വേദകാലത്തെ സ്ത്രീയുടെ ഉത്തരവാദിത്തം കുടുംബത്തില്‍ മാത്രമായി പരിമിതപ്പെട്ടിരുന്നില്ല. അത് ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും തലംവരെ വ്യാപിച്ചിരുന്നു. അതുകൊണ്ട് സാഫല്യം നേടിയ കുടുംബിനിയെ പുരന്ധ്രീ എന്ന വിശേഷിപ്പിച്ചിരുന്നു. തന്റെ ഭര്‍ത്താവ്, പുത്രന്മാര്‍, പുത്രികള്‍ തുടങ്ങിയ സ്വജനങ്ങളുടെ പരിപാലനത്തോടൊപ്പം തന്റെ പുരത്തിന്റെ മേല്‍നോട്ടവും നിര്‍വ്വഹിക്കുന്ന സ്ത്രീയാണ് പുരന്ധ്രീ എന്നറിയപ്പെട്ടത്. ശബ്ദകല്പദ്രുമകോശം ‘സ്വജനസഹിതം പുരം ധാരയതീതി പുരംധ്രീ’ എന്നാണ് വിശേഷിപ്പിക്കുന്നത്. യജൂര്‍വേദത്തിലെ 22-ാം അധ്യായത്തിലെ 22-ാമത്തെ മന്ത്രത്തില്‍ ‘പുരന്‍ധ്രിയോര്‍ഷാ’ എന്ന് പറഞ്ഞതിന് പണ്ഡിറ്റ് സാത്വലേകര്‍ നല്‍കിയ അര്‍ത്ഥം ‘സകലഗുണ സമ്പന്നയായ നഗരത്തിന് നേതൃത്വം നല്‍കുന്ന സ്ത്രീ എന്നാണ്. (യജൂര്‍വേദത്തിന്റെ സുബോധ ഭാഷ്യം. 2- പുറം 386) ഇതില്‍ നിന്നും വേദകാലത്തെ സ്ത്രീകളുടെ കര്‍മ്മക്ഷേത്രം തന്റെ ഗ്രാമം അഥവാ നഗരവും കൂടെ ഉള്‍പ്പെട്ടതായിരുന്നു എന്ന് വ്യക്തമാണ്. വേദകാലത്തെ സമൂഹം സൃഷ്ടിച്ച സാമൂഹ്യ ഏകകങ്ങളായിരുന്നു സഭ, സമിതി, പരിഷത്, രാഷ്ട്രം മുതലായവ. ഇവയില്‍ കാലാനുസൃതമായി സ്ത്രീകള്‍ക്കും തിരഞ്ഞെടുക്കപ്പെടാമായിരുന്നു; അവര്‍ക്ക് അംഗങ്ങള്‍ ആവാമായിരുന്നു. അഥര്‍വവേദത്തിലെ ഋഷികാ എത്രമാത്രം ആത്മവിശ്വാസത്തോടെയാണ് സഭയില്‍ സംസാരിക്കുന്നതെന്ന് നോക്കൂ: ”ഞാന്‍ പറയാം, നീ സംസാരിക്കരുത്. നീ സഭയില്‍ നിശ്ചയപൂര്‍വ്വം സംസാരിക്കുക. നീ കേവലം എന്റെ പക്ഷത്ത് നില്‍ക്കണം, മറ്റുള്ളവരുടെ പേര് പോലും ഉച്ചരിക്കരുത്. 15 ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഗാര്‍ഗീ-യാജ്ഞവാല്‍ക്യ സംവാദം. ആപത്ഘട്ടങ്ങളില്‍ സ്വരാജ്യത്തിന്റെ രക്ഷക്കുവേണ്ടിയും യുവതികള്‍ മുന്നോട്ടു വന്നിരുന്നു. അതിന്റെ ഉദാഹരണങ്ങളും സംഹിതകളില്‍ കാണാം. വിശ്പലാ ഖേല്‍ എന്നു പേരുള്ള രാജാവിന്റെ മകളായിരുന്നു. അവള്‍ യുദ്ധവിദ്യയില്‍ നിപുണയായിരുന്നു. ശത്രു തന്റെ രാജ്യത്തെ ആക്രമിച്ചപ്പോള്‍ അവള്‍ രണാംഗണത്തിലേക്ക് ചാടിയിറങ്ങി. യുദ്ധത്തില്‍ അവളുടെ കാലറ്റു പോയി. എന്നാല്‍ ധൈര്യം കൈവിടാതെ അവള്‍ അശ്വിനീകുമാരന്മാരെക്കൊണ്ട് ലോഹം കൊണ്ടുണ്ടാക്കിയ കാല് വെച്ചുപിടിപ്പിച്ച് വീണ്ടും യുദ്ധം ചെയ്ത് വിജയം വരിച്ചു.16 അവള്‍ രാജ്യത്താകമാനം എല്ലാവരുടെയും ആശ്രയകേന്ദ്രമായിത്തീര്‍ന്നു. മറ്റൊരു തരത്തിലുള്ള സംഭവമുണ്ട്. മുദ്ഗല മഹര്‍ഷിയുടെ ഗോക്കളെ കള്ളന്മാര്‍ മോഷ്ടിച്ചുകൊണ്ടുപോയി. ഉടന്‍തന്നെ ഋഷിപത്‌നി മുദ്ഗലാനീ രഥത്തിലേറി മോഷ്ടാക്കളെ പിന്തുടര്‍ന്നു. യുദ്ധപ്രഖ്യാപനത്തോടെ രാജ്യത്തെ സേന സഹായത്തിനെത്തി. അവസാനം മദ്ഗലാനീ പശുക്കളെ തിരിച്ചുപിടിക്കുന്നതില്‍ വിജയിച്ചു.17
ചുരുക്കിപ്പറഞ്ഞാല്‍, സ്ത്രീ-പുരുഷന്മാരുടെ ഉത്പത്തിയുടെ വിഷയത്തില്‍ മഹാന്മാരായ ദൃഷ്ടാക്കള്‍ക്ക് ഉണ്ടായിരുന്ന സങ്കല്പത്തെ പോലെതന്നെയായിരുന്നു അവരുടെ സ്ഥാനത്തെക്കുറിച്ചുള്ള സങ്കല്പവും. സ്ത്രീയും പുരുഷനും സൃഷ്ടിപരമായ കാരണങ്ങളാല്‍ സമാനങ്ങളായ രണ്ടു ധ്രുവങ്ങളാണ്. രണ്ടുപേരുടെയും സംയോഗത്താലല്ലാതെ സൃഷ്ടികാര്യം അസാധ്യമാണ്. ആരാണ് ഉയര്‍ന്നവര്‍ ആരാണ് താഴ്ന്നവരെന്ന ചോദ്യം തന്നെ യുക്തിരഹിതമാണ്. എന്നിരിക്കിലും പ്രകൃതിപരമായി രണ്ടുകൂട്ടര്‍ക്കുമിടയിലുള്ള അസമത്വത്തത്തിനു നേരെ പ്രായോഗികമതികളായിരുന്ന നമ്മുടെ പൂര്‍വ്വികന്മാര്‍ കണ്ണടച്ചില്ല. സൃഷ്ടിക്കുവേണ്ടി അതും ആവശ്യമാണെന്ന് അവര്‍ അംഗീകരിച്ചു.
തദനുസൃതമായിതന്നെയാണ് സൃഷ്ടിചക്രം തിരിഞ്ഞതും ലിംഗോചിതമായ സ്വഭാവവും ഉന്നവും വികസിച്ചതും. ശാരീരികമായ ക്ഷമതയില്‍ പുരുഷന്‍ പ്രബലനും സ്ത്രീ അബലയുമായി തീര്‍ന്നു. കൃഷി, ഭരണം, സൈനിക നേതൃത്വം മുതലായവയില്‍ പുരുഷന്‍ സ്വാഭാവികമായും സക്രിയനായി, സഹൃദയത്വം, ഗൃഹപാലനം, ശിശുപാലനം മുതലായവയില്‍ സ്ത്രീയും സക്രിയയായി. രണ്ടുപേരുടെയും ജീവിതം സമഗ്രതയുടെ സഹജമായ ഭാഗങ്ങളായിരുന്നു. പുരുഷനില്‍ സാഹസികത അധികമായിരുന്നെങ്കില്‍, ക്ഷമ സ്ത്രീയില്‍ അധികമായിരുന്നു. ഒരുപക്ഷെ ഈ കാരണത്താലായിരിക്കാം, പ്രപഞ്ചത്തിന്റെ അടിസ്ഥാനമായ ധര്‍മ്മത്തെ പുല്ലിംഗമാക്കുകയും, ശ്രദ്ധാ, മൈത്രീ, ദയാ, ശാന്തി, തുഷ്ടി, പുഷ്ടി, ക്രിയാ, ഉന്നതി, ബുദ്ധി, മേധാ, തിതിക്ഷാ, ലജ്ജാ, മൂര്‍ത്തി എന്നിങ്ങനെ ധര്‍മ്മത്തിന്റെ പതിമൂന്നു ഭാര്യമാരെ സ്ത്രീലിംഗമാക്കുകയും ചെയ്തത്. സ്ത്രീ കര്‍മ്മേന്ദ്രിയങ്ങളെ സംബന്ധിച്ച് പിന്നാക്കമായിരുന്നെങ്കില്‍ ജ്ഞാനേന്ദ്രിയങ്ങളുടെ കാര്യത്തില്‍ ഒപ്പത്തിനൊപ്പം ആയിരുന്നു. മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിവയെ സംബന്ധിച്ച് സമാനയായിരുന്നു. ഈ യാഥാര്‍ത്ഥ്യത്തെ വേദകാല സമൂഹം ഒരിക്കലും മറന്നില്ല. പുരുഷന് പോകാവുന്നിടത്തോളം സ്ത്രീക്കും പോകാമായിരുന്നു. സ്ത്രീയും വിദ്യാഭ്യാസം നേടിയിരുന്നു; ഉപവീതം ധരിച്ചിരുന്നു; ബ്രഹ്മവാദിനികളായിരുന്നു. അമരതത്ത്വത്തിന്റെ ദീക്ഷ പ്രദാനം ചെയ്ത ഉമ ഹൈമവതിയായി; ഉത്തമ ഗൃഹനാഥയായി; മന്ത്രദ്രഷ്ടിയായി; സംഗമനീ രാഷ്ട്രിയായി; യജ്ഞിയാ ആയി; സഭാംഗമായി; പുരന്ധ്രീയായി; ആവശ്യം വന്നപ്പോള്‍ രണാംഗനയായി. കരഞ്ഞിരിക്കുന്ന വേദകാല കന്യകയേയോ സ്ത്രീയേയോ ആരും കണ്ടിട്ടില്ല. വേദകാലത്തെ സ്ത്രീ സ്വരക്ഷിതയെന്നതിലുപരി സുരക്ഷിതയായിരുന്നു.
ഭാരതത്തിന്റെ രണ്ട് ഇതിഹാസങ്ങളാണ് രാമായണവും മഹാഭാരതവും. ഇവയുടെ മൂല ഗ്രന്ഥകര്‍ത്താക്കള്‍ മഹര്‍ഷി വാല്മീകിയും ഭഗവാന്‍ വ്യാസനുമാണ്. രാമായണത്തിലെ മുഖ്യ സ്ത്രീകഥാപാത്രങ്ങള്‍ മൂന്നുതരത്തില്‍ പെട്ടവരാണ്. ഒന്നാമത്തേത് കൊട്ടാരത്തിലെ സ്ത്രീകളാണ്. മഹാറാണി കൗസല്യാ, കൈകേയീ, സുമിത്ര, താര, ശൂര്‍പണഖ, മന്ദോദരീ, സീത, സുലോചന മുതലായവര്‍ ഈ കൂട്ടത്തില്‍ പെടും. അഹല്യയും ശബരിയും രണ്ടാമത്തെ തരത്തില്‍ പെട്ടവരാണ്. മന്ഥര, അശോകവനത്തിലെ പാറവുകാരികള്‍ മുതലായവര്‍ മൂന്നാമത്തെ വിഭാഗത്തില്‍ പെടുന്നു. ഇവരുടെ ജീവിതത്തെ അപഗ്രഥിച്ചാല്‍ പല കാര്യങ്ങളും അറിയാനാകും. രാജകൊട്ടാരത്തിലെ സ്ത്രീകളെല്ലാവരും വിദ്യാസമ്പന്നരായിരുന്നു. ആകസ്മികമായ ആപത്തുകള്‍ ഒഴിവാക്കുവാന്‍വേണ്ടി അവരെല്ലാം പൂജാനുഷ്ഠാനങ്ങള്‍ നടത്തുന്നതായി കാണുന്നു. ദശരഥ മഹാരാജാവിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത് മൂന്ന് റാണിമാരും ഒരുമിച്ചായിരുന്നു. അക്കാലത്ത് സ്ത്രീകള്‍ക്ക് ശ്രാദ്ധാധികാരം ഉണ്ടായിരുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം (വര്‍ത്തമാന കാലത്ത് കേരളത്തിലെ സ്ത്രീകള്‍ മാത്രമാണ് ഇത് നടത്തുന്നതായി കാണുന്നത്).
കിഷ്‌കിന്ധയിലെ താരയും ലങ്കയിലെ ശൂര്‍പണഖയും രാജനീതിയില്‍, വിശേഷിച്ചും നിപുണരായിരുന്നുവെന്ന് കാണുന്നു. രാജ്യത്തിന്റെ പരിസരപ്രദേശത്ത് ധനുര്‍ധാരികളായ രണ്ടു പുരുഷന്മാര്‍ ചുറ്റിനടക്കുന്നതായി ഗുപ്തചരന്മാരില്‍ നിന്നും ലഭിച്ച വിവരം രാജാവായ ബാലിയെ അറിയിച്ച് താര അദ്ദേഹത്തെ ജാഗ്രതപ്പെടുത്തുന്നുണ്ട്. ആദ്യദിവസം പരാജയപ്പെട്ട സുഗ്രീവന്‍ രണ്ടാമത്തെ ദിവസം വീണ്ടും ഏറ്റുമുട്ടാന്‍ വന്നപ്പോഴും തന്റെ ദുഃശങ്ക അറിയിച്ചുകൊണ്ട് താര ഇപ്രകാരം പറയുന്നു: ‘സുഗ്രീവന്റെ ഈ വരവ് എനിക്ക് വിചിത്രമായി തോന്നുന്നു. അവന്റെ പിന്നില്‍ പ്രബലനായ ഏതോ അജ്ഞാതനുള്ളതായി ഞാന്‍ ഭയപ്പെടുന്നു. ‘താര’യുടെ മുന്നറിയിപ്പ് സത്യമായിരുന്നു എന്നത് ചരിത്രമാണ്. പിന്നീടും അത്യന്തം ദുഃഖപൂര്‍ണവും ദുരന്തപൂര്‍ണവുമായ അവസ്ഥയില്‍ താര ബാലിയെ വധിച്ച ശ്രീരാമനോട് നേരിട്ട് സംസാരിച്ച് അംഗദന്റെ ഭാവി സുരക്ഷിതമാക്കി. അംഗദന്‍ കിഷ്‌കിന്ധയിലെ യുവരാജാവായി.
ശൂര്‍പണഖയുടെ കാര്യം ഇതിലും വിചിത്രമാണ്. രാജകന്യക എന്ന നിലയ്ക്ക് തന്നെ ലങ്കയുടെ സ്വാധീനത്തിലുള്ള പ്രദേശങ്ങളില്‍ അവള്‍ ഒറ്റക്ക് സഞ്ചരിച്ചിരുന്നു. തനിക്കുനേരെയുണ്ടായ അക്രമത്തിനു ശേഷം നേരെ ലങ്കയിലെ രാജസദസ്സിലെത്തിയ അവള്‍, പ്രൗഢിയോടെ രാജസിംഹാസനത്തില്‍ ഉപവിഷ്ടനായ ലങ്കാധിപനെ എല്ലാവരും കേള്‍ക്കെ ശകാരിക്കാന്‍ തുടങ്ങുന്നു. സുദീര്‍ഘമായ തന്റെ അവതരണത്തിനിടയ്ക്ക് ഒരിക്കല്‍പോലും തനിക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ചു അവള്‍ പറഞ്ഞില്ല. അവളുടെ ഊന്നല്‍ മുഴുവനും വിശാലമായ ഭരണപ്രദേശങ്ങളില്‍ താറുമാറായിക്കിടക്കുന്ന ഗുപ്തചര വ്യവസ്ഥയെക്കുറിച്ചായിരുന്നു. രാജാവെന്ന നിലക്ക് കൃത്യവിലോപം നടത്തിയതിന് രാവണനെ കുറ്റപ്പെടുത്തുകയായിരുന്നു അവള്‍. നിപുണയായ രാജ്യതന്ത്രജ്ഞ എന്ന നിലക്ക് അവള്‍ മുന്നറിയിപ്പ് നല്‍കി: ”രാജന്‍, മറ്റുള്ളവരുടെ സദുപദേശം നിരാകരിക്കുന്നത് അവിടുത്തെ സ്വഭാവമാണ്. രാജ്യത്തിന് അകത്തും പുറത്തും നടക്കുന്ന ഗതിവിഗതികളെക്കുറിച്ച് അവിടുന്ന് അജ്ഞനാണ്. അവിടുന്ന് ആഡംബരത്തിന്റെ അടിമയായി തീര്‍ന്നിരിക്കുന്നു. ബുദ്ധിപൂര്‍വ്വം തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവനായിരിക്കുന്നു. അധികം താമസിയാതെ ഈ രാജ്യം തീര്‍ത്തും നശിച്ചുപോകും. മഹാശയ, അവിടുന്ന് ഗുരുതരമായ വിപത്തിന്റെ വക്കത്താണുള്ളത്.” (വാല്മീകി രാമായണം. ആരണ്യകാണ്ഡം – 33. സംക്ഷേപം 1-23)
ലക്ഷ്മണനാല്‍ അപമാനിതയായിത്തീര്‍ന്ന ശൂര്‍പണഖ ലങ്കയിലെ രാജസഭയില്‍ ഒരിക്കല്‍ പോലും ‘എന്റെ ജ്യേഷ്ഠാ’ എന്ന് സംബോധന ചെയ്തിട്ടില്ല. പ്രഖരമെങ്കിലും മാന്യമായ വാക്കുകളില്‍ ആണ് അവള്‍ തന്റെ പരാതി ബോധിപ്പിച്ചത്. പാര്‍ലമെന്റിനെ സംബന്ധിച്ച് ”സഭയില്‍ കടക്കരുത്, പോയാല്‍ യുക്തി സഹമായ കാര്യങ്ങള്‍ പറയണം. സഭയില്‍ പ്രവേശിച്ച് അസംബന്ധം സംസാരിക്കുകയോ ഊമയെപ്പോലിരിക്കുകയോ ചെയ്യുന്നവര്‍, രണ്ടുകൂട്ടരും കുറ്റക്കാരാണ്.’18 എന്ന മനുവിന്റെ മാനദണ്ഡം വെച്ചുനോക്കുമ്പോള്‍ ശൂര്‍പണഖ വിജയശാലിയായ സദസ്യയാണെന്ന് കാണുന്നു. മഹാറാണി കൗസല്യയുടെ മുന്നറിയിപ്പും, അതിന്റെ ഭാവം ഒരു പക്ഷെ രൗദ്രമായിരുന്നില്ല, മറിച്ച് ദൈന്യമായിരുന്നു എന്നിരിക്കിലും, ഇത്തരത്തിലുള്ളതായിരുന്നു. രാജകുമാരന്‍ രാമനെ വനവാസത്തിന് അയയ്ക്കാന്‍ പോകുന്ന വിവരം ഞെട്ടലോടെ കേട്ട അവര്‍ ദശരഥ രാജാവിനോട് പറഞ്ഞു: അല്ലയോ രാജന്‍, അവിടുന്ന് ഈ രാഷ്ട്രത്തോട് ദ്രോഹം ചെയ്തിരിക്കുന്നു; സ്വരാജ്യത്തോട് ദ്രോഹം ചെയ്തിരിക്കുന്നു’!
(തുടരും)
15. അഹം വദാമി നേത്വം, സഭായാമഹ ത്വം വദ മമേദസസ്ത്വം കേവലോ നാന്യസൗ കീര്‍തയാശ്ചന (അഥര്‍വം 7-38-4).
16. സാധ്യോ ജഞ്ഘാമായസീം വിശ്പലായൈ ധനേ ഹിതേ സര്‍തവേ പ്രത്യധത്തം (ഋഗ്വേദം 1-116-15).
17. ”യേന ജിഗായ ശതവത് സഹസ്രം ഗാവാം മുദ്ഗലഃ പൃതനാജ്യേഷ്ഠ” (ആരിലൂടെ മുദഗ്‌ലന്‍ നൂറുകണക്കിന് ആയിരങ്ങള്‍ പശുക്കളെ യുദ്ധത്തില്‍ ജയിച്ചുനേടി) (ഋഗ്വേദം 10-102-9).
18. സഭാം വാ ന പ്രവേഷ്ടവ്യം വാ സമഞ്ജസം അബ്രുവന്‍ വിബ്രുവന്‍ വാങ്കപി നരോ ഭവതി കില്‍ബിഷീ (മനുസ്മൃതി 8-13)
19. ഹതം ത്വയാ രാഷ്ട്രമിദം സ്വരാജ്യം
ഹതാ സ്മ സര്‍വാഃ സഹമന്ത്രിഭിശ്ച
(വാത്മീകി രാമായണം – അയോദ്ധ്യാ 61-26)