഷിച്ച വളര്‍ച്ച നേടാന്‍ സാധിക്കുന്നില്ല. ഉല്‍പാദനം കുറവാണ്. ജാപ്പനീസ് കമ്പനികള്‍ ഉല്‍പാദനം നടത്തുന്നതു മറ്റു രാജ്യങ്ങളിലാണ്. മറ്റു രാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളാണു ജപ്പാന്‍ കയറ്റി അയയ്ക്കുന്നത്. ഒരര്‍ഥത്തില്‍, ജപ്പാന്‍ മറ്റു രാജ്യങ്ങളുടെ സാമ്പത്തികനില ഭദ്രമാക്കുകയാണു ചെയ്യുന്നത്. ജപ്പാന്റെ മറ്റൊരു പ്രശ്‌നം ജനസംഖ്യ കുറവാണ് എന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പലിശനിരക്ക് ഉയര്‍ത്താന്‍ അവര്‍ക്കു കഴിയില്ല. ആഭ്യന്തര വ്യവസായ മേഖലയ്ക്കു പ്രോല്‍സാഹനം നല്‍കാനായിരിക്കാം തുര്‍ക്കി പലിശനിരക്കു താഴ്ത്തിവെക്കുന്നത്.
♣കോവിഡ്കാല ഇളവുകള്‍ക്കുശേഷം യു.എസ്. സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി മറ്റു രാജ്യങ്ങളെ എങ്ങനെയാണു ബാധിക്കുക; പ്രത്യേകിച്ച് യു.എസ്.ഡോളര്‍ ആഗോള വിനിമയത്തിനുള്ള പ്രധാന കറന്‍സിയാണെന്നിരിക്കെ?
യു.എസ്. സമ്പദ്‌വ്യവസ്ഥ ദുര്‍ബലമാകുന്നു എന്ന നിരീക്ഷണത്തോടു ഞാന്‍ യോജിക്കുന്നില്ല. ആ രാജ്യം പ്രതിസന്ധി നേരിടുന്നുണ്ട് എന്നുള്ളതു ശരിയാണ്. എന്നാല്‍, തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ഉല്‍പാദന ശേഷി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ഉല്‍പന്നങ്ങള്‍ ആഭ്യന്തരമായി നിര്‍മിച്ചുതുടങ്ങിയിട്ടുമുണ്ട്. യൂറോപ്പില്‍ യുദ്ധം നടക്കുന്നതും യു.എസ്സിനു വലിയ സാധ്യതയാണ്. ആയുധ വില്‍പനയിലൂടെ വലിയ തോതില്‍ പണം നേടാന്‍ സാധിക്കും. താല്‍ക്കാലികമായി യു.എസ്. ധനനില ഭദ്രമാക്കുമെന്നു ചുരുക്കം. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ യു.എസ്. സമ്പദ്‌വ്യവസ്ഥ തളരുമെന്നതില്‍ തര്‍ക്കമില്ല. വിപണിശക്തികളെ ആശ്രയിച്ചുള്ള മുതലാളിത്ത സംവിധാനം നിലനില്‍ക്കില്ലെന്നു ദത്തോപാന്ത് ഠേംഗ്ഡി ജി പറഞ്ഞിട്ടുണ്ടല്ലോ. എല്ലാവരും ഫെഡറല്‍ റിസര്‍വിലെ ഗവണ്‍മെന്റ് സെക്യൂരിറ്റിയില്‍ നിക്ഷേപിക്കുകയാണ്. അതില്‍നിന്നു മനസ്സിലാക്കേണ്ടത് ആ രാജ്യം കടം വാങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ്. ആരും യു.എസ്സിന്റെ കറന്റ് അക്കൗണ്ട് കമ്മിയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നില്ല. അതിനു കാരണം, ഡോളറാണ് വിനിമയ കറന്‍സി എന്നതാണ്. മറ്റു രാജ്യങ്ങളുടെ കറന്‍സി ഇതുപോലെ ഉപയോഗിക്കപ്പെടുന്ന സാഹചര്യം സംജാതമാകുന്നതോടെ യു.എസ്. ഡോളറിനുള്ള മേല്‍ക്കൈ നഷ്ടമാകും. റൂബിള്‍ ഉപയോഗിച്ചു രാജ്യാന്തര ഇടപാടുകള്‍ നടത്താന്‍ റഷ്യ ശ്രമിച്ചുവരികയാണ്. ചൈനയും ഇന്ത്യയുമൊക്കെ സമാനമായ ശ്രമങ്ങള്‍ നടത്തിവരികയാണ്.
ഇന്ത്യയും കോവിഡ് കാലത്ത് സാമ്പത്തിക ഇളവുകള്‍ നടപ്പാക്കിയിട്ടുണ്ട്. 17 ലക്ഷം കോടി രൂപയാണ് കേന്ദ്ര ഗവണ്‍മെന്റും ആര്‍.ബി.ഐയും ചേര്‍ന്നു പ്രത്യക്ഷമായും പരോക്ഷമായും ജനങ്ങളിലെത്തിച്ചത്. പലിശനിരക്കു താഴ്ത്തുകയും ചെയ്തു. എന്നാല്‍, 2008ലെയും മറ്റും സാമ്പത്തിക മാന്ദ്യങ്ങളും അവ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും പരിഗണിച്ചു പണലഭ്യത നിയന്ത്രിക്കാന്‍ ശ്രദ്ധിച്ചിരുന്നു.
♣മാസങ്ങളായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം അനിശ്ചിതത്വം വര്‍ധിപ്പിക്കുകയാണല്ലോ. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ എങ്ങനെയായിരിക്കും ബാധിക്കുക?
ഇക്കാര്യത്തില്‍ രണ്ടുതരത്തിലുള്ള ചിന്തകളാണ് ഉള്ളത്. ആദ്യത്തേതു യുദ്ധം ഉടന്‍ അവസാനിക്കുമെന്നാണ്. മറ്റൊരു വീക്ഷണം അഫ്ഗാനിസ്ഥാനിലേതിനു സമാനമായ സാഹചര്യം യുക്രെയ്‌നിലും നിലനില്‍ക്കുമെന്നതാണ്. യുദ്ധം തുടരുമെന്ന കണക്കുകൂട്ടലില്‍ വേണം ലോകം മുന്നോട്ടുപോകാന്‍. വളരെയധികം വികസിതമല്ലാത്ത രാജ്യമായതിനാല്‍ അഫ്ഗാനിസ്ഥാനിലെ യുദ്ധം ലോകത്തെ കൂടുതലായി ബാധിച്ചില്ല എന്നതു വസ്തുതയാണ്. എങ്കിലും, അഫ്ഗാനിസ്ഥാനില്‍ യുദ്ധം തുടരവേ നാം പ്രശ്‌നങ്ങളെ മറികടന്നു മുന്നോട്ടുപോയതുപോലെ ഇപ്പോഴും സാധിക്കണം. മറ്റൊരു കാര്യം, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ കേവലം ആ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി കാണാന്‍ കഴിയില്ല എന്നതാണ്. സുരക്ഷാപ്രശ്‌നം സംബന്ധിച്ച ആശങ്കളും മറ്റും ഉള്‍പ്പെട്ടതാണ് ആ തര്‍ക്കം. തങ്ങളെ ലക്ഷ്യംവെക്കുന്ന ആണവ മിസൈലുകള്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ കയ്യില്‍ ഉണ്ടാവരുത് എന്നതാണ് റഷ്യയുടെ ആവശ്യം. ഗോര്‍ബച്ചേവ് മരിച്ചപ്പോള്‍ റഷ്യന്‍ ജനത ഒന്നടങ്കം ദുഃഖിതരായിരുന്നില്ല. കാരണം, അദ്ദേഹം യു.എസ്.എസ്.ആറിനെ ഇല്ലാതാക്കിയപ്പോള്‍ സുരക്ഷ ഉറപ്പാക്കുന്നതിനു ശ്രദ്ധിച്ചിരുന്നില്ല എന്നതാണ്. ആ കുറവു പരിഹരിക്കുകയാണു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ലക്ഷ്യം.
കേന്ദ്ര സര്‍ക്കാരിന്റെ ധനനയം വിമര്‍ശന വിധേയമാകുന്നുണ്ട്. കറന്‍സി നോട്ട് റദ്ദാക്കല്‍, ധനമേഖലയുടെ ഡിജിറ്റല്‍വല്‍ക്കരണം, പണമിടപാടുകള്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം നടത്തല്‍ തുടങ്ങിയ നയങ്ങള്‍ പരാജയമാണ് എന്ന വിമര്‍ശനം ഉയരുന്നുണ്ട്. പ്രഖ്യാപിച്ചതും തുടക്കമിട്ടതുമായ നയങ്ങള്‍ ശരിയാംവണ്ണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നില്ല എന്ന ആരോപണവുമുണ്ട്. വസ്തുതകളുടെ പിന്‍ബലമില്ലാത്ത ആരോപണങ്ങളാണ് ഇതൊക്കെ. സ്ഥിതിവിവരക്കണക്കുകള്‍ തന്നെ എല്ലാം വ്യക്തമാക്കുന്നുണ്ട്. എല്ലാ വിധത്തിലും സാമ്പത്തിക ഇടപാടുകള്‍ ശക്തമാക്കുന്നതിന് മോദി സര്‍ക്കാരിന്റെ ധനനയം സഹായകമായിട്ടുണ്ട്. ഒറ്റ നികുതി, ഒറ്റ രാജ്യം, ഒറ്റ വിപണി എന്ന ആശയം യാഥാര്‍ഥ്യമാക്കി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഫലപ്രദമായ നിയന്ത്രണം സാധ്യമാക്കി. ഇതിലൂടെ സാധാരണ മനുഷ്യര്‍ ചൂഷണംചെയ്യപ്പെടുന്ന ദുരവസ്ഥയ്ക്ക് അറുതിയായി. 55 പ്രധാന വ്യവസായങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ആശ്രയിച്ചാണു പ്രവര്‍ത്തിക്കുന്നത്. ഏറ്റവുമധികം തൊഴില്‍ പ്രദാനം ചെയ്യുന്ന ഒന്നായി ഈ മേഖല മാറുകയും ചെയ്തു. അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായിരിക്കെ നടപ്പാക്കിയ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്പ്റ്റ്‌സി കോഡ് (ഐ.ബി.സി.) ഇപ്പോള്‍ ഫലപ്രദമായിക്കഴിഞ്ഞു. പരാജയപ്പെടുന്ന കമ്പനികളെ പുതിയ നിക്ഷേപകര്‍ ഏറ്റെടുക്കുന്നതു വര്‍ധിക്കുന്നു. ഇതുവഴി രാജ്യത്തിന്റെ ആസ്തി നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ സാധിക്കും. ധനമേഖലയിലെ ഡിജിറ്റലൈസേഷന്‍ വന്‍ വിജയമാണ്. രാജ്യത്തെവിടെനിന്നും എവിടേക്കും എത്ര പണം വേണമെങ്കിലും കൈമാറാന്‍ സാധിക്കുന്നു. ജര്‍മനി പോലുള്ള വികസിത രാഷ്ട്രങ്ങള്‍ക്കുപോലും ഇത്തരം കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ല. പരിഷ്‌കാരങ്ങള്‍ എതിര്‍പ്പു നേരിടേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ധനമേഖലയിലെ നവീന പദ്ധതികളോടുള്ള വിരോധം പതുക്കെ മായുകയും അവയൊക്കെ വന്‍ വിജയമായി മാറുകയും ചെയ്തു.
♣രാജ്യത്തു കള്ളപ്പണത്തിന്റെ സ്ഥിതിയെന്താണ്; മഹാവ്യാധിക്കാലത്തിനുശേഷം നമ്മുടെ ബാങ്കുകളുടെ പ്രകടനം എത്രത്തോളം വിജയകരമാണ്?
കള്ളപ്പണത്തിന്റെ തോത് ഇപ്പോള്‍ നിസ്സാരമാണ്. രാജ്യത്തെ ബാങ്കിങ് മേഖലയ്ക്ക് ഇത് ആഹ്ലാദകരമായ വര്‍ഷമാണ്. സ്വകാര്യമേഖലയില്‍ ഉള്ളവ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ക്കു പ്രവര്‍ത്തന മൂലധനമുണ്ട്; ലാഭത്തിലുമാണ്. നിഷ്‌ക്രിയാസ്തി നിമിത്തമുള്ള ഭീഷണി ഗണ്യമായി കുറഞ്ഞു. സപ്തംബര്‍ പാദവര്‍ഷത്തില്‍ എസ്.ബി.ഐയുടെ ലാഭം റിലയന്‍സിനെ മറികടന്നു. ഈ നേട്ടത്തിനു കാരണം മുന്‍കാല സര്‍ക്കാരുകള്‍ക്കു ചെയ്യാന്‍ സാധിക്കാതെ പോയ പലതും മോദി സര്‍ക്കാരിനു ചെയ്യാന്‍ സാധിച്ചതാണ്.
♣മുന്‍കാലങ്ങളില്‍ കൂടുതല്‍ക്കൂടുതല്‍ ബാങ്കുകള്‍ ആരംഭിക്കുന്നതിനു പ്രോ ത്സാഹനം നല്‍കുകയായിരുന്നു. ഇപ്പോഴാകട്ടെ, ബാങ്കുകളെ പരസ്പരം ലയിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള അടിസ്ഥാനപരമായ നയംമാറ്റങ്ങള്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കില്ലേ? നയപരമായ തുടര്‍ച്ച രാജ്യത്തിനില്ല എന്ന വിമര്‍ശനം ഉയരില്ലേ?
പൊതുമേഖലാ ബാങ്കുകള്‍ സര്‍ക്കാരിനാല്‍ നിയന്ത്രിതമാണ് എന്നതിനാല്‍ അവയെക്കുറിച്ചു പരാമര്‍ശിക്കുന്നില്ല. എന്നാല്‍, സ്വകാര്യമേഖലയില്‍ പുതിയ ബാങ്കുകള്‍ ആരംഭിക്കുന്നതിന് ഒരു തടസ്സവുമില്ല. സഹകരണ മേഖലയിലാകട്ടെ, പുതിയ അര്‍ബന്‍ ബാങ്കുകള്‍ ആരംഭിക്കുന്നതിനും നിയന്ത്രണമില്ല. നമ്മള്‍ ചെയ്യുന്നത് എന്താണെന്നുവെച്ചാല്‍, രഘുറാം രാജന്‍ ആര്‍.ബി.ഐ. ഗവര്‍ണറാകുന്നതിനു മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ ഒരു പഠനം നടത്തിയിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടില്‍ രാജ്യത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. വലിയ ബാങ്കുകള്‍ ഉണ്ടായിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു. ദേശീയതലത്തിലും മേഖലാതലത്തിലും പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ അനിവാര്യമാണ് എന്നും പഠനത്തിലൂടെ വെളിവായി. ആ ആവശ്യകത നിറവേറ്റുന്നതിനാണ് ഇപ്പോള്‍ ബാങ്കുകളുടെ സംയോജനം നടപ്പാക്കുന്നത്. ബാങ്കുകളുടെ സംയോജനം വലിയ വിജയമാണ്. നമ്മുടെ സംരംഭകര്‍ വലിയ ലക്ഷ്യങ്ങളുമായാണു പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കു പിന്‍തുണയേകാന്‍ വന്‍കിട രാജ്യാന്തര ബാങ്കുകള്‍ക്കു സമാനമായ ബാങ്കുകള്‍ സൃഷ്ടിക്കപ്പടണം. യു.എസ്സിലും ബ്രിട്ടനിലും ജപ്പാനിലുമൊക്കെ സംരംഭകര്‍ക്കു ബാങ്കുകളില്‍നിന്നു ലഭിക്കുന്ന രീതിയിലുള്ള സഹായം ഇന്ത്യയിലും ലഭ്യമാകണം. ആഗോള കമ്പനികളായി വളരാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു സാഹചര്യമൊരുക്കണം. കംപ്യൂട്ടറൈസേഷനോടെ ബാങ്കുകളുടെ പ്രവര്‍ത്തന രീതി മാറി. നേരത്തേ ബാങ്ക് തുടങ്ങാന്‍ മുംബൈ നഗരത്തില്‍ 40,000 ചതുരശ്ര അടി സ്ഥലം വേണമായിരുന്നു എങ്കില്‍ ഇപ്പോള്‍ 15,000 ചതുരശ്ര അടി സ്ഥലം മതി. നേരത്തേ വേണ്ടിയിരുന്നത്ര ജീവനക്കാര്‍ ഇപ്പോള്‍ ആവശ്യമില്ല. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താനാണു ശ്രമം.
♣കേന്ദ്ര സര്‍ക്കാരിന്റെയും ധനവകുപ്പിന്റെ യും ആര്‍.ബി.ഐയുടെയും നയങ്ങളും നടപടിക്രമങ്ങളും രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനത്തിനുമേല്‍ അനാവശ്യമായ കടിഞ്ഞാണിടലാകുന്നു എന്ന വിമര്‍ശനം ഉയരുന്നുണ്ടല്ലോ. എന്താണു പ്രതികരണം?
ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളില്‍ ഒന്നായി ഇന്ത്യ വളരുമ്പോള്‍ ധനമേഖലയില്‍ നിയന്ത്രണങ്ങള്‍ സമ്പൂര്‍ണമാക്കാതിരിക്കാന്‍ കഴിയില്ല. ബാങ്കിങ് മേഖല ദുര്‍ബലമായാല്‍ പറ്റുകയുമില്ല. രാജ്യാന്തര തലത്തില്‍ നിഷ്‌ക്രിയാസ്തി ഒരു ശതമാനത്തിനും രണ്ടു ശതമാനത്തിനും ഇടയിലാണ്. എന്നിരിക്കെ, 10 ശതമാനത്തോളം നിഷ്‌ക്രിയാസ്തി നമുക്ക് അംഗീകരിക്കാന്‍ കഴിയുമോ? നല്ല തോതിലുള്ള മാറ്റം യാഥാര്‍ഥ്യമാക്കാതെ എങ്ങനെ ആഗോള സാമ്പത്തിക ശക്തിയായി ഉയരാന്‍ കഴിയും? ആഗോളതലത്തില്‍ മല്‍സരക്ഷമത നേടിയേ തീരൂ. ഫലപ്രദമായ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലായിരുന്നു എങ്കില്‍ ബാങ്കുകള്‍ക്ക് ഇപ്പോള്‍ നേടിയ തോതിലുള്ള പ്രവര്‍ത്തന വിജയം ഉണ്ടാകുമായിരുന്നില്ല എന്നും ഓര്‍ക്കണം.
♣എന്‍.ബി.എഫ്.സികള്‍ക്കു മേലുള്ള നിയന്ത്രണവും റിസര്‍വ് ബാങ്ക് കടുപ്പിക്കുന്നതായി പരാതിയുണ്ട്. ഫലത്തില്‍ അവ മറ്റൊരു തരം ബാങ്കുകളായി മാറുകയാണോ ചെയ്യുക?
എന്‍.ബി.എഫ്.സികള്‍ നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ലാത്ത ബാങ്കുകളാണ്. ചുരുക്കം എന്‍.ബി.എഫ്.സികള്‍ക്ക് അതിനുകൂടി അനുമതി നല്‍കിയിട്ടുമുണ്ട്. സ്വന്തം മൂലധനത്തിനു പുറമെ വിപണിയില്‍നിന്നു പണം കണ്ടെത്തിയും ബാങ്ക് വായ്പ വഴിയുമാണ് അവ പ്രവര്‍ത്തന മൂലധനം സ്വരൂപിക്കുന്നത്. എന്‍.ബി.എഫ്.സികള്‍ ധനകാര്യ മേഖലയുടെ അനിവാര്യ ഘടകങ്ങളില്‍ ഒന്നാണെങ്കില്‍ അവയെ നിയന്ത്രണവിധേയമാക്കേണ്ടതുമുണ്ട്. വന്‍കിട എന്‍.ബി.എഫ്.സികള്‍ക്കു മേല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. അത്തരം സാഹചര്യങ്ങളിലാണ് എന്‍.ബി.എഫ്.സികള്‍ ചുരുക്കമായി ബാങ്കുകളായി മാറുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിനായി എന്‍.ബി.എഫ്.സികള്‍ ബാങ്കുകളായി മാറുന്നതില്‍ ദോഷകരമായി ഒന്നുമില്ല.
♣ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം ബ്രിട്ടന്റേതിനെ മറികടന്നത് അടുത്തിടെയാണല്ലോ. ജപ്പാന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തെ മറികടക്കാന്‍ ഇന്ത്യക്ക് 2023ല്‍ സാധിക്കുമെന്നും മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം, പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യ വളരെ പിറകിലാണ്. ബ്രിട്ടന്റേത് ഇന്ത്യയുടെ പ്രതീശീര്‍ഷവരുമാനത്തിന്റെ 25 ഇരട്ടിയോ അതിലേറെയോ ആണ്. ഇതു വെളിവാക്കുന്നതു മൊത്തം ആഭ്യന്തര ഉല്‍പാദനം മാത്രം മുന്‍നിര്‍ത്തി ഇന്ത്യ സാമ്പത്തിക ശക്തിയായി മാറുന്നു എന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ല എന്നാണോ?
അങ്ങനെയല്ല. ഇന്ത്യയിലും പ്രതിശീര്‍ഷ വരുമാനം വര്‍ധിച്ചുവരിക തന്നെയാണ്. അത് ഇനിയും ഉയരണമെന്നതില്‍ സംശയമില്ലതാനും. ജനസംഖ്യ വളരെ കൂടുതലായതിനാല്‍ പ്രതിശീര്‍ഷ വരുമാനം ഗണ്യമായി ഉയരാന്‍ സമയമെടുക്കും. ഗ്രാമീണ മേഖലയിലാണ് പ്രതിശീര്‍ഷ വരുമാനം ഏറ്റവും കുറവ്. ഈ ന്യൂനത തിരിച്ചറിഞ്ഞാണു കര്‍ഷകന്റെ വരുമാനം ഇരട്ടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സാങ്കേതിക വിദ്യയും ഉല്‍പാദനക്ഷമതയും മെച്ചപ്പെടുത്തിയും കൃഷിക്കു പുറമെ കര്‍ഷകന്റെ മറ്റു പ്രവര്‍ത്തന മേഖലകള്‍ക്കുകൂടി ഊന്നല്‍ നല്‍കിയും പ്രവര്‍ത്തിക്കുന്നത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. ഉദാഹരണത്തിന്, മൃഗപരിപാലനം കര്‍ഷകന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണക്കാക്കുന്നു. ക്ഷീരോല്‍പാദനം രാജ്യത്തെ കര്‍ഷകനു വലിയ തോതില്‍ വരുമാനം നേടിക്കൊടുക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ക്ഷീരോല്‍പന്നങ്ങള്‍ വ്യാപകമായി കയറ്റുമതി ചെയ്യാനും മറ്റുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിവരികയുമാണ്.
♣കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളും സഹകരണ മേഖലയെ ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ട്. എന്തു മാറ്റമാണ് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സഹകരണ വകുപ്പും മന്ത്രാലയവും വഴി പ്രതീക്ഷിക്കാന്‍ സാധിക്കുക?
ഈ പ്രശ്‌നമുള്ളതു കേരളത്തില്‍ മാത്രമാണെന്നു തോന്നുന്നില്ല. ചിലര്‍ കൂടുതല്‍ ഒച്ചപ്പാടുണ്ടാക്കുന്നു എന്നേ ഉള്ളൂ. മഹാരാഷ്ട്രയിലും മറ്റും ഈ പ്രശ്‌നം അല്‍പം മുന്‍പേ ഉയര്‍ന്നുവന്നിരുന്നു. ഇതു സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഉപരിയായുള്ള ഒന്നാണ് എന്നുകൂടി ഓര്‍ക്കണം. ഇതിന്റെ സാമ്പത്തിക വശം പറയുകയാണെങ്കില്‍, കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം നടപ്പാക്കിയിരിക്കും. തട്ടിപ്പുകള്‍ പിടികൂടുകയും കുറ്റക്കാരെ പുറത്താക്കുകയും ചെയ്യും.
♣കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ വിഭാഗീയ ശക്തികള്‍ക്കും ഭീകരവാദികള്‍ക്കും പിന്‍തുണ നല്‍കാന്‍ കള്ളപ്പണക്കടത്തും സ്വര്‍ണക്കടത്തും ലഹരിക്കടത്തുമൊക്കെ നടത്താന്‍ ദുരുപയോഗംചെയ്യപ്പെടുന്ന വിനാശകരമായ സ്ഥിതിയുണ്ട്. എന്താണു പരിഹാരം?
ഈ വിഷയത്തെക്കുറിച്ച് എനിക്കു കൂടുതല്‍ അറിയില്ല. എന്നാല്‍, ദേശീയ അന്വേഷണ ഏജന്‍സികള്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളെല്ലാം നിരീക്ഷിക്കുന്നുണ്ട്. അധികകാലം ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ സാധിക്കില്ല. വലിയ രാജ്യമല്ലേ; ചില മാര്‍ഗഭ്രംശങ്ങള്‍ കാണും. എന്നാല്‍, അതൊന്നും രാജ്യത്തെ ദോഷകരമായി ബാധിക്കുംവിധം വളരാന്‍ അനുവദിക്കില്ല.
♣കേരളത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ (പി.എ.സി.എസ്.) അവയുടെ പേരിനൊപ്പം ബാങ്ക് എന്ന പേരുകൂടി ഉപയോഗിക്കുന്നുണ്ട്. വിശ്വാസ്യത നിലനിര്‍ത്താന്‍ പേരില്‍ ബാങ്ക് എന്നതു നിലനിര്‍ത്തിയേ തീരൂ എന്ന് അത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ പറയുകയും ചെയ്യുന്നു. ഇവ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതു നിയമപരമാണോ?
അല്ല. ബാങ്കെന്ന പേര് ഉപയോഗിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് അര്‍ഹതയില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇത്തരത്തിലുള്ള പേരുകള്‍ ഉപയോഗിക്കുന്നതു വഴി ചെയ്യുന്നത്. ബാങ്കുകളിലേതിനു സമാനമായി നിക്ഷേപം ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെന്നും മറ്റുമുള്ള തെറ്റിദ്ധാരണ പടരാന്‍ ഇത് ഇടയാക്കും. ദക്ഷിണ കര്‍ണാടക, കേരളം, തമിഴ്‌നാടിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമേ പി.എ.സി.എസ്. എന്ന പേരുള്ളൂ. പേരില്‍ ബാങ്ക് എന്നില്ലെങ്കില്‍ വിശ്വാസ്യത നഷ്ടപ്പെടുമെന്നു പറയുന്നതൊക്കെ അടിസ്ഥാനരഹിതമാണ്. ജനങ്ങള്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപവുമായി എത്തുന്നത് അവ നല്‍കുന്ന സേവനങ്ങള്‍ പ്രതീക്ഷിച്ചാണ്.
പണം കടം കൊടുക്കുന്ന ഒരു സ്ഥാപനത്തിന്റെ തലവന്‍ ഇന്നു കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത് ബാങ്ക് ഗ്രൂപ്പിന്റെ തലവനാണ് എന്നാണ്. ബാങ്കുകള്‍ക്കു നല്‍കുന്ന ഇളവുകള്‍ വേണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. മുദ്ര വായ്പ നല്‍കാന്‍ അനുമതി വേണമെന്നൊക്കെയാണ് ആവശ്യം. അതൊക്കെ എങ്ങനെ അംഗീകരിക്കാന്‍ കഴിയും? വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് ഏതാനും വര്‍ഷം മുന്‍പ് നടത്തിയ വിവര ശേഖരണത്തില്‍ തെളിഞ്ഞത് ഇത്തരം അധാര്‍മിക പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്താകമാനം സാധാരണ മനുഷ്യര്‍ക്ക് 65000 കോടി രൂപ നഷ്ടമായി എന്നാണ്.
♣ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണല്ലോ. ഇത് ഉല്‍പാദനം വര്‍ദ്ധിക്കാനിടയാക്കിയാല്‍ വിപണിയുടെ പ്രതികരണം എങ്ങനെയായിരിക്കും? ലഭ്യത കൂടുന്നതോടെ ആവശ്യകത കുറയുകയും വില ഇടിയുകയും ചെയ്യുമോ?
അത്തരത്തിലുള്ള ആശങ്കയ്‌ക്കൊന്നും അടിസ്ഥാനമില്ല. ദീര്‍ഘദര്‍ശനപരവും പുരോഗമനാത്മകവുമായ ആശയമാണ് ആത്മനിര്‍ഭര്‍ ഭാരത്. മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന പ്രയോഗം ആദ്യമായി നടത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ മോദി ശക്തമായി വിമര്‍ശിക്കപ്പെട്ടിരുന്നു എന്നു ഞാന്‍ ഓര്‍ക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യയല്ല മെയ്ഡ് ഇന്‍ ഇന്ത്യയാണ് ആവശ്യം എന്നായിരുന്നു ഒരു വാദം. എന്നാല്‍ മെയ്ഡ് ഇന്‍ ഇന്ത്യ ഉണ്ടാവണമെങ്കില്‍ ഉല്‍പാദനം തുടങ്ങണമല്ലോ. രാജ്യം ഇപ്പോള്‍ റെയില്‍വേ റോളിങ് സ്‌റ്റോക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്ന് എത്ര പേര്‍ക്കറിയാം? പ്രതിരോധ സാമഗ്രികള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് എത്ര പേര്‍ മനസ്സിലാക്കിയിട്ടുണ്ട്? ലോകത്തിന്റെ മരുന്നുല്‍പാദന, കയറ്റുമതി കേന്ദ്രമായി ഇന്ത്യ പ്രവര്‍ത്തിക്കുന്നു. ശരിയായ ദിശയിലാണു നാം പ്രവര്‍ത്തിക്കുന്നത്. ഉപഭോഗം ഇന്ത്യയില്‍ കുറവാണ്. എന്നാല്‍, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്ന മുറയ്ക്ക് ജനങ്ങളുടെ വരുമാനം വര്‍ധിക്കും. അതോടെ, ഉപഭോഗം വര്‍ധിക്കുകയും ചെയ്യും.