തൃശൂരുള്ള പ്രശസ്തമായ എഞ്ചിനീയറിങ്ങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സിന്റെ എട്ടാമത്തെ സെമസ്റ്ററിലേക്ക് കാലെടുത്തുവെച്ചപ്പോഴാണ് രാമചന്ദ്രന് ക്യാമ്പസ് സെലക്ഷന്‍ കിട്ടിയത്. വിപ്രോയില്‍ സെഫ്ട്‌വെയര്‍ എഞ്ചിനീയര്‍. ഫൈനല്‍ റിസല്‍ട്ട് വരുന്നമുറയ്ക്ക് ജോലിയില്‍ പ്രവേശിക്കാം.
ഏഴുസെമസ്റ്ററിലും രാമചന്ദ്രന്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എട്ടാമത്തെ സെമസ്റ്ററിലും മറിച്ചല്ലാ സംഭവിക്കാന്‍ പോകുന്നതെന്ന് രാമചന്ദ്രന് ഉറപ്പുണ്ടായിരുന്നു. ഇന്റര്‍വ്യൂ നടത്തിയ വിപ്രോയുടെ ടീമംഗങ്ങളും അങ്ങനെത്തന്നെ വിശ്വസിച്ചു.
എക്‌സാമും വിവായും കഴിഞ്ഞ് ഒരു മാസത്തിനകം റിസല്‍ട്ടു വന്നു. രാമചന്ദ്രന് ഡിസ്റ്റിങ്ഷന്‍. ഏറ്റവുമടുത്ത ശുഭമുഹൂര്‍ത്തത്തില്‍ രാമചന്ദ്രന്‍ ബാംഗ്ലൂരേക്ക് വണ്ടികയറി.
കൂടെവരണമെന്ന് അച്ഛന് നിര്‍ബന്ധം. ആദ്യമായാണ് മകന്‍ വീടും നാടും വിടുന്നത്. അതും ബാംഗ്ലൂരുപോലൊരു വലിയ സിറ്റിയിലേക്ക്. വഴിതെറ്റി കുട്ടി വല്ല ഏടാകൂടത്തിലും ചെന്നുചാടുമോ എന്നൊരു പേടി.
അച്ഛന്‍ കേരള സര്‍ക്കാര്‍ സര്‍വീസില്‍ ക്ലാസ്‌ഫോര്‍ ജീവനക്കാരനായിരുന്നു. തുടക്കവും ഒടുക്കവും ലാസ്റ്റ്‌ഗ്രേഡില്‍. വിദ്യാഭ്യാസം എട്ടാംക്ലാസ്. എട്ടാംക്ലാസുകാരന് സര്‍വീസില്‍ എന്തുയര്‍ച്ച പ്രതീക്ഷിക്കാനാണ് !
രാമചന്ദ്രന്റെ അനിയത്തി രമ. അവള്‍ പ്ലസ്ടുവിനു പഠിക്കുന്നു. അവളെ ഡിഗ്രിക്കു ചേര്‍ക്കണം. പഠിത്തം കഴിഞ്ഞ് ജോലിക്കു ശ്രമിക്കണം, ജോലി കിട്ടിയാലും ഇല്ലെങ്കിലും പെണ്ണിനെ കല്യാണം കഴിപ്പിച്ചയക്കണം.
കുറച്ചു നെല്‍കൃഷി. ഒരേക്രയോളം വരുന്ന പറമ്പില്‍ ചക്കയും മാങ്ങയും പച്ചക്കറികളും വീട്ടാവശ്യത്തിനു മാത്രം വിളയുന്നു. അച്ഛനും അമ്മയും മുണ്ടു മുറുക്കിയുടുത്തു. പാടത്തും പറമ്പിലും ആരേയും കൂലിക്കു കൂട്ടാതെ ചന്ദ്രശേഖരപ്പണിക്കര്‍ ഒറ്റയ്ക്കു പണിയെടുത്തു.
മകനിലാണ് പണിക്കര്‍ക്കു പ്രതീക്ഷ. അവന്‍ നൂറുമേനി വിളയുന്ന വിത്താണ്.
പണിക്കര്‍ ഇന്നേവരെ ബാംഗ്ലൂരു കണ്ടിട്ടില്ല. എന്നാലും അവന്റെ ഒരു ധൈര്യത്തിന് കൂടെപ്പോകാമെന്നു വെച്ചതാണ്.
രാമചന്ദ്രന് ധൈര്യത്തിനൊട്ടും കുറവുണ്ടായിരുന്നില്ല.
അച്ഛന്‍ വരേണ്ടെന്ന് അവന്‍ തീര്‍ത്തുപറഞ്ഞു. രാമചന്ദ്രന്റെ സീനിയേര്‍സ് കുറേപ്പേരുണ്ട് ബാംഗ്ലൂരില്‍, ഓരോരോ ഐ.ടി.കമ്പനികളില്‍. പലരേയും നേരിട്ടറിയും. ചിലരുടെ ഫോണ്‍നമ്പറുകളും കയ്യിലുണ്ട്. കൂട്ടത്തില്‍, കൂടുതലടുപ്പമുണ്ടായിരുന്ന കുന്നങ്കുളത്തുകാരന്‍ തോമസേട്ടനെ ഫോണില്‍ വിളിച്ചു.
”പത്താം തീയതി രാവിലെ യശ്വന്ത്പൂര്‍ എക്‌സ്പ്രസിന് ഞാന്‍ ബാംഗ്ലൂരെത്തുന്നു. എനിക്ക് വിപ്രോയില്‍ ജോലികിട്ടി. സിറ്റിയില്‍ ആരേയും പരിചയമില്ല. ചേട്ടന്‍ സഹായിക്കണം.”
തോമസേട്ടന്‍ എല്ലാ സഹായവും ചെയ്യാമെന്നേറ്റു. ഹൊസൂരു കഴിഞ്ഞ് അടുത്ത സ്റ്റോപ്പ് കര്‍മ്മലാരം. കര്‍മ്മലാരത്തിറങ്ങണം.
രാമചന്ദ്രന്‍ കര്‍മ്മലാരത്തു വണ്ടിയിറങ്ങി. പറഞ്ഞപടി തോമസേട്ടന്‍ സ്‌റ്റേഷനില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. രാമചന്ദ്രനെ സമ്പൂര്‍ണ്ണമായി ചേട്ടന്‍ ഏറ്റെടുത്തു.
ഇപ്പോള്‍ തോമസേട്ടന്റെ ഫ്‌ളാറ്റില്‍ നാലുപേരായി. മറ്റു രണ്ടുപേര്‍ ഇന്‍ഫോസിസ്സിലെ പ്രദീപേട്ടനും വേണുവേട്ടനും. തോമസോ, ഐ.ബി.എമ്മില്‍. വെള്ളമടി. പാട്ട്. കൂത്ത്. സ്വയം പാചകം. തോന്നിയേടത്തേക്കുള്ള യാത്രകള്‍. സിനിമ. ഡാന്‍സ്ബാര്‍ – വീഞ്ഞിന്റെ വീര്യവും മധുരവുമുള്ള ജീവിതം.
ദോഷം പറയരുതല്ലോ. രാമചന്ദ്രന്‍ വീടു മറന്നില്ല. മാസം മോശമല്ലാത്തൊരു തുക അച്ഛന്റെ അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തു. ചന്ദ്രശേഖരപ്പണിക്കര്‍ക്ക് അതു വലിയ തുകയായിരുന്നു.
തുടക്കത്തില്‍ ഒന്നോ രണ്ടോ മാസംകൂടുമ്പോള്‍ രാമചന്ദ്രന്‍ നാട്ടിലേക്കു വണ്ടി കേറി. പിന്നീടത് ആറുമാസത്തിലൊരിക്കലായി. മൂന്നോ നാലോ ദിവസം മാത്രം വീട്ടില്‍ തങ്ങി. എന്നിട്ടും രാമചന്ദ്രനു ബോറടിച്ചു.
മടക്കത്തില്‍ അമ്മ കടുമാങ്ങയും ചക്കവറുത്തതും മുളകു-പയറു കൊണ്ടാട്ടങ്ങളും ഭദ്രമായി പായ്ക്കു ചെയ്ത് മകന്റെ ബാഗില്‍ വെച്ചു. നല്ല കാര്യം. പെഗ്ഗടിക്കുന്ന നേരങ്ങളില്‍ ടച്ചിങ്ങ്‌സായിട്ടുപയോഗിക്കാന്‍ ബെസ്റ്റാണ്.
തിരിച്ച് ബാംഗ്ലൂരേക്കു വണ്ടികേറാന്‍ രാമചന്ദ്രനെപ്പോഴും തിടുക്കംകൂട്ടി. ബാംഗ്ലൂര്‍ നഗരം അഴകും ആരോഗ്യവും തികഞ്ഞ ഒരു സുന്ദരിപ്പെണ്ണായിരുന്നു. കാമാതുരയായി അവള്‍ രാമചന്ദ്രനെ മാടിവിളിച്ചു.
കാലം പോകവേ കുന്നങ്കുളത്തുകാരന്‍ തോമസ്സിന് സ്വര്‍ഗ്ഗരാജ്യം മടുപ്പായിത്തുടങ്ങി. എത്രനാള്‍ ഇങ്ങനെ ബാച്ച്‌ലറായിക്കഴിയും? നേരത്തുകാലത്ത് ഒരു പെണ്ണു കെട്ടണ്ടെ. രണ്ടു പിള്ളാരുടെയെങ്കിലും അച്ഛനാവണ്ടെ. ഓടിത്തളരുന്ന കാലത്ത് താങ്ങായി വരേണ്ടത് സ്വന്തം പിള്ളാരുതന്നല്ലെ.
ഒല്ലൂരുള്ള പുരാതനമായ ഒരു നസ്രാണികുടുംബത്തുനിന്ന് ചെറുക്കന് അപ്പന്‍തന്നെ പെണ്ണിനെ കണ്ടുപിടിച്ചു. പെണ്ണിന്റെ ഇടവകയില്‍വെച്ച് മനസ്സമ്മതവും കുന്നങ്കുളത്തെ ചര്‍ച്ചില്‍വെച്ച് കെട്ടും നടന്നു. താമസംവിനാ തോമസ് കെട്ടിയവളേയുംകൊണ്ട് ബാംഗ്ലൂരെത്തി. രണ്ടുമുറി ഫ്‌ളാറ്റെടുത്ത് താമസം തുടങ്ങി.
മറ്റുരണ്ടു സഹവാസികളും തോമസിന്റെവഴിയേ പോകുമെന്നുറപ്പായി. രണ്ടുപേര്‍ക്കും നാട്ടില്‍ വിവാഹാലോചനകള്‍ തകൃതിയായി നടക്കുന്നു. നാട്ടില്‍നിന്ന് വിദ്യാഭ്യാസമുള്ള പെണ്‍കുട്ടിയെ മിന്നുകെട്ടിക്കൊണ്ടുവന്ന് പിന്നീടവള്‍ക്കൊരു ജോലിക്കു ശ്രമിക്കാമെന്നാണ് തോമസേട്ടനെപ്പോലെ പ്രദീപേട്ടന്റേയും വേണുവേട്ടന്റേയും മനസ്സിലിരിപ്പ്.
എങ്കില്‍ എനിക്കും എന്തുകൊണ്ടൊരു പെണ്ണുകെട്ടിക്കൂടാ എന്ന് രാമചന്ദ്രന്‍ ആലോചിച്ചു. അച്ഛനോടോ അമ്മയോടോ ആഗ്രഹം പറയാന്‍ പോയില്ല. സ്വന്തം വീട്ടുകാര്‍ മുന്നിട്ടിറങ്ങുകയാണെങ്കില്‍, ധനശേഷിയും കുലമഹിമയുമുള്ള കുടുംബത്തുനിന്നൊരു കുട്ടിയെ കിട്ടുമെന്ന പ്രതീക്ഷ വേണ്ട. ഒരു ക്ലാസ്‌ഫോര്‍ ജീവനക്കാരന്റെ മകന്‍. സമ്പത്തെന്നു പറയാനെന്തുണ്ട് വീട്ടില്‍. പണമില്ലാത്തതുകൊണ്ട് തറവാട്ടു പെരുമയുമില്ല.
കാറില്ല. ബംഗ്ലാവില്ല. കോമ്പൗണ്ടിനു ചുറ്റും കല്‍മതിലില്ല. മുറ്റത്ത് പൂന്തോട്ടവും പുല്‍ത്തകിടിയുമില്ല. വീതിയുള്ള ഇരുമ്പു ഗേറ്റില്ല. ഗേറ്റുകടന്ന് കാറ് പോര്‍ട്ടിക്കോവിലേക്കു വരില്ല. (ബസ്സുപോകുന്ന റോഡില്‍നിന്ന് പാടം ചവിട്ടി പത്തു മിനിട്ടു നടക്കണം രാമചന്ദ്രന്റെ വീട്ടിലേക്ക്)
പേര്‍പെറ്റ ഐ.ടി.കമ്പനിയില്‍ ജോലിചെയ്യുന്ന സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍ രാമചന്ദ്രനെവിടെ! പകലന്തിയോളം കൊത്തിക്കിളച്ചും പശുവിനു പുല്ലരിഞ്ഞും അതിനെ തേച്ചൊരച്ചു കഴുകിയും കാലം കഴിക്കുന്ന അച്ഛനെവിടെ! ഒന്നരയും മുണ്ടും ബ്ലൗസും മാത്രം ധരിക്കുന്ന, കണ്ണൊന്നെഴുതുകപോലും ചെയ്യാത്ത, ചീകിയൊതുക്കാത്ത മുടി തലയ്ക്കു പിറകില്‍ ഉണ്ടകെട്ടി നടക്കുന്ന അമ്മയെവിടെ!
വേണ്ട. പരിഷ്‌കാരികളായ, സുന്ദരിമാരായ പെണ്‍കുട്ടികളെത്രയെങ്കിലുമുണ്ട് ബാംഗ്ലൂരിലെ ഐ.ടി.കമ്പനികളില്‍. പറ്റിയൊരെണ്ണത്തിനെ തപ്പിയെടുക്കണമെന്നു മാത്രം.
ഇതിനിടെ രാമചന്ദ്രന്‍ പേരില്‍ ചെറിയൊരു പരിഷ്‌കാരം വരുത്തി. റാം എന്നു വിളിക്കപ്പെടാന്‍ രാമചന്ദ്രന്‍ ആഗ്രഹിച്ചു. പുതുതായി കണ്ടുമുട്ടുന്നവരോട് റാം എന്നു പരിചയപ്പെടുത്തി. രാമചന്ദ്രന്‍ എന്ന പഴയ നാടന്‍ പേര് സര്‍ട്ടിഫിക്കറ്റുകളിലും ഓഫീസ് റെക്കോര്‍ഡുകളിലും ഒളിച്ചും പതുങ്ങിയും കിടന്നു. ക്രമേണ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍ രാമചന്ദ്രന്‍ റാം എന്നറിയപ്പെടാന്‍ തുടങ്ങി.
സങ്കല്‍പ്പത്തിലുള്ള ഒരു സുന്ദരിയെ തേടുകയായിരുന്നു, റാം. ഐസ്‌ക്രീം പാര്‍ലറുകളിലും കോഫി ഷോപ്പുകളിലും പാര്‍ക്കുകളിലും പെണ്‍കുട്ടികളെ കണ്ടുമുട്ടി. അവര്‍ ഐ.ടി.കമ്പനികളില്‍ ജോലിചെയ്യുന്നവരാണെന്നുറപ്പു വരുത്തി. അവരോടു ഹായ് പറഞ്ഞു. ബിയര്‍ പാര്‍ലറില്‍വെച്ചും ഒന്നുരണ്ടു പേരെ പരിചയപ്പെട്ടു. ഭാവിഭാര്യ ബിയര്‍ കുടിക്കുന്നതിതിലോ, അങ്ങേയറ്റം ഒരു സ്മാളടിക്കുന്നതിലോ റാം ഒരു തെറ്റും കണ്ടില്ല. എങ്കിലും സങ്കല്‍പ്പത്തിലുള്ള പ്രേയസിയുടെ ആകാരവടിവോ ഭംഗിയോ ഇല്ല, ഈ പെണ്‍കുട്ടികള്‍ക്കൊന്നിനും. ചിലരോ ആണക്കന്മാര്‍. സ്‌ത്രൈണത തീരെയില്ല. ഒരു മീശയുണ്ടായിരുന്നെങ്കില്‍ ഇവററകള്‍ക്കു നന്നായി യോജിക്കും എന്ന് റാം തമാശക്കു ചിന്തിച്ചു.
യാദൃച്ഛികമായാണ് റാം ലേഖയെ പരിചയപ്പെടുന്നത്. ഒരു സുഹൃത്തിന്റെ മാര്യേജ് റിസപ്ഷനില്‍വെച്ച്. റാമിന്റെ മറ്റൊരു സുഹൃത്താണ് ലേഖയെ പരിചയപ്പെടുത്തിയത്. ഇന്‍ഫോസിസ്സില്‍ പ്രോഗ്രാമിസ്റ്റ്. സമപ്രായക്കാരി. അവളും കാമ്പസ് സെലക്ഷന്‍ കിട്ടി വന്നതാണ്. നാട് പെരുമ്പാവൂര്. അച്ഛന്‍ ഡോക്ടര്‍. അമ്മ മലയോരപ്രദേശത്തെ എഞ്ചിനീയറിങ്ങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍. . ലേഖയോ സുന്ദരി. ഈ വൈറ്റ്‌ടോപ്പും നീലജീന്‍സും അവള്‍ക്കു നന്നായിണങ്ങുന്നു. ഷാമ്പൂ ചെയ്ത് പെരുപ്പിച്ച മുടി തോളറ്റം ഒഴുകിക്കിടക്കുന്നു. ഇംഗ്ലീഷിലാണ് സംസാരം. ഇടയ്ക്ക് മലയാളവും പറയുന്നുണ്ട്. ലേഖയെ റാമിനിഷ്ടപ്പെട്ടു. പരസ്പരം ഫോണ്‍നമ്പറുകള്‍ കൈമാറി. നല്ല സുഹൃത്തുക്കളായാണ് റാമും ലേഖയും പിരിഞ്ഞത്.
സൗഹൃദം വളര്‍ന്നു. ഒഴിവുദിനങ്ങളില്‍ ഏതെങ്കിലും വലിയ ഹോട്ടലില്‍ കയറി ഒരുമിച്ചു ലഞ്ചു കഴിച്ചു. മാളുകളില്‍ ചുറ്റിക്കറങ്ങി. മല്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ സിനിമ കണ്ടു.
ഇനി നീട്ടിക്കൊണ്ടുപോകേണ്ട ആവശ്യമില്ലെന്ന് റാമിന് ബോധ്യം വന്നു. ഒരു വൈകുന്നേരം ഐസ്‌ക്രീംപാര്‍ലറില്‍ മുഖാമുഖമിരുന്ന് ഫലൂദ നുണഞ്ഞുകൊണ്ടിരിക്കേ റാം മനസ്സു തുറന്നു.
”ലേഖാ, നമുക്ക് ഒന്നിച്ചുകൂടെ?”
ലേഖയ്ക്ക് സമ്മതം. അവള്‍ റാമിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.
”ലേഖയുടെ ഡാഡിയും മമ്മിയും? ”
”അവര്‍ക്കിതിലെന്തുകാര്യം റാം?”
”എന്നാലും -”
”അക്കാര്യം എനിക്കു വിട്ടേക്കൂ. റാമിന്റെ പാരന്റ്‌സ്? ”
”എതിര്‍പ്പുണ്ടാവില്ല”
നാടിന്റേയും വീടിന്റേയും ഭേദപ്പെട്ട ചിത്രമാണ് റാം ലേഖയുടെ മുമ്പില്‍ അവതരിപ്പിച്ചിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍. പ്രശസ്തമായ നായര്‍തറവാട്! വിവാഹം കഴിഞ്ഞ് ഭാര്യയെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുമ്പോഴല്ലെ. കഴുത്തിലൊരു താലി വീഴുന്നു; രാത്രി ഒരുമിച്ചൊരു കട്ടിലിലുറങ്ങുന്നു. പിന്നെന്തായാലെന്ത്!
”വിവാഹം റജിസ്റ്റ്രാര്‍ ഓഫീസില്‍ വെച്ചാവാം. എന്റേയും തന്റേയും സുഹൃത്തുക്കളാരെങ്കിലും വിറ്റ്‌നസ് ഒപ്പിടുന്നു. ശേഷം നമ്മള്‍ വീട്ടുകാരെ അറിയിക്കുന്നു. ലേഖയുടെ വീട്ടിലും എന്റെ വീട്ടിലും പോകുന്നു.”
ഒരു കഥകേള്‍ക്കുന്ന വിസ്മയത്തോടെ ലേഖ റാമിനെ നോക്കിക്കൊണ്ടിരുന്നു.
”എന്താ റാം ഉദ്ദേശിക്കുന്നത്?”
”നമ്മുടെ വിവാഹം -”
”വിവാഹം കഴിഞ്ഞ്? ”
”നമ്മള്‍ ഒരു ഫ്‌ളാറ്റെടുത്തു താമസം തുടങ്ങുന്നു.”
”എന്നിട്ട് ? ”
”നമുക്ക് കുട്ടികളുണ്ടാവുന്നു. അവര്‍ കിന്റര്‍ഗാര്‍ഡനും പ്രീപ്രൈമറിയും കഴിഞ്ഞ് സ്‌കൂളില്‍ ചേരുന്നു. പ്ലസ്ടൂ കഴിഞ്ഞ് എഞ്ചിനീയറിങ്ങിനോ മെഡിസിനോ ചേരുന്നു.”
” ഇതാണ് റാമിന്റെ മനസ്സിലിരിപ്പ്! റാമിന്റെ ഈ കുട്ടികളെ പ്രസവിക്കാന്‍ എനിക്കിഷ്ടമല്ലെങ്കിലോ?”
”ലേഖ!”
”ലിവിങ്ങ് ടുഗെദര്‍ അണ്ടര്‍ വണ്‍ റൂഫ്. അത്രയേ ഞാനുദ്ദേശിക്കുന്നുള്ളു. എനിക്കും റാമിനും, അല്ലെങ്കില്‍ രണ്ടിലൊരാള്‍ക്ക് മടുക്കുന്നതുവരെ. നമ്മള്‍ നല്ല സൂഹൃത്തുക്കളായിത്തന്നെ പിരിയുന്നു. രണ്ടുവഴിക്കു പോകുന്നു.”
”എന്റെ വിവാഹസങ്കല്‍പ്പം ഇങ്ങനെയല്ലല്ലോ!”
”എന്റെ വിവാഹസങ്കല്‍പ്പം ഇങ്ങനെയാണെങ്കിലോ? ”
”അപ്പോള്‍ -”
”ഗുഡ്‌ബൈ റാം.”
ലേഖ ഐസ്‌ക്രീം പാര്‍ലറില്‍നിന്ന് ആദ്യമിറങ്ങി.
അവിടെവെച്ച്, ആ മുഹൂര്‍ത്തത്തില്‍, റാമിന്റെ മരണം സംഭവിച്ചു.
അടുത്ത വീക്കെന്റില്‍ രാമചന്ദ്രന്‍ നാട്ടില്‍പോയി. ”ഒറ്റയ്ക്കു കഴിഞ്ഞു മടുത്തു അമ്മേ”എന്ന് രാമചന്ദ്രന്‍ വിഷയം അവതരിപ്പിച്ചു.
മകനില്‍നിന്ന് അങ്ങനെയൊന്നു കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു അമ്മ. അമ്മ അച്ഛനോടു പറഞ്ഞു.
ഇതില്‍പ്പരം സന്തോഷമുണ്ടോ ചന്ദ്രശേഖരപ്പണിക്കര്‍ക്ക്!
അന്നുതന്നെ രാമചന്ദ്രന്‍ കേരളാ മാട്രിമോണിയലില്‍ ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്തു. അനിയത്തിക്കൊരു ലാപ്‌ടോപ് വാങ്ങിക്കൊടുത്തത് ഉപകാരമായി. വീട്ടുകാര്‍ക്ക് ഇവിടെയിരുന്നും രാമചന്ദ്രന് ബാംഗ്ലൂരിലിരുന്നും കുട്ടികളെ തിരയാം.
ആറുമാസത്തിനകം മകന്റെ വിവാഹം നടക്കുമെന്ന് ജോത്സ്യര്‍ കയ്യടിച്ചു പറഞ്ഞിട്ടുണ്ട്. ജോത്സ്യരുടെ പ്രവചനം സത്യമാവാന്‍ പോവുകയാണല്ലോ എന്ന ആഹ്ലാദത്തിലായിരുന്നു ചന്ദ്രശേഖരപ്പണിക്കര്‍.