Tuesday, February 7, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കഥ

പുഷ്പകവിമാനം

പ്രകാശന്‍ ചുനങ്ങാട്

Print Edition: 22 July 2022

ഒരു പുഷ്പകവിമാനം സ്വന്തമാക്കണമെന്ന് ശങ്കരമംഗലത്ത് കേശവനുണ്ണിത്താന്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാരനായ ഉണ്ണിത്താന്റെ സേവനകാലമത്രയും മലബാര്‍ ഭാഗത്തായിരുന്നു. പ്രത്യേകിച്ച് പാലക്കാടു ജില്ലക്കകത്ത്. വളരെക്കാലം ഒറ്റപ്പാലം താലൂക്കാപ്പീസില്‍. ഒറ്റപ്പാലംതാസില്‍ദാരുടെ പദവിയിലിരുന്നാണ് പെന്‍ഷന്‍പറ്റിയത്.

വര്‍ഷങ്ങളായി ഒറ്റപ്പാലത്തു താമസിക്കുന്നതിനാല്‍ കേശവനുണ്ണിത്താന്‍ അസ്സല്‍ വള്ളുവനാടനായിമാറിയിരുന്നു. ഉണ്ണിത്താനെപ്പോലെ ഭാര്യക്കും മക്കള്‍ക്കും വള്ളുവനാടും വള്ളുവനാട്ടുകാരും വള്ളുവനാടന്‍ഭാഷയും പ്രിയപ്പെട്ടതായി.

ആറ്റിങ്ങലിലുള്ള തറവാട്ടുവീടും ഭൂസ്വത്തുക്കളും ഓഹരിവെച്ചുവിറ്റുകിട്ടിയ സാമാന്യം വലിയ തുകകൊണ്ട് ഒറ്റപ്പാലത്തുനിന്നധികം അകലെയല്ലാതെ അനങ്ങന്‍മലയടിവാരത്തില്‍ പത്തേക്ര റബ്ബര്‍ത്തോട്ടം വാങ്ങി. ഒറ്റപ്പാലം ടൗണില്‍നിന്ന് നടക്കാവുന്ന ദൂരം മാത്രമുള്ള തോട്ടക്കരയില്‍, ചെര്‍പ്പുളശ്ശേരിറോഡിനോരത്ത,് അഞ്ചേക്ര തെങ്ങുമ്പറമ്പും.

തെങ്ങുമ്പറമ്പിനോടു ചേര്‍ന്ന് രണ്ടേക്രയോളം വരുന്ന പുരയിടത്തില്‍ പതിനായിരം സ്‌ക്വയര്‍ഫീറ്റില്‍ രണ്ടുനില ബംഗ്ലാവു വെച്ചു. ആറ്റിങ്ങലില്‍ പത്തു സെന്റു വിറ്റുകിട്ടുന്ന പണംകൊണ്ട് ഒറ്റപ്പാലത്ത് രണ്ടേക്ര പറമ്പു വാങ്ങിക്കാം, പതിറ്റാണ്ടുകള്‍ക്കു മുമ്പ്.

രണ്ടാണ്‍മക്കള്‍. താഴെ ഒരേയൊരു മോള്‍. മക്കളെല്ലാവരും പഠിച്ചത് ഒറ്റപ്പാലം ഹൈസ്‌കൂളിലും, തുടര്‍ന്ന് ഒറ്റപ്പാലത്തെ എന്‍.എസ്.എസ്.കോളേജിലും. മൂത്തവനായ ദിനേശന്‍ പോസ്റ്റ്ഗ്രാഡ്വേഷന്‍ കഴിഞ്ഞ് എന്‍.എസ്.എസ്.കോളേജില്‍ത്തന്നെ ലക്ചററായിക്കേറി. പോസ്റ്റിങ്ങ് പത്തനംതിട്ട ജില്ലയിലെ ഒരു കോളേജില്‍. രണ്ടാമത്തവന്‍ രമേശന്‍ പൈലറ്റ് സെലക്ഷന്‍ കിട്ടി എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. മകള്‍ സംഗീതയെ അങ്ങാടിപ്പുറത്തെ പുരാതനമായ ഒരു നായര്‍തറവാട്ടിലേക്ക് വിവാഹം ചെയ്തയച്ചു. മരുമകന്‍ തൃശൂരുള്ള മിഷനറിമാരുടെ പ്രശസ്തമായ ഹോസ്പിറ്റലില്‍ ന്യൂറോസര്‍ജന്‍.
റിട്ടയേര്‍ഡ് താസില്‍ദാര്‍ കേശവനുണ്ണിത്താന്‍സാര്‍ ഈശ്വരന്‍ അനുഗ്രഹിച്ചയാള്‍ എന്ന് ഒറ്റപ്പാലത്തുകാര്‍ അസൂയപ്പെട്ടു. അതുതന്നെ ഉണ്ണിത്താനും വിശ്വസിച്ചു.

ഒരു ദു:ഖം മാത്രം കേശവനുണ്ണിത്താനെ അലട്ടി. മലബാറിലെന്നല്ലാ, തൃശൂരോ എറണാകുളത്തോപോലും കാലിപ്പുകല കിട്ടുന്ന മുറുക്കാന്‍ കടകളില്ല.

മുറുക്ക് ഒരു ശീലമായിരുന്നു ഉണ്ണിത്താന്. സര്‍വീസിലുണ്ടായിരുന്ന കാലത്ത് പകല്‍നേരങ്ങളില്‍ മുറുക്ക് ഒഴിവാക്കിയെങ്കിലും രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരേയും കാലത്ത് ഓഫീസിലേക്കിറങ്ങുംവരേയും മുറുക്കിത്തുപ്പുകയും ബ്രഷുചെയ്ത് അപ്പപ്പോള്‍ വാ ശുചിയാക്കുകയും ചെയ്തു.

പെന്‍ഷന്‍പറ്റിയതിനുശേഷം സൂര്യോദയംമുതല്‍ അസ്തമയംവരെ ഒന്നിടവിട്ട മണിക്കൂറുകളില്‍ മുറുക്കി. ഒരുനേരം ആഹാരം ഉപേക്ഷിക്കാം, മുറുക്കാതിരിക്കാനാവില്ലെന്ന അവസ്ഥ.

വടക്കന്‍പുകലയ്ക്കു വീര്യം കൂടുമെങ്കിലും തെക്കു തിരുവിതാംകൂറുകാര്‍ക്ക് വടക്കന്‍പുകലയുടെ രുചി പിടിക്കുന്നില്ല. അത്ര വീര്യവും വയ്യ. ശീലിച്ചതല്ലേ പാലിക്കൂ.

ആറ്റിങ്ങലില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് മലബാറിലേക്കു വണ്ടികേറുന്നതിനെത്രയോമുമ്പുതന്നെ കേശവനുണ്ണിത്താന്‍ പുകലകൂട്ടി മുറുക്കിത്തുടങ്ങിയിരുന്നു.

കാലിപ്പുകലയില്ലെങ്കില്‍ ഉണ്ണിത്താന് മുറുക്കു സുഖമാവില്ല. തിരുവനന്തപുരത്തോ കോട്ടയത്തോ കൊല്ലത്തോ ആലപ്പുഴയോ പോയിവരുന്ന സംബന്ധികളും സുഹൃത്തുക്കളും ഉണ്ണിത്താന്‍ചേട്ടന്, അല്ലെങ്കില്‍ സാറിന് കാലിപ്പുകല പ്രത്യേകം പ്ലാസ്റ്റിക് കടലാസില്‍ ഭദ്രമായിപ്പൊതിഞ്ഞ് കൊണ്ടുവന്നു.
പെന്‍ഷന്‍പറ്റിയതോടെ വല്ലപ്പോഴും ആരെങ്കിലും കാലിപ്പുകല ഓര്‍മ്മിച്ചുവാങ്ങിക്കൊണ്ടുവന്നാലായി. ഉണ്ണിത്താനെക്കൊണ്ട് ഇനി ആര്‍ക്കു പ്രയോജനം !

കാലിപ്പുകല വാങ്ങാന്‍ ഉണ്ണിത്താന്‍തന്നെ പുറപ്പെട്ടിറങ്ങേണ്ടിവന്നു. മാസത്തിലൊരിക്കലെങ്കിലും തിരുവനന്തപുരത്തേക്കോ കൊല്ലത്തേക്കോ ബസ്സോ ട്രെയിനോ കയറി. ബസ്സിലായാലും ട്രെയിനിലായാലും യാത്ര ദുരിതംതന്നെ. എട്ടുമണിക്കൂര്‍ അങ്ങോട്ടും. എട്ടുമണിക്കൂര്‍ ഇങ്ങോട്ടും. അസഹ്യമായ കാല്‍മുട്ടുവേദന. തെറ്റുന്ന ഭക്ഷണക്രമം. ഗ്യാസുനിറഞ്ഞ് വയര്‍ തട്ടിവീര്‍ക്കുന്നു. ആഹാരം പുറത്തുനിന്നു കഴിക്കേണ്ടിവരുന്നു. ശുദ്ധമാണെന്ന സങ്കല്‍പ്പത്തില്‍ കുപ്പിവെള്ളം വാങ്ങിക്കുടിക്കേണ്ടിവരുന്നു.

ദൂരക്കൂടുതലുണ്ടെങ്കിലും തിരുവനന്തപുരമാണ് ഉണ്ണിത്താന്‍ ഇഷ്ടപ്പെട്ടത്. സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനും ബസ് സ്റ്റേഷനും നേര്‍ക്കുനേര്‍. തമ്പാന്നൂരുനിന്ന് ഓട്ടോപിടിച്ച് കിഴക്കേകോട്ട ചെല്ലാം. ശ്രീപത്മനാഭനെ തൊഴാം. ചുറ്റുവട്ടത്തെ പോറ്റിഹോട്ടലുകളിലൊന്നില്‍ കയറി, നെയ്‌റോസ്റ്റും ചൂടുള്ള ഉഴുന്നുവടയും ഫില്‍ട്ടര്‍കാപ്പിയും കഴിച്ച്, രസികന്‍ വെറ്റിലയും വാസനച്ചുണ്ണാമ്പും പഴുക്കടക്കയും നല്ല കാലിപ്പുകലയും കൂട്ടി മുറുക്കി, ഒരു മാസത്തേക്കുവേണ്ട പുകല തുണ്ടങ്ങളാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുവാങ്ങി, തമ്പാന്നൂരേക്കു മടങ്ങാം.

തിരിച്ച് ബസ്സിനാണ് മടക്കമെങ്കില്‍ തൃശൂരിറങ്ങേണ്ടിവരുന്നു. തൃശൂരുനിന്ന് വീണ്ടും ബസ്സുപിടിച്ച് ഒറ്റപ്പാലത്തേക്ക്. ഇങ്ങെത്തുംവരെ ഒരേ ഇരുപ്പിരിക്കണം. കാലുകള്‍ മരവിക്കുന്നു. വയര്‍ സ്തംഭിക്കുന്നു.
ട്രെയിനാണ് അഭികാമ്യം. യാത്രാദുരിതം കുറയും. ഒറ്റപ്പാലത്തിറങ്ങുകയുമാകാം. റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ ബെര്‍ത്തു തരപ്പെട്ടാല്‍ നല്ലത്. പലപ്പോഴും അതു നടക്കാതെ പോകുന്നു. അണ്‍റിസര്‍വ്ഡ് കമ്പാര്‍ട്ടുമെന്റില്‍ തിക്കിയും തിരക്കിയും ചിലപ്പേള്‍ നിന്നും യാത്ര ചെയ്യേണ്ടിവരുന്നു. എല്ലാ വണ്ടിയും ഒറ്റപ്പാലത്തു നിര്‍ത്തണമെന്നില്ല. മുന്‍കൂട്ടി ചോദിച്ചറിഞ്ഞുവെക്കണം. ചില വണ്ടികള്‍ക്ക് തൃശൂരുവിട്ടാല്‍ പാലക്കാട്ടേ സ്റ്റോപ്പുള്ളു. പലവട്ടം അമളിപറ്റിയിരിക്കുന്നു ഉണ്ണിത്താന്. വീണ്ടും ബസ്സില്‍ തിരിച്ച് ഒറ്റപ്പാലത്തേക്ക്.
ഈവിധം വശംകെട്ടു കഴിയുമ്പോഴാണ് കേശവനുണ്ണിത്താന് സ്വപ്നദര്‍ശനമുണ്ടായത്.

തലേന്നുരാത്രി പതിവുപോലെ ശ്രീമതി ഗ്രന്ഥം പകുത്ത്, ഏഴുവരിയും ഏഴക്ഷരവും തള്ളി, ഭക്തിപൂര്‍വം അദ്ധ്യാത്മരാമായണം വായിക്കുന്നത് ഉണ്ണിത്താന്‍ ചാരുകസേരയില്‍ കിടന്ന് കേള്‍ക്കുകയായിരുന്നു.
സമീപഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍, നല്ലതായാലും ചീത്തയായാലും, ശ്രീരാമഭഗവാന്‍ ഈവിധം കാണിച്ചുതരുന്നു എന്നാണ് സങ്കല്‍പ്പം.

രാവണന്‍ സന്യാസിവേഷത്തില്‍ വന്ന് സീതാദേവിയോടു ഭിക്ഷയാചിക്കുന്നതും ദേവി ഒരിലക്കുമ്പിളില്‍ ഭിക്ഷയുമായി വരുന്നതും ധാന്യം സന്യാസിയുടെ ഭിക്ഷാപാത്രത്തിലേക്ക് ചൊരിയുന്നതും, സന്യാസി സ്വന്തരൂപം പൂണ്ട,് ചവിട്ടിനിന്ന ഭൂമിയോടെ സീതയെ കവര്‍ന്നെടുത്ത് പുഷ്പകവിമാനത്തിലേറ്റി ലങ്കയിലേക്കു പറക്കുന്നതുമായ ഭാഗമായിരുന്നു ശ്രീമതി ഈണത്തില്‍ വായിച്ചത്.

പുഷ്പകവിമാനം മനസ്സിലങ്ങനെ മായാതെ കിടന്നതുകൊണ്ടായിരിക്കാം, പുലരാന്‍നേരം ഉണ്ണിത്താന്‍ പുഷ്പകവിമാനം സ്വപ്നം കണ്ടു. വിമാനമേറി ആകാശമാര്‍ഗ്ഗേണ തെക്കോട്ടു പറന്നുപോകുന്നതാണ് സ്വപ്നം. താഴെ അനന്തപുരിയും പത്മനാഭക്ഷേത്രത്തിന്റെ ഗോപുരവും സ്വര്‍ണ്ണത്താഴികക്കുടവും കണ്ടുകൊണ്ട് മുമ്പോട്ടു പോകുമ്പോഴേക്കും ഉണ്ണിത്താന്‍ കണ്ണുതുറന്നു. സ്വപ്നം തീര്‍ന്നു.

എന്താവാം ഈ വിചിത്രമായ സ്വപ്നത്തിന്റെ അര്‍ത്ഥം! പുലര്‍കാലേ കാണുന്ന സ്വപ്നം ഫലിക്കുമെന്നാണല്ലോ പഴമക്കാര്‍ പറയുന്നത്.
പിന്നീടു പിന്നീട് പുഷ്പകവിമാനത്തെപ്പറ്റിമാത്രമായി ഉണ്ണിത്താന്റെ ചിന്ത. പകല്‍നേരങ്ങളിലും ഉറങ്ങാന്‍ കിടക്കുമ്പോഴും പുഷ്പകവിമാനം മനക്കണ്ണില്‍ തെളിഞ്ഞുവന്നു. തെക്കുദേശത്തേക്ക് പുഷ്പകവിമാനം ചിറകുവിരുത്തിപ്പറന്നു.
ത്രേതായുഗത്തില്‍ രാവണനെന്ന രാക്ഷസചക്രവര്‍ത്തി വിമാനം പറത്തിനടന്നിട്ടുണ്ടെങ്കില്‍, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എത്രയെത്ര പ്രഭുക്കന്മാരാണ് പുഷ്പകവിമാനം പറത്തിനടക്കുന്നത്! കലിയുഗത്തില്‍ പുഷ്പകവിമാനത്തെ ഹെലിക്കോപ്ടര്‍ എന്ന പേരിട്ടുവിളിക്കുന്നു എന്ന വ്യത്യാസം മാത്രം. അതിസമ്പന്നരായ ചില കോടീശ്വരന്മാരോ കൊച്ചുവിമാനംതന്നെ പറപ്പിക്കുന്നു.

ഒരു ഹെലികോപ്ടര്‍ സ്വന്തമായുണ്ടായിരുന്നെങ്കില്‍! രണ്ടേരണ്ടു മണിക്കൂറുകൊണ്ട് അനന്തപുരിയില്‍ പറന്നെത്താം. ആറ്റുകാല്‍ദേവീക്ഷേത്രമൈതാനത്ത് കോപ്ടര്‍ പാര്‍ക്കുചെയ്ത്, ശ്രീപത്മനാഭനെ തൊഴുത്, പോറ്റിഹോട്ടലില്‍ കയറി നെയ്‌റോസ്റ്റും ഉഴുന്നുവടയും ഫില്‍ട്ടര്‍ കാപ്പിയും കഴിച്ച്, മുറുക്കാന്‍കടയില്‍നിന്ന് കാലിപ്പുകലകൂട്ടി സന്തോഷപൂര്‍വം മുറുക്കി, ഇനിയൊരു മാസത്തേക്കുവേണ്ട പുകല പൊതിഞ്ഞുവാങ്ങി, ആറ്റുകാല്‍ദേവിയെ ഒന്നു മുഖംകാണിച്ച്, കോപ്ടറില്‍ കയറി വീണ്ടുമൊരു രണ്ടുമണിക്കൂറുകൊണ്ട് ഒറ്റപ്പാലത്തു തിരിച്ചെത്താം.
വീണ്ടും വീണ്ടും പറിച്ചെറിഞ്ഞിട്ടും, ഒരു ഹെലികോപ്ടര്‍ സ്വന്തമാക്കണമെന്ന മോഹം ഉണ്ണിത്താന്റെ മനസ്സില്‍ വേരുപിടിച്ച് പടര്‍ന്നു പന്തലിച്ചു.

കേശവനുണ്ണിത്താന്‍ അടിയറവു പറഞ്ഞു. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ അഭീഷ്ടം അതാണെങ്കില്‍ ആ നിയോഗം ശിരസാ വഹിക്കുക. ഹെലികോപ്ടര്‍ സ്വന്തമാക്കാനുള്ള മാര്‍ഗ്ഗവും അദ്ദേഹം കാണിച്ചുതരുമെന്ന് ഉണ്ണിത്താന്‍ ഉറപ്പിച്ചു.

ഗൂഗിളില്‍ സെര്‍ച്ചുചെയ്യുകയാണെങ്കില്‍ ഹെലികോപ്ടറിനെപ്പറ്റി കൂടുതലറിയാനാകുമെന്ന് ഉണ്ണിത്താന്‍ ഊഹിച്ചു. പന്തളം കോളേജില്‍ പഠിപ്പിക്കുന്ന ദിനേശന്‍ അവധിക്കുവരുന്നതും കാത്തിരുന്നു ഉണ്ണിത്താന്‍.
ഹെലികോപ്ടറിനെപ്പറ്റി പഠിക്കാനുള്ള അച്ഛന്റെ ആവേശം കണ്ട് ദിനേശന്‍ വിസ്മയിച്ചു. റിട്ടയേര്‍ഡ് താസില്‍ദാരുടെ ലോകം സര്‍വ്വേയും റീസര്‍വ്വേയും പുറമ്പോക്കുകളും ഭൂമികയ്യേറ്റങ്ങളുമാണല്ലോ. ലേഖനമെഴുതാനാണെങ്കില്‍ ഇതൊക്കെയാണല്ലോ അച്ഛന് വിഷയമാകേണ്ടത്. താസില്‍ദാരും ഹെലികോപ്ടറും തമ്മിലെന്തു ബന്ധം!

അച്ഛന്റെ ആഗ്രഹമല്ലെ, സാധിച്ചുകൊടുക്കാം. ബ്രേക്ഫാസ്റ്റുകഴിഞ്ഞ് ദിനേശന്‍ ലാപ് ടോപ്പു തുറന്നു. ലാപ്‌ടോപ്പിന്റെ മോണിട്ടറില്‍ കണ്ണുനട്ട് ഉണ്ണിത്താന്‍ മകനോടു ചേര്‍ന്നിരുന്നു.

ദിനേശന്‍ പകര്‍ന്നുകൊടുത്ത വിലപ്പെട്ട അറിവുകള്‍ ഉണ്ണിത്താന്‍ നോട്ടുബുക്കില്‍ പകര്‍ത്തി. ഹെലികോപ്ടര്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ ഏതൊക്കെ, ഡീലര്‍മാര്‍ ആര്, ഇന്ത്യയിലേതൊക്കെ നഗരങ്ങളിലാണ് അവര്‍ക്ക് ഔട്ട്‌ലെറ്റുകളുള്ളത് – ഇത്യാദികാര്യങ്ങളാണ് ഉണ്ണിത്താനറിയേണ്ടത്.
എന്തിനാണച്ഛന്‍ ഇങ്ങനെ കൂലംകഷമായി ഹെലികോപ്ടറിനെപ്പറ്റി പഠിക്കുന്നത് !

ഒരു ഹെലികോപ്ടറിന് എന്തുവില വരും മോനെ? ”
അച്ഛന്‍ ഹെലികോപ്ടര്‍ വാങ്ങുന്നുണ്ടോ? ”
ചുമ്മാ”
ദിനേശന്‍ വീണ്ടും ഗൂഗിളില്‍ പരതി.
രണ്ടുകോടിയോളം വിലവരുന്നുണ്ട് ഒരു ടൂസീറ്റര്‍ മോഡലിന്.
ചെന്നെയിലുള്ള ഡീലറുടെ അഡ്രസ്സും ഫോണ്‍നമ്പരും ഉണ്ണിത്താന്‍ നോട്ടുബുക്കില്‍ കുറിച്ചിട്ടു.
മണി രണ്ട്. അമ്മ മുറിയുടെ വാതുക്കല്‍.
അച്ഛനും മോനും ഇന്ന് ആഹാരം വേണ്ടായോ? ”

ഉണ്ടുകൊണ്ടിരിക്കുമ്പോള്‍ ദിനേശന്‍ അച്ഛന്റെ ഹെലികോപ്ടര്‍കമ്പത്തെപ്പറ്റി അമ്മയോടു പറഞ്ഞുചിരിച്ചു. മകന്റെ കളിയാക്കല്‍ കേട്ടതായി ഭാവിക്കാതെ ഉണ്ണിത്താന്‍ വറുത്ത ചിക്കനിലും കുടമ്പുളിയിട്ടുവെച്ച് തേങ്ങാപ്പാലൊഴിച്ചു വ റ്റിച്ച നെയ്മീന്‍കറിയിലും ശ്രദ്ധിച്ചു.
ഒന്നിടവിട്ട വൈകുന്നേരങ്ങളില്‍ ക്ലബ്ബില്‍പോകുന്ന ശീലമുണ്ട് ഉണ്ണിത്താന്. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള സുഹൃത്തുക്കളോടൊത്ത് റമ്മികളിക്കാനും സ്മാള്‍ കഴിക്കാനും താല്‍പ്പര്യവുമുണ്ട്.
യൂറോപ്പിലും അമേരിക്കയിലും വേരുകളുള്ള, ഹോങ്കോങ്ങ് ആസ്ഥാനമായ ഒരു ഭീമന്‍ബാങ്കിന്റെ വൈസ്പ്രസിഡണ്ട് മിസ്റ്റര്‍ ആര്‍.വി.കെ.മേനോനും ചില വീക്കെന്റില്‍ ക്ലബ്ബില്‍ വരാറുണ്ട്. കേരളത്തിലേയും തമിഴ്‌നാട്ടിലേയും ബാങ്കിന്റെ ബ്രാഞ്ചുകള്‍ മേനോന്റെ വരുതിയിലാണുപോലും. കോഴിക്കോട്ടെ ഓഫീസിലിരുന്നാണ് മേനോന്‍ ഭരണചക്രം തിരിക്കുന്നത്. ഒറ്റപ്പാലത്തിനേറ്റവുമടുത്ത ബ്രാഞ്ചുള്ളത് പാലക്കാട്ട്.

ഹെലികോപ്ടര്‍ വാങ്ങാനുദ്ദേശമുണ്ടെന്ന് ഒരുദിവസം ഉണ്ണിത്താന്‍ മേനോനോട് സ്വകാര്യമായിപ്പറഞ്ഞു.
അനങ്ങന്‍മലയില്‍ ഉണ്ണിത്താന്‍ചേട്ടന് പത്തേക്ര റബ്ബര്‍തോട്ടമുണ്ടെന്ന് മേനോന്‍ കേട്ടിരിക്കുന്നു. മലയടിവാരത്ത് വേറെയും തോട്ടങ്ങളുണ്ട്. അനങ്ങന്‍ മലയ്ക്കപ്പുറം പാണന്‍ മല, പാട്ടിമല, കൂനന്‍മല – ആ ശൃംഖല നീണ്ട് കല്ലടിക്കോടന്‍ മലയും താണ്ടി പശ്ചിമഘട്ടത്തിന്റെ സാനുക്കളിലെത്തുന്നു. ആയിരക്കണക്കിനേക്ര റബ്ബര്‍തോട്ടങ്ങളുണ്ട് ആ മലയടിവാരങ്ങളില്‍. ഹെലികോപ്ടറിലാണ് ഈ തോട്ടങ്ങള്‍ക്ക് മരുന്നുതളിക്കുന്നത്.
മരുന്നുതളിക്കാനാണോ ചേട്ടാ കോപ്ടര്‍ വാങ്ങുന്നത്. നല്ല ലാഭമുള്ള ബിസിന സ്സാണല്ലോ ചേട്ടാ? ”
അതാണുദ്ദേശിക്കുന്നതെന്ന് ഉണ്ണിത്താനും സമ്മതിച്ചു. സത്യം സത്യമായിപ്പറയാനൊക്കില്ലല്ലൊ.
രണ്ടുകോടിയോളം വിലവരും ഹെലികോപ്ടറിന്ന്. ലോണ്‍ തന്നു സഹായിക്കുമോ മേനോന്റെ ബാങ്ക്? ”
വൈ നോട്ട്. കാര്‍ഷികാവശ്യത്തിനല്ലേ ചേട്ടാ. ബാങ്ക് എപ്പഴേ റെഡി.
ഇരുപത്തഞ്ചുലക്ഷം എന്റെ അക്കൗണ്ടില്‍ കാണും. ലോണ്‍ ഒന്നേമുക്കാല്‍ കോടി മതി”

ഞാനേറ്റൂ ചേട്ടാ. റബ്ബര്‍തോട്ടത്തിന്റെ, അഞ്ചേക്ര തെങ്ങുമ്പറമ്പിന്റെ, ചേട്ടന്റെ ബംഗ്ലാവിന്റെ, ആധാരങ്ങള്‍ ബാങ്കില്‍ വെക്കേണ്ടിവരും. സേഫ്‌ഡെപ്പോസിറ്റ്‌ലോക്കറില്‍ വെച്ചിരിക്കുന്നു എന്നു കരുതിയാ മതി ചേട്ടന്‍. ഒന്നും ചേട്ടനറിയേണ്ട. വില്ലേജോഫീസില്‍നിന്നും റജിസ്ട്രാര്‍ ഓഫീസില്‍നിന്നും കുറച്ചു പേപ്പേര്‍സ് സംഘടിപ്പിക്കാനുണ്ട്. മുപ്പതു വര്‍ഷത്തെ കുടിക്കടം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ഭൂമിയുടെ സ്‌കെച്ച് അങ്ങനെ ചിലത്. ബാങ്കിന്റെ പയ്യന്മാര്‍ എല്ലാം ശരിയാക്കിക്കൊള്ളും. ചേട്ടന്‍ കയ്യുംകെട്ടി വീട്ടിലിരുന്നാ മതി. ഡീലര്‍ക്കു കൊടുക്കാനുള്ള തുക ബാങ്ക് നേരിട്ടു കൊടുക്കും. ഒന്നുമാത്രം ഉണ്ണിത്താന്‍ചേട്ടന്‍ ചെയ്യണം. വീട്ടുപറമ്പില്‍ അമ്പതുസെന്റുസ്ഥലം വെട്ടിത്തെളിച്ച് കോണ്‍ക്രീറ്റുചെയ്തിട്ടേക്കൂ. കോപ്ടര്‍ പാര്‍ക്കുചെയ്യണ്ടെ?”

ഒരു രാജ്യം വെട്ടിപ്പിടിച്ച ആവേശമായിരുന്നു കേശവനുണ്ണിത്താന്. ഒരുകാര്യം: കാലിപ്പുകലക്കുവേണ്ടി തിരുവനന്തപുരത്തിനു പോകാനാണ് ഹെലികോപ്ടര്‍ വാങ്ങുന്നതെന്ന് ഭാര്യയോ മക്കളോ മേനോനോ മേനോന്റെ ബാങ്കോ അറിയരുത്.

ഒന്നേമുക്കാല്‍കോടിരൂപ പന്ത്രണ്ടു ശതമാനം പലിശക്ക് കടമെടുത്താല്‍, ഇരുപതു വര്‍ഷംകൊണ്ട്് തിരിച്ചടക്കേണ്ടി വരികയാണെങ്കില്‍, പലിശസഹിതം മാസാമാസം അടക്കേണ്ട തുകയെത്ര, തേങ്ങയും റബ്ബറും വിറ്റുകിട്ടുന്ന പണം തിരിച്ചടവിനു മതിയാകുമോ, തിരിച്ചടവു മുടങ്ങുകയാണെങ്കില്‍ എന്തു സംഭവിക്കും എന്നൊന്നും ഉണ്ണിത്താന്‍ ആലോചിക്കാനേ പോയില്ല. മേനോന്‍ ഓര്‍മ്മിപ്പിച്ചതുമില്ല.

തിരിച്ചടവു തെറ്റിയാലും, കടം പലമടങ്ങ് ഇരട്ടിച്ചാലും, ബാങ്കിനു പരിഭ്രമിക്കേണ്ടിവരില്ലെന്ന് മേനോന് ബോധ്യമുണ്ട്. ഉണ്ണിത്താന്റെ ബംഗ്ലാവും തെങ്ങുമ്പറമ്പും റബ്ബര്‍തോട്ടവും ലേലത്തിനു വെക്കുകയാണെങ്കില്‍ പതിനഞ്ചുകോടിക്ക് കണ്ണുംപൂട്ടിവിളിക്കാന്‍ ആളുണ്ടാവുമെന്ന് ഇപ്പൊഴേ ഉറപ്പിക്കാം. രണ്ടു മണിക്കൂറുകൊണ്ട് തിരുവനന്തപുരത്തെത്തി, ശ്രീപത്മനാഭനെ കണ്ടു വന്ദിച്ച്, പോറ്റിഹോട്ടലില്‍നിന്ന് നെയ്‌റോസ്റ്റും വടയും കഴിച്ച്, കാലിപ്പുകലകൂട്ടി സന്തോഷമായൊന്നു മുറുക്കി, ഒരു മാസത്തേക്കുള്ള പുകല പൊതിഞ്ഞുവാങ്ങി, കോപ്ടറില്‍ കയറി, തിരിച്ച് രണ്ടുമണിക്കൂറുകൊണ്ട് ഒറ്റപ്പാലത്തു മടങ്ങിയെത്താമെന്ന് ഉണ്ണിത്താന്‍ സ്വപ്നം കണ്ടു. വെറും നാലു മണിക്കൂറുകൊണ്ട് തിരുവനന്തപുരത്തിന് പോയിവരിക!

മിടുമിടുക്കനായൊരു പൈലറ്റുപയ്യനെ കണ്ടുപിടിക്കണം. അതിനു പ്രയാസമില്ലെന്നല്ലേ മേനോന്‍ പറഞ്ഞത്.
എട്ടും എട്ടും പതിനാറുമണിക്കൂറിന്റെ യാത്രയും യാത്രയുടെ ദുരിതങ്ങളും പിന്നീട് ഓര്‍മ്മകളില്‍ മാത്രം.

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഓരോരോ നേരം

അരണ മാണിക്യം

കുട്ടിത്തങ്ക

ഭൂമിയിലെ സങ്കീര്‍ത്തനങ്ങള്‍

അതിയോഗ്യ

കാവലാള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies