നാഗ്പൂര്‍: രാജ്യപുരോഗതിയുടെ ചുമതല സമാജം സ്വയം ഏറ്റെടുക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. മറാത്തി സാഹിത്യ സംഘടനയായ വിദര്‍ഭ സാഹിത്യ സംഘത്തിന്റെ ശതാബ്ദി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാര്‍ നിരത്തിലിറങ്ങിയപ്പോഴാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. ഏതെങ്കിലും ഒരു നേതാവിന് ഒറ്റയ്ക്ക് രാജ്യത്തിന്റെ എല്ലാ വെല്ലുവിളികളെയും നേരിടാന്‍ കഴിയില്ല. ഏതെങ്കിലും ഒരു സംഘടനയ്ക്ക് മാത്രമായും അത് സാധ്യമല്ല. സ്വാതന്ത്ര്യത്തിലേയ്ക്ക് അനേകം ധാരകള്‍ സംഘടിതമായും അല്ലാതെയും ഒഴുകി. സമരഭൂമിയില്‍ അനേകായിരങ്ങള്‍ സഹനവും ത്യാഗവും കൊണ്ട് കഠിനപ്രയത്നം നടത്തി, ജീവന് സമര്‍പ്പിച്ചു. ദേശീയ സമൂഹം അതിന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ പ്രാപ്തരാകണമെന്നാണ് സംഘം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരകാലത്ത് വിപ്ലവകാരികളും സുഭാഷ് ചന്ദ്രബോസിനെപ്പോലുള്ള ധീരനായകരും ബ്രിട്ടീഷുകാര്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചു. അവരുടെയൊക്കെ പ്രയത്നത്തിലൂടെ സമൂഹം പൊരുതാനുള്ള ധൈര്യം ആര്‍ജ്ജിച്ചു. പ്രക്ഷോഭങ്ങളില്ലാത്ത കാലത്തും സമാജത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.