കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടുന്നതിനുള്ള പാരീസ് ഉടമ്പടിയും ഐക്യരാഷ്ട്രസഭയുടെ 2030 ലേക്കുള്ള സുസ്ഥിര വികസന ലക്ഷ്യവും ഫലപ്രദമായി നടപ്പിലാക്കുന്നതിനു മുഖ്യ പങ്കുവഹിക്കുന്ന ഒരുഘടകമാണു ഊര്‍ജ്ജ വിനിയോഗം. ‘എല്ലാവര്‍ക്കും താങ്ങാനാവുന്നതും വിശ്വസനീയവും സുസ്ഥിരവും ആധുനികവുമായ ഊര്‍ജ്ജത്തിലേക്കുള്ള പ്രവേശനം ഉറപ്പാക്കുക’ എന്നതാണ് സുസ്ഥിരവികസനലക്ഷ്യം 2030 മുന്നോട്ടുവെക്കുന്ന ആശയം.
ഊര്‍ജ്ജവുമായി ബന്ധപ്പെട്ട് രണ്ട് മുഖ്യ വെല്ലുവിളികളാണു ഇന്നു ലോകത്തുള്ളത്. 2030ഓടെ എല്ലാവര്‍ക്കും ശുദ്ധവും താങ്ങാനാവുന്നതുമായ ഊര്‍ജ്ജ സേവനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുകയും 2050ഓടെ പൂജ്യം പുറന്തള്ളലിലേക്കുള്ള ഊര്‍ജ്ജ സംക്രമണം ത്വരിതപ്പെടുത്തുകയുമാണ് ആ വെല്ലുവിളികള്‍.
2021 സെപ്തംബര്‍ 24ന്, 130ലധികം രാഷ്ട്രത്തലവന്മാരും ഉന്നത പ്രതിനിധികളും ഊര്‍ജ്ജവുമായി ബന്ധപ്പെട്ട ഉന്നതതല സംവാദത്തിനായി ഒത്തുകൂടി. 40 വര്‍ഷത്തിനിടെ ഊര്‍ജ്ജത്തെക്കുറിച്ചുള്ള ആദ്യ ഉച്ചകോടി തല യോഗമെന്ന നിലയില്‍, സുസ്ഥിര വികസന ലക്ഷ്യത്തിന്റെ നേട്ടത്തിനായി ഒരു ആഗോള റോഡ്മാപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഊര്‍ജ്ജത്തെ സംബന്ധിച്ച മുഖ്യവെല്ലുവിളികള്‍ പരിഹരിക്കാനുള്ള പരിവര്‍ത്തന പ്രവര്‍ത്തനത്തിന് രാജ്യങ്ങളെ പ്രതിജ്ഞാബദ്ധമാക്കാനുമുള്ള ചരിത്രപരമായ അവസരമാണ് ഈ സംവാദം നല്‍കിയത്. താങ്ങാനാവുന്നതും വിശ്വസനീയവും ആധുനികവുമായ ഊര്‍ജ്ജ സേവനങ്ങളിലേക്കുള്ള സാര്‍വത്രിക പ്രവേശനം ഉറപ്പാക്കുക, ആഗോള ഊര്‍ജ്ജ മിശ്രിതത്തില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്റെ പങ്ക് ഗണ്യമായി വര്‍ദ്ധിപ്പിക്കുക, ഊര്‍ജ്ജ കാര്യക്ഷമതയില്‍ ആഗോളതലത്തില്‍ മെച്ചപ്പെടുത്തല്‍ നിരക്ക് ഇരട്ടിയാക്കുക എന്നീ ലക്ഷ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവ കൈവരിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ലിംഗസമത്വം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും, ശുദ്ധജലവും ശുചിത്വവും, മാന്യമായ തൊഴിലവസരങ്ങള്‍, ഗതാഗതം എന്നിവയുള്‍പ്പെടെയുള്ള മറ്റ് സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ നേടുന്നതിനെ ത്വരിതപ്പെടുത്തും.
അഞ്ച് ആശയങ്ങള്‍
1. ഊര്‍ജ്ജ പ്രവേശന വിടവ് അടയ്ക്കുക: നിലവില്‍ വൈദ്യുതിയില്ലാതെ ജീവിക്കുന്ന 760 ദശലക്ഷം ആളുകള്‍ക്കും ഇപ്പോഴും പാചകത്തിന് ദോഷകരമായ ഇന്ധനങ്ങളെ ആശ്രയിക്കുന്ന 2.6 ബില്യണ്‍ ആളുകള്‍ക്കും ശുദ്ധമായ ഊര്‍ജ്ജം ലഭ്യമാക്കാന്‍ നിര്‍ണായക നടപടി ആവശ്യമാണ്. 2030ഓടെ എല്ലാവര്‍ക്കും ശുദ്ധവും ഡീകാര്‍ബണൈസ്ഡുമായ എനര്‍ജിയും ലഭ്യമാക്കുന്നത് എല്ലാതലങ്ങളിലും അടിയന്തിര രാഷ്ട്രീയ മുന്‍ഗണനയായിരിക്കണം. ഊര്‍ജ്ജ ലഭ്യതയിലെ വിടവ് നികത്തുന്നതിനും 2025ഓടെ ഇത് പകുതിയായി കുറയ്ക്കുന്നതിനുമുള്ള നിക്ഷേപത്തിന് മുന്‍ഗണന നല്‍കണം.
2. ഡീകാര്‍ബണൈസ്ഡ് എനര്‍ജി സിസ്റ്റങ്ങളിലേക്ക് അതിവേഗം പരിവര്‍ത്തനം: ആഴത്തിലുള്ള ഊര്‍ജ ഡീകാര്‍ബണൈസേഷന്‍ ഇല്ലെങ്കില്‍, പാരീസ് ഉടമ്പടിയുടെ ലക്ഷ്യം നേടാനാവാതെ വരും. ഹരിതഗൃഹ വാതക ഉദ്‌വമനം 2030ഓടെ 2010 ലെ നിലവാരത്തേക്കാള്‍ 45 ശതമാനം കുറയ്ക്കുകയും 2050ഓടെ പൂജ്യം പുറന്തള്ളലിലെത്തുകയും ചെയ്യേണ്ടതുണ്ട്. പുനരുപയോഗ ഊര്‍ജത്തിന്റെ വിന്യാസം വളരെ പിന്നിലാണ്. പ്രത്യേകിച്ചും ഗതാഗതം, വ്യവസായം എന്നിവയില്‍. ആഗോള ഊര്‍ജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തലുകള്‍ ഗണ്യമായി വര്‍ദ്ധിക്കണം. കല്‍ക്കരി വൈദ്യുതോല്‍പ്പാദനത്തില്‍ കുറവു വരുത്തുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നീക്കം ആഗോളതലത്തില്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്.
3. മതിയായതും പ്രവചിക്കാവുന്നതുമായ ധനസമാഹരണം: പുനരുപയോഗ ഊര്‍ജത്തിലും ഊര്‍ജ്ജ കാര്യക്ഷമതയിലും ആഗോള നിക്ഷേപം 2030ല്‍ മൂന്നിരട്ടിയാക്കണം. ഫോസില്‍ ഇന്ധന സബ്‌സിഡി പുനരുപയോഗിക്കാവുന്നവയിലേക്ക് മാറ്റുന്നതും കാര്‍ബണ്‍ പുറന്തള്ളലിനു പിഴനല്‍കുന്നതും ഊര്‍ജ പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നതില്‍ നിര്‍ണായകമാകും. ഊര്‍ജ്ജ സംക്രമണം ത്വരിതപ്പെടുത്തുന്നതിന്, ആവശ്യമായ പൊതുസ്വകാര്യ ധനസഹായവും നിക്ഷേപവും ഉത്തേജിപ്പിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യാ കൈമാറ്റവും മുന്‍ഗണനയര്‍ഹിക്കുന്നു.
4. പൂജ്യം പുറന്തള്ളല്‍ ഭാവിയിലേക്കുള്ള പാതയില്‍ ആരെയും പിന്നിലാക്കരുത്: ആഗോള ഊര്‍ജ പരിവര്‍ത്തനം നീതിയുക്തവും തുല്യവുമായിരിക്കണം. രണ്ട് ദേശീയ ഊര്‍ജ്ജ പരിവര്‍ത്തന പാതകള്‍ സമാനമാകില്ല. നയങ്ങളിലൂടെയും ആസൂത്രണത്തിലൂടെയും ഊര്‍ജ്ജ പരിവര്‍ത്തനത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശ ചട്ടക്കൂടായി സുസ്ഥിര വികസന ലക്ഷ്യം സംയോജിപ്പിക്കണം. ഊര്‍ജ്ജപരിവര്‍ത്തനം മൊത്തത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ബാധിതരായ തൊഴിലാളികളുടെ പുനര്‍നൈപുണ്യത്തിലും കമ്മ്യൂണിറ്റികളുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിലും നിക്ഷേപം നടത്തുന്നത് നിര്‍ണായകമാണ്. ഇത് ന്യായമായ പരിവര്‍ത്തനം ഉറപ്പാക്കുന്നു.
5. നവീകരണവും സാങ്കേതികവിദ്യയും ഡാറ്റയും പ്രയോജനപ്പെടുത്തുന്നു: ഗവണ്‍മെന്റുകള്‍ അവരുടെ പരിവര്‍ത്തന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഊര്‍ജ്ജ നവീകരണത്തിനും സാങ്കേതിക വികസനത്തിനും വിന്യാസത്തിനും വ്യക്തമായ ദിശാബോധം സ്ഥാപിക്കുകയും പരിതസ്ഥിതികള്‍ പ്രാപ്തമാക്കുകയും വേണം. ഡാറ്റയുടെ ശേഖരണം, മാനേജ്‌മെന്റ്, ആപ്ലിക്കേഷന്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ വിഭജനം പരിഹരിക്കുന്നതിനും കൂടുതല്‍ നിക്ഷേപം ആവശ്യമാണ്. വികസ്വര രാജ്യങ്ങളിലേക്ക് സാങ്കേതിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം വിപുലീകരിക്കണം.
മേല്‍പ്പറഞ്ഞ അഞ്ച് ആശയങ്ങളെ ആസ്പദമാക്കി വേണം ഭാവിലോകത്തിന്റെ ഇന്ധന സാധ്യതകളേക്കുറിച്ച് ചിന്തിക്കുവാന്‍. ഫോസില്‍ ഇന്ധനങ്ങളായ പെട്രോള്‍, ഡീസല്‍, കല്‍ക്കരി തുടങ്ങിയവയുടെ ലഭ്യത ഭാവിയില്‍ വളരെക്കുറയുമെന്നതിനാലും അവ ആഗോളതാപനത്തില്‍ വരുത്തുന്ന പങ്ക് മുഖ്യമാണെന്നതിനാലും പുനരുല്‍പ്പാദന സാധ്യതയുള്ളതും കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ളതുമായ ഇന്ധനങ്ങള്‍ ആണ് കാര്‍ബണ്‍ ന്യൂട്രല്‍ ആയ ഭാവി ലോകത്തിന് ആവശ്യം.
അതിവേഗ വൈദ്യുതീകരണത്തിന്റെ യുഗത്തിലേക്ക് നാം പ്രവേശിക്കുകയാണ്. അതിനാല്‍ ബ്ലൂം ബെര്‍ഗ് ന്യൂ എനര്‍ജി ഫിനാന്‍സ് (ബിഎന്‍ഇഎഫ്) പ്രകാരം 2050 ഓടെ ആഗോള വൈദ്യുതി ആവശ്യം 57% ഉയരുമെന്ന് പ്രവചിക്കുന്നു. മറ്റു പ്രവചനങ്ങള്‍ 80% അല്ലെങ്കില്‍ 100% വര്‍ദ്ധനവ് സൂചിപ്പിക്കുന്നു. സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള വൈദ്യുതി തുടങ്ങിയ വികേന്ദ്രീകൃത പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളുടെ വര്‍ദ്ധിച്ചുവരുന്ന പങ്ക് ഉള്‍പ്പെടുത്തുന്നതിനായി ലോകമെമ്പാടുമുള്ള ഊര്‍ജ്ജ സംവിധാനങ്ങള്‍ മാറുകയാണ്. വൈദ്യുതി ഉല്പാദനം ഡീകാര്‍ബണ്‍ ചെയ്യുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗ്ഗം പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ്. ഇവ ഇതിനകം ആഗോള വൈദ്യുതി ഉത്പാദനത്തിന്റെ 28% ആയിക്കഴിഞ്ഞിരിക്കുന്നു.
നിരവധി ബദല്‍ ഇന്ധനങ്ങള്‍ ഇന്നു ലഭ്യമാണ്. സ്ഥിര/താല്‍ക്കാലിക ഊര്‍ജ്ജ മേഖലകളിലുടനീളം വിജയകരമായി പുനരുപയോഗിക്കാവുന്ന ഡീസല്‍(ഹൈഡ്രോട്രീറ്റഡ് വെജിറ്റബിള്‍ ഓയില്‍) പ്രധാനമായും യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ വികസിത വിപണികളില്‍ ലഭ്യമാണ്. ഇത് കാര്‍ബണ്‍ പുറന്തള്ളല്‍ 85% വരെ കുറയ്ക്കുകയും നിലവിലുള്ള വൈദ്യുതി ഉത്പാദന ഉപകരണങ്ങളുമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ ഫോസില്‍ ഡീസലിനേക്കാള്‍ കൂടുതല്‍ ചെലവേറിയതായി ഇത് കണക്കാക്കപ്പെടുന്നു. കൂടാതെ ഫീഡ്‌സ്റ്റോക്ക് ഉല്പാദിപ്പിക്കുന്നതില്‍ വനനശീകരണത്തെക്കുറിച്ച് ആശങ്കകളുണ്ട്. ഫേം/ബയോഡീസലാണ് മറ്റൊരു സാധ്യത. ഫോസില്‍ ഡീസലിനെ അപേക്ഷിച്ച് 78% കാര്‍ബണാണ് ബയോഡീസല്‍ പുറന്തള്ളുന്നത്. ദ്രവീകൃത പ്രകൃതിവാതകം (എല്‍എന്‍ജി) കുറഞ്ഞ ദൂരത്തില്‍ സഞ്ചരിക്കേണ്ട പദ്ധതികള്‍ക്ക് അനുയോജ്യമാണ്. ഖനന പദ്ധതികളിലും, ഓയില്‍ ഗ്യാസ് മേഖലകളിലും ഇത് ഉപയോഗിക്കുന്നു. ബയോഗ്യാസ്(മീഥെയ്ന്‍), അസ്സോസിയേറ്റഡ് പെട്രോളിയം ഗ്യാസ് തുടങ്ങിയ ഇന്ധനങ്ങള്‍ വ്യവസായ പ്രവര്‍ത്തനങ്ങളുടെ ഉപോത്പന്നമായി ലഭിക്കുന്നവയും ഇന്ധനാവശ്യങ്ങള്‍ നിറവേറ്റാന്‍ ചെറിയനിലയില്‍ സഹായിക്കുന്നവയുമാണ്.
ജൈവ മെഥനോള്‍ ഉപയോഗിച്ചാല്‍ ഫോസില്‍ ഇന്ധനങ്ങളെ അപേക്ഷിച്ചു് ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാന്‍ കഴിയും. ബയോമാസ്സില്‍ നിന്നും നിര്‍മ്മിക്കുന്ന ബയോമെഥനോള്‍ ദ്രവാവസ്ഥയില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനും സംഭരിച്ചു സൂക്ഷിക്കുന്നതിനുമുള്ള സാധ്യതകള്‍ നല്‍കുകയും ചെയ്യുന്നു.
ഇന്ധനലഭ്യതയുടെ ഭാവി സാധ്യതകളില്‍ ഏറ്റവും പ്രാധാന്യമേറിയത് ഹൈഡ്രജന്‍ അധിഷ്ഠിത ഇന്ധനങ്ങള്‍ തന്നെ. ഹൈഡ്രജന്‍ ഇന്ധന സെല്ലുകളില്‍, ബാറ്ററി പോലുള്ള ഇലക്ട്രോകെമിക്കല്‍ സെല്ലുകളിലുടനീളം ഹൈഡ്രജന്‍ ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിച്ച് വൈദ്യുതിയും വെള്ളവും കുറച്ച് ചൂടും ഉത്പാദിപ്പിക്കുന്നു. നിലവില്‍, ഇന്ധനമായി ഉപയോഗിക്കുന്ന ഹൈഡ്രജന്‍ 95 ശതമാനത്തിലധികം ഫോസില്‍ ഇന്ധന ശേഖരങ്ങളില്‍ നിന്ന് പരിഷ്‌കരണത്തിലൂടെയും ബാക്കി 5% വൈദ്യുതവിശ്ലേഷണത്തിലൂടെയും ഉല്പാദിപ്പിക്കപ്പെടുന്നു. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതവിശ്ലേഷണ പ്രക്രിയ ഉപയോഗിച്ചു് നിര്‍മ്മിക്കുന്ന ഹൈഡ്രജനെ ഗ്രീന്‍ ഹൈഡ്രജന്‍ എന്നു വിശേഷിപ്പിക്കുന്നു. ഗ്രീന്‍ ഹൈഡ്രജന്‍ അതിന്റെ ഉല്‍പ്പാദനപ്രക്രിയയിലും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഉപയോഗിക്കുമ്പോഴും കാര്‍ബണ്‍ പുറന്തള്ളുന്നേയില്ല എന്നത് പരമപ്രധാനമാണ്.
പുതിയ ഇന്ധനങ്ങളുടെ കടന്നു വരവ് സാങ്കേതികവിദ്യയുടെ മാറ്റത്തിനും കാരണമാകുന്നു. ഈ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിന് നിലവിലുള്ള സാങ്കേതിക വിദ്യ ഉയര്‍ത്തുകയോ മാറ്റുകയോ ചെയ്യേണ്ടതുണ്ട്. അത് അനന്തമായ സാധ്യതകളാണു ഭാവി ലോകത്തിനുമുന്നില്‍ തുറന്നുവെക്കുന്നത്. രാജ്യങ്ങളുടെ പരസ്പര സഹകരണത്തോടെ മാത്രമേ അത് സുസാധ്യമാവുകയുമുള്ളൂ.