തിരുവനന്തപുരം: കായികാദ്ധ്യാപകര്‍ നടത്തിവരുന്ന ചട്ടപ്പടി സമരത്തോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാട് തിരുത്തണമെന്ന് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (ഫെറ്റോ) ആവശ്യപ്പെട്ടു. കായികാദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1 : 200 ആക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ കായികാദ്ധ്യാപകര്‍ ചട്ടപ്പടി സമരം നടത്തുന്നത്. സംസ്ഥാനത്തെ കായിക വികസനം ലക്ഷ്യമാക്കി ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍.ടി.യു) അടക്കമുള്ള സംഘടനകള്‍ ചിരകാലമായി ഉയര്‍ത്തുന്ന ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി സംഘടനാഭേദമില്ലാതെ കായികാദ്ധ്യാപകര്‍ സമരത്തിലാണ്. ന്യായമായ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന കായികാദ്ധ്യാപകരുടെ സമരത്തോടുളള അസഹിഷ്ണുത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു ഫെറ്റോ സംസ്ഥാന പ്രസിഡണ്ട് പി.എസ്.ഗോപകുമാര്‍ ആവശ്യപ്പെട്ടു.