ഭരണഘടനയുടെ 254-ാം വകുപ്പ് പ്രകാരം വിദ്യാഭ്യാസത്തെ കണ്‍കറന്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഏഴാം പട്ടികയിലാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ഭരണഘടനയിലെ യൂണിയന്‍ ലിസ്റ്റിലെ 66-ാമത് നിര്‍ദ്ദേശപ്രകാരം ഉന്നത വിദ്യാഭ്യാസ രംഗത്ത് കേന്ദ്രനിയമത്തിന് സംസ്ഥാന നിയമങ്ങളുടെയും ചട്ടങ്ങളുടേയും മുകളില്‍ നിയമ പ്രാബല്യം ഉണ്ടായിരിക്കും എന്നും പറയുന്നു. പൊതുവില്‍ വിദ്യാഭ്യാസം, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസം സ്വയംഭരണ സ്വഭാവമുണ്ടായിരിക്കണമെന്നാണ് ഭരണഘടനയും നമ്മുടെ പൈതൃകവും വിളിച്ചു പറയുന്നത്. ബ്രിട്ടീഷുകാരുടെ കാലത്താണ് വിദ്യാഭ്യാസം ഭരണക്കാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരുന്നത്. സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസം സ്വതന്ത്രമാകണമെന്ന് അധിക രാഷ്ടശില്പികളും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് സര്‍വ്വകലാശാലയുടെ തലപ്പത്ത് ചാന്‍സിലറായി ഗവര്‍ണ്ണറെ തന്നെ നിര്‍ദ്ദേശിച്ചത്. എന്നാല്‍ അധികാരം കൈയാളിയവരിലെ റഷ്യന്‍ മോഡല്‍ സ്വാധീനം അതിന് നേര്‍വിരുദ്ധമായിരുന്നു. കമ്യൂണിസ്റ്റ് സിദ്ധാന്തത്തിന് അനുസരിച്ച് വിദ്യാഭ്യാസം ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ ഇരിക്കണം എന്ന കാഴ്ചപ്പാടോടെ ഭാരതത്തില്‍ ഭരണക്കാരുടെ നിരന്തര ഇടപെടലിന്റെ മേഖലയായി പിന്നീട് വിദ്യാഭ്യാസം തുടര്‍ന്നു. ‘ഓട്ടോണമി’ അഥവ ‘സ്വായത്തത’ കൊണ്ടുവരാന്‍ നിര്‍മ്മിച്ച നിയമങ്ങളും ചട്ടങ്ങളും രാഷ്ട്രീയ തന്നിഷ്ടം കാണിക്കാനുള്ള ലൈസെന്‍സ്സായി മാറി. ഭാരതത്തിലെ ഭരണഘടനദത്ത സ്വായത്തത നിലനിര്‍ത്താന്‍ നിര്‍ണ്ണയിക്കപ്പെട്ട ഉന്നത പദവികളായ രാഷ്ട്രപതി, ഗവര്‍ണ്ണര്‍, ജഡ്ജിമാര്‍ തുടങ്ങി എല്ല രംഗങ്ങളിലും രാഷ്ട്രീയ വിധേയരെ നിയമിക്കുന്ന ചിത്രം നമുക്ക് പരിചിതമായി. ഡോ.രാജേന്ദ്രപ്രസാദിനും ഡോ.എസ്.രാധാകൃഷ്ണനും ശേഷം രാഷ്ട്രീയ വിധേയത്വത്തില്‍ നിന്നു പുറത്തുള്ള ഒരാള്‍ രാഷ്ട്രപതി പദത്തിലെത്താന്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നു. മുന്‍ മന്ത്രിമാരുടേയും ചുമതല മുക്തരായ രാഷ്ട്രീയ നേതാക്കളുടേയും സുഖവാസ ലാവണ്യമായി രാജ്ഭവനുകള്‍. ഇപ്പോള്‍ ചെറിയ തോതില്‍ അതിന് മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ട്. ഭരണഘടനയുടെ അന്തസ്സത്ത പരിപാലിക്കാനുള്ള രാഷ്ട്രപതിയുടെ പ്രതിനിധിയാണ് ഗവര്‍ണ്ണര്‍ എന്ന തിരിച്ചറിവും, നിശ്ചയദാര്‍ഢ്യവുമാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്നത്.
അര്‍ത്ഥശൂന്യമാകുന്ന സ്വയംഭരണം
കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകള്‍, ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാത്ത സ്വയംഭരണ സ്വഭാവമുള്ള സ്ഥാപനങ്ങളായാണ് വിഭാവനം ചെയ്തിരിക്കുന്നത്. പാഠ്യപദ്ധതി രൂപീകരിക്കാനും പരീക്ഷ നടത്തി ബിരുദങ്ങള്‍ നല്‍കാനും മാത്രമല്ല, സര്‍ക്കാര്‍ ഫണ്ടഡ് സ്ഥാപനങ്ങളാകുമ്പോഴും അധ്യാപക – അനധ്യാപക നിയമനങ്ങള്‍ പോലും നടത്താനുള്ള അധികാരവും ഈ സ്ഥാപനങ്ങള്‍ക്കുണ്ട്. അതുകൊണ്ട് സ്ഥാപന മേലധികാരികളെ നിയോഗിക്കുമ്പോഴും അത്തരം യോഗ്യതകളും മാനദണ്ഡങ്ങളും നടപടിക്രമങ്ങളുമാണ് പാലിക്കേണ്ടത്. അല്ലാത്തപക്ഷം സ്വയംഭരണം അര്‍ഥശൂന്യമാകും.
സംസ്ഥാന നിയമസഭയോ കേന്ദ്ര പാര്‍ലമെന്റോ നിര്‍മ്മിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവില്‍ വരുന്നത്. അവിടെ ഭരണത്തലവന്മാരെയും അധ്യാപക – അനധ്യാപക ജീവനക്കാരെയും ഭരണ നിര്‍വ്വഹണ സമിതി അംഗങ്ങളെയും തെരഞ്ഞെടുക്കലും നിയോഗിക്കലുമെല്ലാം സര്‍വ്വകലാശാലാ നിയമത്തിന്റെ വകുപ്പുകളിലും ചട്ടങ്ങളിലുമായി വ്യക്തമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്. ഈ നിയമങ്ങളും ചട്ടങ്ങളും കാലാകാലങ്ങളില്‍ സര്‍വ്വകലാശാലയുടെ ഗുണനിലവാരവും കാലോചിത പ്രവര്‍ത്തനവും സുഗമമാക്കാനും മേല്‍നോട്ടം വഹിക്കാനുമായി രൂപീകൃതമായ യു ജി സി യുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിരിക്കും എന്നും വിഭാവനം ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ആരംഭിക്കുന്ന സര്‍വ്വകലാശാലകള്‍ക്ക് അത് അതിക്രമിക്കാന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. (ഗുജറാത്ത് സര്‍ദാര്‍ പട്ടേല്‍ യൂണിവേഴ്‌സിറ്റി വി സി നിയമനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി).
പൊതുവില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തിന് ചാന്‍സിലര്‍ നിയോഗിക്കുന്ന 3 മുതല്‍ 5 വരെ അംഗങ്ങള്‍ ഉള്ള സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിക്ക് വലിയ പ്രാധാന്യമുണ്ട്. അവരാണ് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് സുതാര്യമായ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിലൂടെ അര്‍ഹരായവരെ കണ്ടെത്തി ഒരു പട്ടിക തയ്യാറാക്കി ചാന്‍സിലര്‍ക്ക് നല്‍കുന്നത്. അതില്‍ നിന്നും ഗവര്‍ണ്ണര്‍ക്ക്/ ചാന്‍സിലര്‍ക്ക് ഒരാളെ വൈസ് ചാന്‍സിലറായി നിയോഗിക്കാം (2018ല്‍ പരിഷ്‌ക്കരിച്ച യുജിസി ചട്ടം). ഈ നടപടിക്രമങ്ങള്‍ ഫലപ്രദമാക്കാനാണ് കേരളത്തിലെ സംസ്ഥാന സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് മുമ്പ് കേരള ഗവര്‍ണ്ണര്‍ ആയിരുന്ന ജസ്റ്റിസ് സദാശിവം ഈ പ്രക്രിയക്ക് തുടക്കം കുറിച്ചിരുന്നു. അതുകൊണ്ടാണ് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല വിസിയായി ഡോ.ജെ.ലതയും സമുദ്ര-മത്സ്യസര്‍വ്വകലാശാല വിസിയായി ഡോ. ആലപ്പാട്ട് രാമചന്ദ്രയും അക്കാലത്ത് നിയോഗിക്കപ്പെട്ടത്.
ചാന്‍സിലര്‍ നിയോഗിക്കുന്ന സെര്‍ച്ച് കമ്മിറ്റിയെ തന്നിഷ്ടപ്രകാരം ഗവര്‍ണ്ണര്‍ നിയോഗിക്കുന്നതല്ല. മറിച്ച് അതിനും കൃത്യമായ മാര്‍ഗ്ഗരേഖ സര്‍വ്വകലാശാല നിയമത്തിലുണ്ട്. കേരളത്തിലെ സര്‍വ്വകലാശാലകളുടെ നിയമങ്ങള്‍ പ്രകാരം ഒരംഗം യുജിസി നിര്‍ദ്ദേശിക്കുന്ന വ്യക്തിയും, ഒരംഗം സര്‍വ്വകലാശാല നിര്‍ദ്ദേശിക്കുന്ന അംഗവുമാണ്. മറ്റൊരാള്‍ ഗവര്‍ണ്ണറുടെ പ്രതിനിധിയാണ്. ഗവര്‍ണ്ണര്‍ സര്‍ക്കാറിന്റെ തലവന്‍ ആയതിനാല്‍ അത് സര്‍ക്കാര്‍ പ്രതിനിധിയായി തന്നെ കണക്കാക്കാം. ഈ മൂന്നംഗ സമിതിയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്. കേരളത്തില്‍ നിരവധി സെര്‍ച്ച് കമ്മിറ്റിയുടെ പട്ടിക നോക്കിയാല്‍ ഗവര്‍ണ്ണര്‍ പ്രതിനിധി എന്നത് ചീഫ് സെക്രട്ടറിയോ സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥരോ ആയിരുന്നു എന്ന് കാണാം. ഇവര്‍ക്ക് ഒരാളെയോ രണ്ടു പേരെയോ അതില്‍ കൂടുതലോ പേരുകള്‍ ചാന്‍സിലര്‍ക്കു നല്‍കാം. പട്ടികപ്പെടുത്തിയ പേരുകളില്‍ നിന്നും ചാന്‍സിലര്‍ അവരുടെ അക്കാദമിക്ക് മികവ്, ഭരണപരിചയം, ഗവേഷണ നേതൃത്വം, കാഴ്ചപ്പാട് എന്നിവ വിലയിരുത്തി ഒരാളെ നിയോഗിക്കുന്നു. അതിന് ഗവര്‍ണ്ണര്‍ക്ക് ഓരോരുത്തരെയും പ്രത്യേകം കൂടിക്കാഴ്ചക്ക് ക്ഷണിക്കുകയോ മറ്റേതെങ്കിലും രീതിയില്‍ വിലയിരുത്തുകയോ ചെയ്യാം. അഞ്ചംഗ സമിതി എന്ന യുജിസി പ്രയോഗത്തെ അവസരമാക്കിയാണ് സര്‍ക്കാര്‍ സര്‍വ്വകലാശാല നിയമത്തിലെ വി.സി. നിയമന വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ ബില്ല് കൊണ്ടു വന്നിരിക്കുന്നത്. ഇതില്‍ പഴയ അംഗങ്ങള്‍ക്കും പുറമേ സര്‍ക്കാറിന്റെ ഒരു പ്രതിനിധിയ്ക്കും പുറമെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അംഗവും, അധ്യക്ഷനുമാകണമെന്ന് നിര്‍ദ്ദേശിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന ഭരണഘടനാ പദവിയല്ലാത്ത നിര്‍ദ്ദേശക സമിതിയുടെ വൈസ് ചെയര്‍മാനെ രാഷ്ട്രപതിയുടെ പ്രതിനിധിയായി ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഗവര്‍ണ്ണറെ അപ്രസക്തമാക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്. തങ്ങള്‍ ഒരിക്കലും ഗവര്‍ണ്ണറെ നിര്‍ണ്ണയിക്കാന്‍ പ്രാപ്തിയുള്ളവരാകാന്‍ ഇടയില്ലെന്ന ഉത്തമ ബോധ്യമാണിതിന് പിറകില്‍. പ്രതിപക്ഷ കക്ഷിയുടെ നിസംഗതയാണ് ഏറെ ആശ്ചര്യം. ഇത്രയൊന്നും കഷ്ടപ്പെടേണ്ടിയിരുന്നില്ല. ചാന്‍സിലര്‍ പദവി തിരിച്ചു നല്‍കിയപ്പോള്‍ അങ്ങ് സ്വീകരിച്ചാല്‍ മതിയായിരുന്നു.
തകര്‍ന്നടിയുന്ന കേരള വിദ്യാഭ്യാസം;പറന്നകലുന്ന വിദ്യാര്‍ത്ഥികള്‍
കേരളത്തിലെ വിദ്യാഭ്യാസരംഗം, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസരംഗം ഇന്ന് നിലവാരത്തകര്‍ച്ച കൊണ്ടും രാഷ്ട്രീയവല്‍ക്കരണം കൊണ്ടും തകര്‍ന്ന് തരിപ്പണമായിരിക്കയാണ്. സ്വാതന്ത്ര്യം നേടുന്ന കാലത്തും തുടര്‍ന്നുള്ള നിരവധി പതിറ്റാണ്ടുകളിലും കേരളത്തിന്റെ വിദ്യാഭ്യാസമാതൃക ഗുണനിലവാരത്തിലും പ്രാപ്യതയിലും ഭാരതത്തിന്റെ ദേശീയ ശരാശരിയെക്കാള്‍ എത്രയോ ഉയര്‍ന്നതും എല്ലാവര്‍ക്കും അനുകരണീയവുമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി ആകെ തകിടം മറിഞ്ഞിരിക്കുന്നു. കേരളത്തിലെ മുന്നണി രാഷ്ടീയത്തിന്റെ തിക്തഫലങ്ങള്‍ ഏറേ പ്രതിഫലിക്കുന്നത് വിദ്യാഭ്യാസരംഗത്താണ്. എന്നാല്‍ അത് ഏറിയ പങ്കും സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഒതുങ്ങി നിന്നിരുന്നു. ഇപ്പോള്‍ ഇടതുപക്ഷ രാഷ്ട്രീയ അജണ്ട, ഉന്നത വിദ്യാഭ്യാസരംഗത്ത് പാര്‍ട്ടിക്ക് അനുകൂലമായ സൈദ്ധാന്തിക പശ്ചാത്തലമൊരുക്കുന്ന അക്കാദമിക അജണ്ടയില്‍ നിന്ന് മാറി, പാര്‍ട്ടി നേതാക്കളുടെ സ്ഥാപിത താല്‍പര്യത്തിന്റെ വേദിയായി മാറിയിരിക്കുന്നു. അതാണ് ഈ രംഗത്തെ ഇന്നത്തെ രീതിയിലുള്ള കൂപ്പുകുത്തലിന് കാരണം. പാര്‍ട്ടി ഫ്രാക്ഷന്‍ ഭരണമാണ് സര്‍വ്വകലാശാലകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. സര്‍വ്വകലാശാല വി.സിമാര്‍ വ്യക്തിപരമായി എത്ര അക്കാദമിക മേന്മയുള്ളവരാണെങ്കിലും സിന്‍ഡിക്കേറ്റ് അംഗങ്ങളായി വരുന്ന പാര്‍ട്ടി ഫ്രാക്ഷനു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ദയനീയ സ്ഥിതി അപമാനം മാത്രമല്ല ആപല്‍ക്കരവുമാണ്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ യുവനേതാക്കന്‍മാരുടെ ഭാര്യമാര്‍ സര്‍വ്വകലാശാല അധ്യാപികമാരായി വരുന്നു എന്നത് തെറ്റല്ല. എന്നാല്‍ ‘ഭാര്യ പദവി’ ജോലിക്കുള്ള യോഗ്യതാ മാനദണ്ഡമാകുന്നത് കേരളത്തിനും പാര്‍ട്ടിക്കും ഒരുപോലെ അപമാനമാണ്. ആശയധാരക്ക് അതീതമായി ‘സമരയൗവനത്തിന്റെ ‘തീഷ്ണമാതൃകക്ക് തീരാകളങ്കമാണ്. താഴെ തലത്തിലെ ജോലി മുതല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ ഉന്നത പദവി വരെയുള്ള നിയുക്തികള്‍ പാര്‍ട്ടി വിധേയത്വത്തിന് അടിയറ പറയുന്നതോടെ സര്‍വ്വകലാശാലകള്‍ പാര്‍ട്ടി അനുബന്ധ വര്‍ഗ്ഗ ബഹുജന പ്രസ്ഥാനങ്ങളുടെ കേന്ദ്രം മാത്രമാകുന്നു. പഠനവും പരീക്ഷയും ഗവേഷണവും പ്രഹസനങ്ങളാകുന്നു. കേഡറുകളും ക്രിമിനലുകളും കേമന്‍മാരാകുന്നു. അര്‍ഹതയുള്ളവര്‍ അപഹാസ്യരാകുന്നു. പഠിക്കാന്‍ വരുന്നവര്‍ പീഡിപ്പിക്കപ്പെടുന്നു. സെമിനാറുകളും സംവാദങ്ങളും പാര്‍ട്ടി സമ്മേളനങ്ങളാകുന്നു. പാര്‍ട്ടി പത്രവും പ്രസിദ്ധീകരണങ്ങളും അക്കാഡമിക ജേര്‍ണലുകളാകുന്നു!
വിദ്യാഭ്യാസ രംഗത്തെ യഥാര്‍ത്ഥ വസ്തുതകളും കണക്കുകളും മറച്ചു വച്ച് കേരളം നമ്പര്‍ വണ്‍ എന്ന് ചിലര്‍ വിളിച്ചുകൂവിക്കൊണ്ടിരിക്കുന്നു. കൂവല്‍ തൊഴിലാളികള്‍ക്ക് ഗുണം കിട്ടുമായിരിക്കും. പക്ഷേ കേരളമാണ് തകരുന്നത്. ചിലര്‍ നിസ്സംഗതയിലാണ്. ഭരിക്കുന്ന പാര്‍ട്ടിക്ക് ഇഷ്ടമുള്ളവരെ വിസിയാക്കിയാല്‍ എന്താ കുഴപ്പം എന്നാണ് ചിലരുടെ രസകരമായ ചോദ്യം. അത് നാട്ട് നടപ്പായും ജനാധിപത്യപരമായും ചിലരാല്‍ അംഗീകരിക്കപ്പെടുന്നു. കേരളത്തിന്റെ യുവ സമൂഹം ആശയറ്റ്, അഭയമറ്റ് പലായനം ചെയ്തു കൊണ്ടിരിക്കയാണ്.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിലെ ആകെ പ്രവേശന നിരക്ക് (GER) 37.40% ആണെന്നാണ് വിവിധ സര്‍വേകള്‍ പറയുന്നത്. 2035 ആകുമ്പോഴേക്കും GER 50% എന്ന ദേശീയ ശരാശരിയോട് അടുത്ത് നില്‍ക്കുന്ന കേരളം തമിഴ്‌നാടിന് തൊട്ടു താഴെയുള്ള സംസ്ഥാനമാണ്. തമിഴ്‌നാട് ഇപ്പോഴേ 51% പിന്നിട്ടു എന്ന് ചില കണക്കുകള്‍ കാണിക്കുന്നു. എന്നാല്‍ കേരളത്തിലെ സ്ഥിതി അതിവിചിത്രമാണ്. കേരളത്തിലെ വിദ്യാത്ഥികളില്‍ 19% മാത്രമാണ് ഇവിടെ ഉന്നത വിദ്യാഭ്യാസം നേടുന്നത് എന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക രേഖ വ്യക്തമാക്കുന്നത് (2022 ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസംഗം). അതായത് ആകെ പ്രവേശനത്തിന്റെ 50% മാത്രം! ബാക്കി 50% പുറത്താണ് പഠിക്കുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടത് കഴിഞ്ഞ വര്‍ഷം കൊറോണ പ്രതിസന്ധിയുടെ മറവിലും മാര്‍ക്ക് ദാനം നല്‍കി പരീക്ഷാഫലം ഉയര്‍ത്തി മികവ് കാട്ടാന്‍ കേരള സര്‍ക്കാര്‍ നടത്തിയ ശ്രമഫലമായി ഡല്‍ഹി സര്‍വ്വകലാശാലയിലെ പല പ്രമുഖ കോളേജുകളിലും കേരള വിദ്യാര്‍ത്ഥികള്‍ 100% സീറ്റിലും പ്രവേശനം നേടിയപ്പോഴാണ്.
കേരളത്തിലെ മാര്‍ക്ക്ദാനവും ഡല്‍ഹിയിലെ അധിനിവേശവും കേരളത്തെ അപഹാസ്യമാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി തന്നെ പരിതപിക്കുകയുണ്ടായി. ദേശീയ തലത്തില്‍ കേന്ദ്രസര്‍വ്വകലാശാലകളിലേക്ക് പൊതുപ്രവേശനപരീക്ഷ എന്ന നടപടിയിലേക്കും ഇത് നയിച്ചു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവേശന പരീക്ഷയില്‍ ശരാശരി ഒരു ദിവസം ബിരുദതലത്തില്‍ 20,000 ന് അടുത്തും ബിരുദാനന്തര തലത്തില്‍ 4,000 ന് അടുത്തും കുട്ടികളാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ പരീക്ഷ എഴുതി പുറത്തേക്ക് ഉന്നത പഠനത്തിന് പോകാന്‍ ആഗ്രഹിക്കുന്നത്. പ്രവേശന പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് അതോറിറ്റിയുടെ (NTA) കണക്ക് അനുസരിച്ച് ഒരു ലക്ഷത്തിയറുപതിനായിരത്തില്‍പരം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ നിന്നും പുറത്തു പോകാന്‍ ആഗ്രഹിക്കുന്നത്. കേരളത്തിന് വെളിയിലെ ജീവിത സാഹചര്യമാണോ, പഠന അന്തരീക്ഷമാണോ അവരെ ആകര്‍ഷിക്കുന്നത്? ഓരോ ദിവസവും പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളില്‍ 50% ന് അടുത്ത് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്. കേരളത്തിലെ സര്‍വ്വകലാശാലകളേയും കാമ്പസുകളേയും ഇടത് പക്ഷം പാഴ്‌ചെടികള്‍ മാത്രം വളരുന്ന ഇടമാക്കി കൊണ്ടിരിക്കയാണ്. കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ നിന്ന് CBSEവിദ്യാലയങ്ങളിലേക്ക് ഉണ്ടായ പാലായനത്തിന്റെ തനിയാവര്‍ത്തനമാണ് ഉന്നത വിദ്യാഭ്യാസ രംഗത്തും ദൃശ്യമായി തുടങ്ങിയിരിക്കുന്നത്. തത്വദീക്ഷയില്ലാത്ത ഇംഗ്ലീഷ് മീഡിയവല്‍ക്കരണം കൊണ്ട് സ്‌കൂള്‍ പ്രവേശം പെരുപ്പിച്ച് കാണിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഉന്നത വിദ്യഭ്യാസ രംഗത്തെ പറന്ന് പോക്കിനെ അത് ത്വരിതപ്പെടുത്തിയിരിക്കയാണ്.
തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ സാധാരണ പ്രഫഷണല്‍ കോളേജുകളിലേക്കും സ്വകാര്യ സര്‍വ്വകലാശാലകളിലേക്കും ചേക്കേറുന്ന കുട്ടികളുടെ കണക്ക് കൂടി പരിഗണിച്ചാല്‍ മാത്രമാണ് സ്ഥിതിഗതിയുടെ ഗൗരവം മനസ്സിലാകുകയുള്ളു. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ സര്‍വ്വകലാശാല പൊതുപ്രവേശന പരിക്ഷ എഴുതുന്ന സംസ്ഥാനം കേരളമാണത്രെ. ഉന്നത വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ വളരെ കുറഞ്ഞ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളേയും ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളെയും പിന്നിലാക്കിയാണ് കേരളത്തിന്റെ ഈ പാലായന കുതിപ്പ്. അതേ സമയം കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കും എന്ന് കൊട്ടിഘോഷിച്ച് ആരംഭിച്ച പ്രഫഷണല്‍ കോളേജുകളില്‍, പ്രത്യേകിച്ചും എഞ്ചിനീയറിംഗ് കോളേജുകളില്‍ 30,000തില്‍പരം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യമുള്ള പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ കഴിയാതെ കോളേജുകള്‍ ഊര്‍ധ്വശ്വാസം വലിക്കയാണ്.
ലക്ഷ്യം മറന്ന കലാശാലകള്‍
പഠനഗവേഷണ വകുപ്പുകള്‍ പേരിനു പോലുമില്ലാത്ത സാങ്കേതിക സര്‍വ്വകലാശാലയാണ് ഒരു വര്‍ഷം അര ലക്ഷത്തോളം സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കാന്‍ വിഭാവനം ചെയ്യുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഒരു സര്‍വ്വകലാശാല നേരിട്ടു നടത്തുന്ന 11പഠനകേന്ദ്രങ്ങളില്‍ നിന്ന് അധ്യാപക പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ബിരുദധാരികള്‍ NCTE അംഗീകാരമില്ലാതെ വിഷമിക്കുകയാണ്. ചാന്‍സിലര്‍ക്ക് എതിരെ പ്രമേയം പാസാക്കുന്ന സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദതലത്തിലെ പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ ഇനിയും പൂര്‍ത്തിയാക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ മറ്റ് കോഴ്‌സുകള്‍ക്ക് പോകാന്‍ കഴിയാതെ വിഷമിക്കുകയാണ്. കേരളത്തിലെ പ്രബല രാഷ്ട്രീയ ക ക്ഷിയുടെ അധ്യാപക വഞ്ചനയില്‍ മനം മടുത്ത് 30% ലധികം അധ്യാപകര്‍ അധ്യാപക സംഘടനകളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സര്‍വ്വകലാശാലയും കേരളത്തിലുണ്ട്. ശ്രീശങ്കരന്റെ പേരില്‍, സംസ്‌കൃതത്തിന് വേണ്ടി തുടങ്ങിയ സര്‍വ്വകലാശാലയില്‍ ശ്രീശങ്കരനും സംസ്‌കൃതവുമൊഴിച്ച് ബാക്കിയെല്ലാമുണ്ടെന്ന സ്ഥിതിയാണ്. സംസ്‌കൃത ഭാഷയിലും സാഹിത്യത്തിലും അടങ്ങിയിരിക്കുന്ന ജ്ഞാന-വിജ്ഞാന സമ്പത്തിനെ ആധുനിക ലോകത്തിന് ഉപകാരപ്രദമാക്കുന്ന ഏതെങ്കിലും പഠനമോ ഗവേഷണമോ പ്രസിദ്ധീകരണമോ അവിടെ നടക്കുന്നതായി അറിവില്ല. മലയാളത്തെ മറന്ന മലയാളിയെ മറിച്ച് ചിന്തിപ്പിക്കാനും മലയാള ഭാഷയെ ആധുനിക വിജ്ഞാന ഭാഷയാക്കാനും വേണ്ടി തുടങ്ങിയ മലയാള സര്‍വ്വകലാശാലയ്ക്ക് കാലചക്രം ഒരു വ്യാഴവട്ടത്തോട് അടുക്കുമ്പോള്‍ പോലും, മലയാളത്തിന്റെയും മലയാളിയുടെയും സ്ഥിതി വിലയിരുത്തി പദ്ധതി തയ്യാറാക്കാന്‍ കഴിയുന്നുണ്ടോ? എല്ലാ സര്‍വ്വകലാശാലകളും തങ്ങളുടെ പോഗ്രാമുകള്‍ വിദൂര വിദ്യാര്‍ത്ഥികള്‍ക്കും പ്രാപ്യമാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം വന്നതിന് ശേഷവും മിക്ക സര്‍വ്വകലാശാലകളിലും നിലനിന്നിരുന്ന വിദൂരപഠനത്തെ നിര്‍ത്തലാക്കി ഒരു പൊതു ഓപ്പണ്‍ സര്‍വകലാശാല എന്ന സങ്കല്പത്തില്‍ തുടങ്ങിയ ശ്രീനാരായണഗുരു സര്‍വ്വകലാശാലയുടെ സാംഗത്യം തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്. ഇങ്ങനെ ലക്ഷ്യവും മാര്‍ഗ്ഗവും തിരിച്ചറിയാതെ ഇരുട്ടില്‍ തപ്പിത്തകരുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരിച്ച് പിടിക്കാനുള്ള ഇടപെടല്‍, വിദ്യാഭ്യാസരംഗത്തെ മാത്രമല്ല, കേരളത്തിലെ സമസ്ത മേഖലയിലും ഒരു ശുദ്ധീകരണത്തിന് വഴിവെക്കും എന്ന ഉറച്ചബോധ്യമാണ് കേരളത്തിലെ ഗവര്‍ണ്ണറായി ചുമതല ഏറ്റയുടന്‍ തന്നെയുള്ള ആരിഫ് മുഹമ്മദ് ഖാന്റെ സമീപനത്തില്‍ തെളിഞ്ഞു കണ്ടത്. അക്കാഡമിക സമൂഹത്തിന്റെ പ്രതീക്ഷയും വലിയ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. കഴിയുന്നത്ര സര്‍ക്കാറുമായി സമരസപ്പെട്ടു പോവുകയും നിയമലംഘനങ്ങള്‍ അനുവദിക്കാതിരിക്കയും എന്നതായിരുന്ന സമീപനം. വൈസ് ചാന്‍സിലര്‍മാരും ചാന്‍സിലര്‍ എന്ന നിലക്ക് ഗവര്‍ണ്ണറുമായുള്ള ഏകോപനത്തെ പാതി വഴിയില്‍ നിന്നും അട്ടിമറിച്ചത് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും ഒന്നാം പിണറായി മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടായിരുന്നു. കണ്ണൂര്‍ വിസി പുനര്‍നിയമനത്തോടെ അത് അതിന്റെ പാരമ്യത്തില്‍ എത്തി. അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയുടെയും സഹനത്തിന്റെയും സന്മനസ്സിന്റെയും മകുടോദാഹരണമാണ് കേരള ഹിസ്റ്ററി കോണ്‍ഗ്രസ് എപ്പിസോഡ്!
ഗവര്‍ണ്ണറാണ് ശരി
ചാന്‍സിലര്‍ എന്ന രീതിയില്‍ കേരളത്തിലെ സര്‍വ്വകലാശാല ഭരണത്തെയും, അതിന്റെ അക്കാഡമിക മികവിനെയും തിരിച്ചുപിടിക്കാന്‍ സ്വതന്ത്ര ഇന്ത്യയിലെ തിരുത്തല്‍ ശക്തിയുടെ പ്രതീക്ഷയും പ്രതീകവുമായ ആരിഫ് മുഹമ്മദ് ഖാന്റെ ഇരുപക്ഷങ്ങളും അരിഞ്ഞൊതുക്കാനും കൈകാലുകള്‍ വരിഞ്ഞുകെട്ടാനുമാണ് പുതിയ നിയമഭേദഗതിയുമായി സര്‍ക്കാര്‍ മുന്നാട്ടുവന്നിരിക്കുന്നത്. ‘ഏകകണ്ഠ തീരുമാനത്തില്‍’ നിന്നും ‘ഭൂരിപക്ഷ തീരുമാനം’ എന്ന ന്യായവാദം പാര്‍ട്ടി അജണ്ട നടപ്പാക്കാനുള്ള മധുരം പൊതിഞ്ഞ വിഷബീജം മാത്രമാണ്. പാര്‍ട്ടിയുടെ സര്‍വ്വാധിപത്യ പ്രവണത പാര്‍ട്ടിക്ക് തന്നെ ഭാവിയില്‍ ദോഷമായി ഭവിക്കും എന്ന പാഠം ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയാതെ പോകുന്നത് പാര്‍ട്ടിയെ നയിക്കുന്നത് നേതൃത്വമല്ല, മറ്റ് സമ്മര്‍ദ്ദ ശക്തികളാണ് എന്ന വസ്തുതയാണ് അക്കമിട്ട് ഉറപ്പിക്കുന്നത്.
കേരളത്തില്‍ ഗവര്‍ണ്ണറും സര്‍ക്കാറുമായുള്ള ശീതസമരമല്ല നടക്കുന്നത്, പാര്‍ട്ടിയും പൊതുസമൂഹവും തമ്മിലുള്ള നേര്‍പോരാട്ടമാണ്. നിയമ ഭേദഗതി ബില്ല് മടക്കി അയച്ചാല്‍ ഉണ്ടാകാവുന്ന താല്‍ക്കാലിക ഭരണഘടന പ്രതിസന്ധിക്കുമപ്പുറമാണ് കേരളം നേരിടാന്‍ പോകുന്ന പ്രതിസന്ധി. ഇത് കേരളമാണ്, ഇവിടെ ജോലി പാര്‍ട്ടിക്കാര്‍ക്ക് മാത്രം, ജനാധിപത്യമെന്നാല്‍ പാര്‍ട്ടി ആധിപത്യം എന്ന ചൈനീസ് മോഡലാണ് അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നത്. കൊതിയൂറുന്ന അറേബ്യന്‍ ദക്ഷണവും തുറന്ന ലൈംഗിക വാഗ്ദാനവും നല്‍കി ആകര്‍ഷിച്ച്, മയക്കുമരുന്നിന്റെ ലഹരിയില്‍ കേരളത്തിലെ യുവത്വത്തെ തളച്ചിട്ട്, പാര്‍ട്ടി വേദികളില്‍ നവോത്ഥാന മൂല്യങ്ങളെ ദുര്‍വ്യാഖ്യാനിച്ച് കേരളത്തെ താലിബാന്‍ ഭീകര സംഘങ്ങള്‍ക്ക് അടിയറ വക്കാനുള്ള നീക്കത്തില്‍ നിന്നും രക്ഷ നേടണമെങ്കില്‍ സത്യത്തിന്റെയും നിയമത്തിന്റെയും മാര്‍ഗ്ഗത്തിലൂടെയുള്ള ധര്‍മ്മയുദ്ധത്തിന് കേരളം ഒന്നടങ്കം തയ്യാറാവണം. വിദ്യാഭ്യാസത്തേയും ജീവിത മൂല്യങ്ങളെയും തിരിച്ചുപിടിച്ചാല്‍ മാത്രമേ കേരളത്തെ രക്ഷിക്കാന്‍ കഴിയൂ.
(ശിക്ഷാ ഉത്ഥാന്‍ ന്യാസ് ദേശീയ സഹസംയോജകനാണ് ലേഖകന്‍)