ഇസ്ലാമിക അധിനിവേശത്തിന്റെ രക്തപങ്കിലമായ ചരിത്രമാണ് മധ്യകാല ഭാരതത്തിന്റേത്. ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊന്ന് തള്ളുകയും അതിനേക്കാളേറെ മതം മാറ്റുകയും പതിനായിരത്തിലേറെ ക്ഷേത്രങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും കൊള്ളയടിക്കുകയും തകര്‍ത്തെറിയുകയും ചെയ്ത ആ ഭീതിദമായ കാലഘട്ടത്തെ, അതിലഗ്രഗണ്യനായ വിദേശ അക്രമിയും കൊടുംഭീകരനുമായ മുഹമ്മദ് ഗസ്‌നിയെ , അയാളുടെ ചെയ്തികളെ ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന ഒരു ലേഖനപരമ്പര ആരംഭിക്കുന്നു.
”ഗസ്‌നി ആ സമയത്ത് ഹിന്ദുസ്ഥാന്‍ പോലെതന്നെ ആയിത്തീര്‍ന്നു. ഗസ്‌നി നഗരത്തില്‍ എവിടെയും ഹിന്ദു അടിമകള്‍ നിറഞ്ഞുനിന്നു. ഒരു സാധാരണ കച്ചവടക്കാരനുപോലും ഒന്നിലധികം ഹിന്ദുസ്ത്രീകളെ വെപ്പാട്ടികളാക്കാന്‍ കഴിഞ്ഞു. ഓരോ ഗസ്‌നി ഭവനത്തിലും അടുക്കളവേല ചെയ്തിരുന്നത് ഹിന്ദു സ്ത്രീകളാണ്. ഹിന്ദുസ്ഥാനി കുട്ടികളെ വേലക്കാരായും ലൈംഗിക അടിമകളായും എവിടെയും കാണാന്‍ കഴിഞ്ഞു. ഹിന്ദുസ്ഥാനിലാകട്ടെ നാനാഭാഗത്തേക്കും പറക്കുന്ന പൊടിയുടെ അണുക്കള്‍പോലെയും ആളുകള്‍ പറഞ്ഞുനടക്കുന്ന പഴങ്കഥകള്‍പോലെയും ആയിത്തീര്‍ന്നു ഹിന്ദുക്കള്‍. ശിഥിലമായിത്തീര്‍ന്ന ആ സമൂഹത്തിന്റെ അവശിഷ്ടങ്ങള്‍ എല്ലാ മുസ്ലീമുകളുടെയും നേരെ ഒടുങ്ങാത്ത പക വച്ചുപുലര്‍ത്തുന്നുവെന്നത് പറയേണ്ടതില്ലല്ലോ.”
മുഹമ്മദ് ഗസ്‌നിയുടെ സമകാലീന ചരിത്രകാരന്‍ അല്‍ബറൂണി ഇപ്രകാരം എഴുതിയിരിക്കുന്നു.
തുടര്‍ച്ചയായി 17 തവണ ആവര്‍ത്തിച്ച ആക്രമണങ്ങളില്‍ ഓരോ വേളയിലും അളവില്ലാത്ത സമ്പത്തും ലക്ഷക്കണക്കിനു ഹിന്ദു അടിമകളും ഗസ്‌നിയിലേയ്ക്കു കയറ്റിവിടപ്പെട്ടു.
വിശ്വാസത്തിന്റെ കാവല്ക്കാരന്‍, മുഹമ്മദിന്റെ സ്വത്ത്’ എന്ന പദവി ബാഗ്ദാദിലെ ഖലീഫ മുഹമ്മദ് ഗസ്‌നിക്കു നല്‍കി. അങ്ങനെ സമ്പത്തും സ്ഥാനമാനങ്ങളും അമിതമായ സൈനികശക്തിയും ഒരു ഭ്രാന്തന്‍ നായയെപ്പോലെ അയാളെ രൂപപ്പെടുത്തി. നിറയെ വസൂരിക്കലകള്‍ നിറഞ്ഞ തന്റെ ബീഭത്സമായ മുഖത്തെക്കുറിച്ച് ഗസ്‌നി സുല്‍ത്താന് എന്നും അപകര്‍ഷം തോന്നിയിരുന്നു. സല്‍പ്രവൃത്തികളുടെ മഹത്വംകൊണ്ട് മുഖത്തെ ഓരോ കുഴികളും മൂടാന്‍ കഴിയുമെന്നും അപ്പോള്‍ തിരുമനസ്സിന്റെ മുഖം ഏറ്റവും ആകര്‍ഷകമായി പ്രജകള്‍ക്കു തോന്നുമെന്നും വിശ്വസ്തനായ മന്ത്രി ഉപദേശിച്ചു. അതിന്റെ വെളിച്ചത്തിലാണ് സുല്‍ത്താന്‍ ഇത്തരം ‘സല്‍പ്രവൃത്തികള്‍’ ഹിന്ദുസ്ഥാനില്‍ അടിക്കടി ചെയ്യുന്നതും ഖലീഫയുടെയും മുസ്ലീം സമൂഹത്തിലെ മറ്റ് അതികായന്മാരുടെയും ആദരവിനു പാത്രമാകുന്നതും.
അങ്ങനെ സര്‍വ്വപ്രതാപങ്ങളോടെയും മുഹമ്മദ് ഗസ്‌നി വാഴുന്ന കാലം. ഹിജറാ 415-ാം വര്‍ഷം. സുല്‍ത്താനു മുന്‍പില്‍ ചില പ്രമാണിമാര്‍ ഒരു നിവേദനം സമര്‍പ്പിച്ചു.
ഹിന്ദുസ്ഥാനിലെ ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് ശരീരത്തില്‍നിന്ന് വേര്‍പെടുന്ന ആത്മാവ് സോമനാഥനെ പരിചരിക്കുന്നതിനായി പോകുന്നു; അനന്തരം ഓരോ ആത്മാവും സ്വന്തം ഇഷ്ടപ്രകാരമുള്ള ശരീരം സ്വീകരിക്കുന്നു എന്ന്. മഹാസമുദ്രത്തിലെ ഓരോ വേലിയേറ്റവും ഇറക്കവും സോമനാഥന്റെ പൂജക്കു വേണ്ടിയാണ്. ഹിന്ദുസ്ഥാനിലെ ബ്രാഹ്‌മണര്‍ പറയുന്നത് വിഗ്രഹങ്ങള്‍ നശിപ്പിച്ചതിനെച്ചൊല്ലി സോമനാഥന്‍ സുല്‍ത്താന്റെ നേരെ കൊടിയ അമര്‍ഷം പൂണ്ടിരിക്കുകയാണെന്ന്; കണ്ണുചിമ്മുന്ന സമയംകൊണ്ട് സോമനാഥന് സുല്‍ത്താന്റെ സൈന്യത്തെ നശിപ്പിക്കാന്‍ കഴിയുമെന്ന്. ഹിന്ദുക്കളുടെ മറ്റൊരു വിശ്വാസം സോമനാഥന്‍ ഒരു രാജാവാണെന്നും മറ്റെല്ലാ വിഗ്രഹങ്ങളും ആ രാജാവിന്റെ ദ്വാരപാലകരും പാറാവുകാരും ആണെന്നുമാണ്.
തന്നെപ്പോലൊരു ‘സത്യവിശ്വാസിക്ക്’ ഹിന്ദുക്കളുടെ ഈ അപഥസഞ്ചാരം എങ്ങനെ പൊറുക്കാന്‍ കഴിയും! സോമനാഥം തകര്‍ക്കുക എന്നുതന്നെ സുല്‍ത്താന്‍ തീരുമാനിച്ചു. അവിശ്വാസികളുടെ ക്ഷേത്രവും നഗരവും തകര്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ തനിക്കായി അതിലും മികച്ച നഗരം കരുതപ്പെട്ടിരിക്കും. പക്ഷേ സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള കരുതല്‍ മാത്രം പോരല്ലോ. തന്റെ ഗസ്‌നി നഗരത്തെ സ്വര്‍ഗ്ഗപുരിയാക്കാന്‍ എന്തൊക്കെ സ്വത്ത് സോമനാഥത്തില്‍ നിന്നു ലഭിക്കും? ചാരന്മാര്‍ കൊണ്ടുവന്ന വര്‍ത്തമാനം സുല്‍ത്താനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സ്വര്‍ണത്തിന്റെയും അമൂല്യ രത്‌നങ്ങളുടെയും കലവറയാണത്രെ സോമനാഥം. മുഹമ്മദീയര്‍ക്കു മെക്കപോലെ തന്നെ ഹിന്ദുക്കള്‍ക്കു മുഖ്യമായ ആരാധനാസ്ഥലം. അവിടെനിന്നു കിട്ടാന്‍ പോകുന്ന നിധികളോര്‍ത്ത് സുല്‍ത്താന്റെ രാത്രികള്‍ നിദ്രാവിഹീനങ്ങളായി. ഹിന്ദുക്കള്‍ക്ക് കൃഷ്ണന്‍ എന്നാല്‍ ആരാണെന്ന് മഥുര തകര്‍ത്തപ്പോള്‍ സുല്‍ത്താനു മനസ്സിലായിട്ടുണ്ട്. ആ കൃഷ്ണന്റെ കാലംമുതല്‍ സോമനാഥം ഉണ്ടത്രെ. കൃഷ്ണന്‍ സോമനാഥത്തില്‍ നിന്നാണു സ്വര്‍ഗ്ഗത്തിലേയ്ക്കു പോയതെന്നും പണ്ഡിതന്മാര്‍ സുല്‍ത്താനെ ധരിപ്പിച്ചു. 4000 വര്‍ഷമെങ്കിലും പഴക്കമുള്ള ക്ഷേത്രം. അത്രയും കാലം ഭക്തന്മാര്‍ നിക്ഷേപിച്ച ധനമത്രയും ക്ഷേത്രത്തിലെ നിലവറകളില്‍ ഉണ്ടായിരിക്കും!
പക്ഷേ സോമനാഥം വളരെ ദൂരെയാണ്. രണ്ടുമാസമെങ്കിലും തുടര്‍ച്ചയായി പട നീങ്ങേണ്ടിവരും. (ഏകദേശം 2500 കിലോമീറ്റര്‍). ഏതു പരിതഃസ്ഥിതിയിലും പിടിച്ചുനില്ക്കാന്‍ കഴിവുള്ള, കൊടുംമരുഭൂമിയുടെ പീഡനങ്ങളില്‍ ജനിച്ചു വളര്‍ന്ന പ്രാകൃത സമൂഹത്തില്‍ നിന്നുതന്നെ സുല്‍ത്താന്‍ ഈ ദൗത്യത്തിനുള്ള കിരാതസൈന്യത്തെ തിരഞ്ഞെടുത്തു. പതിവുപോലെ ഖൊറാസാന്‍, തുര്‍ക്കി, ട്രാന്‍സോക്‌സിയാന… അങ്ങനെ. തന്റെ സൈന്യത്തെ കാണുമ്പോള്‍ തന്നെ എതിരാളിയുടെ പകുതി ജീവന്‍ പോകണം. മരുഭൂമിയിലെ കൊടുംചൂടില്‍ കരിഞ്ഞ മുഖചര്‍മ്മവും ചകിരിപോലെ ഉണങ്ങിയ താടിമീശയും പറ്റെവടിച്ച ശിരസ്സും. അടരുകളായി കക്കപിടിച്ച പല്ലുകള്‍. രാക്ഷസീയമായ ഉയരവും തടിച്ച ശരീരവും. തണുപ്പിനെ പ്രതിരോധിക്കാന്‍ ശരീരമാസകലം കനത്തില്‍ പൂശുന്ന ആട്ടിന്‍കൊഴുപ്പ്. ഒരിക്കലും കുളിക്കാത്തതിനാല്‍ കൊഴുപ്പിന്റെ നിരവധി അടരുകള്‍കൊണ്ട് ശരീരം പൊതിഞ്ഞിരിക്കും. അങ്ങനെ ഒരു ലക്ഷം ഭീകര ജീവികള്‍. അതില്‍ 30,000 കുതിരപ്പടയാണ്. കനലു പെയ്തിറങ്ങുന്ന വേനല്‍ ചൂടില്‍ ഹിന്ദുക്കുഷ് പര്‍വ്വതങ്ങളിലൂടെ ചാടിക്കടക്കുമ്പോള്‍ ഒന്നു കിതയ്ക്കുകപോലും ചെയ്യാത്ത അറബിക്കുതിരകള്‍.
ഷാ അബാന്‍ Shaaban Month) മാസത്തിലെ 10-ാം ദിവസം സുല്‍ത്താന്റെ സൈന്യം ഗസ്‌നിയില്‍നിന്നു പുറപ്പെട്ടു. കൂടുതല്‍ അടിമകളും കൂടുതല്‍ സമ്പത്തും ഗസ്‌നിയില്‍ വന്നിറങ്ങുന്നത് നാട്ടുകാര്‍ക്ക് വലിയ താല്പര്യമാണ്. സുല്‍ത്താന്റെ സൈന്യം കൊണ്ടു വരുന്ന കൊള്ളമുതല്‍ പെട്ടെന്ന് മാര്‍ക്കറ്റില്‍ നിറയും. വലിയ കച്ചവടം പ്രതീക്ഷിച്ച് സമ്പന്നരായ ഗോത്രത്തലവന്മാര്‍ ഗസ്‌നിയില്‍ വന്നു കാത്തുകിടക്കും. അവരുടെ താമസം, ഭക്ഷണം, വസ്ത്രം, കുതിരകള്‍ക്കുള്ള തീറ്റ അങ്ങനെ നാനാവിധത്തില്‍ ഗസ്‌നിയില്‍ പണം പെരുകും. സുന്ദരികളായ ഹിന്ദു അടിമകളെ എന്തു വിലകൊടുത്തും വാങ്ങാനുള്ള കങ്കാണിമാര്‍ ഗസ്‌നിയില്‍ തമ്പടിക്കും. ബാഗ്ദാദ്, ഈസ്താംബൂള്‍, ഇറാന്‍ തുടങ്ങിയ വിദൂര നഗരങ്ങളിലേയ്ക്കും അടിമപ്പെണ്‍കൊടിമാരെ ലേലം ചെയ്തുകൊടുക്കുന്നത് ഗസ്‌നിയില്‍ നിന്നാണ്.
റമസാന്‍ മാസം 15-ന് സുല്‍ത്താന്റെ സൈന്യം മുള്‍ട്ടാനിലെത്തി. (പൗരാണിക ഭാരതത്തിന് എന്നും അഭിമാനമായിരുന്ന സൂര്യക്ഷേത്രം നിലനിന്നിരുന്ന സ്ഥലം. മുഹമ്മദ് ബിന്‍ ക്വാസിം ഈ ക്ഷേത്രം തകര്‍ത്തപ്പോള്‍ അതിന്റെ നിലവറയില്‍ നിന്ന് 13,300 മൗണ്ട് സ്വര്‍ണ്ണം അടങ്ങിയ 330 പെട്ടികള്‍ കണ്ടെടുത്തു. ഒരു മൗണ്ട് 37 കിലോഗ്രാം. ക്വാസിം ഇറാക്കിലെ ബസ്രയിലേയ്ക്കു കടത്തിയ സ്വര്‍ണത്തിന്റെ തൂക്കം 4,62685 കിലോഗ്രാം). തന്റെ വമ്പന്‍ സൈന്യത്തിനു വേണ്ടതെല്ലാം അവിടെനിന്നു കൊള്ള ചെയ്‌തെടുത്തു. ഒടുവില്‍ സുല്‍ത്താന്‍ പറഞ്ഞു:
”ഇനിയങ്ങോട്ട് രാജസ്ഥാനിലെ താര്‍ മരുഭൂമിയിലൂടെയാണ് പോകേണ്ടത്. എല്ലാവരും അവരവര്‍ക്കുവേണ്ട ജലം, ഭക്ഷണം എന്നിവ കരുതണം. കുതിരകള്‍ക്കും ഒട്ടകങ്ങള്‍ക്കും വേണ്ട തീറ്റയും ഇവിടെനിന്നു ശേഖരിക്കുക.””
പെട്ടെന്നുതന്നെ മുള്‍ട്ടാനിലെ ധാന്യക്കടകളൊക്കെ കൊള്ളചെയ്യപ്പെട്ടു. ഉണങ്ങിയ കാളത്തോല്‍ തുന്നിച്ചേര്‍ത്ത് അതിനുള്ളില്‍ ജലം നിറച്ച് ഒട്ടകപ്പുറത്തു കയറ്റി. വിളഞ്ഞതും വിളയാത്തതുമായ ഗോതമ്പുപാടങ്ങളിലെ തൈകള്‍ ചുവടുചേര്‍ത്തു മുറിച്ച് കറ്റകളായി കെട്ടി. ഇപ്രകാരം 20,000 ഒട്ടകങ്ങളുടെ പുറത്ത് പുല്ലും വെള്ളവും നിറച്ചുകൊണ്ട് സുല്‍ത്താന്‍ മരുഭൂമിയിലൂടെ യാത്ര തുടര്‍ന്നു.
വഴിയിലുള്ള സകല ജീവജാലങ്ങളെയും ഹിംസിച്ചുകൊണ്ടാണ് സൈന്യത്തിന്റെ യാത്ര. മരുപ്പച്ചകളില്‍ കാണുന്ന ചെറിയ ഗ്രാമങ്ങളില്‍ കൂട്ട ബലാല്‍സംഗവും കൊള്ളയും കൊലയും അരങ്ങേറി. അങ്ങനെ സൈന്യം രാജസ്ഥാനിലെ അജ്മീറിലെത്തി. തന്റെ സൈന്യത്തിനു കാര്യമായ കേടൊന്നും വരുത്താതെ ഇതുവരെ എത്തിച്ചതിന് സുല്‍ത്താന്‍ അള്ളാഹുവിനു നന്ദിപറഞ്ഞു.
ദുര്‍ബ്ബലനായ ഒരു നാട്ടുരാജാവാണ് അന്ന് അജ്മീര്‍ ഭരിച്ചിരുന്നത്. അപ്രതീക്ഷിതമായി അണക്കെട്ടു പൊട്ടിവരുന്ന മലിനജലം പോലെ തന്റെ നഗരവീഥികളാകെ ഒരു പ്രാകൃതസൈന്യം നിറയുന്നതുകണ്ട് രാജാവ് ഓടിയൊളിച്ചു. പ്രതിരോധമില്ലാതെ നഗരം തന്റെ മുന്‍പില്‍ തുറന്നു കിടക്കുന്നതു കണ്ട് സുല്‍ത്താനു ലഹരിപിടിച്ചു. തന്റെ കിരാതക്കുട്ടികള്‍ അല്പം സന്തോഷിക്കട്ടെ എന്ന് അദ്ദേഹം കരുതി. സൈന്യം സ്ത്രീകളെത്തേടി ഭവനങ്ങളിലേക്ക് ഇരച്ചുകയറി. തുടര്‍ന്ന് പരക്കെ കൂട്ടക്കൊല നടന്നു. ഒടുവില്‍ അജ്മീര്‍ നഗരത്തില്‍ നിന്നു കിട്ടാവുന്നത്ര കൊള്ളമുതലുകള്‍ ശേഖരിച്ചു.
ഇനി രാജസ്ഥാന്‍ മരുഭൂമിയിലൂടെ തന്നെയാണു യാത്ര. ചെറിയ ഹിന്ദു രാജാക്കന്മാര്‍ മാര്‍ഗ്ഗമദ്ധ്യേ ധാരാളം കാണും. ഒന്നും വെറുതെ വിടേണ്ട.” സുല്‍ത്താന്‍ നിര്‍ദ്ദേശിച്ചു.
രാജസ്ഥാനില്‍ രണശൂരന്മാരായ രജപുത്ര രാജാക്കന്മാര്‍ ഏറെയുണ്ടായിരുന്ന കാലം. ഒരു പ്രഭാതത്തില്‍ കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍നിന്നു നോക്കുമ്പോള്‍ അവര്‍ കാണുന്നത് ലക്ഷക്കണക്കിനുവരുന്ന കിരാതസൈന്യം മരുഭൂമി നിറഞ്ഞുകവിഞ്ഞു വരുന്നതാണ്. കൈവശമുള്ള ചെറുസൈന്യത്തെയും കൂട്ടി വിഫലമായ പ്രത്യാക്രമണം നടത്തിയ ഓരോ രാജാവും ബലിദാനിയായി. അവിടെനിന്നൊക്കെ ഗസ്‌നി സൈന്യത്തിന് വേണ്ടതൊക്കെ വേണ്ടതിലധികം കിട്ടിക്കൊണ്ടിരുന്നു.
തുടര്‍ന്ന് സുല്‍ത്താനും സൈന്യവും നഹ്ര്‍വാലയില്‍ (Nahrwala – ഇന്നത്തെ ഗുജറാത്ത്) എത്തി. സോളങ്കി രാജവംശത്തിലെ ഭീമനാണ് അന്ന് ഗുജറാത്തിലെ രാജാവ്. യാതൊരു മുന്‍കരുതലിനും അദ്ദേഹത്തിന് അവസരം ഉണ്ടായിരുന്നില്ല. കടല്‍ത്തീര രാജ്യമായ ഗുജറാത്ത് അതിന്റെ ശത്രുക്കളെ പ്രതീക്ഷിച്ചത് കടലില്‍നിന്നാണ്. കരമാര്‍ഗ്ഗം ഇങ്ങനെയൊരു രാക്ഷസത്തിരമാല അടിച്ചുകയറുമെന്നു പ്രതീക്ഷിക്കാത്ത ഭീമന്‍രാജാവ് കുടുംബസഹിതം എങ്ങോട്ടോ ഓടിയൊളിച്ചു.
ഗസ്‌നി സുല്‍ത്താന്റെ സൈന്യത്തിന് എല്ലാത്തരം തേര്‍വാഴ്ചയ്ക്കും അവസരം തുറന്നിട്ടുകൊണ്ട് ഗുജറാത്ത് നഗരം നഗ്നമായി കിടന്നു. ആ നാട്ടിലെ സാധുക്കളായ ഹിന്ദുജനത ആ ദിവസങ്ങളില്‍ എന്തൊക്കെയാകും അനുഭവിച്ചിട്ടുണ്ടാകുക! ഗസ്‌നി സുല്‍ത്താന്‍ എന്ന മഹാമാരിയെ എന്തുകൊണ്ട് ഇന്ത്യന്‍ രാജാക്കന്മാര്‍ക്കു തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ല എന്നൊരു ചോദ്യമുണ്ട്. അതിനുത്തരം പറയാം. ഹിന്ദുക്കുഷ് പര്‍വ്വതനിരകള്‍ എന്നും ഭാരതത്തെ അതിനപ്പുറമുള്ള മരുപ്രദേശങ്ങളിലെ കിരാത ഗോത്രങ്ങളില്‍നിന്നു സംരക്ഷിച്ചുനിര്‍ത്തി. 800 കിലോമീറ്റര്‍ നീളവും 240 കിലോമീറ്റര്‍ വീതിയും വരുന്ന ഈ പര്‍വ്വത ദുര്‍ഗ്ഗത്തിനപ്പുറത്ത് ഇത്രയും സമ്പല്‍സമൃദ്ധമായ ഒരു ലോകമുണ്ടെന്ന് മരുഭൂമിയിലെ കിരാതമൂര്‍ത്തികള്‍ അറിഞ്ഞില്ല. ഒടുവില്‍ ഖൈബര്‍ ചുരത്തിലൂടെ അരിച്ചിറങ്ങിവന്ന മരുഭൂമി ഗോത്രങ്ങള്‍ പഞ്ചാബിന്റെ ഹരിതാഭയും ജനങ്ങളുടെ സമ്പത്തും സൗന്ദര്യവും കണ്ട് അന്ധാളിച്ചുപോയി. ഭൂമിയിലെ സ്വര്‍ഗ്ഗമായി തോന്നിയ ഭാരതത്തെ കീഴടക്കാന്‍ അവര്‍ ഒന്നിച്ചുകൂടി. കനിവില്ലാത്ത കാലാവസ്ഥയില്‍ ജീവിച്ചുവളര്‍ന്ന ആ മനുഷ്യര്‍ക്ക് ഏതു മൃഗീയതയും പ്രയോഗിക്കാന്‍ മടിയുണ്ടായില്ല. കുടിപ്പക തീര്‍ക്കാന്‍ പരസ്പരം ചെറിയ യുദ്ധങ്ങളില്‍ മാത്രം ഏര്‍പ്പെട്ടു ശീലിച്ചിട്ടുള്ള ഇന്ത്യന്‍ രാജാക്കന്മാര്‍ക്ക് ചെന്നായ്ക്കളുടെ ക്രൗര്യവും അന്തമില്ലാത്ത ആള്‍ശേഷിയുമുള്ള മുസ്ലീം സൈന്യത്തെ നേരിടാന്‍ കഴിഞ്ഞില്ല. ഓരോ ഹിന്ദുവിനെ കൊല്ലുമ്പോഴും ദൈവം അതിനുള്ള പ്രതിഫലം തരുമെന്ന് മുസ്ലീം പോരാളികള്‍ വിശ്വസിച്ചു. അവിശ്വാസികളെ കൊല്ലുകയോ ലൈംഗികമായി പീഡിപ്പിക്കുകയോ ചെയ്യുന്നതില്‍ യാതൊരു കുറ്റബോധവും അവരുടെ മതവിശ്വാസം അവരുടെ മുന്‍പില്‍ നിരത്തിയില്ല. എന്നാല്‍ ഇന്ത്യയില്‍ യുദ്ധത്തിനു ധാര്‍മ്മിക നിയമങ്ങളുണ്ടായിരുന്നു. നിരായുധനായ ശത്രുവിനെ ഇന്ത്യക്കാര്‍ ആക്രമിക്കുകയില്ല. സൂര്യാസ്തമയത്തിനു ശേഷം യുദ്ധമില്ല. തോല്‍വി സമ്മതിച്ച ശത്രുവിനെ അതിഥിയെപ്പോലെ കണക്കാക്കും. ശത്രുവിന്റെ സ്ത്രീകളെ അമ്മയെപ്പോലെയോ സഹോദരിയെപ്പോലെയോ കണക്കാക്കും. ആയിരക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ട് ഭാരതസൈനികര്‍ ശീലമാക്കിയ ധാര്‍മ്മിക നിയമങ്ങള്‍ ഖൈബര്‍ ചുരം ഇറങ്ങിവന്ന കാട്ടുനായ്ക്കളുടെ മുന്‍പില്‍ ചെലവായില്ല. കൂടാതെ, ഭാരതത്തിലെ രാജാക്കന്മാര്‍ അക്കാലത്ത് വാളും കുന്തവും തേരും ഒക്കെയാണ് യുദ്ധത്തിനുപയോഗിച്ചിരുന്നത്. അന്ന് തോക്കു കണ്ടുപിടിച്ചിരുന്നില്ലെങ്കില്‍പോലും ശിലാതൈലം (Naphta) പോലുള്ള അതിജ്വലന ശേഷിയുള്ള വസ്തുക്കള്‍ മുസ്ലീം സൈന്യം ഉപയോഗിച്ചു. നാഫ്തയില്‍ മുക്കി തീ കൊളുത്തിയ അമ്പുകള്‍ തീപ്പക്ഷികളായി പറന്നു വീഴുമ്പോള്‍ ഹിന്ദുരാജാവിന്റെ കുതിരകള്‍ പരക്കം പാഞ്ഞു. മുഹമ്മദ് ഗസ്‌നി പലപ്പോഴും തീകൊണ്ടു കളിച്ചു വിജയം നേടി. നാഫ്തയില്‍ മുക്കി തീകൊളുത്തിയ പരുത്തിഗോളങ്ങള്‍ ശരീരത്തില്‍ പതിക്കുമ്പോള്‍ ഹിന്ദുരാജാവിന്റെ ആനകള്‍ സ്വന്തം അണികളെ ചവുട്ടിഞെരിച്ചുകൊണ്ട് തിരിഞ്ഞോടി.
അങ്ങനെ സകല പ്രതിബന്ധങ്ങളെയും ചിതല്‍പുറ്റുപോലെ ചവിട്ടിനിരത്തി 2,500 കിലോമീറ്റര്‍ സഞ്ചരിച്ചുവന്ന സുല്‍ത്താന്റെ സൈന്യം ഗുജറാത്ത് നഗരത്തില്‍ ആമോദിച്ചു രസിച്ചു. അടുത്ത പ്രഭാതത്തില്‍ സുല്‍ത്താന്‍ സൈന്യസമേതം സോമനാഥത്തിലേയ്ക്കു പുറപ്പെട്ടു.
കൂറ്റന്‍ പെരുമ്പറകളടിച്ച് അന്തരീക്ഷത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും കറുത്ത കൊടികള്‍ വീശി അള്ളാഹു അക്ബര്‍ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടും ഗസ്‌നിസൈന്യം ക്ഷേത്രത്തെ ചുറ്റുന്ന കോട്ടയെ സമീപിച്ചു. പരുന്തുകള്‍ പറന്നിരിക്കുന്ന അത്രയും ഉയരമുള്ള കോട്ട എന്ന് സുല്‍ത്താന്‍ അത്ഭുതം കൂറിയതായി ചരിത്രകാരന്‍ അല്‍ബറൂണി എഴുതുന്നു.
വലിയ ബഹളം കേട്ട് ക്ഷേത്രത്തിലെ ബ്രാഹ്‌മണര്‍ കോട്ടമുകളില്‍ നിരന്നു. ചുറ്റോടുചുറ്റും പടര്‍ന്നു നില്ക്കുന്ന കരിമഷിയുടെ നിറമുള്ള കൊള്ളക്കൂട്ടം. എണ്ണിയാലൊടുങ്ങാത്ത രൗദ്രമൂര്‍ത്തികള്‍ ഉച്ചത്തില്‍ അസഭ്യങ്ങള്‍ വിളിച്ചു പറഞ്ഞു. ബ്രാഹ്‌മണര്‍ക്ക് ഒന്നും മനസ്സിലായില്ല. കോട്ടയുടെ ചുവട്ടിലെത്തി മുകളിലേയ്ക്കു നോക്കിയ കൊള്ളക്കൂട്ടത്തോട് അവര്‍ പറഞ്ഞു.
“ഇത് സോമനാഥന്റെ ക്ഷേത്രമാണ്. അനേകം ക്ഷേത്രങ്ങളില്‍നിന്ന് മുഹമ്മദ് ഗസ്‌നി വിഗ്രഹങ്ങള്‍ മോഷ്ടിച്ചെടുത്തു നശിപ്പിച്ചതായി ഭഗവാന്‍ സോമനാഥനറിയാം. അവിടുന്ന് വളരെ കോപിഷ്ഠനാണ്. കണ്ണൊന്നു ചിമ്മിയാല്‍ നിങ്ങളൊക്കെ ഭസ്മമാകും. അതുകൊണ്ട് വേഗം സ്ഥലം വിടുക.”
ഗസ്‌നിസൈന്യം പരിഹസിച്ച് കൂവിവിളിച്ചു. കറുത്ത കൊടികള്‍വീശി അള്ളാഹു അക്ബര്‍ വിളിച്ചുകൊണ്ട് സുല്‍ത്താന്റെ ആയിരം അമ്പെയ്ത്തുകാര്‍ മുന്‍നിരയിലേയ്ക്കു തള്ളിക്കയറിവന്നു. അവര്‍ ഇരുമ്പുമുന ഘടിപ്പിച്ച അമ്പുകള്‍ കാതോളം വലിച്ച് മുകളിലേയ്ക്കു തൊടുത്തുവിട്ടു. താഴേയ്ക്കു നോക്കിക്കൊണ്ടുനിന്ന ബ്രാഹ്‌മണരുടെ കഴുത്തിലും കണ്ണിലും നെഞ്ചിലും അമ്പുകള്‍ തുളച്ചു കയറി. കഴുത്തില്‍ അമ്പുകയറിയവരുടെ ജഡം, തലയും കൈകളും പുറത്തേയ്ക്കു തൂക്കിയിട്ട്, കോട്ടമതിലിനു മുകളില്‍ കമിഴ്ന്നു കിടന്നു. ചോരച്ചാലുകള്‍ മതിലിലൂടെ താഴേയ്‌ക്കൊഴുകി. മരണത്തിന്റെ മുഖം തൊട്ടടുത്തു കണ്ടപ്പോള്‍ അവശേഷിച്ച ബ്രാഹ്‌മണര്‍ കോട്ടയ്ക്കുള്ളിലേക്കു വലിഞ്ഞു.
കോട്ടയ്ക്കുള്ളില്‍ ജനക്കൂട്ടം തിങ്ങി നില്ക്കുകയാണ്. മഹാമാരിപോലെ സുല്‍ത്താന്റെ സൈന്യം വരുന്നുവെന്നും രാജാവ് ഉപേക്ഷിച്ചുപോയെന്നും അറിഞ്ഞ് ആശയറ്റ ജനം സ്ത്രീകളും കുഞ്ഞുങ്ങളും സഹിതം കോട്ടയ്ക്കുള്ളില്‍ ഓടിക്കയറി കോട്ടവാതില്‍ അടച്ചു.
അകത്ത് നിരായുധരായ ജനങ്ങളാണുള്ളതെന്നും ഒരു സൈന്യവും തന്നെ ആക്രമിക്കാന്‍ എത്തുകയില്ലെന്നും സുല്‍ത്താനു മനസ്സിലായി. എതിര്‍പ്പില്ലാതെ വിജയം കൈവന്നിരിക്കുന്നു. സുല്‍ത്താന്‍ നിലത്തു കംബളം വിരിച്ച് അതിന്മേല്‍ മുട്ടുകുത്തിനിന്ന് നമസ്‌കാരം പറഞ്ഞു.
പ്രാര്‍ത്ഥന കഴിഞ്ഞ് വെളിപാടുപോലെ സുല്‍ത്താന്‍ പറഞ്ഞു.
കോട്ടമതിലില്‍ ഗോവണികള്‍ ചാരി കയറുക.” ഉത്തരവു കിട്ടിയ നിമിഷം ഗോവണികളെത്തി. കിരാത സൈന്യം കൊലവിളികളോടെ മുകളിലേക്കു കയറി. പക്ഷേ ഒരാള്‍ക്കും കോട്ടയ്ക്കു മുകളില്‍ കാലുറപ്പിക്കാന്‍ കഴിഞ്ഞില്ല. കോട്ടയ്ക്കുള്ളിലുള്ള സാധാരണ ജനങ്ങള്‍ കൈയില്‍ കിട്ടിയ എല്ലാ ആയുധങ്ങളും ഉപയോഗിച്ച് കിരാത സൈന്യത്തെ എതിര്‍ത്തു. കോട്ടമുകളില്‍ അവര്‍ ജീവന്‍ കളയാന്‍ തയ്യാറായി നിലയുറപ്പിച്ചു. അവരില്‍ അനേകം പേര്‍ക്കു ജീവഹാനിയുണ്ടായി. അമ്പുതുളച്ചുകയറി പരുക്കേറ്റവര്‍ ധാരാളം. അന്നു വൈകുന്നേരംവരെ ബലപരീക്ഷണം തുടര്‍ന്നു. പക്ഷേ സുല്‍ത്താന്റെ സൈന്യത്തിന് കോട്ടയ്ക്കു പുറത്തുതന്നെ നില്‌ക്കേണ്ടിവന്നു.
സന്ധ്യാനമസ്‌കാരത്തിന് കോട്ടയ്ക്കുള്ളില്‍ മണികള്‍ മുഴങ്ങി. സഹസ്രക്കണക്കിനു ദീപങ്ങള്‍ തെളിഞ്ഞുനിന്നു. ആയിരക്കണക്കിനു മണികള്‍ ഒരേസമയം മുഴങ്ങിയപ്പോള്‍ പുറത്തുനിന്നു തക്ബീര്‍ വിളികൊണ്ടു മണിയൊച്ച മൂടാന്‍ സുല്‍ത്താന്റെ സൈന്യം ശ്രമിച്ചു.
കോട്ടയ്ക്കുള്ളില്‍ വേണ്ടത്ര ഭക്ഷണസാധനങ്ങള്‍ കരുതിയിരുന്നില്ല. വെള്ളവും കുറവായിരുന്നു. വിശന്നു പൊരിഞ്ഞ കുഞ്ഞുങ്ങള്‍ കരഞ്ഞുകൊണ്ടു പാഞ്ഞുനടന്നു. ആശയറ്റ ജനങ്ങള്‍ ശ്രീകോവിലിനുചുറ്റും നിന്ന് കണ്ണീരൊഴുക്കി വിലപിച്ചു. ദീപവുമായി ഇറങ്ങിവന്ന പൂജാരിയുടെ ചുറ്റും ജനങ്ങള്‍ തിക്കിത്തിരക്കി. എന്തെങ്കിലും ശുഭകരമായ ഒരടയാളം? പൂജാരി ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു നില്ക്കുന്നത് ജനങ്ങള്‍ കണ്ടില്ല.
പുറത്തേയ്ക്കു നീങ്ങാന്‍ അനുവദിക്കാതെ വേലിക്കെട്ടുപോലെ ജനം വളഞ്ഞുനിന്നപ്പോള്‍ പൂജാരി പറഞ്ഞു.
“ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ശരമേറ്റു വീഴുംമുന്‍പ് രാവണന്‍ എത്ര കൂട്ടക്കൊലകള്‍ നടത്തി. ഒടുവില്‍ ഭഗവാന്‍ അവനെ വധിക്കുകതന്നെ ചെയ്തു.”
ജനത്തിന് അത്രയും മതിയായിരുന്നു. അവര്‍ ആശ്വാസത്തോടെ പിരിഞ്ഞു.
സോമനാഥ ക്ഷേത്രത്തിലെ കൂട്ടക്കൊല
രാത്രിയുടെ മറവില്‍ സുല്‍ത്താന്റെ സൈന്യം കോട്ടമുകളിലൂടെ വന്നേക്കുമെന്നു കരുതി ജനങ്ങള്‍ വെളുക്കുവോളം കാവല്‍കിടന്നു. അങ്ങനെ രണ്ടുമൂന്നു ദിവസങ്ങള്‍ കടന്നുപോയി. പ്രത്യാശനശിച്ച മറ്റൊരു പ്രഭാതംകൂടി ഉണര്‍ന്നു. അപ്പോള്‍ ദൂരെനിന്ന് ഭേരീനാദം കേട്ട് ജനങ്ങള്‍ കോട്ടമുകളിലേയ്ക്കു ഓടിക്കയറി. ഹിന്ദുസൈന്യത്തിന്റെ രണഭേരി! നമ്മുടെ സൈന്യം വരുന്നു. ഓരോ ഹിന്ദുവിന്റെ മുഖത്തും പണ്ടെങ്ങോ മറന്നുപോയ ചിരി വീണ്ടും വിടര്‍ന്നു. നോക്കിനില്‌ക്കെ ഒരു വന്‍സൈന്യം വന്നു കൊണ്ടിരുന്നു. കോട്ടയെ ചുറ്റിനില്ക്കുന്ന സുല്‍ത്താന്റെ സൈന്യത്തിന് പുറംവലയം പോലെ പരമാര വംശത്തിലെ ഭോജരാജാവിന്റെ സൈന്യം വന്നു. അപ്രതീക്ഷിതമായി ഒരു ഹിന്ദു സൈന്യത്തിന്റെ സാന്നിദ്ധ്യം സുല്‍ത്താനെ അസ്വസ്ഥനാക്കി. അദ്ദേഹം ഉടന്‍തന്നെ കോട്ട ഉപരോധിക്കാന്‍ ഒരു ചെറിയ സൈന്യത്തെ നിര്‍ത്തിയശേഷം വന്‍ സൈന്യവുമായി ഹിന്ദുസേനയെ എതിര്‍ക്കാനായി പുറപ്പെട്ടു. പരമാര രാജാവിന്റെ ഹിന്ദുസൈന്യം ആദ്യം പകച്ചുനിന്നു. എതിരാളികള്‍ മനുഷ്യര്‍തന്നെയാണോ എന്ന് അവര്‍ സംശയിച്ചു. ഇന്ത്യയിലൊരിടത്തും ഇത്രയും പ്രാകൃതരായ ഒരു സൈന്യത്തെ അവര്‍ കണ്ടിട്ടില്ല. തക്ബീര്‍ വിളിയോടെ സുല്‍ത്താന്റെ സൈന്യം മുമ്പോട്ടുകുതിച്ചു. ഇരു സൈന്യങ്ങളും അഭിമുഖം നിന്നു. ആനപ്പുറത്തിരുന്ന ഭോജരാജാവ് കുന്തമെറിഞ്ഞ് ഒരു തുര്‍ക്കിയുടെ നെഞ്ചു തുളച്ചതോടെ യുദ്ധം ആരംഭിച്ചു.
സ്വന്തം രാജ്യവും മതവും കുടുംബവും സംരക്ഷിക്കാനുള്ള യുദ്ധത്തില്‍ ഓരോ ഹിന്ദു സൈനികനും ചാവേറായി. ഇരമ്പിവരുന്ന കൊടുങ്കാറ്റുപോലെ അവര്‍ വീശിയടിച്ചപ്പോള്‍ കണക്കില്ലാതെ ഗസ്‌നി ജഡങ്ങള്‍ പടക്കളത്തില്‍ വീണു. ഉണങ്ങിയ പാടത്ത് ചിതറിക്കിടക്കുന്ന തണ്ണിമത്തങ്ങപോലെ ഗസ്‌നിപ്പോരാളികളുടെ പറ്റെ ക്ഷൗരം ചെയ്ത ശിരസ്സുകള്‍ ചിതറിക്കിടന്നു. പരുക്കേറ്റുവീണ ഗസ്‌നിപ്പോരാളികളുടെ നെഞ്ചില്‍ കുന്തം കുത്തി താഴ്ത്തിക്കൊണ്ട് ഒരു സംഘം ഹിന്ദുപോരാളികള്‍ സഞ്ചരിച്ചു.
യുദ്ധം കൈവിട്ടു പോകുന്നത് സുല്‍ത്താന്‍ കണ്ടു. 2,500 നാഴിക സഞ്ചരിച്ച് ഈ ദുനിയാവിന്റെ കോണില്‍ വന്നിരിക്കുന്നത് അവിശ്വാസികളുടെ ഒരു ക്ഷേത്രമുറ്റത്ത് കാളയെപ്പോലെ കശാപ്പു ചെയ്യപ്പെടാനോ! ഇപ്പോഴും തന്റെ സൈന്യത്തിനാണ് അംഗബലം. കൂടുതല്‍ കരുത്തുള്ളത് തന്റെ കുതിരകള്‍ക്കും സൈനികര്‍ക്കുമാണ്. അപ്പോള്‍പിന്നെ തോല്‍വിക്കു കാരണം മനോബലം കുറഞ്ഞതാണ്. സോമനാഥന്റെ ക്ഷേത്രത്തിലെ കൂട്ടമണിയടിയും ദീപക്കാഴ്ചകളും ഒരു ശാപംപോലെ സൈന്യത്തിന്റെ മനസ്സ് കെടുത്തിയിട്ടുണ്ട്. ജയിക്കണമെങ്കില്‍ അതിനു പരിഹാരം ചെയ്യണം.
സുല്‍ത്താന്‍ കുതിരപ്പുറത്തുനിന്നു ചാടിയിറങ്ങി. കുതിരപ്പുറത്തെ ഭാണ്ഡം തുറന്ന് അതില്‍നിന്ന് അബുള്‍ ഹസ്സന്‍ ഘര്‍ക്കാനി (Abul Hassan Kharkani) എന്ന പുണ്യവാളന്റെ മേല്‍ക്കുപ്പായം പുറത്തെടുത്തു. (ഖൊറാസാനിലെ ഒരു സൂഫി പുണ്യവാളനാണ് ഇദ്ദേഹം. മുഹമ്മദ് ഗസ്‌നിയെപ്പോലെ മുസ്ലീം ലോകത്തെ അതികായന്മാരൊക്കെ ഉപദേശങ്ങള്‍ക്കും ആശീര്‍വാദത്തിനുമായി ഇദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ട്). ആ പുറം കുപ്പായം ധരിച്ചുകൊണ്ട് സുല്‍ത്താന്‍ വലിയൊരു ശബ്ദം പുറപ്പെടുവിച്ചു. ഗസ്‌നിസൈന്യം ഭയന്ന് സുല്‍ത്താനു ചുറ്റും കാതോര്‍ത്തുനിന്നു. എന്തോ സംഭവിക്കാന്‍ പോകുകയാണ്. ഘര്‍ക്കാനിയുടെ മേല്‍ക്കുപ്പായം അസാധാരണ സാഹചര്യത്തില്‍ മാത്രമെ സുല്‍ത്താന്‍ ധരിക്കാറുള്ളു.
അബുള്‍ ഹസ്സന്‍ ഘര്‍ക്കാനിയിലൂടെ പരമകാരുണികനായ തമ്പുരാനോടു സുല്‍ത്താന്‍ സംസാരിക്കാന്‍ പോകുന്നു. എല്ലാവരും തലകുനിച്ച് താഴേയ്ക്കു നോക്കി നില്ക്കുക. സേനാധിപന്‍ പറഞ്ഞു.
സുല്‍ത്താന്‍ ഭ്രാന്തമായ സ്വരത്തില്‍ തക്ബീര്‍ വിളിക്കുന്നതും ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിടുന്നതും കേട്ടു. പിന്നെ അസ്പഷ്ടമായ സ്വരത്തില്‍ ആരോടോ സംസാരിക്കുന്നു. അങ്ങനെ കുറച്ചുസമയം. ഒടുവില്‍ സുല്‍ത്താന്‍ അലറി.
സുല്‍ത്താന്‍ ഒരു തീക്കട്ടപോലെ ജ്വലിച്ചു നില്ക്കുകയാണെന്ന് സൈനികര്‍ക്കു തോന്നി. അടുത്ത നിമിഷം സുല്‍ത്താന്‍ ഓടി കുതിരപ്പുറത്തുകയറി ഹിന്ദുസൈന്യത്തിനു നേരെ പറന്നു. സുല്‍ത്താന്റെ കണ്‍കെട്ടുവിദ്യകൊണ്ട് ഊര്‍ജ്ജം കുത്തിനിറക്കപ്പെട്ട ഗസ്‌നിപോരാളികള്‍ സുല്‍ത്താന്റെ ഇരുപാര്‍ശ്വങ്ങളിലും സിംഹങ്ങളുടെ കൂട്ടംപോലെ അലറിപ്പാഞ്ഞുചെന്നു.
പിന്നീടങ്ങോട്ട് യുദ്ധത്തിന്റെ ഗതിമാറി. സുല്‍ത്താന്‍ ദൈവവുമായി സംസാരിച്ചെന്നും സോമനാഥത്തെ ഹിന്ദുക്കളെ മുഴുവനായും നശിപ്പിക്കാന്‍ ദൈവം സുല്‍ത്താനെ ചുമതലപ്പെടുത്തിയെന്നും വാര്‍ത്ത പരന്നു. തോറ്റാല്‍ എല്ലാവര്‍ക്കും ദൈവത്തിന്റെ ശാപം കിട്ടും. ഭയന്നുപോയ ഗസ്‌നികള്‍ ഓരോ ഹിന്ദുസൈനികനെയും വളഞ്ഞുപിടിച്ചുകൊന്നു. സോമനാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള സമതലങ്ങളിലെമ്പാടും ഹിന്ദു സൈനികരുടെ ജഡങ്ങള്‍ നിറഞ്ഞു. യുദ്ധം കഴിഞ്ഞു.
പിറ്റേന്നു താന്‍ പുത്രന്മാരോടും സാമന്തന്മാരോടുമൊപ്പം ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്നും അതിനുമുന്‍പ് ക്ഷേത്രം ശുദ്ധീകരിക്കുമെന്നും സുല്‍ത്താന്‍ വിളംബരം ചെയ്തു. ക്ഷേത്രം ശുദ്ധീകരിക്കുകയെന്നാല്‍ ക്ഷേത്രത്തിലും മതില്‍ക്കെട്ടിനുള്ളിലും തിങ്ങിനിറഞ്ഞു നില്ക്കുന്ന ജനങ്ങളെ കൊന്നുകളയണം എന്നര്‍ത്ഥം. സുല്‍ത്താന്റെ കൊലയാളി സംഘം അങ്ങോട്ടു നീങ്ങി. ഭയംകൊണ്ടും പട്ടിണികൊണ്ടും അവശരായ സ്ത്രീകളും കുഞ്ഞുങ്ങളുമാണ് ക്ഷേത്രത്തിലുണ്ടായിരുന്നവരില്‍ അധികവും. അവരുടെ അംഗസംഖ്യയെപ്പറ്റി വീരസവര്‍ക്കര്‍ ഇപ്രകാരം പറയുന്നു.
”സോമനാഥക്ഷേത്രത്തെ രക്ഷിക്കാന്‍ നടത്തിയ ഈ യുദ്ധത്തില്‍ കുറഞ്ഞപക്ഷം അന്‍പതിനായിരം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു എന്ന് മുസ്ലീം ചരിത്രകാരന്മാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അന്‍പതിനായിരത്തില്‍ ഒരുവനെങ്കിലും ഞാന്‍ മുസ്ലീമാകാന്‍ തയ്യാറാണ് എന്നു പറഞ്ഞിരുന്നെങ്കില്‍ മുസല്‍മാന്മാര്‍ അവന്റെ ജീവന്‍ രക്ഷിക്കുമായിരുന്നു. ഒന്നല്ല, അന്‍പതിനായിരം ഹിന്ദുഭക്തരാണ് ധര്‍മ്മയുദ്ധത്തിന്റെ ബലിപീഠത്തില്‍ ആത്മബലി അര്‍പ്പിച്ചത്.””
ഈ സംഭവത്തെ ജവഹര്‍ലാല്‍ നെഹ്രു തന്റെ ഗ്ലിംപ്‌സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി (Glimpses of World History) എന്ന പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത് എത്ര പുച്ഛത്തോടെയാണെന്നു കാണേണ്ടതുണ്ട്:
”മുഹമ്മദും സൈന്യവും സമീപിച്ചപ്പോള്‍ ആയിരക്കണക്കിനു ജനങ്ങള്‍ ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചു; എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്നും തങ്ങള്‍ ആരാധിക്കുന്ന ദൈവം തങ്ങളെ സംരക്ഷിക്കുമെന്നും അവര്‍ വിശ്വസിച്ചു. വിശ്വാസിയുടെ സങ്കല്പത്തിലല്ലാതെ മറ്റൊരിടത്തും അത്ഭുതങ്ങളൊന്നും സംഭവിക്കാറില്ല. മുഹമ്മദ് ക്ഷേത്രം തകര്‍ത്തു; കൊള്ള ചെയ്തു. ഒരിക്കലും സംഭവിക്കാത്ത അത്ഭുതത്തിനുവേണ്ടി കാത്തിരുന്ന 50,000 മനുഷ്യര്‍ അവിടെ ചത്തൊടുങ്ങി.”’
50,000 മനുഷ്യരെ കൊലചെയ്തത് എങ്ങനെയാണെന്ന് ചരിത്രകാരന്മാരൊന്നും പറഞ്ഞിട്ടില്ല. അത് നമുക്ക് ഊഹിക്കാം. തോക്കും ബോംബും ഇല്ലാത്ത കാലത്ത് വെട്ടിയും കുന്തത്തില്‍ കോര്‍ത്തും ആയിരിക്കും കൊലനടത്തിയിട്ടുണ്ടാകുക. കൊല്ലുന്നതിനുമുന്‍പ് കിരാതന്മാര്‍ സാധുക്കളായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മേല്‍ എന്തെല്ലാം ലൈംഗിക വൈകൃതങ്ങളായിരിക്കും കാട്ടിയിട്ടുണ്ടാവുക! ഇത്രമാത്രം മൃതദേഹങ്ങള്‍ എങ്ങനെയായിരിക്കും മറവുചെയ്തത്?

കോട്ടയില്‍ അകപ്പെട്ട പൗരജനങ്ങളെ കൂട്ടക്കൊല ചെയ്ത മറ്റു രണ്ടു സംഭവങ്ങളാണ് ചരിത്രത്തില്‍ ഉള്ളത്. മേവാര്‍ കോട്ടയില്‍ അഭയം തേടിയ മുപ്പതിനായിരം ഹിന്ദുക്കളെ അക്ബര്‍ കൂട്ടക്കൊല ചെയ്തു. ഈ കൊലയാളിയെ ജവഹര്‍ലാല്‍ നെഹ്രു സംബോധന ചെയ്തിരിക്കുന്നത് മഹാനായ അക്ബര്‍ എന്നാണ്. പ്രൊഫസര്‍ സ്ഥാനം പോകുമെന്നോ ഡോക്ടറേറ്റു കിട്ടുകയില്ലെന്നോ ഒക്കെ ഭയന്ന് നെഹ്രുവിനുശേഷം വന്ന ചരിത്രകാരന്മാരൊക്കെ അക്ബര്‍ക്കു നെഹ്രു ചാര്‍ത്തിക്കൊടുത്ത വിശേഷണം ആവര്‍ത്തിച്ചു.
റാണി പത്മിനിയോടുള്ള കാമാന്ധതകൊണ്ട് എട്ടുമാസം കോട്ടവളഞ്ഞു കിടന്നതിനുശേഷം കോട്ട പൊളിച്ച് അകത്തുകടന്ന അലാവുദ്ദീന്‍ ഖില്‍ജി കണ്ടത് ജൗഹര്‍ ചെയ്ത റാണി പത്മിനിയുടെ കരിക്കട്ടയായി മാറിയ മൃതദേഹം. അരിശംമൂത്ത ഖില്‍ജി കോട്ടയില്‍ കൂട്ടക്കൊല നടത്തി. മരണം 30,000 എന്ന് ഖില്‍ജിയുടെ സ്വന്തം ചരിത്രകാരന്‍ പറയുന്നു. ദല്‍ഹിയും മറാത്തയും ആന്ധ്രയും തകര്‍ത്ത് തമിഴകത്തെ മധുരയും ചിദംബരവും കൊള്ള ചെയ്തു കുളംകോരിയ ഖില്‍ജി ഭാരതത്തില്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ക്കു കണക്കില്ല. ഖില്‍ജിയുടെ കിരാതസൈന്യം മലിനപ്പെടുത്തിയ ഹിന്ദു സ്ത്രീകള്‍ക്കു കണക്കില്ല. ഇയാളുടെ മഹത്വം എഴുന്നെള്ളിക്കുന്നതിനിടയില്‍ ‘മഹാനായ ഭരണാധികാരി എന്ന് ഖില്‍ജിയെ വിളിക്കാന്‍ നെഹ്രു ലജ്ജിക്കുന്നില്ല (Discovery of India by Jawaharlal Nehru).
അങ്ങനെ 50,000 മൃതദേഹങ്ങള്‍ നീക്കം ചെയ്യുകയും ചോര കെട്ടിയ മണ്ണില്‍ കടല്‍ത്തീരത്തെ മണല്‍ കൊണ്ടുവന്നു നിരത്തി ശുദ്ധീകരിക്കുകയും ചെയ്തതിനുശേഷം മുഹമ്മദ് ഗസ്‌നിയും പുത്രന്മാരും അയാളുടെ രാജസഭയിലെ പ്രമാണിമാരും സോമനാഥ ക്ഷേത്രത്തില്‍ പ്രവേശിച്ചു.
ക്ഷേത്രത്തിനു മുന്‍പില്‍ സൈന്യത്തെ അണിനിരത്തി അവര്‍ക്കുമുമ്പില്‍ സുല്‍ത്താന്‍ നിന്നു. അയാള്‍ ഉച്ചത്തില്‍ തക്ബീര്‍ വിളിച്ചു. ആകാശം പൊട്ടുമാറുച്ചത്തില്‍ സൈന്യം അതേറ്റുവിളിച്ചു. ഈ അസാധാരണ സൗഭാഗ്യം തന്നതിന് തന്റെ ദൈവത്തിന് സുല്‍ത്താന്‍ നന്ദിപറഞ്ഞു.
അനന്തരം കോട്ടയ്ക്കുള്ളിലേയ്ക്കു പ്രവേശിച്ചു. അവിടെ സമ്പത്തിന്റെ പെരുമകണ്ട് സുല്‍ത്താന്‍ പരവശനായി.
സുല്‍ത്താന്‍ കോട്ടയ്ക്കുള്ളില്‍ ചുറ്റിനടന്നു. ഓരോ നിര്‍മ്മിതിയും വാസ്തുശില്പ കലയിലെ അത്ഭുതങ്ങള്‍. അമൂല്യമായ കല്ലുകള്‍ സമൃദ്ധമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ദന്തനിര്‍മ്മിതമായ ശില്പങ്ങള്‍ കണക്കില്ലാതെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
“ആനക്കൊമ്പിന്റെ ഈ ഓരോ ശില്പത്തിനും പതിനായിരം ദിനാറെങ്കിലും നമുക്കു ഗസ്‌നിയില്‍ വില കിട്ടും.”
സുല്‍ത്താന്‍ കൊതിയോടെ ചുണ്ടു തുടച്ചു. പ്രമാണിമാര്‍ സുല്‍ത്താന്റെ അഭിപ്രായം ചിരിച്ചു ശരിവച്ചു. ചുറ്റിനടന്ന് അവര്‍ ക്ഷേത്രത്തിനു മുന്‍പിലെത്തി.
“അള്ളാഹുവേ…” സുല്‍ത്താന്‍ അത്ഭുതം കൊണ്ട് പകച്ചുപോയി. സ്വര്‍ണം പൊതിഞ്ഞ 56 സ്തൂപങ്ങളില്‍ ഉയര്‍ന്നു നില്ക്കുന്ന ക്ഷേത്രം. ഓരോ സ്തൂപത്തിലും പതിച്ചിരിക്കുന്നത് അമൂല്യ രത്‌നങ്ങള്‍. മച്ചില്‍ നിറയെ രത്‌നങ്ങള്‍ പതിച്ചിരിക്കുന്നു. തറയിലും ബഹുവര്‍ണ്ണ കല്ലുകള്‍ പതിച്ചിട്ടുണ്ട്. ശ്രീകോവിലാകെ സ്വര്‍ണമയം. ഒരു ദീപത്തിനും പ്രസരിപ്പിക്കാന്‍ കഴിയാത്ത സ്വര്‍ഗ്ഗീയ പ്രകാശധോരണി സദാ മിന്നിമറയുന്നു. (അവിടത്തെ പ്രകാശം മുത്തുകളില്‍നിന്ന് പ്രസരിക്കുന്നതാണെന്നും വിളക്കുകളില്‍ നിന്നല്ലെന്നും ZainULMassir ന്റെ ചരിത്രപുസ്തകത്തില്‍ കാണാം).
രത്‌നം പതിച്ച ഒരു സിംഹാസനം പ്രമാണിമാര്‍ എടുത്തുകൊണ്ടുവന്നു. സുല്‍ത്താന്‍ ഇരുന്നു.
‘അഹ്‌മദ് മെയ്മാണ്ടീ’ സുല്‍ത്താന്‍ വിളിച്ചു.
മുഖ്യസചിവന്‍ മെയ്മാണ്ടി സമീപത്തുതന്നെ ഉണ്ടായിരുന്നു.
സ്വര്‍ഗ്ഗപുരിയേക്കാള്‍ കൂടുതല്‍ സമ്പന്നമാണ് ഈ ക്ഷേത്രം. ‘എങ്ങനെ ഇതു സംഭവിക്കുന്നു?അത്…. തിരുമനസ്സേ…’ മെയ്മാണ്ടി ആരംഭിച്ചു.
”4000 വര്‍ഷമായി ഹിന്ദുക്കള്‍ ആരാധിക്കുന്ന ക്ഷേത്രമാണിത്. കൃഷ്ണനും പരിവാരങ്ങളും ഇവിടെ തീര്‍ത്ഥാടനത്തിനെത്തിയിട്ടുണ്ട്. എല്ലാ സൂര്യ-ചന്ദ്രഗ്രഹണ ദിവസങ്ങളിലും 3 ലക്ഷത്തില്‍ കുറയാതെ ആളുകള്‍ ഇവിടെയെത്തി നേര്‍ച്ചകള്‍ അര്‍പ്പിക്കുന്നു. ഹിന്ദുസ്ഥാനിലെ വിദൂര പ്രദേശങ്ങളില്‍നിന്നു രാജാക്കന്മാര്‍ വരുന്നത് കുംഭങ്ങള്‍ നിറയെ സ്വര്‍ണനാണയങ്ങളും രത്‌നങ്ങളുമായിട്ടാണ്. കൂടാതെ അവര്‍ ചില ഗ്രാമങ്ങളും സോമനാഥനു സമര്‍പ്പിക്കാറുണ്ട്. അങ്ങനെ സമര്‍പ്പിച്ച 2,000 ഗ്രാമങ്ങളില്‍ നിന്നുള്ള വരുമാനം സോമനാഥന്റെ ഭണ്ഡാരത്തിലെത്തുന്നു. രാജാക്കന്മാരും പ്രമാണിമാരും സ്വന്തം പെണ്‍മക്കളെത്തന്നെ പലപ്പോഴും സോമനാഥനു സമര്‍പ്പിക്കാറുണ്ട്. അവര്‍ നൃത്തം ചെയ്തും ഗാനങ്ങള്‍ ആലപിച്ചും സദാ സോമനാഥനെ ആരാധിക്കുന്നു. അത്തരം 500 നര്‍ത്തകികള്‍ ഇപ്പോള്‍ ഇവിടെയുണ്ട് തിരുമനസ്സേ.” ‘അവരെ എന്തുചെയ്തു?’ സുല്‍ത്താന്‍ ചോദിച്ചു.

എല്ലാവരെയും ബന്ധിച്ചു തിരുമനസ്സേ.
‘അടിമച്ചന്തയില്‍ നല്ല വിലകിട്ടും ഹിന്ദു നര്‍ത്തകികള്‍ക്ക്. ഇറാനിലെയും ബാഗ്ദാദിലെയും പ്രമാണിമാര്‍ സ്വര്‍ണക്കിഴികളുമായി കാത്തു നില്ക്കും.’ സുല്‍ത്താന്‍ ഉറക്കെ ചിരിച്ചു. പ്രമാണിമാര്‍ അതു ശരിവച്ചു ചിരിച്ചു.
‘ഇനിയും പറയൂ മെയ്മാണ്ടീ.” സുല്‍ത്താന്‍ ആജ്ഞാപിച്ചു.
”2000 ബ്രാഹ്‌മണര്‍ സദാ സോമനാഥന്റെ പൂജയ്‌ക്കൊരുങ്ങി ഇവിടെ താമസിക്കുന്നു. ആയിരം നാഴിക അകലെ ഗംഗാനദിയില്‍നിന്നു കൊണ്ടുവരുന്ന ജലംകൊണ്ട് അവര്‍ എന്നും സന്ധ്യാവേളയില്‍ സോമനാഥനെ അഭിഷേകം ചെയ്യുന്നു. കൂടാതെ 300 ക്ഷുരകന്മാര്‍ ഈ കോട്ടയില്‍ താമസിക്കുന്നുണ്ട്. ഇവിടെ തീര്‍ത്ഥാടനത്തിനുവരുന്ന അധികംപേരും പാപപരിഹാരമായി തല മുണ്ഡനം ചെയ്യുന്നവരാണ്. ഈ ക്ഷുരകന്മാര്‍ അവരെ സഹായിക്കുന്നു.””
‘അവരെ എന്തുചെയ്തു…. കൊന്നു കളഞ്ഞോ?’ സുല്‍ത്താന്‍ ചോദിച്ചു.
‘ഇല്ല തിരുമനസ്സേ…. ബന്ധനത്തിലാക്കിയിട്ടുണ്ട്.’”
‘അവറ്റകളെ ഗസ്‌നിയിലേയ്ക്കു കൊണ്ടുപോകണം. ഇനി മുസല്‍മാന്റെ തല ക്ഷൗരം ചെയ്തു പുണ്യം നേടട്ടെ.’ സുല്‍ത്താന്‍ വീണ്ടും വഷളന്‍ ചിരിചിരിച്ചു.
‘കൂടാതെ 300 ഗായകര്‍ ഇവിടെ പാര്‍ക്കുന്നുണ്ട് തിരുമനസ്സേ. അവരെ എന്തു ചെയ്യണം?’
‘ഗായകരോ… നമ്മുടെ വിശ്വാസത്തില്‍ സംഗീതത്തിനു സ്ഥാനമില്ലെന്നറിഞ്ഞുകൂടേ… കൊന്നുകള.. അല്ലെങ്കില്‍ വേണ്ട പിടിച്ചുകെട്ടി അടിമത്താവളത്തിലേയ്ക്കു കൂട്ടിക്കോ.. നല്ല വില കിട്ടും. കൂടാതെ ശില്പികള്‍, കരുവാന്മാര്‍, ആശാരിമാര്‍, കൂലിപ്പണിക്കാര്‍ തുടങ്ങിയവരെ തിരഞ്ഞുപിടിച്ചു ബന്ധിക്ക്. നമ്മുടെ ഗസ്‌നിനഗരം പണിയാന്‍ ഇക്കൂട്ടരെയൊക്കെ ആവശ്യമാണ്.’ സുല്‍ത്താന്‍ പറഞ്ഞു.
മെയ്മാണ്ടി തുടര്‍ന്നു.
”തിരുമനസ്സിന്റെ തലയ്ക്കു മുകളിലൂടെ ഒരു സ്വര്‍ണ ചങ്ങല പോകുന്നതു കണ്ടോ? തനി സ്വര്‍ണത്തില്‍ തീര്‍ത്ത ആ ചങ്ങല ഈ ക്ഷേത്രത്തിന്റെ എല്ലാ ഭാഗത്തുകൂടിയും പോകുന്നുണ്ട്. അത് മച്ചില്‍നിന്നുള്ള കൊളുത്തുകളില്‍ തൂങ്ങിക്കിടക്കുകയാണ്. സ്വര്‍ണത്തില്‍ പണിതീര്‍ത്ത അനേകം മണികള്‍ ചങ്ങലയില്‍നിന്നു തൂങ്ങിക്കിടക്കുന്നു. ക്ഷേത്രത്തിന്റെ ഏതുഭാഗത്തുനിന്ന് ഒരാള്‍ ചങ്ങലയില്‍ തൊട്ടാലും മണികള്‍ മുഴങ്ങും. വഴിപാടുകള്‍ നടത്താനുള്ള ഭക്തര്‍ എത്തിയിട്ടുണ്ട് എന്നാണതിനര്‍ത്ഥം. മണിയൊച്ച കേട്ടാലുടന്‍ ബ്രാഹ്‌മണര്‍ പൂജ കഴിക്കാനൊരുങ്ങി പാഞ്ഞെത്തും.”
‘ശരി ഇനി പൊളിക്കാന്‍ തുടങ്ങിക്കൊള്ളൂ.’”
സുല്‍ത്താന്‍ ആജ്ഞാപിച്ചു.
സേനാധിപന്‍ മാലിക് അയാസിന്റെ നേതൃത്വത്തില്‍ കരുവാന്മാരും കൊത്തുപണിക്കാരും കര്‍മ്മനിരതരായി. ക്ഷേത്രത്തിന്റെ മച്ചിലും സ്തൂപങ്ങളിലും പതിച്ചിട്ടുള്ള രത്‌നങ്ങള്‍ പൊടിക്കുപോലും കേടില്ലാതെ അവര്‍ ഇളക്കിയെടുത്തു.
പെട്ടെന്ന് ഒരു നിലവിളികേട്ട് എല്ലാവരും കോട്ടയുടെ കവാടത്തിലേയ്ക്കു നോക്കി. സുല്‍ത്താന്റെ അംഗരക്ഷക സൈന്യം ഏതാനും ആളുകളെ പിടിച്ചുവലിച്ചു കൊണ്ടുവരുന്നു. ഒറ്റമുണ്ടും പൂണൂലും ധരിച്ച നാലുപേരും ബ്രാഹ്‌മണരാണെന്നു വ്യക്തം. നരകയറിയ താടിയും തലമുടിയും. അവര്‍ അങ്ങേയറ്റം അവശരും ദുഃഖിതരുമായിരുന്നു. അവര്‍ സുല്‍ത്താന്റെ സിംഹാസനത്തിനു മുന്‍പില്‍ മുട്ടുകുത്തി നിന്നുകൊണ്ടു കരഞ്ഞു.
‘തിരുമനസ്സേ ഞങ്ങള്‍ തലമുറകളായി ആരാധിക്കുന്ന സോമനാഥന്റെ വിഗ്രഹം മാത്രം തകര്‍ക്കരുതേ. സോമനാഥനെ വെറുതെവിടുന്നതിനുപകരം ഞങ്ങളുടെ ഗ്രാമങ്ങളിലുള്ള സകല സ്വത്തും ശേഖരിച്ച് 20 ലക്ഷം ദിനാറിനുള്ള വക അങ്ങേയ്ക്കു തരാം.’”
അതുകേട്ട് സുല്‍ത്താന്റെ പ്രമാണിമാര്‍ ഉഷാറായി. അവര്‍ പറഞ്ഞു.
‘തിരുമനസ്സേ. ഈ ഒരു വിഗ്രഹം ഉടച്ചാല്‍ ഹിന്ദുസ്ഥാനിലെ വിഗ്രഹാരാധന തീരാന്‍ പോകുന്നില്ല. പകരം അവര്‍ തരുന്ന പണം വാങ്ങിയാല്‍ അതുകൊണ്ട് വളരെയേറെ മുസല്‍മാന്മാരെ സഹായിക്കാന്‍ അങ്ങേയ്ക്കു കഴിയും.’സുല്‍ത്താന്‍ മറുപടിയൊന്നും പറയാതെ എഴുന്നേറ്റു. അയാള്‍ ശ്രീകോവിലിനുനേരെ നടന്നു. കയ്യില്‍ ഒരു ഇരുമ്പുമഴു (Battle Axe) ഉണ്ട്. വിഗ്രഹത്തിനു മുന്നില്‍ ഏതാനും നിമിഷം നിന്നു. പിന്നെ സര്‍വ്വശക്തിയോടെ ഇരുമ്പുമഴുകൊണ്ട് സോമനാഥ വിഗ്രഹത്തിന്റെ തലയ്ക്കടിച്ചു. തല പൊട്ടിപ്പിളര്‍ന്നു. അതില്‍നിന്ന് ചിതറിത്തെറിച്ച അമൂല്യ രത്‌നങ്ങളുടെ മിന്നലൊളിയില്‍ കണ്ടുനിന്നവരുടെ കണ്ണുമങ്ങി.
15 അടി പൊക്കമുള്ള വിഗ്രഹത്തിന്റെ 9 അടി ഉയരം മണ്ണിനു മുകളിലാണ്. 6 അടി ഭൂനിരപ്പില്‍നിന്നു താഴെയും. വൈകാതെ വിഗ്രഹത്തിന്റെ പൂര്‍ണ്ണരൂപം പുറത്തേയ്‌ക്കെടുക്കപ്പെട്ടു. സുല്‍ത്താന്‍ അതിന്റെ മര്‍മ്മങ്ങളിലൊക്കെ മഴുകൊണ്ടു പ്രഹരിച്ചു. പൊളിയുന്ന ഓരോ ഭാഗത്തുനിന്നും രത്‌നക്കല്ലുകള്‍ പുറത്തുചാടി. അവയെല്ലാം നിരവധി വെള്ളിത്തളികകളില്‍ വാരിക്കൂട്ടിയതിനുശേഷം സുല്‍ത്താന്‍ ബ്രാഹ്‌മണര്‍ക്കുനേരെ തിരിഞ്ഞു.
”നിങ്ങള്‍ എനിക്കു പകരം തരാമെന്നു പറഞ്ഞ 20 ലക്ഷം ദിനാര്‍ തന്നാല്‍പോലും അതിന്റെ മൂല്യം ഇത്രയും വരില്ല. മാത്രമല്ല വിഗ്രഹഭഞ്ജകന്‍ എന്ന പേരില്‍ ലോകത്ത് അറിയപ്പെടാനാണ് ഞാനാഗ്രഹിക്കുന്നത്. നിങ്ങള്‍ തരുന്ന ദ്രവ്യം സ്വീകരിച്ച് ഈ വിഗ്രഹം ഞാന്‍ ഉടയ്ക്കാതിരുന്നാല്‍ എന്റെ പേര്‍ വിഗ്രഹക്കച്ചവടക്കാരന്‍ എന്നായിത്തീരും. കേട്ടുകൊള്ളൂ, ഹിന്ദുസ്ഥാനിലെ സകല ക്ഷേത്രങ്ങളും ഞാന്‍ ഇടിച്ചുനിരത്തും. വിഗ്രഹങ്ങള്‍ ഉടയ്ക്കും. ഈ ദുനിയാവില്‍ ഇനി സത്യവിശ്വാസം മാത്രം മതി. വിഗ്രഹാരാധന വേണ്ട.” സുല്‍ത്താന്‍ കലികൊണ്ടു വിറച്ചു. പണം വാങ്ങണമെന്നു നിര്‍ദ്ദേശിച്ച തന്റെ പ്രമാണിമാരുടെ നേരെ സുല്‍ത്താന്‍ നോക്കി. അവര്‍ നനഞ്ഞ പാവകള്‍ പോലെ ചുളുങ്ങിപ്പോയി.

സുല്‍ത്താന്റെ കല്പന പ്രകാരം സോമനാഥ വിഗ്രഹം 4 കഷണങ്ങളാക്കി.
”രണ്ടു കഷണങ്ങള്‍ ഗസ്‌നിയിലേക്ക്. അവിടെ ഞാന്‍ പണി തീര്‍ത്തിട്ടുള്ള മോസ്‌കിന്റെ വാതില്‍പടിയില്‍ ഒരെണ്ണം. മറ്റേത് എന്റെ ദര്‍ബ്ബാര്‍ ഹാളിന്റെ ചവിട്ടുപടിയില്‍. ഇതില്‍ ചവുട്ടിക്കയറിവേണം ജനങ്ങള്‍ അകത്തേക്കു പ്രവേശിക്കാന്‍. ബാക്കി വരുന്ന രണ്ടു കഷണങ്ങള്‍ മെക്കയിലേക്കും മദീനയിലേക്കും അയക്കുക. അവിടെ കുബേരനും കുചേലനും ഒരുപോലെ അതിനുമുകളിലൂടെ ചവിട്ടിക്കടന്നു പോകാവുന്ന വിധം പൊതുനിരത്തില്‍ സ്ഥാപിക്കുക.” സുല്‍ത്താന്‍ പറഞ്ഞു.
(തുടരും)
Comments