ശ്രീലങ്കയില്‍നിന്നും ഒരു ബോട്ടില്‍ ഐ.എസ്. പ്രവര്‍ത്തകര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നും അവരുടെ യഥാര്‍ത്ഥ ഉന്നം കേരളമാണെന്നും എന്‍.ഐ.എ. സംസ്ഥാനത്തിന് മുന്നറിയിപ്പു കൊടുത്തിട്ട് രണ്ടാഴ്ചയിലേറെ കഴിഞ്ഞതേയുള്ളു. പോലീസിന്റെ ജാഗ്രതകൊണ്ടോ എന്തോ ഇതുവരേയ്ക്കും അക്രമസംഭവങ്ങള്‍ നടത്താന്‍ അവര്‍ക്കായിട്ടില്ല. ദില്ലിയില്‍ മറ്റൊരു സര്‍ക്കാരാണ് അധികാരത്തിലുണ്ടായിരുന്നതെങ്കില്‍ കേരളത്തിലിപ്പോള്‍ ചില ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ചാരമായിക്കഴിഞ്ഞേനേ. ന്യൂസിലാന്റില്‍ നടന്ന ആക്രമങ്ങള്‍ക്ക് ആഗോളതലത്തില്‍ തിരിച്ചടിക്കുകയാണത്രേ ഐഎസ്സിന്റെ ലക്ഷ്യം. തികച്ചും സമാധാന പൂര്‍ണമായ ഒരു ജീവിതം ഇനി കേരളത്തില്‍ അധികകാലം നിലനില്‍ക്കുമെന്നു കരുതാനാവില്ല. കേരളം കാശ്മീര്‍ ആകുന്നതിന് അധികം താമസം വേണ്ടിവരില്ല.
എന്തുകൊണ്ട് ഗുജറാത്തിലോ യുപിയിലോ ബംഗാളില്‍ പോലുമോ കാണാത്തതരത്തില്‍ അത്യന്തം അപകടകരമായി തീവ്രവാദ ശക്തികള്‍ കേരളത്തില്‍ മാത്രം വളര്‍ന്നു പെരുകുന്നു? ഈ ചോദ്യത്തിനുത്തരം മാധ്യമങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തില്‍ സമ്പത്തും രാഷ്ട്രീയ മേല്‍ക്കോയ്മയും കായികാധിപത്യവുമെല്ലാം ന്യൂനപക്ഷങ്ങള്‍ക്കാണ്. അതുകൊണ്ട് അവരെ പ്രീണിപ്പിക്കുന്നതരത്തിലുള്ള മാധ്യമപ്രവര്‍ത്തനം കൊണ്ടേ തങ്ങള്‍ക്കു പിടിച്ചുനില്‍ക്കാനാവൂ എന്ന് മാധ്യമമേധാവികള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തില്‍ നിന്നുരുത്തിരിയുന്ന ഹീനമായ വിപണന തന്ത്രമാണ് മാധ്യമങ്ങള്‍ ഇന്നു സ്വീകരിച്ചു പോരുന്നത്. ഈ വിപണന തന്ത്രത്തിന്റെ അനന്തരഫലമാണ് നാമിന്നു കാണുന്ന തീവ്രവാദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച.
ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചും മുസ്ലീം ന്യൂനപക്ഷം മുഴുവന്‍ ദേശവിരുദ്ധരാണ് എന്നാണ് കേരളത്തിലെ മാധ്യമങ്ങളുടെ ധാരണ. അതുകൊണ്ടുതന്നെ ദേശവിരുദ്ധമായി നിരന്തരം എഴുതിക്കൊണ്ടിരിക്കേണ്ടതാണ് യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം എന്നവര്‍ ധരിച്ചുവശായിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലം മുതല്‍ തന്നെ ധാരാളം മുസ്ലിം മതാനുയായികള്‍ ദേശീയ പ്രശ്‌നങ്ങളില്‍ ഹിന്ദുക്കളെപ്പോലെ സജീവമായിരുന്നിട്ടുണ്ട്. വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കയ്യൂര്‍ സമരത്തിലെ പള്ളിക്കല്‍ അബൂബക്കര്‍ തുടങ്ങി പലരെയും നമുക്കു കേരളത്തില്‍ ഉദാഹരിക്കാനാവും. ഇന്നും ദേശസ്‌നേഹികളായ ഒരു വലിയ വിഭാഗം ന്യൂനപക്ഷവിഭാഗങ്ങളിലുണ്ട്. കേരളത്തിലെ പ്രധാന മാധ്യമങ്ങള്‍ കരുതുന്നത് തിരിച്ചാണ്. ന്യൂനപക്ഷങ്ങള്‍ മുഴുവന്‍ ഇന്ത്യയുടെ പതനം ആഗ്രഹിക്കുന്നവരാണെന്നും അതിനാല്‍ ഇന്ത്യ അവരുടെ ശവപ്പറമ്പാണെന്ന് പ്രചരിപ്പിച്ചാലേ അവരുടെ മാധ്യമത്തിനു സ്വീകാര്യത ലഭിക്കൂ എന്നും അവര്‍ കരുതിവച്ചിരിക്കുന്നു. ദൃശ്യമാധ്യമരംഗത്ത് ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന മാധ്യമം ഉത്തരേന്ത്യയില്‍ നടക്കുന്ന ചില സംഘര്‍ഷങ്ങളെ മുഴുവന്‍ വര്‍ഗീയമാണെന്നു വരുത്തിത്തീര്‍ത്ത് നിരന്തരം വാര്‍ത്തകള്‍ കൊടുക്കുന്നു. തങ്ങള്‍ നുണയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്രചരിപ്പിക്കുന്ന ഇക്കൂട്ടരെ ഏതുഗണത്തില്‍ പെടുത്തണം? ബ്രത്തോള്‍ട് ബ്രഹ്തിന്റെ പ്രശസ്തമായ ഉദ്ധരണിയാണ് ഇവര്‍ക്കുള്ള മറുപടി: ”സത്യമെന്തെന്നു തിരിച്ചറിയാത്തവന്‍ കേവലം വിഡ്ഢിയാണ്. എന്നാല്‍ സത്യം തിരിച്ചറിഞ്ഞിട്ടും അതിനെ കളവെന്നു വിളിക്കുന്നവന്‍ കുറ്റവാളിയാണ്.” ബ്രഹ്ത്തിന്റെ അഭിപ്രായമനുസരിച്ച് കേരളത്തിലെ ഭൂരിഭാഗം മാധ്യമങ്ങളും കുറ്റവാളികളാണ്.
6000 പേര്‍ കൊല്ലപ്പെട്ട ദല്‍ഹിയിലെ സിഖ് വിരുദ്ധ കലാപം കൂട്ടക്കൊലയും 800 പേര്‍ വധിക്കപ്പെട്ട ഗുജറാത്ത് കലാപം വംശഹത്യയുമായത് കുറ്റവാളി മാധ്യമങ്ങളുടെ നിരന്തര പ്രചരണങ്ങള്‍ മൂലമാണ്. മുസ്ലിം ന്യൂനപക്ഷത്തെ നിരന്തരം ഭയചകിതരാക്കുന്നതിന് ഈ മാധ്യമങ്ങള്‍ കാരണക്കാരായി. ബിജെപി അധികാരത്തിലെത്തുന്നതോടെ ഇസ്ലാം മതവിശ്വാസികളെല്ലാം കൂട്ടക്കൊലയ്ക്ക് വിധേയമാകുമെന്നവര്‍ പ്രചരിപ്പിച്ചു. അതിനുവേണ്ടി പുതിയ ചില ബുദ്ധിജീവിനാട്യക്കാരെയും വളര്‍ത്തിയെടുത്തു. കാര്യമായ ബുദ്ധി കൈവശമില്ലാത്ത ഈ ബുദ്ധിജീവികള്‍ വന്‍തോതില്‍ വര്‍ഗീയവിദ്വേഷം പ്രചരിപ്പിച്ചു. ഗോധ്രകൂട്ടക്കൊല മറച്ചുവച്ചു. അതിലെ പ്രതികളെ കോടതി ശിക്ഷിച്ച വാര്‍ത്തയും തമസ്‌കരിച്ചു. ഗോധ്രകൂട്ടക്കൊല മുസ്ലിം ന്യൂനപക്ഷത്തെ കൂട്ടക്കൊല ചെയ്യാനായി ആര്‍.എസ്.എസ്. സംഘടിപ്പിച്ചതാണെന്നു പോലും പറയാന്‍ ഇക്കൂട്ടര്‍ക്കു മടിയുണ്ടായിരുന്നില്ല. കുറ്റവാളികളായ 31 പേരെ ശിക്ഷിച്ച കീഴ്‌കോടതി വിധിയും അതിനെ ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധിയും തമസ്‌കരിക്കപ്പെട്ടു. ഗുജറാത്ത് കലാപത്തില്‍ 790 മുസ്ലീങ്ങള്‍ വധിക്കപ്പെട്ടത് വന്‍ തോതില്‍ പെരുപ്പിച്ചുകാട്ടി പ്രചരിപ്പിക്കപ്പെട്ടെങ്കിലും 254 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടത് ഒളിച്ചുവച്ചു.
ഉത്തരേന്ത്യയില്‍ നടന്ന വ്യക്തിപരമായ സംഘര്‍ഷങ്ങളെ പലതിനെയും പശുക്കടത്തുമായി നിര്‍ലജ്ജം ബന്ധിപ്പിച്ചു. ഇസ്ലാം മതവിശ്വാസികള്‍ തമ്മില്‍ നടന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരെപ്പോലും പശുക്കടത്തില്‍ ഹിന്ദുക്കള്‍ കൊന്നവരായി ചിത്രീകരിച്ചു. ട്രെയിനിലെ സീറ്റു തര്‍ക്കത്തില്‍ ജൂനൈദ് ഖാന്‍ എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടപ്പോള്‍ അതിനെയും പശുവിറച്ചി കൈവശം വച്ചതിന് കൊന്നതാണെന്ന് പ്രചരിപ്പിച്ചു. അവിടെയും കോടതി പരാമര്‍ശങ്ങള്‍ തമസ്‌ക്കരിക്കപ്പെട്ടു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിതര്‍ കൊല്ലപ്പെട്ട സംസ്ഥാനം കേരളമാണ്. എന്നാല്‍ കുറ്റവാളി മാധ്യമങ്ങള്‍ അതറിഞ്ഞതേയില്ല.
കുറ്റവാളി മാധ്യമങ്ങളുടെ നിരന്തര പ്രചരണം കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ മനസ്സില്‍ വന്‍തോതിലുള്ള ഭയാശങ്കകളുണ്ടാക്കി. ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഏറ്റുമുട്ടലില്‍ വിജയിക്കാനായി അവര്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കാനും തീവ്രവാദസെല്ലുകള്‍ രൂപീകരിക്കാനും തുടങ്ങി. കേരളം പോലെ ജനപ്പെരുപ്പം കൊണ്ടു പൊറുതിമുട്ടുന്ന ഒരു പ്രദേശത്ത് വീണ്ടും ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നത് പട്ടിണി ക്ഷണിച്ചുവരുത്തലാണ്. അതിനെതിരെ ന്യൂനപക്ഷ സമുദായത്തില്‍ തന്നെയുള്ള പുരോഗമനവാദികളും ദേശസ്‌നേഹികളും രംഗത്തു വരേണ്ടിയിരിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും നല്ല സാമ്പത്തിക പരിഷ്‌ക്കരണങ്ങളായിരുന്നു ഡീമോണിറ്റൈസേഷനും ജി.എസ്.ടിയും. രണ്ടും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പു നല്‍കി. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഒരേ സ്വരത്തില്‍ രാജ്യവിരുദ്ധമായിത്തന്നെ ഈ നേട്ടങ്ങളെ അപലപിച്ചു. ഈ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരെ ശബ്ദിച്ച മാധ്യമങ്ങള്‍ ഉപയോഗിച്ച പദാവലിയിലെ ഏകസ്വരത നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. നോട്ടു പിന്‍വലിക്കലിനും ജി.എസ്.ടിയ്ക്കും ശേഷം അവയുടെ ഫലമായി സമ്പദ്‌വ്യവസ്ഥ വളര്‍ന്നപ്പോള്‍ ഒരേ സ്വരത്തില്‍ മാധ്യമങ്ങള്‍ നടത്തിയ സൂത്രപ്പണികള്‍ ഏവരേയും അതിശയിപ്പിക്കും. ഏതാണ്ടെല്ലാ മാധ്യമങ്ങളും പറഞ്ഞു തുടങ്ങിയത് ”നോട്ടു പില്‍വലിക്കലിന്റെയും ജി.എസ്.ടിയുടെയും ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരകയറുന്നു” എന്നായിരുന്നു. എന്നാല്‍ പറയേണ്ടിയിരുന്ന സത്യം ”സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ ഫലമായി സമ്പദ്‌വ്യസ്ഥ കുതിക്കുന്നു” എന്നായിരുന്നു.
ഇവിടെ പ്രയോഗിച്ച തന്ത്രത്തിന്റെ ഐകരൂപ്യത നമ്മെ അത്ഭുതപ്പെടുത്തും. ഒരേ വാചകങ്ങള്‍ തന്നെ എല്ലാ മാധ്യമങ്ങളും ഉപയോഗിക്കുന്നതിനു പിറകില്‍ വലിയ ഗൂഢാലോചന നടന്നോ എന്ന സംശയം അസ്ഥാനത്തല്ലെന്നു പറയേണ്ടിയിരിക്കുന്നു. മാധ്യമങ്ങളുടെ ഇത്തരം ഗൂഢാലോചനകള്‍ ആഗോള തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഓരോ രാജ്യത്തിലും അവരുടെ പരിഗണനാവിഷയങ്ങള്‍ വ്യത്യസ്തമായിരിക്കും എന്നുമാത്രം. അമേരിക്കന്‍ മാധ്യമങ്ങള്‍ റഷ്യന്‍ ചാരസംഘടനകളില്‍ നിന്നു പണം പറ്റി അമേരിക്കന്‍ വിരുദ്ധ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ റഷ്യയില്‍ തിരിച്ചാണ് സംഭവിക്കുക. ഇന്ത്യയിലാകട്ടെ പാക്പണവും ഐ.എസ്.ഐ.എസ് പണവും ക്രിസ്ത്യന്‍ മിഷനറി സംഘങ്ങളുടെ പണവും അമേരിക്കന്‍ യൂറോപ്യന്‍ ചൈനീസ് പണവുമെല്ലാം മാധ്യമങ്ങള്‍ യഥേഷ്ടം കൈപ്പറ്റുന്നുണ്ടെന്നു കരുതപ്പെടുന്നു.
പ്രശസ്ത ഹോളിസ്റ്റിക് ഹെല്‍പ്പ് ടീച്ചറും എഴുത്തുകാരിയുമായ ഇവിറ്റ ഓച്ചെല്‍ സൂചിപ്പിച്ചപോലെ ‘നിങ്ങളുടെ മനസ്സിനെ എത്ര എളുപ്പത്തില്‍ വശീകരിച്ച് വഴിതെറ്റിക്കാന്‍ കഴിയുമെന്നു നിങ്ങള്‍ തിരിച്ചറിയുന്നുവോ അതുവരെ നിങ്ങള്‍ മറ്റുള്ളവരുടെ കളിയിലെ പാവയായിരിക്കും.’ കേരളത്തിലെ വായനാസമൂഹത്തിന് അത്തരം തിരിച്ചറിവുണ്ടായില്ല എന്ന് വ്യക്തം. കടുത്ത രാജ്യസ്‌നേഹികളും ദേശീയവാദികളും പോലും മാധ്യമഗൂഢാലോചനയില്‍ കുടുങ്ങി ഡീമോണിറ്റൈസേഷനും ജി.എസ്.ടിയും അബദ്ധങ്ങളായിപ്പോയി എന്ന് സംശയിക്കാന്‍ തുടങ്ങി. തൊഴിലില്ലായ്മ പെരുകിയതിന്റെ യഥാര്‍ത്ഥകാരണം അനിയന്ത്രിതമായ ജനപ്പെരുപ്പമാണെന്നു പറയാന്‍ ഒരു പത്രമോ ബുദ്ധിജീവിയോ കേരളത്തില്‍ തയ്യാറായില്ല. മറിച്ച് ചൈനയില്‍ ജനസംഖ്യനിയന്ത്രിച്ചതിലുണ്ടായ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചാണവര്‍ വാചാലരായത്. ജനപ്പെരുപ്പം നിയന്ത്രിച്ചതിനുശേഷം തന്നെയാണ് ചൈന സമ്പന്നരാജ്യമായിത്തീര്‍ന്നത്. ഭാരതത്തില്‍ അനിവാര്യമായി നടപ്പാക്കേണ്ട ജനന നിയന്ത്രണനിയമങ്ങളെ ചെറുക്കാന്‍ ചൈനയില്‍ വൃദ്ധജനസംഖ്യ അധികമായെന്ന ചില വങ്കത്തരങ്ങളാണ് നമ്മുടെ ബുദ്ധിജീവികളും മാധ്യമങ്ങളും തട്ടിവിട്ടത്.
മാധ്യമ ഉടമകളുടെ കച്ചവട താല്‍പര്യം, മാധ്യമപ്രവര്‍ത്തകരുടെ തീരെ കുറഞ്ഞ വേതനം, തീവ്രവാദപ്രസ്ഥാനങ്ങളോടുള്ള ഭയം – ഇതൊക്കെ നുണകള്‍ പ്രചരിപ്പിക്കുന്നതിനു കാരണമാകുന്നുണ്ട്. സത്യം ജനങ്ങളെ അറിയിക്കാതിരുന്നാലുണ്ടാകുന്ന വലിയ വിപത്തിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കു ഒരു വ്യാകുലതയുമില്ല; എല്ലാ സത്യവും പറയാന്‍ കഴിയില്ലെങ്കിലും പരമാവധി സത്യം പറയാം. എല്ലാവര്‍ക്കും സ്വദേശാഭിമാനിമാര്‍ ആകാന്‍ കഴിയില്ലെങ്കിലും പത്രപ്രവര്‍ത്തകര്‍ കുറച്ചെങ്കിലും ഉത്തരവാദിത്തം രാഷ്ട്രത്തോടു കാണിക്കേണ്ടിയിരിക്കുന്നു. വസ്തുതകള്‍ പലതാണെങ്കിലും സത്യം ഒന്നാണ് എന്ന് ടാഗോര്‍ പറഞ്ഞിട്ടുണ്ട്. ആ ഒരേ ഒരു സത്യത്തെ മാധ്യമങ്ങള്‍ക്കു മൂടിവയ്ക്കാന്‍ കഴിയില്ല എന്നതാണ് അനുഭവം. മാധ്യമങ്ങള്‍ നിരന്തരം എതിരായി എഴുതിയിട്ടും ഭാരതത്തില്‍ ദേശീയശക്തികള്‍ വിജയിക്കുകയാണുണ്ടായത്. പിന്നെന്തിനാണ് മാധ്യമങ്ങളുടെ ഈ വൃഥാ വ്യായാമം?
പക്ഷെ ഒരു വലിയ വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ടെന്നു പറയാതെ വയ്യ. കേരളത്തില്‍ ഉള്ളതുപോലെ ഇത്രയധികം മാധ്യമങ്ങള്‍ ഒരേസ്വരത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ നുണകള്‍ വടക്കേ ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നില്ല. എന്നാല്‍ ഇവിടെ വലിയ ഒരു കൂട്ടം മാധ്യമങ്ങള്‍ ഒറ്റക്കെട്ടായിത്തന്നെ രാജ്യത്തെ തകര്‍ക്കണം എന്ന ബോധപൂര്‍വ്വമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒഴുക്കില്‍ തന്റെ ഏക ആശ്രയമായ തോണിയെ കരയുമായി ബന്ധിപ്പിച്ചിരുന്ന കയര്‍ കടിച്ചറുക്കുന്ന എലിയുടെ സ്ഥിതിയാണ് നമ്മുടെ മാധ്യമ പ്രവര്‍ത്തകരുടേത്. അവര്‍ ചെയ്യുന്ന കുറ്റകൃത്യത്തിന്റെ വ്യാപ്തി അവര്‍ അറിയുന്നുണ്ടാവില്ല എന്നു നമുക്ക് സമാശ്വസിക്കാം