കാവിയുടുത്ത സായംസന്ധ്യയുടെ ധ്യാനം.. നിശ്ശബ്ദമായ ആറ്റിന്‍തീരം. അനാഹതമായ ഓംകാരനാദം ഏതോ കിന്നരതുല്യമായ കണ്ഠത്തിൽ നിന്നും ഉയരുന്നു. ശ്രുതി ചേര്‍ക്കുവാന്‍ വീണാനാദവുമുണ്ട്. ഇടയ്ക്കിടെ ആ സ്വര്‍ഗ്ഗീയ നാദത്തിന്റെ ഉടമയായ യോഗീന്ദ്രന്‍ പാതിയടഞ്ഞ കണ്ണുകളെ തുറന്ന് ഇളംപ്രകാശത്തില്‍ മുങ്ങിനില്‍ക്കുന്ന പ്രപഞ്ചത്തെ ആകമാനം വീക്ഷിക്കുന്നു. അനന്തരം രുദ്രാക്ഷമാല നേരെയിട്ട് വീണ്ടും ഭക്തിരസനിമഗ്നനായി ആനന്ദഭൈരവീരാഗത്തിലുള്ള ഒരു കീര്‍ത്തനം ആലപിക്കുന്നു. നദിക്കരയിലുള്ള ആശ്രമത്തിലെ മാനുകളും മയിലുകളും ആ ഗാനമാധുരി പ്രവാഹത്തിലലിഞ്ഞ് നിശ്ചേഷ്ടരായതും ആ സന്ന്യാസി അറിയുന്നില്ല. സായാഹ്നസൂര്യൻ തന്റെ രാഗവിസ്താരം കഴിഞ്ഞ് അനന്തസാഗരത്തിന്റെ അഗാധതയിലേക്ക് ഒരു ദിവ്യഗായകൻ മുക്തിയിലേക്കുന്നതുപോലെ ആണ്ടുപോയി. ആ വാഗ്ഗേയകാരനായ സംന്യാസിയുടെ ഗായക ശിഷ്യന്മാർ അല്പം അകലെയുള്ള പട്ടണത്തിൽ നിന്നും ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. താൻ ഇന്നേ വരെ ആനന്ദഭൈരവീ രാഗത്തിൽ രചിച്ചിട്ടുള്ള മൂന്നു കീർത്തനങ്ങളും ആ യോഗീശ്വരൻ ആലപിച്ചു കഴിഞ്ഞു. മൂന്നാമത്തെ കീർത്തനത്തിന്റെ അന്ത്യമായപ്പോൾ പിന്നിൽ ചില കാൽപ്പെരുമാറ്റങ്ങൾ കേട്ട് അദ്ദേഹം തിരിഞ്ഞു നോക്കി. നിങ്ങൾ വന്നോ എന്താണിത്ര വൈകിയത് എന്ന ചോദ്യവുമായി ആ മണൽപ്പരപ്പിൽ നിന്നും സാവധാനം എഴുന്നേറ്റു. അഭിവന്ദ്യനായ ത്യാഗരാജഗുരോ, പട്ടണത്തിൽ വെച്ച് ഞങ്ങൾ ഒരു ബൊമ്മലാട്ട സംഘത്തെ കണ്ടു. അകൂട്ടത്തിൽ ത്രിഭുവനം സ്വാമിനാഥയ്യർ എന്ന ഒരു നടൻ ആനന്ദഭൈരവിയിൽ ഒരു കീർത്തനം ആലപിച്ചു കൊണ്ട് അഭിനയിക്കുന്നതു കണ്ടു. അയാളുടെ രാഗാലാപം അപ്രമേയ മാഹാത്മ്യമുളളതും അനന്യ സിദ്ധവുമായിരുന്നു. ഞങ്ങൾ അതു കേട്ടു മതി മറന്നു നിന്നു പോയി ഗുരോ സദയം ക്ഷമിച്ചാലും ഇതിനുത്തരമായി “ഉം” എന്നു മൂളി കൊണ്ടു മാത്രം ത്യാഗരാജൻ ആശ്രമത്തിലേക്കു മടങ്ങി. പഞ്ചപുച്ഛമടക്കി വിമൂക രായി ശിഷ്യർ അദ്ദേഹത്തെ അനുഗമിച്ചു. രാവേറെ ചെന്നു. ആശ്രമവാസികളായ ശിഷ്യന്മാർ ഉറങ്ങിക്കഴിഞ്ഞു. യോഗീശ്വരൻ ശബ്ദമുണ്ടാക്കാതെ പുല്ലുപായയിൽ നിന്നും മെല്ലെ എഴുന്നേറ്റു. കാഷായ വസ്ത്രം മാറി വെളളയുടുത്ത് ആശ്രമത്തിനു വെളിയിൽ ഇറങ്ങി. കുളിരണിഞ്ഞ നിലാവ്. ചരാചരങ്ങൾ ഏതോ മൗന രാഗത്തിൽ മുങ്ങി നില്ക്കുന്നു.
സാധാരണക്കാരന്റെ വേഷം ധരിച്ച ആ സംന്യാസി എങ്ങോട്ടോ വേഗം വേഗം നടന്നു. ആശ്രമാപാന്തത്തിലുള്ള ചെറുപാത പിന്നിട്ട് അദ്ദേഹം പട്ടണത്തിലേക്കു പ്രവേശിച്ചു. പട്ടണത്തിലെ ആ മണിമന്ദിരം ദീപാലംകൃതമായി വിളങ്ങുന്നു. അതിനുളളിൽ നിന്നും സംഗീതമേള ധ്വനികൾ ചിന്നിച്ചിതറുന്നു. വെളുത്ത കൃശഗാത്രനായ സംന്യാസി ഒരു ചന്ദ്രകിരണം പോലെ ആ മന്ദിരത്തിനുള്ളിൽ പ്രവേശിച്ചു. കോണിലൊരിടത്തുള്ളിപ്പുറപ്പിച്ചു. അങ്ങകലെ മുന്നിലായി ശരറാന്തലുകൾ പ്രകാശം ചൊരിയുന്ന സഭാമണ്ഡപത്തിൽ കണ്ണഞ്ചിപ്പിയ്ക്കുന്ന വർണ്ണാഞ്ചിതമായ വേഷഭൂഷകളോടെ ഒരുവന്‍ അഭിനയിക്കുകയും ആലപിയ്ക്കുകയും ചെയ്യുന്നു. ‘നാദമദ്ധ്യേ സദാശിവ”‘ എന്ന വാക്യം അന്വര്‍ഥമാക്കുന്നതായിരുന്നു അയാളുടെ ഗാനം. അതിന്റെ പ്രവാഹത്തിൽ, ശ്രോതാക്കളുടെ ഹൃദയങ്ങൾ മാനസസരസ്സിലെ ഹംസങ്ങളായിത്തീര്‍ന്നു. എങ്കിലും യോഗീശ്വരൻ അചഞ്ചല ചിത്തനായി ഇരുന്നു. അദ്ദേഹം മറ്റെന്തോ പ്രതീക്ഷിച്ച ആകാംക്ഷയോടെ ഇരുന്നു. വീണ്ടും കാത്തു. അതാ അനന്തരം ആനന്ദഭൈരവിരാഗം ആ നടൻ ആലപിയ്ക്കുന്നു. യന്ത്രത്തിൽ നിന്ന് ജലധാരപോലെ ആ ഗാനം സദസ്യരെ കുളിരണിയിച്ചു തുടങ്ങി. അവർ താരാപഥവും കിന്നരലോകവും കടന്നു. ആ ഗീതം കേട്ട സംന്യാസി നിശ്ചലനായിത്തീർന്നു. സ്വയം നിയന്ത്രിയ്ക്കുവാൻ അദ്ദേഹം വളരെ പണിപ്പെട്ടു. നടൻ ആ രാഗം പാടിക്കഴിഞ്ഞപ്പോൾ സദസ്യർ കരഘോഷം മുഴക്കുവാൻ പോലും മറന്നുപോയിരുന്നു. പെട്ടെന്ന് യോഗീശ്വരൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു രംഗമണ്ഡപത്തിലേക്കു നടന്നു. സദസ്യർ അദ്ദേഹത്തിന് ആദരപൂർവ്വം വഴി മാറി കൊടുത്തു. രംഗത്തെത്തിയ അദ്ദേഹത്തിന്റെ മുന്നിൽ ആ ഗായകനടൻ സാഷ്ടാംഗം പണമിച്ചു. “അല്ലയോ മഹാത്മാവേ അങ്ങിവിടെയുണ്ടായിരുന്നപ്പോൾ ഞാൻ രാഗാലാപനം നടത്തിയതു ഒരു ധിക്കാരമായിപ്പോയി അടിയനു മാപ്പരുളിയാലും അയാൾ ഇരുന്നു. “ആനന്ദഭൈരവിരാഗം ആലപിയ്ക്കുന്നതിൽ നിങ്ങൾക്കുളള അസാമാന്യവൈഭത്തെക്കുറിച്ചു എന്റെ ശിഷ്യന്മാർ എന്നോട് പറഞ്ഞു. അതു നേരിൽ കേൾക്കാൻ വേണ്ടിവന്നതാണ് ഞാൻ നിങ്ങളുടെ രാഗാലാപനത്തിൽ എനിയ്ക്ക് അത്യന്തം മതിപ്പും ആനന്ദവും തോന്നുന്നു. ‘ ആ യോഗീശ്വരന്‍ പ്രതിവചിച്ചു. തുടർന്നു സദസ്സിൽ നിന്നും അത്യച്ചത്തിൽ കരഘോഷം മുഴങ്ങി, സാക്ഷാൽ ത്യാഗരാജസ്വാമികൾ തനിക്കു നൽകിയ പ്രശംസയിൽ അഭിമാനപുളകിതനായ ആ നടൻ അല്പനേരം സർവ്വവും മറന്നു നിന്നുപോയി. “അഭിവന്ദ്യനായ കവീശ്വര അങ്ങ് എനിയ്ക്കു ഇനി ഒരു വരം കനിഞ്ഞു നല്കേണമേ” അയാൾ മടിച്ചു മടിച്ചു പറഞ്ഞു, “ചോദിയ്ക്കേണ്ട താമസം നിങ്ങൾക്കതു ലഭിയ്ക്കും. ആ മഹാനുഭാവൻ നിസ്സംഗനെപ്പോലെ പ്രതിവചിച്ചു. സദസ്സാകെ നിശ്ചലമായി. ആളുകൾ ഉത്കണ്ഠയോടെ പ്രതീക്ഷിച്ചു നിന്നു.
ആ വസന്തരാവിലെ പൂർണ്ണചന്ദ്രൻ പടിഞ്ഞാറൻ ചക്രവാളത്തോടടുത്തു കഴിഞ്ഞു. ആ വരാർത്ഥിയായ ഗായകനടൻ ഇങ്ങനെ അപേക്ഷിച്ചു. ” ഇന്നേ ദിവസം മുതൽ ആനന്ദഭൈരവീരാഗത്തിൽ അങ്ങു കീർത്തനങ്ങൾ നിർമ്മിയ്ക്കാതിരിക്കണം എന്നതാണ് ഞാൻ അപേക്ഷിക്കുന്ന വരം; അപ്പോൾ എന്തുകൊണ്ടാണ് ത്യാഗരാജൻ ആനന്ദഭൈരവീരാഗത്തിൽ അധികം കീർത്തനങ്ങൾ രചിയ്ക്കാതിരുന്നത് എന്ന് ഭാവിതലമുറ ചോദിയ്ക്കും. അങ്ങിനെ അവർ ഈ സംഭവത്തെക്കുറിച്ച് എന്നെന്നും ഓർമ്മിയ്ക്കും. സംഗതിവശാൽ പിൽക്കാലതലമുറ എന്റെ നാമവും എന്നും സ്മരിയ്ക്കും”. ഈ വാക്കുകൾ കേട്ട് കാണികൾ സ്തബ്ധരായിപ്പോയി. യോഗീശ്വരൻ അക്ഷോഭ്യനായി നിന്നു. നീണ്ടുനീലിമയാർന്ന അദ്ദേഹത്തിന്റെ മിഴികൾ കുറേനേരം മുകളിലെങ്ങോ തറഞ്ഞുനിന്നു. അല്പം കഴിഞ്ഞ് പുഞ്ചിരിയോടെ വരദാനമായി തലകുലുക്കിയിട്ട് ആ രംഗമണ്ഡപത്തിൽ നിന്നും മന്ദം മന്ദമിറങ്ങി, പുലരിയുടെ അരുണിമ കണ്ടു കൊണ്ട് ഭാവംഗംഭീരനായി അദ്ദേഹം ആശ്രമത്തിലേക്കു മടങ്ങി. നദിയുടെ കളകളാരവം വർദ്ധിച്ചുവന്നു. അന്നുദിച്ചുയർന്ന സൂര്യദേവനെക്കണ്ടപ്പോൾ കഴിഞ്ഞരാത്രിയിൽ ആ സദസ്സിലുണ്ടായിരുന്നവർ എല്ലാം സ്വന്തം ജീവസർവ്വസ്വമായ കവചകുണ്ഡലങ്ങൾ ദാനം ചെയ്ത കർണ്ണനെ അനുസ്മരിച്ചുപോയി.
മാങ്കുളം ജി. കെ. നമ്പൂതിരി
Ph:9447565004