ഐശ്വര്യത്തിന്റെ പര്യായമായ ‘ശ്രീ’ രാഷ്ട്ര നാമത്തോട് ചേര്‍ത്ത് ശ്രീലങ്കയെന്നറിയപ്പെട്ട ഒരു രാഷ്ട്രം സര്‍വ്വ ഐശ്വര്യങ്ങളും നശിച്ച് പട്ടിണിയും പരിവട്ടവുമായി ലോകത്തിന്റെ മുന്നില്‍ ദൈന്യതയുടെ ആകാരം പൂണ്ടു നില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. എങ്ങിനെ ആ രാഷ്ട്രം ഈ അവസ്ഥയില്‍ എത്തി എന്നത് രാഷ്ട്രീയ വിദ്യാര്‍ത്ഥികളുടെ നാളത്തെ പാഠപുസ്തകമാണ്. ഭൂമി ശാസ്ത്രപരമായും സാംസ്‌ക്കാരികമായും എല്ലാ കാലത്തും ഭാരതവന്‍കരയോട് ചേര്‍ന്നു നിന്നിരുന്ന ശ്രീലങ്ക ഇടക്കാലത്ത് ചൈനീസ് സാമ്രാജ്യത്വ പ്രലോഭനങ്ങളില്‍ പെട്ടു പോയതിന്റെ തിക്താനുഭവങ്ങളാണ് ആരാഷ്ട്രം ഇന്നനുഭവിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍. സിംഹള തമിഴ് വംശങ്ങള്‍ തമ്മിലുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങളുടെ മൂര്‍ദ്ധന്യത്തിലാണ് ശ്രീലങ്കയ്ക്ക് ഭാരതത്തിന്റെ രാഷ്ട്രീയ നേതൃത്വത്തില്‍ അവിശ്വാസം ജനിച്ചു തുടങ്ങിയത്. എന്നാല്‍ നരേന്ദ്ര മോദി ഭാരത പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിനു ശേഷം ശ്രീലങ്കയോട് അങ്ങേയറ്റം അനുഭാവപൂര്‍ണ്ണമായ നിലപാടാണ് കൈക്കൊണ്ടുപോന്നിട്ടുള്ളത്. എന്നാല്‍ അടിമുടി കുടുംബവാഴ്ചയിലും തല്‍ഫലമായുണ്ടാകുന്ന അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ചു നിന്ന ലങ്കന്‍ ഭരണകൂടത്തില്‍ ചൈനീസ് വ്യാളി പിടിമുറുക്കുകയും ലങ്കയെ ഭാരതത്തിനെതിരെ ഒരു പരിധി വരെ തിരിച്ചു നിര്‍ത്തുകയും ചെയ്തിരുന്നു. ചെറു രാജ്യങ്ങളെ കടം നല്‍കി തങ്ങളുടെ വരുതിയിലാക്കുന്ന ‘കടക്കെണി തന്ത്രത്തില്‍’ കുടുങ്ങിപ്പോയ ലങ്ക സത്യം തിരിച്ചറിഞ്ഞ് വന്നപ്പോഴേയ്ക്കും ഏറെ വൈകിപ്പോയിരുന്നു.
ഇതിനിടെ ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ച കോവിഡ് വിനോദ സഞ്ചാരത്തെ പ്രധാന വരുമാന മാര്‍ഗ്ഗമായി ആശ്രയിച്ചിരുന്ന ലങ്കയുടെ നട്ടെല്ലു തന്നെ ഒടിച്ചു കളഞ്ഞു. സാമ്പത്തിക അച്ചടക്കമോ ദീര്‍ഘവീക്ഷണമോ തൊട്ടു തീണ്ടിയിട്ടില്ലാത്ത രാഷ്ട്രീയ നേതൃത്വം ലങ്കന്‍ പതനത്തിന്റെ ആക്കം വര്‍ദ്ധിപ്പിച്ചു. കഷ്ടിച്ച് രണ്ടുകോടിക്കു മേലെ മാത്രം ജനസംഖ്യയുള്ള ഈ ദ്വീപ്, രാഷ്ട്രത്തിന് സുഖസമൃദ്ധമായി കഴിയാനുള്ള വകയുള്ള നാടാണ്. പക്ഷെ ഒരു കാലത്ത് ഭാരതത്തില്‍ നിലവിലിരുന്നതു പോലെ അധികാര സോപാനത്തിലെ കുടുംബവാഴ്ച ആ കൊച്ചു രാജ്യത്തെ തകര്‍ത്തു കളഞ്ഞു എന്നതാണ് വസ്തുത. ഭാരതത്തില്‍ 2014ല്‍ ഭരണമാറ്റമുണ്ടായിരുന്നില്ലെങ്കില്‍ ശ്രീലങ്കയിലെ അതേ അവസ്ഥ ഭാരതത്തിലും സംഭവിക്കുമായിരുന്നു. കൊറോണാനന്തരം ലോകരാജ്യങ്ങള്‍ മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോഴും ഭാരതത്തിന്റെ സാമ്പത്തികരംഗം വളര്‍ച്ച കാണിക്കുന്നതിന്റെ കാരണം ദീര്‍ഘവീക്ഷണത്തോടെയുള്ള സാമ്പത്തിക നയങ്ങളാണ്. ഇതായിരുന്നു ശ്രീലങ്കയ്ക്ക് ഇല്ലാതെ പോയതും.
സാമ്പത്തിക പ്രതിസന്ധി മൂലം നാളുകളായി അരാജകാവസ്ഥയിലായിരുന്ന ലങ്കയിലെ ജനങ്ങള്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ടു കഴിഞ്ഞപ്പോഴാണ് ജനകീയ വിപ്ലവത്തിന്റെ വഴിതേടിയത്. പണിശാലകളും പാഠശാലകളുമടക്കം എല്ലാം അടച്ചു പൂട്ടിയിട്ട് മാസങ്ങളായി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പണമില്ലാതായ രാജ്യം ഇന്ധന ക്ഷാമത്തിന്റെ പിടിയിലായി. സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്റെ പമ്പുകളില്‍ പെട്രോളും ഡീസലും ലഭിക്കാതായിട്ട് മാസങ്ങളായി. ലങ്കയിലെ ഇന്ധനവിതരണത്തിന്റെ 18% നടത്തുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പമ്പുകളില്‍ മാത്രമാണ് എണ്ണ ലഭിച്ചിരുന്നത്. ഇവിടെ നിന്നും എണ്ണ വാങ്ങാനെത്തുന്നവരുടെ നിര എട്ടും പത്തും കിലോമീറ്റര്‍ നീണ്ടുപോയി എന്നു പറയുമ്പോള്‍ കാര്യങ്ങളുടെ അവസ്ഥ എത്ര ഭീതിദമായിരുന്നെന്ന് മനസ്സിലാക്കാം. ആശുപത്രികള്‍ പോലും അടച്ചു പൂട്ടേണ്ടി വന്ന ഒരു രാജ്യത്തിലെ ജനങ്ങളുടെ മുന്നില്‍ പ്രക്ഷോഭമല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു. നയവൈകല്യങ്ങള്‍ മൂലം നാടിനെ കൂട്ടിച്ചോറാക്കിയ രാജ്പക്‌സെ കുടുംബം ഏതുവിധേനയും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചതോടെ സര്‍വ്വകക്ഷി സര്‍ക്കാര്‍ എന്ന ആവശ്യവുമായി ജനങ്ങള്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെയുടെ കൊട്ടാരവും ഓഫീസും കൈയേറുക മാത്രമല്ല പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ വസതിക്ക് തീയിടുകയും ചെയ്തു.
2004ല്‍ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയ മഹിന്ദ രാജപക്‌സെ ഒരു വര്‍ഷത്തിനു ശേഷം പ്രസിഡന്റാവുകയും പ്രതിരോധ മന്ത്രി സ്ഥാനത്ത് ഗോട്ടബായ രാജപക്‌സെയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് തമിഴ് വംശജര്‍ക്കെതിരെ നടത്തിയ ക്രൂരതകള്‍ ഭാരതത്തിന് മറക്കാന്‍ കഴിയാത്തതാണ്. അന്ന് ലങ്കയിലെ വീരനായകനെന്ന് ചിത്രീകരിക്കപ്പെട്ട ഗോട്ടബായ രാജ്പക്‌സെ ഇപ്പോള്‍ ലങ്കന്‍ ജനതയുടെ മുന്നില്‍ ഭ്രാന്തനും രാജ്യദ്രോഹിയായ ഏകാധിപതിയുമായത് കാലത്തിന്റെ കാവ്യനീതിയാണ്. അയാള്‍ക്ക് ജനങ്ങളുടെ മുന്നില്‍ പെടാതെ ഒളിവില്‍ കഴിയേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് കലാശിക്കാന്‍ പോകുന്നതെന്ന് ഭാരതത്തിന് മുന്നെ തന്നെ അറിയാമായിരുന്നു എന്നു വേണം കരുതാന്‍. ഭാരതത്തിനെതിരെ ചൈനയ്ക്ക് ലങ്കയില്‍ ഇടം കൊടുത്തപ്പോള്‍ തീരുമാനിക്കപ്പെട്ട വിധിയാണ് ആ രാജ്യം ഇപ്പോള്‍ അനുഭവിക്കുന്നത്. സാംസ്‌ക്കാരികമായും ഭൂമിശാസ്ത്രപരമായും ഭാരതത്തോട് നാം ചേര്‍ത്ത് വരയ്ക്കാറുള്ള ആ ദ്വീപ്‌രാഷ്ട്രത്തിലെ ജനങ്ങളെ എന്തായാലും ഭാരതം കൈവിടില്ല. ഇപ്പോള്‍ ആ രാജ്യം ചെന്നുപെട്ടിരിക്കുന്ന ഊരാക്കുടുക്കില്‍ നിന്നും ലങ്കയെന്ന ദ്വീപിനെ രക്ഷിക്കാന്‍ ഭാരതത്തിനല്ലാതെ ആര്‍ക്കും സാധ്യമല്ല. സര്‍വ്വകക്ഷി സര്‍ക്കാര്‍ എന്ന ജനങ്ങളുടെ ആവശ്യം സാധ്യമായാല്‍ പോലും ലങ്കയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്കാവില്ല. ഒരിക്കല്‍ വിശാല ഭാരതത്തിന്റെ ഭാഗമായിരുന്ന ലങ്ക ഒരു കോണ്‍ഫെഡറേഷന്‍ എന്ന നിലയിലെങ്കിലും ഭാരതത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ലങ്കന്‍ ദ്വീപിന് ഗുണം ചെയ്യുക. ക്രമേണ ഈ ബോധ്യത്തിലേയ്ക്ക് ലങ്കയിലെ ജനങ്ങള്‍ എത്തിച്ചേരുമെന്ന് കരുതാം. അപ്പോള്‍ നഷ്ടപ്പെട്ട ‘ശ്രീ’, ലങ്കയോട് ചേരുകയും വീണ്ടും ശ്രീലങ്ക ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും.