ഭാരതത്തില്‍ വന്ന വിദേശ ശക്തികള്‍ ഇവിടുത്തെ ഭരണസാരഥികളായി മാറിയത് ഒട്ടേറെ എതിര്‍പ്പുകളെ അതിജീവിച്ചായിരുന്നു. രജപുത്രര്‍, സിഖുകാര്‍, മറാത്തക്കാര്‍ തുടങ്ങി വിവിധ ജനവിഭാഗങ്ങള്‍ നടത്തിയ സായുധസമരങ്ങള്‍ വിദേശശക്തികള്‍ക്ക് എതിരായ ശക്തമായ ചെറുത്തുനില്‍പുകളായിരുന്നു. അതുപോലെ ഭാരതത്തിന്റെ പലകോണുകളിലും വനവാസി സമൂഹങ്ങളും പല ശക്തമായ സമരത്തിനും നേതൃത്വം വഹിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം സമരങ്ങള്‍ ചരിത്രത്താളുകളില്‍ അര്‍ഹിക്കുന്ന വിധത്തില്‍ സ്ഥാനം പിടിച്ചിട്ടില്ല എന്നതാണ് വാസ്തവം.
1857-നു ശേഷം ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സമ്പൂര്‍ണ്ണമായ അധികാരം സ്ഥാപിക്കുന്നതിന് മുമ്പു തന്നെ വനവാസികളുടേതായ പരശ്ശതം കലാപങ്ങള്‍ ബ്രിട്ടീഷുകാര്‍ നേരിട്ടതിന്റെ രേഖകളുണ്ട്. അത്തരം സമരങ്ങളെ ബ്രിട്ടീഷുകാര്‍ തന്ത്രങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയും അടിച്ചമര്‍ത്തുകയായിരുന്നു. എന്നാല്‍ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായി ഇല്ലാതാകുമ്പോഴും അത് മറ്റൊരു കലാപത്തിന്റെ തുടക്കമായി മാറിയിരുന്നു.
ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് 1857 ലെ മഹത്തായ വിപ്ലവത്തെയാണ്. എന്നാല്‍ അതിനുമുമ്പും നിരവധി സ്വാതന്ത്ര്യസമരങ്ങള്‍ ഭാരതത്തിന്റെ മണ്ണില്‍ നടന്നിട്ടുണ്ട്. ചരിത്രപഠനം കൂടുതല്‍ സൂക്ഷ്മവും വിപുലവും ആധികാരികവും ആകുമ്പോള്‍ മുന്‍ധാരണകള്‍ മാറുമെന്നത് ആശ്വാസകരമാണ്.
മുന്നോട്ടു പോകുന്നതിനനുസരിച്ച് പിന്നോട്ട് നോക്കാനും പഠിക്കാനും ആഗ്രഹിക്കുന്നത് ഏതൊരു ജനതയുടെയും സാംസ്‌കാരികമായ സവിശേഷതയാണ്. നമ്മുടെ പൂര്‍വികരുടെ സാമൂഹ്യ- സാംസ്‌കാരിക- രാഷ്ട്രീയ കാര്യങ്ങളിലെ ക്രിയാത്മകത ബോധ്യപ്പെടാന്‍ അത് ഉപകരിക്കും. അതുകൊണ്ട് ഭൂതകാലപഠനം അക്കാദമികമായ സാധ്യതയും ബാധ്യതയും മാത്രമല്ല ഓരോ നാട്ടിലേയും പൗരന്റെ കടമയും കൂടിയായിത്തീരുന്നു. അത്തരം ചിന്തയില്‍നിന്നാണ് വനവാസി സമൂഹങ്ങളുടെ സ്വാതന്ത്ര്യസമരത്തിലെ സമുജ്ജ്വലമായ ഒരേട് അന്വേഷണ വിഷയമാക്കാന്‍ സ്വീകരിച്ചത്.
1857 ലെ മഹത്തായ വിപ്ലവത്തിനും അരനൂറ്റാണ്ട് മുമ്പുതന്നെ വയനാട്ടിലെ വനവാസി സമൂഹങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ പോരാട്ടങ്ങള്‍ നടത്തിയിരുന്നു. വയനാട്ടുകാര്‍ നേരിട്ട ആദ്യത്തെ വിദേശികള്‍ യൂറോപ്യന്മാരായ ബ്രിട്ടീഷുകാര്‍ ആയിരുന്നു. വിദേശികളുടെ ഗണത്തില്‍പ്പെടുത്താന്‍ സാധിക്കില്ലെങ്കിലും മൈസൂര്‍ സുല്‍ത്താന്മാരും അവര്‍ നേരിട്ട ‘പരദേശികള്‍’ തന്നെയായിരുന്നു. കോട്ടയം രാജാവിന്റെ വയനാട് അധിനിവേശവും വേലിയമ്പം കോട്ടവാണ വേടമൂപ്പന്റെ ചെറുത്തുനില്‍പ്പും കീഴടങ്ങലും ചരിത്രത്തിന്റെ ഭാഗമാണ്. വേടവംശജര്‍ പരമ്പരയായി അനുഭവിച്ചു വന്ന സ്വാതന്ത്ര്യത്തിന് കോട്ടയം രാജാക്കന്മാര്‍ ഭീഷണി സൃഷ്ടിച്ചില്ല. വേടമൂപ്പനില്‍ നിന്ന് അധികാരം കോട്ടയം രാജാവിലേക്ക് കൈമാറ്റപ്പെട്ടു എന്നതൊഴിച്ചാല്‍ കോട്ടയം രാജഭരണം അവരുടെ സാമൂഹ്യ,സാംസ്‌കാരിക സാഹചര്യങ്ങള്‍ക്ക് കാര്യമായ ഭംഗം വരുത്തിയില്ല.
കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ നേതൃത്വത്തില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ വനവാസികളുടെ നേതൃത്വവും പങ്കാളിത്തവും എടുത്തുപറയേണ്ടതാണ്.
പഴശ്ശി സമരങ്ങളില്‍ ശക്തമായി അണിചേര്‍ന്നത് നായന്മാര്‍, കുറിച്യര്‍,കുറുമര്‍, ചെട്ടിമാര്‍ തുടങ്ങിയ വിഭാഗങ്ങളായിരുന്നു. തീയര്‍, മാപ്പിളമാര്‍, പണിയര്‍, ഗൗണ്ടന്മാര്‍ തുടങ്ങിയ സമുദായങ്ങളിലുള്ളവരും പഴശ്ശി സമരങ്ങളില്‍ പങ്കാളികളായിരുന്നു. തോളോട്‌തോള്‍ ചേര്‍ന്ന് അവര്‍ നടത്തിയ സായുധ കലാപങ്ങള്‍ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകളാണ്.
എന്നാല്‍ ഇത്തരം ഉജ്ജ്വലമായ ഏടുകളെ ഗവേഷണം ചെയ്ത് ജനമധ്യത്തില്‍ എത്തിക്കാന്‍ ഗൗരവമായ ശ്രമങ്ങള്‍ ഇതുവരെയും നടന്നില്ല. അക്കാര്യത്തില്‍ ചരിത്രകാരന്മാരും ഗവേഷകരും എന്തുകൊണ്ടോ മടികാണിച്ചു എന്ന് പറയുന്നതാവും ശരി. അസംഘടിതരും ദരിദ്രരുമായ സമൂഹങ്ങളുടെയും അവരിലുള്‍പ്പെട്ട വ്യക്തികളുടെയും ചരിത്രാന്വേഷണം എല്ലാകാലത്തും പലര്‍ക്കും ഒരു സമസ്യയായിത്തന്നെ അവശേഷിക്കുന്നു.
മേല്‍പ്പറഞ്ഞ വനവാസി സമൂഹങ്ങളില്‍ നിന്നും ചരിത്രാന്വേഷകര്‍ ഉയര്‍ന്നുവന്നില്ല എന്നതും ചരിത്രരചനയുടെ അഭാവത്തിന് കാരണമായിരിക്കാം. എന്നാല്‍ അത്തരം പരിമിതികള്‍ക്ക് കാലാന്തരത്തില്‍ പരിഹാരം ഉണ്ടാകുന്നു എന്നതും വസ്തുതയാണ്. സമ്പന്നവും സംഘടിതവുമായ സമാജങ്ങള്‍ക്കും വ്യക്തികള്‍ക്കും മാത്രമല്ല ദരിദ്രവും അസംഘടിതവുമായ സമൂഹങ്ങള്‍ക്കും വ്യക്തികള്‍ക്കും സവിശേഷമായ ചരിത്രമുണ്ട്. ഇത്തരം ചരിത്രാന്വേഷണങ്ങളും രേഖപ്പെടുത്തലും ഇനിയും വൈകിക്കൂടാ എന്നതാണ് സത്യം.
പഴശ്ശി രാജാവിന്റെ നേതൃത്വത്തില്‍ നായന്മാര്‍, കുറിച്യര്‍, കുറുമര്‍, ചെട്ടിമാര്‍ എന്നീ ജനവിഭാഗങ്ങളിലെ പരിശീലനം സിദ്ധിച്ചതും അല്ലാത്തതുമായ ഒരു പട തന്നെ ഉണ്ടായിരുന്നു. വാള്‍, അസ്ത്രം തുടങ്ങിയ ആയുധങ്ങളുടെ ഉപയോഗത്തില്‍ അവരെ വെല്ലാന്‍ അസാധ്യമായിരുന്നു. ഇതിനെയെല്ലാം ഏകോപിപ്പിച്ച് ആധുനിക സൈനിക സജ്ജീകരണങ്ങള്‍ ഉണ്ടായിരുന്ന ഇംഗ്ലീഷുകാര്‍ക്കെതിരെ പ്രയോഗിക്കാന്‍ പഴശ്ശിരാജാവിന് കഴിഞ്ഞു. വയനാടന്‍ മലയിടുക്കുകളില്‍ നിന്നുകൊണ്ട് ഗറില്ലായുദ്ധതന്ത്രങ്ങള്‍ പയറ്റി അവര്‍ പതിറ്റാണ്ടുകള്‍ ചെറുത്തുനിന്നു. അത്തരം ധീരമായ പോരാട്ടങ്ങളുടെ ചരിത്രാന്വേഷണം കൗതുകകരവും സാഹസികവും മാത്രമല്ല ആവേശകരവുമാണ്.
നിരാശയുടെ പടുകുഴിയില്‍ നിന്നും ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലേക്ക് അത്തരം സമൂഹങ്ങള്‍ പ്രയാണം ചെയ്യേണ്ടതുണ്ട്. അതിന് ഭൂതകാലത്തിലെ വൈഭവങ്ങളില്‍ നിന്നും ഊര്‍ജ്ജം പകരേണ്ടത് ആവശ്യമാണ്. ഭൂതകാലപഠനം വിരല്‍ചൂണ്ടേണ്ടത് അത്തരം ഉദ്ദേശ്യത്തിലേക്കാണ്. വനവാസികളുടെ ഭൂതകാലത്തില്‍ നിന്നും മഹത്തായ ചരിത്രശേഷിപ്പുകള്‍ ശേഖരിച്ച് രേഖപ്പെടുത്തുന്നതും ആ ഉദ്ദേശ്യത്തോടുകൂടിയാണ്. 1812ല്‍ നടന്ന പ്രക്ഷോഭത്തെ കുറിച്യ കലാപം, ഗിരിവര്‍ഗകലാപം, ഗോത്രകലാപം, ആദിവാസി കലാപം വയനാടന്‍ വിപ്ലവം, കാര്‍ഷിക സമരം എന്നൊക്കെ ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചിട്ടുണ്ട്.’ബ്രിട്ടീഷ് കൊളോണിയലിസത്തിന് എതിരെയുള്ള കൂടുതല്‍ ജനകീയമായ കലാപങ്ങള്‍'(More popular revolt against British colonialism) എന്ന് വിലയിരുത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ജനകീയ പ്രക്ഷോഭമായിരുന്നു 1812ല്‍ നടന്നത്. അതാകട്ടെ പഴശ്ശി സമരങ്ങളുടെ തുടര്‍ച്ചയും വയനാട്ടില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലെ ഏറ്റവും ശക്തമായ പോരാട്ടവും ആയിരുന്നു.
ആധുനിക വിദ്യാഭ്യാസത്തിന്റെ പകിട്ടോ യുദ്ധതന്ത്രത്തിന്റെ രീതിശാസ്ത്രമോ ഒന്നും കൈവശമില്ലാതിരുന്ന ഗോത്രവിഭാഗങ്ങളിലെ കുറിച്യരും കുറുമരും അവരോടൊപ്പം ഇന്നാട്ടിലെ മറ്റുജനവിഭാഗങ്ങളും ഒത്തു ചേര്‍ന്ന് നടത്തിയ ശക്തമായ പ്രതിരോധവിപ്ലവമായിരുന്നു 1812ല്‍ നടന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് ഉണര്‍ന്നെഴുന്നേറ്റ വയനാടന്‍ ജനതയുടെ അതിശക്തമായ കൊളോണിയല്‍ വിരുദ്ധ പോരാട്ടമായി അത് മാറി.
പശ്ചാത്തലം
1805 ഡിസംബറോടുകൂടി പഴശ്ശിസമരങ്ങള്‍ അവസാനിച്ചു എന്ന വാദം ശരിയല്ല.1805 ഡിസംബറോടുകൂടി കലാപത്തിലെ മുന്‍നിര നേതാക്കന്മാര്‍ മൃത്യുവിനിരയായി എന്നത് വാസ്തവമാണ്. 1805 നവംബര്‍ 15ന് തലക്കര ചന്തുവും 1805 നവംബര്‍ 30ന് കേരളവര്‍മ്മ പഴശ്ശിരാജാവും 1805 ഡിസംബര്‍ 16ന് എടച്ചന കുങ്കനും വീരമൃത്യു വരിച്ചു. അതോടെ കലാപത്തിന് നേതൃത്വം നല്‍കിയ പടത്തലവന്മാര്‍ ഇല്ലാതായി. എങ്കിലും പഴശ്ശി സമരങ്ങള്‍ 1805നു ശേഷവും മറ്റൊരുതരത്തില്‍ ശക്തമായി തുടര്‍ന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
കലാപകാരികളായ പടത്തലവന്മാരുടെ വീരമൃത്യു കലാപം ശക്തമായി തുടരാനുള്ള പ്രചോദനവും കാരണവുമായിത്തീര്‍ന്നു. എടച്ചന കുങ്കനെ നഷ്ടപ്പെട്ട നായര്‍പ്പടയാളികളും തലക്കര ചന്തുവിനെ നഷ്ടപ്പെട്ട കുറിച്യപ്പടയാളികളും നാഥനില്ലാത്ത അവസ്ഥയിലായി. ‘പൊന്നുതമ്പുരാന്‍’ ആയിരുന്ന കേരളവര്‍മ്മപഴശ്ശിരാജാവിന്റെ അഭാവം നേതൃപരമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കാതിരിക്കാനും കാരണമായി. എങ്കിലും സംഘടിതരായ അത്തരം സമൂഹങ്ങള്‍ ശക്തമായ നേതൃത്വത്തിന്റെ അഭാവത്തിലും ശക്തമായിത്തന്നെ കലാപത്തിനിറങ്ങി. അവരോടൊപ്പം കുറുമര്‍, ചെട്ടിമാര്‍ തുടങ്ങിയ സമൂഹങ്ങളും കലാപത്തില്‍ പങ്കാളികളായി. അങ്ങനെ 1805നുശേഷവും പഴശ്ശി സമരങ്ങള്‍ മറ്റൊരു തരത്തിലുള്ള ജനകീയസമരങ്ങളായി തുടര്‍ന്നു.
1780 കളില്‍ ആരംഭിച്ച പഴശ്ശികലാപങ്ങള്‍ 1820 വരെയും തുടര്‍ന്നതായി രേഖകളില്‍ കാണാം. ഒന്നരപ്പതിറ്റാണ്ടുകാലം നീണ്ടുനിന്ന അതിശക്തമായ പോരാട്ടങ്ങളായിരുന്നു 1805നുശേഷം നടന്നത്. 1812ല്‍ അത്തരം കലാപങ്ങള്‍ അതിന്റെ പാരമ്യത്തില്‍ എത്തിയതായി കാണാം. 1812ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ വയനാടിനകത്തു നടന്ന കലാപങ്ങള്‍ ബ്രിട്ടീഷുകാര്‍ ഭാരതമണ്ണില്‍ നേരിട്ട ശക്തമായ പോരാട്ടങ്ങളായിരുന്നു. രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന ഈ സമരത്തെ ശരിയായവിധത്തില്‍ ജനഹൃദയങ്ങളില്‍ എത്തിക്കാനോ ചരിത്രത്തിന്റെ ഏടുകളില്‍ രേഖപ്പെടുത്താനോ കാര്യമായ ശ്രമങ്ങള്‍ ഉണ്ടായില്ല.
മണ്ണിനും സ്വാതന്ത്ര്യത്തിനും സ്വത്വസംരക്ഷണത്തിനും വേണ്ടി കുലദൈവങ്ങളുടെയും മലദൈവങ്ങളുടെയും അനുഗ്രഹത്തോടെ വയനാടന്‍ ഗോത്രവിഭാഗങ്ങള്‍ നടത്തിയ അതിശക്തമായ ചെറുത്തുനില്‍പ്പുകളായിരുന്നു 1812ല്‍ നടന്നത്. സ്വയം ഉണര്‍ന്നെഴുന്നേറ്റ സമൂഹത്തിന്റെ പടയോട്ടമാണ് 1805നുശേഷം നടന്നത്. അതുകൊണ്ട് കൊളോണിയല്‍ ശക്തിക്കെതിരെ ആഞ്ഞടിച്ച അന്നത്തെ നേതൃത്വത്തെയും അവരെ സഹായിച്ച സമുദായാംഗങ്ങളെയും പിന്‍തലമുറ മറന്നുപോകാന്‍ പാടില്ലാത്തതാണ്.
1812ല്‍ വയനാട്ടില്‍ നടന്ന കലാപങ്ങള്‍ ആസൂത്രിതവും സംഘടിതവും തുടക്കത്തില്‍തന്നെ വ്യാപകവുമായിരുന്നു. ബ്രിട്ടീഷ് ശക്തിക്ക് അടിച്ചമര്‍ത്താന്‍ അത്യന്തം വിയര്‍പ്പൊഴുക്കേണ്ടി വന്ന സായുധ ആക്രമണങ്ങളുടെ പരമ്പരയായിരുന്നു 1812ല്‍ നടന്നത്. അതുകൊണ്ട് മലബാറിലെ മുഴുവന്‍ ശക്തിയും ബ്രിട്ടീഷുകാര്‍ക്ക് അക്കാലത്ത് വയനാട്ടില്‍ കേന്ദ്രീകരിക്കേണ്ടിവന്നു. മാത്രവുമല്ല പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ കടുത്ത നയങ്ങള്‍ അവര്‍ക്ക് വയനാടിനുമേല്‍ എടുക്കേണ്ടിയും വന്നു. ഗോത്ര ജനതയെ പൂര്‍ണമായും നിരായുധീകരിച്ച് ക്ഷാത്രവീര്യം ചോര്‍ത്തിക്കളയുക എന്നതായിരുന്നു അതില്‍ പ്രധാനം. അതുകൊണ്ടാണ് 1820 നുശേഷം വയനാടന്‍ മണ്ണില്‍ ശക്തമായ സായുധ സമരങ്ങള്‍ നടക്കാതിരുന്നത്.
കുറിച്യകലാപം/ഗിരിവര്‍ഗകലാപം
1812ല്‍ നടന്ന കലാപങ്ങളെ ക്കുറിച്ച് അന്വേഷണം നടത്തിയാല്‍ ഇതിനെ ഗിരിവര്‍ഗകലാപം എന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതം എന്നു പറയാം. ഗിരിവര്‍ഗജനത മൊത്തത്തില്‍ സായുധരായി കലാപത്തില്‍ പങ്കെടുത്തതുകൊണ്ടാണ് ഈ ഒരു വിശേഷണം ഉചിതമാവുന്നത്. 1812ലേത് ഗോത്രകലാപം എന്ന് വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. ഗണപതിവട്ടത്തിന് (സുല്‍ത്താന്‍ ബത്തേരി)അടുത്തുള്ള കുറിച്യാട് എന്ന പ്രദേശത്താണ് കലാപം ആരംഭിച്ചത് എന്നുള്ളതിനാല്‍ കുറിച്യാട് കലാപം എന്നും വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ ബ്രിട്ടീഷ് രേഖകള്‍ ‘കുറിച്യലഹള’ എന്ന പേരിലാണ് ഈ കലാപത്തെ സൂചിപ്പിച്ചിട്ടുള്ളത്.കാരണം ഗിരിവര്‍ഗവിഭാഗമായ കുറിച്യരാണ് പ്രധാന കലാപകാരികള്‍ എന്നതിനാലാണ് അത്തരം വിശേഷണം നല്‍കിയിട്ടുള്ളത്. എന്നാല്‍ കുറിച്യരേക്കാള്‍ മറ്റൊരു ഗിരിവര്‍ഗവിഭാഗമായ കുറുമരാണ് 1812ലെ കലാപത്തില്‍ പ്രധാന പങ്കുവഹിച്ചത്. 1780കളിലാരംഭിച്ച പഴശ്ശികലാപങ്ങളില്‍ നായന്മാര്‍, കുറിച്യര്‍, കുറുമര്‍, ചെട്ടിമാര്‍, തീയര്‍, പണിയര്‍, ഗൗണ്ടന്മാര്‍, മാപ്പിളമാര്‍ തുടങ്ങി വിവിധ ജനജാതി വിഭാഗങ്ങള്‍ പങ്കാളികളായിരുന്നു. എന്നാല്‍ പഴശ്ശികലാപങ്ങളില്‍ തുടക്കകാലത്ത് കുറുമരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.
കുറുമരുടെ സാന്നിധ്യം
പഴശ്ശി കലാപങ്ങളുടെ തുടക്കത്തില്‍ കുറുമരുടെ അസാന്നിധ്യത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് പഴശ്ശി രാജാവിന്റെ പൂര്‍വികരാണ് കുറുമരുടെ (വേടവംശത്തിന്റെ) ആധിപത്യത്തെ തകര്‍ത്തത് എന്നതാണ്. അവരെ യുദ്ധരംഗത്തേക്ക് ഇറക്കാന്‍ പഴശ്ശിരാജ, എടച്ചന കുങ്കന്‍, തലക്കര ചന്തു എന്നിവര്‍ പരിശ്രമിച്ചിട്ടുണ്ട്. എങ്കിലും 1800 വരെയും അവരുടെ അസാന്നിധ്യം പ്രകടമായിരുന്നു. എന്നാല്‍ 1800 നു ശേഷം കുറുമര്‍ ശക്തമായി യുദ്ധരംഗത്ത് നിലയുറപ്പിക്കുകയുണ്ടായി. പഴശ്ശി രാജാവിന്റെ അവസാനകാലത്ത് അദ്ദേഹത്തെ സംരക്ഷിക്കുന്നതിന് അവര്‍ മുന്നിട്ടിറങ്ങിയിരുന്നു. പാലൊറ എമ്മന്‍ എന്നൊരാളുടെ നേതൃത്വത്തില്‍ കുറുമര്‍ ഒന്നടങ്കം കലാപത്തില്‍ അണിചേരുന്നതായി അന്നത്തെ ബ്രിട്ടീഷ് രേഖകള്‍ സൂചിപ്പിക്കുന്നു.
വയനാട്ടിലെ ഏറ്റവും പഴക്കമുള്ള തദ്ദേശവാസികളാണ് ‘കുറുമ്പര്‍’ എന്ന പൂര്‍വനാമത്തില്‍ അറിയപ്പെടുന്ന കുറുമര്‍. ഗണപതിവട്ടം, നൂല്‍പ്പുഴ, നെന്മേനി, മേപ്പാടി, മൂപ്പൈനാട്, പൂതാടി പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പാക്കം എന്നിവിടങ്ങളിലാണ് കുറുമര്‍ പ്രധാനമായും അധിവസിച്ചിരുന്നത്. അമ്പെയ്ത്ത്, മല്ലയുദ്ധം, നായാട്ട്, നെയ്ത്ത് എന്നിവയില്‍ അസാമാന്യമായ സാമര്‍ത്ഥ്യം പ്രകടിപ്പിക്കുന്നവരാണ് കുറുമര്‍.
1800 വരെയുള്ള പഴശ്ശി കലാപങ്ങളില്‍ കുറുമര്‍ ഒരു സമുദായമെന്ന നിലയില്‍ പങ്കാളികളാകാതിരുന്നതിന് പല കാരണങ്ങളുമുണ്ട്. കോട്ടയം രാജവംശത്തോടുള്ള പൂര്‍വ്വ വൈരാഗ്യം അത്തരമൊരു കാരണമായി എടുക്കുന്നത് ഉചിതമായിരിക്കില്ല. 1800 വരെയുള്ള പഴശ്ശിയുദ്ധങ്ങള്‍ പ്രധാനമായും നടന്നത് വയനാടിന്റെ വടക്കന്‍ ഭാഗങ്ങളിലാണ്. വയനാടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കലാപം പടര്‍ന്നുപിടിച്ചിരുന്നില്ല. വയനാടിന്റെ തെക്കന്‍ ഭാഗങ്ങളിലാണ് കുറുമരുടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നത്. അതുകൊണ്ടാണ് കുറുമരുടെ പങ്കാളിത്തം ആദ്യഘട്ടങ്ങളില്‍ കലാപത്തില്‍ ഉണ്ടാകാതിരുന്നത്. മറ്റൊരു കാരണം ശക്തനായ ഒരു നേതാവിന്റെ അഭാവമാണ്. ഊരുമൂപ്പന്മാരും ഗ്രാമമൂപ്പന്മാരും അഭ്യാസികളും നായാട്ടുവീരന്മാരും അവര്‍ക്കിടയില്‍ നിരവധിയുണ്ടായിരുന്നു. സാംസ്‌കാരികവും സാമുദായികവുമായ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അവര്‍ക്ക് കഴിവുണ്ടായിരുന്നു. മൂപ്പന്മാരുടെ വാക്കുകള്‍ അന്തിമമായി സമുദായം കരുതിയിരുന്നു. എന്നാല്‍ കലാപം നയിക്കാന്‍ പ്രാപ്തിയുള്ള ഒരു രാഷ്ട്രീയ നേതാവ് (ജീഹശശേരമഹ ഘലമറലൃ) അവര്‍ക്കിടയില്‍ ഉയര്‍ന്നുവന്നില്ല എന്നത് വസ്തുതയാണ്.
പനമരം കോട്ടയാക്രമണം
1802 ഒക്ടോബര്‍ 11ന് പഴശ്ശി പടയാളികള്‍ പനമരംകോട്ട ആക്രമിച്ചത് ഐതിഹാസികമായ പോരാട്ടമായിരുന്നു. ആ പോരാട്ടത്തിലെ നായകന്‍ കുറിച്യ പടനായകനായ തലക്കര ചന്തു ആയിരുന്നു. പ്രസ്തുത പോരാട്ടത്തെക്കുറിച്ച് വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്? ‘ആദ്യത്തെ പൊട്ടിത്തെറി ഉണ്ടായത് വയനാട്ടിലെ പനമരം അഥവാ പനമരത്ത് കോട്ട എന്ന സ്ഥലത്തായിരുന്നു. 1802 ഒക്ടോബര്‍ 11ന് അഞ്ചുദിവസം മുമ്പ് തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട പഴശ്ശികലാപത്തലവന്മാരില്‍ ഒരാളായ എടച്ചന കുങ്കന്‍ സ്ഥലത്തെ ഒരു കുറിച്യന്റെ വീട്ടില്‍ എത്തിപ്പെടുകയുണ്ടായി. പട്ട ധരിച്ച ഒരു ഗവണ്‍മെന്റ് ശിപായി കുറിച്യനോട് കുറേ നെല്ല് ചോദിച്ച് കുടിലില്‍ കയറിച്ചെന്നത് ഈ സമയത്തായിരുന്നു.എടച്ചന കുങ്കന്‍ ശിപായിയെ വെട്ടിക്കൊന്നു. അധികൃതരെ ധിക്കരിച്ച നടപടിയായിരുന്നു അതെന്നതുകൊണ്ട് പനമരത്തും പരിസരത്തുമുള്ള കുറിച്യര്‍ തലക്കല്‍ ചന്തു (തലക്കര ചന്തു) എന്ന ഒരുവന്റെ നേതൃത്വത്തില്‍ എടച്ചന കുങ്കന്റ പക്ഷത്ത് ചേര്‍ന്നു. 150 പേര്‍ വരുന്ന ഒരു സംഘമായിരുന്നു അത്. പനമരത്തെ മിലിട്ടറി പോസ്റ്റ് കയ്യേറിപ്പിടിക്കാന്‍ അവര്‍ പദ്ധതിയിട്ടു.നാലാം ബോംബെ ഇന്‍ഫന്‍ട്രിയുടെ ഒന്നാം ബറ്റാലിയനില്‍പ്പെട്ട 70 ഭടന്മാര്‍ അടങ്ങുന്ന ഒരു മിലിട്ടറി പോസ്റ്റായിരുന്നു അത്. ഏറ്റുമുട്ടലില്‍ പനമരം പോസ്റ്റിലെ എല്ലാ പട്ടാളക്കാരും കൊലചെയ്യപ്പെട്ടു. ലഹളക്കാര്‍ 112 തോക്കുകളും 6 പെട്ടി വെടിക്കോപ്പുകളും 6000 രൂപയും തട്ടിയെടുത്തു. പോസ്റ്റിലെ എല്ലാ കെട്ടിടങ്ങളും അഗ്‌നിക്കിരയാക്കി.
(തുടരും)