കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് സുപ്രധാന സ്ഥാനമുള്ള സര്‍ക്കാര്‍ സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. ആനവണ്ടി എന്നു തമാശയായി ആളുകള്‍ പറയുമെങ്കിലും ആയിരക്കണക്കിനു സര്‍വ്വീസുള്ള ഈ സ്ഥാപനത്തിലെ ജീവനക്കാര്‍ ഒരു ദിവസം പണിമുടക്കിയാല്‍ ലക്ഷക്കണക്കിനു സാധാരണക്കാരാണ് ഉപജീവനത്തിനുള്ള വഴിമുട്ടി പെരുവഴിയിലാകുന്നത്. എന്നിട്ടും മാറിമാറി കേരളം ഭരിച്ച മുന്നണി സര്‍ക്കാരുകള്‍ തകര്‍ച്ചയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ യാതൊന്നും ചെയ്തിട്ടില്ല. ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം ഇതുവരെ നല്‍കാത്തതു മൂലം ആയിരക്കണക്കിനു കുടുംബങ്ങള്‍ പട്ടിണിയിലാണ്. പെന്‍ഷനും കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ നിഷേധാത്മക നയത്തിനെതിരെ സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകള്‍ മെയ് 6 – ന് നടത്തിയ 24 മണിക്കൂര്‍ പണിമുടക്ക് സംസ്ഥാനത്തുടനീളം പൊതു ഗതാഗതത്തെ പൂര്‍ണ്ണമായി ബാധിച്ചിരുന്നു. കെടുകാര്യസ്ഥത മൂലം തകര്‍ന്നു കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിന്റെ പാപഭാരം അനുഭവിക്കേണ്ടിവരുന്നത് ജീവനക്കാരും പെന്‍ഷന്‍കാരും പൊതുജനങ്ങളുമാണ്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും വിരമിച്ചവര്‍ക്ക് പെന്‍ഷനും നല്‍കണമെങ്കില്‍ പണം പുറത്തു നിന്ന് കൊണ്ടുവരേണ്ട അവസ്ഥയാണ് ദീര്‍ഘകാലമായി നിലനില്‍ക്കുന്നത്. ബസ്സുകള്‍ ഓടാത്തതു കൊണ്ടോ വരുമാനം ലഭിക്കാത്തതു കൊണ്ടോ അല്ല ഈ ദുരവസ്ഥ. കഴിഞ്ഞ മാസം 158 കോടി രൂപയായിരുന്നു വരുമാനം. 82 കോടി രൂപയാണ് ഒരു മാസം ശമ്പളം നല്‍കാന്‍ വേണ്ടത്. എന്നാല്‍ വായ്പ തിരിച്ചടവും ഇന്ധനച്ചെലവും സ്‌പെയര്‍ പാര്‍ട്‌സ്, ഇന്‍ഷൂറന്‍സ് ചെലവുകളും കഴിച്ച് 10 കോടി രൂപ മാത്രമാണ് ശമ്പളം നല്‍കാന്‍ കോര്‍പ്പറേഷന്റെ പക്കലുള്ളത്. ധനകാര്യ വകുപ്പിനോട് 75 കോടി ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമാണ് അനുവദിക്കപ്പെട്ടത്. ആവശ്യമായ തുകയില്‍ പകുതിയോളം മാത്രം കൈവശമുള്ള മാനേജ്‌മെന്റ് ബാക്കി തുക കണ്ടെത്താന്‍ കഴിയാതെ നട്ടം തിരിയുകയാണ്. കഴിഞ്ഞ മാസം ശമ്പളം നല്‍കാന്‍ എസ്.ബി.ഐയില്‍ നിന്നെടുത്ത 45 കോടി രൂപയുടെ ഓവര്‍ ഡ്രാഫ്ട് തിരിച്ചടയ്‌ക്കേണ്ട സമയപരിധി കഴിഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
കടമെടുത്ത് ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്ന കേരള സര്‍ക്കാരിന്റെ നേര്‍ പരിഛേദമാണ് കെ.എസ്.ആര്‍.ടി.സി. കോര്‍പ്പറേഷന്റെ കടവും അനുദിനം പെരുകുകയാണ്. വരവും ചെലവും തമ്മില്‍ ഒരു തരത്തിലും പൊരുത്തപ്പെടുത്താനാവാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. മാര്‍ച്ച് മാസം ടിക്കറ്റ് വരുമാനം 151.37 കോടിയും മറ്റു വരുമാനം 7.18 കോടിയും അടക്കം ആകെ വരുമാനം 158.55 കോടി രൂപയായിരുന്നു. സര്‍ക്കാര്‍ സഹായമായി 30 കോടി രൂപയും ലഭിച്ചു. എന്നാല്‍ ശമ്പളത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി 97.64 കോടിയും പെന്‍ഷന്‍ ചെലവ് 68.54 കോടിയും ഡീസല്‍ ചെലവ് 88.42 കോടിയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലേക്കുള്ള തിരിച്ചടവ് 90.38 കോടിയും മറ്റു ചിലവുകളും ചേര്‍ത്ത് ആകെ ചെലവ് 375.99 കോടി രൂപയാണ്. ശരാശരി 200 കോടിയിലധികം രൂപയാണ് ഓരോ മാസവും കെ.എസ്.ആര്‍.ടി.സി അധികമായി കണ്ടെത്തേണ്ടിവരുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 413 ഏക്കര്‍ സ്ഥലവും 6380 ബസ്സും 93 ഡിപ്പോകളും 28,000 ജീവനക്കാരുമാണ് കെ.എസ്.ആര്‍.ടി.സിക്ക് സ്വന്തമായുള്ളത്. കോവിഡിനു മുമ്പ് നിത്യേന 4600 നും 5000 നും ഇടയില്‍ സര്‍വ്വീസ് നടത്തിയിരുന്നത് ഇപ്പോള്‍ 3000 നും 3200 നും ഇടയിലായി കുറഞ്ഞിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന പല നടപടികളും അതിന്റെ തകര്‍ച്ചയിലേക്കാണ് നയിക്കുന്നതെന്ന് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഈയിടെ ആരംഭിച്ച കെ-സ്വിഫ്റ്റ് ബസ്സുകള്‍ കോര്‍പ്പറേഷന്‍ നന്നായി നടത്തിയിരുന്ന 57 ഷെഡ്യൂളുകളാണ് ഏറ്റെടുത്തത്. 1969 മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിവന്ന റൂട്ടുകളും ഇതില്‍ പെടും. പമ്പുകളിലെ വിപണി വിലയ്ക്ക് കെ.എസ്.ആര്‍.ടി.സിക്കു ഡീസല്‍ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയതും കോര്‍പ്പറേഷനു തിരിച്ചടിയായി. വിലനിര്‍ണ്ണയത്തിനുള്ള പൂര്‍ണ അധികാരം എണ്ണക്കമ്പനികള്‍ക്കാണെന്ന് അറിഞ്ഞു കൊണ്ടാണ് കെ.എസ്.ആര്‍.ടി.സി ബള്‍ക് പര്‍ച്ചേസ് കരാര്‍ രണ്ടു തവണ പുതുക്കി നല്‍കിയതെന്നും ഇപ്പോള്‍ പരാതിപ്പെടുന്നതില്‍ കാര്യമില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. ഡീസലിന് വിപണിയില്‍ ലിറ്ററിന് 91.72 രൂപയുള്ളപ്പോള്‍ 121.35 രൂപയ്ക്കാണ് തങ്ങള്‍ക്കു കിട്ടുന്നതെന്നും ഇതുമൂലം പ്രതിദിനം 83 ലക്ഷം രൂപ നഷ്ടമുണ്ടെന്നും കാണിച്ചായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ ഹരജി. വന്‍കിട ഉപയോക്താക്കള്‍ക്കു ബാധകമായ വില, വിപണി വിലയിലും കൂടിയപ്പോള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സിക്കു പരാതിയെന്നും ക്രഡിറ്റ് സൗകര്യം ഉള്‍പ്പെടെ കരാര്‍ ആനുകൂല്യങ്ങള്‍ അനുഭവിച്ച കോര്‍പ്പറേഷന്‍ 2017 നു ശേഷം ഇതുവരെ പരാതിപ്പെട്ടിരുന്നില്ലെന്നും എണ്ണക്കമ്പനികളും ചൂണ്ടിക്കാട്ടി. എന്തായാലും ഡീസലിന്റെ ചിലവിലും വന്‍ തുകയാണ് സ്ഥാപനം കണ്ടെത്തേണ്ടിവരുന്നതെന്ന് ഇതോടെ വ്യക്തമായി.
കെ.എസ്.ആര്‍.ടി.സിയുടെ ബസ്സുകള്‍ ഡിപ്പോകളിലും യാഡുകളിലും തുരുമ്പെടുത്തു നശിക്കുന്ന സംഭവത്തിലും ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഈ വിഷയത്തില്‍ ഇടപെടാത്ത സംസ്ഥാന സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. 700 കോടി രൂപയോളം മൂല്യമുള്ള 2,800 ബസ്സുകള്‍ ഉപേക്ഷിച്ചു തള്ളിയതായി ആരോപിച്ച് കാസര്‍കോട് സ്വദേശി നല്‍കിയ പൊതു താല്പര്യ ഹരജിയാണ് കോടതി പരിഗണിച്ചത്. ബസ്സുകള്‍ ഉള്‍പ്പെടെ ആസ്തികള്‍ സംരക്ഷിക്കാനും സ്ഥാപനത്തെ തകര്‍ച്ചയില്‍ നിന്നു രക്ഷപ്പെടുത്താനും കാര്യക്ഷമത കൂട്ടാനും സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ കോടതി സര്‍ക്കാരിനോടും കെ.എസ്.ആര്‍.ടി.സിയോടും നിര്‍ദ്ദേശിക്കുകയും ചെയ്തു. വെറുതെ സഹായിക്കാന്‍ നില്‍ക്കാതെ കോര്‍പ്പറേഷനെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു. നികുതിദായകരുടെ പണം ചെലവിട്ടാണ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടിസിയെ നിലനിര്‍ത്തുന്നത് എന്ന കോടതിയുടെ പരാമര്‍ശവും ശ്രദ്ധേയമാണ്. കോവിഡ് കാലത്തിനു മുമ്പ് നല്ല നിലയില്‍ സര്‍വ്വീസ് നടത്തിയിരുന്ന എ.സി, നോണ്‍ എ.സി ലോ-ഫ്‌ളോര്‍ ബസ്സുകളും തുരുമ്പെടുത്തു നശിക്കുകയാണ്. ജന്റം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ 80% വിലയും നല്‍കി അനുവദിച്ച നൂറിലധികം ലോ- ഫ്‌ളോര്‍ ബസ്സുകളാണ് അധികൃതരുടെ അനാസ്ഥ മൂലം ഇങ്ങനെ നശിക്കുന്നത്. ഒരു എസി ലോ ഫ്‌ലോര്‍ ബസ്സിനു തന്നെ ഒരു കോടി രൂപയോളം വിലവരും.
നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ഇത്തരം സ്ഥാപനങ്ങള്‍ തകരുന്നത് പൊതുവെ ജനങ്ങളെയായിരിക്കും ബാധിക്കുക എന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാന സര്‍ക്കാര്‍ അടിയന്തര പ്രാധാന്യം നല്‍കി കെ.എസ്.ആര്‍.ടി.സിയെ തകര്‍ച്ചയില്‍ നിന്നു രക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.