ഭാരതത്തില്‍ ജീവിതത്തിന്റെ അടിസ്ഥാനമൂല്യമായി കണക്കാക്കപ്പെടുന്നത് ധര്‍മ്മമാണ്. ഏതൊരു പ്രവൃത്തിയുടേയും ശരി-തെറ്റുകള്‍, നന്മ-തിന്മകള്‍ തീരുമാനിക്കപ്പെടുന്നത് അത് ധര്‍മ്മത്തിന് അനുകൂലമായിരുന്നോ എന്ന് നോക്കിയാണ്. ഈശ്വരന്‍ അവതരിക്കുന്നതുപോലും ധര്‍മ്മസംസ്ഥാപനത്തിനാണ്. നാലു യുഗങ്ങളില്‍ സത്യയുഗത്തില്‍ ധര്‍മ്മം നാലുകാലില്‍ നില്‍ക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. കലിയുഗത്തില്‍ അത് ഒറ്റക്കാലില്‍ നില്‍ക്കുന്നു എന്നു വിശ്വസിക്കുന്നു. യുഗം ഏതായാലും ധര്‍മത്തിന് വളരെ പ്രാധാന്യം കിട്ടിയിരുന്നു. ഗീതയില്‍ ഭഗവാന്‍ പറയുന്നത് ധര്‍മ്മത്തിന് ഗ്ലാനി സംഭവിക്കുമ്പോള്‍, അധര്‍മ്മം ശക്തി ആര്‍ജ്ജിക്കു മ്പോള്‍ ധര്‍മ്മപുനഃസ്ഥാപനത്തിന് ഓരോ യുഗത്തിലും താന്‍ അവതരിക്കുന്നു എന്നാണ്. എന്നാല്‍ ധര്‍മ്മതത്ത്വം വളരെ നിഗൂഢമാണ്. ലോകത്തിലെ മഹാപുരുഷന്മാര്‍ക്കുപോലും ധര്‍മ്മതത്ത്വം കൃത്യമായി മനസ്സിലാക്കാനോ നടപ്പാക്കാനോ പ്രയാസമാണ്. ധര്‍മ്മം എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ഒരു കാര്യം ചിലപ്പോള്‍ ധാര്‍മ്മികമല്ലാതാകുന്നു. ധര്‍മ്മവിരുദ്ധം എന്ന് തോന്നുന്ന കാര്യം ധാര്‍മ്മികമാവുകയും ചെയ്യുന്നു. അതുകൊണ്ട് പൂര്‍വ്വസൂരികള്‍ ‘ധര്‍മസ്യ തത്ത്വം നിഹിതം ഗുഹായാം’ (ധര്‍മ്മ തത്ത്വം നിഗൂഢമാണ്) എന്ന് പറഞ്ഞുവച്ചു. സാധാരണ മനുഷ്യര്‍ക്ക്് ധര്‍മ്മതത്ത്വം മനസ്സിലാക്കാന്‍ മഹാത്മാക്കളുടെ ജീവിതം പിന്തുടരുകയാണ് മാര്‍ഗ്ഗം. ‘മഹാജനോ യേന ഗത സാ പന്ഥഃ’ എന്ന് അതുകൊണ്ടാണ് പറയുന്നത്.
ധര്‍മ്മത്തെപ്പോലെതന്നെ പ്രധാനപ്പെട്ട മറ്റൊരു മൂല്യമാണ് സത്യം. ‘സത്യം വദ ധര്‍മം ചരഃ’ എന്ന വചനം പ്രസിദ്ധമാണ്. എന്നാല്‍ ധര്‍മ്മരക്ഷയ്ക്ക് ഉതകിയോ എന്നത് നോക്കിയാണ് സത്യത്തെയും വിലയിരുത്തുന്നത്. ധര്‍മ്മരക്ഷയ്ക്കുതകാത്ത സത്യപാലനം ശരിയല്ല. ഉദാഹരണത്തിന്, മാനം കവരുക എന്ന ലക്ഷ്യത്തോടെ ഒരു യുവതിയെ കുറച്ചു കശ്മലന്മാര്‍ ഓടിച്ചിടുന്നു. മാനവും ജീവനും രക്ഷിക്കാനായി ഓടുന്നതിനിടയില്‍ യുവതി ഒരു തപസ്വിയെ കാണുന്നു. പിന്തുടര്‍ന്നുവരുന്ന ദുഷ്ടന്മാര്‍ക്ക് തന്നെ കാണിച്ചുകൊടുക്കരുത് എന്ന അഭ്യര്‍ത്ഥനയോടെ അവള്‍ ഒളിച്ചിരിക്കുന്നു. യുവതിയെ കാണാഞ്ഞ്, ”ഇതുവഴി ഒരു യുവതി വന്നോ?” എന്ന് പുറകേ വന്ന കശ്മലന്മാര്‍ തപസ്വിയോട് അന്വേഷിക്കുന്നു. തപസ്വി കളവുപറയാന്‍ പടില്ല. ഈ അവസ്ഥയില്‍ തപസ്വി എന്തു ചെയ്യണം? സത്യം പറഞ്ഞ് യുവതിയെ അപകടപ്പെടുത്തണോ? അതോ അസത്യം പറഞ്ഞ് രക്ഷിക്കണോ? ധര്‍മ്മരക്ഷയ്ക്കായി പറയുന്ന കളവുകൊണ്ട് തപസ്വിക്ക് പൊളി പറഞ്ഞുവെന്ന പാപം ഉണ്ടാകില്ല എന്ന് വിവേകശാലികള്‍ പറയുന്നു.
രാമന്‍ മുതല്‍ ഗാന്ധി വരെ
‘രാമോ വിഗ്രഹവാന്‍ ധര്‍മഃ’ (രാമന്‍ ധര്‍മ്മസ്വരൂപനാണ്) എന്നത് പ്രസിദ്ധമാണ്. എന്നാല്‍ ധര്‍മ്മവിരുദ്ധമായ സ്ത്രീഹത്യ രാമന്‍ നടത്തിയിട്ടുണ്ട്. ബാലിയെ ഒളിയമ്പെയ്താണ് കൊന്നത്. ഇതെല്ലാം ധര്‍മ്മമാണോ? യജ്ഞരക്ഷാര്‍ത്ഥമാണ് രാമലക്ഷ്മണന്മാര്‍ വിശ്വാമിത്ര മഹര്‍ഷിയോടൊത്തു കാട്ടിലേയ്ക്ക് പോകുന്നത്. താടക യജ്ഞഭംഗം വരുത്തുകയും ഋഷീശ്വരന്മാരെ ഭക്ഷിക്കുകയും ചെയ്യുന്നവളാണ്. അതിനാല്‍ താടക രാമന്റെ ശത്രുവാണ്. ശത്രുവിനെ വധിക്കുക രാമന്റെ ധര്‍മ്മമാണ്. ശത്രുവിന് ലിംഗഭേദമില്ല. അതുകൊണ്ട് താടകയെ വധിച്ചത് ധര്‍മ്മവിരുദ്ധമല്ല. മാത്രമല്ല താടകയെ രാമന്‍ കൊന്നില്ലെങ്കില്‍ താടക രാമനെ വധിക്കും. ഏതു രീതിയില്‍ നോക്കിയാലും വധിച്ചതില്‍ തെറ്റ് കാണാനാവില്ല.
ബാലി ആകട്ടെ അധര്‍മ്മം പ്രവര്‍ത്തിച്ചു. സഹോദരന്റെ പത്‌നിയെ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തി. ഇങ്ങനെ ചെയ്യുമ്പോള്‍ സുഗ്രീവന്‍ ജീവിച്ചിരിപ്പുണ്ട് എന്ന കാര്യം ബാലിക്ക് ഉത്തമ ബോധ്യമുള്ളതാണ്.
അധര്‍മ്മം പ്രവര്‍ത്തിച്ചതുകൊണ്ടാണ് ബാലിയെ വധിച്ചത്. ആ അധര്‍മ്മത്തിനുള്ള ശിക്ഷയാണ് രാമന്‍ നടപ്പാക്കുന്നത്. രാജാക്കന്മാര്‍ക്ക് നായാട്ട് അനുവദനീയമാണ്. അതിനാല്‍ വാനരനായ ബാലിയെ ഒളിയമ്പെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ സുഗ്രീവന്‍ താരയെ സ്വന്തമാക്കിയില്ലേ എന്ന ചോദ്യം ഉയര്‍ന്നേക്കാം. സുഗ്രീവന്‍ ബലം പ്രയോഗിച്ചല്ല താരയെ സ്വന്തമാക്കുന്നത്. മാത്രമല്ല ബാലി മരിച്ചു എന്ന് സുഗ്രീവന്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് വാനരകുലത്തിന്റെ നിയമപ്രകാരമാണ് താരയെ സുഗ്രീവന്‍ സ്വന്തമാക്കിയത്. അതില്‍ അധര്‍മ്മമില്ല.
‘ധാരണാത് ധര്‍മമിത്യാഹു ധര്‍മോ ധാരയതേ പ്രജഃ’ (ജനങ്ങളെ ഒരുമിച്ചുനിര്‍ത്തുന്നതാണ് ധര്‍മ്മം) എന്ന നിര്‍വചനമാണ് ധര്‍മ്മത്തിന്. ധര്‍മ്മത്തിന്റെ രണ്ടുവശങ്ങളാണ് വ്യക്തിധര്‍മ്മവും സമൂഹധര്‍മ്മവും. അവയില്‍ ഒന്ന് തെരഞ്ഞെടുക്കേണ്ടിവന്നാല്‍ സമൂഹധര്‍മ്മത്തെ സ്വീകരിക്കണം. പരിശുദ്ധിയില്‍ സംശയമുള്ളതുകൊണ്ടല്ല രാമന്‍ സീതയെ ഉപേക്ഷിക്കുന്നത്. അതുകൊണ്ടാണ് അശ്വമേധസമയത്ത് കാഞ്ചനസീതയെ ഇരുത്തിയത്. പക്ഷെ രാജാവെന്ന നിലയില്‍ ജനങ്ങളുടെ പൂര്‍ണ്ണവിശ്വാസം നേടണം. അതുകൊണ്ടാണ് സീതയെ ത്യജിച്ചത്. തന്റെ പ്രജകളില്‍ ഒരാളുടെ മാത്രം അഭിപ്രായമാണെങ്കില്‍പോലും അതിന് പ്രാധാന്യം നല്‍കുന്ന രാമന്റെ മാഹാത്മ്യം എത്രമാത്രം വലുതാണ്. ഭൂരിപക്ഷാഭിപ്രായമല്ല രാമന്‍ നോക്കിയത്. രാമന്‍ സമൂഹധര്‍മ്മം പാലിച്ചു. വ്യക്തി ധര്‍മ്മത്തിലുണ്ടാകുന്ന വീഴ്ച രാമന്‍ കണക്കിലെടുത്തില്ല.
ഇനി മഹാഭാരതത്തിലേയ്ക്ക് നോക്കാം. ശന്തനു മഹാരാജാവിന്റെ ആഗ്രഹനിവൃത്തിക്കായി, ആജന്മം താന്‍ ബ്രഹ്‌മചാരിയായിരിക്കുന്നതാണ് എന്ന് ഗംഗാദത്തന്‍ പ്രതിജ്ഞ ചെയ്തു. എന്നാല്‍ പിന്നീട് കുലം നിലനിര്‍ത്താനായി വിവാഹം കഴിക്കാന്‍ സത്യവതി തന്നെ ആവശ്യപ്പെട്ടിട്ടും ഭീഷ്മര്‍ അതിന് സന്നദ്ധനാവുന്നില്ല. ആര്‍ക്കുവേണ്ടിയാണോ പ്രതിജ്ഞ എടുത്തത് അതേ ആള്‍ പറഞ്ഞിട്ടും പ്രതിജ്ഞ ലംഘിക്കാതിരുന്നത് വ്യക്തിധര്‍മ്മം പാലിക്കുന്നതിന്റെ ഉയര്‍ന്ന ഉദാഹരണമാണ്.
എന്നാല്‍ ഹസ്തിനാപുരത്തെയും രാജാവിനെയും രക്ഷിച്ചുകൊള്ളാമെന്ന പ്രതിജ്ഞയില്‍ അദ്ദേഹത്തിന് കാലിടറി. രാജാവ് ധര്‍മ്മപാത പിന്തുടരുന്ന കാലത്തോളം മാത്രമേ ഭീഷ്മരുടെ പ്രതിജ്ഞയ്ക്ക് സാധുതയുള്ളു. എന്നാല്‍, അധര്‍മ്മമാണ് ദുര്യോധനന്‍ ചെയ്യുന്നത് എന്നറിഞ്ഞുകൊണ്ടുതന്നെ ഭീഷ്മര്‍ ദുര്യോധനന്റെ പക്ഷത്തുനിന്ന് യുദ്ധം ചെയ്തു. അതിന്റെ ഫലമായി ശരശയ്യയില്‍ കിടന്ന് കുലനാശം കാണേണ്ടി വന്നു. നേരേമറിച്ച്, ധര്‍മ്മവിരുദ്ധമായ യുദ്ധം ചെയ്യാന്‍ താന്‍ ഒരുക്കമല്ലെന്ന് ഭീഷ്മര്‍ പറഞ്ഞിരുന്നെങ്കില്‍, യുദ്ധം ചെയ്യാതിരുന്നുവെ ങ്കില്‍, ഒരു യുദ്ധത്തിന് കോപ്പുകൂട്ടാന്‍ ദുര്യോധനന്‍ ഒരുങ്ങില്ലായിരുന്നു. പക്ഷെ ഈ വശം ഭീഷ്മര്‍ പാലിച്ചില്ല. തന്റെ പ്രതിജ്ഞയുടെ അക്ഷരങ്ങളില്‍ അദ്ദേഹം കടിച്ചുതൂങ്ങി. ഘലേേലൃ സശഹഹലവേ എന്ന വചനം ശരി വെയ്ക്കുന്ന തായിരുന്നു ഭീഷ്മരുടെ നിലപാട്. അതിന്റെ ഫലം ഭീകരമായിരുന്നു. ശരശയ്യയില്‍ കിടന്ന് കുലനാശവും 18 അക്ഷൗഹിണിപ്പടയില്‍ ഏതാനും ചിലരൊഴിച്ചുള്ളവരുടെ മരണവും അദ്ദേഹത്തിന് കാണേണ്ടിവന്നു. ഭീഷ്മരുടെ സത്യപാലനം ധര്‍മ്മത്തിന്റെ അന്തസ്സത്തയ്ക്ക് യോജിക്കുന്നതായിരുന്നില്ല.
എന്നാല്‍ ആയുധം എടുക്കുകയില്ലെന്ന പ്രതിജ്ഞ എടുത്തിരുന്നിട്ടും കൃഷ്ണന്‍ ഭീഷ്മരെ വധിക്കാന്‍ സുദര്‍ശനവുമെടുത്തിറങ്ങി. ഇവിടെ കൃഷ്ണന്‍ തന്റെ പ്രതിജ്ഞ ലംഘിക്കുന്നു. എന്നാല്‍ അത് സമൂഹത്തിനു വേണ്ടിയാണ്. തന്റെ അവതാരോദ്ദേശ്യം ധര്‍മ്മസംസ്ഥാപനമാണ്. അതിന് ഭീഷ്മര്‍ തടസ്സമാണെന്ന് വന്നപ്പോള്‍ സമൂഹത്തോടുള്ള കടമയ്ക്ക് പ്രാധാന്യം നല്‍കി. വ്യക്തിപരമായ പ്രതിജ്ഞ ലംഘിച്ചു.
തന്റെ വ്യക്തിപരമായ പ്രതിജ്ഞയ്ക്കാണ് കര്‍ണ്ണനും പ്രാധാന്യം നല്‍കിയത്. ബ്രാഹ്‌മണവേഷത്തില്‍ വന്നിരിക്കുന്നത് ഇന്ദ്രനാണെന്നറിഞ്ഞിട്ടും കര്‍ണ്ണന്‍ കവചകുണ്ഡലങ്ങള്‍ ദാനം ചെയ്തു. അങ്ങനെ അവധ്യനായിരുന്ന കര്‍ണ്ണന്‍ വധ്യനായി. തന്റെ വ്യക്തിപരമായ പ്രതിജ്ഞ പാലിക്കുമ്പോള്‍ സര്‍വ്വസൈന്യാധിപനെന്ന കര്‍ത്തവ്യം അദ്ദേഹം മറന്നു. ഇവിടെ കര്‍ണ്ണന്‍ വ്യക്തിധര്‍മ്മം പാലിച്ചു, പക്ഷെ സമൂഹധര്‍മ്മം മറന്നു.
സമൂഹത്തിലാണ് ധര്‍മ്മത്തിന്റെ ഊന്നല്‍ എന്നതാണ് ഈ ഉദാഹരണങ്ങള്‍ തെളിയിക്കുന്നത്. വ്യക്തിധര്‍മ്മത്തിനും പ്രാധാന്യമുണ്ട്. എന്നാല്‍ വ്യക്തിധര്‍മ്മവും സമൂഹധര്‍മ്മവും തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ സമൂഹധര്‍മ്മമാണ് സ്വീകരിക്കേണ്ടത്.
‘അശ്വത്ഥാമാവ് വധിക്കപ്പെട്ടു’ എന്ന് ധര്‍മ്മപുത്രരെക്കൊണ്ട് പറയിപ്പിച്ചതില്‍ അടങ്ങിയിരിക്കുന്ന തത്ത്വവും ഇതുതന്നെയാണ്. യുധിഷ്ഠിരന്റെ സത്യനിഷ്ഠ വ്യക്തിപരമായിരുന്നു. എന്നാല്‍ യുദ്ധത്തിനിടയില്‍ അത് സമൂഹത്തിന് പ്രയോജനം ചെയ്യുന്നതായിരുന്നില്ല. അതുകൊണ്ട് ആ സത്യനിഷ്ഠ ധാര്‍മ്മികമായിരുന്നില്ല. സത്യമെന്ന മൂല്യം സമൂഹത്തിന് കീഴെയാണെന്ന വസ്തുത ഭഗവാന്‍ കാണിച്ചുതന്നു. ഈ കളവു പറയുന്നതു വരെ ധര്‍മ്മപുത്രരുടെ കാലുകള്‍ ഭൂമിയെ സ്പര്‍ശിച്ചിരുന്നില്ല. അതിനുശേഷമാണ് കാലുകള്‍ ഭൂമിയെ സ്പര്‍ശിക്കാന്‍ തുടങ്ങിയത് എന്ന കാര്യവും ഓര്‍ക്കണം. കാലുകള്‍ ഭൂമിയിലായിരിക്കണം എന്നതും പ്രധാനമാണ്.
ധര്‍മത്തിന്റെ നിര്‍വ്വചനം ‘ധാരണാത് ധര്‍മമിത്യാഹു ധര്‍മോ ധാരയതി പ്രജഃ’ (ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നതാണ് ധര്‍മ്മം) എന്നതാണ് ധര്‍മ്മം. ഇങ്ങനെ സമൂഹത്തെ ഒരുമിപ്പിച്ചുനിര്‍ത്തുന്ന ധര്‍മ്മത്തെയാണ് രക്ഷിക്കേണ്ടതും പാലിക്കേണ്ടതും. എത്ര വലിയ മൂല്യമായാലും പൊതുസമൂഹത്തിനു അവ ദോഷകരമായാല്‍ അവയിലൊന്നും ധര്‍മ്മമല്ല. സമൂഹത്തിന് ഹാനികരമായിത്തീരുമെങ്കില്‍ അത്തരം മൂല്യങ്ങള്‍ വര്‍ജ്ജിക്കപ്പെടണം. മൂല്യങ്ങള്‍ പ്രധാനമാണ്, എന്നാല്‍ അത് സമൂഹത്തിന്റെ നന്മയ്ക്ക് ഉതകുന്നതുവരെ മാത്രമാണ്. സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നുനോക്കിയാണ് എല്ലാ മൂല്യങ്ങളുടേയും ശരിതെറ്റുകള്‍ നിര്‍ണ്ണയിക്കുന്നത്. മൂല്യങ്ങള്‍ ജീവിതത്തില്‍ ആവശ്യമില്ല എന്നല്ല ഇതിന്നര്‍ത്ഥം. മൂല്യങ്ങള്‍ ജീവിതത്തില്‍ അതിപ്രധാനമാണ്. എന്നാല്‍ അവ എവിടെവരെ എന്നതു മനസ്സിലാക്കേണ്ടതുണ്ട്. അതിനാലാണ് പൂര്‍വ്വസൂരികള്‍ ‘ധര്‍മസ്യ തത്ത്വം നിഹിതം ഗുഹായാം’ എന്നുപറഞ്ഞത്.
മഹാത്മാഗാന്ധിയുടെ അഹിംസാനിഷ്ഠ എല്ലാവര്‍ക്കും അറിവുള്ളതാണ്. ജിന്ന ‘നേരിട്ടുള്ള നടപടി’ പ്രഖ്യാപിച്ചപ്പോള്‍ അഹിംസ പിന്തുടരാന്‍ ഗാന്ധിജി ജനങ്ങളോട് ആഹ്വാനം ചെയ്തു. പിന്നീട് നടന്ന നരസംഹാരം ഭീകരമായിരുന്നു. പക്ഷെ ഗാന്ധിജി തന്റെ നിലപാടില്‍ ഉറച്ചുനിന്നു. തത്ഫലമായി അനേകായിരങ്ങള്‍ കൊല്ലപ്പെട്ടു. എണ്ണിയാലൊടുങ്ങാത്ത ക്രൂരതകള്‍ക്ക് മനുഷ്യര്‍ വിധേയരായി. അവസാനം ഗാന്ധിജിക്ക് സ്വന്തം ജീവന്‍തന്നെ ബലി കൊടുക്കേണ്ടതായി വന്നു. ഭീഷ്മരുടെ പ്രതിജ്ഞയെയാണ് ഗാന്ധിജിയുടെ നിലപാട് ഓര്‍മിപ്പിക്കുന്നത്. രണ്ടിലും ഉദ്ദേശ്യശുദ്ധിയുണ്ടായിരുന്നു. സ്വാര്‍ത്ഥത രണ്ടിലുമുണ്ടായിരുന്നില്ല. അതുകൊണ്ടു രണ്ടിനും ഉന്നത ധാര്‍മികമൂല്യമുണ്ട്. രണ്ടുപേരും ആദരണീയരാകുന്നതും ഇക്കാരണം കൊണ്ടുതന്നെ. പക്ഷെ ധര്‍മ്മത്തിന്റെ സാമൂഹ്യവശം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. രണ്ടുപേരുടെയും സത്യനിഷ്ഠ സമൂഹത്തിന് ദുരന്തകാരണമായി.
സമൂഹനിഷ്ഠയാണ് ധര്‍മ്മപാലനം
‘യതോ അഭ്യുദയ നിഃശ്രേയ സ ധര്‍മഃ’ എന്നാണ് ധര്‍മ്മത്തിന്റെ മറ്റൊരു നിര്‍വചനം. ഇഹത്തിലും പരത്തിലും അഭ്യുദയ-നിഃശ്രേയസുകള്‍ തരുന്നതാണ് ധര്‍മ്മം. ‘ധര്‍മോ രക്ഷതി രക്ഷിതഃ’ എന്ന ചൊല്ലുമുണ്ട്. ഭീഷ്മര്‍ മുതല്‍ ഗാന്ധിജി വരെയുള്ളവര്‍ വ്യക്തിധര്‍മ്മത്തില്‍ വീഴ്ച വരുത്തിയിട്ടില്ല. അതിനാല്‍ അവര്‍ ധര്‍മ്മവിരുദ്ധരോ അധര്‍മ്മികളോ അല്ല. അവര്‍ ഭാഗികമായി ധര്‍മ്മപാലനം നടത്തി. അതുകൊണ്ട് അവര്‍ ആരാധ്യരാണ്. ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരില്‍നിന്നു രാജധര്‍മ്മം മനസ്സിലാക്കാന്‍ ധര്‍മ്മപുത്രരെ കൃഷ്ണന്‍ നിയോഗിക്കുന്നതില്‍നിന്നും എത്ര ആദരണീയനാണ് ഭീഷ്മര്‍ എന്ന് വ്യക്തമാകുന്നുണ്ട്. ഇത്തരത്തില്‍ ധര്‍മ്മത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം മനസ്സിലാക്കാത്ത അവരുടെ സ്ഥാനം എന്താണ്? അവര്‍ ധര്‍മ്മത്തിന്റെ പ്രതിരൂപങ്ങളല്ല, എന്നാല്‍ അവര്‍ അധര്‍മ്മികളുമല്ല. ധര്‍മ്മത്തിന് ആകെ അ മാര്‍ക്ക് എന്നും ആ അവര്‍ക്കു പിഴച്ചത് എന്നും കരുതിയാല്‍ അവര്‍ (അ ആ) ധര്‍മ്മം ചെയ്തിട്ടുണ്ട് അതുകൊണ്ട് അവര്‍ ധര്‍മ്മിഷ്ഠരാണ്, ആദരണീ യരുമാണ്. അതിന്റെ പുണ്യം അവര്‍ക്കു ലഭിക്കും. ഇവിടെ ഭീഷ്മര്‍, ധര്‍മ്മപുത്രര്‍, ഗാന്ധിജി തുടങ്ങിയവര്‍ ജീവിതത്തില്‍ ധര്‍മ്മം അനുഷ്ഠിക്കുന്നതില്‍ ശ്രദ്ധാലുക്കളായിരുന്നു. അവരുടെ ധര്‍മ്മാനുഷ്ഠാനത്തില്‍ ചില പാകപ്പിഴകളോ, പോരായ്മകളോ സംഭവിച്ചു. എന്നാലും അവര്‍ ധാര്‍മ്മിക ജീവിതമാണ് നയിച്ചത് എന്നത് അവിതര്‍ക്കിതമാണ്. അവരുടെ ജീവിതത്തില്‍ ധര്‍മ്മനിഷ്ഠയ്ക്കാണ് പ്രാധാന്യം.
എന്നാല്‍ രാവണന്‍, ദുര്യോധനന്‍ തുടങ്ങിയവര്‍ സമൂഹതാല്‍പര്യങ്ങളെ അവഗണിച്ചു പൂര്‍ണമായും സ്വാര്‍ത്ഥജീവിതം നയിച്ചു. അതിനാല്‍ അവര്‍ അധര്‍മ്മികളാണ്.
സദാചാരം പാലിച്ചാല്‍ ധാര്‍മ്മികജീവിതമായി എന്നാണ് സാധാരണക്കാരായ മനുഷ്യരുടെ ധാരണ. സത്യനിഷ്ഠ, ദാനം, ഈശ്വരഭക്തി, മാതാപിതാക്കളെ ശുശ്രൂഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ അനുഷ്ഠിക്കുന്നതാണ് ധര്‍മ്മം എന്നാണ് അവരുടെ ധാരണ. അതെല്ലാം വ്യക്തിധര്‍മ്മങ്ങളാണ് താനും. എന്നാല്‍ അതുകൊണ്ട് മാത്രം ധര്‍മ്മാചരണം ആവുകയില്ല. ഭയത്തില്‍നിന്നും സ്വാര്‍ത്ഥതയില്‍നിന്നും വ്യക്തിപരമായ സദാചാരം ഉണ്ടാകാം. അങ്ങനെയുണ്ടാകുന്നത് സദാചാരമല്ല, മിഥ്യാചാരമാണ്. മിഥ്യാചാരം ധര്‍മ്മമല്ല. ധര്‍മ്മത്തില്‍ ഉറച്ച നിഷ്ഠയുണ്ടായി അത് ഉദ്ധരിക്കുമ്പോള്‍ മാത്രമേ അത് ധാര്‍മ്മികമാകൂ.
എന്നാല്‍ അസാന്മാര്‍ഗിക്ക് ധാര്‍മ്മികജീവിതം നയിക്കാനാവില്ല. ധാര്‍മ്മികജീവിതത്തിന് സന്മാര്‍ഗ്ഗജീവിതം അനിവാര്യമാണ്. ഈ ജീവിതം ഭയത്തില്‍നിന്നോ ദൗര്‍ബല്യത്തില്‍നിന്നോ ഉണ്ടാകില്ല. ധാര്‍മ്മികജീവിതം വിശ്വാസത്തില്‍ നിന്നാണ് ഉണ്ടാകുന്നത്.
ചുരുക്കത്തില്‍ അസാന്മാര്‍ഗിക്കു ധര്‍മ്മിഷ്ഠനാകാന്‍ സാദ്ധ്യമല്ല. എന്നാല്‍ സാന്മാര്‍ഗജീവിതം നയിച്ചതു കൊണ്ടുമാത്രം ആരും ധര്‍മ്മിഷ്ഠനാകില്ല. സമൂഹനിഷ്ഠന്‍ കൂടിയായ ആള്‍ മാത്രമേ ധര്‍മ്മിഷ്ഠനാകൂ.
ഈ ദൃഷ്ടിയില്‍ കൃഷ്ണന്‍ ധര്‍മ്മസ്വരൂപനാണ്. കൃഷ്ണന്റെ പ്രവൃത്തികളെല്ലാം സമൂഹനന്മയ്ക്കായിരുന്നു. ധര്‍മ്മത്തിന്റെ ഗൂഢാര്‍ത്ഥം മനസ്സിലാക്കിയാണ് കൃഷ്ണന്‍ പ്രവര്‍ത്തിച്ചത്. ധര്‍മ്മത്തിന്റെ ഗൂഢാര്‍ത്ഥം മനസ്സിലാക്കാന്‍ ഏറെ പ്രയാസമാണ്. അതുകൊണ്ടാണ് ‘ധര്‍മസ്യ തത്ത്വം നിഹിതം ഗുഹായാം’ എന്ന് നമ്മുടെ പൂര്‍വികര്‍ പറഞ്ഞത്.