1916 ലെ ഒരു മഴക്കാലം. ചട്ടമ്പിസ്വാമികള്‍ കൊടുങ്ങല്ലൂരില്‍ ഒരു സുഹൃത്തിന്റെ രോഗമന്വേഷിക്കുവാന്‍ പോയശേഷം പറവൂരിലേക്ക് മടങ്ങി വരികയായിരുന്നു. യാത്ര ചെറിയ തോണിയിലായിരുന്നു. സ്വാമികളെ കൂടാതെ മറ്റ് രണ്ടു പേരും കൂടി യാത്രക്കാരായുണ്ടായിരുന്നു. സമയം സന്ധ്യയോടടുത്തു. അഴിക്കോട് കഴിഞ്ഞ് കായലിലെത്തിയപ്പോഴേയ്ക്കും നല്ല ഇരുട്ടായി. കാറ്റും മഴയും കോളും. വള്ളക്കാരന്‍ അത്ര വിദഗ്ദ്ധനല്ലായിരുന്നു. വെളിച്ചം തീരെയില്ല. നല്ലതുപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ വള്ളം കടലിലേക്ക് പോകുമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ആശങ്കയേറി. വള്ളക്കാരന്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടു. എല്ലാവരും ഭയന്നു വിറയ്ക്കാന്‍ തുടങ്ങി. താമസിയാതെ വളളം ഒരു ഓളത്തില്‍ ചെന്നുപെട്ടു. യാത്രക്കാരായ മറ്റു രണ്ടു പേരും ഭയവിഹ്വലരായി വള്ളക്കാരനെ തന്നെ നോക്കിയിരുന്നു. അയാള്‍ പ്രാണഭയം മൂലം കഴക്കോലെടുക്കാതെ വിറച്ച് ചുരുണ്ടുകൂടി ഇരിപ്പാണ്. അയാളെ വിളിച്ചുനോക്കി. അനക്കമില്ല. പൂര്‍ണ്ണമരണഭീതി അവരേയും പിടികൂടി.
സ്വാമികളുടെ നിസ്സംഗഭാവം കണ്ട് ഇരുവരും അദ്ദേഹത്തിനടുത്തേയ്ക്കു ചെന്നു; സ്വാമിജിയാവട്ടെ മൂളിപ്പാട്ടുമായിരിക്കുന്നു.
”നമ്മുടെ അവസാനയാത്രയായിരിക്കും ഇത്. സ്വാമി തിരുവടികള്‍ക്ക് ഞങ്ങള്‍ മൂലം ഈ ഗതി വന്നല്ലോ! വള്ളം കടലില്‍ പതിച്ചതു തന്നെ. കൊടുങ്ങല്ലൂര്‍ അഴിയോടടുത്താല്‍ പിന്നെ എങ്ങനെ രക്ഷപ്പെടും?” സങ്കടത്തോടെ അവര്‍ സ്വാമിജിയെ വിവരം ധരിപ്പിച്ചു. ”നമുക്ക് ഒരാപത്തിനും ഇപ്പോള്‍ കാലമായില്ല. പരിഭ്രമിക്കാതിരിക്കൂ”. സ്വാമിജി അവരെ സമാശ്വസിപ്പിച്ചു. വള്ളത്തിന്റെ ശീഘ്രഗതി കണ്ട് ആശ്വാസവചനം അവരുടെ മനസ്സിനെ ശാന്തമാക്കിയില്ല. പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അങ്ങകലെ ഒരു പ്രകാശം കണ്ടു. എല്ലാവര്‍ക്കും അല്പം ആശ്വാസമായി. ഒഴുക്കിനും കടലിലേക്കുള്ള ഗതിവേഗത്തിനും വിപരീതമായി വള്ളം സാവകാശം മൂത്തകുന്നം ക്ഷേത്രനടയില്‍ വന്നു നിന്നു. യാത്രികര്‍ക്ക് ശ്വാസം നേരെ വീണു. അര്‍ദ്ധപ്രജ്ഞനായ വള്ളക്കാരനെ വിളിച്ചുണര്‍ത്തി. ക്ഷേത്രത്തിലെ ശാന്തിക്കാരനും ആള്‍ക്കാരും വന്ന് അവരെ എതിരേറ്റു. സ്വാമിജിയും സഹയാത്രികരായ സുഹൃത്തുക്കളും സുഖമായി താമസസ്ഥലത്തെത്തി.
സ്വാമി തിരുവടികളുടെ അമാനുഷമായ സിദ്ധി വൈഭവം ആത്മരക്ഷയ്ക്കായും സുഹൃത്തുക്കളുടെ രക്ഷയ്ക്കായും അദ്ദേഹം പ്രദര്‍ശിപ്പിക്കുകയായിരുന്നു.
Comments