ഭാരതം രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയിട്ട് എഴുപത്തഞ്ച് സംവത്സരങ്ങള്‍ പിന്നിടേണ്ടി വന്നു സ്വാശ്രയത്വത്തിലൂന്നിയ നവഭാരതത്തിന്റെ നിര്‍മ്മാണമാരംഭിയ്ക്കാന്‍. അത്തരമൊരു അഭിമാന മുഹൂര്‍ത്തത്തിനാണ് ഇക്കഴിഞ്ഞ ദിവസം കൊച്ചി കപ്പല്‍ നിര്‍മ്മാണശാല സാക്ഷ്യം വഹിച്ചത്. ഇന്നലെ വരെ അവികസിതമെന്നോ വികസ്വരമെന്നോ പറയപ്പെട്ട പിന്നാക്ക രാഷ്ട്രങ്ങളുടെ പട്ടികയില്‍ പെട്ടിരുന്ന ഭാരതം ലോകത്തോടു വിളിച്ചു പറഞ്ഞത് വികസിത നവീന ഭാരതത്തിന്റെ വിജയക്കുതിപ്പിന്റെ കഥയായിരുന്നു. ഭാരതം ആദ്യമായി സ്വന്തമായി നിര്‍മ്മിച്ച വിമാനവാഹിനി പടക്കപ്പല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിക്കുമ്പോള്‍ അത് വി5കസിത വന്‍ശക്തി രാഷ്ട്രങ്ങളുടെ പട്ടികയിലേക്കുള്ള ഭാരതത്തിന്റെ കടന്നിരിപ്പായിരുന്നു. വികസിത രാജ്യങ്ങള്‍ക്കും വന്‍ശക്തി രാഷ്ട്രങ്ങള്‍ക്കും പോലും വിമാനവാഹിനികളുടെ നിര്‍മ്മാണം വലിയ കടമ്പയാണ്. വലിയ സാങ്കേതിക പരിജ്ഞാനമാവശ്യമുള്ള ഈ മേഖലയില്‍ ഭാരതം സ്വയംപര്യാപ്തത നേടി എന്നത് ചെറിയ കാര്യമല്ല. സ്വാതന്ത്ര്യാനന്തരം ഏറെക്കാലം പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ആയുധങ്ങളും വാഹനങ്ങളുമെല്ലാം ഭാരതം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും വാങ്ങിക്കുകയായിരുന്നു ചെയ്തിരുന്നത്. നമ്മുടെ സമ്പത്തിന്റെ നല്ലൊരു ഭാഗം ഇങ്ങനെ വിദേശ രാജ്യങ്ങളിലേക്ക് ചോര്‍ന്നു പോയിരുന്നു. റഷ്യയായിരുന്നു നമ്മുടെ ആയുധ ദാതാക്കളില്‍ മുമ്പന്‍. ചേരിചേരായ്മ പറഞ്ഞിരുന്നെങ്കിലും നാമേറെക്കാലം നിലയുറപ്പിച്ചിരുന്നത് റഷ്യന്‍ ചേരിയിലായിരുന്നു. അതിര്‍ത്തിയില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്ന അയല്‍ക്കാര്‍ ഉണ്ടായിരുന്നതുകൊണ്ടും ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന വന്‍ശക്തികള്‍ തക്കം പാര്‍ത്തിരുന്നതുകൊണ്ടും ആയുധങ്ങള്‍ വാങ്ങിക്കൂട്ടാതെ നമുക്ക് മാര്‍ഗ്ഗമുണ്ടായിരുന്നില്ല. പലപ്പോഴും നമുക്ക് ലഭിച്ചിരുന്നത് വന്‍ശക്തി രാഷ്ട്രങ്ങള്‍ ഉപയോഗിച്ച് തേഞ്ഞ പഴഞ്ചന്‍ ആയുധങ്ങള്‍ ആയിരുന്നുതാനും. ഈ രംഗത്ത് ഭാരതം സ്വയംപര്യാപ്ത മാകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ട് കാലങ്ങള്‍ ആയെങ്കിലും പ്രതിരോധ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിക്കുന്നതില്‍ മുന്‍ സര്‍ക്കാരുകള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ദേശീയ സര്‍ക്കാര്‍ ആദ്യം മുതലേ സ്വാശ്രയ ഭാരതം എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. ആയുധങ്ങള്‍ വാങ്ങുമ്പോള്‍ സാങ്കേതിക വിദ്യകൂടി കൈമാറണമെന്നും ആയുധങ്ങള്‍ ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കണമെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യം തന്നെ നിലപാടെടുത്തു. ഇത് വലിയൊരളവില്‍ രാജ്യത്തിന്റെ സമ്പത്ത് ചോര്‍ന്നു പോകുന്നത് തടഞ്ഞു. ഒപ്പം നമ്മുടെ ശാസ്ത്രജ്ഞന്‍മാരിലും സാങ്കേതിക വിദഗ്ദ്ധരിലും വിശ്വാസമര്‍പ്പിച്ചു കൊണ്ട് സ്വയംപര്യാപ്തതയ്ക്കു വേണ്ടി ശ്രമമാരംഭിച്ചപ്പോഴാണ് ലോക ശക്തികളുടെ മുന്‍ നിരയിലേയ്ക്ക് ഭാരതത്തിനും കടന്നിരിക്കാനായത്.
നീണ്ട കടല്‍ അതിര്‍ത്തിയുള്ള ഭാരതത്തിന് അതിന്റെ നാവികസേനയെ ശക്തിപ്പെടുത്തിയെ മതിയാകൂ. എന്നാല്‍ നമുക്കാവശ്യമായത്ര യുദ്ധക്കപ്പലുകളോ അന്തര്‍വാഹിനികളോ ഒന്നും അടുത്ത കാലത്തു വരെ ഉണ്ടായിരുന്നില്ല. നമ്മുടെ ആദ്യ വിമാനവാഹിനിക്കപ്പല്‍ ബ്രിട്ടീഷ് നാവികസേന ഉപയോഗിച്ച് ഉപേക്ഷിച്ച എച്ച്.എം.എസ്.ഹെര്‍ക്കുലീസ് എന്ന കപ്പലായിരുന്നു. 1961ല്‍ നാമിത് വാങ്ങി ഐ.എന്‍.എസ്.വിക്രാന്ത് എന്ന് നാമകരണം ചെയ്ത് ഉപയോഗിച്ചു. 1971ലെ ഭാരത പാക് യുദ്ധത്തില്‍ നിര്‍ണ്ണായക വിജയം നേടിത്തരുന്നതില്‍ ഐ.എന്‍.എസ്.വിക്രാന്ത് വലിയ പങ്കുവഹിച്ചു. അതുകൊണ്ടാണ് നാം സ്വന്തമായുണ്ടാക്കിയ ആദ്യ വിമാനവാഹിനിക്ക് അതേ പേരു തന്നെ നല്‍കാന്‍ തയ്യാറായത്. ഭാരതം ആദ്യമായി തദ്ദേശീയമായി നിര്‍മ്മിച്ച വിക്രാന്തിന്റെ രൂപകല്‍പ്പന നാവികസേനയും നിര്‍മ്മാണം കൊച്ചി കപ്പല്‍ശാലയുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഭാരതം നാളിതുവരെ നിര്‍മ്മിച്ച ഏറ്റവും വലിയ കപ്പലാണ് വിക്രാന്ത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതോടെ സ്വന്തമായി വിമാനവാഹിനി രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനും കഴിയുന്ന ലോകത്തിലെ ആറാമത്തെ രാജ്യമായി ഭാരതം മാറിയിരിക്കുന്നു. മറ്റ് വന്‍ശക്തി രാജ്യങ്ങള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച പടക്കോപ്പുകളും കപ്പലുകളും വിമാനങ്ങളുമൊന്നും വന്‍ വില കൊടുത്തു വാങ്ങേണ്ട ഗതികേട് ഇനി ഭാരതത്തിനില്ല. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ പെടുത്തി മൂന്നു യുദ്ധക്കപ്പല്‍ കൂടി നിര്‍മ്മിക്കാന്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് നിര്‍ദ്ദേശം കിട്ടിയിരിക്കുകയാണ്. അതിന്റെ മുന്നോടിയായി കപ്പല്‍ശാലയില്‍ ആയിരത്തി എണ്ണൂറ് കോടിരൂപ മുടക്കി പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മിക്കാന്‍ എല്‍ ആന്‍ഡ് ടിക്ക് കരാര്‍ കൊടുത്തു കഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡ്രൈ ഡോക്കായിരിക്കും ഇത്.
ചൈനയെപ്പോലൊരു കുഴപ്പക്കാരനായ അയല്‍ക്കാരന്‍ ലോകശക്തിയാകാന്‍ പരിശ്രമിക്കുമ്പോള്‍ നാവികാധിപത്യം ഉണ്ടാക്കേണ്ടത് ഭാരതത്തിന്റെ ആവശ്യമാണ്. കടലില്‍ സഞ്ചരിക്കുന്ന ഉരുക്ക് ദ്വീപാണ് ഓരോ വിമാനവാഹിനിയും. 2024ല്‍ മുപ്പതിനായിരം കോടി മുടക്കുമുതലുള്ള ഒരു വിമാനവാഹിനി കപ്പല്‍ കൂടി നാം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ വിമാനവാഹിനികളുടെ എണ്ണത്തില്‍ നാം ചൈനയ്‌ക്കൊപ്പമെത്തും.ഇത് മേഖലയില്‍ ഭാരതത്തിനുണ്ടാക്കുന്ന മേല്‍കൈ ചെറുതല്ല. 23,500 കോടി നിര്‍മ്മാണച്ചിലവ് വന്ന വിക്രാന്ത് തദ്ദേശീയമായി പൂര്‍ത്തിയാക്കിയതുകൊണ്ട് കപ്പല്‍ശാലയിലെ രണ്ടായിരത്തില്‍പരം തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും നാലായിരത്തില്‍പരം ആള്‍ക്കാര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. രാജ്യത്തിന്റെ മൂലധനചോര്‍ച്ചയെ തടയാന്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി കൊണ്ട് കഴിഞ്ഞു. നാല്‍പ്പത്തയ്യായിരം ടണ്‍ ഭാരശേഷിയുള്ള വിക്രാന്തിന്റെ നിര്‍മ്മാണത്തില്‍ നാം നേരിട്ട പ്രധാന വെല്ലുവിളി ഗുണനിലവാരമുള്ള ഉരുക്കിന്റെ ലഭ്യതയായിരുന്നു. റഷ്യ അവരുടെ ഉരുക്ക് പാളികള്‍ക്ക് വന്‍ വില ചോദിച്ചതോടെ എക്‌സ്ട്രാ ഹൈ ടെന്‍ സൈല്‍ സ്റ്റീല്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ ഭാരതം തീരുമാനിച്ചു. അങ്ങിനെ സ്വാശ്രയത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രതീകം കൂടിയായി മാറി ഐ.എന്‍.എസ്. വിക്രാന്ത്. ആയിരത്തി എണ്ണൂറ് ക്രൂ അംഗങ്ങളുമായി കടലില്‍ പൊന്തിക്കിടക്കുന്ന ഈ ഉരുക്ക് ദ്വീപിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്ന എഴുപത് ശതമാനം ഉപകരണങ്ങളും തദ്ദേശീയമായി നിര്‍മ്മിച്ചതാണ് എന്നത് ഏത് ഭാരതീയനും സ്വാഭിമാനം പകരുന്ന കാര്യമാണ്.
രാജ്യത്തെ ആറ് കപ്പല്‍ശാലകളില്‍ നിന്നായി ഇപ്പോള്‍ ഇരുനൂറ് കോടി ഡോളറിന്റെ വരുമാനമുണ്ട്. മേക്ക് ഇന്‍ ഇന്ത്യ, ആത്മ നിര്‍ഭര്‍ ഭാരതിന്റെ കീഴില്‍ നവഭാരതം ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ സൂചനയായി ചരിത്രത്തിലാദ്യമായി അമേരിക്കന്‍ നാവിക കപ്പല്‍ അറ്റകുറ്റപണികള്‍ക്കായി ചെന്നൈ കാട്ടുപ്പള്ളി ലാര്‍സെന്‍ ആന്റ് ടര്‍ബോ തുറമുഖത്ത് നങ്കൂരമിട്ടു. ഭാരതത്തിന്റെ വിക്രാന്തവീര്യം പ്രതിദിനം ലോകം അറിയാന്‍ പോകുകയാണ്. വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചതിലൂടെ നവഭാരതവികസനത്തിന്റെ പടക്കപ്പല്‍ ആണ് സത്യത്തില്‍ നീരണിഞ്ഞിരിക്കുന്നത്.