മൊബൈല്‍ ഫോണിന്റെ മിനുസതയിലൂടെ കൈവിരലു പരതിക്കൊണ്ടു നില്‍ക്കുമ്പോഴാണ് വീരാന്‍ കുട്ടി ബോധരഹിതനായി വീഴുന്നത്. എഴുന്നേല്‍പ്പിച്ച് ചാരുകസേരയില്‍ കിടത്തി മുഖത്ത് വെള്ളം തളിച്ചപ്പോഴുണ്ട് അയാള്‍ കരയ്‌ക്കെടുത്തിട്ട വരാല് പോലെ പിടഞ്ഞുപിടഞ്ഞ് കസേരയില്‍ നിന്ന് കുതറി എണീക്കുന്നു. ചുറ്റും നിന്ന ഭാര്യയും എട്ട് മക്കളും പരിഭ്രാന്തരായി. ബാപ്പാ എന്ന് മക്കളും ഇക്കാ എന്ന് ഭാര്യയും അലമുറയിട്ടു. വീരാന്‍ കുട്ടി ഉള്ളം കയ്യില്‍ ഞെക്കിപ്പിടിച്ചിരുന്ന ഫോണിന്റെ പൂട്ടഴിച്ച് സ്‌ക്രീനില്‍ നോക്കി പരവശനായി നിന്നു. പുറകില്‍ നിന്ന മൂത്തമകന്‍ സെയ്യിദ് തലതാഴ്ത്തിയും ഇളയത് ഉമ്മയുടെ ഒക്കത്തിരുന്നും ബാപ്പയുടെ ഫോണിലേക്ക് ഒളിയിട്ടു നോക്കി. വീരാന്‍ കോപംകൊണ്ട് ഉലഞ്ഞു. ‘കുലം മുടിപ്പിക്കാനായിട്ട് ഓരോന്നിനെ പിഴപ്പിച്ചിട്ടേക്കണ്.’ അയാള്‍ ഫോണെടുത്ത് ഊക്കത്തോടെ കസേരയില്‍ വച്ചു. ‘മുട്ടാക്കില്ലാതെ നടക്കാന്‍ അഞ്ചുനേരം നിസ്‌കരിക്കണ പെണ്ണുങ്ങക്ക് പറ്റോ? അതിന് അതീങ്ങള് നിസ്‌കരിക്കുന്നുണ്ടാവോ? ഇതെങ്ങോട്ടാണ് പടച്ചോനെ കാലത്തിന്റെ പോക്ക്?’
വീരാന്റെ ബീവിക്ക് സംഗതി കത്തി. ഈയിടെ കേട്ട് പൊള്ളിനില്‍ക്കുന്ന ഹിജാബാണ് വിഷയമെന്ന് ബീവി മീരയ്ക്ക് തിരിഞ്ഞു. ഓര്‍ക്കാപ്പുറത്തായിരുന്നു മീരാ ബീഗത്തിന്റെ ഒക്കത്തിരുന്ന നാല് വയസ്സുകാരന്‍ അഹമ്മദ് ബാപ്പയോട് ചോദിച്ചത്: ‘മദ്രസേ പോകുമ്പോ ഞാനും മുട്ടാക്കിടട്ടെ വാപ്പാ?’
ആണ്‍കുട്ടികളല്ല, പെണ്‍കുട്ടികളാണ് മുട്ടാക്ക് ധരിക്കേണ്ടത് എന്ന് തിരുത്തിപ്പറയാനുള്ള സാമര്‍ത്ഥ്യം വീരാന്‍കുട്ടിക്കുണ്ടായിരുന്നു. കൂട്ടത്തില്‍ ബീവിയോട് രഹസ്യമായി പറഞ്ഞു: ‘ജ്ജ് ജാതീം മതോം നോക്കാണ്ട് ന്നെ നിക്കാഹ് കയിച്ചതെന്ന് പിള്ളേരൊന്നും അറിയണ്ട. അറിഞ്ഞാപ്പിന്നെ കാഫറാണെന്ന് ബച്ച് അന്നെപ്പുടിച്ചറുക്കാന്‍ ന്റെ ആണ്‍മക്കള് വളയും.’
മീര കാറ്റത്ത് പറന്ന തലമുടി മുട്ടാക്കിനുള്ളില്‍ ആഴ്ത്തി അതിനെ മാനം കാണിക്കാതെ മറച്ചുവച്ചു.
പണ്ട് ക്യാമ്പസ്സിന്റെ ചുവരുകള്‍ക്ക് പുറത്ത് മതേതരത്വം കൊട്ടിഘോഷിച്ചുകൊണ്ട് നടന്ന തന്റെ നാവ് ഇന്ന് വാക്ക് മുട്ടി വലഞ്ഞതില്‍ അവള്‍ അത്ഭുതം കൂറിയില്ല. വീരാനെ പ്രണയിച്ച് മതം മാറി നിക്കാഹ് കഴിക്കുമ്പോള്‍ മുതല്‍ തനിക്ക് അപ്രാപ്യമായിക്കൊണ്ടിരുന്ന വലിയൊരു ലോകം അവളോടൊപ്പം മെലിഞ്ഞ് ആയുസ്സ് വറ്റിക്കൊണ്ടിരുന്നു. കൊടുങ്കാറ്റ് പോലെ ദൂരെ നിന്നും വീശിത്തുടങ്ങുന്ന മാറ്റങ്ങള്‍ തനിക്കരികിലെത്തുമ്പോള്‍ ഗര്‍ജ്ജനമില്ലാതെ പൊടിക്കാറ്റായി മാറുന്നതില്‍ അവള്‍ ആശ്ചര്യപ്പെട്ടില്ല. എങ്ങനെ ആശ്ചര്യപ്പെടാനാണ്, ആറാമത്തെ മോനെ ട്യൂട്ടോറിയലില്‍ അയച്ച് മടങ്ങുമ്പോള്‍ അലിയാര്‍ മാഷ് കുട്ടികളെ പുതിയ പാഠം പഠിപ്പിക്കുകയാണ്: ‘കാഫ്രീങ്ങുകളായ ഹിന്ദു സ്ത്രീകളെ…’
അലിയാര്‍ മാഷിന്റെ ശബ്ദം അവളെ കടന്നാക്രമിച്ചു. പര്‍ദ്ദയ്ക്കുള്ളില്‍ താന്‍ സുരക്ഷിതയാണെന്ന് അവള്‍ ഒരിക്കല്‍ക്കൂടി ഉറപ്പ് വരുത്തി.
മീര മകനെ ട്യൂട്ടോറിയലില്‍ നിന്നും തിരികെ വിളിച്ച് മടങ്ങുമ്പോള്‍ കേരളത്തില്‍ മറ്റൊരിടത്തുമില്ലാത്ത മതതീവ്രത ഇവിടെ എന്തുകൊണ്ട് എന്ന് ചിന്തിച്ചില്ല. ജനിക്കുന്ന കുഞ്ഞിന്റെ നാവില്‍ പൊന്ന് തേച്ചുപിടിപ്പിക്കുന്നത് പോലെ മതം ഉരച്ചുവയ്ക്കുന്ന ഇവിടുത്തെ സമ്പ്രദായം മുട്ടാക്കിട്ട പെണ്ണിനേ മാറ്റാന്‍ കഴിയൂ. അവള്‍ ഭംഗിയായി മുട്ടാക്കിടട്ടെ, നൊയമ്പ് പിടിക്കട്ടെ, നിസ്‌കരിക്കട്ടെ, മദ്രസയില്‍ പോട്ടെ, ഒപ്പം പഠിക്കട്ടെ! അവള്‍ തീരുമാനിക്കട്ടെ, പോര്‍ക്ക് ഹറാമാണോയെന്നും ഹിജാബ് തനിക്ക് സ്വാതന്ത്ര്യമാണോ എന്നും! ദൂരെ നിന്നും വീശുന്ന കൊടുങ്കാറ്റ് ഇത്തവണ തനിക്കരികില്‍ പൊടിക്കാറ്റല്ല വീശുന്നതെന്ന് മീര തിരിച്ചറിഞ്ഞു.
വീട്ടുപടിക്കല്‍ ചാരുകസേരയില്‍ മലര്‍ന്നിരുന്ന് പത്രം വായിക്കുന്ന ഭര്‍ത്താവ് തനിക്കും മകനും നേരെ നോട്ടം തെന്നിച്ചത് ഗൗനിക്കാതെ അവള്‍ മുട്ടാക്ക് തലയില്‍ പിടിച്ചിട്ട് അകത്തുകയറി.
‘റിയാസിനെ ട്യൂട്ടോറിയലില്‍ ഇരുത്തിയില്ലേ നീയ്?’
‘അവന്‍ ഇനി അലിയാര്‍ മാഷിന്റെ ട്യൂട്ടോറിയലില്‍ പോണില്ല.’ പൊടുന്നനെയായിരുന്നു മീരയുടെ മറുപടി. മറുചോദ്യം വീരാന്‍ കുട്ടി ഓര്‍ത്തെടുക്കുന്നതിനുമുമ്പേ മീരാ ബീഗം പടികടന്ന് അകത്തേയ്ക്ക് പോയിരുന്നു. അവള്‍ക്കൊപ്പം അകത്തേയ്ക്ക് കടന്ന കാറ്റിന്റെ ശക്തിയില്‍ വീരാന്റെ കണ്ണുകള്‍ ചൂളിയടഞ്ഞു.