കേരളത്തിന്റെ അധ:പതനത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കുള്ള പങ്കിനെ കുറിച്ച് ആരെങ്കിലും ഗവേഷണം നടത്തുകയാണെങ്കില്‍ അതില്‍ ഒരദ്ധ്യായം സഹകരണ മേഖലയെ കുറിച്ചായിരിക്കും എന്നു കരുതാന്‍ ന്യായമുണ്ട്. വിദേശ നിക്ഷേപകരെ ചെങ്കൊടി വീശി ആട്ടിയോടിച്ചവര്‍ നാട്ടിലുള്ള പാവങ്ങളുടെ നിക്ഷേപമെല്ലാം പാര്‍ട്ടിയുടെ അധീനത്തിലാക്കിയ ശേഷം അവയെല്ലാം സ്വന്തം കീശയിലാക്കി സാധാരണക്കാരെ തെരുവു തെണ്ടികളാക്കുകയാണ്. സഹകരണ സ്ഥാപനങ്ങളില്‍ ഭൂരിഭാഗത്തെയും കാല്‍ക്കീഴിലാക്കിയശേഷം ആണ്ടുതോറും നിക്ഷേപ സമാഹരണ യജ്ഞങ്ങള്‍ നടത്തി പാവങ്ങളുടെ ചില്ലിക്കാശുവരെ കൈയിലാക്കിയ ശേഷം അവയെ സി.പി.എമ്മിന്റെ തറവാട്ടു സ്വത്തു പോലെ കൈകാര്യം ചെയ്യുകയാണ്. അവരുടെ അധീനത്തിലുള്ള മിക്ക സഹകരണ ബാങ്കുകളും പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി ഓഫീസുപോലെയാണു പ്രവര്‍ത്തിക്കുന്നത്. ഭാരവാഹികളും ജീവനക്കാരുമെല്ലാം സഖാക്കള്‍. പണം മാത്രം നാട്ടുകാരുടേത്. ഇടപാടുകള്‍ അതീവ രഹസ്യം. തട്ടിപ്പും വെട്ടിപ്പും നടത്തി അവര്‍ സുഖിച്ചു വാഴുമ്പോള്‍ പിടിക്കപ്പെടാതിരിക്കാനും അഥവാ പിടിക്കപ്പെട്ടാല്‍ രക്ഷിക്കാനും പാര്‍ട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നു.
കേരളത്തിലെ കൊട്ടിഘോഷിക്കപ്പെട്ട സഹകരണ പ്രസ്ഥാനം ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ ഉദാഹരണമാണ് കരുവന്നൂരില്‍ നിന്നും മറ്റനേകം സഹകരണ ബാങ്കുകളില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍. മുന്നൂറ് കോടിയിലധികം രൂപയുടെ നിക്ഷേപമാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്നു മാത്രം സഖാക്കള്‍ അടിച്ചുമാറ്റിയത്. കോട്ടയം തോടനാല്‍, ആലപ്പുഴ കുമാരപുരം, പാലക്കാട് കണ്ണമ്പ്ര, കൊല്ലം താമരക്കുടി തുടങ്ങി ഒട്ടനേകം സഹകരണ ബാങ്കുകളിലെ അഴിമതിക്കഥകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. അക്കൗണ്ടില്‍ 30 ലക്ഷം രൂപയുണ്ടായിട്ടും ചികിത്സക്ക് ഒരു പണവും ലഭിക്കാതെ ദേവസിയുടെ ഭാര്യ ഫിലോമിന മരിച്ചതോടെയാണ് കരുവന്നൂര്‍ സഖാക്കളുടെ കൊടുംക്രൂരത ലോകം അറിഞ്ഞത്. ഇത്തരത്തില്‍ മൂന്നു മരണങ്ങളാണ് അവിടെ ഉണ്ടായത്. 40 വര്‍ഷം മുംബൈയില്‍ ജോലി ചെയ്ത് സമ്പാദിച്ച പണം ബാങ്കിലിട്ട 80 കാരനായ ദേവസിക്ക് ജീവിക്കാന്‍ വേണ്ടി ഓട്ടോ ഓടിക്കേണ്ട അവസ്ഥയാണുള്ളത്. ഭാര്യയുടെ ചികിത്സക്കായി സ്വന്തം പണം തിരിച്ചു ചോദിച്ചപ്പോള്‍ പട്ടിയെ പോലെ ആട്ടിയോടിക്കുകയാണ് ബാങ്കുകാര്‍ ചെയ്തതെന്നാണ് ദേവസി പറഞ്ഞത്. ചിക്കിത്സക്ക് മെഡിക്കല്‍ കോളേജില്‍ എല്ലാ സൗകര്യവുമുണ്ടായിരുന്നല്ലോ എന്നു പറഞ്ഞ് ദേവസിയുടെ കുടുംബത്തെ അപമാനിച്ച സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി ബിന്ദു സഖാക്കളുടെ തെമ്മാടിത്തത്തിനു ചൂട്ടുപിടിക്കുകയാണ് ചെയ്തത്. വായ്പ എടുത്തതിന്റെ പല മടങ്ങ് തുകയുടെയും എടുക്കാത്ത വായ്പയുടെയും പേരില്‍ ജപ്തി നോട്ടീസ് ലഭിച്ചവരുടെ നാടായി കരുവന്നൂര്‍ മാറിയിരിക്കുകയാണ്.
കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായി. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ എം.വി. സുരേഷ് 2003 ല്‍ തന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് തട്ടിപ്പിനെ സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. റബ്‌കോ ഉല്പന്നങ്ങളുടെ വില്പനയില്‍ 12% കമ്മീഷന്‍ ലഭിച്ചപ്പോള്‍ 4% മാത്രം ബാങ്കില്‍ കാണിക്കുകയും ബാക്കി സഖാക്കള്‍ കീശയിലാക്കുകയുമാണ് അന്നു ചെയ്തത്. ഇത് വളര്‍ന്നാണ് 300 കോടിയിലധികം അപഹരിക്കുന്നതിലേക്കെത്തിയത്. പരാതി പരിഹരിക്കുന്നതിനു പകരം സുരേഷിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. ബി.ജെ.പിയില്‍ ചേര്‍ന്ന സുരേഷ് തട്ടിപ്പിനെതിരെ ഇപ്പോഴും നിയമ പോരാട്ടം തുടരുകയാണ്. അതിനിടെ ബാങ്കില്‍ നിന്ന് 90 ലക്ഷത്തോളം രൂപ ലഭിക്കാനുള്ള നിക്ഷേപകര്‍ നിക്ഷേപം തിരികെ കിട്ടുന്നതിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മിക്ക നിക്ഷേപകരുടെയും പേരില്‍ അവരറിയാതെ പാര്‍ട്ടി നേതാക്കള്‍ വായ്പ എടുത്തിട്ടുമുണ്ട്. തട്ടിപ്പു കേസിലെ 18 പ്രതികളില്‍ ബാങ്ക് മുന്‍ സെക്രട്ടറിയും ബ്രാഞ്ച് മാനേജരും ജയിലിലാണെന്നും പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി വിജ്ഞാപനമിറക്കിയിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. മുന്‍ മന്ത്രി എ.സി. മൊയ്തീനടക്കമുള്ള പ്രമുഖ നേതാക്കള്‍ക്കും കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധമുള്ളതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
കരുവന്നൂര്‍ ബാങ്കിനെ പോലെ നിക്ഷേപകര്‍ക്ക് പണം നല്‍കാത്ത 164 സഹകരണ സംഘങ്ങള്‍ സംസ്ഥാനത്തുണ്ടെന്നാണ് സഹകരണമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇതില്‍ 100 എണ്ണവും സംസ്ഥാന സര്‍ക്കാരിന്റെ മൂക്കിനു താഴെ തിരുവനന്തപുരത്താണ് എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ചെറുതും വലുതുമായി സംസ്ഥാനത്ത് 15,000 ല്‍ ഏറെ സഹകരണ സംഘങ്ങളുണ്ട്. ഇവയിലെല്ലാമായി 2.46 ലക്ഷം കോടി രൂപയുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. 6 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 396 സഹകരണ സംഘങ്ങളില്‍ തട്ടിപ്പു നടന്നിട്ടുണ്ട്. എല്ലാം സമാന രീതിയിലാണ്. ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. തെറ്റു ചൂണ്ടിക്കാട്ടുന്നവരെ ഒതുക്കുന്നു. നടപടിയെടുക്കേണ്ട സഹകരണ വകുപ്പാകട്ടെ പാര്‍ട്ടിയെ ഭയന്ന് പലതും കണ്ടില്ലെന്നു നടിക്കുന്നു.
കഴിഞ്ഞ വര്‍ഷം കേന്ദ്രം സഹകരണ മന്ത്രാലയം ആരംഭിക്കുകയും ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ സി.പി.എമ്മിനെ അത് ഏറ്റവും വിറളി പിടിപ്പിച്ചതിന്റെ കാരണം ഇപ്പോള്‍ വ്യക്തമായി വരികയാണ്. സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന തരത്തില്‍ സഹകരണ മേഖലയെ പുഷ്ടിപ്പെടുത്താനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ടി ദേശവ്യാപകമായി 3 ലക്ഷത്തോളം സഹകരണ സംഘങ്ങള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകള്‍ എന്നറിയപ്പെടുന്ന സഹകരണ സംഘങ്ങള്‍ പ്രൊഫഷനലിസം തൊട്ടു തീണ്ടാത്തവയാണ്. പൊതു മേഖലാ ബാങ്കുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇവ 15 വര്‍ഷമെങ്കിലും പിറകിലാണ്. തട്ടിപ്പുകാരില്‍ നിന്നും സഹകരണ മേഖലയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടല്‍ അനിവാര്യമായ സാഹചര്യത്തിലൂടെയാണ് കേരളത്തിലെ സഹകരണ മേഖല കടന്നുപോകുന്നത്. വേലി തന്നെ വിളവു തിന്നുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഈ മേഖലയില്‍ ഗുണപരമായ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നില്ല.