ഉത്തരതിരുവിതാംകൂറില്‍ ഒരു ഗൃഹസ്ഥശിഷ്യന്റെ ഭവനത്തില്‍ ചട്ടമ്പി സ്വാമികള്‍ വിശ്രമിക്കുകയായിരുന്നു. ആ അവസരത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള, വിവിധയിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ച് പ്രശസ്തിയും പണവും സമ്മാനങ്ങളും നേടിയ ഒരു സംഗീതജ്ഞന്‍ അവിടെ എത്തി. അവിടെവച്ച് പരിചയപ്പെട്ട ചില സംഗീതജ്ഞര്‍ അയാളെ സ്വാമിജിയുടെ മുമ്പില്‍ എത്തിച്ചു. സ്വാമിയുടെ ദീക്ഷയും വസ്ത്രവിധാനങ്ങളും അയാളില്‍ പുച്ഛഭാവമുണര്‍ത്തി. എന്നാല്‍ സ്വാമിജി അയാളെ അഭിവാദ്യം ചെയ്യുകയും സല്‍ക്കരിക്കുകയും ”ഒന്നു പാടിക്കേള്‍ക്കാന്‍ താല്പര്യമുണ്ട്” എന്നു പറയുകയും ചെയ്തു. തംബുരുവും മൃദംഗവും ഒന്നുമില്ലാതെ പാടാറില്ലെന്നും മറ്റും പറഞ്ഞ് ആദ്യം അയാള്‍ ഒഴിയാന്‍ ശ്രമിച്ചു. ”ഇവിടെ ഒരു പഴയ തംബുരു ഇരിപ്പുണ്ട്. കൊള്ളാമോ എന്ന് നോക്കണം.” എന്നു പറഞ്ഞ് സ്വാമികള്‍ അത് അയാളുടെ കയ്യില്‍ കൊടുത്തു. അയാളത് തിരിച്ചും മറിച്ചും നോക്കി. അതിന്റെ തന്ത്രികളില്‍ വിരലുകള്‍ മുട്ടിച്ചു നോക്കിയശേഷം ”തല്‍ക്കാലത്തേക്ക് ഇതുപറ്റില്ല” എന്നു പറഞ്ഞു താഴെവച്ചു.
സ്വാമികള്‍ അതെടുത്ത് നിഷ്പ്രയാസം ശരിപ്പെടുത്തി ശ്രുതിയിടാന്‍ തുടങ്ങി. ”ഇനി തംബുരു ശ്രുതിയ്ക്കുപാടാമല്ലൊ” എന്നു പറഞ്ഞു അയാളുടെ കയ്യില്‍ അത് തിരികെ കൊടുത്തു. അപ്പോള്‍ അയാള്‍ക്ക് അല്പം ആശങ്ക തോന്നാതിരുന്നില്ല. എങ്കിലും അത ്പുറത്തു കാണിക്കാതെ അയാള്‍ പാടാന്‍ തുടങ്ങി. സ്വാമികളാകട്ടെ തന്റെ കയ്യില്‍ കിടന്നിരുന്ന ഇരുമ്പുമോതിരം കൊണ്ട് താനിരുന്ന കസേരയില്‍ താളം പിടിക്കാനും തുടങ്ങി. ഒന്നു രണ്ടു കീര്‍ത്തനങ്ങള്‍ക്കു ശേഷം ഭാഗവതര്‍ സ്വരം പാടാനുള്ള തയ്യാറെടുപ്പിലായി. അപ്പോഴേയ്ക്കും സ്വാമികള്‍ വലതുകയ്യിലെ മോതിരം ഉപകരണമാക്കിക്കൊണ്ട് മൃദംഗത്തിലെ ചില മുറകളും പദങ്ങളുമെല്ലാം പ്രയോഗിക്കാന്‍ തുടങ്ങി. അതുകേട്ട ഭാഗവതര്‍ അമ്പരന്നു. മാത്രമല്ല താനൊരു കുടുക്കില്‍ പെട്ടേയ്ക്കുമെന്നുള്ള ഭയം നിമിത്തം ‘സ്വരം നന്നായിരിക്കുമ്പോഴേ പാട്ടു നിര്‍ത്തുക’ എന്ന മട്ടില്‍ കച്ചേരി അപ്പോള്‍ തന്നെ അവസാനിപ്പിച്ചു. സ്വരം പാടുന്നതിനെ സംബന്ധിച്ചും മൃദംഗത്തില്‍ ഇടംവയ്ക്കുന്നതിനെക്കുറിച്ചും നവീനവും അപൂര്‍വ്വവുമായ സമ്പ്രദായങ്ങള്‍ സ്വാമികളില്‍ നിന്നും കേട്ടപ്പോള്‍ ആ തമിഴ് ഭാഗവതര്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണ് നമസ്‌ക്കരിച്ച് യാത്രയായി.