കേരളത്തില്‍ ഉന്നതവിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന കഴിവും താല്‍പ്പര്യവുമുള്ള വിദ്യാര്‍ഥികളില്‍ സാധ്യമാകുന്നവരെല്ലാം കേരളത്തിന് പുറത്തേയ്ക്ക് പലായനം ചെയ്യാന്‍ തുടങ്ങിയിട്ട് ഏതാണ്ട് രണ്ട് ദശകങ്ങളായിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്തുവര്‍ഷമായി അത് സ്വാഭാവികവും സാധാരണവുമായ ഒരവസ്ഥയിലെത്തിയിട്ടുണ്ട്. ഇതിന് പ്രധാന കാരണം അടുത്ത കാലത്തായി മൂര്‍ച്ഛിച്ചിരിക്കുന്ന കെ.പി.എസ്. സിയുടെയും സര്‍വകലാശാലകളുടെയും രാഷ്ട്രീയവല്‍ക്കരണമാണ്. യോഗ്യതയും പഠനവിഷയത്തോടുള്ള താല്‍പ്പര്യവും ബോധനമികവും സര്‍ഗവൈഭവവും നിരസിക്കപ്പെടുകയും പാര്‍ട്ടിപ്രവര്‍ത്തനവും രാഷ്ട്രീയ യജമാനരുടെ പ്രീതിയും അവരോടുള്ള ദാസ്യവും മാത്രം മാനദണ്ഡമാകുകയും ചെയ്തതിന്റെ കയ്‌പ്പേറിയ അനുഭവങ്ങള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് ദശാബ്ദങ്ങള്‍ക്ക് മുമ്പുവരെയുണ്ടായിരുന്ന മേന്മയും അംഗീകാരവും നഷ്ടപ്പെടുത്തി. മറ്റൊന്നിനുംകൊള്ളാത്ത പാര്‍ട്ടിക്കാര്‍ക്ക് അഭയമേകലും അവരുടെ സംരക്ഷണവുമാണ് ഇന്ന് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ മുഖ്യപരിപാടി. ഒന്നാം ക്ലാസ് മുതലുള്ള പാഠപുസ്തകങ്ങളും പാഠ്യപദ്ധതികളും അത് തയാറാക്കിയിരിക്കുന്ന വിചക്ഷണന്മാരുടെ പാഠ്യശാസ്ത്രത്തെയും ആധുനിക ബോധന സമ്പ്രദായങ്ങളെയും കുറിച്ചുള്ള ഭീകരവും ലജ്ജാകരവുമായ അജ്ഞതയും വിവരക്കേടും വ്യക്തമാക്കുന്നവയാണ്. അവരാരും അത്തരമൊരു കര്‍മ്മത്തിന് യോഗ്യരല്ലെന്ന് സ്വന്തം പ്രവൃത്തികളിലൂടെ തെളിയിച്ചിട്ടും അവരാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഗതിയും സ്ഥിതിയും തീരുമാനിക്കുന്നത്. കാരണം അവരെ സംരക്ഷിക്കുന്നത് ഭരണകക്ഷിയാണ്. അവരുടെ പ്രവൃത്തിപരിചയം പാര്‍ട്ടിയോഫീസുകളിലെ യജമാനസേവയിലാണ്; അതുമാത്രമാണ് മാനദണ്ഡം. അതിനാല്‍, പി.എസ്.സി അംഗങ്ങളായും പാഠപുസ്തക നിര്‍മ്മാണ കമ്മറ്റിക്കാരായും സര്‍വകലാശാലകളുടെ മേധാവികളായും അവര്‍ വേഷമിടുകയും അവരുടെ യജമാനന്മാരുടെ താല്‍പ്പര്യങ്ങള്‍ വിദ്യാഭ്യാസ മേഖലകളില്‍ നടപ്പാക്കുകയും ചെയ്യുന്നു. അക്ഷരമാല പഠിക്കാതെ ഭാഷാപഠനം നടത്തുന്ന വിദ്യാര്‍ഥിക്ക് വിദ്യാഭ്യാസ പദ്ധതി, വാതിലിലൂടെ ഭാഷയുടെ ലോകത്ത് പ്രവേശിക്കേണ്ടതില്ല, മതിലു ചാടിക്കടന്നാല്‍ മതി എന്ന സന്ദേശമാണ് നല്‍കുന്നത്. അതായത് ശരിയും ശാസ്ത്രീയവുമായ വിദ്യാഭ്യാസം വേണ്ട, വിദ്യയെന്ന അഭ്യാസത്തിലൂടെ മതില് ചാടി നിങ്ങള്‍ക്ക് മന്ത്രിമാരോ, നേതാക്കളോ മാത്രമല്ല സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരും ഗവേഷണ പദ്ധതികള്‍ തീരുമാനിക്കുന്നവരും ഭരണം നിയന്ത്രിക്കുന്നവരുമാകാമെന്നിരിക്കെ, എന്തിനാണ് ഉന്നത മാനദണ്ഡമനുസരിച്ചുള്ള വിദ്യാഭ്യാസത്തിന് മിനക്കെടുന്നത് എന്ന ചോദ്യമാണ് കേരളത്തില്‍ പ്രബലമായി കേള്‍ക്കുന്നത്. ഇത് കേട്ട് ഞെട്ടുന്നതുകൊണ്ടാണ് കഴിവും പ്രതിഭയുമുള്ള വിദ്യാര്‍ഥികള്‍ കേരളം വിടുന്നതും കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല ചിന്തയിലും പ്രവൃത്തികളിലും അടിമകളായ പരാന്നജീവികളുടെ പറുദീസയായി മാറിപ്പോയതും. കണ്ണൂര്‍ സര്‍വകലാശാല ഇപ്പോഴതിന്റെ ജീര്‍ണ്ണിച്ച പ്രതീകമായി മാറിയിരിക്കുന്നത് ഒരു ലജ്ജയുമില്ലാതെ ന്യായീകരിക്കപ്പെടുന്നു. മുഖ്യമന്ത്രിയുടെ വളര്‍ത്തുപട്ടിക്ക് പോലും മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വിസിയോ, പ്രൊഫസറോ ആകാമെന്ന അവസ്ഥയിലെത്തുകയും ചെയ്തിരിക്കുന്നു. അതിന് തടസ്സം വിദ്യാഭ്യാസ നിയമമാണെങ്കില്‍ അത് മാറ്റി ചെരുപ്പിന് പാകമായ കാലുകളാക്കാമെന്ന നയം വ്യവസ്ഥപ്പെടുത്തുന്നതില്‍ നാണം തോന്നാത്ത വിധത്തിലുള്ള ഫാസിസ്റ്റ് പ്രത്യയശാസ്ത്രം കേരള വിദ്യാഭ്യാസത്തിന്റെ മരണമണി മുഴക്കുകയാണ്. പച്ചയായ അഴിമതികള്‍ ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം ആര്‍.എസ്.എസ് താല്‍പ്പര്യമെന്നോ, രാഷ്ട്രീയപ്രേരിതമെന്നോ ഉള്ള ഉമ്മാക്കി കാട്ടി രക്ഷപ്പെടാമെന്ന വ്യാമോഹം പോലും തകര്‍ന്നുപോകുന്നത് അവര്‍ തിരിച്ചറിയുന്നില്ല.
മൂലക്കല്ലില്ലാതെ ഗോപുരമുയരുമോ
കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം മാത്രമല്ല, അടിസ്ഥാന വിദ്യാഭ്യാസം തൊട്ട് തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തുകയാണെന്ന് കാണാന്‍ അങ്കണ്‍ വാടി മുതല്‍ പ്രൈമറി, ഹൈസ്‌കൂള്‍, സര്‍വകലാശാലാതലം വരെയുള്ള സംവിധാനങ്ങളുടെ ഇന്നത്തെ അവസ്ഥയിലേയ്ക്ക് ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വിദ്യാര്‍ഥികളുടെയും അവരിലൂടെ സമൂഹത്തിന്റെയും വൈജ്ഞാനികവും സാംസ്‌കാരികവും മൂല്യാധിഷ്ഠിതവുമായ വികാസമായിരുന്നെങ്കില്‍ ഇന്ന് അത് ബോധനരീതികളിലും പാഠ്യപദ്ധതിയിലും ലക്ഷ്യബോധമില്ലാത്ത, ആധുനിക വൈജ്ഞാനികതയുടെ വെളിച്ചം നിഷേധിക്കുവാനുദ്ദേശിച്ചിട്ടുള്ള വികലസമ്പ്രദായമായി മാറിയിരിക്കുന്നുവെന്ന് മാത്രമല്ല, പകരം പാര്‍ട്ടിക്ക് വേണ്ടതായ അടിമകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. പത്താം ക്ലാസ് കഷ്ടിച്ചു ജയിച്ച് സെയില്‍സ് ഗേളായി ജോലിചെയ്യുന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തക ഒരു സുപ്രഭാതത്തില്‍ അങ്കണ്‍വാടി ടീച്ചറായി നിയമിക്കപ്പെടുമ്പോള്‍ വ്യക്തമാകുന്നത,് വളരെ നിര്‍ണായകമായ പ്രായത്തിലുള്ള കുട്ടികളുടെ വിദ്യാഭ്യാസപരവും വ്യക്തിത്വവികാസപരവുമായ അടിത്തറയിടുന്നതിന് ആരായാലും മതി എന്ന അപകടകരമായ നയമാണ്. അഥവാ, ഒരു പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് തൊഴില്‍ നല്‍കുന്നതിനപ്പുറം ഈ സംവിധാനംകൊണ്ട് ഗുണകരമായ ഒന്നും ഉദ്ദേശിക്കുന്നില്ലെന്നാണ്. അതായത്, ഈ പ്രായത്തില്‍ കുട്ടികള്‍ക്കവകാശപ്പെട്ട, കളിയിലൂടെയുള്ള പഠനവും സംസ്‌കരണവുമെന്ന മൗലിക ലക്ഷ്യം പാര്‍ട്ടിക്കുവേണ്ടി ബലി കഴിക്കപ്പെടുന്നു. ബോധമുറയ്ക്കുമ്മുമ്പേ കുട്ടികള്‍ വിദ്യാഭ്യാസത്തെ വെറുക്കാനിടയാകുന്നുവെന്നതാണ് ഇതിന്റെ ഫലം.
പത്താം ക്ലാസ്, +2 പരീക്ഷകളുടെ ഫല പ്രഖ്യാപനം നടത്തിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രി അഭിമാനിക്കുന്നത് 98 ഉം 99 ഉം ശതമാനം വിജയിച്ചുവെന്നാണല്ലൊ. അങ്ങനെ വിജയിപ്പിക്കാനായി മാര്‍ക്ക് ദാനമെന്നൊരു മഹാകാര്യവും സര്‍ക്കാര്‍ നടത്തുന്നു. തുടര്‍ന്ന് എല്ലാവര്‍ക്കും ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം തുടങ്ങിയ ദാനമാഹാത്മ്യങ്ങള്‍ പിന്നാലേയും. പരീക്ഷകള്‍ തന്നെ മൂല്യനിര്‍ണയമില്ലാതെ കേവലം ആചാരപരമായി നടത്തുകയും എന്നിട്ടും പോരാതെ സ്വന്തം പാര്‍ട്ടിയുടെ നേട്ടമെന്ന നിലയില്‍ മാര്‍ക്ക് ദാനം ചെയ്യുകയും അതും കഴിഞ്ഞ് മുഴുവന്‍പേര്‍ക്കും പ്രവേശനമെന്ന മോഹനവാഗ്ദാനത്തിലൂടെ കുട്ടികളുടെ അഭിരുചികള്‍ക്കും സവിശേഷമായ കഴിവുകളുടെ വളര്‍ച്ചയ്ക്കുമിടയില്‍ ഒരു മായാലോകം സൃഷ്ടിക്കുകയും ചെയ്യുന്നു. രക്ഷാകര്‍ത്താക്കളെയും വിദ്യാര്‍ഥികളെയും വഞ്ചിച്ച് ഭൂരിപക്ഷം പേരുടെയും ഭാവി നശിപ്പിക്കുന്ന കലാപരിപാടിയാണ് ഉപചാരമായി നടത്തുന്ന പരീക്ഷകളും മാര്‍ക്കുദാനങ്ങളുമെന്ന് തിരിച്ചറിയുമ്പോഴേയ്ക്കും കാലം അവരെ കബളിപ്പിച്ച് കടന്നുപോയിരിക്കും. പിന്നെ അവരുടെ മുന്നില്‍ കാണുന്നത് പാര്‍ട്ടി പ്രവര്‍ത്തനവും ഗുണ്ടായിസവും കൂടിക്കുഴഞ്ഞ വഴികളാണ്. അപ്പോഴാണ് യൂണിവേഴ്‌സിറ്റി കോളേജിലൂടെ പുറത്തു വന്നതുപോലുള്ള പി.എസ്.സി നിയമനസാധ്യതകളും, ചോദ്യപേപ്പറും ഉത്തരക്കടലാസുകളും വീടുകളില്‍ കൊണ്ടുപോയി പരീക്ഷ എഴുതാനുള്ള സൗകര്യങ്ങളുടെ വ്യാജപാതകളും പാര്‍ട്ടിക്കാര്‍ തന്നെ തുറന്നിട്ടു കൊടുക്കുന്നതും പാര്‍ട്ടിയുടെ പി.എസ്.സി അംഗങ്ങളും വി.സിമാരും പ്രൊഫസര്‍മാരുമെല്ലാം കൂടിച്ചേര്‍ന്ന മാഫിയാസംഘങ്ങളുടെ കൈപിടിച്ച് അവര്‍ എല്ലാ മേഖലകളിലും സ്ഥാനമുറപ്പിക്കുകയും തുടര്‍ന്ന് ഈ പരിപാടി അടുത്ത തലമുറയിലേയ്ക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നതും. ഈ ദൂഷിത വലയത്തിലാണ് കേരളത്തിലെ വിദ്യാഭ്യാസമേഖല. അതുകൊണ്ടാണ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയില്‍ നിന്ന് ബിന്ദുവിലേയ്ക്കും ശിവന്‍കുട്ടിയിലേയ്ക്കുമൊക്കെ വിദ്യാഭ്യാസ മന്ത്രിസ്ഥാനമെത്തിച്ചേര്‍ന്നത്.
അഴിമതിയുടെ പ്രയോജനം
നമ്മുടെ സംസ്ഥാന സര്‍വകലാശാലകളിലൊന്നിലുമില്ല അര്‍ഹതയുള്ള വൈസ് ചാന്‍സലര്‍മാര്‍. കണ്ണൂര്‍ സര്‍വകലാശാലയിലും ശ്രീശങ്കരാ സര്‍വകലാശാലയിലും മാത്രമല്ല, ഏറ്റവും പ്രാമാണികമായിരുന്ന കേരള സര്‍വകലാശാലയടക്കം എല്ലായിടങ്ങളിലും പാര്‍ട്ടിയാപ്പീസില്‍ നിന്ന് നിയമിക്കപ്പെട്ട വി.സിമാരും രജിസ്ട്രാര്‍മാരുമാണുള്ളത്. കേരള സര്‍വകലാശാലാ വി.സി ഗവര്‍ണര്‍ക്കയച്ച നാലുവരിക്കത്തിലെ തെറ്റുകളുടെ ജാഥയെപ്പറ്റി ആ വി.സിക്കോ കേരള സര്‍ക്കാരിനോ നാണക്കേട് തോന്നിയിട്ടില്ലല്ലൊ. സ്വന്തം നിലയ്ക്ക് ആവശ്യമുള്ളവര്‍ക്ക് ആവശ്യമുള്ള ബിരുദങ്ങള്‍ വിതരണം ചെയ്ത എം. ജി സര്‍വകലാശാലയിലെ ഒരു ഇടത്തരമുദ്യോഗസ്ഥ ഇപ്പോഴും സര്‍വീസില്‍ സസുഖം വാഴുന്നുണ്ടെന്നത് പാര്‍ട്ടി സംരക്ഷണത്തിന്റെ ഒരു അടയാളമാണ്. കേരളസര്‍വകലാശാലയിലെ സ്റ്റാഫുകളുടെ നിയമനത്തിലെ സമ്പൂര്‍ണമായ അഴിമതി മറച്ചുവയ്ക്കാന്‍ അപേക്ഷകളെല്ലാം കത്തിച്ചു കളഞ്ഞതിന്റെ പിന്നിലെ കേസ് ഇന്നും വട്ടം ചുറ്റുകയാണെങ്കിലും അങ്ങനെ നിയമിക്കപ്പെട്ടവരിലാര്‍ക്കും ഒരു പരിക്കും പറ്റിയിട്ടില്ല. അതുകൊണ്ടാണ് ചോദ്യ പേപ്പറും ഉത്തരപേപ്പറും ആവശ്യക്കാരായ പാര്‍ട്ടിക്കാര്‍ക്ക് കിട്ടുന്നതും വ്യാജന്മാര്‍ക്ക് ലിസ്റ്റുകളും മറ്റും നിര്‍മ്മിക്കപ്പെടുന്നതും. കള്ളത്തരത്തിലൂടെ നിയമനം നേടിയവര്‍ക്ക് കള്ളം ചെയ്യാന്‍ മനസ്സാക്ഷിക്കുത്തുണ്ടാകേണ്ടതില്ലല്ലൊ. അഥവാ അങ്ങനെ തോന്നിയാലത് പാര്‍ട്ടി വിരുദ്ധമാകുമെന്നും അവര്‍ക്കറിയാം.
സര്‍വകലാശാലകളുടെ അധഃപതനം ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. അത് സിന്‍ഡിക്കേറ്റെന്ന പരമാധികാരസഭയുടെ നിയമന രീതിയില്‍ നിന്ന് രൂപപ്പെടുന്നതാണ്. സിന്‍ഡിക്കേറ്റില്‍ എല്ലാ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കും കടന്നുവരാനുള്ള വാതിലുകളുണ്ട്. ജനപ്രതിനിധികളുടെ മറവില്‍ കോളേജ് കച്ചവടക്കാരും മദ്യക്കച്ചവടക്കാരും പാര്‍ട്ടി നേതാക്കളും സിന്‍ഡിക്കേറ്റംഗങ്ങളാകുന്നു. ജനാധിപത്യമെന്ന വിശുദ്ധപശുവിനെ മറയാക്കി പിറന്ന അവിശുദ്ധ സന്താനങ്ങളാണ് മിക്ക സിന്‍ഡിക്കേറ്റുകളും. അതില്‍ വരുന്നവര്‍ വിദ്യാര്‍ഥികളും അദ്ധ്യാപകരുമുള്‍പ്പെടെ ഏതിന്റെ പ്രതിനിധികളാണെങ്കിലും അവര്‍ പാര്‍ട്ടി താല്‍പ്പര്യങ്ങളുടെ കാവല്‍ക്കാരായിരിക്കണമെന്നതാണ് ഏക യോഗ്യത. അവരാണ് മര്‍മ്മാണികള്‍. വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കും അദ്ധ്യാപക സംഘടനകള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമെല്ലാം ആനന്ദസന്ദായകമായ ഒരു തീരുമാനമായിരുന്നൂ ലിബറല്‍ വാല്യുവേഷനെന്ന പേരില്‍ സര്‍വകലാശാലാവിദ്യാഭ്യാസത്തില്‍ ആരംഭിച്ച മാര്‍ക്ക് ദാനപരിപാടി. ഒരു ചോദ്യത്തിന് കുട്ടി ഉത്തരമെഴുതാനാഗ്രഹിച്ചിട്ടുണ്ടെന്ന് മൂല്യപരിശോധകന് തോന്നിയാല്‍ ആ ചോദ്യത്തിന് മാര്‍ക്ക് കൊടുക്കണമെന്നതാണ് അതിന്റെ ചുരുക്കം. അദ്ധ്യാപകര്‍ക്ക് പേപ്പറു നോക്കാതെ മാര്‍ക്കിട്ടിട്ട് സ്വന്തം കാര്യത്തിന് പോകാമെന്നതിനാല്‍ പത്ത് മിനിട്ടുകൊണ്ട് ‘പണിതീര്‍ത്ത്’ അവര്‍ സ്ഥലം വിടുന്നു. ഞാനതിനെതിരായിരുന്നു. ഞാന്‍ നോക്കിയ ഉത്തരക്കടലാസുകളില്‍ നൂറിന് തൊണ്ണൂറും എണ്‍പതും മാര്‍ക്കില്ലാത്തത് പ്രശ്‌നമായപ്പോള്‍, അര്‍ഹിക്കാത്ത ഒരു മാര്‍ക്കും ഞാന്‍ ആര്‍ക്കും നല്‍കില്ലെന്ന് കേരള സര്‍വകലാശാലയ്ക്ക് എഴുതിക്കൊടുത്തു. പിന്നീട് എന്നെ മൂല്യനിര്‍ണയത്തിന് വിളിച്ചിട്ടില്ല. മൂല്യനിര്‍ണയനം അദ്ധ്യാപകരുടെ ഡ്യൂട്ടിയുടെ ഭാഗമാണെന്ന നിയമത്തില്‍നിന്ന് എന്നെ ഒഴിവാക്കി. പരീക്ഷാഹാളില്‍ തുണ്ടുവച്ചെഴുത്തും കേട്ടെഴുത്തും അനുവദിക്കുകില്ലെന്ന് ശഠിച്ചപ്പോള്‍ ഇന്‍വിജിലേഷനില്‍ നിന്നും ഒഴിവാക്കി. യഥാര്‍ഥത്തില്‍ ഈ പരിഷ്‌ക്കരണം ക്ലാസില്‍ കയറുകയോ, പഠിക്കുകയോ ചെയ്യാന്‍ താല്‍പ്പര്യമില്ലാതെ, പിന്‍വാതിലുകളിലൂടെ മിക്ക കോളേജുകളിലും കടന്നുകൂടിയിട്ടുള്ള എസ്.എഫ്.ഐക്കാര്‍ക്കുവേണ്ടി കൊണ്ടുവന്ന താണെങ്കിലും മറ്റുള്ള അലമ്പന്മാര്‍ക്കും ഗുണകരമായതിനാല്‍ ജനാധിപത്യപരമായ തീരുമാനമെന്ന് വാഴ്ത്തപ്പെട്ടു. അത്തരത്തില്‍ പരീക്ഷ ജയിക്കുകയും ക്ലാസു വാങ്ങുകയും ചെയ്ത നിരക്ഷരകുക്ഷികള്‍ പലരും കോളേജദ്ധ്യാപകരുമായിട്ടുണ്ട്. ഇത് യഥാര്‍ഥത്തില്‍ പഠിച്ച് പരീക്ഷ എഴുതുന്നവരുടെ മൂല്യബോധത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ആരും അന്വേഷിച്ചിട്ടില്ല. എന്റെ കൂടെ യു.ജി.സി പ്രോജക്റ്റ് അസിസ്റ്റന്റായി ചേര്‍ന്നിരുന്ന ഒരു ഒന്നാം റാങ്കുകാരന്‍ ഇപ്പോള്‍ കോളേജദ്ധ്യാപകനാണ്. തിരുവനന്തപുരം ഗവണ്മെന്റ് ആര്‍ട്‌സ് കോളേജിലെ ബയോടെക്‌നോളജി വിദ്യാര്‍ഥികള്‍ എഴുതിയ, സാധാരണയായി കേട്ടെഴുത്തിനുപയോഗിക്കുന്ന പത്ത് വാക്കുകള്‍ അയാളെക്കൊണ്ട് പരിശോധിപ്പിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. കുട്ടികള്‍ ശരിയായിട്ടെഴുതിയ ആറ് വാക്കുകള്‍ അയാള്‍ തെറ്റു വെട്ടിയിരിക്കുന്നു. ‘എം. എയ്ക്ക് ഫസ്റ്റ് റാങ്കുണ്ടെങ്കിലും നിങ്ങളിപ്പോള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയാല്‍ മലയാളത്തിന് തോറ്റുപോകുമല്ലൊ’ എന്ന് ഞാനയാളോട് പറഞ്ഞു. വൈകാതെ അയാളെ പ്രൊജക്റ്റില്‍ നിന്നൊഴിവാക്കേണ്ടിയും വന്നു. കുറേ നാള്‍ അയാള്‍ ഇടതുപക്ഷ അദ്ധ്യാപക സംഘടനയുടെ ഒരു നേതാവിന്റെ ബലത്തില്‍ എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ട്് നടന്നു. പിന്നീട് കാണുന്നത് സര്‍ക്കാര്‍ കോളേജദ്ധ്യാപകനായിട്ടാണ്. പി.എസ്.സി പരീക്ഷയ്ക്കുവേണ്ടി ചോദ്യം നിര്‍മ്മിക്കാനും ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്താനും ഇന്റര്‍വ്യൂവിന് വിഷയ വിദ്ഗ്ധനായി പ്രവര്‍ത്തിക്കാനുമൊക്കെ എനിക്കിട വന്നിട്ടുണ്ട്. അക്കാലത്തൊന്നും ചോദ്യം ചോര്‍ന്നിട്ടില്ല. തെറ്റായ ഉത്തരങ്ങള്‍ കീയില്‍ നല്‍കിയ ചരിത്രവുമില്ലായിരുന്നു. എന്നാല്‍ ഒരിക്കല്‍ പി. എസ്.സി പേപ്പര്‍ മൂല്യനിര്‍ണയത്തിനായി എനിക്ക് കിട്ടുംമുമ്പ് പേപ്പര്‍ എനിക്കയച്ചിട്ടുണ്ടെന്നും നല്ല മാര്‍ക്കോടെ ജയിപ്പിക്കണമെന്നും അപേക്ഷിച്ചുകൊണ്ട് രണ്ട് പേര്‍ വീട്ടില്‍ വന്നിരുന്നു. എനിക്ക് പേപ്പര്‍ അയച്ചിട്ടുണ്ടെന്ന് ഒരു പി.എസ്.സി അംഗമാണ് അവരോട് പറഞ്ഞതത്രെ. ഹൈസ്‌കൂള്‍ അദ്ധ്യാപകരുടെ ഇന്റര്‍വ്യൂ ആലപ്പുഴ ജില്ലാ പി.എസ്.സിയില്‍ നടന്നപ്പോള്‍, ഞങ്ങളുടെ ബോര്‍ഡിലുണ്ടായിരുന്ന ഒരു പി.എസ്.സി അംഗം ചില അപേക്ഷകര്‍ വാതില്‍ കടന്നു വരുമ്പോള്‍ത്തന്നെ ‘ഈ കുട്ടിക്ക് പിന്നെ മാര്‍ക്കിടാം സാറേ’ എന്ന് പറയുമായിരുന്നൂ; ഞാനത് ഒരിക്കലും അനുസരിച്ചിട്ടില്ലെങ്കിലും. പക്ഷെ, ഞാന്‍ മുമ്പ് സൂചിപ്പിച്ച റിസര്‍ച്ച് അസിസ്റ്റന്റിനെ പോലെ പലരും കടന്നുവന്നത് കൃത്യമായ ആസൂത്രണത്തിന്റെ ഫലമായാണ്. ചോദ്യമുണ്ടാക്കുന്ന ആളിനെ തിരഞ്ഞെടുക്കുന്നത് മുതല്‍ അത് തുടങ്ങുന്നു. ചോദ്യപേപ്പറും ഉത്തരത്തിന്റെ കീയും മുന്‍കൂര്‍ ചിലര്‍ക്ക് എത്തിച്ചുകൊടുക്കുകയും 14 ചോദ്യങ്ങള്‍ക്ക് കീയില്‍ തെറ്റായ ഉത്തരങ്ങള്‍ നല്‍കി തെറ്റുത്തരമെഴുതിയവര്‍ ജയിക്കുകയും ഇന്റര്‍വ്യൂവിലും അതേ അംഗം വന്ന് തെറ്റുത്തരക്കാരെ തിരഞ്ഞെടുത്തു. പിന്നീടഅവരെല്ലാം കോളജദ്ധ്യാപകരുമായി. ശരിയുത്തരമെഴുതിവര്‍ പട്ടികയ്ക്ക് പുറത്തായി. അവര്‍ ഹൈക്കോടതില്‍ കേസിനുപോയപ്പോള്‍, തെറ്റെഴുതിയവരെ തിരഞ്ഞെടുത്തത് തെറ്റാണെങ്കിലും അവരെല്ലാം കല്യാണമൊക്കെ കഴിച്ച് കുടുംബമായി ജീവിക്കുന്നവരായതിനാല്‍ അവരെ ഉപദ്രവിക്കേണ്ടതില്ലെന്നായി നീതിപീഠം. ചുരുക്കത്തില്‍ കള്ളം ചെയ്തവരുടെ മാന്യതയും കുടുംബവും രക്ഷിക്കാന്‍ ശരിയുത്തരമെഴുതിയവര്‍ ശിക്ഷിക്കപ്പെട്ടു. ഇങ്ങനെ കയറിയവരുടെ കൂട്ടത്തിലാണ് ഞാന്‍ മുമ്പ് സൂചിപ്പിച്ച റിസര്‍ച്ച് അസിസ്റ്റന്റും. ഇവരില്‍ ചിലര്‍ സ്വാധീനശക്തിയനുസരിച്ച് വീണ്ടും പാര്‍ട്ടിയുടെ സഹായത്തോടെ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റുകളില്‍ കയറിക്കൂടി. ചിലര്‍ കേരളപഠനം, വിദൂരവിദ്യാഭ്യാസം തുടങ്ങിയ പല ഉപവിഭാഗങ്ങളുടെയും മറ്റും ഡയറക്റ്റര്‍മാരായി. ഇപ്പോള്‍ സര്‍ക്കാരിന്റെ ഒരു സാംസ്‌കാരിക സ്ഥാപനത്തിന്റെ ഡയറക്റ്ററായിരിക്കുന്ന സി.പി.എമ്മിന്റെ ഒരു ഇടത്തരം നേതാവിന്റെ ഭാര്യ പി.ജി. ജയിച്ചതും പി.എച്ച്.ഡി എടുത്തതും പി.എസ്.സി പരീക്ഷ ജയിച്ച് കോളേജദ്ധ്യാപികയായതും പാര്‍ട്ടി വെട്ടിക്കൊടുത്ത കുറുക്കു വഴികളിലൂടെയാണ്. പിന്നീട് ഡപ്യൂട്ടേഷനിലൂടെ പുതിയ ലാവണത്തിലെത്തി. കോളേജദ്ധ്യാപസംഘടനാനേതാക്കളും സര്‍വകലാശാലാ ജീവനക്കാരും സി.പി.എമ്മിന്റെ പി.എസ്.സി അംഗങ്ങളുമൊക്കെ കൂടിച്ചേര്‍ന്ന ഒരു സംഘമാണ് ഈ പണിയൊക്കെ സുഖമായി നടത്തിക്കൊടുത്തത്. യൂണിവേഴ്‌സിറ്റി കോളേജില്‍ വച്ച് കുറുക്കു വഴിക്കായി എന്റെ സഹായം തേടി വന്നപ്പോള്‍ ‘നേരേ ചൊവ്വേ പഠിച്ച് പി. എച്ച്.ഡി എടുക്കാന്‍’ പറഞ്ഞതിനാല്‍ എന്നോടുള്ള ശത്രുത ഇപ്പോഴും സജീവമാണെന്ന്, തീരെ ചെറിയ ഒരു കാലയളവില്‍മാത്രം അലങ്കരിച്ചിരുന്ന അധികാരസ്ഥാനമുപയോഗിച്ച ് തെളിയിച്ചത് അടുത്തകാലത്താണ്. ഇപ്പോള്‍ മറ്റൊരുസ്ഥാപനത്തിന്റെ ഡയറക്റ്ററാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ സാംസ്‌കാരിക രംഗവും ഉന്നതവിദ്യാഭ്യാസവും തകരാതിരിക്കുന്നതെങ്ങനെ?
ആദര്‍ശം ചോര്‍ന്ന വിദ്യാര്‍ഥി സംഘടനകള്‍
കേരളത്തിലും കേരളത്തിന് പുറത്തുമുള്ള പല സര്‍വകലാകാലകളിലെയും ഗവേഷണ വിദ്യാര്‍ഥികള്‍ എന്നെ ബന്ധപ്പെടാറുണ്ട്. അതില്‍ എളുപ്പത്തില്‍ പി.എച്ച്.ഡി എടുക്കാന്‍ സഹായം തേടുന്നവര്‍ പൊതുവേ കേരളത്തിലെ സര്‍വകലാശാലകളിലെ കുട്ടികളാണ്. നരവംശ ശാസ്ത്രപരവും ചരിത്രപരവുമായ വിഷയങ്ങളിലും സംഘകാല സാഹിത്യത്തെയും സംസ്‌കാരത്തെയും ചരിത്രത്തെയും കുറിച്ചുമൊക്കെ ഗവേഷണം ചെയ്യുന്നവരില്‍നിന്ന് പ്രതീക്ഷിക്കപ്പെടുന്ന പരിശ്രമബോധം അവരില്‍ കുറവാണ്. കോഴിക്കോട് സര്‍വകലാശാലയില്‍ കുംഭാരന്മാരെപ്പറ്റി ആറു പേര്‍ ഗവേഷണം നടത്തിയെന്നും കാര്യമായ വ്യത്യാസമൊന്നുമില്ലാതെ ഒന്നില്‍ നിന്ന് പകര്‍ത്തി വച്ച മറ്റ് പ്രബന്ധങ്ങള്‍ക്കും പി.എച്ച്.ഡി കിട്ടിയിട്ടുണ്ടെന്നും അവിടത്തെ ഒരു ഗവേഷക എന്നോട് പറഞ്ഞു. 2007-ല്‍ എം.ജി സര്‍വകലാശാലയില്‍ നിന്ന് ഒരാള്‍ എന്റെ സഹായത്തോടെ ഡോക്റ്ററേറ്റു നേടിയ വിഷയത്തില്‍ ഉപരിപ്ലവമായി ചില മാറ്റങ്ങള്‍ വരുത്തി. ഇപ്പോള്‍ കോഴിക്കോട് സര്‍വകലാശാലയില്‍ മറ്റൊരാള്‍ പി.എച്ച്. ഡിക്ക് റിസര്‍ച്ചു ചെയ്യുന്നത് ഞാന്‍ മനസ്സിലാക്കിയത് ആ ഗവേഷക എനിക്ക് അതിന്റെ സിനോപ്‌സിസ് അയച്ചുതന്നപ്പോഴാണ്. ഞാനത് ചൂണ്ടിക്കാട്ടി ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചതുകൊണ്ടാകാം പിന്നീട് ആ കുട്ടി എന്നെ ബന്ധപ്പെട്ടില്ല. ജെ.എന്‍.യുവിലും പോണ്ടിച്ചേരി സര്‍വകലാശാലയിലുമൊക്കെ നടക്കുന്ന ഗവേഷണങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് കേരളത്തി ന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ജീര്‍ണത പ്രകടമാകുന്നത്. ഗവേഷണവും ഉന്നതവിദ്യാഭ്യാസവും വിദ്യാര്‍ഥികള്‍ക്കും രാഷ്ട്രത്തിന്റെ വികസനോന്മുഖതയ്ക്കും വേണ്ടിയാണെന്ന ധാരണ കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് നഷ്ടപ്പെട്ടത് പാര്‍ട്ടി താല്‍പ്പര്യങ്ങളാണ് വിദ്യാഭ്യാസ മൂല്യങ്ങളെക്കാള്‍ പ്രധാനമെന്ന് വിശ്വസിക്കുന്ന അഭയാര്‍ഥികളുടെ താവളമായി അവ മാറിയതുകൊണ്ടാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കേരള സര്‍വകലാശാലയിലെ തമിഴ് വിഭാഗം കണ്ണകിയെപ്പറ്റി ഒരു അന്തര്‍ദേശീയ വെബിനാര്‍ നടത്തി. അതിലവതരിപ്പിച്ച പ്രബന്ധങ്ങള്‍ മിക്കവയും ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ ഉപന്യാസത്തെക്കാള്‍ മികച്ചതായിരുന്നില്ല. അതൊരു വഴിപാട് സെമിനാറായിരുന്നു. ഇത്തരം ഉപചാരക്രിയകളാണ് കേരളത്തിലെ സര്‍വകലാശാലകളില്‍ പൊതുവേ നടക്കുന്നത്. സംഘകാല തമിഴിലെ ചില സംശയങ്ങള്‍ തീര്‍ക്കാന്‍ തമിഴ് വിഭാഗത്തിലെത്തിയ ഒരു ഗവേഷകയോട് അവിടത്തെ മേധാവിയും മറ്റദ്ധ്യാപകരും പറഞ്ഞത്, അതിനൊന്നും തീരെ സമയമില്ലെന്നാണെന്ന് ആ കുട്ടി എന്നോട് പറഞ്ഞു. ഒരു സംശയം ചര്‍ച്ചചെയ്യാന്‍ പോലും സമയമില്ലെന്ന് പറയുന്ന അദ്ധ്യാപകര്‍ക്ക് എന്താണവിടെ പണിയെന്ന സംശയം ന്യായമല്ലേ? ഇത് പൊതുവേ കേരളത്തിലെ സര്‍വകലാശാലകളിലെ അക്കാദമിക് സംസ്‌കാരം നേരിടുന്ന പ്രശ്‌നമാണ്. സര്‍വകലാശാലകള്‍ അദ്ധ്യാപകര്‍ക്കും വി.സിമാരടങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കും ശമ്പളം വാങ്ങാന്‍ മാത്രമുള്ള സ്ഥാപനങ്ങളായി അധഃപതിച്ചിരിക്കുന്നുവെന്നത് ഒരു ശാപമാണ്.
അനുക്രമമായി സര്‍വകലാശാലാ വിദ്യാഭ്യാസം തകര്‍ക്കാന്‍ ഉപയോഗിക്കപ്പെടുന്നത് എസ്.എഫ്.ഐയാണ്. കലാലയാന്തരീക്ഷത്തെ അക്രമത്തിലൂടെ കീഴടക്കുകയും തങ്ങളുടെ വരുതിക്ക് നില്‍ക്കാത്ത അദ്ധ്യാപകരെയും വി.സിമാരെയും വിദ്യാര്‍ഥികളെയും നേരും നെറിയുമില്ലാതെ കടന്നാക്രമിക്കുകയും ചെയ്യുന്നതിലൂടെ വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളെല്ലാം തകര്‍ത്തെറിഞ്ഞത് കൃത്യമായ ആസൂത്രണത്തിലൂടെയാണ്. 1980 കള്‍ വരെ വിദ്യാഭ്യാസ നവീകരണവും പാഠ്യപദ്ധതികളിലെ മൂല്യാവബോധവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും കലാശാലകളുടെ സാംസ്‌കാരികവും ബുദ്ധിപരവുമായ മുഖമായി നിലപാടു പ്രഖ്യാപിക്കുകയും ചെയ്തിരുന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ക്രമേണ കലാലയ വിശുദ്ധിയുടെയും ആദര്‍ശാത്മക രാഷ്ട്രീയത്തിന്റെയും നിലപാടുകളുപേക്ഷിച്ച് പാര്‍ട്ടി നേതൃത്വങ്ങളുടെ വെട്ടുകത്തികളും സ്വാര്‍ഥ താല്‍പ്പര്യങ്ങളുടെ തടവുകാരുമായി. മൂല്യശോഷണം വന്ന നേതാക്കളെയും പാര്‍ട്ടിയെയും പ്രീതിപ്പെടുത്തിയാല്‍ സ്ഥാനമാനങ്ങളും സംരക്ഷണവും മാത്രമല്ല, പരീക്ഷകളില്‍ ക്രമക്കേടുകള്‍ നടത്താനും മറ്റുകാര്യസാധ്യങ്ങള്‍ക്കുമെന്നല്ല, സാമൂഹ്യവിരുദ്ധ പ്രവൃത്തികള്‍ക്കുപോലും സഹായം ലഭിക്കുമെന്ന സ്ഥിതിയില്‍ വിദ്യാര്‍ഥി നേതൃത്വങ്ങള്‍ അഭിരമിക്കുകയും നേതൃത്വങ്ങള്‍ ക്രിമിനലായി അവരെ ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. പിഞ്ചിലേ പഴുക്കുന്നതുപോലെ, വലിയ ക്രിമിനലുകളെ വിദ്യാര്‍ഥി നേതാക്കളായിരിക്കേ തന്നെ യുവജനക്കമ്മീഷന്‍ തുടങ്ങിയ പല സ്ഥാപനങ്ങളുടെയും അധിപരാക്കിക്കൊണ്ട് കൂടുതല്‍ സ്വാര്‍ഥമതികളെ സൃഷ്ടിച്ചു. വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഇരകള്‍മാത്രമായി. അതിനുവേണ്ടി കലാലയ മുറ്റങ്ങള്‍ കൊലക്കളങ്ങളാക്കി. ഭീതിയുടെ രക്തഗന്ധമുള്ള കാറ്റില്‍ ക്യാമ്പസുകളെ കാല്‍ക്കീഴിലമര്‍ത്തുകയും പാര്‍ട്ടി നേതൃത്വം അവരെ സ്വന്തം താല്‍പ്പര്യങ്ങളുടെ കാവല്‍ക്കാരാക്കി ഉപയോഗിക്കാന്‍വേണ്ടി വീണ്ടും വീണ്ടും ഇരകള്‍ കൊരുത്തെറിഞ്ഞുകൊടുക്കുകയും ചെയ്തു. അതിന്റെ ഫലമായി പ്രതിഭാശാലികളായ വിദ്യാര്‍ഥി നേതൃത്വത്തിന്റെ സ്ഥാനത്ത് അവസരവാദികളും സ്വാര്‍ഥ താല്‍പ്പര്യക്കാരും ക്രിമിനലുകളുമായ ഒരു നിര വിദ്യാര്‍ഥിനേതാക്കളായി അരങ്ങുവാഴുകയും വിദ്യാര്‍ഥികളുടെ യുവത്വത്തെ പാര്‍ട്ടിനേതാക്കളുടെ വ്യക്തിതാല്‍പ്പര്യങ്ങളുടെ നടത്തിപ്പുകാരാക്കിമാറ്റുകയും ചെയ്തതിന്റെ ഫലമാണ് ഇന്ന് കാമ്പസുകളില്‍ കാണുന്ന ജീര്‍ണത. രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയോ, പാര്‍ട്ടിയുടെയുവജനവിഭാഗത്തിന്റെയോ നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളുമെന്ന കാരണത്താല്‍ അനര്‍ഹരായ ഒരാളെയും ഒരു ക്യാമ്പസിലും അദ്ധ്യാപികമാരാക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ അനുവദിക്കുമായിരുന്നില്ല. ഇന്ന് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഭരണ-പ്രതിപക്ഷ ഭേദമെന്യേ അതില്‍ മൗനം പാലിക്കുന്നതിന്റെ അര്‍ഥം വാചാലമാണ്. വിദ്യാര്‍ഥിസംഘടനകള്‍ കേരളത്തിലെ വിദ്യാര്‍ഥിതാല്‍പ്പര്യങ്ങള്‍ കൈയൊഴിയുകയും വിദ്യാഭ്യാസ മൂല്യങ്ങളും നിലവാരവും അവരുടെ പ്രശ്‌നമല്ലാതായി തീരുകയും ചെയ്തിരിക്കുന്നു. കേരളത്തിന് പുറത്തുള്ള പ്രശ്‌നങ്ങളുടെ പേരില്‍ പാര്‍ട്ടി നേതൃത്വങ്ങളുടെ ആവശ്യപ്രകാരം മാത്രം ബഹളം വയ്ക്കുന്നു. തികച്ചും പാര്‍ട്ടികളുടെ ചട്ടുകങ്ങളായി ചുളുവില്‍ സ്ഥാനമാനങ്ങള്‍ നേടുന്ന വിദ്യയായി ക്യാംപസ് രാഷ്ട്രീയം ജീര്‍ണിച്ചിരിക്കുന്നുവെന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം തെളിയിച്ചുകൊണ്ടിരിക്കുന്നതിന് ജനിതകവൈകല്യമുള്ള കണ്ണൂര്‍, ശ്രീശങ്കരാ സര്‍വകലാശാലകള്‍ മാത്രമല്ല, കേരളത്തിലെ എല്ലാ സംസ്ഥാന സര്‍വകലാശാലകളും ഉദാഹരണങ്ങളാണ്. സര്‍ഗാത്മകത ചോര്‍ന്നുപോയ, വര്‍ത്തമാനകാലത്തിന്റെ നന്മതിന്മകളോടും സാംസ്‌കാരിക വിനിമയപ്രക്രിയകളോടും ക്രിയാത്മകമായി പ്രതികരിക്കാനാകാത്ത നിശ്ചേതന സമൂഹമായി വിദ്യാര്‍ഥിസമൂഹം മാറിയിരിക്കുന്നു. ഇതൊരു ദുരന്തമാണ്. സ്‌കൂള്‍- സര്‍വകലാശാലാ ക്യാംപസുകളില്‍ പൊതുവില്‍ ലഹരി മാഫിയകളുമായി വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ കണ്ണിചേര്‍ന്നതിന് അവരെ അതിനുപയോഗിക്കുന്ന പാര്‍ട്ടികളും ഉത്തരവാദികളാണെങ്കില്‍, മുന്‍കാലങ്ങളില്‍ അതിനെ പ്രതിരോധിച്ച പാരമ്പര്യം കേരളത്തിലെ ക്യാംപസുകള്‍ക്കുണ്ട്. സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും കുറുവടികളില്‍ കെട്ടിയ വെള്ളക്കൊടിക്കൂറകളിലെ ചത്തമുദ്രാവാക്യങ്ങളായി, ഭൂരിപക്ഷം വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും ചതച്ചെറിയാനുള്ള ആയുധമായി മാറി. വിദ്യാര്‍ഥി പ്രവേശനത്തിലും പരീക്ഷാസംവിധാനങ്ങളിലും ഹാജര്‍ ദാനത്തിലും ക്യാമ്പസുകളിലെ സമരാഭാസങ്ങളിലും ഗുണ്ടാപ്പിരിവിലും അവിഹിതമായി ഇടപെട്ടുകൊണ്ട് ഒരുവിഭാഗം അദ്ധ്യാപക -വിദ്യാര്‍ഥി സംഘടനകളുടെ അവിശുദ്ധ കൂട്ടുകെട്ട് രൂപപ്പെട്ടു. ക്യാമ്പസുകളില്‍ വിദ്യാര്‍ഥിഗുണ്ടകളെ സംരക്ഷിക്കുന്ന ഉത്തരവാദിത്തം അദ്ധ്യാപകസംഘടനകളേറ്റെടുത്തു.
മാനദണ്ഡങ്ങള്‍ ചടങ്ങുകളാകുന്നു
ഇത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ത്തതിന്റെ പേരില്‍ രണ്ടു വട്ടം സസ്‌പെന്‍ഷന്‍ നേരിട്ടയാളാണ് ഞാന്‍. എന്റെ യുജിസി പ്രോജക്റ്റ് തകര്‍ക്കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്റ്ററായ കണ്‍ഫേഡ് ഐ.എ.എസുകാരനടക്കം ശ്രമിച്ചു. പ്രതികാരം തീര്‍ക്കാന്‍ എന്റെ സര്‍വീസില്‍ നിന്ന് രണ്ട് വര്‍ഷം നഷ്ടപ്പെടുത്തുകയും ചെയ്തു. യൂണിവേഴ്‌സിറ്റി കോളേജിലെ സമര്‍ഥനായ ഒരു കെമിസ്ട്രി അദ്ധ്യാപകന്റെ യു.ജി.സി റിസര്‍ച്ച് പ്രോജക്റ്റ് തടയാന്‍ പ്രിന്‍സിപ്പലും ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും ശ്രമിച്ചതും ഒരു അദ്ധ്യാപക സംഘടനയുടെ നിര്‍ബന്ധം മൂലമായിരുന്നുവെന്ന് പിന്നീടദ്ദേഹം വ്യക്തിപരമായി കുമ്പസരിച്ചിട്ടുണ്ട്. അക്കാദമിക് പ്രവര്‍ത്തനങ്ങളോടുള്ള നിഷേധാത്മകമായ സമീപനം സ്വാഭാവികമായി അവര്‍ സെനറ്റംഗങ്ങളായും സിന്‍ഡിക്കേറ്റ് അംഗങ്ങളായും പ്രതിനിധാനം ചെയ്യുന്ന സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നതാണ് കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ പി.എസിന്റെ ഭാര്യയെ നിയമിക്കാനായി അവിടത്തെ ഭരണപക്ഷ സിന്‍ഡിക്കേറ്റംഗങ്ങളുടെ ഒരു മാന്യതയുമില്ലാത്ത ന്യായീകരണത്തിലും കാണുന്നത്. ശ്രീശങ്കര സര്‍വകലാശാലയില്‍ വ്യാജബിരുദത്തിന്റെ ബലത്തില്‍ അദ്ധ്യാപകനായതിന് പ്രതിഫലമായി പാര്‍ട്ടിക്കുവേണ്ടി വിടുപണിചെയ്യുന്ന ഒരു സിപിഎം ബുദ്ധിജീവിമാന്യന്റെ ഓരോ ജല്‍പ്പനത്തിലും ഈ കാപട്യമുണ്ട്. നാരായണഗുരുവിന്റെ പേരിലുള്ള ഓപ്പണ്‍ സര്‍വകലാശാലയിലെ പ്രഥമ വി.സി ഒരു മുസ്ലീം തന്നെയായിരിക്കണമെന്ന മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ വാശി നിറവേറ്റിക്കൊടുത്തതും ഇടതുപക്ഷ ലേബല്‍ നെറ്റിയിലൊട്ടിച്ചു നടക്കുന്ന സര്‍ക്കാരാണല്ലൊ. അവിടെ സര്‍വമതമേകമെന്ന ശ്രീനാരായണഗുരുവിന്റെ സമദര്‍ശനത്തിനല്ല, ഇസ്ലാമിക ഭീകരതയുടെ ഏകമത വിശ്വാസമെന്ന തീവ്രവാദത്തിനാണ് മതേതരത്വത്തിന്റെ ബോഡ് വച്ചുകൊടുത്തത്. അതിന്റെ പ്രഥമഫലം, ശ്രീനാരായണഗുരുതന്നെ സര്‍വകലാശാലയുടെ ലോഗോയില്‍ നിന്ന് പുറത്തായതാണ്.
ചുരുക്കത്തില്‍ പാര്‍ട്ടിയുടെ സങ്കുചിത താല്‍പ്പര്യങ്ങളും നേതാക്കളുടെ വ്യക്തിനിഷ്ഠ നേട്ടങ്ങളും ലക്ഷ്യമായതോടെ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം തകര്‍ന്ന് തരിപ്പണമായി. അതിനെതിരായ എല്ലാ ശബ്ദങ്ങളും അധികാരത്തിന്റെയും പാര്‍ട്ടിയുടെയും ശക്തികൊണ്ട് അടിച്ചമര്‍ത്തപ്പെട്ടു. പഠന പാഠന ബോധന സംവിധാനങ്ങളെല്ലാം അവയിലൊരു പ്രാവീണ്യവും ദര്‍ശനവുമില്ലാത്ത ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സുകളുടെ അസംബന്ധങ്ങളായി. പി.എച്ച്.ഡി ബിരുദം സര്‍വകലാശാലകളില്‍ അദ്ധ്യാപക നിയമനത്തിന് അടിസ്ഥാനയോഗ്യതയായി യു.ജി.സി തീരുമാനിച്ചതോടെ പി.എച്ച്.ഡി പ്രബന്ധങ്ങള്‍ കൂലിക്കെഴുതുന്നവരുടെയും എഴുതിക്കുന്നവരുടെയും എണ്ണം വളരെക്കൂടി. പ്രബന്ധങ്ങളുടെ ഗുണമേന്മയുടെ പരിശോധന വെറും ഉപചാരമായി. ചവറുപോലെ പി.എച്ച്.ഡികള്‍ നിര്‍മ്മിക്കപ്പെട്ടു. മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീലിന്റെ പി.എച്ച്.ഡി പ്രബന്ധം പോലെ പലതും ഉദ്ധരണീസമാഹാരങ്ങളായി. ഒരേ വിഷയത്തില്‍ പല പ്രബന്ധങ്ങള്‍ കാര്യമായ വ്യത്യാസമൊന്നുമില്ലാതെ കാച്ചിയെടുത്തുതുടങ്ങി. എളുപ്പത്തില്‍ ഡോക്റ്ററേറ്റ് കിട്ടാന്‍ ഏത് വിഷയമാണ് നല്ലതെന്നായി ഗവേഷണത്തിനൊരുങ്ങുന്നവരുടെ ചോദ്യം. ഒരു വിദ്യാര്‍ഥിനിയോട് ഞാനതിന് പറഞ്ഞ മറുപടി, ‘തറ പറ എന്നോ, മഴപെയ്യുന്നൂ ചറപറ ചറപറയെന്നോ 250 പുറത്തുമെഴുതി വച്ചാലും കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് ഇക്കാലത്ത് പി.എച്ച്.ഡി കിട്ടു’മെന്നാണ്. പുറം വാതിലുകളിലൂടെ കോളേജ്- സര്‍വകലാശാലാ അദ്ധ്യാപകരാകുന്ന നേതാക്കളുടെയും എം.എല്‍.എമാരുടെയും ഭാര്യമാരുടെയും ബന്ധുക്കളുടെയും പ്രബന്ധങ്ങള്‍ മാത്രമല്ല, അവരുടെ പേരിലുള്ള പുസ്തകങ്ങളും ജോലിനേടാനുള്ള മാനദണ്ഡം നിറവേറ്റാനായി മാത്രം എഴുതപ്പെടുന്നവയാണ്. ഗുണമേന്മയല്ല മിനിമം യോഗ്യതയാണ് മുഖ്യമെന്ന് കണ്ണൂര്‍ വിസിയും സിന്‍ഡിക്കേറ്റും സിപിഎം നേതാക്കളും അനര്‍ഹമായി തിരഞ്ഞെടുക്കപ്പെട്ട വനിതാസഖാവും ഭംഗ്യന്തരേണ പറഞ്ഞത് കേരളം കേട്ടതാണല്ലൊ. അവിടെയും ഇത് ആദ്യസംഭവവുമല്ല. സാമ്പത്തിക ശാസ്ത്രമടക്കം പല വിഭാഗങ്ങളിലും ഇപ്രകാരം നടന്നിട്ടുണ്ട്. അവ വിവാദമായില്ലെന്ന് മാത്രം. മിക്ക പ്രസാധനശാലകളിലും ഇത്തരക്കാരുടെ ഗ്രന്ഥങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. നിര്‍മ്മാണച്ചെലവുകൊടുത്താല്‍ അവയെല്ലാം പ്രസിദ്ധീകരിക്കപ്പെടുകയും പാര്‍ട്ടി ബുദ്ധിജീവികളും പാര്‍ട്ടി മാധ്യമങ്ങളും കൂടി അവയെ മഹത്വവല്‍ക്കരിക്കുകയും ചെയ്യും. കാശുകൊടുത്താല്‍ മറ്റു മാധ്യമങ്ങളും ഇത്തരം കൃതികളുടെ മഹത്വം ആഘോഷകരാകും. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ഡയറക്റ്റര്‍ ഒരിക്കല്‍ സന്ദര്‍ഭവശാല്‍ പറഞ്ഞത്, ഇത്തരക്കാരുടെ കൃതികള്‍ വന്ന് കുന്നുകൂടുകയാണ് അവിടെയുമെന്നാണ്. പിന്നാലെ പ്രമുഖനായ ഏതെങ്കിലും നേതാവിന്റെ ശുപാര്‍ശയും വരും. അതിനാല്‍ നിലവാരമില്ലാത്ത കൃതികള്‍ പൂര്‍ണമായി ഒഴിവാക്കാനാകുകയില്ലത്രെ. ഇവരെല്ലാം ക്രമേണ സര്‍വകലാശാലകളിലുമെത്തും. മാനേജുമെന്റ് കോളേജുകള്‍ നടത്തുന്ന കോടികളുടെ അദ്ധ്യാപക നിയമനക്കച്ചവടം ഒരു പുതിയ കാര്യമല്ല. ഏത് വഴിക്കായാലും അര്‍ഹരും സമര്‍ഥരും പ്രതിഭാശാലികളുമായ പാവപ്പെട്ടവര്‍ പൂര്‍ണമായും നിരാകരിക്കപ്പെടുന്നു. സമ്പന്നയാണെങ്കിലും ജോലിയില്ലാത്തതിനാല്‍ കുടുംബ പ്രശ്‌നമുണ്ടെന്നും പലവട്ടം നെറ്റെഴുതിയിട്ടും കിട്ടിയില്ലെന്നും സങ്കടപ്പെട്ടുനടന്ന ഒരു കുട്ടി പരസഹായത്തോടെ എം.ജി. സര്‍വകലാശാലയില്‍ നിന്ന് ഡോക്റ്ററേറ്റു നേടിയതിന്റെ അടുത്ത മാസം കോട്ടയം ജില്ലയിലെ ഒരു ജൂനിയര്‍ കോളേജില്‍ മുപ്പത്തിയഞ്ചു ലക്ഷം രൂപ കൊടുത്ത് അദ്ധ്യാപികയായി. ഈ അവസ്ഥ സൃഷ്ടിച്ചതില്‍ മാനേജുമെന്റ് കോളേജുകളില്‍ പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കുള്ള പങ്ക് തെളിയിക്കാന്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. പല മാനേജ്‌മെന്റ് കോളേജുകളുടെയും നിയമനക്കച്ചവടം കുറേ തൊഴിലന്വേഷകരെ ആത്മഹത്യയിലേയ്ക്ക് പോലും തള്ളി വിടുന്നുണ്ടെന്നും അതിന്റെ പിന്നിലും പാര്‍ട്ടി നേതാക്കളുണ്ടെന്നുമുള്ള വസ്തുത കേരളത്തിലെ വിദ്യാഭ്യാസം നേരിടുന്ന ചതിക്കുഴിയാണ്.
ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ സര്‍വകലാശാലകളിലെ നഗ്നമായ അഴിമതിക്കെതിരേ ചില താക്കീതുകള്‍ ചാന്‍സിലറെന്ന നിലയില്‍ ഗവര്‍ണര്‍ നല്‍കിയതും അത് സിപിഎമ്മിനെയും സിന്‍ഡിക്കേറ്റുകളെയും ചൊടിപ്പിച്ചതും. ഏത് അഴിമതിയും തങ്ങളുടെ അവകാശമാണെന്നും അവയിലൊന്നും ആരും ഇടപെടാന്‍ പാടില്ലെന്നുമുള്ള സിപിഎമ്മിന്റെ നിലപാട് അംഗീകരിക്കാത്തതിന് ഗവര്‍ണറെ കുരിശിലേറ്റണമെന്നാണ് മുഖ്യമന്ത്രിയുടെ സമീപനം. അതിനാലാണ്, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റി ആ അധികാരം കൂടി മുഖ്യമന്ത്രിക്കോ, വിദ്യാഭ്യാസ മന്ത്രിക്കോ നല്‍കാനുള്ള നടപടികള്‍ നടക്കുന്നത്. ലോകായുക്തയുടെഅധികാരം ഇല്ലാതാക്കുന്നതിലും ഇതാണല്ലൊ കാണുന്നത്. മുഖ്യമന്ത്രി സര്‍വകലാശാലകളിലെ വിസിറ്ററാകുമത്രെ. മുഖ്യമന്ത്രിയുടെ അധികാരദുര്‍മ്മോഹത്തിന് അതിരില്ലെന്നാണ് ഇതിനര്‍ഥം. എന്താണീ വിസിറ്ററുടെ പണിയെന്നറിയാന്‍ വയ്യ. പരീക്ഷകളില്‍ ആരെയൊക്കെ ജയിപ്പിക്കണമെന്ന് തീരുമാനിക്കാനാണെങ്കില്‍ അതിപ്പോള്‍ത്തന്നെ പാര്‍ട്ടിക്കാരായ അദ്ധ്യാപകരും വിസിമാരും സിന്‍ഡിക്കേറ്റുകളും വഴി നടപ്പാക്കുന്നുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്ന ഇടപെടലുകള്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്നതിലേക്കാണ് നയിക്കുന്നത്.