ജിന്‍സി ഫ്‌ളാറ്റിന്റെ കതക് പുറത്തു നിന്നും പൂട്ടുമ്പോള്‍ എബിന്‍ അകത്ത് നിന്നും അവ്യക്തമായി പപ്പച്ചീന്ന് വിളിക്കുന്നുണ്ടായിരുന്നു.
‘പപ്പച്ചി നാട്ടില്‍ പോയിരിക്വാ. ഞാന്‍ ഉച്ചയ്ക്ക് വരാം. മോന്‍ ടിവി കണ്ടോളൂ’ – ജിന്‍സി ടിവിയില്‍ കാര്‍ട്ടൂണ്‍ ചാനല്‍ വച്ച് റിമോട്ട് ചുമരിലെ ടിവിയ്ക്ക് മുകളില്‍ വച്ചു.
കാലുകള്‍ മടക്കാനാകാതെ മാനസിക വൈകല്യത്തോടെ ജനിച്ച എബിനേയും തനിച്ചാക്കി ജിന്‍സി ഡല്‍ഹിയിലെ തുക്ലക്കാബാദിലുള്ള ആ ഫ്‌ളാറ്റില്‍ നിന്നിറങ്ങി – ചാണക്യപുരിയിലുള്ള ഇറ്റാലിയന്‍ എംബസിയിലേക്ക്. ജിന്‍സി ഡോര്‍ പൂട്ടി നടന്നപ്പോള്‍ ഹൈഹീല്‍ ചെരുപ്പിന്റെ ശബ്ദം എബിന്‍ കിടന്നുകൊണ്ട് നിസ്സഹായാവസ്ഥയിലും കേട്ടു.
ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക് 2020 ഫെബ്രുവരിയില്‍ വന്നതാണ്. മുംബൈയിലെ ഇറ്റാലിയന്‍ കോണ്‍സുലേറ്റില്‍ നിന്നും ജിന്‍സിയുടെ മമ്മിയുടെ വിസയുമായി ബന്ധപ്പെട്ട കാര്യത്തിന് പോയി. അതേ ആവശ്യത്തിന് മാര്‍ച്ച് 18 ന് മുംബൈയില്‍ നിന്നും ഭര്‍ത്താവിനും മകനുമൊപ്പം ഡല്‍ഹിയിലേക്ക് എത്തിയതാണ്.
ഇറ്റലിയിലെ ലംബോര്‍ഡിയയിലെ സാന്‍ ജറാള്‍ഡോ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന കൂട്ടുകാരിയുടെ സൗത്ത് ഡല്‍ഹിയിലുള്ള ഫ്‌ളാറ്റിലായിരുന്നു താമസം. കൂട്ടുകാരി പ്രസവാവശ്യത്തിന് രണ്ട് മാസത്തേക്ക് നാട്ടിലേക്ക് പോയതിനാല്‍ ജിന്‍സിക്ക് ആ സൗകര്യമുള്ള ഫ്‌ളാറ്റ് ഉപകാരപ്പെട്ടു.
വൈകല്യമുള്ള മകനെ ഒറ്റയ്ക്കാക്കി പോകുന്നതില്‍ ജിന്‍സിക്ക് വലിയ വിഷമം തോന്നിയില്ല. കാലുകള്‍ പിണഞ്ഞ് കിടക്കുന്നതിനാല്‍ ഓടിപ്പോകില്ല. ചിലപ്പോള്‍ കിടന്ന കിടപ്പില്‍ മലമൂത്രവിസര്‍ജ്ജനം നടത്തും. വരാന്തയില്‍ വിരിച്ച പ്ലാസ്റ്റിക് പായയില്‍ വെള്ളവും ഫ്രൂട്ട്‌സും വച്ചിരിക്കുകയാണ്.
റൂം പുറത്ത് നിന്നും പൂട്ടി നടന്ന് ലിഫ്റ്റില്‍ കയറിയയുടന്‍ പെട്ടെന്ന് വൈദ്യുതി നിലച്ചു. ഡോര്‍ അടഞ്ഞുടനെയാണെങ്കിലും ടിവി കണ്ടുകൊണ്ടിരുന്ന എബിന്റെ നിലവിളി ജിന്‍സി കേട്ടിരുന്നു. അഞ്ച് സെക്കന്റിനുള്ളില്‍ വൈദ്യുതി വന്നെങ്കിലും, എബിന്‍ കണ്ടുകൊണ്ടിരുന്ന കാര്‍ട്ടൂണ്‍ ചാനലിന് പകരം ഡിഷ് ടിവിയുടെ വെല്‍ക്കം ചാനലിലെ പരസ്യമായിരുന്നു ഉച്ചവരെ റിപ്പീറ്റ് ആയി കണ്ടുകൊണ്ടിരുന്നത്-ജിന്‍സി മടങ്ങിയെത്തും വരെ.
—
ഇതേ സമയം ഭര്‍ത്താവ്, അലോഷ്യസ് രണ്ട് ദിവസം മുമ്പ് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട കേരളാ എക്‌സ്പ്രസ്സിലായിരുന്നു – സ്വദേശമായ ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രയില്‍.
നീണ്ട 16 വര്‍ഷത്തിന് ശേഷം ആണ് കേരളത്തിലേക്ക് വരുന്നത്. 2005 ല്‍ പോളിടെക്‌നിക് പാസായ ശേഷം സ്റ്റാര്‍ട്ട്അപ് തുടങ്ങാനായി മുംബൈയിലേക്ക് ട്രെയിന്‍ കയറിയതാണ്. അവിടെ ബെന്‍ടെല്‍ എന്ന പേരില്‍ ലാന്റ്‌ഫോണ്‍ അസംബിള്‍ഡ് കമ്പനി സ്ഥാപിച്ചു. അലോഷ്യസിന്റെ പപ്പയായിരുന്നു മുഴുവന്‍ പണവും മുടക്കിയത്. അതിനാല്‍ കൂടി ബെനഡിക്റ്റ് എന്ന പപ്പയ്ക്കുകൂടി അവകാശപ്പെട്ട പേരുതന്നെ കമ്പനിക്കിട്ടു – ബെന്‍ടെല്‍. സാമാന്യം നല്ലരീതിയില്‍ അറ്റാദായം ലഭിച്ചുകൊണ്ടിരുന്ന കമ്പനിയായിരുന്നു അത്.
ലാന്‍ഡ്‌ഫോണ്‍ യുഗത്തിന്റെ അവസാനകാലം. മൊബൈല്‍ ഫോണിന്റെ ഉപയോഗം കൂടിയതിനാല്‍ പൊടുന്നനെ കമ്പനി നിര്‍ത്തി വച്ചു – നഷ്ടമില്ലാതെ..
2010 ഏപ്രിലിലായിരുന്നു വിവാഹം. മുംബൈയില്‍ ജനിച്ച് വളര്‍ന്ന മലയാളിവേരുകളുള്ള ജിന്‍സി. കല്ല്യാണശേഷവും, പിന്നീട് മകനുണ്ടായ ശേഷവും കല്ല്യാണത്തിന് മുമ്പോ ജിന്‍സി കേരളത്തില്‍ വന്നിരുന്നില്ല.
നാല് വര്‍ഷം മുമ്പ് ബനഡിക്റ്റ് ഒരു ആക്‌സിഡന്റില്‍പ്പെട്ട് ചികിത്സയിലായിരുന്നപ്പോഴും മരിച്ചശേഷവും ഏകമകനായ അലോഷ്യസിനും വരാന്‍ പറ്റിയിരുന്നില്ല. ഇറ്റലിയില്‍ ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ചിന് മുമ്പ് വരെ അലോഷ്യസും അവിടെ ലോക് ആയിരുന്നു – ജിന്‍സിയാല്‍. വിവാഹത്തിന് മുമ്പ് മുതല്‍ ഇറ്റലിയില്‍ നഴ്‌സായിരുന്നു ജിന്‍സി. അങ്ങനെ ഫാമിലി വിസയില്‍ ആയിരുന്നു അലോഷ്യസും ഇറ്റലിയില്‍ എത്തിയത്.
അലോഷ്യസ് അവിടെ ജോലിയൊന്നും തേടിയിരുന്നില്ല. ഭിന്നശേഷിയുള്ള മകനെ പരിചരിച്ച് ജിന്‍സിയുടെ പേരിനുള്ള ഭര്‍ത്താവായി ജീവിതം.
പപ്പയുടെ ചികിത്സയ്ക്കും മരണാനന്തര ചടങ്ങുകള്‍ക്കും ഒത്തിരി ശ്രമിച്ചെങ്കിലും ഭാര്യയുടെ കാര്‍ക്കശ്യത്തില്‍ വരാന്‍ സാധിച്ചിരുന്നില്ല.
ഇന്നിപ്പോള്‍ ഏറെക്കാലത്തിനുശേഷമാണ് നാട്ടിലേയ്ക്ക്. മമ്മി മാത്രമുള്ള വീട്ടിലേക്ക്…
അലോഷ്യസിന്റെ മമ്മി – ത്രേസ്യാമ്മ, തന്റെ ഭര്‍ത്താവിന്റെ മരണശേഷം ഏകാന്തവാസം ആണ്. 65 വയസ്സുണ്ട് ത്രേസ്യാമ്മയ്ക്ക്. മൂവരും ഒന്നരമാസം മുമ്പ് ഇന്ത്യയിലെത്തിയത് പോലും അറിഞ്ഞിരുന്നില്ല, അറിയിച്ചിരുന്നില്ല. മുംബൈ വരെ വന്നിട്ട് നാട്ടിലേക്ക് വരാന്‍ പറ്റും എന്ന് ഉറപ്പുണ്ടായിരുന്നില്ല അലോഷ്യസിന്.
ട്രെയിനില്‍ നിന്നും വീട്ടിലേക്ക് വിളിക്കാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ചാര്‍ജ്ജ് തീര്‍ന്നതിനാല്‍ ആ ഉദ്യമം നടന്നില്ല. ഐഫോണ്‍ ചാര്‍ജ്ജര്‍ ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍ മറന്നിരിക്കുകയാണ്. ഒരു കണക്കിന് അത് നന്നായി, അല്ലെങ്കില്‍ ഭാര്യയുടെ ഭരണം യാത്രയിലും അനുഭവിക്കേണ്ടി വരുമായിരുന്നു.
കേരളത്തിന്റെ പച്ചപ്പും പ്രകൃതിഭംഗിയും ആസ്വദിച്ച് വരാനും പറ്റി. കാസര്‍ഗോഡ് നിന്നോ മറ്റോ ഒരു ഡോക്ടറും ഭാര്യയും അലോഷ്യസിന്റെ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയിരുന്നു. അദ്ദേഹത്തിന്റെ മൊബൈല്‍ ഐഫോണ്‍ ആയതിനാല്‍ ചാര്‍ജ്ജര്‍ ഉണ്ടോയെന്ന് തിരക്കിയെങ്കിലും നിരാശയായിരുന്നു ഫലം.
‘അത്യാവശ്യം ആണെങ്കില്‍ കോള്‍ ചെയ്‌തോളൂ’ എന്ന് ആ ഡോക്ടര്‍ പറഞ്ഞു.
‘കര്‍ഫ്യൂ അല്ലേ? ഞങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് പോകുകയാ. കോവിഡ് കൂടി വരുന്നു..’
‘കര്‍ഫ്യൂവോ..?’
‘മാര്‍ച്ച് 22 നാളെ. പ്രധാനമന്ത്രിയുടെ ആഹ്വാനമാ. ഒന്നും അറിഞ്ഞില്ലേ..?’
‘അയ്യോ! ഇല്ല. അപ്പോള്‍…?’
‘പുറത്തിറങ്ങാനൊന്നും പറ്റില്ല. ഓള്‍ ഇന്ത്യ..’
‘ആ ഫോണ്‍ ഒന്ന് തരുമോ സാര്‍? വൈഫിനെ വിളിക്കാനാ. എന്റെ മോനും അവളും ഡല്‍ഹിയിലാ…’
ഫോണ്‍ വാങ്ങി അലോഷ്യസ് ഭാര്യയെ കോള്‍ ചെയ്തു..
‘അലോഷ്യസാ..’
‘നിങ്ങടെ ഫോണെന്തിയേ? അവിടെ ഡോള്‍ഫിന് റേഞ്ച് ഇല്ലേ…? ഓ.. ഞാനും കൂടെ നാട്ടിലേക്ക് വരാഞ്ഞിട്ടുള്ള ദേഷ്യം ആയിരിക്കും.. ഹേ മനുഷ്യാ, തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ ആകും സൈന്‍ ചെയ്ത് കിട്ടാന്‍….
നിങ്ങള്‍ വീട്ടിലെത്തിയോ..? ഇതാരുടെ നമ്പറാ…? മമ്മീടെയാണോ..?’ – ചോദ്യം മാത്രമായിരുന്നു ജിന്‍സിക്ക്.
അലോഷ്യസിന്റെ മമ്മിയുടെ നമ്പര്‍ പോലും ജിന്‍സിക്കറിയില്ലായിരുന്നു.
‘അല്ല എറണാകുളം കഴിഞ്ഞതേയുള്ളൂ. ഇത് വേറെ പാസഞ്ചറിന്റെ നമ്പറാ. നാളെ സണ്‍ഡെ കര്‍ഫ്യൂ എന്നാ പറയുന്നെ. നമ്മുടെ മോനോ..?’
‘ആ… അവന്‍ ഫ്‌ളാറ്റിലുണ്ട്. ഞാന്‍ പൂട്ടിയിറങ്ങി. അവന്റെ കാര്യം ഞാന്‍ നോക്കിക്കോളാം. ഞാന്‍ ഇപ്പോള്‍ എംബസിയിലാ. അവിടെ എത്തിയിട്ട് വിളിക്ക്. ബൈ…’
മര്യാദയില്ലാത്ത ഫോണ്‍കട്ടില്‍ അലോഷ്യസ് ഷോക്ക് ആയി. ആ മുഖഭാവം കണ്ട് ഡോക്ടറും ഭാര്യയും അന്ധാളിച്ച് നില്‍പ്പായിരുന്നു.
ട്രെയിന്‍ ചങ്ങനാശ്ശേരിയിലെത്താറായി… തന്റെ ചെറിയ ട്രോളി ലെഗേജ് ബാഗ് എടുത്ത് ഡോക്ടറോട് താങ്ക്‌സ് പറഞ്ഞ് സ്റ്റേഷനില്‍ ഇറങ്ങി.
അപ്പോഴും ഡല്‍ഹിയിലെ തുക്ലക്കാബാദിലുള്ള ഫ്‌ളാറ്റിലെ ടിവിയില്‍ അതേ പരസ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എബിന്റെ കണ്ണില്‍ നിന്നും ചാലുകളായ് കണ്ണുനീരും, ബര്‍മുഡയില്‍ നിന്നും അവനറിയാതെ മൂത്രവും ഒഴുകുന്നുണ്ടായിരുന്നു – സ്വയം നിയന്ത്രിക്കാനാകാതെ.
—-
ട്രെയിനിന്റെ അവസാന ബോഗിയും കടന്നുപോയിട്ടും അലോഷ്യസ് ചങ്ങാനശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഏറെ നേരം നിന്നശേഷം, റെയില്‍വെ കവാടവും കടന്ന് പുറത്തിറങ്ങി. പണ്ട് ഇതേ കവാടം കടന്ന് മുംബൈയിലേക്ക് അപ്പന്‍ അനുഗ്രഹിച്ച് യാത്രയാക്കിയതാണ്. മൂന്ന് വര്‍ഷം മുമ്പ് അപ്പന്‍ മരിച്ചിട്ട് പോലും വരാന്‍ സാധിച്ചില്ല. എന്നാലിപ്പോള്‍ വരേണ്ടിവന്നത് ആ അപ്പന്‍ കാരണം തന്നെയാണ് – 22 ലക്ഷം കൈപ്പറ്റാനായി.
ബെനഡിക്റ്റിന് സംഭവിച്ച ആക്‌സിഡന്റില്‍ ചികിത്സയ്ക്ക് ചിലവായ ലക്ഷങ്ങള്‍ക്ക് വേണ്ടി കേസ് നടത്താന്‍ പോയിരുന്നില്ല. വിദേശത്തു നിന്നുള്ള ഇടപെടലിലൂടെ ഒത്തുതീര്‍പ്പാക്കി. സാമ്പത്തികം പ്രശ്‌നമല്ലായിരുന്നു – അന്നും, ഇന്നും.
‘അലോഷ്യസേ..’
റെയില്‍വേസ്റ്റേഷന് മുന്നിലെ ഓട്ടോസ്റ്റാന്റില്‍ നിന്നുള്ള വിളികേട്ട് അലോഷ്യസ് റോഡിലേക്ക് നോക്കി.
‘ഓ…. നീ കുറേ വെളുത്തിട്ടുണ്ടെന്നല്ലാതെ വേറൊരു മാറ്റോം ഇല്ല’ എന്ന് പറഞ്ഞ് ആ ഓട്ടോക്കാരന്‍ അലോഷ്യസിന്റെ കൈയ്യിലുള്ള ട്രോളിബാഗ് ഓട്ടോയുടെ ബാക്ക് ഡിക്കിയിലേക്കെടുത്തു വച്ചു.
ഓട്ടോ ഡ്രൈവറെ മനസ്സിലാകാത്തതിനാല്‍ ചമ്മല്‍കൊണ്ട് പേര് ചോദിക്കാന്‍ അലോഷ്യസിന് തോന്നിയില്ല.
‘ഡാ.. എന്താ ഇങ്ങനെ വാ പൊളിച്ച് നില്‍ക്കുന്നെ. ഞാന്‍ പ്രദീപാ. 10-15 വര്‍ഷമായില്ലേ കണ്ടിട്ട്. മനസ്സിലായില്ല അല്ലേ. പണ്ട് ഒന്നിച്ച് പോളിയില്‍ പഠിച്ച….. ഈ വേഷത്തില്‍ കണ്ടിട്ടാവും.. നിന്റെ പപ്പ തന്നെയാ വാങ്ങിത്തന്നത് ഈ ഓട്ടോ.’
മൂന്നുവര്‍ഷം പഠിച്ച പ്രദീപിനെ തിരിച്ചറിയാന്‍ പറ്റാത്തതിലുള്ള ജാള്യതയോടെ ഓട്ടോക്കരികില്‍ നില്‍ക്കുമ്പോള്‍ മുഷ്ടി ചുരുട്ടി അലോഷ്യസിന്റെ ഷോള്‍ഡറില്‍ തട്ട് കൊടുത്ത്, ‘കേറെടാ’ എന്ന് പറഞ്ഞ് ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തു.
യാത്രയ്ക്കിടയില്‍ അലോഷ്യസ് പ്രതീക്ഷിച്ച ചോദ്യം പ്രദീപ് ചോദിച്ചു.
‘ആട്ടെ, ഭാര്യയും മകനും മുംബൈയിലാണോ? അതോ, ഇറ്റലിയില്‍ തന്നെയാണോ. നഴ്‌സുമാര്‍ക്ക് ലീവ് കിട്ടില്ലായിരിക്കും അല്ലേ?’
‘ഞങ്ങള്‍ ഒന്നിച്ച് ഫെബ്രുവരിയില്‍ വന്നതാ. ഇറ്റാലിയന്‍ എംബസിയില്‍ ചെല്ലേണ്ട ആവശ്യം ഉണ്ടായിരുന്നു. ദല്‍ഹിയില്‍ പോയതാ. ഇനിയും രണ്ട് മൂന്ന് ദിവസം എടുക്കും. ആ ഗ്യാപില്‍ വന്നിട്ട് പോകാം എന്ന് വെച്ചു.’
‘അപ്പോള്‍ ഉടനെ പോകേണ്ടി വരും അല്ലേ?’
‘ഉം.. ജനതാ കര്‍ഫ്യൂ നാളെ കഴിഞ്ഞാല്‍ എങ്ങനെയെന്നറിയില്ല.’
ഓടിക്കൊണ്ടിരുന്ന ഓട്ടോ റോഡരികിലേക്ക് ചേര്‍ത്ത് നിര്‍ത്തി പ്രദീപ് അവിടെയുള്ള മെഡിക്കല്‍ സ്റ്റോറിലേക്ക് കയറി. ഇന്‍ഹെയിലറും മറ്റു മെഡിസിനുമായി വന്ന പ്രദീപിനോട് ആധിയോടെ അലോഷ്യസ് തിരക്കി.
‘ആര്‍ക്കാ പ്രദീപേ ശ്വാസം മുട്ടല്‍. അച്ഛനാണോ?’
‘അല്ല. നിന്റെ മമ്മിക്കാ.’
സ്വന്തം മമ്മിയുടെ സുഖവിവരം പോലും അന്വേഷിക്കാറില്ലെന്നത് സ്വയം ഉള്‍ക്കുത്തായി തറച്ചുകൊണ്ട് അത് അലോഷ്യസിന്റെ മുഖത്ത് പ്രതിഫലിച്ചു.
‘നീയറിഞ്ഞുകാണും. ത്രേസ്യാമ്മേടത്തി ഈയിടെ വീണു.’
‘പ്രദീപേ, ഒന്ന് രണ്ട് മാസമായി ഇന്ത്യയില്‍ വന്നിട്ട്. മാര്‍ച്ച് 9 നായിരുന്നു ഇറ്റലിയില്‍ ലോക്ഡൗണ്‍. ഇത്രേം നാളായിട്ടും ഇങ്ങോട്ട് വരാത്തത് കൊണ്ട് മമ്മി ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ല. നേരിട്ട് വന്നിട്ട് മിണ്ടിയാല്‍ മതീന്നാ മമ്മി തീരുമാനിച്ചിരിക്കുന്നത്.’
‘മമ്മിക്ക് മാത്രമല്ല. നാട്ടിലെല്ലാര്‍ക്കും നിന്നോടങ്ങനെ മതിപ്പില്ല. പപ്പയ്ക്ക്് ആക്‌സിഡന്റ് പറ്റിയിട്ടും, കിടപ്പിലായിട്ടും, ചടങ്ങിനു പോലും വന്നില്ലല്ലോ..?!
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. നിനക്ക് സമ്പത്ത് കൂടിയതുകൊണ്ടുള്ള അഹങ്കാരം ആണെന്നാ പൊതുവേ സംസാരം. അല്ലേല്‍ വയ്യാത്ത നിന്റെ മമ്മിയെ നീ തിരിഞ്ഞ് നോക്കാതെ ഇരിക്വോ. സോറീഡാ… പറയാതിരിക്കാന്‍ വയ്യ’
അലോഷ്യസ് ഇതൊക്കെ കേട്ട് ഒന്നും മിണ്ടാതെ കുറ്റസമ്മതമെന്നോ ണം ഓട്ടോയില്‍ നിന്നും പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.
ഓട്ടോ അലോഷ്യസിന്റെ വീട് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.
ഗെയ്റ്റ് കടന്ന് ഓട്ടോ വരുന്ന ശബ്ദം കേട്ട് വാതില്‍ തുറന്ന് അലോഷ്യസിന്റെ വൃദ്ധയായ മാതാവ്, ത്രേസ്യാമ്മ കതക് തുറന്ന് ഇറങ്ങി വന്നു. രാത്രി വൈകി വരുന്ന പ്രദീപിനെ കണ്ട് ആശ്ചര്യപ്പെട്ടു.
‘എന്താ കുഞ്ഞേ. നേരത്തെ.?’
‘ഇതാരാ വന്നിരിക്കുന്നേന്ന് നോക്കിക്കേ അമ്മച്ചി.’
‘ആര്?’
‘അലോഷി’
മകനെ സൂക്ഷിച്ച് നോക്കിയ ത്രേസ്യാമ്മയെ അലോഷ്യസ് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കവിളില്‍ മുത്തം കൊടുത്തു.
ഇരു കവിളും പൊത്തി അലോഷ്യസിന്റെ കണ്ണുകളിലേക്ക് നോക്കി ആ മാതാവ് വിതുമ്പി.
‘എന്താ മക്കളെ. നീയൊക്കെ നമ്മളെ വിട്ട്… നിന്റെ പപ്പയെ നീ അവസാനമായി കാണാന്‍ വന്നോ.?
എവിടെ? അവളും മോനും വന്നില്ലെ? നിന്റെ മോനെ… അവനെയൊന്ന് കാണാന്‍ ഒന്ന് കൂട്ടിക്കൂടാരുന്നോ?’
‘വന്നില്ലമ്മച്ചീ. മോനേം കൊണ്ട്… വയ്യാത്തതല്ലേ. അവര്‍ ഡല്‍ഹീലുണ്ട്.’
‘അലോഷ്യസേ, ദാ ഇത് കൂടി…’ ബാഗുകളെല്ലാം സിറ്റൗട്ടിലേക്കെടുത്ത് വച്ച ശേഷം, ഗുളികയും ഇന്‍ഹെയിലറുമടങ്ങിയ പൊതി കൂടി
ഏല്‍പ്പിച്ചിട്ട് പ്രദീപ് ഇറങ്ങാന്‍ തുടങ്ങി.
‘അമ്മച്ചീ. നാളെ കര്‍ഫ്യൂവാ.. വീട്ടില്‍ കുറച്ച് സാധനങ്ങള്‍ വാങ്ങാനുണ്ട്. ഇന്നിനി ഓട്ടോ എടുക്കുന്നില്ല.
അലോഷ്യസേ, പോട്ടെ. നമ്പര്‍ മമ്മീടെ കയ്യിലുണ്ടാവും. എന്തേലും ആവശ്യമുണ്ടേല്‍ വിളിച്ചോളൂ.’
ത്രേസ്യാമ്മ മകനെചേര്‍ത്ത് പിടിച്ച് വീട്ടിലേക്ക് കയറി.
‘മോനേ.. നീ എന്തേലും കഴിച്ചോ?’
അലോഷ്യസ് നേരെ അടുക്കളയിലേക്ക് പോയി. കലത്തില്‍ നിന്നും അടപ്പ് പൊക്കി നോക്കി.
‘ഇല്ല മോനെ. ഒന്നും ഉണ്ടാക്കിയില്ല. ശ്യാമള രണ്ട് ദിവസം ഉണ്ടാകില്ല. ഫെലിക്‌സ് അങ്കിള്‍ ഹോസ്പിറ്റലിലാ. ഇനി ശ്യാമള അവിടെയായിരിക്കും.’
‘നമ്മുടെ ഫെലിക്‌സ് അങ്കിളോ? എന്താ.. എന്ത് പറ്റിയതാ?’ – ത്രേസ്യാമ്മയുടെ സഹോദരനെക്കുറിച്ച് അലോഷ്യസ് വ്യാകുലപ്പെട്ടു.
‘നമ്മുടെ ഓര്‍ഫനേജില്‍ വച്ച് സ്റ്റെപ്പീന്ന് വഴുതിവീണതാ. തലയിടിച്ചാ വീണത്..’
ഞാനാണേല്‍ ഇപ്പോ എഴുന്നേറ്റതേ ഉള്ളൂ. പഴങ്കഞ്ഞിയിരിപ്പുണ്ട്. നല്ല അച്ചാറുണ്ട്.
‘അലോഷ്യസ്‌മോന്‍ മൂന്നാല് ദിവസം കാണില്ലേ?’
‘മടക്കടിക്കറ്റ് എടുത്തില്ല മമ്മീ. അവര്‍ ഡെല്‍ഹീലല്ലേ. അവള്‍ടെ സര്‍ട്ടിഫിക്കറ്റ് ഓക്കെയായാല്‍ അവരേം കൂട്ടി ബോംബെയ്ക്ക് പോകണം’.
ഫ്രിഡ്ജില്‍ നിന്നും മോരും എടുത്ത് കൊടുത്ത് മകന്റെ അരികില്‍ നിന്ന ത്രേസ്യാമ്മയെ നോക്കി കൊച്ചു കുഞ്ഞിനെപ്പോലെ അലോഷ്യസ് പരിഭവം പറഞ്ഞു.
‘അമ്മച്ചീ. ഞാനിവിടുന്ന് പോയശേഷം ആദ്യായിട്ടാ പഴങ്കഞ്ഞി കഴിക്കുന്നേ.. അവിടത്തെ ഭക്ഷണം ഒന്നും ഇത് പോലല്ല മമ്മീ. അവള്‍ക്ക് പോലും ഫാസ്റ്റ് ഫുഡല്ലാതെ പറ്റില്ല.’
‘അതേ, നിന്റെ കുഞ്ഞിനെങ്ങനെയുണ്ട് ഇപ്പോള്‍? ഈശോയേ…..’
‘മാറ്റമൊന്നുമില്ല മമ്മീ. ഒരാളിന്റെ സഹായം ഇല്ലാതെ അവന്റെ കാര്യങ്ങള്‍ നടക്കില്ല. കാലു രണ്ടും പിണഞ്ഞുകിടക്കുകയല്ലേ. ഒന്നും മമ്മിയെ അറിയിക്കാഞ്ഞിട്ടാ. അവള്‍ സമ്മതിക്കില്ല. ആരെയും വിളിക്കാന്‍ പോലും.’
‘മമ്മീ അപ്പച്ചന്റെ ഫോണെവിടെ?’
‘അത് ശ്യാമളയ്ക്ക് കൊടുത്തു. നിനക്കെന്തിനാ ഫോണ്‍?’
‘എന്റെ ചാര്‍ജര്‍ എടുത്തില്ല. സിം മാറ്റിയിടണം’
‘അമ്മച്ചീടെ എടുത്തോ. ഇനി നീ ഇവിടുണ്ടല്ലോ. എന്നെ ആര് വിളിക്കാനാ.
അപ്പച്ചന്‍ പോയതോട് കൂടി ഒറ്റപ്പെട്ടിരിക്കുകയാ. നീ പോലും വിളിക്കണില്ല. ആകെയുള്ളത് പ്രദീപും ശ്യാമളയുമാ.’
‘ഞാന്‍ തിരക്കായിട്ടല്ലേ മമ്മീ.’
‘എന്ത് തിരക്ക്? നിനക്ക് കൊച്ചിനെ നോക്കലല്ലിയോ ജോലി.
അപ്പുറത്തെ ചെറുക്കനും അമേരിക്കയിലെങ്ങാനുമാ. അവരൊക്കെ എപ്പഴും കണ്ടോണ്ടാ സംസാരിക്കുക. നീയിന്നേവരെ നിന്റെ മോനെ ഒന്ന് വിളിച്ച് കാണിച്ചോ?’
‘മമ്മി ഫോണ്‍ താ. പ്രദീപിനോട് പറയാം ഒരുഫോണ്‍ വാങ്ങാന്‍. അല്ലേല്‍ ചാര്‍ജ്ജര്‍ ഒപ്പിച്ച് തരാന്‍. എന്റെ ഫോണ്‍ ഓണായാല്‍, മോന്റെ ഫോട്ടോ ഒക്കെ അതിലുണ്ട്. മമ്മിക്ക് കാണാം. പിന്നെ കേസിന്റെ പാര്‍ട്ടീസിന്റെ ഒക്കെ ഫോണ്‍ നമ്പര്‍ അതിലാ.’
പാത്രം കഴുകി അടുക്കളയില്‍ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടയില്‍ അലോഷ്യസ് ചോദിച്ചു.
‘മമ്മീ നമുക്ക് പൈസ പോരെ? അവരെ ശിക്ഷിക്കണം എന്നുണ്ടോ? മമ്മി പറ.’
‘വര്‍ഷം ഇത്രേം ആയി. നിന്റെ അപ്പനെ വണ്ടികൊണ്ടിടിച്ച ചെറുക്കന്‍ കല്യാണോം കഴിഞ്ഞ് കുട്ടിയുമായി. അവരെ ശിക്ഷ വാങ്ങിച്ച് കൊടുത്തിട്ട് നമ്മുക്ക് എന്ത് കിട്ടാനാ. അവനും വീട്ടുകാരുമാണ് ഹോസ്പിറ്റലിലൊക്കെ അപ്പന്റെ അവസാന ശ്വാസം വരെ കൂടെയുണ്ടായിരുന്നത്. പിന്നെ കാശ് ഇന്‍ഷ്വറന്‍സ്‌കാരല്ലേ തരിക. അത് കളയണ്ട. നമ്മുക്ക് ഒരുപാട് ചിലവായതല്ലേ.’
‘ഇതാ ഫോണ്‍’ എന്ന് പറഞ്ഞ് ഫോണ്‍ അലോഷ്യസിന് കൊടുത്തു. അതുമായി മുറിയിലേക്ക് പോയി ആദ്യം തന്നെ ജിന്‍സിയെ വിളിച്ചു..
ഹലോ എന്ന് കേട്ടയുടന്‍ അലോഷ്യസിനെ ബാക്കി പറയാന്‍ ജിന്‍സി സമ്മതിച്ചില്ല.
‘നിങ്ങടെ മോന്‍ ഇവിടെ ആകെ വൃത്തികേടാക്കിയിരിക്കുകയാ. നാറിയിട്ട് ഈ റൂമില്‍ നടക്കാന്‍ വയ്യ. ഞാന്‍ ഇപ്പോഴാ എത്തിയെ. അപ്പോഴേക്കും തൂറിപ്പെരങ്ങിയിരിക്ക്വാരുന്നു. ഫോട്ടോ എടുത്ത് വച്ചിട്ടുണ്ട്. വാട്‌സാപ്പ് ചെയ്യാം.’
‘ഇത്രേം നേരം എന്റെ മോന്‍ ഒറ്റയ്‌ക്കോ. ഡീ നീ…’
‘നിങ്ങള്‍ക്കവിടെയിരുന്നു പറയാം. നിങ്ങടെ ആഗ്രഹം പോലെ ഇന്നും കാര്യം നടന്നില്ല. നാളെ കര്‍ഫ്യൂ കഴിഞ്ഞിട്ടേ ശരിയാക്കൂന്നാ. തിങ്കളാഴ്ച്ച തന്നെ ഇങ്ങോട്ട് ട്രെയിന്‍ കയറിക്കോ. നിങ്ങളില്ലാണ്ട് അവന് പറ്റില്ല..’
‘നീ എംബസീന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങി നാളെത്തന്നെ മുംബൈയ്ക്ക് വിട്ടോ. എവിടേം സേഫല്ല. ഇറ്റലിയിലേക്ക് ഇനി ഉടനേ പോകാന്‍ പറ്റില്ല.’
‘ഇല്ല. മാര്‍ച്ച് 25 ന് മാത്രേ കിട്ടൂ…’
‘അവനെന്താ കഴിക്കാന്‍ കൊടുത്തേ? പഴം റോസ്റ്റ് ചെയ്ത് കൊടുക്കണം. അവനതാ ഇഷ്ടം. അവന്റെ കാര്യം എന്തെങ്കിലും അറിയുമോ? എവിടെ! അധികം പറയുന്നില്ല. വീണ്ടും വഴക്കിടണ്ട. സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ വിളിക്ക്. അതേയ് അവനുറങ്ങിയോ?’
‘ഇല്ല. അവന് നിങ്ങളെ കാണണം പോലും.’
‘ഫോണ്‍ കൊടുത്തേ അവന്’
അലോഷ്യസിന്റെ ശബ്ദം കേട്ടതും എബിന്‍ ചിരിയും കളിയുമായി. അലോഷ്യസ് സംസാരിച്ച് മുറ്റത്ത്കൂടിയും ടെറസ്സില്‍ കൂടിയും പരിസരമറിയാതെ നടന്നു നീങ്ങി.
ഒരുമ്മ കൊടുത്ത് ഫോണ്‍ കട്ട് ചെയ്തു. ശേഷം പ്രദീപിനെ വിളിച്ച് പുതിയ ഫോണോ, ഐഫോണ്‍ ചാര്‍ജ്ജറോ കൊണ്ടുവരാന്‍ പറ്റുമോ എന്ന് തിരക്കി. ഭാഗ്യത്തിന് ഐഫോണ്‍ ചാര്‍ജ്ജര്‍ ഉണ്ടായിരുന്നു. ഓട്ടോയില്‍ ആരോ വച്ച് മറന്ന ചാര്‍ജ്ജര്‍ എടുത്തുവച്ചതുണ്ടായിരുന്നു. ഉടമസ്ഥരാരും വന്നിട്ടുണ്ടായിരുന്നില്ല.
പ്രദീപ് അതുമായി വീട്ടിലെത്തി. ഫോണ്‍ ചാര്‍ജ്ജിലിട്ട്, കുളിച്ച് റൂമിലെത്തി മമ്മിയെ വിളിച്ചു.
‘അമ്മച്ചീ..’
അനക്കമൊന്നും കേള്‍ക്കാതെ റൂമിലെത്തിയപ്പോള്‍ കട്ടിലില്‍ കിടക്കുന്ന മമ്മിയെ ആണ് കണ്ടത്.
‘അമ്മച്ചീ. എന്ത് പറ്റി?’
‘ഒന്നൂല്ല മോനെ. വീണശേഷം തീരെ വയ്യ. ശ്വാസം മുട്ടും ഉണ്ട്. നെഞ്ച് വേദനയുമാ…’
‘എന്നിട്ട് ആശുപത്രീലൊന്നും…?’
‘എന്തിന്. എനിക്കങ്ങ് ഉടനെ പോകാലോ. ഡോക്ടര്‍ മരുന്നൊക്കൊ തന്ന് സുഖപ്പെടുത്തിയാലും നരകം തന്നെയല്ലേ. ഏക മകനെ പുന്നാരിച്ച് വളര്‍ത്തിയിട്ടും നീ ഞങ്ങള്‍ക്കരികില്‍ ഉണ്ടായില്ലല്ലോ. അച്ചാച്ചനും പോയി…’
‘അമ്മച്ചീ. ഇപ്പോ ഞാനില്ലേ.’
‘ഇപ്പോ അല്ലേ. നീ നാളെ പോകില്ലേ.’
‘അല്ല. മറ്റന്നാള്‍’
‘പോയാല്‍. അച്ചാച്ചനെ അവസാനമായി കാണാന്‍ വരാതിരുന്നത് പോലെ എന്നെയും കാണാന്‍ വരില്ലല്ലോ? ഇന്നോ നാളെയോ തീരട്ടെ. നിന്നെക്കൊണ്ട്…
ആ വാക്ക് മുഴുമിക്കും മുമ്പെ അമ്മച്ചിയുടെ വാ പൊത്തി.
‘വാ ഡോക്ടറുടെ അടുത്ത് പോകാം. പ്രദീപിനെ വിളിക്കട്ടെ?’
‘വേണ്ട. ഇപ്പോ കുഴപ്പമില്ല.’ പ്രദീപ് വാങ്ങിക്കൊണ്ടുവന്ന ഇന്‍ഹെയിലര്‍ ത്രേസ്യാമ്മ എടുത്ത് വലിച്ചു.
ഏറെ കഴിഞ്ഞ് വരാന്തയില്‍ കുരിശിന് താഴെ മുട്ടുകുത്തി ഇരുവരും പ്രാര്‍ത്ഥിച്ചു.
ത്രേസ്യാമ്മ ഒറ്റയ്ക്ക് കിടക്കാന്‍ പോയെങ്കിലും അലോഷ്യസ് മമ്മിയെ കെട്ടിപ്പിടിച്ച് ഒരേ കട്ടിലില്‍ കിടന്നു.
—
ഇതേ സമയം അപ്പയെ കാണണം എന്ന് പറഞ്ഞ് കരഞ്ഞ എബിന്റെ റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് ജിന്‍സി വരാന്തയിലെ സോഫയില്‍ പോയി മൊബൈലില്‍ ലൂഡോകളി തുടങ്ങി. രണ്ട് പേരെ തോല്‍പ്പിച്ച് ആ സോഫയില്‍ തന്നെ കിടന്നുറങ്ങി. അടുത്ത ദിവസം പത്ത് മണി വരെ.
‘മമ്മീ എനിക്ക് വിശക്കുന്നു.’ – എന്ന വിളികേട്ട് ജിന്‍സി ഉണര്‍ന്നു.
ബെഡില്‍ തന്നെ ഒരു കപ്പ് വെള്ളവുമായി ചെന്ന് മുഖം കഴുകാന്‍ പറഞ്ഞ് ജിന്‍സി ഒരു പഴം കൊടുത്ത് കഴിക്കാന്‍ പറഞ്ഞു.
‘മമ്മീ എനിക്ക് കക്കൂസില്‍ പോകണം’
‘ഹോ. നിന്നെയിങ്ങനെ 10-50 വയസ്സുവരെ കൊണ്ട്‌പോണ്ടി വര്വല്ലോ.’ അലോഷ്യസിനോടുള്ള ദേഷ്യം അവനില്‍ തീര്‍ത്ത് എബിനിനെ ടോയ്‌ലെറ്റിലെ യൂറോപ്യന്‍ ക്ലോസറ്റിലില്‍ ചാരി നിര്‍ത്തി. ഡോര്‍ ചാരി ജിന്‍സി അടുക്കളയിലേക്ക് പോയി.
—
അപ്പോള്‍ ചങ്ങനാശ്ശേരിയില്‍,
യാത്രാക്ഷീണം കാരണം മമ്മിയുടെ ബെഡ്‌റൂമില്‍ മതിമറന്നുറങ്ങുകയാണ് അലോഷ്യസ്. പുറമെ കുയില്‍നാദവും മറ്റു പക്ഷികളുടെ ചിലപ്പും കേട്ട് ഉണര്‍ന്നപ്പോള്‍ അടുക്കളയില്‍ നിന്നും നല്ല മീന്‍വറുത്ത മണം മൂക്കിലേക്കടിച്ചു.
നേരെ അടുക്കളയില്‍ ചെന്ന് വറുത്തുവച്ച അയല ചൂടോടെ എടുത്ത് നുള്ളിക്കഴിച്ചു.
‘ഛെ. ചെറുക്കാ.. പല്ലു തേച്ചോ? ഇത് ഉച്ചക്ക് കഴിക്കാനുള്ളതാ. രാവിലെ ഉപ്പുമാവുണ്ട്. നിന്റെ ഇഷ്ടഭക്ഷണമായ ഗോതമ്പ് ഉപ്പുമാവ്. പല്ല് തേച്ച് മുഖം കഴുകി വാ. അമ്മച്ചി എടുത്ത് വയ്ക്കാം..’
ഇത്ര വലുതായിട്ടും കുഞ്ഞ് കുട്ടിയോടെന്നെപോലെയായിരുന്നു പിന്നീടങ്ങോട്ട്.
കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ കോളിംഗ് ബെല്‍ ശബ്ദിച്ചു. വരാന്തയിലേക്കിറിങ്ങിയ ത്രേസ്യാമ്മ അകത്തേക്ക് നോക്കി വിളിച്ചു – ‘അലോഷ്യസേ ഇങ്ങ് വന്നേ.’
മുറ്റത്ത് ഷിബുവും സൂരജും. പപ്പയുടെ മരണത്തിന് കാരണക്കാരായ സഹോദരങ്ങള്‍. ഒത്തുതീര്‍പ്പ് പ്രകാരം 22 ലക്ഷവുമായി വന്നതാണ്.
ബന്ധുക്കളായ രണ്ട് പേര്‍കൂടി വന്ന് സാക്ഷിയായി ഒപ്പിട്ടു. ആ ബാഗ് മമ്മിയുടെ കയ്യില്‍ വച്ച് കൊടുത്ത് അലോഷ്യസ് വീട്ടിനകത്തേക്ക് കയറി ടിവി ഓണ്‍ ചെയ്തു.
ഇരട്ടപ്രഹരമായി മാര്‍ച്ച് 24 ന്റെ ആദ്യത്തെ ലോക്ഡൗണ്‍ പ്രഖ്യാപനം. 21 ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍.
എല്ലാം താളം തെറ്റുന്നു..
എബിനെക്കുറിച്ചായിരുന്നു അലോഷ്യസിന്റെ മനസ്സില്‍ മുഴുവന്‍. അവരവിടെ ഒറ്റയ്ക്ക് ഫ്‌ളാറ്റില്‍! ഒരുമാസം.
‘മോനേ വാ ചോറ് കഴി… ഈശോയാ നിന്നെ ഇവിടെക്ക് കൊണ്ട് തന്നത്. ഇങ്ങനെ രണ്ടാഴ്ച്ച കൂടെ നില്‍ക്കാന്‍. എനിക്കുറപ്പുണ്ട് എന്റെ അവസാനത്തെ ഈസ്റ്ററായിരിക്കും ഇതെന്ന്.
ഇതാ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഈ കാശ് കൊണ്ട് നാട്ടില്‍ തന്നെ നല്ല കാര്യം എന്തേലും ചെയ്യണം നമുക്ക്. ഇത്രേം കാശും സ്വത്തും ഉണ്ടായിട്ട്… ഒരു സന്തോഷോം സമാധാനോം ഉണ്ടായിട്ടുണ്ടോ?
നീ നിന്റെ ഭാര്യേം മോനോം ഇങ്ങോട്ട് കൊണ്ട് വാ. 5-10 ഏക്കര്‍ സ്ഥലമില്ലേ ഇവിടെ. എന്തിനാ നിങ്ങള്‍ക്ക് ജോലി? എന്റെ കാലശേഷമായാലും, ഇപ്പോഴായാലും മൂന്നു തലമുറയ്ക്ക് ജീവിക്കുവാനുള്ള സമ്പാദ്യം ഇവിടുന്ന് കിട്ടും. പിന്നെന്തിനാ നീ ഇറ്റലിയിലും ജര്‍മ്മനിയിലുമൊക്കെ ജീവിക്കുന്നത്?’
‘ഈശോ എല്ലാം അറിയുന്നതാ. അല്ലാതെ ഇങ്ങനെ കൊറോണയും എല്ലാം ഉണ്ടാകില്ല. ലോകത്ത് എവിടെ ചെന്നാലും സ്വന്തം അപ്പനും അമ്മയും മക്കളുമുള്ള ലോകമാ ലോകം.
നീ അവളെ വിളിച്ച് ആശ്വസിപ്പിക്ക്. കാര്യങ്ങള്‍ പറഞ്ഞ് ധൈര്യമായിരിക്കാന്‍ പറ’.
അങ്ങോട്ട് വിളിക്കുന്നതിന് മുമ്പ് ആദ്യമായി ഫോണിലേക്ക് വീഡിയോകോള്‍ വന്നത് കണ്ട് അലോഷ്യസ് ഞെട്ടി.
‘ഇച്ചായാ.’ പിന്നെയൊരു പൊട്ടിക്കരച്ചിലായിരുന്നു അങ്ങേത്തലയ്ക്കല്‍.
‘ആകുന്നില്ല ഇച്ചായാ എനിക്കൊറ്റയ്ക്ക്. നിങ്ങള്‍ ഇങ്ങ് വാ…’
‘എങ്ങനെ? ഇവിടുന്ന് എങ്ങോട്ടും ഇറങ്ങാന്‍ പറ്റില്ല. മമ്മിയെ ഇനി ഒറ്റയ്ക്കിട്ടേച്ച് എവിടേയ്ക്കും പോകാന്‍ എനിക്കാവില്ല.
നീ വിഷമിക്കണ്ട. ഫ്‌ളാറ്റില്‍ കുറേപ്പേരുണ്ടല്ലോ. കുറച്ച് ദിവസമല്ലേ. ഒന്നൂല്ലേലും നമ്മുടെ ഇന്ത്യയല്ലേ. അവിടെ ഇറ്റലിയിലെ പോലെയല്ലല്ലോ.’
‘അല്ല ഇച്ചായാ. നമ്മുടെ നാടാ എവിടത്തേക്കാളും നല്ലത്. ഈ നാളുകള്‍ക്കിടയിലാണ് എനിക്കീ തിരിച്ചറിവുണ്ടായത്. ഉമ്മ…’
ആദ്യമായി അവളുടെ കണ്ണുനീരില്‍ കുതിര്‍ന്ന ഒരുമ്മ ഫോണിലൂടെ അലോഷ്യസിന് കിട്ടി.
ഇതൊക്കെ പുറകില്‍ നിന്നും ത്രേസ്യാമ്മ കാണുന്നുണ്ടായിരുന്നു.
‘മോളേ.. മോനെവിടെ?’
‘മമ്മാ… സോറി മമ്മാ….’
‘ഹേ. സോറി പറയാനുള്ളതല്ല. നീയൊരു നഴ്‌സല്ലേ. ഈയരവസ്ഥയില്‍ നീയല്ലേ ഞങ്ങള്‍ക്കൊക്കെ ധൈര്യം തരേണ്ടത്. ആ നീ തന്നെ!’
‘മോനുറങ്ങി. ദാ…’ എന്ന് പറഞ്ഞ് എബിന്‍ ഉറങ്ങുന്നത് ലൈറ്റിട്ട് ജിന്‍സി കാണിച്ചുകൊടുത്തു.
എല്ലാരും കൂടി വീഡിയോകോളിലൂടെ സങ്കീര്‍ത്തനം 21 ചൊല്ലി കിടക്കാനായി പിരിഞ്ഞു.
—
രാവിലെ ത്രേസ്യാമ്മയുടെ നിലവിളി കേട്ടാണ് അലോഷ്യസ് ഉണര്‍ന്നത്. കണ്‍തുറന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ വീടിന് മുമ്പില്‍ രണ്ട് മൂന്ന് പേര്‍ നില്‍ക്കുന്നത് കണ്ടു.
കാര്യം അറിയാതെ ഉറക്കച്ചടവില്‍ പുറത്തേക്കിറങ്ങിയ അലോഷ്യസിന്റെ ചുമലിലേക്ക് ത്രേസ്യാമ്മ ചാഞ്ഞു.
‘മോനെ അങ്കിള്‍ പോയി.’
ത്രേസ്യയുടെ സഹോദരന്‍, പള്ളിയില്‍ പുരോഹിതനായിരുന്ന ഫെലിക്‌സ് കാലം ചെയ്തിരിക്കുന്നു.
ഫെലിക്‌സച്ഛന്‍ ഒരു അനാഥമന്ദിരം നടത്തുകയായിരുന്നു. 45 അഗതികള്‍ക്കഭയമായിരുന്നു ഫെലിക്‌സ് അച്ഛന്‍.
ലോക്ഡൗണിനിടയിലും കര്‍മ്മങ്ങള്‍ കഴിച്ചു. ആദ്യ ജനതാകര്‍ഫ്യൂ കഴിഞ്ഞ് പ്രധാനമന്ത്രി വീണ്ടും രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.
ഏപ്രില്‍ 14 ന്.. മെയ് മൂന്ന് വരെ ലോക്ഡൗണ്‍ നീട്ടല്‍ പ്രഖ്യാപനം.
ഈസ്റ്ററും, പെസഹയും, ദുഃഖവെള്ളിയും, തൃശ്ശൂര്‍ പൂരവും, റമദാനും എല്ലാം ഇതിനിടയില്‍ കഴിഞ്ഞു.
കുടുംബം നടത്തിപ്പോന്നിരുന്ന അഗതിമന്ദിരത്തിന്റെ ചെയര്‍മാന്‍ സ്ഥാനം അലോഷ്യസ് ഏറ്റെടുത്തു.
അലോഷ്യസ് ഇപ്പോള്‍ ത്രേസ്യയ്ക്ക് മാത്രമല്ല മകന്‍; ഫെലിക്‌സ് അച്ഛന്റെ മരണത്തോടു കൂടി അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കൊക്കെ സ്വന്തം മകനാണിപ്പോള്‍ അലോഷ്യസ്.
ഫെലിക്‌സ് അച്ഛന്‍ നടത്തിക്കൊണ്ട് വന്നിരുന്ന ഓര്‍ഫനേജ് ഇപ്പോള്‍ നടത്തുന്നത് അലോഷ്യസ് ആണ്.
ഈ നീണ്ട ലോക്ഡൗണിനിടയില്‍ ഡല്‍ഹിയിലെ ഫ്‌ളാറ്റിലെ റൂമിലും അത്ഭുതം സംഭവിച്ചിരുന്നു. അമ്മയും മകനും തമ്മിലുള്ള കളികള്‍ ജിന്‍സിയിലും ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു. തറയില്‍ കിടന്നിരുന്ന എബിന്‍ ഇപ്പോള്‍ കട്ടിലില്‍ ജിന്‍സിയേയും കെട്ടിപ്പിടിച്ചാണുറങ്ങുന്നത്.
അവര്‍ ഏറെ സന്തോഷത്തിലാണ് – ഓരോരുത്തരും അതിജീവിക്കുകയാണ്. കൊറോണക്കാലത്ത്.
—
മെയ് മൂന്ന്.
ടിവിയിലെ വാര്‍ത്ത കേട്ട് അലോഷ്യസ് പുഞ്ചിരിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ പെട്ടുപോയവര്‍ക്ക് ബന്ധുക്കളുടെ അടുത്തേക്ക് പോകാനുള്ള അനുമതിയും നല്‍കിയുള്ള ലോക്ഡൗണ്‍ നീട്ടല്‍ – രണ്ടാഴ്ചത്തേക്ക്.
ട്രെയിന്‍ ഗതാഗതം ആരംഭിക്കുന്നു. ലോക്ഡൗണിന് ശേഷം ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍, രാജധാനി മെയ് പതിമൂന്നിന് തിരുവനന്തപുരത്തേക്ക് എത്തും. പതിനഞ്ചാം തീയതി തിരിച്ച് പോകും. അതിനായി അലോഷ്യസ് ഓണ്‍ലൈനായി ബുക്ക് ചെയ്തു. ലോക്ഡൗണ്‍ ഇളവ് വന്നതോട് കൂടി ഡല്‍ഹിയിലേക്ക് മകനെകാണാനായി പോകുവാന്‍ പെര്‍മിഷന്‍ എടുക്കുവാനായി കോട്ടയം കളക്ടറുടെ ഓഫീസിലേക്ക് ഇറങ്ങുകയായിരുന്നു അലോഷ്യസ്. പോകുന്നതിന് രണ്ട് ദിവസം മുന്നെ.
മെയ് 13…
ഓട്ടോയ്ക്കായി പ്രദീപിനെ വിളിക്കുമ്പോള്‍ ആദ്യകോളില്‍ തന്നെ കട്ടായി.
വീണ്ടും വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ബിസി ആയിരുന്നു.
‘മമ്മീ പ്രദീപ് ഫോണ്‍ കട്ട് ചെയ്തിരിക്കുകയാ. ഓട്ടത്തിലാണെന്ന് തോന്നുന്നു.’
ഏറെ കഴിയും മുമ്പെ പ്രദീപിന്റെ കോള്‍ വന്നു.
‘അലോഷ്യസേ ഞാനങ്ങോട്ട് വന്നോണ്ടിരിക്കുകയാ.. അഞ്ചുമിനുട്ട്. ദാ വരുന്നു…’
മൂന്നു മിനുട്ടെടുത്തില്ല മുറ്റത്ത് ഓട്ടോ എത്തി. ഓട്ടോയിലേക്ക് കയറാനായി വീടിന് പുറത്തിറങ്ങിയപ്പോള്‍ ‘പപ്പാ…’ – എന്ന വിളി. ഒപ്പം ഓട്ടോയില്‍ നിന്ന് ജിന്‍സിയും പുറത്തേക്കിറങ്ങി.
എല്ലാം കണ്ട് വിശ്വസിക്കാനാകാതെ പൂമുഖത്ത് ത്രേസ്യാമ്മ അവരെ ഓടിച്ചെന്ന് വരവേറ്റു.
‘നിങ്ങളെങ്ങനെ ഇവിടെ വരെ.?’
‘എല്ലാം ദൈവകൃപ..’
‘എന്നാലും ജിന്‍സീ, നീ പറയാതെ വന്നത് സര്‍പ്രൈസായല്ലോ. അലോഷ്യസ് അങ്ങോട്ട് മറ്റന്നാള്‍ ഇറങ്ങാനിരിക്കുകയായിരുന്നു.’ – ത്രേസ്യാമ്മയില്‍ സന്തോഷം നിറഞ്ഞു.
എല്ലാവരിലും മുഖത്ത് സന്തോഷം മാത്രം.
‘എന്തായാലും എല്ലാര്‍ക്കും കൂടി ഓര്‍ഫനേജിലേക്ക് പോകാം.’ – അലോഷ്യസ് ജിന്‍സിയോടായ് പറഞ്ഞു.
‘അതിന് വന്നുകേറിയതല്ലേയുള്ളൂ. ഇനി ഞങ്ങള്‍ ഇവിടെത്തന്നെയില്ലേ’ – ജിന്‍സി ഒരു സന്തോഷം കൂടി എല്ലാരോടുമായി പറഞ്ഞു.
‘ഞാനും ഇച്ചായനും കൂടി ഒരു ശുഭസംരംഭം കൂടി തുടങ്ങാന്‍ തീരുമാനിച്ചു. എബിന്റെ പേരില്‍…. ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി ഒരു ചാരിറ്റബിള്‍ സൊസൈറ്റി.’ – അവള്‍ എല്ലാരേയും ചേര്‍ത്ത് പിടിച്ച് വീട്ടിനകത്തേക്ക് നടന്നു.
‘അതേ മോളെ, അലോഷ്യസിന്റെ പപ്പയുടെ പേരില്‍ കിട്ടിയ 22 ലക്ഷം അതിന് തുടക്കമിടാനുള്ളതാ..’
‘ഇന്നുതന്നെ നമുക്ക് അതിന് തുടക്കമിടാം. ഈ കൊറോണക്കാലത്ത് തന്നെ..’ – ത്രേസ്യാമ്മ അത് പറയുമ്പോള്‍ കണ്ണ് നിറയുന്നുണ്ടായിരുന്നു. അലോഷ്യസിന്റെ പപ്പ, ബെനഡിക്റ്റിന്റെയും ഫെലിക്‌സ് അച്ഛന്റെയും ഫോട്ടോയ്ക്കരികില്‍ ചെന്ന് എല്ലാവരും പ്രാര്‍ത്ഥിച്ചു. ത്രേസ്യാമ്മ 22 ലക്ഷം അടങ്ങിയ ബാഗെടുത്ത് ജിന്‍സിയെ ഏല്‍പ്പിച്ചു.
കോവിഡ് ഒന്നിപ്പിച്ച കുടുംബം..
ത്രേസ്യാമ്മ-അലോഷ്യസ്-ജിന്‍സി-എബിന്‍, അവര്‍ സന്തോഷത്തോടെ ജീവിക്കുകയാണ്. ഒരുപാട് അനാഥര്‍ക്കൊപ്പം
അതിജീവനാനന്തരം.