വന്‍ശക്തി രാജ്യങ്ങള്‍ തമ്മിലുള്ള കിടമത്സരങ്ങളും ഏറ്റുമുട്ടലുകളും ലോകസമാധാനത്തിന് എക്കാലവും വലിയ ഭീഷണികള്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപകാലത്ത് രൂക്ഷമായ റഷ്യ- യുക്രൈന്‍ സംഘര്‍ഷവും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ സൈനിക പിന്മാറ്റവും കോവിഡ് മഹാമാരിയുമൊക്കെ ലോകത്തിന്റെ നയതന്ത്ര സമവാക്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി വേണം അമേരിക്കന്‍ പ്രതിനിധിസഭാ സ്പീക്കറുടെ തായ്‌വാന്‍ സന്ദര്‍ശനത്തെയും അതിനോടുള്ള ചൈനയുടെ പ്രതികരണത്തെയും നോക്കിക്കാണാന്‍.
രണ്ടരക്കോടിയോളം ജനങ്ങളും സ്വന്തമായി ഭരണഘടനയും ജനാധിപത്യരീതിയിലുള്ള ഭരണസംവിധാനവുമുണ്ടെങ്കിലും ചൈനയുടെ തെക്കുകിഴക്കന്‍ തീരത്തുനിന്ന് ഏതാണ്ട് 160 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ദ്വീപ് രാഷ്ട്രമായ തായ്‌വാന് സ്വതന്ത്ര അസ്തിത്വമില്ലെന്നും അത് തങ്ങളുടെ അവിഭാജ്യ ഭാഗമാണെന്നുമാണ് ചൈനയുടെ എക്കാലത്തെയും നിലപാട്. തായ്‌വാനുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്ന ഒരു രാജ്യവുമായും തങ്ങള്‍ക്ക് നയതന്ത്ര ബന്ധങ്ങളുണ്ടാകില്ലെന്ന പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭീഷണിയെ മറികടന്നുകൊണ്ടാണ് ഏതാനും ദിവസം മുന്‍പ് അമേരിക്കന്‍ പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി അവിടെ സന്ദര്‍ശനം നടത്തിയത്. ഇതോടെ തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അമേരിക്കന്‍ സ്പീക്കര്‍ തായ്‌വാന്‍ സന്ദര്‍ശിച്ചത് കൃത്യമായ നയതന്ത്ര ലക്ഷ്യങ്ങളോടെ തന്നെയാണ്. ഏഷ്യയിലെ ചൈനയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുക എന്ന ലക്ഷ്യം അമേരിക്കയുടെ മുന്നിലുണ്ട്. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള സൈനിക പിന്മാറ്റത്തെ അമേരിക്കയുടെ ശക്തിക്ഷയത്തിന്റെയും ബലഹീനതയുടെയും സൂചനയായി വിലയിരുത്തുന്നവരുണ്ട്. നാന്‍സി പെലോസി തായ്‌വാനില്‍ വിമാനം ഇറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അല്‍ഖ്വയിദ നേതാവ് സവാഹിരിയെ നിഞ്ച മിസൈല്‍ ഉപയോഗിച്ച് വധിച്ചത്. തങ്ങളുടെ ശക്തി ചോര്‍ന്നു പോയിട്ടില്ലെന്നുള്ള അമേരിക്കയുടെ പുതിയ പ്രഖ്യാപനത്തിന്റെ ഭാഗമാണ് ഈ നീക്കങ്ങളെല്ലാം.
ചൈന തുടര്‍ച്ചയായി നടത്തിക്കൊണ്ടിരുന്ന ഏകാധിപത്യപരമായ നടപടികളാണ് തായ്‌വാന്‍ പ്രശ്‌നത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. 2020 മുതല്‍ തന്നെ തായ്‌വാന് മുകളില്‍ ചൈനയുടെ യുദ്ധനിഴലുകള്‍ വീണുതുടങ്ങിയിരുന്നു. ലോകം കൊവിഡ് മഹാമാരിയെ നേരിടുന്ന സന്ദര്‍ഭത്തില്‍ പോലും ചൈന തായ്‌വാനിലേക്ക് വ്യോമ കടന്നാക്രമണങ്ങള്‍ നടത്തിയിരുന്നു. മാത്രമല്ല 2021 ജൂലായില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിക്കവെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് തായ്‌വാനെ ചൈനയില്‍ ലയിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 2049 ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപനത്തിന്റെ ശതാബ്ദിയാണ്. അതിനു മുന്‍പ് വിശാലചൈനയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതിനായി ചില ദീര്‍ഘകാല പദ്ധതികള്‍ക്ക് ചൈനീസ് ഭരണകൂടം രൂപം നല്‍കിയിട്ടുണ്ട്. 2013-ല്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ‘ബെല്‍റ്റ് ആന്റ് റോഡ്’ പദ്ധതി പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്. ഈ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം 163 രാജ്യങ്ങളില്‍ റോഡ്, പാലങ്ങള്‍, തുറമുഖങ്ങള്‍, ആശുപത്രികള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി ചൈന 843 ബില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചിട്ടുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തങ്ങളുടെ സാമ്രാജ്യ വികാസത്തിനു വേണ്ടി ചൈന ആവിഷ്‌കരിച്ച മറ്റൊരു പദ്ധതിയാണ് അയല്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള ‘കടക്കെണി നയതന്ത്രം’. പാകിസ്ഥാനും, തെക്കന്‍ യൂറോപ്യന്‍ രാജ്യമായ മോണ്ടിനെഗ്രോയും, ലാവോസും ഏറ്റവുമൊടുവില്‍ ശ്രീലങ്കയും അതിന്റെ ഇരകളായി മാറിയത് ലോകം കണ്ടുകഴിഞ്ഞു.
ചൈനയുടെ കുടിലമായ സാമ്രാജ്യ വികാസ മോഹങ്ങള്‍ക്കും ദക്ഷിണചൈനാ സമുദ്രത്തിലെ ആധിപത്യശ്രമങ്ങള്‍ക്കും കടിഞ്ഞാണിടുക എന്നത് അമേരിക്കയുടെ പ്രഖ്യാപിതനയമാണ്. ഇന്ത്യയും അമേരിക്കയും ജപ്പാനും ആസ്‌ട്രേലിയയും ചേര്‍ന്ന ‘ക്വാഡ്’ സഖ്യത്തിന്റെ രൂപീകരണം ഇതിന്റെ ഭാഗമാണ്. തായ്‌വാനുസമീപം ജപ്പാന്റെ ഒക്കിനാവ ദ്വീപില്‍ അമേരിക്കയുടെ സൈനികതാവളം സര്‍വ്വസജ്ജമായി നിലയുറപ്പിച്ചിട്ടുമുണ്ട്. മുപ്പത് വര്‍ഷം മുന്‍പ് ടിയാനന്‍മെന്റ് പ്രക്ഷോഭത്തില്‍ രക്തസാക്ഷികളായവരെ അനുകൂലിച്ചുകൊണ്ടുള്ള ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ച് ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയുടെ മറ്റൊരു രാഷ്ട്രീയ ദൗര്‍ബല്യമായ ടിബറ്റിലെ ആത്മീയനേതാവ് ദലൈലാമയെ ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ സന്ദര്‍ശിക്കുകയും ചെയ്ത നാന്‍സി പെലോസി തന്നെ അമേരിക്കയുടെ പ്രതിനിധിയായി തായ്‌വാനില്‍ വിമാനമിറങ്ങിയത് ചൈനയെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്.
നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് ശേഷം തായ്‌വാനുമായി യുദ്ധത്തിന് മടിക്കില്ലെന്ന് ചൈന പ്രഖ്യാപിച്ചു കഴിഞ്ഞു. തായ്‌വാനെ ചുറ്റിക്കൊണ്ടുള്ള സൈനികാഭ്യാസ പ്രകടനത്തിനും ശക്തിപ്രകടനത്തിനും ചൈന തുടക്കം കുറിച്ചിരിക്കുകയാണ്. തായ്‌വാന് മേല്‍ കടുത്ത വ്യാപാരനിയന്ത്രണങ്ങളും ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ചു കഴിഞ്ഞു. തായ്‌വാന്റെ മിസൈല്‍ വികസന പദ്ധതിക്കു നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
ഒരുവശത്ത് ആഴക്കടലില്‍ വെച്ച് തായ്‌വാനെ ചുറ്റിവരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ശ്രീലങ്കന്‍ തുറമുഖത്തേക്ക് ചൈനീസ് കപ്പല്‍ എത്തുന്നുവെന്ന വാര്‍ത്തയും പുറത്തു വന്നിരിക്കുന്നത്. ഉപഗ്രഹങ്ങളെ ഉള്‍പ്പെടെ നിരീക്ഷിക്കാനും സിഗ്‌നലുകള്‍ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ എത്തുന്നതിനെതിരെ ഭാരതം ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ശ്രീലങ്കയിലെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ നിന്നു നേട്ടമുണ്ടാക്കുകയാണ് ചൈനയുടെ ലക്ഷ്യം. തങ്ങളുടെ സാമ്രാജ്യ വികാസ മോഹങ്ങള്‍ക്ക് ചിറകുമുളപ്പിച്ചുകൊണ്ട് അയല്‍രാജ്യങ്ങള്‍ക്കു നേരെ ചൈന യുദ്ധക്കൊതിയോടെ പാഞ്ഞടുക്കുകയാണ്. തായ്‌വാനിലും ശ്രീലങ്കയിലും ചൈന നടത്തുന്ന ഇടപെടലുകളില്‍ നിന്ന് അത് വ്യക്തമാണ്. 1997 ല്‍ ഒരു രാജ്യം രണ്ടു വ്യവസ്ഥ പ്രകാരം ഹോങ്കോങില്‍ ഭരണമാരംഭിച്ച ചൈന ക്രമേണ ആ ജനതയെ ഉരുക്കുമുഷ്ടിയില്‍ തളയ്ക്കുന്നത് ലോകം കണ്ടതാണ്. സമീപകാലത്ത് ശ്രീലങ്കയിലും മറ്റും ചൈന നടത്തിയ ഇടപെടലുകളും ലോകരാജ്യങ്ങള്‍ക്കിയില്‍ അവരുടെ വിശ്വാസ്യത തകരാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധിയിലകപ്പെട്ട ശ്രീലങ്കയ്ക്ക് സഹായം നല്‍കാന്‍ ഭാരതം മുന്നോട്ടു വന്നത് മറ്റു രാജ്യങ്ങള്‍ക്ക് ഭാരതത്തോടുള്ള വിശ്വാസ്യതയും പ്രതീക്ഷയും വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഏഷ്യയുടെയും ലോകത്തിന്റെയും ശാശ്വത സമാധാനത്തിന് ഭാരതത്തിന് വഹിക്കാനുള്ള പങ്ക് വളരെ വലുതായിരിക്കും.