അതീവസാധാരണവും എന്നാല്‍ അത്യന്തം ഗൗരവപൂര്‍ണ്ണവുമായ ഒരു ഇതിവൃത്തവുമായി പ്രേക്ഷകരോട് സംവദിക്കുന്ന ഒരസാധാരണ ദൃശ്യാനുഭവമാണ് ‘അമ്മയുടെ കുട’ എന്ന ടെലിഫിലിം. സാധാരണമായ ഒരു വിഷയത്തെ, ഏവര്‍ക്കും ഊഹിച്ചെടുക്കാവുന്ന പ്രത്യാഘാതങ്ങള്‍ മാത്രം ഉണ്ടാക്കുന്ന ഒരു സാമൂഹിക പ്രശ്‌നത്തെ, വയോജന സംരക്ഷണത്തെ, ഊഹാപോഹ സാധ്യതകളില്‍ നിന്നും വേര്‍പെടുത്തിയെടുത്ത് വ്യത്യസ്തതലത്തില്‍ കൊണ്ടെത്തിച്ച് പ്രേക്ഷകരെ വികാരഭരിതരാക്കുന്ന ചിത്രമാണ് അമ്മയുടെ കുട.
ഇരിങ്ങാലക്കുടയിലെ സാകേതം വൃദ്ധസദനവും സേവാഭാരതിയും ചേര്‍ന്ന് നിര്‍മ്മിച്ച് ഡോ. മധു മീനച്ചില്‍ എഴുതി സംവിധാനം ചെയ്ത ‘അമ്മയുടെ കുട’ വയോജനരക്ഷണം എന്ന ആശയത്തിനാണ് പ്രത്യക്ഷത്തില്‍ ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ ഈ പ്രത്യക്ഷപ്രമേയത്തിനപ്പുറത്തേക്ക് സിനിമ വളര്‍ന്നു വലുതാവണമെന്ന രചയിതാവിന്റെ ചിന്ത ഗോപ്യമല്ലെങ്കിലും സൂക്ഷ്മമായിരുന്നു. ആ ലക്ഷ്യം വിജയകരമായി കൈവരിച്ച് വയോജനസംരക്ഷണത്തില്‍ നിന്നും പൈതൃകസംരക്ഷണമെന്ന വലിയ കാന്‍വാസിലേക്ക് പടര്‍ന്നുകയറാന്‍ ഈ ചെറിയ സിനിമക്ക് സാധിച്ചു. അമ്മയുടെ കുട യഥാര്‍ത്ഥത്തില്‍ ഭര്‍ത്താവിന്റെ കുടയാണെന്നും കൈമാറ്റം ചെയ്തു കഴിഞ്ഞാല്‍ അതു മകന്റെ കുടയാവുന്നുവെന്നും കാലങ്ങള്‍ക്കപ്പുറം ആ കുട ഏറ്റുവാങ്ങാന്‍ ഒരു കൊച്ചുമകള്‍ ഉണ്ടാവുമെന്നുമുള്ള സാക്ഷ്യപ്പെടുത്തലാണ് ഈ ചിത്രത്തെ മുന്‍നിരയിലേക്ക് നയിക്കുന്നത്.
അത്യുദാത്തമായ ആസ്വാദ്യതയും ഉള്‍പ്പുളകം കൊള്ളിക്കുന്ന സിനിമാനുഭവങ്ങളുമൊന്നും അവകാശപ്പെടാനില്ലെങ്കിലും ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളെ കണ്ണീരില്‍ കുതിര്‍ത്തി പ്രേക്ഷകസമക്ഷം വെച്ച് അവരെ ഇരുത്തിചിന്തിപ്പിക്കാന്‍ ഈ ചെറിയ സിനിമക്ക് കഴിഞ്ഞു. ജീവിതവീക്ഷണത്തില്‍ രണ്ടു വ്യത്യസ്ത ധ്രുവങ്ങളില്‍ ജീവിക്കുന്ന ഡോക്ടര്‍മാരായ ദമ്പതിമാരും ഒരേ ജീവിതവീക്ഷണത്തില്‍ ജീവിക്കുന്ന മറ്റൊരു ഡോക്ടര്‍ കുടുംബവും തമ്മിലുള്ള അന്തരത്തെ കാണിച്ചുകൊണ്ട് സമൂഹത്തിലെ നീറുന്ന ഒരു പ്രശ്‌നത്തെയാണ് മധു മീനച്ചില്‍ സിനിമയാക്കിയത്. കര്‍ഷകനായ അച്ഛന്റെ കാര്‍ഷികപൈതൃകം ഏറ്റുവാങ്ങിയ ഡോക്ടറായ മകനും ആശുപത്രി ഉടമയായ അച്ഛന്റെ പൈതൃകം ഏറ്റുവാങ്ങിയ ഡോക്ടറായ മകളും തമ്മിലുള്ള സ്വാഭാവികവും പുതുമയില്ലാത്തതുമായ ദാമ്പത്യബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രമേയം പറയാന്‍ മുതിരുക വഴി വലിയൊരു റിസ്‌കാണ് സംവിധായകന്‍ ഏറ്റെടുത്തത്.
എങ്കിലും യുക്തവും ലളിതവുമായ വളവുതിരിവുകളിലൂടെ ഈ സിനിമ മെല്ലെമെല്ലെ ഔന്നത്യം പ്രാപിക്കുകയായിരുന്നു. പ്രണയവിവാഹത്തിലെ അപ്രതീക്ഷിതമായ അസന്തുഷ്ടിയും ആറുമാസക്കാലമായി അമ്മയെ വൃദ്ധസദനത്തില്‍ അയക്കേണ്ടിവന്നതിന്റെ കുറ്റബോധവും മകള്‍ക്ക് അമ്മയുടെയും മുത്തശ്ശിയുടെയും സ്‌നേഹം നഷ്ടപ്പെട്ടു പോയതിന്റെ ആകുലതയും ചേര്‍ന്ന് അസ്വസ്ഥമനസ്സുമായി ജീവിതം തുടരുന്ന മുകുന്ദന്‍ എന്ന ഡോക്ടറാണ് ആദ്യവും അവസാനവും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. വിഷാദഗ്രസ്തനായ ഡോക്ടറുടെ ചലനങ്ങളിലും ശരീരഭാഷയിലും നിഴലിച്ചു നിന്നിരുന്ന ആ വിരസത സിനിമയുടെ തുടക്കത്തെയും ബാധിച്ചുവെന്ന് തോന്നുന്നു. പക്ഷെ മെല്ലെമെല്ലെ മുകുന്ദന്റെ സ്വകാര്യദുഃഖം പ്രേക്ഷകന്റെ ദുഖമായി മാറുകയായിരുന്നു. പതിനഞ്ചു വര്‍ഷം അമേരിക്കയില്‍ താമസിച്ചിട്ടും മണ്ണിന്റെ മണംമാറാത്ത മലയാളിയായി ജീവിക്കാനായി നാട്ടിലെത്തിയ ഡോക്ടര്‍ സഞ്ജുവാണ് സിനിമയുടെ ഈ ഭാവമാറ്റത്തെ ശക്തമായി രേഖപ്പെടുത്തിയത്. വിഷാദഗ്രസ്തനായ മുകുന്ദന്റെ മുറിയിലെ ചുമരിലെ ഗീതോപദേശ ചിത്രവും ഊര്‍ജ്ജസ്വലനായ സഞ്ജുവിന്റെ മുറിയിലെ ഭൂമീസ്പര്‍ശ മുദ്രയിലിരിക്കുന്ന ബുദ്ധഭഗവാന്റെ ചിത്രവും നമ്മോട് സംസാരിക്കുന്നത് പോലെ തോന്നും. ”എന്നെ ആരെങ്കിലും ഒന്നുപദേശിക്കൂ” എന്നു പറഞ്ഞു കരയുന്ന അര്‍ജ്ജുനനായി ഡോക്ടര്‍ മുകുന്ദനും ”ഇതാ വന്നെന്റെ ശാന്തത കണ്ടു കൊള്ളൂ” എന്നു മാരനോട് പറയുന്ന മുദ്രയുമായിരിക്കുന്ന ബുദ്ധനായി ഡോക്ടര്‍ സഞ്ജുവും അരങ്ങുവാണു.
അഭിനയിച്ചവരില്‍ ഒരാളൊഴികെ മറ്റാരും തന്നെ മുമ്പ് ക്യാമറ കണ്ടവരല്ല എന്ന ഒരൊറ്റ കാരണം കൊണ്ട് തന്നെ അവരുടെ അഭിനയപരിശ്രമത്തെ ബോധപൂര്‍വ്വം ശ്ലാഘിച്ചേ മതിയാവൂ. ഇങ്ങനെയാണല്ലോ കലയും കലാകാരനും വളരുക. ആ നിലക്ക് നോക്കുമ്പോഴും ‘അമ്മയുടെ കുട’ എന്ന പരിശ്രമത്തിന്റെ വിജയം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. കലാമൂല്യത്തിനുപരിയായി കലയുടെമൂല്യത്തെ കാത്തുസൂക്ഷിച്ച ചിത്രമാണ് ഇത്. അതുകൊണ്ടാണ് യൂട്യൂബില്‍ റിലീസായി ഒരാഴ്ചകൊണ്ട് പതിനായിരത്തോളം ആളുകള്‍ കണ്ട ഈ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ വന്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നത്.
ഗാനരംഗത്തിന്റെ ചിത്രീകരണം ഈ സിനിമയുടെ എടുത്ത് പറയേണ്ട സവിശേഷതയാണ്. പാട്ടിന്റെ മലയാളിത്തവും ആ സന്ദര്‍ഭത്തിന്റെ വൈകാരികതയും ചിത്രീകരണത്തിന്റെ മനോഹാരിതയും ചേര്‍ന്ന് ഒരു നല്ല അനുഭവമായിരുന്നു ആ ഗാനം. താരാട്ടുപാട്ട് കേട്ട് ഉറങ്ങിക്കൊണ്ടിരുന്ന മക്കള്‍ തലവേദനയ്ക്ക് വിക്‌സ് പുരട്ടിയും ഉറക്കഗുളിക കഴിച്ചും ഉറങ്ങേണ്ട ഘട്ടത്തില്‍ എത്തുന്ന ജീവിതത്തില്‍, സ്വപ്‌നത്തില്‍ സ്‌നേഹവുമായി അമ്മ വരുന്നത് ഈ പാട്ടിലൂടെയാണ്. കഥാന്ത്യത്തിലേക്കുള്ള പാലമായി വര്‍ത്തിച്ച ആ ഗാനം ഈ സിനിമയുടെ ഒരനുഗ്രഹമാണ്. ഗാനരംഗ ചിത്രീകരണമുള്‍പ്പെടെ സിനിമയുടെ മിക്കവാറും എല്ലാ സന്ദര്‍ഭങ്ങളിലും ക്യാമറാമാന്‍ ഉണ്ണി നീലഗിരിയുടെ കരവിരുതും കലാബോധവും പ്രകടമാവുന്നുണ്ടായിരുന്നു. ഈ സിനിമയുടെ സാരസ്യത്തിന് ഒരു കാരണം ഇതാണ്.
വീല്‍ചെയറില്‍ എത്തുന്ന മുത്തശ്ശിയും തോട്ടത്തില്‍ പണിയെടുക്കുന്ന ബംഗാളിയായി വേഷമിട്ട ശിവചരണ്‍ എന്ന ഉത്തര്‍പ്രദേശുകാരനായ നടനും പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന തരത്തില്‍ പാത്രപൂര്‍ത്തി നേടി. കൃഷി തോട്ടത്തിലെ യാത്രയും സുഹൃത്തുക്കളുടെ സംഭാഷണരംഗവുമെല്ലാം ഉന്നത നിലവാരം പുലര്‍ത്തി. എന്നാല്‍ എടുത്തു പറയേണ്ട രംഗം ആ വൃദ്ധസദനത്തിലേക്കുള്ള ഡോ.മുകുന്ദന്റെ അപ്രതീക്ഷിത വരവാണ്. ഇത്തരം കുടുംബചിത്രങ്ങളുടെ നട്ടെല്ലൊടിഞ്ഞു പോകുന്ന തരത്തില്‍ പല സംവിധായകരും തോറ്റ് പോകുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാവാറുണ്ട്. പ്രേക്ഷക മനസ്സിനും മേലെ പറക്കുക എന്ന സമസ്യയാണത്. പ്രേക്ഷകരുടെ ഊഹത്തിനും പ്രവചനത്തിനും മേലായി ക്രൈംത്രില്ലര്‍ സിനിമകള്‍ പോലും രക്ഷപ്പെട്ടു പോവുക വിരളമായ ഈ കാലത്താണ്, പ്രവചനാതീതമായ ഈ രംഗം. തികച്ചും പുതുമയില്ലാത്ത ഈ പ്രമേയത്തെ പുതുമയുള്ള അനുഭവമാക്കി മാറ്റിയെടുത്തു തുടങ്ങിയത് ഈ രംഗമാണ്.
സംവിധാനത്തിന്റെ സൂക്ഷ്മത സിനിമയുടെ എല്ലാ ഘട്ടത്തിലും ദൃശ്യമായിരുന്നു. മേല്‍പ്പറഞ്ഞ ചുമര്‍ചിത്രങ്ങളും നായകന്റെ കാറില്‍ കേള്‍ക്കുന്ന വിഷാദഗസലുകളും മറ്റും ഉത്തമ ഉദാഹരണങ്ങളാണ്. വൃദ്ധസദനത്തിലെ ചുമരില്‍ തൂക്കിയ രാമകൃഷ്ണശാരദാചിത്രങ്ങളും, ഡോക്ടര്‍ജി-ഗുരുജി ചിത്രങ്ങളും സംവിധായകന്റെ ആദര്‍ശഭദ്രതയുടെ അധികപ്പറ്റുകളായിരുന്നുവെങ്കിലും അതൊന്നും സിനിമയെ ബാധിച്ചില്ല. മാത്രമല്ല അവയെ യോജിക്കുന്ന തരത്തില്‍ സൂക്ഷ്മമായി വിളക്കിച്ചേര്‍ക്കുകയും ചെയ്തു. ഗുരുവായൂര്‍യാത്രയും ഗുരുവായൂരപ്പന്റെ ചിത്രവും ആ സന്നിധിയില്‍ ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങളെ സംബന്ധിച്ച പത്രവാര്‍ത്തകള്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുന്ന രീതിയില്‍ വിന്യസിച്ചിട്ടുണ്ട്. അമേരിക്കന്‍ സുഹൃത്തിനു സല്‍ക്കാരത്തിനിടയില്‍ നല്‍കുന്ന പഴവര്‍ഗ്ഗങ്ങളും അയാള്‍ യാത്ര പറയുമ്പോള്‍ കാറിലേക്ക് കയറ്റിവെക്കുന്ന നാടന്‍ പച്ചക്കറികളുമെല്ലാം കാലത്തോടുള്ള ഭാവാത്മകമായ സംഭാഷണമാണ്. എന്നാല്‍ ഈ സൂക്ഷ്മത ചില ഘട്ടങ്ങളിലൊക്കെ അതിസൂക്ഷ്മതയാവുകയും വിപരീത ഫലമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ആദര്‍ശസമൂഹത്തെ വരച്ചു കാട്ടാനുള്ള വ്യഗ്രതയും സാന്മാര്‍ഗ്ഗികമായ അമിതോപദേശത്തിന്റെ സത്യന്‍ അന്തിക്കാട് ശൈലിയും ചില ഘട്ടങ്ങളില്‍ സിനിമയ്‌ക്കൊരു വെല്ലുവിളി ആയിരുന്നു. മിക്കവാറും എല്ലാ സംഭാഷണ ശകലങ്ങളിലും ഈ അപാകത കാണാമായിരുന്നു. ആദ്യത്തെ രംഗത്തില്‍ താളപ്പിഴകളും ചേര്‍ച്ചയില്ലായ്മയും മുഴച്ചു നില്‍ക്കുന്നുണ്ടായിരുന്നു. ആശുപത്രി കേഷ്വാലിറ്റിയില്‍ (വാര്‍ഡിലല്ല) ദിവസങ്ങളായി കിടക്കുന്ന രോഗികളും, നേഴ്‌സിന്റെ രോഗിയോടുള്ള അമിതമായ സ്‌നേഹവും അരോചകമായി. ഇതൊക്കെ സാങ്കേതികം എന്നു കരുതി വിട്ടു കളഞ്ഞേക്കാം. കാരണം ഇതൊന്നും രസംകൊല്ലികളായി മാറാതെ സംവിധായകന്‍ സൂക്ഷിച്ചു. അതിനാല്‍ ഇതൊന്നും സിനിമയെ ബാധിച്ചില്ല. കാരണം ഇപ്പറഞ്ഞ സങ്കേതങ്ങളിലൊന്നുമല്ലായിരുന്നു ഈ സിനിമയുടെ അസ്തിത്വം.
ബഡ്ജറ്റ് ഞെരുക്കം കൊണ്ടും പുതുമുഖബാഹുല്യം കൊണ്ടും വന്നുചേര്‍ന്ന പല ന്യൂനതകളെയും അതിജീവിച്ചും നിര്‍വീര്യമാക്കിയും കുടയുടെ ഇതിവൃത്തവും സിനിമയുടെ ഉദ്ദേശ്യശുദ്ധിയും മുന്നോട്ടുനീങ്ങി. അമ്മയുടെ സഹജമായ നിസ്സംഗതയും പരകേന്ദ്രിതമായ സാത്വികമനസ്സും ആവശ്യമെങ്കില്‍ മാത്രം നിറയുന്ന കണ്ണുകളും ഈ സിനിമയെ മുന്നോട്ട് നയിച്ചു. മക്കളുടെ തീരുമാനങ്ങളില്‍ എതിരഭിപ്രായം പറയാതെയും മക്കളുടെ ജീവിതത്തിനായി വഴിമാറിക്കൊടുക്കണമെന്ന ചിന്ത പങ്കുവെച്ചും കൊച്ചുമകളെ കാണാനുള്ള ആഗ്രഹം ഉള്ളിലൊതുക്കിയും ആറുമാസം അപരിചിതരുടെ കേന്ദ്രത്തില്‍ ജീവിച്ച അവര്‍ പരിചിതസുഖങ്ങളുടെ ഓര്‍മ്മകള്‍ നല്‍കിയ കുടയെ ഒരു ഊന്നുവടിയാക്കി മാറ്റുകയായിരുന്നു. ഇതാണ് സിനിമയുടെ സന്ദേശം. പണ്ടെങ്ങാനും ഒരു മീനമാസച്ചൂടില്‍ വെയിലില്‍ നിന്നു രക്ഷിച്ച കുടയായല്ല, ഒരുപാട് കാലം ജീവിതചൂടില്‍ കുടപിടിച്ചു തന്ന ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ഓര്‍മ്മയാകുന്ന തണലിലെ ഊന്നുവടിയാകുന്ന കുടയാണ് പ്രമേയം. ആ കുടയാണ് കൈമാറ്റം ചെയ്യപ്പെട്ടതും. അമ്മ മകനായി മാറ്റിവെച്ച പാഠവും സമ്പത്തും അതു തന്നെ. അവസാന രംഗത്ത് ബീച്ചില്‍ ഇരിക്കുന്ന നായകന്റെ മുഖത്ത് സഹജമായ വിഷാദമോ നഷ്ടബോധമോ അനിശ്ചിതത്വമോ അല്ല ഉണ്ടായിരുന്നത്. എന്തിനെയും നേരിടാനുള്ള കരുത്തും ചിലതൊക്കെ ചിന്തിച്ചുറപ്പിച്ച പോലുള്ള കരുതലുമായിരുന്നു ആ മുഖത്ത് തെളിഞ്ഞത്. അതാണ് ആ കുടയുടെ സന്ദേശവും.
ആദ്യത്തെ അഞ്ചുമിനുട്ടും അവസാനത്തെ അഞ്ചുമിനുട്ടും ഒഴികെയുള്ള സമയങ്ങളില്‍ ഈ സിനിമ എങ്ങനെ നമ്മുടെ മനസ്സുരുക്കി എന്നു ചിന്തിപ്പിക്കുന്ന തരത്തില്‍ അസാധാരണമായ ഒരൊഴുക്കായിരുന്നു ‘അമ്മയുടെ കുട’. അസ്വസ്ഥതയില്‍ നിന്നും ശാന്തതയിലേക്കും ചോദ്യത്തില്‍ നിന്നും ഉത്തരത്തിലേക്കും നിര്‍വികാരത്വത്തില്‍ നിന്നും മനുഷ്യത്വത്തിലേക്കുമുള്ള ഒരു ഒഴുക്ക്. ഈ സിനിമയിലെ കഥാപാത്രങ്ങള്‍ നമ്മുടെ വീട്ടിലും അയല്‍പക്കത്തും നമുക്ക് മുമ്പിലും നമ്മുടെ പിന്നിലും എവിടെയൊക്കെയോ കണ്ടതായി നമുക്ക് തോന്നുന്നു. അതുകൊണ്ടാണ് ഈ സിനിമ സാധാരണമാവുന്നത്. എന്നാല്‍ ഇത്ര സാധരണത്വം ഉണ്ടായിരുന്നിട്ടു കൂടിയും കണ്ടുപഴകിയ, കേട്ടുതഴമ്പിച്ച ഈ സാധാരണ സാഹചര്യങ്ങളില്‍ നമ്മുടെ കണ്ണു നിറയ്പ്പിക്കാന്‍, അതും ഒന്നല്ല പലതവണ, ഈ സിനിമക്ക് കഴിഞ്ഞു എന്നതാണ് ഇതിനെ അസാധാരണമാക്കുന്നത്. മനസ്സില്‍ മഴ പെയ്യിക്കുന്ന കുട. അതാണ് ‘അമ്മയുടെ കുട’ എന്ന ചെറിയ സിനിമയുടെ അനുഭവം. സിനിമ കാണുവാനുള്ള ലിങ്ക് ചുവടെ
https://www.youtube.com/ watch?v=hjY2PXAMjJ8