ന്യൂദല്‍ഹി: വ്യക്തികളുടെ മാനസികവും ബൗദ്ധികവും ആദ്ധ്യാത്മികവുമായ വളര്‍ച്ചയ്ക്ക് സംസ്‌കൃത ഭാഷ നല്‍കുന്ന സംഭാവന വിലപ്പെട്ടതാണെന്ന് ആര്‍.എസ്.എസ്. സഹസര്‍കാര്യവാഹ് ഡോ.കൃഷ്ണ ഗോപാല്‍ അഭിപ്രായപ്പെട്ടു. സംസ്‌കൃത ഭാരതിയും ഭാരത സര്‍ക്കാര്‍ സംരംഭമായ ഭാരത വിജ്ഞാന പരമ്പരയുമായി ചേര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കണ്‍വെന്‍ഷണല്‍ സെന്ററില്‍ നടത്തിയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകം മുഴുവന്‍ ഒരു തറവാടാണെന്നും, എല്ലാ ജീവജാലങ്ങളോടും കാരുണ്യം കാട്ടണമെന്നും, സ്വന്തം സുഖത്തേക്കാള്‍ മറ്റുള്ളവരുടെ സുഖമാണ് പ്രധാനമെന്നും ചൂണ്ടിക്കാട്ടിയ സംസ്‌കാരമാണ് ഭാരതത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
‘സംസ്‌കൃതവും ആന്തരിക വികാസവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസ്‌കൃതഭാരതി മുന്‍ അധ്യക്ഷനും വിദ്യാഭ്യാസ ചിന്തകനുമായ പ്രൊഫ. ചാന്ദകിരണ സലൂജ അധ്യക്ഷനായി. ജെഎന്‍യു വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്, സംസ്‌കൃത ഭാരതി സംഘടനാ സെക്രട്ടറി ദിനേശ് കമ്മത്ത്, മധു കേശ്വര്‍ ഭട്ട് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ ബാംഗ്ലൂര്‍ ഐഐഎം പ്രൊഫ. ബി. മഹാദേവന്‍, ഡോ.ബി.എന്‍. ഗംഗാധരന്‍, എഴുത്തുകാരനായ സംക്രാന്ത സാനു, ഭാരതീയ സര്‍ക്കാര്‍ വിജ്ഞാന ശബ്ദശാഖ അധ്യക്ഷന്‍ പ്രൊഫ.ഗിരീശനാഥ ഝാ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ വര്‍ക്കേടി, പ്രൊഫ. രമേശകുമാര്‍ പാണ്ഡേയ, പ്രൊഫ. സുധീര്‍ ആര്യ, പ്രൊഫ. ഓമനാഥ വിമലി എന്നിവര്‍ പങ്കെടുത്തു. ഭാരതത്തിലെ 21 സംസ്ഥാനങ്ങളില്‍ നിന്നും 200 പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.