ഭഗീരഥന്റെ പൂര്‍വ്വപിതാവായിരുന്നു അയോധ്യ ഭരിച്ചിരുന്ന സഗര രാജാവ്. മക്കളില്ലാതിരുന്ന അദ്ദേഹത്തിന് ഭൃഗുമുനിയുടെ അനുഗ്രഹത്താല്‍ കേശിനിയില്‍ ഒരു പുത്രനും സുമതിയില്‍ അറുപതിനായിരം മക്കളുമുണ്ടായി. സാഗര രാജാവ് അശ്വമേധയാഗം നടത്താന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ഇന്ദ്രദേവന്‍ രാക്ഷസവേഷത്തില്‍ വന്ന് യാഗാശ്വത്തെ മോഷ്ടിച്ചു. എന്നിട്ട് അതിനെ പാതാളത്തില്‍ കപിലമുനി തപസ്സ് ചെയ്യുന്നിടത്ത് കൊണ്ട് ചെന്ന് ബന്ധിച്ചു. സഗര പുത്രന്മാര്‍ ഭൂമി മുഴുവന്‍ തേടി നടന്നിട്ടും യാഗാശ്വത്തെ കണ്ടെത്താനായില്ല. ഒടുവില്‍ അവര്‍ ഭൂമി കുഴിച്ച് പാതാളത്തിലുമെത്തി. അവിടെ അശ്വത്തെകണ്ടവര്‍ സന്തോഷംകൊണ്ട് ആര്‍ത്തു വിളിച്ചു. ഇത് കണ്ട കപിലമുനി അവരെ നേത്രാഗ്നിയാല്‍ ഭസ്മമാക്കി. തന്റെ മക്കളുടെ ഉദകക്രിയകള്‍ നടത്താന്‍ സഗരന് കഴിഞ്ഞില്ല. പിന്നേയും രാജാക്കന്മാര്‍ വന്നെങ്കിലും അവര്‍ക്കും അതിന് സാധിച്ചില്ല. പിന്നീട് ദിലീപരാജാവിന് ഭഗീരഥന്‍ പിറന്നു. കുറച്ച് കാലം രാജ്യഭാരം ഏറ്റെടുത്തെങ്കിലും പിന്നീട് തപസ്സിനുപോയി. ഘോരതപസ്സിലൂടെ ബ്രഹ്‌മാവിനെ പ്രത്യക്ഷപ്പെടുത്തി.
ഭഗീരഥന്‍ തന്റെ പിതാമഹന്മാര്‍ക്ക് മോക്ഷം ലഭിക്കുന്നതിനായി ഗംഗാനദിയെ ഭൂമിയിലേയ്ക്ക് ഒഴുക്കണമെന്ന വരം ചോദിച്ചു. ബ്രഹ്‌മാവ് ഗംഗാദേവിയോട് ഭൂമിയിലേയ്ക്ക് ഒഴുകാന്‍ കല്പിച്ചു. ഗംഗാദേവി പ്രത്യക്ഷപ്പെട്ട് ഹിമവാന്റെ പുത്രിയായ ഗംഗയെ താങ്ങുവാന്‍ ഭൂമീ ദേവി അശക്തയാണെന്നറിയിച്ചു. ശിവന് മാത്രമേ അത് സാധിക്കുകയുള്ളൂ. ഇതറിഞ്ഞ ഭഗീരഥന്‍ കഠിന തപസ്സിലൂടെ ശിവനെ പ്രീതിപ്പെടുത്തി. ശിവന്‍ ഗംഗയെ തന്റെ ജടയില്‍ വഹിക്കാമെന്ന് സമ്മതിച്ചു. അങ്ങനെ ഗംഗ ശിവന്റെ തലയിലേയ്ക്ക് പ്രവഹിച്ചു. എത്ര ശക്തിയില്‍ താന്‍ പ്രവഹിച്ചിട്ടും അചഞ്ചലനായി നില്‍ക്കുന്ന ശിവനെകണ്ട് ഗംഗാദേവിക്ക് അഹങ്കാരമായി. ഇതു മനസ്സിലാക്കിയ ശിവന്‍ ഗംഗയെ തന്റെ ജടയില്‍ ഒതുക്കി. ജടയില്‍ നിന്നും പുറത്തുകടക്കാനാവാതെ ഗംഗാദേവി വിഷമിച്ചു. അനേകായിരം വര്‍ഷങ്ങള്‍ ഗംഗാദേവി ശിവന്റെ ജടയില്‍ ചുറ്റി നടന്നു. ഗംഗയെ കാണാതെ ഭഗീരഥന്‍ വിഷമിച്ചു. അദ്ദേഹം പിന്നെയും ശിവനെ തപസ്സു ചെയ്യാന്‍ ആരംഭിച്ചു. ഒടുവില്‍ ശിവന്‍ പ്രസാദിച്ചു. ഗംഗയെ ഭൂമിയിലേയ്ക്ക് ഒഴുക്കിക്കൊടുത്തു. ഭഗീരഥന്‍ മുന്നിലും ഗംഗ പിറകിലുമായി പാതാളത്തിലേയ്ക്ക് നീങ്ങി. അങ്ങനെ ഭഗീരഥന്‍ സഗരപുത്രന്മാര്‍ക്ക് ഉദകക്രിയ നടത്തി മോക്ഷം നല്‍കി.