ജൈവ പരിണാമത്തിന്റെ പരമോന്നത ശ്രേണിയില്‍ വിരാജിക്കുന്ന മനുഷ്യകുലം തുടക്കത്തില്‍ മറ്റ് ജീവജാലങ്ങളെ പോലെ നിലനില്പിനുപാധികളായ ഇരതേടലും ഇണചേരലും മാത്രമായി ലോകത്തിന്റെ മറ്റു പ്രദേശങ്ങളില്‍ ജീവിക്കുമ്പോഴും ഭാരതത്തില്‍ അതിപുരാതന കാലം തൊട്ടു അതിവിശിഷ്ടമായ ഒരു സംസ്‌കാരം ഉയര്‍ന്നുവന്നു. ഈ സാഹചര്യം ഒരുക്കിയത് ഭാരതത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും വൈവിദ്ധ്യമാര്‍ന്ന പ്രകൃതിയും അവിടങ്ങളിലെ വിഭിന്നങ്ങളായ ആവാസ വ്യവസ്ഥകളും അതിലൂടെ പരിണാമപ്പെട്ട് വന്ന അതിജീവനത്തിന്റെ സാമൂഹിക സമരസതയും വൈവിദ്ധ്യത്തില്‍ ഏകത്വവും എന്നതാണ്. ലോകത്ത് എഴുതപ്പെട്ട ആദ്യത്തെ കൃതി ഋഗ്വേദമാണെന്നും, ബിസിഇ 7000നും 8000 നും ഇടയില്‍ ഇതു രചിക്കപ്പെട്ട കാലത്തു ഭാരതം പരിഷ്‌കൃതവും സംസ്‌കാര സമ്പന്നവുമായ ഒരു രാഷ്ട്രമായി രൂപപ്പെട്ടിരുന്നു എന്നും ആധികാരികമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. പുരാണേതിഹാസങ്ങളും അതിസമ്പന്നമായ സംസ്‌കൃത സാഹിത്യവും, അനവധി നിരവധി ഉദാഹരണങ്ങളിലൂടെയും സത്യപ്രസ്താവനകളിലൂടെയും, ഭാരതത്തിന്റെ ഏകാത്മകത്വവും വൈവിദ്ധ്യത്തിലെ ഏകത്വവും വ്യക്തമാക്കുന്നു. ഭാരതം ആസേതുഹിമാചലം ഒരൊറ്റ രാഷ്ട്രമാണെന്ന സങ്കല്പം വേദ കാലഘട്ടം മുതലേ വ്യക്തമാക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. പരസ്പരം ബഹുമാനിച്ചും അംഗീകരിച്ചും ചിലപ്പോള്‍ കലഹിച്ചും നിലനിന്നുവന്ന ചെറുതും വലുതുമായ ആയിരക്കണക്കിന് നാട്ടുരാജ്യങ്ങളൂടെ ഒരു സങ്കരമായിരുന്നു ഭാരതത്തിന്റെ മൊത്തത്തിലുള്ള രാജ്യഘടന. പൗരാണിക കാലത്ത് സൂര്യവംശ, ചന്ദ്രവംശ, കുരുവംശ രാജാക്കന്മാര്‍ ഈ നാട്ടുരാജ്യങ്ങളെയും ജനപഥങ്ങളെയും തങ്ങളുടെ ഏകഛത്രാധിപത്യത്തില്‍ ഏകോപിപ്പിച്ചു നിര്‍ത്തിയിരുന്നു.
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള തദ്ദേശവാസികളായ ഹിന്ദുക്കള്‍ക്കു ഭാരതത്തിന്റെ സാര്‍വ്വലൗകിക ആത്മീയ ചേതനയെക്കുറിച്ചും സാംസ്‌കാരിക ദേശീയതയെക്കുറിച്ചും യാതൊരു സംശയവുമില്ല. അക്കാദമിക ചരിത്ര പണ്ഡിതന്മാര്‍ മനുഷ്യരാശിയുടെ അറിയപ്പെടുന്ന ഏറ്റവും പുരാതനസംസ്‌കാരം സിന്ധ് നദീതട സംസ്‌കാരം (ബിസിഇ 3500) ആണെന്ന് കരുതുന്നു. ഹാരപ്പ, മോഹന്‍ജദരോ, ലോതാല്‍ എന്നിവിടങ്ങള്‍ കാര്‍ഷിക, വ്യവസായിക നഗരവല്‍ക്കരണ മാതൃകകളായിരുന്നു. ”വേദ കാലം മുതല്‍ ആധുനിക കാലത്ത് സി.ഇ. പതിനേഴാം നൂറ്റാണ്ടുവരെ ഏറ്റവും സമ്പന്ന രാജ്യമായിരുന്നു ഭാരതം. മറാട്ട സാമ്രാജ്യം ലോകത്തെ മൂന്നിലൊന്നു സമ്പത്തിന്റെ അധിപരായിരുന്നതായി സാമ്പത്തിക ചരിത്ര പണ്ഡിതന്‍ ‘World Economics:- A Millennial Perspective’- എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.
ക്രിസ്തുവിനു ശേഷം 700 മുതല്‍ 1193 വര്‍ഷം വരെ, അതായത് ബക്ത്യാര്‍ ഖില്‍ജിയുടെ ആക്രമണത്തിനു തൊട്ടുമുന്‍പ് വരെ തക്ഷശില, നളന്ദ, വിക്രമശില, ഓടന്തപുര, ജഗദല, സോമപുര, വല്ലഭി, മിഥില, നാദിയ, രത്‌നഗിരി, ദക്ഷിണേന്ത്യയിലെ ഘടികകള്‍, ശാലകള്‍ ഇങ്ങനെ ഭാരതത്തിലുടനീളം ആയിരക്കണക്കിന് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നിലനിന്നിരുന്നതായി ഈത് സിങ്, ഹൂയന്‍സാങ് മുതലായ ചീനാ സഞ്ചാരികള്‍ അവരുടെ യാത്രാവിവരണങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ സംസ്‌കൃതം, സാഹിത്യം, ശാസ്ത്രം, ആയോധനകല, വൈദ്യശാസ്ത്രം, മാതംഗ ശാസ്ത്രം ഇങ്ങനെ 67 കലകള്‍ (ലിബറല്‍ ആര്‍ട്‌സ്) വിവിധ വകുപ്പുകളിലായി ആധുനിക സര്‍വ്വകലാശാലകളിലെപ്പോലെ പഠന ഗവേഷണങ്ങള്‍ നടത്തിയിരുന്നതായി ഏ. എല്‍.ബാഷാം, ആര്‍.കെ.മുഖര്‍ജി, ആര്‍.സി.മജുംദാര്‍ എന്നീ ആധുനിക ചരിത്രകാരന്മാരും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം നേടിയ ഒരു ജ്ഞാന സമൂഹത്തിന്റെ കാലഘട്ടമായിരുന്നു ഇക്കാലമത്രയും. പുരാതന ഭാരതത്തില്‍ നഗരങ്ങളോടൊപ്പം സ്വയംപര്യാപ്ത ഗ്രാമങ്ങളും നിലനിന്നിരുന്നു. ഇതെല്ലാം ചരിത്രമാണ്. ഹിന്ദുക്കള്‍ മാത്രം അധിവസിച്ചിരുന്ന ഭാരതത്തിന്റെ സുവര്‍ണ്ണ കാലഘട്ടം. എന്നാല്‍ ഭാരതം കണ്ടിട്ടില്ലാത്ത പാശ്ചാത്യ പണ്ഡിതന്മാരും കാറല്‍ മാര്‍ക്‌സ് പോലും പൗരാണിക ഭാരതത്തെ ചലനാത്മകമല്ലാത്ത ഒരു നിശ്ചല സമൂഹമായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്. മാക്‌സ്മുള്ളര്‍ ഭാരതത്തിന്റെ സംസ്‌കൃത പരമ്പര്യത്തെയും സന്തോഷവും സമാധാനവുമുള്ള ഗ്രാമീണ സാമൂഹിക ജീവിതത്തേയും ചൂണ്ടിക്കാണിക്കുമ്പോള്‍ത്തന്നെ അതിന്റെ പൈതൃകം ആര്യന്‍ കൂടിയേറ്റമെന്ന ഒരു കെട്ടുകഥയില്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. സ്‌കോട്ടിഷ് ചരിത്രകാരന്‍ ജയിംസ് മില്‍ സനാതന ധര്‍മ്മത്തെയും സാംസ്‌കാരിക ദേശീയതയെയും സാംസ്‌കാരിക ഔന്നത്യത്തെയും നിസ്സാരവല്‍ക്കരിക്കാന്‍ ഈ ഹിന്ദുരാഷ്ട്രത്തിന്റെ ചരിത്രത്തെ (ഇന്ത്യന്‍ ഹിസ്റ്ററി) തന്നെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്നു മൂന്നു കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.
ക്രിസ്തു വര്‍ഷം എട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ നാടിന്റെ വടക്കേ അതിര്‍ത്തിയിലെ പര്‍വ്വതനിരകള്‍ക്കപ്പുറത്തുനിന്നും അറേബ്യ, പേര്‍ഷ്യ, തുര്‍ക്കി മുതലായ രാജ്യങ്ങളില്‍ നിന്നും മുസ്ലിം അക്രമകാരികള്‍ വന്നു കൊള്ളയും കൊള്ളിവയ്പ്പും നടത്തി തിരിച്ചുപോവുക പതിവായിരുന്നു. പലപ്പോഴും തോറ്റു പിന്‍വാങ്ങിയെങ്കിലും പതുക്കെ പതുക്കെ ചില പ്രദേശങ്ങളില്‍ താവളങ്ങള്‍ ഉറപ്പിക്കുകയും സ്ഥിര താമസക്കാരാകുകയും ചെയ്തു. പതിമൂന്നാം നൂറ്റാണ്ടോടെ മിക്ക പ്രദേശങ്ങളും മുസ്ലിം ഭരണത്തിനു കീഴിലാകുകയും ചെയ്തു.
1498-ല്‍ പോര്‍ച്ചുഗീസ് നാവികന്‍ വാസ്‌കോഡ ഗാമ കേരളതീരത്ത് എത്തിയതോടെ പാശ്ചാത്യ രാജ്യങ്ങളെ ഭാരതത്തിലേക്കാകര്‍ഷിക്കുകയും തുടര്‍ന്ന് ഭാരതത്തിന്റെ കടല്‍ത്തീരത്ത് യൂറോപ്യന്‍ നാവികര്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഭാരതം പാശ്ചാത്യ ശക്തികളുടെ കേന്ദ്രമായി മാറി. ബ്രിട്ടന്റെ ആധിപത്യം ഭാരതംമുഴുവന്‍ വ്യാപിച്ചതോടെ മുസ്ലിം ഭരണം നാശോന്മുഖമായി. ഇസ്ലാം അക്രമണകാരികളെക്കാള്‍ ആധുനിക കാലഘട്ടത്തില്‍ ഭാരതത്തിന്റെ സാമ്പത്തിക അധ:പതനത്തിനും സാംസ്‌കാരിക അപചയത്തിനും മുഖ്യകാരണക്കാരായി ഇന്ത്യാ ചരിത്രകാരന്മാരെല്ലാം കണക്കാക്കുന്നത് ബ്രിട്ടീഷ് രാജിനെയാണ്. ഭാരിച്ച റവന്യൂ നികുതികള്‍ ചുമത്തി കാര്‍ഷിക മേഖലയെ തകര്‍ത്തു. വനവിഭവങ്ങളും ധാതുസമ്പത്തും ചൂഷണം ചെയ്തു കടലുകടത്തി. അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി നടത്തി അമിത വിലയുള്ള ഉല്പ്പന്നങ്ങളാക്കി ഇറക്കുമതി ചെയ്തു. ഇതിലൂടെ വിദഗ്ദ്ധ പണിക്കാരെയും തദ്ദേശവാസികളെയും തൊഴില്‍ രഹിതരാക്കി. ബ്രിട്ടനിലെ ടെക്‌സ്‌റ്റൈല്‍ വ്യവസായം വികസിപ്പിച്ചു. നമ്മുടെ വ്യവസായ സംരംഭങ്ങളെല്ലാം തകര്‍ത്തു. മുസ്ലിം ഭരണാധികാരികള്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെല്ലാം തകര്‍ത്തു തരിപ്പണമാക്കിയപ്പോഴും അന്നും രാജ്യത്തു പലയിടങ്ങളിലും സ്വതന്ത്രമായി നിലനിന്നിരുന്ന വിദ്യാകേന്ദ്രങ്ങളും പാഠശാലകളും ഗുരുകുലങ്ങളും കുടുംബ പാരമ്പര്യമായി കൈമാറിവന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും അനുഷ്ഠിച്ചുവന്ന ധര്‍മ്മനീതിയും ഭാരതീയ ജ്ഞാനവിജ്ഞാനത്തെ പൂര്‍ണമായ അധ:പതനത്തില്‍നിന്നും രക്ഷപ്പെടുത്തി. ഇക്കാലങ്ങളില്‍ മതസ്ഥാപനങ്ങളും ആശ്രമങ്ങളും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. പ്രാഥമികവിദ്യാഭ്യാസം നല്കുന്ന വില്ലേജ് സ്‌കൂളുകളും കൂടിപ്പള്ളിക്കൂടങ്ങളും നാട്ടിലുടനീളം നിലനിന്നിരുന്നു. നിരുപദ്രവമായ ഈ വിദ്യാഭ്യാസം മുസ്ലിം മതത്തെയോ ഭരണത്തെയോ ദോഷമായി ബാധിക്കില്ല എന്നു തോന്നിയതുകൊണ്ടാവാം ഈ സ്‌കൂളുകളെ ആരും ശ്രദ്ധിച്ചതേയില്ല. ഇത് ശരിയാണെന്നു വ്യക്തമാക്കുന്നതാണു സര്‍ തോമസ് മണ്‍ട്രോ 1822 ജൂലൈ രണ്ടാം തീയതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ പ്രസിഡന്‍സിയിലെ ഗവര്‍ണര്‍മാര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഒന്നോ അതിലധികമോ സ്‌കൂളുകളില്ലാത്ത ഒരൊറ്റ വില്ലേജു പോലും പ്രസിഡന്‍സികളിലില്ല എന്ന വസ്തുത.
തുടക്കത്തില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ശ്രദ്ധ വ്യാപാരത്തില്‍ മാത്രമായിരുന്നു. 1813-ലെ ചാര്‍ട്ടര്‍ ഓഫ് ആക്ട് പ്രകാരം ബ്രിട്ടീഷ് ഗവണ്മെന്റ് മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കും സ്‌കൂള്‍ തുറക്കുന്നതിനുമുള്ള ഉത്തരവാദിത്തവും കമ്പനിയെ ഏല്പിച്ചു. അതുമൂലം മിഷണറിമാര്‍ക്കു ഭാരതത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ ഒരു വിലക്കുമില്ലാതായി. സെറാംപൂരില്‍ ആദ്യത്തെ ഇംഗ്ലീഷ് മിഷനറി കോളേജ് സ്ഥാപിച്ചു. ‘വിദ്യാഭ്യാസത്തിലൂടെ മതപ്രചാരണം (ഇവാഞ്ചലിക്കോ പ്രപറേഷ്യോ) എന്ന പരിപാടി തദ്ദേശീയ വിദ്യാഭ്യാസ പദ്ധതിയെ തകര്‍ക്കുന്നതിനും വന്‍തോതിലുള്ള മത പരിവര്‍ത്തനങ്ങള്‍ക്കും സഹായകമായി നാടിന്റെ നാനാഭാഗങ്ങളില്‍ മിഷന്‍ സ്‌കൂളുകളും കോളേജുകളും സ്ഥാപിതമായി. 1835 മാര്‍ച്ചു മാസം 20 -ാം തീയതി മെക്കാളെ മിനിറ്റിന്നു അംഗീകാരം നല്കിയതോടെ പുതിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ നിലവില്‍ വരികയും പൗരസ്ത്യ വിദ്യാലയങ്ങള്‍ ഇല്ലാതാവുകയും ചെയ്തു. മെക്കാളെ സ്വന്തം അച്ഛനെഴുതിയ കത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ”ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കുന്ന ഒരു കുട്ടി പോലും ഹിന്ദുമതത്തോട് പ്രതിപത്തി കാണിക്കുകയില്ല. നമ്മള്‍ നടപ്പിലാക്കുന്ന ഈ വിദ്യാഭ്യാസ പദ്ധതി മുപ്പതു വര്‍ഷം തുടര്‍ന്നാല്‍ ബംഗാളിലെ ഉന്നതകുലജാതരായ ഒരൊറ്റ ആളുപോലും വിഗ്രഹാരാധന നടത്തില്ല. ശ്രമകരമായ മത പരിവര്‍ത്തന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാതെ തന്നെ, മതസ്വാതന്ത്ര്യത്തിലിടപെടുന്നുവെന്നു തോന്നാതെ, ബുദ്ധിപരവും ചിന്താപരവുമായ നീക്കത്തിലൂടെ ഇക്കാര്യം സാധിച്ചെടുക്കാം.” ഇതേ കാര്യമാണ് ഗാന്ധിജി ചത്തം സമ്മേളനത്തില്‍വച്ചു ഇംഗ്ലീഷുകാരന്റെ മുഖത്തു നോക്കി പറഞ്ഞത്. ‘ഒരു മനോഹര വൃക്ഷം പോലെ പടര്‍ന്നു പന്തലിച്ചു കിടന്ന ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിവേര് മാന്തി നിങ്ങള്‍ അതിനെ ഉണക്കി’.
1857-ലെ സംഘടിത സ്വാതന്ത്ര്യ സമരത്തിന്റെ തീവ്രത മനസ്സിലാക്കിയ ബ്രിട്ടന്‍, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്, 1848 ആഗസ്റ്റ് രണ്ടാം തീയതി പാര്‍ലമെന്റ്റില്‍ പാസാക്കുകയും ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ഭാരത ഉപഭൂഖണ്ഡത്തിന്റെ ഭരണം നേരിട്ടു ഏറ്റെടുത്തു നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. 1858 മുതല്‍ 1947 വരെയുള്ള ബ്രിട്ടന്റെ ഭരണത്തെ ബ്രിട്ടീഷ് രാജ് എന്നു പറയുന്നു.
ആയിരക്കണക്കിനു വര്‍ഷങ്ങള്‍ വിദേശ ആക്രമികള്‍ക്കും ആധിപത്യത്തിനുമെതിരെ ചെറുതും വലുതുമായ പ്രതിഷേധങ്ങളും, ചെറുത്തുനില്‍പ്പുകളും, സായുധ സമരങ്ങളും, സഹനസമരങ്ങളും നിരന്തരമായി രാജ്യത്തിന്റെ വിഭിന്ന ഭാഗങ്ങളില്‍ പല രൂപത്തിലും ഭാവത്തിലും നടന്നു കൊണ്ടേയിരുന്നു. സ്വതന്ത്ര്യത്തിനു വേണ്ടി സംഘടിപ്പിക്കപ്പെട്ട ഈ സമരങ്ങളിലും സംഘട്ടനങ്ങളിലുമെല്ലാം പല സന്ദര്‍ഭങ്ങളിലായി സാധാരണ ജനതയ്‌ക്കൊപ്പം നാടുവാഴികളും രാജാക്കന്മാരും റാണിമാരും വിപ്ലവകാരികളും ആത്മീയ ഗുരുക്കന്മാരും സാമൂഹിക പരിഷ്‌കര്‍ത്തക്കളും ഗോത്ര വര്‍ഗ്ഗക്കാരും നേതൃത്വം വഹിച്ചു. ഒരു ഘട്ടത്തില്‍ പോലും വിദേശികള്‍ക്ക് ഭാരതത്തില്‍ സ്വസ്ഥമായി കഴിയാന്‍ അവസരം നല്കിയില്ല. മുസ്ലിം ഭരണകാലത്ത് അവരുടെ മതക്കാര്‍ക്കും ഇസ്ലാം മതം സ്വീകരിച്ചവര്‍ക്കും, അതുപോലെ പാശ്ചാത്യരുടെ ഭരണകാലത്ത് ക്രിസ്ത്യാനികള്‍ക്കും പരിവര്‍ത്തിതര്‍ക്കും പള്ളിക്കും പട്ടക്കാര്‍ക്കും പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും പദവികളും നല്കി സംരക്ഷിച്ചു കൂടെക്കൂട്ടിയപ്പോള്‍ ഇവിടുത്തെ അടിസ്ഥാന ജനതയായ ഹിന്ദുക്കളുടെ അവകാശങ്ങള്‍ നിഷേധിക്കുക മാത്രമല്ല അവരെ കൊടിയ പീഡനങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്തു. ദീര്‍ഘകാലം വൈദേശിക ആക്രമണങ്ങളുടെയും ആധിപത്യത്തിന്റെയും കീഴില്‍ മര്‍ദ്ദനങ്ങളേയും ഭീഷണികളേയും അതിജീവിച്ച് എണ്‍പതു ശതമാനത്തിലധികം ജനസംഖ്യയോടെ ഭാരതം ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായി നിലനില്‍ക്കുന്നുവെന്നത് അതിശയകരമായ വസ്തുതയാണ്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ സ്വതന്ത്ര ഭാരതം ചെയ്ത ഏറ്റവും വലിയ തെറ്റ് കശ്മീരിലും പാകിസ്താനിലും ബംഗ്ലാദേശിലും ജീവിക്കേണ്ടിവന്ന ഭാരതാംബയുടെ ഈ വീരപുത്രന്മാരെ സൗകര്യപൂര്‍വ്വം വിസ്മരിച്ച് അവരുടെ വംശനാശത്തിന് മൂകസാക്ഷിയായി നിന്നു എന്നതാണ്.
ക്രിസ്തീയ വിഭാഗത്തിലെ ഒരൊറ്റ സഭ പോലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തില്ലെന്നു മാത്രമല്ല വെള്ളക്കാരുടെ ഭരണത്തിലെ ഗുണഭോക്താക്കളാവുകയും വമ്പിച്ച തോതില്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുന്നതിനും പള്ളിയും പള്ളിക്കൂടങ്ങളും കന്യാസ്ത്രീ മഠങ്ങളും സഭാ ആസ്ഥാനങ്ങളും നിര്‍മ്മിക്കുന്നതിനു ഭൂമിയും സമ്പത്തും നേടിയെടുക്കുന്നതിലും വ്യാപൃതരാവുകയും ചെയ്തു. വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ ഇവരുടെ ഇടയില്‍ നിന്നും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുള്ളൂ.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടന് കോളനികളെ നിലനിര്‍ത്തുന്നത് ഒരു ബാധ്യതയായി മാറുകയും പല രാജ്യങ്ങളെയും സ്വതന്ത്രമായി പ്രഖ്യാപിക്കുകയും ചെയ്തു. ഭാരതത്തില്‍ ആളിപ്പടരുന്ന സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങള്‍ ഇന്ത്യ വിടുന്നതിന് ബ്രിട്ടീഷ് ഭരണകൂടത്തെ മാനസികമായി തയ്യാറാക്കിയിരുന്നു. ഭാരതത്തിലെ നേതാക്കന്മാര്‍ക്കും ഏതാണ്ടു ബോധ്യമായ കാര്യമായിരുന്നു. കിട്ടാവുന്നതെല്ലാം കടല്‍കടത്തി, മുസ്ലിം ലീഗിനു പ്രത്യേകിച്ച് ജിന്നയ്ക്കു കൂടി സ്വീകാര്യമായ ഒരു വ്യവസ്ഥയിലൂടെ സ്വാതന്ത്ര്യം നല്കുക എന്ന മദ്ധ്യസ്ഥത മാത്രമായിരുന്നു ബ്രിട്ടീഷുകാരുടെ അവശേഷിക്കുന്ന ലക്ഷ്യം. അങ്ങനെ അഖണ്ഡ ഭാരതത്തിനു വേണ്ടി നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങള്‍, ഒടുവില്‍ മേശക്കു ചുറ്റിനുമിരുന്നു വീതം വച്ചു രണ്ടു സ്വതന്ത്ര രാജ്യങ്ങളാക്കി മാറ്റി, അവസാനിപ്പിച്ചു. അഖണ്ഡ വിസ്തൃത ഭാരതത്തിന്റെ ഒരു ഭാഗം മുസ്ലിം ഭൂരിപക്ഷ പ്രദേശമായതു കൊണ്ടു ഒരു സ്വതന്ത്ര ഇസ്ലാമിക റിപ്പബ്‌ളിക്കായി മാറി. എന്നാല്‍ മതാധിഷ്ഠിത വിഭജനം രണ്ടു രാഷ്ട്രങ്ങള്‍ തമ്മില്‍ വൈരത്തിന്റെയും പകയുടെയും നിലയ്ക്കാത്ത സംഘര്‍ഷത്തിനു സഹചര്യമൊരുക്കുകയാണുണ്ടായത്. മുസ്ലിം മത തീവ്രവാദ പാകിസ്ഥാന്‍ ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ ഒരു പരിഷ്‌കൃത വികസിത രാജ്യമായിത്തീരാന്‍ ശ്രമിക്കുന്നതിനു പകരം ഭാരതത്തോട് ആജന്മ ശത്രുവിനെപ്പോലെ വിദ്വേഷവും പകയും തീര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും നിരന്തരം യുദ്ധം ചെയ്യുക എന്നത് അവരുടെ ലക്ഷ്യമായി സ്വീകരിച്ചു. അതിന്റെ പരിണതഫലമോ ലോകത്തു നടക്കുന്ന മുസ്ലിം തീവ്രവാദ ഭീകര പ്രവര്‍ത്തനങ്ങളുടെ പിന്നിലെ സ്രോതസ്സും വളര്‍ത്തു കേന്ദ്രവുമായ ഒരു തെമ്മാടി രാഷ്ട്രമായി (ൃീൗഴൗല േെമലേ) പാകിസ്ഥാന്‍ മാറി. സ്വാതന്ത്ര്യം കിട്ടി മാസങ്ങള്‍ക്കകം ഭാരതത്തെ ആക്രമിക്കുകയും കശ്മീരിന്റെ വലിയൊരു ഭാഗം അവരുടെ അധീനതയിലാക്കുകയും ചെയ്തു. 1965-ലും 1971-ലും ഭാരതവുമായി തുറന്ന യുദ്ധത്തിനു തയ്യാറാവുകയും ഭാരതത്തിന്റെ പ്രഹരശേഷി അനുഭവിച്ച് അമ്പേ പരാജയപ്പെട്ട് കീഴടങ്ങുകയും ചെയ്തു. എന്നിട്ടും അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറി നാട്ടില്‍ വര്‍ഗ്ഗീയ ലഹളകള്‍ ഇളക്കിവിട്ടും ഭീകരാക്രമണങ്ങള്‍ അഴിച്ചുവിട്ടും സൈ്വര്യജീവിതത്തിനും സമാധാനത്തിനും പുരോഗതിക്കും തടസ്സം സൃഷ്ടിക്കുന്നു.
ആയിരം വര്‍ഷത്തെ അടിമത്തത്തിനുശേഷം സ്വാതന്ത്ര്യം നേടിയപ്പോള്‍ പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ഭൗതികവാദിയും പുരോഗമന ചിന്താഗതിക്കാരനുമായ ജവഹര്‍ലാല്‍ നെഹ്‌റുവിനെയാണു മഹാത്മാഗാന്ധിയുടെയും ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെയും അനുഗ്രഹാശിസ്സോടെ കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിയായി തെരെഞ്ഞെടുത്തത്. തുടക്കത്തില്‍ തന്നെ ഭരണകൂടത്തിന്റെ ആത്മവിശ്വാസമില്ലായ്മയും ആത്മാഭിമാനമില്ലായ്മയും പ്രകടമാക്കുന്ന ഒരു പ്രവൃത്തിയായിരുന്നു സ്വാതന്ത്ര്യ ലബ്ധിക്കുമുന്‍പത്തെ ഭരണാധികാരിയെ തന്നെ (മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ) സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായി നിയമിച്ചു എന്നത്. ആത്മനിര്‍ഭരഭാരത നിര്‍മ്മിതിക്കായുള്ള ധ്യേയ ചിന്തയുടെ (perspective thinking) അഭാവം തുടക്കത്തിലേ നിഴലിച്ചു. ഒരു ബഹുസ്വര വികസ്വര ജനാധിപത്യ മതേതര വ്യവസ്ഥിതിയില്‍ മത ന്യൂനപക്ഷങ്ങളുടെ പ്രീണനത്തിലൂടെ സംഘടിത വോട്ടുകള്‍ (വോട്ടുബാങ്ക് രാഷ്ട്രീയം), രാഷ്ട്രീയ അധികാരം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കുടുംബവാഴ്ചക്കാരുടെ അധികാര തുടര്‍ച്ചയ്ക്ക് വലിയൊരു ആവശ്യമാണെന്നു കോണ്‍ഗ്രസ്സ് കരുതി. ഇത്തരം നെഹ്‌റുവിയന്‍ ആശയങ്ങളുടെ സാക്ഷാത്ക്കാരത്തിലൂടെ സ്വതന്ത്ര ഭാരതത്തിന്റെ ഭരണം ഏതാണ്ട് 65 വര്‍ഷക്കാലം ഗാന്ധി പരിവാറിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യാതെ തുടരാന്‍ സഹായിച്ചു.
സ്വാതന്ത്ര്യം കിട്ടി 65 വര്‍ഷത്തോളം ഭാരതം ഭരിച്ചത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു. ഇക്കാലംകൊണ്ടു രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിലൂടെ കോണ്‍ഗ്രസ്സ് തന്നെ പ്രഖ്യാപിച്ച ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് രാജ്യത്തെ വികസിത രാജ്യമാക്കി മാറ്റുന്നതിനുപകരം ഭാരതത്തെ മറ്റുള്ളവരുടെ മുമ്പില്‍ അഭിമാനം നഷ്ടപ്പെട്ട് ഭിക്ഷാപാത്രവുമായി നില്‍ക്കുന്ന ഒരവികസിത ദരിദ്ര രാഷ്ട്രമാക്കി മാറ്റി. കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അഴിമതിയും കുംഭകോണവും രാഷ്ട്ര താല്പര്യങ്ങള്‍ക്കതീതമായി കുടുംബ വാഴ്ച നിലനിര്‍ത്തലുമായിരുന്നു ഭരണകൂടത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍. 65 വര്‍ഷം കഴിയുമ്പോഴും ‘ഗരീബി ഹഠാവോ’ ആയിരുന്നൂ തിരഞ്ഞെടുപ്പു മുദ്രാവാക്യം. ഇതിനൊരു മാറ്റം കണ്ടത് 2014-ല്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി. തിരഞ്ഞെടുപ്പ് വിജയിച്ചു നരേന്ദ്ര ദാമോദര്‍ ദാസ് മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെയാണ്.
അഴിമതി ഭരണ രംഗത്തുനിന്നും തുടച്ചു മാറ്റി, പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും വീടും വൈദ്യുതിയും ലഭ്യമാക്കി. അവരുടെ ജീവിത നിലവാരം ഉയര്‍ത്തി. കര്‍ഷക ആത്മഹത്യയും, പട്ടിണിമരണവും കേട്ടുകേള്‍വി മാത്രമായി. അതിവേഗ റെയില്‍വേയും ആറുവരി ദേശീയ പാതകളും, സ്മാര്‍ട്ട് സിറ്റികളും സ്വയംപര്യാപ്ത ഗ്രാമങ്ങളും സാഗരമാല പദ്ധതിയും ചിലവുകുറഞ്ഞ വ്യോമയാന ഗതാഗതവും രാജ്യ പുരോഗതിയുടെ നേര്‍ക്കാഴ്ചകളായി. സൈന്യം സുശക്തവും സുശസ്ത്രവുമായി. അയോധ്യ, വാരണസി, ഉത്തരാഖണ്ഡ് എന്നിവയുടെപുനര്‍നിര്‍മ്മാണം ആത്മീയ ഭാരതത്തിന്നു പുത്തന്‍ ഉണര്‍വേകുന്നു. ”ഏക് നിശാന്‍, ഏക് വിധാന്‍, ഏക് പ്രധാന്‍” (ഒരൊറ്റ രാഷ്ട്രം, ഒരൊറ്റ കൊടി, ഒരൊറ്റ ഭരണം) എന്ന സങ്കല്പത്തിന്റെ സാക്ഷാല്‍ക്കാരമെന്നോണം ഒരിക്കലും സാധ്യമാകില്ല എന്നു കരുതിയ 370-ാം വകുപ്പ് എടുത്തു കളഞ്ഞു കാശ്മീരിനെ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റി. കളളപ്പണവും കളളനോട്ടും നിര്‍മ്മാര്‍ജനം ചെയ്യുവാന്‍ 2018 നവംബറില്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടു നോട്ടുനിരോധനം പ്രഖ്യാപിച്ചു.
2017-ല്‍ ഒറ്റരാഷ്ട്രം ഒറ്റനികുതി എന്ന തരത്തില്‍ കേന്ദ്രീകൃത ഉപഭോക്തൃ നികുതി, ഗുഡ്‌സ് ആന്റ് സര്‍വ്വീസ് ടാക്‌സ് (ജി.എസ്.ടി), നടപ്പിലാക്കി. രാജ്യം നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ ഭാരതത്തെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി മാറ്റുമെന്ന് സാമ്പത്തിക വിദഗ്ദ്ധന്മാരും അന്താരാഷ്ട്ര മോണിറ്ററിഫണ്ടും വിലയിരുത്തുന്നു. കോവിഡ്-19 മഹാമാരി ലോകത്തെ മുഴുവന്‍ ഗ്രസിച്ചപ്പോള്‍ റിക്കാര്‍ഡ് വേഗതയില്‍ പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കുകയും ഭാരതത്തിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യ കുത്തിവെപ്പു നടത്തുകയും ചെയ്തു. ലോകത്തിനുമുഴുവനും മരുന്നു വിതരണം ചെയുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബായി ഭാരതം പ്രവര്‍ത്തിച്ചു. ആഗോള പരിസ്ഥിതി പ്രശ്‌നങ്ങളിലും, കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിലും, ആഗോള ഭീകര വാദികള്‍ക്കെതിരെയും ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കുവാനുള്ള യു.എന്‍ പ്രമേയങ്ങള്‍ ലോകരാഷ്ട്രങ്ങളെ കൊണ്ടു അംഗീകരിപ്പിച്ചു. ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ വാക്കിനും പ്രവര്‍ത്തിക്കും ഏറ്റവും വലിയ വിശ്വാസ്യതയും അംഗീകാരവുമാണ് ലോകനേതാക്കള്‍ നല്കുന്നത്. യുദ്ധരംഗത്ത് അകപ്പെട്ടു പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും നേഴ്‌സുമാരേയും മറ്റു ഭാരതീയ പൗരന്മാരെയും സുരക്ഷിതരായി നാട്ടിലെത്തിക്കുവാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചു യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ശത്രു രാജ്യങ്ങള്‍ പോലും താല്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു സഹചര്യമൊരുക്കി. സ്വതന്ത്ര ഭാരതം ഇന്നു ലോകം മുഴുവന്‍ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു ജനാധിപത്യ സൗഹൃദ രാജ്യമാണ്.
ആത്മനിര്‍ഭരഭാരതം സ്വയംപര്യാപ്തവും സ്വാശ്രയവുമാണ്. വൈഭവ ഭാരതമാണ്, ശ്രേഷ്ഠ ഭാരതമാണ്. വിദ്യാസമ്പന്നയും വിശ്വമാനവികതയുടെ പ്രതിരൂപവുമാണ്. ”ആത്മനിര്‍ഭരഭാരത” ദൗത്യം സാക്ഷാല്‍ക്കരിക്കേണ്ടത് രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാംവാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഭാരതത്തിലെ ഓരോ പൗരന്റെയും കടമയായി കണക്കാക്കണം. 1947-നു മുന്‍പ് ആത്മാഭിമാനത്തോടെ സന്തോഷത്തോടെ സ്വാഭിമാനത്തോടെ സമാധാനത്തോടെ സുരക്ഷിതരായി നാട്ടില്‍ ജീവിക്കാന്‍, ഈ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ലക്ഷക്കണക്കിനാളുകള്‍ തന, മന, ധന സമര്‍പ്പണം ചെയ്തു പ്രവര്‍ത്തിച്ചിട്ടുണ്ട്. എത്രയോ പേര്‍ ക്രൂരമായി വേട്ടയാടപ്പെട്ടിട്ടുണ്ട്. വീടും കുടുംബവും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടിട്ടുണ്ട്, ബലിദാനികളായിട്ടുണ്ട്. ഇത്തരത്തിലുള്ള ജ്ഞാത, അജ്ഞാത സ്വാതന്ത്ര്യ സമര സേനാനികളെ നന്ദിപൂര്‍വ്വം സ്മരിക്കേണ്ട അവസരമാണിത്. അവരുടെ ത്യാഗോജ്ജ്വലവും ധീരോദാത്തവുമായ ജീവചരിത്രം നമുക്കു പ്രേരണയും മാര്‍ഗ്ഗദര്‍ശനം നല്കുന്നതുമാണ്. അതിനുവേണ്ടിയാണ് സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ‘ആസാദി കാ അമൃത മഹോത്സവമായി’ രാഷ്ട്രം കൊണ്ടാടുന്നത്.