Saturday, July 2, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖലേഖനം

ശ്രീനാരായണ ഗുരുവിനോട് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത്‌

കാ.ഭാ. സുരേന്ദ്രന്‍

Print Edition: 20 May 2022

കമ്മ്യൂണിസ്റ്റു പാര്‍ട്ടി കേരളത്തോടു ചെയ്ത ഏറ്റവും വലിയ ചതി, ഗുരുദേവ കൃതികളെ പൊതുമണ്ഡലത്തില്‍നിന്നു തമസ്‌ക്കരിച്ചുകളഞ്ഞു എന്നതാണ്. അതിനവര്‍ ഗുരുവിനെത്തന്നെയാണ് ഉപയോഗിച്ചതും. അതുകൊണ്ട് ഈ തട്ടിപ്പ് മലയാളികള്‍ തിരിച്ചറിയാന്‍ വളരെ വൈകി.

ഗുരു സാന്ദര്‍ഭികമായി പറഞ്ഞ രണ്ടുമൂന്നു വാക്യങ്ങള്‍ മൈക്കു കെട്ടി അവര്‍ നാടുനീളെ പറഞ്ഞുനടന്നു. ഏതു സന്ദര്‍ഭത്തില്‍ പറഞ്ഞു എന്നതും ആരോടു പറഞ്ഞു എന്നതും മറച്ചു വച്ചു. കേട്ടവരെല്ലാം, പാര്‍ട്ടിയുടെ ഗുരുഭക്തിയെന്നു തെറ്റിദ്ധരിച്ചു. ഗുരുവിന്റെ മുഴുവന്‍ ജീവിതത്തിന്റെയും കാതല്‍ അതാണെന്ന് അവര്‍ പറഞ്ഞു. അത് സ്ഥാപിച്ചെടുക്കാന്‍ ചില മുന്നൊരുക്കങ്ങള്‍ അവര്‍ ചെയ്തിരുന്നു. എസ്. എന്‍.ഡി.പി.യുടെ കുറേ ഭാഗം പിടിച്ചെടുക്കാന്‍ പാര്‍ട്ടി കേഡര്‍മാരെ നിയമിച്ചു. അങ്ങനെ നിയോഗിക്കപ്പെട്ടവരില്‍ പ്രധാനി സഖാവ് പി.ഗംഗാധരനായിരുന്നു. നിരവധി എസ്.എന്‍.ഡി.പി.ശാഖായോഗങ്ങള്‍ തുടങ്ങുകയും താലൂക്ക് യൂണിയനുകള്‍ സ്ഥാപിക്കുകയും ചെയ്തു. താലൂക്ക് യൂണിയനുകളുടെ നേതൃത്വം പാര്‍ട്ടി കേഡര്‍മാരുടെ നിയന്ത്രണത്തിലായി. കണയന്നൂര്‍ (കൊച്ചി) താലൂക്ക് യൂണിയന്‍ ചുമതല സഖാവ് ടി.കെ.രാമകൃഷ്ണനായിരുന്നു. കൊടുങ്ങല്ലൂര്‍ – സഖാവ് ടി.എന്‍.കുമാരന്‍, മുകുന്ദപുരം – സ:പി.കെ.കുമാരന്‍, തൃശൂര്‍ – സ:പി.ശങ്കരന്‍, തലപ്പിള്ളി – സ: ടി.കെ.കൃഷ്ണന്‍, നെന്മാറ (ചിറ്റൂര്‍) – സ:നാരായണന്‍ തുടങ്ങിയവരായിരുന്നു എസ്.എന്‍.ഡി.പി.യെ വിഴുങ്ങാന്‍ നിയോഗിക്കപ്പെട്ടവര്‍. തിരുവിതാംകൂറില്‍ നേരത്തെ തന്നെ സംഘടന ഉണ്ടായിരുന്നതുകൊണ്ടും ടി.കെ.മാധവനും ആര്‍.ശങ്കറും ഒക്കെ കമ്മ്യൂണിസ്റ്റ് ചതികള്‍ മുന്‍കൂട്ടി കണ്ടതുകൊണ്ടും പാര്‍ട്ടിക്ക് വേണ്ടത്ര കൈയിലൊതുക്കാന്‍ കഴിഞ്ഞില്ല. കിട്ടിയ അത്രയും ഈഴവസഖാക്കളെ വച്ചു കൊണ്ടായിരുന്നു അവര്‍ ‘ഗുരുദേവ വധം’ നടത്തിയത്.

1957 ല്‍ കേരളത്തിന്റെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ശബരിമല അയ്യപ്പഭക്തരുടെ വികാരത്തെ ചൂഷണം ചെയ്ത് കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തിലേറി. അന്നുതൊട്ടിന്നോളം എത്രയോ കമ്മ്യൂണിസ്റ്റു ഭരണം കേരളത്തില്‍ നടന്നു. പാര്‍ട്ടിയിലെ നമ്പൂതിരിയും മേനോനും നായരും നായനാരും ഒക്കെയായ പ്രഭുക്കന്മാര്‍ മുഖ്യമന്ത്രിമാരായി. കൂടാതെ വാലില്ലാത്ത രണ്ടുപേരും – വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും! ഇത്രയും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചിട്ടും എന്തുകൊണ്ടായിരിക്കാം ഗുരുവിന്റെ ഒരു കൃതിപോലും വിദ്യാലയ – കലാലയ – സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കാതിരുന്നത്? പാഠമാക്കാനുള്ള യോഗ്യത ഇല്ലാത്തതുകൊണ്ടായിരുന്നോ? അതോ സാഹിത്യഗുണം പോരായിരുന്നോ? ഭാഷ വൃത്തിയുള്ളത് ആയിരുന്നില്ലെ? എന്തായിരുന്നു ദോഷം? ഗുരുവിന്റെ ഏതു കൃതിയെടുത്താലും അതിലൊക്കെ ഉപനിഷത് ദര്‍ശനത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും ഒക്കെ ആശയങ്ങളായിരിക്കും. അത് അംഗീകരിച്ചാല്‍ ശ്രീനാരായണ ഗുരു ഹിന്ദുവല്ല എന്ന കമ്മ്യൂണിസ്റ്റ് വാദം പൊളിയും. എന്നാല്‍ ഗുരുവിരോധികളാണ് തങ്ങളെന്ന സത്യം സമൂഹം അറിയുകയും ചെയ്യരുത്. ഇതായിരുന്നു ആ കപടതന്ത്രം.

ഗുരുദേവന്റെ ജീവിതവുമായി ബന്ധപ്പെട്ട പല ശതാബ്ദികളും കടന്നു പോയി. അതൊക്കെ പൊതുസമൂഹം ആഘോഷിക്കുകയും ചെയ്തു. അരുവിപ്പുറം പ്രതിഷ്ഠ, ശാരദാ പ്രതിഷ്ഠ, ആത്മോപദേശ ശതകം, ദൈവദശകം തുടങ്ങിയവയുടെയെല്ലാം ശതാബ്ദി വര്‍ഷം കടന്നുപോയി. ചിലതിനൊക്കെ കമ്മ്യൂണിസ്റ്റു നേതാക്കള്‍ ക്ഷണിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഒരു ശതാബ്ദിയാഘോഷവും പാര്‍ട്ടി നടത്തിയില്ല. ഗുരുവിന്റെ കര്‍മ്മപഥത്തിലെ ഏറ്റവും നിര്‍ണായകമായതായിരുന്നല്ലോ അരുവിപ്പുറം പ്രതിഷ്ഠ. അതിന്റെ ഉദ്ഘാടനപരിപാടിയില്‍ സഖാവ് നമ്പൂതിരിപ്പാടിനെത്തന്നെ ക്ഷണിച്ചു. അദ്ദേഹം പങ്കെടുത്തില്ല. അതില്‍ പങ്കെടുത്താല്‍ ‘ശ്രീനാരായണന്റെ’ ആ പ്രവൃത്തിയോടും ആശയങ്ങളോടും താന്‍ യോജിക്കുന്നതായി സമൂഹം തെറ്റിദ്ധരിക്കും; അതുകൊണ്ടു പങ്കെടുക്കുന്നില്ല എന്നായിരുന്നു കാരണം പറഞ്ഞത്. അതുകൊണ്ടുതന്നെ ആഘോഷം പാര്‍ട്ടി നേതൃത്വത്തിലും നടത്തിയില്ല.

എന്നാല്‍ ഈ ശതാബ്ദികളെല്ലാം ഒഴിവാക്കിയ അവര്‍ ‘ജാതിയില്ലാ പരസ്യ’ത്തിന്റെ ശതാബ്ദി ആരും ആവശ്യപ്പെടാതെതന്നെ നടത്തി. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നേതൃത്വത്തിലായിരുന്നു നടത്തിപ്പു മുഴുവന്‍. അതിനുവേണ്ടി ഗുരുദേവന്റെ പേരിലുള്ള രേഖയില്‍ കള്ളത്തരം എഴുതിച്ചേര്‍ക്കാനും അവര്‍ മടിച്ചില്ല. ഗുരുവിന്റെ ഒപ്പുവരെ വ്യാജമായി പിണറായി സര്‍ക്കാര്‍ അടിച്ചുചേര്‍ത്തു. എന്തു കാരണത്താലാണെന്ന് അറിയില്ല, ഇത്രയും തട്ടിപ്പ് ഗുരുവിന്റെ പേരില്‍ ചെയ്തിട്ടും കേരളം നിശ്ശബ്ദത പാലിച്ചു. ഭയംകൊണ്ടാണോ നേട്ടം കാംക്ഷിച്ചിട്ടാണോ ഈ മൗനം എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഗുരുഭക്തികൊണ്ടോ ഗുരുദര്‍ശനത്തോടുള്ള ആഭിമുഖ്യംകൊണ്ടോ അല്ല കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇതു ചെയ്തത്; പണ്ടേ ചെയ്തുപോരുന്ന ഗുരുനിന്ദ കൗശലപൂര്‍വ്വം ആവര്‍ത്തിച്ചു എന്നു മാത്രം.

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനം വരെ കമ്മ്യൂണിസം ലോകത്തിന്റെ വഴികാട്ടി എന്ന നുണയായിരുന്നു പ്രചരിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ മറ്റെല്ലാ ആശയങ്ങളെയും അവര്‍ എതിര്‍ത്തിരുന്നു; വിശേഷിച്ചും ഭാരതീയ ദര്‍ശനങ്ങളെ. ഇവിടുത്തെ ദര്‍ശനങ്ങളിലെ ഏറ്റവും ഉന്നതദര്‍ശനമായ അദ്വൈതമായിരുന്നല്ലോ ഗുരു പറഞ്ഞതും എഴുതിയതും പഠിപ്പിച്ചതും. അതുകൊണ്ടുതന്നെ ഗുരു അവര്‍ക്ക് വെറുക്കപ്പെട്ടവനായി മാറി. ആ വിരോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ ഗ്രന്ഥത്തില്‍ ഗുരുവിനെ ഏറ്റവും നികൃഷ്ടനായി വിശേഷിപ്പിച്ചത്. ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം’ എന്ന നമ്പൂതിരിപ്പാടിന്റെ ഗ്രന്ഥത്തിലെ 19-ാം അദ്ധ്യായമാണ് ‘ഹൈന്ദവ പുനരുത്ഥാനം: ദേശീയതയുടെ വികൃതരൂപങ്ങള്‍’ എന്നത്. അതില്‍ നവോത്ഥാന നായകരുടെ പ്രവര്‍ത്തനത്തെ ‘ഹൈന്ദവ സമൂഹത്തെയും സംസ്‌ക്കാരത്തെയും ബൂര്‍ഷ്വാ രീതിയില്‍ നവീകരിക്കുന്നതിനുള്ള പ്രസ്ഥാനമാണ്’ ‘ശ്രീനാരായണന്‍’ അടക്കമുള്ളവര്‍ നടത്തിയത് എന്നു വിലയിരുത്തി. ഈ വികൃതരൂപങ്ങളും ബൂര്‍ഷ്വകളും ആരെന്നു സംശയം തോന്നാതിരിക്കാന്‍ നാലുപേരുടെ ചിത്രങ്ങളും ഈ അദ്ധ്യായത്തില്‍ ചേര്‍ത്തിട്ടുണ്ട്; ശ്രീരാമകൃഷണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി ദയാനന്ദ സരസ്വതി, ശ്രീനാരായണഗുരു ! അങ്ങനെ ഗുരു ‘വികൃതരൂപിയും’ ബൂര്‍ഷ്വയുമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ വിധി പ്രഖ്യാപനത്തില്‍. ഈ ആക്ഷേപ വാക്കുകള്‍ ചൊരിയുമ്പോള്‍ നമ്പൂരിത്തത്തിന്റെ അല്പം സുഖവും ഇ.എം.എസ്. ഉള്ളില്‍ അനുഭവിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പ്.

മറ്റൊരിക്കല്‍ നമ്പൂതിരിപ്പാട് ഗുരുദേവനെ ‘പെറ്റി ബൂര്‍ഷ്വാ’ എന്നാണ് ആക്ഷേപിച്ചത്. ‘അംബേദ്ക്കര്‍, ഗാന്ധി, മാര്‍ക്‌സിസ്റ്റുകാര്‍’ എന്നൊരു ലേഖനം തിരുമേനിയുടേതായി ഉണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ജനങ്ങളില്‍ നിന്നും പെറ്റി ബൂര്‍ഷ്വാ വിഭാഗങ്ങള്‍ ഉയര്‍ന്നുവന്നതായി നമ്പൂതിരിപ്പാട് നിരീക്ഷിക്കുന്നു. ‘ജാതി-ജന്മി-നാടുവാഴി മേധാവിത്തത്താല്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു പെറ്റി ബൂര്‍ഷ്വാ വിഭാഗമാണൊന്ന്. പതുക്കെ പതുക്കെയായി ഇടത്തരത്തിലും വന്‍കിടയിലും പെട്ട പെറ്റി ബൂര്‍ഷ്വയായി ഉയര്‍ന്നതിന്റെ ഉത്തമ പ്രതിനിധിയാണ് ഡോ.അംബേദ്ക്കര്‍. അതേ പ്രതിഭാസം കേരളത്തില്‍ രൂപപ്പെട്ടത് നാരായണഗുരു തൊട്ടുള്ള സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളുടെ രൂപത്തിലാണ്.’

അതായത് ശ്രീനാരായണ ഗുരു ഇടത്തരത്തില്‍പെട്ട പെറ്റി ബൂര്‍ഷ്വയാണ്; വെറുമൊരു സാമൂഹ്യ പരിഷ്‌ക്കര്‍ത്താവാണ് കമ്മ്യൂണിസ്റ്റ് അല്ലാത്ത എല്ലാവരെയും ഏതെങ്കിലുമൊക്കെ വൃത്തികെട്ട പദംകൊണ്ട് വിശേഷിപ്പിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ തമസ്‌ക്കരിക്കുകയും ചെയ്യുക എന്നത് അവരുടെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്. അത് ആഗോള കമ്മ്യൂണിസത്തിന്റെ ശൈലിയുമാണ്. അത് നമ്പൂതിരിപ്പാടും പ്രയോഗിച്ചു എന്നു മാത്രം.

ഇടക്കാലത്ത് ശിവഗിരിയില്‍ ഉണ്ടായ ഏറ്റവും ഹീനമായ നടപടികളെപ്പറ്റി പലര്‍ക്കും അറിയാം. അവിടെ വ്യവസ്ഥാപിതമായി നടന്നുവരുന്ന കാര്യങ്ങളെ തകര്‍ക്കാനും ഗുരുദേവ സമാധി അശുദ്ധമാക്കാനും കുത്സിത ശ്രമം നടന്നു. അത് നിയമ പ്രശ്‌നങ്ങളിലേക്കു കടന്നു. കേരളത്തിലെ ഏറ്റവും വലിയ മതഭ്രാന്തനായ മദനിയുടെ നേതൃത്വത്തില്‍ തീവ്രവാദികള്‍ ശിവഗിരി കയ്യടക്കി. അവരെ ഒഴിപ്പിക്കാന്‍ അന്നത്തെ ആന്റണി സര്‍ക്കാരിന് പോലീസ് നടപടി എടുക്കേണ്ടിവന്നു. കപടവേഷത്തില്‍ വന്നവര്‍ പോലീസിന്റെ ലാത്തിയടിയേറ്റ് നിലവിളിച്ചപ്പോഴാണ് അവര്‍ ഗുരുഭക്തരാണോ തീവ്രവാദികളാണോ എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത്.

അധികം താമസിയാതെ ആന്റണി സര്‍ക്കാര്‍ മാറി കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നായനാര്‍ സര്‍ക്കാര്‍ അധികാരമേറ്റു. ശിവഗിരിയിലെ തര്‍ക്കം മുതലെടുത്ത് ഗുരുദേവ സമാധിസ്ഥലം കയ്യേറാന്‍ പാര്‍ട്ടി തീരുമാനിച്ചു. അവരുടെ ഗൂഢാലോചനയുടെ ഫലമായി നിയമവിരുദ്ധ ഓര്‍ഡിനന്‍സിലൂടെ ശിവഗിരി മഠം പിടിച്ചെടുത്തു. പിന്നീടങ്ങോട്ട് തീര്‍ത്ഥാടനം എങ്ങനെ നടത്തണമെന്നും വഴിപാടുകള്‍ ഏതൊക്കെ വേണമെന്നും പാര്‍ട്ടി തീരുമാനിച്ചു തുടങ്ങി. ആരെങ്കിലും ചോദ്യം ചെയ്താല്‍ ഇന്‍ക്വിലാബ് വിളിയും പോര്‍വിളികളുമായി സഖാക്കള്‍ ആശ്രമവാടങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചു. ശംഖനാദവും ഓങ്കാര ധ്വനിയും മുഴങ്ങേണ്ടിടത്ത് അട്ടഹാസങ്ങളും മുദ്രാവാക്യങ്ങളും മുഴങ്ങി. അര്‍ച്ചനയും ഹോമവും നടക്കേണ്ടിടത്ത് ഭീഷണികളും വെല്ലുവിളികളും ഉയര്‍ന്നു. നിയമവാഴ്ചയ്ക്കു പകരം ഗുണ്ടാവാഴ്ചയും കൈയിട്ടുവാരലും മുറയ്ക്കു നടന്നു.

ഇതില്‍ ശ്രീമദ് പ്രകാശാനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ ഗുരു നിത്യചൈതന്യയതി, പ്രൊഫ.എം.കെ.സാനു, ഡോ. ടി.കെ.രവീ ന്ദ്രന്‍, ഡോ.കെ.കെ.രാഹുലന്‍, തോട്ടം രാജശേഖരന്‍ തുടങ്ങിയവര്‍ എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രതിഷേധിച്ചു. ‘മാര്‍ക്‌സിസ്റ്റു പാര്‍ട്ടിനേതൃത്വം അതിന്റെ വര്‍ണവെറിയും ഈഴവ വിരോ ധവും ഒരിക്കലും മറച്ചുവച്ചിട്ടില്ല. എന്നു മാത്രമല്ല പരസ്യമായി പ്രകടമാക്കാറുമുണ്ട്. ശ്രീനാരായണ ഗുരുവിനോടും ശ്രീനാരായണീയരോടും അവര്‍ക്കുള്ള അവജ്ഞയും നിന്ദാഭാവവും പ്രസിദ്ധമാണല്ലോ. ഗുരുദേവനും കുമാരനാശാനും ബ്രിട്ടീഷുകാരുടെ പാദസേവകര്‍ മാത്രമായിരുന്നുവെന്ന ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ രാജശാസനം നിലവിലുണ്ട്. പാര്‍ട്ടി അതു പിന്‍വലിച്ചിട്ടില്ല.’ ശ്രീനാരായണ ധര്‍മ്മ സമന്വയ സമിതിയുടെ പേരില്‍ പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ ഡോ. ടി.കെ.രവീന്ദ്രനാണ് ഇങ്ങനെ എഴുതിയത്. ഗുരുവും കുമാരനാശാനും ബ്രിട്ടീഷ് പാദസേവകരായിരുന്നു എന്നതില്‍ കൂടുതല്‍ ഇനി എന്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറയേണ്ടത്.

‘ഒരു കോടിയോളം വരുന്ന ശ്രീനാരായണീയരുടെ പാവനമായ ആദ്ധ്യാത്മിക കേന്ദ്രമാണ് ശിവഗിരി മഠം. അവര്‍ ആരാധിക്കുന്ന പവിത്രമായ ആ ശാന്തിഭൂമി നായനാര്‍ സര്‍ക്കാര്‍ ഒരു കറുത്ത ഓര്‍ഡിനന്‍സ് ഇറക്കി പിടിച്ചെടുത്തിരിക്കുന്നു. യാതൊരു പ്രകോപനവും സംഘര്‍ഷവുമില്ലാതെ ഇത്തരം ഫാസിസ്റ്റ് നടപടിക്കു മുതിര്‍ന്ന മുഖ്യമന്ത്രി നായനാര്‍ സി.പി.യെപ്പോലും നാണിപ്പിച്ചിരിക്കുന്നു. ഒരു സമുദായത്തിന്റെ ആത്മാഭിമാനം തല്ലിക്കെടുത്തിയ മുഖ്യമന്ത്രി നായനാര്‍ മാപ്പു പറയണം.’എസ്.എന്‍.ഡി.പി.യോഗത്തിന്റെ അദ്ധ്യക്ഷനായിരുന്ന ഡോ. കെ.കെ.രാഹുലന്റേതാണ് ഈ വാക്കുകള്‍. ശിവഗിരി മഠത്തില്‍ ഇടിച്ചു കയറിയ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഫാസിസ്റ്റ് നടപടിയാണ് കാണിച്ചത് എന്നുവരെ പറഞ്ഞിരിക്കുന്നു. 1997 ഡിസംബര്‍ 25 വ്യാഴാഴ്ച മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയലില്‍,’ഹിന്ദുക്കള്‍, ജാതിഭേദമെന്യേ, ശ്രീനാരായണ ഗുരുവിനെ ആദിശങ്കരനു ശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ അദ്വൈത വേദാന്താചാര്യനായി ആദരിക്കുന്നു. ആ നിലയ്ക്ക് ശിവഗിരി മഠം ഏറ്റെടുത്ത സര്‍ക്കാരിന്റെ നടപടിയെ മതസ്ഥാപനം ഏറ്റെടുക്കല്‍ ആയിട്ടേ കാണാന്‍ കഴിയൂ’ എന്നെഴുതി.

ഇങ്ങനെ പ്രമുഖ പത്രങ്ങളും നിത്യചൈതന്യയതിയടക്കമുള്ള ആത്മീയ – സാമൂഹിക നേതാക്കളുമെല്ലാം കമ്മ്യൂണിസ്റ്റുകളുടെ ഗുരുനിന്ദയെയും ഗുരു വിരോധത്തെയും തുറന്നു കാണിച്ചിട്ടുണ്ട്. അതെല്ലാം ജനങ്ങള്‍ മറന്നുകാണുമെന്ന ധാരണയില്‍ കപടമായ ഗുരു സ്‌നേഹവുമായി അവര്‍ പതുങ്ങി വരുന്നത് ഗുരുദര്‍ശനങ്ങളെ എങ്ങനെയെല്ലാം നശിപ്പിക്കാമെന്ന പുതിയ പരീക്ഷണങ്ങളുമായാണ്. ഗുരുവിനെ ആദരിക്കുന്ന ദശലക്ഷക്കണക്കിനു മലയാളികള്‍ ഈ തട്ടിപ്പു തിരിച്ചറിയണം. അദ്വൈതവും വേദാന്തവും ക്ഷേത്രങ്ങളും മന്ത്രങ്ങളുമെല്ലാം കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് അറപ്പുളവാക്കുന്നതാണ്. അവിടേക്ക് അവര്‍ വരുന്നത് ഈ ആശയങ്ങളുടെയും സങ്കല്പങ്ങളുടെയും മേല്‍ കാര്‍ക്കിച്ചു തുപ്പാനാണ്. തരം കിട്ടിയപ്പോഴൊക്കെ സന്ന്യാസിമാരെയൊക്കെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. താടിയും ജടയും മുറിച്ച് അപമാനിച്ചിട്ടുണ്ട്. ആശ്രമങ്ങളും മഠങ്ങളും തല്ലിത്തകര്‍ത്തിട്ടുണ്ട്. ശിവഗിരി മഠത്തിന്റെ തന്നെ അന്തസ്സിനെ നശിപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് ഒരിക്കലും ഗുരുവിന്റെ വേഷമോ ഭാഷയോ ആശയമോ ആദര്‍ശമോ സര്‍വ്വോപരി ഗുരു മുന്നോട്ടുവച്ച സമന്വയത്തിന്റെ ജീവിതവീക്ഷണമോ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അങ്ങനെ അവര്‍ അവകാശപ്പെടുന്നുണ്ടെങ്കില്‍ അവരോളം തട്ടിപ്പുകാര്‍ ലോകത്തില്‍ ഇല്ലെന്നു വ്യക്തം.

ശിവഗിരി മഠത്തിലെ സന്ന്യാസിമാരെ പരിഹസിച്ചുകൊണ്ട് നായനാര്‍ പറഞ്ഞത് ഏതൊരു മലയാളിയെയും ലജ്ജിപ്പിക്കുന്നതാണ്. ‘സന്ന്യാസിമാര്‍ എന്തിനാ സെക്രട്ടറിയേറ്റിന്റെ പടിക്കല്‍ പട്ടിണിയായി കുത്തിയിരിക്കുന്നത്? കേരളത്തില്‍ ധാരാളം വനമുണ്ടല്ലോ. അവിടെപ്പോയി കുത്തിയിരുന്നുകൂടെ? ഹിമാലയത്തിലേക്കു പൊയ്ക്കൂടെ? സന്ന്യാസിമാര്‍ക്കെന്തിനാണ് മാളിക? സന്ന്യാസിമാര്‍ക്കെന്തിനാണ് സുഖഭോഗങ്ങള്‍?’ ഇതെല്ലാം ശ്രീനാരായണ ഗുരുവിനോടും സ്ഥാപനങ്ങളോടുമുള്ള ആദരവാണോ അപമാനിക്കലാണോ? സാമാന്യബോധം നഷ്ടമാകാത്തവര്‍ക്ക് സംശയമുണ്ടാകുമെന്നു തോന്നുന്നില്ല.

ഇങ്ങനെ ആശയപരമായും സംഘടനാപരമായും മാത്രമല്ല കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഗുരുദേവനെ അപമാനിച്ചിട്ടുള്ളത്. ഗുരുവിന്റെ ഒരു പടംപോലും അവര്‍ക്കു സഹിക്കില്ല. കണ്ണൂര്‍ ജില്ലയില്‍ തില്ലങ്കേരിക്കടുത്ത് പെരിങ്ങാനം എന്ന സ്ഥലത്ത് ഒരു വിവാഹച്ചടങ്ങ്. വരന്റെ ആള്‍ക്കാര്‍ മംഗലാപുരം ഭാഗത്തുനിന്നായിരുന്നു. അവരുടെ ആഗ്രഹപ്രകാരം വിവാഹവേദിയില്‍ ഗുരുവിന്റെ ഒരു പടം വച്ച്, ഗുരുദേവ സമ്പ്രദായത്തിലുള്ള പൂജയും നടത്തിക്കൊണ്ടിരുന്നു. പെട്ടെന്ന് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ബ്രാഞ്ചുസെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു പറ്റം സഖാക്കള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ഗുരുവിന്റെ പടം മാറ്റി പൂജയും മറ്റും അവസാനിപ്പിച്ചില്ലെങ്കില്‍ വിവാഹം നടത്തിക്കില്ല എന്ന് അലറി വിളിക്കുകയും ചെയ്തു. മകളുടെ വിവാഹം മുടങ്ങുന്നത് ഒരു അച്ഛന് സഹിക്കാവുന്ന കാര്യമല്ലല്ലോ. മനസ്സില്ലാ മനസ്സോടെ, വിങ്ങുന്ന ഹൃദയവുമായി ഗൃഹനാഥന് ഗുരുദേവന്റെ പടം എടുത്തു മാറ്റേണ്ടി വന്നു.

ഏതാണ്ട് മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ചങ്ങനാശ്ശേരിയില്‍ വടക്കേക്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന ഗുരുദേവമണ്ഡപം ഒരു രാത്രിയില്‍ ആരോ അടിച്ചുതകര്‍ത്തു. നേരം വെളുത്തപ്പോഴേയ്ക്കും മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കോട്ടയം ജില്ലയില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചു. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റോ ഇല്ലാതിരുന്ന അക്കാലത്ത് നേരം വെളുത്തപ്പോഴേയ്ക്കും കമ്മ്യൂണിസ്റ്റു പാര്‍ട്ടി അച്ചടിച്ച പോസ്റ്റര്‍ കോട്ടയം ജില്ലയില്‍ മുഴുവന്‍ പതിച്ചു. ‘ആര്‍.എസ്സ്.എസ്സുകാര്‍ ഗുരുദേവപ്രതിമ തകര്‍ത്തു’ എന്നായിരുന്നു പോസ്റ്റര്‍! രാത്രി 12 മണിക്കു ശേഷം നടന്ന സംഭവം രാവിലെ ആറുമണിക്കു മുമ്പ് പാര്‍ട്ടി എങ്ങനെ അറിഞ്ഞു എന്നും പോസ്റ്ററുകള്‍ എങ്ങനെ അച്ചടിച്ചു എന്നും ഉള്ളത് പോലീസിനെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി. ഇത് ജനങ്ങളില്‍ സംശയം ജനിപ്പിച്ചു. പാര്‍ട്ടിയുടെ പതിവു തെറിവിളിയും അടിച്ചുതകര്‍ക്കലും കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ മെല്ലെ ഇളകി. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്ന ആവശ്യവുമായി നിരന്തര പ്രക്ഷോഭം നടന്നു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ‘സഖാവ്’ എന്നറിയപ്പെടുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹനന്‍ നിവൃത്തിയില്ലാതെ നാല് സി.ഐ.ടി.യുക്കാരെ അറസ്റ്റു ചെയ്തു! സമുദായ സ്പര്‍ദ്ധ വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ അവര്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി, പോസ്റ്ററുകളും അച്ചടിച്ചുവച്ചതിനു ശേഷം പാര്‍ട്ടിതന്നെ ഗുരുദേവമണ്ഡപം അടിച്ചു തകര്‍ക്കുകയായിരുന്നു എതിരാളികളെ കള്ളക്കേസില്‍ കുടുക്കാന്‍ ഗുരുദേവപ്രതിമയെന്നല്ല ഗുരുവിനെത്തന്നെ ഏതു വൃത്തികെട്ട തരത്തിലും അവര്‍ കൈകാര്യം ചെയ്യുമെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.

മാര്‍ക്‌സിസ്റ്റുകളുടെ ഈ വൃത്തികെട്ട മനസ്സിന്റെ ഏറ്റവും ഹീനമായ പ്രകടീകരണമായിരുന്നു ഗുരുവിനെ കുരിശില്‍ തറച്ച്, കുരുക്കിട്ടു മുറുക്കി തെരുവില്‍ വലിച്ചിഴച്ചത്. ഗുരുവിന്റെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന സന്ദേശത്തെ ‘പല ജാതി, പല മതം, പല ദൈവം മനുഷ്യന്’ എന്ന് വികൃതമാക്കി എഴുതി ഗുരുവിന്റെ ചിത്രത്തില്‍ പതിക്കുകയും ചെയ്തു. ഇതിലും കൂടുതല്‍ എന്തു ഗുരുനിന്ദയാണ് ഇനി അവര്‍ ചെയ്യാനുള്ളത്?

ശ്രീനാരായണഗുരുവിന്റെ ദര്‍ശനം അദ്വൈതമാണ്; കമ്മ്യൂണിസം വെറും ഭൗതികവാദമാണ്. ഗുരുദര്‍ശനത്തിന്റെ അടിസ്ഥാനം ആത്മീയതയാണ്; കമ്മ്യൂണിസ്റ്റുകള്‍ ആത്മീയതയുടെ ശത്രുക്കളാണ്. ഗുരു സാമൂഹിക ഐക്യം പഠിപ്പിച്ചു; കമ്മ്യൂണിസം വര്‍ഗവിഭജനം സൃഷ്ടിച്ചു. ഗുരു ധാര്‍മ്മികജീവിതം ആഹ്വാനം ചെയ്തു; കമ്മ്യൂണിസം അരാജകജീവിതം ആദര്‍ശവല്‍ക്കരിച്ചു. ഗുരു മതസമന്വയത്തിന്റെ തത്വം പ്രചരിപ്പിച്ചു; കമ്മ്യൂണിസം മതവിദ്വേഷം ആളിക്കത്തിച്ചു. ഗുരു സമുദായസമത്വം പഠിപ്പിച്ചു; കമ്മ്യൂണിസ്റ്റു പാര്‍ട്ടി സമുദായ സ്പര്‍ദ്ധ വളര്‍ത്തി. ഗുരു ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു; പാര്‍ട്ടി ക്ഷേത്രങ്ങള്‍ പൊളിച്ച് കപ്പ നടണം എന്നു പ്രഖ്യാപിച്ചു. ഗുരുവില്‍ നിന്ന് മന്ത്രങ്ങള്‍ ഉതിര്‍ന്നപ്പോള്‍ സഖാക്കളില്‍ നിന്ന് തെറികള്‍ പൊട്ടിയൊലിച്ചു. ഗുരുദേവന്‍ ദര്‍ശനങ്ങളും സ്‌തോത്രങ്ങളും രചിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ നുണകളും കപടചരിത്രങ്ങളും എഴുതിക്കൂട്ടി. ഗുരു ഈശ്വരഭക്തി വളര്‍ത്തിയപ്പോള്‍ കമ്മ്യൂണിസം ഈശ്വര നിഷേധം പഠിപ്പിച്ചു. ഗുരു ധര്‍മ്മപ്രചാരം നടത്തിയപ്പോള്‍ പാര്‍ട്ടി അധമജീവിതം ആവിഷ്‌ക്കരിച്ചു. ഗുരു മത ബഹുമാനം പഠിപ്പിച്ചപ്പോള്‍ കമ്യൂണിസം മതനിഷേധം പ്രചരിപ്പിച്ചു. ഗുരു സാമൂഹിക ജീവിത വിജയത്തിന് കൃഷിയും വ്യവസായവും അഭിവൃദ്ധിപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ പാര്‍ട്ടി കൃഷിയിടങ്ങളിലും വ്യവസായശാലകളിലും കൊടിനാട്ടി അതിനെ നശിപ്പിച്ചു. ഗുരു മതപരിവര്‍ത്തനത്തെ നിഷേധിച്ചപ്പോള്‍ പാര്‍ട്ടി മതംമാറ്റത്തെ പ്രോത്സാഹിപ്പിച്ചു. ഗുരു സന്ന്യാസി പരമ്പര സൃഷ്ടിച്ചപ്പോള്‍ പാര്‍ട്ടി സന്ന്യാസി അവഹേളനം പതിവാക്കി. ഗുരുദേവന്‍ ആശ്രമങ്ങളും മഠങ്ങളും കെട്ടിപ്പടുത്തപ്പോള്‍ പാര്‍ട്ടി അവ രണ്ടും തല്ലിത്തകര്‍ത്തു. ഗുരുദേവന്‍ വിദ്യാഭ്യാസം സംസ്‌ക്കാരത്തിന് എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ കമ്മ്യൂണിസം വിദ്യാഭ്യാസം ആഭാസത്തരത്തിന് ഉപയോഗിച്ചു. ഗുരു മദ്യം നിര്‍ബ്ബന്ധപൂര്‍വ്വം നിഷേധിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി മദ്യം നിര്‍ബ്ബന്ധപൂര്‍വ്വം തലമുറ ഭേദമില്ലാതെ കുടിപ്പിച്ചു. സര്‍വ്വോപരി ഗുരുദേവന്‍ ആദ്ധ്യാത്മികതയെ അടിസ്ഥാനമാക്കിയപ്പോള്‍ കമ്മ്യൂണിസം ഉന്മൂലനസിദ്ധാന്തത്തെ അടിത്തറയാക്കി.

സമൂഹജീവിതത്തിന്റെ സര്‍വ്വ തുറകളിലും ഗുരുദേവന്റെ ജീവിതത്തിന്റെയും ദര്‍ശനത്തിന്റെയും കടുത്ത ശത്രുക്കളായാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി നിലകൊണ്ടിട്ടുള്ളത്. അവര്‍ക്കൊരിക്കലും ഒരു ആദ്ധ്യാത്മികാചാര്യന്റെ അനുയായികളാകാന്‍ കഴിയില്ല. ഭൗതികവാദത്തിന് ദീര്‍ഘകാല നിലനില്പ് സാദ്ധ്യമല്ല എന്ന് ഗുരുതന്നെ പറഞ്ഞിട്ടുണ്ട്. അല്പായുസ്സിന് കല്പാന്തകാല സത്യത്തെ എങ്ങനെ പിന്തുടരാന്‍ കഴിയും? ശ്രീനാരായണ ദര്‍ശനങ്ങളും കമ്മ്യൂണിസ്റ്റു തത്വശാസ്ത്രങ്ങളും തമ്മില്‍ മലയും എലിയും പോലെയുള്ള അന്തരമുണ്ട്. രണ്ടും ഒന്നാണെന്നും തുല്യമാണെന്നും പറയുന്നവരുടെ അഹന്ത എത്രമാത്രമെന്ന് നാം തിരിച്ചറിയുന്നുണ്ടോ?

 

Share10TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മാരീചന്‍ വെറുമൊരു മാനല്ല…

നയതന്ത്ര ജിഹാദ്

തലതകര്‍ത്ത മാ അര്‍രി പ്രതിമ

ആരാണ് ഇസ്ലാമിനെ നിന്ദിക്കുന്നത്….?

2020ല്‍ ബാംഗ്ലൂരില്‍ നടന്ന കലാപം

മതനിന്ദയുടെ മറവിലെ ചോരക്കൊതി

ഗസ്‌നി- മത ഭീകരതയുടെ മനുഷ്യാകാരം

പാരിസ്ഥിതികത്തിലെ ഭാരതീയത

Kesari Shop

  • RSS in Kerala: Saga of a Struggle ₹500.00
  • കേസരി ആജീവനാന്ത വരിസംഖ്യ ₹20,000.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
Follow @KesariWeekly

Latest

താലിബാന്‍വത്ക്കരിക്കപ്പെടുന്ന മാധ്യമകേരളം

മോദി സാക്കിയയോട് നന്ദി പറയണം !

ബാബാ യോഗേന്ദ്രജിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്മശ്രീ പുരസ്‌കാരം നല്‍കുന്നു.

യോഗേന്ദ്രനാഥ് യോഗി- സംസ്‌കാര്‍ഭാരതിക്കായി സമര്‍പ്പിച്ച ജീവിതം

ബ്രിട്ടനെ വിറപ്പിച്ച വിപ്ലവകാരി

ഡോ. റെയ്ച്ചല്‍ മത്തായി ചില ഓര്‍മ്മക്കുറിപ്പുകള്‍

യംഗ് ഇന്ത്യന്റെ രഹസ്യങ്ങള്‍

സി.പി.എം ബംഗാളില്‍ ഉണ്ടാക്കിയ നവോത്ഥാനം ഇങ്ങനെ

നിന്നെയും കാത്ത്

ഭാരതീയ വിചാരകേന്ദ്രം സംവാദപരമ്പര കൊച്ചിയില്‍ 
ഡയരക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈചാരിക സ്വാശ്രയത്വം അനിവാര്യം: ഡോ. ജേക്കബ് തോമസ്

ആര്‍.എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് കാര്യാലയം സഹസര്‍കാര്യവാഹ്
സി.ആര്‍.മുകുന്ദ ഉദ്ഘാടനം ചെയ്യുന്നു.

സംഘത്തിന്റേത് സര്‍വ്വാശ്ലേഷിയായ സമീപനം: സി.ആര്‍. മുകുന്ദ

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies