ആറു വര്‍ഷത്തിലധികമായി തുടരുന്ന ഇടത് മുന്നണി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്ന് ഇടതുപക്ഷ നേതാക്കളുടെ സ്വജനപക്ഷപാതമാണ്. വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള ഉന്നത പദവികളില്‍ സി.പി.എം. സഹയാത്രികരെ മാത്രം ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നിയമിക്കുകയും പ്രത്യുപകാരമെന്ന നിലയില്‍ അവര്‍ നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും നിയമനം നല്‍കുകയും ചെയ്യുന്ന പതിവ് സര്‍വ്വസാധാരണമായിരിക്കുകയാണ്. കേരളത്തില്‍ ആകെയുള്ള 14 സര്‍വ്വകലാശാലകളില്‍ ഭൂരിഭാഗത്തിന്റെയും കാര്യക്ഷമതയും വിശ്വാസ്യതയും ഇടതു ഭരണത്തില്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്നു. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതു കൊണ്ടാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവരുടെ കണ്ണിലെ കരടായിത്തീര്‍ന്നിരിക്കുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു മാറ്റി മുഖ്യമന്ത്രിയെ ചാന്‍സലറാക്കാനും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശ്രമങ്ങള്‍ നടക്കുന്നു. സി.പി.എമ്മിന്റെ താല്പര്യമനുസരിച്ച് മാത്രം നിയമനങ്ങള്‍ നടത്തുന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന ഇടത് സര്‍ക്കാര്‍ സര്‍വ്വകലാശാലകളുടെ അവസ്ഥയെ അനുദിനം അധ:പതിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഇടതു ഭരണത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ടീയവല്‍ക്കരണത്തിനു വിധേയമായത് കണ്ണൂര്‍ സര്‍വ്വകലാശാലയാണ്. പ്രായപരിധി കഴിഞ്ഞ വൈസ് ചാന്‍സലര്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് വീണ്ടും നിയമനം നല്‍കിയതു തന്നെ സി.പി.എം നേതാക്കളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. അവിടെ വെച്ച് ചരിത്ര കോണ്‍ഗ്രസ് നടന്നപ്പോള്‍ ഉദ്ഘാടകനായെത്തിയ ഗവര്‍ണറെ ഇടതു ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തില്‍ ആക്രമിക്കാനൊരുമ്പെട്ടപ്പോള്‍ അതിനു സഹായകമായ നിലപാടാണ് ഈ വൈസ് ചാന്‍സലര്‍ സ്വീകരിച്ചത്. സര്‍വ്വകലാശാലയുടെ ഒരു കോഴ്‌സിന്റെ പാഠ്യപദ്ധതിയില്‍ ദേശീയ ചിന്തകരുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വിമര്‍ശന പഠനത്തിനുവേണ്ടി ഉള്‍പ്പെടുത്തിയപ്പോള്‍ സി.പി.എം താല്പര്യപ്രകാരം അതിനെ അട്ടിമറിച്ചതും ഇതേ വൈസ് ചാന്‍സലറാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിനെ മാനദണ്ഡങ്ങള്‍ മറികടന്ന് അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ച വൈസ് ചാന്‍സലറുടെ നടപടി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സ്റ്റേ ചെയ്തതോടെ ഇത്തരത്തില്‍ നിയമനം നേടിയ നിരവധി സിപിഎം നേതാക്കളുടെ ഭാര്യമാരുടെ നിയമനങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. കേരള സര്‍വ്വകലാശാലയില്‍ മുന്‍ എം.പി. പി.കെ.ബിജുവിന്റെ ഭാര്യ, കൊച്ചി സര്‍വ്വകലാശാലയില്‍ മന്ത്രി പി.രാജീവിന്റെ ഭാര്യ, കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ സ്പീക്കര്‍ എം.ബി.രാജേഷിന്റെ ഭാര്യ എന്നിവര്‍ നിയമനം നേടിയതിന്റെ തുടര്‍ച്ചയായാണ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയുടെ നിയമനവും വിവാദത്തില്‍ പെട്ടിരിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സി.പി.എം.നേതാവ് എ.എന്‍.ഷംസീറിന്റെ ഭാര്യയെ നിയമിക്കാനുള്ള നീക്കം കോടതി തടഞ്ഞിരിക്കുകയാണ് എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്.
ഈ സാഹചര്യത്തില്‍ കേരളത്തിലെ സര്‍വ്വകലാശാലകളിലെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ അനധികൃത നിയമനങ്ങളും ബന്ധു നിയമനങ്ങളും അന്വേഷിക്കുന്നതിന് കമ്മീഷനെ നിയമിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കൈക്കൊണ്ട തീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്. സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ മുന്‍ ജഡ്ജിയെ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാനാണ് സാദ്ധ്യത. വഴിവിട്ട നിയമനങ്ങള്‍ നടത്തിയ കണ്ണൂര്‍ വി.സി.ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ഗവര്‍ണര്‍ തീരുമാനിച്ചിട്ടുണ്ട്. വി.സി. ക്രിമിനലാണെന്നും തനിക്കെതിരെ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയ ആളാണെന്നുമുള്ള ഗവര്‍ണറുടെ ആരോപണവും ഗൗരവമേറിയതാണ്. കേരള സര്‍വ്വകലാശാല സെനറ്റ് സര്‍വ്വകലാശാലയുടെ പരമാധികാരിയായ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയതും അസാധാരണമായ നടപടിയാണ്. 2010 ല്‍ ഇതുപോലെ ഒരു പ്രമേയം കൊണ്ടുവന്നപ്പോള്‍ അന്നത്തെ വൈസ് ചാന്‍സലര്‍ അത് അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അധികാരത്തിന്റെ എല്ലാ സ്ഥാനങ്ങളിലും സി.പി.എം പിടിമുറുക്കുകയും നിയമനങ്ങള്‍ സ്വന്തക്കാര്‍ക്കായി വീതിച്ചു നല്‍കുകയും ചെയ്ത് സര്‍വ്വകലാശാലകളുടെ സ്വയംഭരണാധികാരവും വൈസ് ചാന്‍സലര്‍മാരുടെ അന്തസ്സും കളഞ്ഞു കുളിച്ചിരിക്കുകയാണ്.
സര്‍വ്വകലാശാലകളില്‍ മാത്രമല്ല സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ തസ്തികകളിലും ഇടതു കക്ഷികളുടെ നേതാക്കളുടെ ബന്ധുക്കള്‍ക്കാണ് മുന്‍ഗണന. ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ ബന്ധു നിയമനം മൂലം ഒരു മന്ത്രിക്ക് സ്ഥാനം രാജിവെക്കേണ്ടി വന്നെങ്കിലും മറ്റു നേതാക്കളുടെ കാര്യത്തില്‍ ഇത്തരം സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പി.എസ്.സി. വഴിയുള്ള നിയമനങ്ങള്‍ ലഭിക്കാന്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് പഠിക്കുകയും റാങ്ക് ലിസ്റ്റില്‍ വന്നിട്ടും നിയമനം ലഭിക്കാതെ സമരം നടത്തേണ്ടിവരികയും ചെയ്യുന്ന സംസ്ഥാനത്താണ് സി.പി.എം നേതാക്കള്‍ മുന്‍കാലത്ത് ഇടതു ഭരണത്തില്‍ പോലും കാണാത്ത വിധത്തില്‍ ബന്ധുക്കളെ സര്‍ക്കാര്‍ സര്‍വീസില്‍ തിരുകിക്കയറ്റാന്‍ മത്സരിക്കുന്നത്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുന:സംഘടിപ്പിച്ചപ്പോള്‍ മുന്‍ മന്ത്രിയും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലന്റെ ഭാര്യ ഡോ.പി.കെ. ജമീലയെ അംഗമായി നിയമിച്ചതും സ്വജനപക്ഷപാതത്തിന്റെ ഭാഗമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം ബാധകമായ ആശ്രിത നിയമനത്തിന്റെ പരിധിയിലേക്ക് എം.എല്‍.എ മാരെ കൂടി കൊണ്ടുവന്നതും ഈ സര്‍ക്കാരാണ്. ഇതുപ്രകാരം ചെങ്ങന്നൂര്‍ എം.എല്‍.എയായിരുന്ന കെ.കെ.രാമചന്ദ്രന്റെ മകനും കൊങ്ങാട് എം.എല്‍.എ. വിജയദാസിന്റെ മകനും സര്‍ക്കാര്‍ സര്‍വ്വീസില്‍ മികച്ച ജോലിയില്‍ പ്രത്യേക ഉത്തരവിലൂടെ നിയമനം ലഭിച്ചു കഴിഞ്ഞു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെയും ആശ്രിത നിയമനത്തിന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍ നിരവധി തൊഴിലവസരങ്ങളാണ് സാധാരണക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുക. ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനത്തിലും ഇടത് നേതാക്കളുടെ ബന്ധുക്കള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്ജിന്റെ സഹോദരി വിദ്യാ കുര്യാക്കോസും സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകള്‍ ബി.സൂര്യ ബിനോയിയും അങ്ങനെ ഗവ: പ്ലീഡര്‍മാരായവരാണ്. ജനപ്രതിനിധികള്‍ സ്വാര്‍ത്ഥത മൂലം അന്ധരാകുന്നതും ജനങ്ങളുടെ നികുതിപ്പണം സ്വന്തം കുടുംബത്തിലേക്ക് വകമാറ്റുന്നതും ജനാധിപത്യ വിരുദ്ധവും ശക്തമായി എതിര്‍ക്കപ്പെടേണ്ടതുമാണ്.