കച്ചക്കയറില്‍ കാലുടക്കി ചെറുകോലിന്റെ പകുതി കയറ്റിപ്പിടിച്ച് പാപ്പാന്‍ കേശവന്‍ പുഴിക്കണ്ണില്‍ അടികൊള്ളിച്ചിട്ടും ആനയുടെ കറക്കം നിന്നില്ല. വടി മാറ്റി തോട്ടിയിട്ട് ‘ഗോവിന്ദാ .. മോനെ ചതിക്കല്ലെടാ…..’ യെന്നു പറഞ്ഞ് കണ്ണിനൊരു പിടുത്തം പിടിച്ചു. അവസാന കയ്യാണ്. ഒരിഞ്ച് മാറിയാല്‍ കണ്ണുപോകും. താഴെ കൊമ്പിനുതട്ടിയിട്ട സുര വീണയിടത്തുതന്നെ ഞെട്ടിക്കിടക്കുവാണ്. ‘ഉരുണ്ടുമാറടാ’ എന്ന് ആശാന്‍ അലറിയത് വളരെ ദൂരേന്നുപോലെയവന്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ അനങ്ങാന്‍ പറ്റുന്നില്ല. മലര്‍ന്നു കിടക്കുമ്പോള്‍ കറുത്ത വലിയ തൂണുപോലുള്ള കാലുകളും അടുത്തുവരുന്ന വെള്ളക്കൊമ്പുകളും അവ്യക്തമായി കാണുന്നുണ്ട്. പൊങ്ങിയകാലിലെ ചങ്ങല പതിയെ നെഞ്ചിന്‍കൂട്ടില്‍ തൊട്ട് പിന്‍വലിഞ്ഞപോലെ. ഒരു നിമിഷത്തെ ഇടവേളയില്‍ അവനുരുണ്ടു. കുറച്ചുമാറിയ ശേഷം എഴുന്നേറ്റ് ഓടി. പുറകേ ചങ്ങലയുടെ കിലുക്കം അടുത്തു വരുന്നതു പോലെ അവനു തോന്നി. വലിയൊരു കല്‍മതിലും കടന്ന് റോഡിലെത്തി സുര കിതച്ചു തിരിഞ്ഞു നോക്കിയപ്പോഴും കേശവനാശാന്‍ തോട്ടിയയച്ചിട്ടില്ല. മസ്തകം പൊക്കി കൂകിക്കൊണ്ട് നില്ക്കുകയാണ് ആന. അതിനിടയില്‍ അടങ്ങി എരണ്ടമിട്ട് കണയിറക്കി മൂത്രമൊഴിച്ചു. ആശാന്‍ ചാടിയിറങ്ങി. ആനയുടെ തുമ്പിയിലും താടിയിലും തഴുകി ശാന്തനാക്കി. തോട്ടിക്കമ്പിറങ്ങിയ കണ്ണിന്റെ താഴത്തെഭാഗം പരിശോധിച്ചു. ചെറുതായി ചോര വരുന്നുണ്ട്. ‘കുഴപ്പമില്ലെടാ…. ഒന്നും പറ്റിയില്ലെടാ… പോട്ടെ’ എന്നാശ്വസിപ്പിച്ചു. എന്നിട്ട് ഇടച്ചങ്ങലയിട്ട് മുറുക്കി കോല് ചാരിയശേഷം റോഡിലേയ്ക്കിറങ്ങി. സുരയുടെ വിറമാറിയിട്ടില്ല. ദേഹത്ത് പലയിടവും ഉരഞ്ഞ് നീറുന്നുണ്ട്.
‘ഞാന്‍ മോളിലിരിക്കുമ്പോ ആനയ്ക്ക് വിലങ്ങല്ലെന്ന് എത്ര പ്രാവിശ്യം പറഞ്ഞിട്ടുണ്ടെടാ?’
‘അത് ആശാനെ ഞാന്‍ പട്ട വെട്ടി….’
‘അവന്റമ്മേടെ പട്ട… ഇന്ന് തീരുമായിരുന്നു നിന്റെ വെട്ടും ഒരുക്കും.’
തലകുനിച്ചു നില്‍ക്കുന്ന സുരയേക്കണ്ടപ്പോള്‍ ആശാന്റെ ദേഷ്യമിറങ്ങി.
”ആ പോട്ട ടാ… നീ വാ”.
കാട്ടിക്കയറി ചില മരുന്നും കൂട്ടവും പറിച്ച് മറ്റു ചിലത് വാങ്ങാനായി സുരയെ അങ്ങാടിയിലേയ്ക്കും വിട്ടു. ഒറ്റയോട്ടത്തിന് തിരിച്ചുവന്ന് സാധനങ്ങള്‍ ആശാനെ ഏല്‍പ്പിക്കുമ്പോള്‍ വെള്ളം തൊടാതെയരച്ച പച്ചിലമരുന്നുകള്‍ കണ്ടു. അതില്‍ അവന്‍ കൊണ്ടുവന്ന അങ്ങാടി മരുന്നുകള്‍ ചതച്ചു ചേര്‍ക്കുമ്പോള്‍ ആശാന്‍ പറഞ്ഞത് സുരയ്ക്ക് ഓര്‍മ്മവന്നു. ‘ആനപ്പണിയാരും പഠിപ്പിക്കൂല. വേണെ നോക്കിം കണ്ടും കൊണ്ടും പഠിച്ചോണം’
മരുന്നു കുഴച്ച് ഉരുട്ടി ആനേടെ കണ്ണിനടിയില്‍ തേച്ച് പിടിപ്പിക്കുമ്പോള്‍ സുര അടുത്തുണ്ട്. ആന ചെറുതായി കൂവി. തുമ്പിയില്‍ തഴുകി ആശാന്‍ ആശ്വസിപ്പിച്ചപ്പോള്‍ സുര അവന്റെ കാലില്‍ തട്ടി. വിറപ്പിച്ച് പരതിതൊട്ട് ആന സ്‌നേഹം സ്വീകരിച്ചു.
‘ഇന്നിനി പണിവേണ്ട. കൊണ്ടേ കെട്ടിയേരെ’ ആശാന്‍ തോട്ടീം വടിം സുരയെ ഏല്‍പ്പിച്ച് റോഡിലേയ്ക്കിറങ്ങി. സുര ആനയേയും കൊണ്ട് കെട്ടുതറിയിലേയ്ക്കു നീങ്ങി. ആന പാവമാണ്. ഒറ്റച്ചട്ടമാണെങ്കിലും സുരയെയും അനുസരിക്കും. കേശവനാശാന്‍ മുകളില്‍ ഇരിക്കുമ്പോള്‍ മുമ്പിലൂടെ വിലങ്ങരുതെന്ന് മാത്രം. കൈപ്പാങ്ങിനു കിട്ടിയാല്‍ തട്ടിയിട്ട് കുത്തുമെന്ന് കട്ടായം. സുര മറന്നതൊന്നുമല്ല. പരിചയമായി, ചട്ടമായിയെന്നൊരു അഹങ്കാരം. മനസ്സിലായി ഇവനെ വിശ്വസിക്കാന്‍ പറ്റില്ല. അതൊ മറ്റാനക്കാര്‍ പറയുന്നതുപോലെ വിശ്വസിക്കാന്‍ പറ്റാത്തത് പുറത്തിരിക്കുന്ന ആശാന്റെ കച്ചക്കയറിനകത്തിരിക്കുന്ന കാലുകളുടെ പ്രയോഗങ്ങളെയോ?
ആനയെ കെട്ടി പട്ട വെട്ടി അടുത്തിട്ട് തൊട്ടിയില്‍ വെള്ളവും നിറച്ച് സുര തിരിച്ചുനടന്നു. ആശാന്‍ എവിടെയായിരിക്കുമെന്ന് അവനറിയാം. പ്രതീക്ഷിച്ചപോലെ പകുതിതീര്‍ന്ന കുപ്പിയുടെ മുമ്പില്‍ ഇരുപ്പുണ്ട്. അവനെക്കണ്ടതും കുപ്പി നീക്കിവച്ചു. ഗ്ലാസ്സും. സുര ഗ്ലാസ്സ് നിറക്കുമ്പൊഴേക്കും ആശാന്‍ എഴുന്നേറ്റു. പോട്ടെടാ എന്നു പറഞ്ഞ് വീട്ടിലേയ്ക്ക് നടന്നു.
വീട്ടില്‍ ചെന്നപ്പോള്‍ രാധേച്ചി അടുക്കളവശത്ത് പടിമേല്‍ ഇരിക്കുന്നുണ്ട്. പാത്രം കഴുകലാണ്. ചുറ്റും പരന്നൊഴുകുന്ന ചാരവും വെള്ളവും. ഒരു വശത്ത് കഴുകി കൂട്ടിയ പാത്രങ്ങള്‍. കഞ്ഞിക്കലവും കൂട്ടത്തിലുണ്ട്. ‘ഒന്നും വച്ചില്യോടി?’ ചാരംവാരി വൃത്തിയാക്കിയ അടുപ്പുകള്‍ ശൂന്യമായി കിടക്കുന്നു. തീ പൂട്ടിയ ലക്ഷണമില്ല. തേച്ചുവച്ച പാത്രം പിന്നെയുമെടുത്ത് തേയ്ക്കാന്‍ തുടങ്ങുന്നത് കണ്ട് കേശവന് കലി വന്നു.
‘എന്തോന്ന് നട്ടപ്രാന്താ കാട്ടണെ? എണീറ്റ് പോയി അരിയിടടീ.”
”വെളുക്കുമ്പോഴേ തന്തപ്പടിക്ക് കഞ്ഞിവേണം. ഹോ.”
പ്രാകി കൊണ്ട് രാധേച്ചി എഴുന്നേറ്റു.
‘വെളുപ്പാന്‍ കാലമോ? നട്ടുച്ചയായി
ഇതിന്റെ ബോധവും പൊക്കണവും പോയോ?’
‘അയ്യോ ഉച്ചയായോ.. ഞാനറിഞ്ഞില്ല.’
ധ്യതിയില്‍ തീപിടിപ്പിച്ച് അരി കഴുകിയിടുന്നതിനിടയില്‍ ചേച്ചി പറഞ്ഞു. അടുക്കളയില്‍ നിന്ന് പുക വീടു മുഴുവന്‍ പരന്നു. ചുമച്ചു കൊണ്ട് കേശവന്‍ പുറത്തേയ്ക്ക് പോയി. മുറ്റത്ത് ഒതുക്കു കല്ലിലിരുന്നൊരു ബീഡി കത്തിച്ചു.
പഴുത്ത പ്ലാവില കുത്തി കുമ്പിളാക്കി കഞ്ഞികോരി കുടിക്കുമ്പോള്‍ ആകെയുള്ള ചുട്ടപപ്പടത്തിന്റെ പാതിപൊട്ടിച്ച് രാധേച്ചിക്ക് കൊടുത്തുകൊണ്ട് കേശവനാശാന്‍ ചോദിച്ചു
‘സാനം തീര്‍ന്നാല്‍ അബ്ദുവിന്റെ കടേന്ന് മേടിച്ചോളാന്‍ പറഞ്ഞിട്ടില്ലേ? പിന്നെന്തിനാ ഈ പിശുക്ക്?’
‘ഉം’ മൂളിക്കോണ്ട് രാധേച്ചി ചോദിച്ചു ‘ബാബു കഞ്ഞി കുടിക്കാന്‍ വര്യോ?’
‘ബാബുവോ അതാരാ?’
കുറച്ച് ആലോചിച്ച ശേഷം രാധേച്ചി തുടര്‍ന്നു
‘ആനേടെ കൂടെയുള്ള പയ്യനേ… ”
”സുരയെന്നാ ബാബുവായേ? വരുവോ? ആര്‍ക്കറിയാം? കഞ്ഞിയിരിപ്പുണ്ടോ?”
എഴുന്നേറ്റു ഈര്‍ക്കിലൂരി പ്ലാവില കളഞ്ഞു കയ്യും വായും കഴുകി ഉമ്മറത്ത് പായവിരിച്ച് ഉച്ചയുറക്കത്തിന്റെ വട്ടംകൂട്ടുന്നതിനിടയില്‍ രാധേച്ചിയേ ഒന്ന് തലപൊന്തിച്ചു നോക്കി ആശാന്‍ സ്വയം പറഞ്ഞു ‘ഇവള്‍ക്കിത് എന്തു പറ്റിയാവോ? കുറച്ചു നാളായി തുടങ്ങിയിട്ട് ഈ മറവിയും ഇരിപ്പും…. കൂടിക്കൂടി വരുവാ…..’
ഒരു ദിവസം കെട്ടുതറിയില്‍ ചെന്നപ്പോള്‍ ആനയെ പൊടിതട്ടി നിര്‍ത്തിയിട്ടുണ്ട് സുര. ഒരു എമണ്ടന്‍ മരമാണ് പിടിക്കേണ്ടത്. ചങ്ങല വാരിയിട്ട് വഴിയടിച്ചുനടന്നു. ഇന്നലെ വേറെയൊരാന പിടിച്ചിട്ട് ഇട്ടേച്ച് പോയ മൊതലാണ്. ചെന്ന് നോക്കി. വലുപ്പം മാത്രമല്ല വളവും പ്രശ്‌നമാണ്. വളവിന്റെ മൊഴതങ്ങി നില്ക്കും. പേണാത്തുളയില്‍ വക്ക ഉടക്കി നീട്ടിയിട്ടു. വലിയുന്ന വശങ്ങളില്‍ ഉരുളന്‍ തടിയിട്ടു. ആനയെ ചെരിച്ചു നിര്‍ത്തി കാല് മെല്ലെ ചലിപ്പിച്ചു. അര്‍ത്ഥം ആനക്കറിയാം. സാവധാനത്തില്‍ വടംകടിച്ച് വലിച്ച് തടി ഉരുളന്‍ തടയില്‍ കയറ്റാന്‍ ശ്രമിച്ചു. അനങ്ങുന്നില്ല. വടിക്കമ്പ് ഇടതു കുത്തി വലതുകാലിളക്കിക്കൊടുത്തു. ആശാന്റെ ഓരോ നീക്കവും കാലനക്കവും ശ്രദ്ധിച്ചു നോക്കുകയാണ് സുര. ഒരാനയ്ക്ക് പറ്റാത്ത തടിയാണ്. പക്ഷേ നല്ല ആനക്കാരന്‍ ആനയുടെ പകുതി ജോലി കുറയ്ക്കുമെന്നാണ് ശാസ്ത്രം. ‘നോക്കീം കണ്ടും കൊണ്ടും പഠിച്ചോണം’ ആശാന്റെ സ്വരം അവന്റെ കാതില്‍ മുഴങ്ങി. ആന തലപൊക്കി മറിയ്ക്കാന്‍ നോക്കുന്നുണ്ട്. ചെരിച്ച് നിര്‍ത്തിയിരിക്കുന്നത് തടി ഉരുണ്ട് തട്ടാതിരിക്കാനാണ്. തട്ടിയാല്‍ ആന തീര്‍ന്നു. വലിച്ച് കുടലുമറിയാനും പാടില്ല. ആന വക്ക നിലത്തിട്ടു. ആശാന്റെ വടിയുടെ വീശല് പ്രതീക്ഷിച്ച് അവന്‍ നോക്കി. ഒന്നുമുണ്ടായില്ല.
‘ആ പോട്ടടാ വിട്ടേയ്ക്ക്. ആ മോഴകള് വല്ലതും പിടിച്ചിട്ടോളും. എന്റെ കാപ്പി കാശ് പൊക്കോട്ടേ. നിനക്കിതൊന്നും പറ്റൂല … കൊമ്പൂരി ഷാപ്പിലെ പട്ടിക്ക് കൊടുക്കാം. അവനാ ചേര്‍ച്ച.’
പറഞ്ഞത് ആനയ്ക്ക് മനസ്സിലായോന്നറിയില്ല. വക്കയെടുത്ത് കടിച്ച് അവന്‍ അടുത്ത വിളിക്ക് കാത്തു.
‘ആ ആണ്‍കുട്ടി… രണ്ട് കുപ്പി പന എന്റെ വക..’
എന്നു പറഞ്ഞ് ആശാന്‍ മുന്നോട്ട് ആടി കാല് ചലിപ്പിച്ചു. ആന ഒരു വലി വലിച്ചു. കണ്ടു നിന്നവര്‍ ഹു ഹു… എന്ന് വയ്ക്കുന്നതിനിടയില്‍ തടി പൊങ്ങി ഉരുളനില്‍ കയറി. ഇനി നിലം തൊടാതെ ലോറിയില്‍ എത്തിക്കണം. ആനയുടെ മുമ്പില്‍ വിലങ്ങാതെ, സുര ഉരുളന്‍ തടികള്‍ ക്രമത്തില്‍ വച്ചു നീങ്ങി. പെട്ടെന്നാണ് ആശാന്റെ അയല്‍പക്കത്തുള്ള രവി സൈക്കിളില്‍ വേഗത്തില്‍ ചവിട്ടി വിയര്‍ത്തൊലിച്ചുവന്നത്. വന്നതേ ആശാനവനെ കണ്ടു. എന്താന്ന ചോദ്യത്തിന് അവന്‍ താഴെത്തേയ്ക്ക് വിളിച്ചു. ആനയെ ഒതുക്കി ചാടിയിറങ്ങി. രവി എന്തെല്ലാമൊ ആശാന്റെ ചെവിയില്‍ പറഞ്ഞു. ആശാന്‍ സുരയെ കൈകാട്ടി വിളിച്ചു. ഓടിയെത്തിയ സുരയ്ക്ക് തോട്ടിം വടിം നീട്ടി.
‘നീ കേറിക്കോ ആനേല്’, എനിക്ക് അത്യാവശ്യമായി വീടോളം പോണം. രാധക്ക് എന്തോ വല്ലായ്മ.’
‘എന്തു പറ്റി ചേച്ചിക്ക്’ എന്ന അവന്റെ ചോദ്യം ശ്രദ്ധിക്കാതെ ആനയെ നോക്കി ആശാന്‍ പറഞ്ഞു.
‘ഗോവിന്ദാ … മരിയാദക്ക് നിന്നോണം ഇപ്പ വരാം’ എന്നും പറഞ്ഞ് രവിയുടെ സൈക്കിളില്‍ കയറി പാഞ്ഞു പോയി.
ചെന്നപ്പോള്‍ അബ്ദുവിന്റെ പീടികയുടെ അടുത്ത് ആളുകൂടി നില്ക്കുന്നു. തിണ്ണയില്‍ കൂഞ്ഞിക്കൂടി രാധേച്ചിയിരിക്കുന്നുണ്ട്. അബ്ദുവിന്റെ ഉമ്മ അടുത്തു തന്നെയുണ്ട്. ഒരുതുണികൊണ്ട് പുതപ്പിച്ചിരിക്കുന്നു. അബ്ദു അടുത്തുവന്ന് പറഞ്ഞു
‘പിള്ളേര് കൂകിയാര്‍ക്കണതു കണ്ടാ നോക്കിയത്. മേത്ത് തുണികൊറവായിരുന്നു. കടേം കടന്ന് പോണ കണ്ടപ്പോ ഉമ്മയാ പൊതപ്പിച്ചിവിടെ ഇരുത്തിയത്.’
ആശാന്‍ പിടിച്ച് എഴുന്നേല്‍പ്പിക്കുമ്പോഴും ചേച്ചിയുടെ കണ്ണുകള്‍ ശൂന്യതയില്‍ എന്തോ തേടുന്നതുപോലെ തോന്നി.
ഒരാഴ്ചയോളമുണ്ടായിരുന്നു ആശുപത്രിയില്‍. തിരിച്ച് വീട്ടിലേയ്ക്ക് കയറുമ്പോള്‍ എന്ത് ചെയ്യണമെന്ന് ആശാന് ഒരു ധാരണയില്ലായിരുന്നു. ഇന്നലെ വരെ തന്റെ ഭാഗമായിരുന്നവള്‍ ഇന്ന് തന്നെ തിരിച്ചറിയുക കൂടിയില്ലയെന്നത് വിശ്വസിക്കുവാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. ഡോക്ടര്‍മാരുടെ ഉപദേശങ്ങളും പാലിക്കേണ്ട ശീലങ്ങളും രീതികളും പലതും അയാള്‍ക്ക് മനസ്സിലായിട്ടില്ല. രാധേച്ചി കട്ടിലില്‍ കമഴ്ന്നു കിടക്കുന്നതു കണ്ട് ആശാന്‍ അടുക്കളയിലേയ്ക്ക് കയറി കുറച്ച് വെള്ളം ചൂടാക്കാന്‍ നോക്കി. സ്വകാര്യത നഷ്ടപ്പെട്ട കൂറകളും പല്ലികളും തലങ്ങും വിലങ്ങുമോടി. ഉയരുന്ന പുക കേറി ആശാന്‍ പക്ഷേ ചുമച്ചില്ല. തേയിലയും പഞ്ചസാരയുമിട്ടിളക്കി ഗ്ലാസ്സില്‍ പകര്‍ന്ന് മുറിയില്‍ ചെന്നപ്പോള്‍ കട്ടിലിനടിയിലൂടെ തറയിലേയ്ക്ക് ഒഴുകുന്ന മഞ്ഞ മൂത്രം. ഗ്ലാസ്സ് മാറ്റിവച്ച് വെള്ളവും ചൂലുമെടുത്ത് അയാള്‍ നിലത്തിരുന്നു.
ആനപ്പണി പൂര്‍ണ്ണമായും സുരയുടെ മേല്‍നോട്ടത്തിലായി. രാധേച്ചിയെ അകത്താക്കി വീടെല്ലാം പൂട്ടിപ്പോന്നാപ്പോലും പണിയില്‍ പണ്ടത്തെപ്പോലെ ശ്രദ്ധിക്കാന്‍ ആശാന് പറ്റുന്നില്ല. കയ്യും കാലും കെട്ടി കട്ടിലില്‍ കിടക്കുന്ന രൂപമായിരിക്കും മനസ്സില്‍. ചിലപ്പോള്‍ കെട്ടും പൊട്ടിച്ച് എങ്ങോട്ടെന്നില്ലാതെ ഒരു പോക്കുമുണ്ട്. എല്ലാ ദിവസവും ഒന്നാമനുള്ള കൂലി വീട്ടിലെത്തും. സുരയുടെ തീരുമാനമായിരുന്നു അത്. വൈകുന്നേരം കഞ്ഞി കുടിക്കാന്‍ മിക്ക ദിവസവും അവനുമുണ്ടാകും. പലപ്പോഴും കഴിക്കാതെ വെറുതെ വെരകിയിരിക്കുന്ന ആശാനോട് ചോദിക്കുമ്പോള്‍ ദഹിക്കുന്നില്ലടാ എന്നു പറഞ്ഞ് എഴുന്നേറ്റ് പോകും. പിന്നെ പിന്നെ അവന്‍ വരാതായി.
തടിപിടുത്തത്തിലാണ് പേരെങ്കിലും നാട്ടിലേയും അടുത്ത പ്രദേശങ്ങളിലെയും ഉത്സവത്തിന്റെ തിടമ്പാന ഗോവിന്ദനായിരുന്നു. രണ്ടാം മുണ്ടും തോളത്തിട്ട് കൊമ്പില്‍ പിടിച്ച് കേശവനും പുറകില്‍ സുരയും നടുക്ക് സദസ്സ് നിറഞ്ഞുവരുന്ന ഗോവിന്ദനും നാട്ടുകാര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത കാഴ്ചയായിരുന്നു. ഉത്സവത്തലേന്ന് സുര വന്ന് ഓര്‍മ്മിപ്പിച്ചിട്ട് പോയി. പിറ്റേന്ന് രാധേച്ചിക്ക് കാപ്പിയും കൊടുത്ത് കട്ടിലില്‍ കെട്ടിയിട്ടശേഷം പുറത്തേയ്ക്കിറങ്ങി ഭിത്തിയില്‍ തൂങ്ങുന്ന അയ്യപ്പന്റെ കലണ്ടറില്‍ നോക്കി കണ്ണടച്ചു തൊഴുതു. ചെന്നപ്പോള്‍ പുഴയില്‍ കഴുകി കുറിയും തൊടീച്ച് ഗോവിന്ദനെ നിര്‍ത്തിയിട്ടുണ്ട്. അവര്‍ അമ്പലത്തിലേയ്ക്ക് നടന്നു.
മുകളിലേയ്ക്ക് ഉയര്‍ത്തിക്കൊടുത്ത നെറ്റിപ്പട്ടം സുര നന്നായി വിരിച്ച് ചെവി ചുറ്റിക്കെട്ടി. അവന്റെ നീണ്ട തുമ്പിയില്‍ തിളങ്ങിക്കിടക്കുന്ന നെറ്റിപ്പട്ടം അല്പ്പം ചെരിഞ്ഞോയെന്ന് ആശാനു തോന്നി. മുമ്പില്‍ കയറി വലിച്ചു നേരെയിട്ടു തിരിഞ്ഞപ്പോഴാണ് ശക്തമായ ഒരു തട്ട് പുറകില്‍ നിന്ന് കിട്ടിയത്. മുമ്പോട്ട് തെറിച്ച ആശാന്‍ വീണതേ ഇടത്തേക്കുരുണ്ടു. ഊക്കോടെ മണ്ണില്‍കുത്തിയ കൊമ്പ് പറിക്കുന്നതിന് മുമ്പ് കറങ്ങിയെണീറ്റ ആശാന്‍ അരയിലെ എഴുന്നെള്ളിപ്പുകത്തിയൂരി ചറപറാ കുത്തി. കട്ടുറുമ്പ് കുത്തുന്ന കഴപ്പന്‍ വേദനയില്‍ ആന ചൂളിച്ചുരുണ്ടു. അപ്പോഴേയ്ക്കും സുര ആനയെ വിലക്കിക്കഴിഞ്ഞു. ആളുകള്‍ കൂടി. ദേഹത്ത് പറ്റിയ മണ്ണ് തട്ടി ആശാന്‍ ആനയെ നോക്കി പിന്നെ മുകളിലിരിക്കുന്ന സുരയേയും. പിറുപിറുക്കുന്ന നാട്ടുകാരെ ശ്രദ്ധിക്കാതെ ആശാന്‍ വീട്ടിലേക്ക് നടന്നു.
വിയര്‍ത്ത് തളര്‍ന്ന് വീട്ടിലെത്തിയ ആശാന്‍ വാതില്‍ തുറന്നതേ രൂക്ഷമായ ദുര്‍ഗന്ധം വന്നുമുഖത്തടിച്ചു. മുറിയില്‍ ഭിത്തിയിലും നിലത്തും വാരിയെറിഞ്ഞിരിക്കുന്ന മലം. അതിനിടയില്‍ കയ്യിലെ കെട്ടഴിഞ്ഞ് ചുരുണ്ടു കിടക്കുന്ന രാധേച്ചി. ആശാന്റെ കണ്ണിലൂടെ കണ്ണീരൊഴുകി. തല ഭിത്തിയിലടിച്ച് കുറച്ചു നേരം കരഞ്ഞു. പിന്നെ വെള്ളവും ചൂലുമായി മുറിയിലേയ്ക്ക് കയറി.
അമ്പലത്തിലെ ആറാട്ടു കഴിഞ്ഞു. എട്ടു ദിവസവും ഗോവിന്ദന്റ കൂടെ സുര മാത്രമേ ഉണ്ടായിരുന്നുള്ളൂ. എത്ര നിര്‍ബന്ധിച്ചിട്ടും കേശവനാശാന്‍ വന്നില്ല. സുര പതിവിലും കൂടുതല്‍ അന്ന് കുടിച്ചു. ആനയെ കെട്ടിയ ശേഷം തുടങ്ങിയതാണ്. തിരിച്ച് കെട്ടുതറിയുടെ സമീപം വീണതോര്‍മ്മയുണ്ട്. ഉറങ്ങിപ്പോയി. രാത്രിയില്‍ എപ്പോഴോ ആനയുടെ അസാധാരണമായ ചങ്ങല കിലുക്കം കേട്ടവന്‍ ഞെട്ടി എഴുന്നേറ്റു. പകുതിബോധത്തില്‍ ആനയുടെ ചീറ്റല്‍ അവനറിഞ്ഞു. ആരോ മിന്നായം പോലെ ആനപ്പുറത്തു നിന്ന് മറിയുന്നതും കണ്ടു. കൂടെ നേര്‍ത്തയൊരു ഞരക്കവും. ചാടിയെഴുന്നേറ്റയവന്‍ ആനയുടെ മുമ്പില്‍ മണ്ണില്‍ പൂണ്ട് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഒരു രൂപത്തെക്കണ്ടു. ഓടിച്ചെന്ന് നോക്കുമ്പോള്‍ അവന്‍ ഞെട്ടി. രാധേച്ചി ….
രാധേച്ചിയുടെ അടക്കം കഴിഞ്ഞു. എല്ലാത്തിനും മുമ്പില്‍ സുരയുണ്ടായിരുന്നു. കെട്ട് പൊട്ടിച്ച് അമ്പലപ്പറമ്പിലേക്ക് ഓടീതാ പാവം എന്നെല്ലാം പറഞ്ഞ് നാട്ടുകാര്‍ കൂടി നില്ക്കുന്നുണ്ട്. കേശവനാശാന്‍ ആകെ തളര്‍ന്ന് ഒതുക്കു കല്ലിലിരുന്ന് ബീഡി വലിച്ചുകൊണ്ടേയിരുന്നു. എല്ലാം കഴിഞ്ഞ് പോട്ടേ ആശാനേന്ന് പലരും പറഞ്ഞപ്പോഴും ഒരു മൂളലായിരുന്നു ഉത്തരം. പിറ്റേന്ന് രാവിലെ കൂപ്പില്‍ പണിയുണ്ടായിരുന്നു. രാവിലെ നേരത്തെയെണീറ്റ് ഗോവിന്ദന്റെ യടുത്തുചെന്ന സുര കണ്ടത് പൊടിയടിക്കുന്ന ആശാനെയാണ്. ഒന്നും പറയാതെ അവനും കൂടി. കഴിഞ്ഞ് മേലേകയറിയ ആശാന്‍ ആ വടക്കയറെടുത്ത് മുമ്പിലേയ്ക്കിട്ടേടാന്ന് പറഞ്ഞപ്പോള്‍ മുമ്പില്‍ വിലങ്ങാതെ ശ്രദ്ധിച്ച് വടം ആനയുടെ മുമ്പിലേക്ക് അവന്‍ നീക്കിയിട്ടു. എന്നിട്ടവര്‍ വഴിയടിച്ച് പണിസ്ഥലത്തേയ്ക്ക് നടന്നു. ചെമ്മണ്ണുവഴിയില്‍ അവരുണ്ടാക്കിയ കാല്‍പ്പാടുകള്‍ കാറ്റത്ത് പൊടിപാറി നികന്നുപോയി.