Monday, October 2, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖലേഖനം

ഭാവിയുടെ ഇന്ധനങ്ങള്‍

ഷാബു പ്രസാദ്

Print Edition: 2 December 2022

പ്രപഞ്ചത്തിന്റെ നിലനില്പിന്റെയും ചലനാത്മകതയുടെയും ഏറ്റവും അടിസ്ഥാനഘടകമാണ് ഊര്‍ജ്ജം. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഭ്രമണവും പ്രപഞ്ചവികാസവുമെല്ലാം ഇവിടെ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജത്തിന്റെ ഫലമായി സംഭവിക്കുന്നതാണ്. ഇതിനെല്ലാം അടിസ്ഥാനമായ ആ ഊര്‍ജ്ജം എപ്പോള്‍ എവിടെ നിന്ന് ഉദ്ഭവിച്ചു എന്നത് ഇന്നും അജ്ഞാതമാണ്. പക്ഷെ ഒരു കാര്യത്തില്‍ സംശയമില്ല. ഈ പ്രപഞ്ചത്തില്‍ ആകെയുള്ള ഊര്‍ജ്ജം എന്നത് എന്നും ഒരുപോലെയാണ്. എന്നുവെച്ചാല്‍, പുതുതായി ഊര്‍ജ്ജം നിര്‍മ്മിക്കപ്പെടുന്നുമില്ല നശിപ്പിക്കപ്പെടുന്നുമില്ല. ഊര്‍ജ്ജത്തിന്റെ ഭാവം ഒന്നില്‍ നിന്ന് മറ്റൊന്നായി മാറുക മാത്രമേ ചെയ്യുന്നുള്ളൂ. വൈദ്യുതോര്‍ജ്ജം ഫാനില്‍ കൂടി കടന്നുപോകുമ്പോള്‍ അത് ഗതികോര്‍ജ്ജമായി മാറുന്നു, ഉയരത്തില്‍ അണക്കെട്ടില്‍ കെട്ടിനിര്‍ത്തിയ വെള്ളത്തിന്റെ സ്ഥാനികോര്‍ജ്ജം ഉപയോഗിച്ച് ജനറേറ്റര്‍ കറക്കുമ്പോള്‍ അത് വൈദ്യുതിയായി മാറുന്നു. ഇതാണ് വിഖ്യാതമായ ഊര്‍ജ്ജസംരക്ഷണനിയമം.

ഭൂമിയില്‍ മനുഷ്യന് ജീവിക്കാന്‍ അത്യാവശ്യം വേണ്ട ഘടകമാണ് ഊര്‍ജ്ജം. ആദ്യം പറഞ്ഞതുപോലെ ഈ പ്രപഞ്ചത്തില്‍ ആകെയുള്ള ഊര്‍ജ്ജത്തിന്റെ ഒരു ഭാഗം ഈ ഭൂമിയിലുമുണ്ട്. അത് പലയിടത്തായി സംഭരിക്കപ്പെട്ടിരിക്കയാണ്. അവയുടെ കണ്ടെത്തലും ഉപയോഗവുമാണ് മാനവരാശിയുടെ പുരോഗതിയുടെ അടിസ്ഥാനഘടകം.

ഭൂമിയില്‍ സംഭരിക്കപ്പെട്ട ഊര്‍ജ്ജത്തിന്റെ അടിസ്ഥാന സ്രോതസ്സ് സൂര്യനാണ്. ഇന്ന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് ഫോസില്‍ ഇന്ധനങ്ങള്‍ ആണല്ലോ. കല്‍ക്കരിയും പെട്രോളുമെല്ലാം ഫോസില്‍ ഇന്ധനങ്ങള്‍ ആണ്. ഭൂമിയില്‍ ഒരുകാലത്ത് ജീവിച്ചു മണ്ണടിഞ്ഞ സസ്യങ്ങളും സൂക്ഷ്മജീവികളും ലക്ഷക്കണക്കിന് വര്‍ഷത്തെ പരിവര്‍ത്തനം കൊണ്ട് രൂപാന്തരം പ്രാപിച്ചാണ് കല്‍ക്കരിയും പെട്രോളിയവും ആയി മാറുന്നത്. ജീവിച്ചിരുന്ന കാലത്ത് അവ ആഗിരണം ചെയ്ത ഊര്‍ജ്ജത്തിന്റെ ഒരു ഭാഗം ഹൈഡ്രോ കാര്‍ബണ്‍ തന്മാത്രകളില്‍ സംഭരിച്ചുവെച്ചത്, പിന്നീട് കുഴിച്ചെടുത്ത് ജ്വലിപ്പിക്കുമ്പോള്‍ താപോര്‍ജ്ജമായി പുറത്ത് വരുന്നു. ജീവിച്ചിരുന്ന കാലത്ത് അവ ഊര്‍ജ്ജസംഭരണം നടത്തിയിരുന്നത് സൂര്യപ്രകാശം ഉപയോഗിച്ചുള്ള പ്രകാശവിശ്ലേഷണം വഴിയും ഭക്ഷണത്തില്‍ നിന്നുമൊക്കെയാണ്. ഭൂമിയിലെ ജീവന്റെ നിലനില്‍പ്പ് തന്നെ സൂര്യനെ ആശ്രയിച്ചാണല്ലോ. അപ്പോള്‍ സ്വാഭാവികമായും ഇവിടുത്തെ എല്ലാ ഊര്‍ജ്ജത്തിന്റെയും അടിസ്ഥാന സ്രോതസ്സ് സൂര്യന്‍ തന്നെയാണ്.

പതിനെട്ടാം നൂറ്റാണ്ടില്‍ ജെയിംസ് വാട്ട് ഫലപ്രദമായ ആവിഎഞ്ചിന്‍ കണ്ടെത്തിയതോടെയാണ് ഫോസില്‍ ഇന്ധനങ്ങളുടെ വ്യാപകമായ ഉപയോഗം ആരംഭിച്ചതും അത് മനുഷ്യപുരോഗതിയുടെ ഒരു പ്രധാന നാഴികക്കല്ലായി മാറിയതും. അതിനൊക്കെ വളരെ മുമ്പ് തന്നെ കല്‍ക്കരി കണ്ടെത്തിയിരുന്നു എങ്കിലും, ഇത് നല്‍കുന്ന വലിയ താപോര്‍ജ്ജം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണം എന്ന് അറിയില്ലായിരുന്നു. അവിടെയാണ് ആവി എ ഞ്ചിന്‍ വലിയൊരു വിപ്ലവമായത്. അതിലൂടെ കല്‍ക്കരി കത്തിച്ച് വെള്ളം തിളപ്പിച്ച് ആ നീരാവി ഉപയോഗിച്ച് വമ്പന്‍ എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയപ്പോഴാണ് യൂറോപ്പില്‍ വന്‍ വ്യാവസായിക വിപ്ലവം ഉണ്ടായത്. ആവിക്കപ്പലുകള്‍ കടലാഴങ്ങള്‍ താണ്ടി മാനവരാശിയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തിയത്. തീവണ്ടികള്‍ തലങ്ങും വിലങ്ങും കൂകിപ്പായാന്‍ തുടങ്ങിയത്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആന്തരിക ദഹന എഞ്ചിനുകള്‍ എത്തിയതോടെ ചരിത്രത്തിന്റെ വേഗത വര്‍ധിച്ചു. ഇന്ധനവും അത് ജ്വലിക്കാന്‍ ആവശ്യമായ ഓക്‌സിജനും എഞ്ചിനുള്ളില്‍ വെച്ച് എരിഞ്ഞുണ്ടാകുന്ന ഊര്‍ജ്ജവും ഉപയോഗിച്ച് ഒരു സിലിണ്ടറിനുള്ളില്‍ പിസ്റ്റണ്‍ ചലിപ്പിച്ചാണ് ഈ എഞ്ചിനുകള്‍ ചലിക്കുന്നത്. വളരെ കുറഞ്ഞ അളവില്‍ വലിയ തോതില്‍ ഊര്‍ജ്ജം അടങ്ങിയ ഇന്ധനങ്ങളായ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വരവോടെ തുടങ്ങിയ ആന്തരിക ദഹന യന്ത്രങ്ങളുടെ ജൈത്രയാത്ര ഇന്നും തുടരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ അറേബ്യന്‍ മരുഭൂമിയില്‍ ഭീമമായ തോതിലുള്ള പെട്രോളിയം നിക്ഷേപം കണ്ടെത്തിയതോടെ ലോകത്ത് നടന്ന വ്യാവസായിക മുന്നേറ്റം എല്ലാ പ്രവചനങ്ങള്‍ക്കും അപ്പുറമായി. തുടര്‍ന്ന് റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലും വലിയ എണ്ണനിക്ഷേപങ്ങള്‍ കണ്ടെത്തി. അതോടെ തത്വദീക്ഷയില്ലാതെ ഫോസില്‍ ഇന്ധനങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ ഫ്‌ളൂറോ കാര്‍ബണ്‍ നിറക്കാന്‍ തുടങ്ങി.

വലിയ ഊര്‍ജ്ജസാന്ദ്രതയുള്ള ഫോസില്‍ ഇന്ധനങ്ങള്‍ വന്‍തോതില്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുമെങ്കിലും അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. അവ രൂപപ്പെടുന്ന അവശിഷ്ടങ്ങളില്‍ ഏറെയും കടുത്ത വിഷവാതകമായ കാര്‍ബണ്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയാണ്.

ഗ്ലോബല്‍ ഗ്രീന്‍ഹൗസ് എമിഷന്‍സ് ഡാറ്റ പ്രകാരം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആഗോളതലത്തില്‍ അന്തരീക്ഷത്തിലേക്ക് പുറം തള്ളുന്ന കാര്‍ബണിന്റെ അളവ് പ്രതിവര്‍ഷം 700 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നത് 2010 ല്‍ 10,000 ദശലക്ഷം മെട്രിക് ടണ്‍ ആയിട്ടുണ്ട്. ഈ ഭീമമായ അളവ് കാര്‍ബണ്‍ ആണ് ഭൂമിയെ ചൂടുപിടിപ്പിക്കുന്നത്, ധ്രുവങ്ങളിലെ മഞ്ഞുരുക്കുന്നത്, ഓസോണ്‍ പാളിയില്‍ വിള്ളലുകള്‍ വീഴ്ത്തുന്നത്. മാനവരാശിയുടെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുന്ന ഈ മഹാവിപത്തിലേക്ക് സംഭാവന ചെയ്യുന്നത് പ്രധാനമായും ചൈനയാണ്. ആകെയുള്ള കാര്‍ബണ്‍ പുറന്തള്ളലില്‍ മുപ്പത് ശതമാനം ചൈന മാത്രമാണ് ചെയ്യുന്നത്.

ഈ പോക്ക് പോയാല്‍ രണ്ടു ദുരന്തങ്ങളാണ് ഭാവിതലമുറയെ കാത്തിരിക്കുന്നത്. കാര്‍ബണ്‍ സംയുക്തങ്ങള്‍ തിങ്ങിനിറയുന്ന ഭൗമാന്തരീക്ഷം ജീവജാലങ്ങളെ നശിപ്പിക്കും. മറ്റൊന്ന് ഭൂമിയുടെ ഗര്‍ഭത്തിലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ വറ്റിക്കഴിഞ്ഞാല്‍ സര്‍വ്വജീവനുകളും മരിച്ച് ഭൂമിയൊരു ജഡവസ്തുവായി മാറും.

ഇതൊഴിവാക്കാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് കുറച്ചു കൊണ്ടുവന്നു, കഴിയുന്നതും ഇല്ലാതാക്കുക എന്നതാണ്. അപ്പോള്‍ നമ്മുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റും എന്ന വലിയ ചോദ്യത്തിനുള്ള ഉത്തരം തേടിയാണ് ഏതാനും വര്‍ഷങ്ങളായി ലോകം പരക്കം പാഞ്ഞുകൊണ്ടിരിക്കുന്നത്.

വൈദ്യുത വാഹനങ്ങള്‍
റെയില്‍ഗതാഗതം ഭൂരിഭാഗവും ഇന്ന് വൈദ്യുതിയിലാണ് നടക്കുന്നത്. ഭീമമായ തോതിലുള്ള കാര്‍ബണ്‍ മലിനീകരണം കുറക്കാന്‍ ഇത് സഹായിച്ചിട്ടുണ്ട്. എങ്കിലും ട്രെയിന്‍ ഓടാനുള്ള വൈദ്യുതി നിര്‍മ്മിക്കുന്നത് പ്രധാനമായും താപവൈദ്യുതി നിലയങ്ങളില്‍ ആണ്. താപവൈദ്യുതനിലയങ്ങള്‍ ആശ്രയിക്കുന്നത് കല്‍ക്കരിയെയും.

റോഡില്‍ ഓടുന്ന വാഹനങ്ങള്‍ ഇപ്പോള്‍ ബാറ്ററിയിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. ലോകം മുഴുവന്‍ ഇത് അതിവേഗം വ്യാപിക്കുന്നുമുണ്ട്. കൂടുതല്‍ ഊര്‍ജസാന്ദ്രത ഉള്ള ബാറ്ററികള്‍, ഒറ്റ ചാര്‍ജില്‍ കിട്ടുന്ന പരമാവധി ദൂരം, ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയം ഒക്കെ ഇനിയും ഒരുപാട് വികസിക്കാനുണ്ടെങ്കിലും ഭാവിയിലെ ചെറുവാഹനങ്ങളുടെ വിപണി അടക്കി ഭരിക്കാന്‍ പോകുന്നത് ബാറ്ററി വാഹനങ്ങള്‍ ആണ് എന്ന് സംശയലേശമന്യേ ഉറപ്പിക്കാം. ലോകത്തിലെ ഒട്ടുമിക്ക വാഹനനിര്‍മ്മാതാക്കളും പെട്രോള്‍/ ഡീസല്‍ എഞ്ചിനുകളുടെ മേലുള്ള വികസനവും ഗവേഷണവും അവസാനിപ്പിച്ചു കഴിഞ്ഞു.
അതായത് വരാന്‍ പോകുന്നത് വന്‍തോതില്‍ വൈദ്യുതി ആവശ്യമായ കാലമാണ്. ഇത്ര ഭീമമായ തോതില്‍ വൈദ്യുതി ഉല്‍പ്പാദനം ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കാതെ എങ്ങനെ നടക്കും എന്നിടത്താണ് പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ പ്രസക്തി ഉള്ളത്.

ഫ്‌ളെക്‌സി എഞ്ചിനുകള്‍
ആന്തരിക ദഹന യന്ത്രങ്ങളെ എന്തായാലും പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയില്ല. ഫോസില്‍ ഇന്ധനങ്ങള്‍ ഒഴിവാക്കി മറ്റ് ഇന്ധനങ്ങള്‍ എഞ്ചിനുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ വേഗത്തില്‍ പ്രചരിക്കുന്നത്. ഇപ്പോള്‍ തന്നെ ഭാരതത്തില്‍ വിതരണം ചെയ്യുന്ന പെട്രോളില്‍ പത്തു ശതമാനം എത്തനോള്‍ ചേര്‍ക്കണം എന്ന നയം നടപ്പാക്കിക്കഴിഞ്ഞു. ഇതിലൂടെ ഒരു വര്‍ഷം ലാഭിക്കുന്നത് നാല്പതിനായിരം കോടി രൂപയുടെ ഇറക്കുമതിയാണ്. എത്തനോള്‍ പൂര്‍ണമായും ഒരു കാര്‍ഷിക ഉല്‍പ്പന്നമാണ്. ഈ ലാഭം കര്‍ഷകരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ അത് കാര്‍ഷിക മേഖലക്ക് വലിയ ആശ്വാസമാവുകയും ചെയ്തു. മാത്രവുമല്ല എത്തനോള്‍ ചേര്‍ക്കുന്നതിലൂടെ പെട്രോളില്‍ നിന്നുമുള്ള കാര്‍ബണ്‍ ബഹിഷ്‌കരണം കുറയുകയും ചെയ്തു.

അടുത്ത വര്‍ഷത്തോടെ പെട്രോളിലെ എത്തനോള്‍ അളവ് ഇരുപത് ശതമാനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വളരെവേഗം പൂര്‍ണ്ണമായും എത്തനോളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനുകള്‍ നിലവില്‍ വരും. ഒരേസമയം പല ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളെക്‌സി എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ആ വഴിക്ക് കാര്യങ്ങള്‍ അതിവേഗം പുരോഗമിക്കുകയുമാണ്. 2030 ഓടെ രാജ്യത്ത് പെട്രോള്‍ എഞ്ചിനുകള്‍ നിരോധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഇത് രാജ്യത്തുണ്ടാക്കാന്‍ പോകുന്ന വിപ്ലവങ്ങള്‍ പല തലങ്ങളിലാണ്. കാര്‍ബണ്‍ ബഹിഷ്‌കരണം ഗണ്യമായി കുറയും എന്നത് മാത്രമല്ല അത്. എത്തനോള്‍ ഒരു കാര്‍ഷിക ഉല്‍പ്പന്നമാണ്. വൈക്കോലും കരിമ്പുമാണ് പ്രധാന അസംസ്‌കൃത വസ്തുക്കള്‍. എത്തനോള്‍ ഉപയോഗം വ്യാപകമാകുന്നതോടെ കാര്‍ഷിക രംഗത്തുണ്ടാകുന്ന വളര്‍ച്ചയും കര്‍ഷകരുടെ വരുമാനവര്‍ധനയും രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയ്ക്കുണ്ടാക്കുന്ന കുതിപ്പ് എല്ലാ സാമൂഹ്യമേഖലകളിലും പ്രതിഫലിക്കും. പെട്രോളിയത്തിന്റെ ഇറക്കുമതി കുറയുമ്പോള്‍ ലാഭിക്കുന്ന ശതകോടികളുടെ വിദേശനാണ്യം സാമ്പത്തികരംഗത്തെ മാറ്റിമറിക്കും.

ആണവവൈദ്യുതി
ഒട്ടും കാര്‍ബണ്‍ ബഹിഷ്‌കരണം ഇല്ലാത്ത ഊര്‍ജ്ജസ്രോതസ്സ് ആണ് ആണവവൈദ്യുതി. ആണവ ഇന്ധനമായി യുറേനിയം ഒരു റിയാക്റ്ററില്‍ ഫിഷന്‍ പ്രവര്‍ത്തനം വഴി വിഘടിപ്പിക്കുമ്പോള്‍ അധിക മാസ്സ് താപോര്‍ജ്ജമായി മാറും. ഈ താപം ഉപയോഗിച്ച് വെള്ളത്തെ നീരാവിയാക്കി ആ നീരാവികൊണ്ട് ജനറേറ്റര്‍ കറക്കിയാണ് വൈദ്യുതി ഉണ്ടാക്കുന്നത്. ലോകത്തെ യുറേനിയം നിക്ഷേപങ്ങളില്‍ സിംഹഭാഗവും ഉള്ളത് ആസ്‌ട്രേലിയയില്‍ ആണ്. ഭാരതത്തിനു സ്വന്തമായി യുറേനിയം നിക്ഷേപം ഇല്ലാത്തതു കൊണ്ട് ഇക്കാര്യത്തില്‍ വിദേശരാജ്യങ്ങളെ ആശ്രയിച്ചേ പറ്റൂ. ഇതൊരു വലിയ പരിമിതിയാണ്, എങ്കിലും പാരമ്പര്യേതര മേഖലയില്‍ നിന്ന് വന്‍തോതില്‍ ഊര്‍ജ്ജോത്പാദനം സാധിക്കുന്ന ആണവവൈദ്യുത രംഗത്ത് വലിയ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.
കേരളത്തിന്റെ തീരമേഖലയില്‍ സമൃദ്ധമായ റേഡിയോ ആക്റ്റിവ് മൂലകമായ തോറിയം, യുറേനിയത്തിനു പകരമായി ന്യൂക്ലിയര്‍ ഫിഷന് വിധേയമാക്കി ഊര്‍ജ്ജോത്പാദനത്തിനു ഉപയോഗിക്കാനുള്ള ഗവേഷണങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. കല്‍പ്പാക്കത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ ഒരു മുപ്പത് മെഗാവാട്ട് തോറിയം റിയാക്റ്റര്‍ പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു. തോറിയത്തെ വ്യാവസായികമായി ഊര്‍ജ്ജോത്പാദന ആണവ ഇന്ധനമായി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ അത് ഭാരതത്തിനുണ്ടാക്കുന്ന കുതിപ്പ് വിവരിക്കാന്‍ കഴിയില്ല. അതോടെ വൈദ്യതോത്പാദനത്തില്‍ ഫോസില്‍ ഇന്ധനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയും.

ഹൈഡ്രജന്‍
പ്രപഞ്ചത്തില്‍ ഏറ്റവുമധികമുള്ള മൂലകമാണ് ഹൈഡ്രജന്‍. മാത്രമല്ല പ്രപഞ്ചത്തില്‍ നടക്കുന്ന ഊര്‍ജ്ജ ഉത്പാദനം മുഴുവന്‍ തന്നെ ഹൈഡ്രജന്‍ ഹീലിയമായി മാറുന്ന ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെ സംഭവിക്കുന്നതുമാണ്. ചുരുക്കത്തില്‍ പ്രപഞ്ചത്തിന്റെ ഇന്ധനമാണ് ഹൈഡ്രജന്‍. ഈ ഹൈഡ്രജന്‍ ഉപയോഗിച്ച് വലിയ ഭാരവാഹകശേഷിയുള്ള റോക്കറ്റുകള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ഉണ്ടാക്കുന്നുണ്ട്.എന്നാല്‍ സാധാരണജീവിതമേഖലകളിലേക്ക് ഹൈഡ്രജന്‍ ഇറങ്ങിവന്നിട്ടില്ല. അതിനു കാരണവുമുണ്ട്. ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കണമെങ്കില്‍ അതിനെ ദ്രാവക അവസ്ഥയില്‍ എത്തിക്കണം. പൂജ്യത്തിനു താഴെ -263 ഡിഗ്രിയിലാണ് ഹൈഡ്രജന്‍ ദ്രാവകമാകുന്നത്. ഇത്ര ചെറിയ ഊഷ്മാവില്‍ അവ സംഭരിക്കാനുള്ള ടാങ്കുകളും ഉപയോഗിക്കാനുള്ള ഉപകരണങ്ങളും നിര്‍മ്മിക്കുക എന്നത് വലിയ ഒരു സാങ്കേതിക വെല്ലുവിളിയാണ്. ബഹിരാകാശമേഖലയില്‍ ഉപയോഗിച്ച് തെളിഞ്ഞ ഈ സാങ്കേതിക വിദ്യ സാര്‍വ്വത്രികമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്. ടൊയോട്ട കമ്പനി പരീക്ഷണ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് നല്‍കിയ ഹൈഡ്രജന്‍ ഇന്ധനമായുള്ള കാറിലാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇപ്പോള്‍ യാത്ര ചെയ്യുന്നത്. വരും വര്‍ഷങ്ങളില്‍ അന്തരീക്ഷമലിനീകരണം തീരെയില്ലാത്ത ഹൈഡ്രജന്‍ വാഹനങ്ങള്‍ നിരത്തുകള്‍ കീഴടക്കും എന്നത് സുവ്യക്തമാണ്.

ആന്തരിക ദഹന ഇന്ധനങ്ങളില്‍ പുതിയ സ്രോതസ്സുകള്‍ വികസിച്ചു വരുമ്പോള്‍ ഏറ്റവും പ്രതിസന്ധിയിലാകാന്‍ പോകുന്നത് പെട്രോ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയെ മാത്രം ആശ്രയിച്ചു കഴിയുന്ന രാജ്യങ്ങള്‍ ആണ്. അതില്‍ പ്രധാനം അറബ് രാജ്യങ്ങളും. ഇക്കണ്ടകാലം മുഴുവന്‍, യൂറോപ്പിന്റെയും അമേരിക്കയുടെയും സാങ്കേതികവിദ്യ ഉപയോഗിച്ച് പെട്രോളിയം കുഴിച്ചെടുത്ത് വിറ്റ് കിട്ടുന്ന പണം കൊണ്ട് ജീവിക്കുക എന്നതായിരുന്നു അവരുടെ രീതി. അതില്‍ തന്നെ പല രാജ്യങ്ങളും ലോകം മുഴുവന്‍ നടക്കുന്ന ഇസ്ലാമിക ഭീകരവാദത്തിന് കൈയയച്ച് സാമ്പത്തിക സഹായം ചെയ്യുന്നുമുണ്ട്. ഇത്രയൊക്കെ പണമുണ്ടായിട്ടും കൊള്ളാവുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമോ സര്‍വ്വകലാശാലയോ ഗള്‍ഫ് രാജ്യങ്ങളില്‍ ഇല്ല. ഒരു മൊട്ടുസൂചി ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ പോലും സ്വന്തമായി അവര്‍ വികസിപ്പിച്ചിട്ടുമില്ല. പെട്രോ ഡോളറിന്റെ പണക്കൊഴുപ്പില്‍ എന്തും വിലക്ക് വാങ്ങാം എന്ന അവരുടെ അഹന്ത അവസാനിക്കാന്‍ ഇനി അധികകാലമൊന്നും വേണ്ടിവരില്ല.

ലോകത്ത് ഇന്ന് നടക്കുന്ന ഊര്‍ജ്ജവിപ്ലവം അടുത്ത ദശകത്തില്‍ മൂര്‍ദ്ധന്യത്തില്‍ എത്തുന്നതോടെ ഗള്‍ഫ് രാജ്യങ്ങളുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോളറിന്റെ അപ്രമാദിത്വം അവസാനിക്കും.

സൗരോര്‍ജ്ജം
ഭൂമിയിലെ എല്ലാ ഊര്‍ജ്ജസ്രോതസ്സുകളുടെയും അടിസ്ഥാനമായ സൗരോര്‍ജ്ജം നേരിട്ട് ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അത് ഏറ്റവും പരിസ്ഥിതി സൗഹൃദമായ, വറ്റാത്ത ഒരു ഊര്‍ജ്ജസ്രോതസ്സായിരിക്കും എന്നതില്‍ സംശയമൊന്നുമില്ലല്ലോ. സൂര്യന്റെ ആയുസ്സ് ഇനിയും അഞ്ഞൂറ് കോടി വര്‍ഷങ്ങള്‍ കൂടിയുണ്ട് എന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്. സൂര്യന്‍ മരിക്കുന്നതോടെ ഭൂമിയും ജീവജാലങ്ങളുമെല്ലാം ഇല്ലാതാകും. അതുകൊണ്ടുതന്നെ സൂര്യന്‍ ഉള്ള കാലത്തോളം അത് അനന്തമായ ഊര്‍ജ്ജസ്രോതസ്സ് ആയിരിക്കുകയും ചെയ്യും.

ബഹിരാകാശ വാഹനങ്ങളിലാണ് ആദ്യമായി സോളാര്‍ അഥവാ സൗരോര്‍ജ്ജം നേരിട്ട് ഉപയോഗിക്കാന്‍ തുടങ്ങിയത്. സസ്യങ്ങളുടെ ഇലകളില്‍ പ്രകാശവിശ്ലേഷണത്തിലൂടെ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കപ്പെടുന്ന രീതിയില്‍ തന്നെ നിവര്‍ന്നിരിക്കുന്ന സോളാര്‍ പാനലുകളിലെ ഫോട്ടോവോള്‍ട്ടിക് സെല്ലുകളില്‍ (Photovoltaic cell ) സൂര്യപ്രകാശം പതിക്കുമ്പോള്‍ അവ ഉത്തേജിക്കപ്പെടുകയും അത് വൈദ്യുത ചാര്‍ജ്ജ് ആയി പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുന്നതാണ് സൗരോര്‍ജ്ജം ഉപയോഗിക്കുന്ന ഒരു പ്രധാനരീതി. ഈ പാനലുകളുടെ ഉല്‍പ്പാദന ചെലവും വിലയും ഒക്കെ വലിയ ഒരു പ്രതിബന്ധമായിരുന്നത് ഇന്ന് മാറിക്കഴിഞ്ഞു. വീടുകളിലും തെരുവോരങ്ങളിലുമൊക്കെ ഇന്ന് സോളാര്‍ പാനലുകള്‍ വ്യാപകമായി കാണാം. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് പൂര്‍ണ്ണമായും സോളാര്‍ വൈദ്യുതി ഉപയോഗിച്ചാണ്. എവിടെ വേണമെങ്കിലും സ്ഥാപിക്കാം, വലിയ സാങ്കേതിക നൂലാമാലകള്‍ ഒന്നുമില്ല എന്നത് ഇവിടെ വലിയൊരു നേട്ടമാണ്.

സൗരോര്‍ജ്ജത്തെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ച് ജലം ചൂടാക്കി നീരാവിയാക്കി വൈദ്യുതി ഉണ്ടാക്കുന്ന വന്‍പദ്ധതികളും ഇപ്പോള്‍ വ്യാപകമായി നടപ്പാക്കി വരുന്നുണ്ട്. ഒരുപാട് സ്ഥലം ഇതിനാവശ്യമുണ്ട് എന്നത് ഒരു പരിമിതിയാണെങ്കിലും പ്രകൃതിയെ ഒട്ടും മുറിവേല്‍പ്പിക്കാത്ത പൂര്‍ണ്ണമായും ഹരിതവൈദ്യുതി വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു എന്നത് വലിയൊരു നേട്ടമാണ്.

ഭാരതത്തിലെ സോളാര്‍ വൈദ്യുതോല്‍പ്പാദനം വന്‍ വളര്‍ച്ചയിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. 2016 ല്‍ ആകെ ഉല്‍പ്പാദനം 6,700 മെഗാവാട്ട് ആയിരുന്നത് 2022 ജൂണില്‍ 57,000 മെഗാവാട്ട് ആയാണ് വളര്‍ന്നത്. രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളാണ് സൗരോജ്ജമേഖലയില്‍ വന്‍വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ സൗരവൈദ്യുതിയിലൂടെ രാജ്യം ലാഭിച്ചത് 420 കോടി ഡോളര്‍ അഥവാ 32,000 കോടിയോളം രൂപയാണ്. 2030ല്‍ അഞ്ചു ലക്ഷം മെഗാവാട്ട് എന്നതാണ് ലക്ഷ്യം. ഇപ്പോള്‍ ആകെ വൈദ്യുതോല്‍പ്പാദനത്തിന്റെ 14 ശതമാനം സോളാര്‍ വൈദ്യുതിയാണ്. ഇത് അടുത്ത പത്തുവര്‍ഷം കൊണ്ട് 50% എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ എട്ടു വര്‍ഷത്തില്‍ ഈ രംഗത്ത് ഭാരതം കൈവരിച്ച വളര്‍ച്ചയും നേട്ടങ്ങളും ലോകത്തെ തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രകൃതിയോടും മാനവരാശിയോടും ഭാരതത്തിനുള്ള ഉത്തരവാദിത്തവും സമര്‍പ്പണവും കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കൂടാതെ, വൈദ്യുതോല്‍പ്പാദനം വികേന്ദ്രീകരിക്കുമ്പോള്‍ ചെറുകിട ജലവൈദ്യുതപദ്ധതികള്‍, കാറ്റില്‍ നിന്നും തിരമാലകളില്‍ നിന്നും എന്തിനു വാഹനങ്ങള്‍ റോഡുകളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദത്തില്‍ നിന്ന് വരെ വൈദ്യുതോല്‍പ്പാദനം സാധ്യമാകുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഓര്‍ക്കുക, ഈ മഹാപ്രപഞ്ചത്തില്‍ ഒരു മണല്‍ത്തരിയുടെ പോലും പങ്ക് ഈ ഭൂമിക്കോ അതിലെ ജീവജാലങ്ങള്‍ക്കോ ഇല്ല. ജീവജാലങ്ങളോ ഭൂമിയോ തന്നെ ഇല്ലാതായാലും ഈ വിശ്വപ്രകൃതിക്ക് പ്രത്യേകിച്ചൊന്നും സംഭവിക്കാനുമില്ല. അതിനാല്‍ ഭൂമിയും അതിലെ ജീവചൈതന്യവും നിലനില്‍ക്കേണ്ടത് നമ്മുടെ മാത്രം ചുമതലയും കര്‍ത്തവ്യവുമാണ്. ആ തിരിച്ചറിവ് കൊണ്ടുമാത്രമേ ഭാവിതലമുറയെ സുരക്ഷിതമാക്കാന്‍ കഴിയുകയുള്ളൂ.

 

Tags: FEATURED
ShareTweetSendShare

Related Posts

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ജി-20 ഉച്ചകോടി ആഗോള നേതൃപദവിയിലേക്കുള്ള സുപ്രധാന ചുവട്

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

ചന്ദ്രന്‍ നക്ഷത്രലോകത്തേയ്‌ക്കൊരു വാതായനം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

പലനാള്‍ കള്ളന്‍….ഒരു നാള്‍ പിടിയില്‍…!

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്

മന്ത്രി രാധാകൃഷ്ണന്റെ അയിത്ത വിലാപം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്‌

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies