ശിവഗിരിയെക്കുറിച്ചും ശ്രീനാരായണ ദര്‍ശനങ്ങളെക്കുറിച്ചും ആരെങ്കിലും സംസാരിക്കണമെങ്കില്‍ ഏ.കെ.ജി സെന്ററിലെത്തി അനുവാദം വാങ്ങണമെന്നാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി കോടിയേരിക്കാരന്‍ ബാലകൃഷ്ണന്‍ ഇക്കഴിഞ്ഞ ദിവസത്തെ ദേശാഭിമാനി പത്രത്തിന്റെ എഡിറ്റ് പേജിലൂടെ പറയുന്നത്. ഇ എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കാലത്തേ ഉണ്ടായിരുന്ന മാടമ്പി-ജന്മി മനോഭാവം ഇപ്പോഴും സി.പി.എം തുടര്‍ന്നുപോരുന്നു എന്നേ ഉള്ളൂ. ശിവഗിരി ബ്രഹ്‌മ വിദ്യാലയ കനക ജൂബിലിയുടെയും തീര്‍ത്ഥാടന നവതിയുടെയും ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം കേരളത്തിലെ മാര്‍ക്‌സിറ്റ് മൗലവിമാരില്‍ വലിയ ഹാലിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. മാര്‍ക്‌സിസ്റ്റ് മൗലവിമാരും മാടമ്പിമാരും ഇവിടെ ഉള്ളപ്പോള്‍ ഇത്തരം പരിപാടികള്‍ ഉദ്ഘാടനം ചെയ്യിക്കാന്‍ ശിവഗിരിയിലെ സന്യാസിമാര്‍ ദില്ലിക്കു പോയതിന്റെ ചൊരുക്കാണ് സഖാവ് ബാലകൃഷ്ണനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ആരെങ്കിലും പ്രസംഗിക്കുന്നതിനും എഴുതുന്നതിനും മുമ്പ് ‘ബാലകൃഷ്ണന്‍ തമ്പ്രാനെ’ കണ്ട് അനുമതി വാങ്ങണമെന്നു പറയുന്നത് കേട്ടാല്‍ തോന്നും രാജ്യത്തിപ്പോള്‍ മാര്‍ക്‌സിസ്റ്റ് ഫ്യൂഡല്‍ വ്യവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന്. ദില്ലിയില്‍ പോയി പ്രധാനമന്ത്രിയെക്കൊണ്ട് ശിവഗിരിയില്‍ നടക്കാന്‍ പോകുന്ന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യിച്ചതിന്റെ പേരില്‍ കടകംപള്ളിക്കാരന്‍ സുരേന്ദ്രന്‍ സഖാവും ആകെ ശുണ്ഠിയെടുത്തിരിക്കുകയാണ്. ശിവഗിരി മഠത്തിലെ പൂജ്യ സന്യാസിമാരെ താക്കീത് ചെയ്യുന്ന ഭീഷണി സ്വരത്തിലാണ് സുരേന്ദ്രന്‍ സഖാവിന്റെ മൊഴിമുത്തുകള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രീനാരായണീയരെ വെറും വോട്ടുകുത്തികള്‍ മാത്രമായി കണ്ടുപോരുന്ന കമ്മ്യൂണിസ്റ്റ് ശൈലിയുടെ പ്രശ്‌നമാണ് അവരെക്കൊണ്ട് ഇങ്ങനെ ഒക്കെ പറയിക്കുന്നത്.
ശിവഗിരിയേയും ശ്രീനാരായണ ഗുരുദേവനേയും അറിഞ്ഞാരാധിക്കുന്നതിലും മഠത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിലും എന്നും മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദപറഞ്ഞതിനെ അധിക്ഷേപ വചനങ്ങള്‍ കൊണ്ട് നേരിടാനാണ് കടകംപള്ളി സുരേന്ദ്രന്‍ ശ്രമിച്ചത്. മുസ്ലിങ്ങളെ പ്രീണിപ്പിച്ചും ശ്രീനാരായണീയരെ ഭീഷണിപ്പെടുത്തിയും എല്ലാ കാലത്തും അവരെ തങ്ങളുടെ ഒപ്പം നിര്‍ത്താം എന്നാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരുതുന്നത്. ഏത് കാര്യത്തെയും വര്‍ഗ്ഗീയ മുതലെടുപ്പിന്റെ കണ്ണിലൂടെ കാണുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശ്രീനാരായണ ദര്‍ശനങ്ങളുമായി എന്തു ബന്ധമാണുള്ളത്? ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചപ്പോള്‍ പരിപാടി ബഹിഷ്‌ക്കരിച്ച് അയിത്തമാചരിച്ച കേരളത്തിലെ രാഷ്ട്രീയ നേതാക്കളൊക്കെ മോദി പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തെ കാണാനും സ്വീകരിക്കാനും ഊഴം കാത്തു നില്‍ക്കുന്നതും നമ്മള്‍ കണ്ടതാണ്.
കമ്മ്യൂണിസ്റ്റ് മാടമ്പിമാരുടെ രക്തത്തിലും ജീനിലും അന്തര്‍ലീനമായിക്കിടക്കുന്ന ജാതിവാദവും വര്‍ഗ്ഗീയതയുമാണ് ശിവഗിരി മഠത്തിലെ പൂജ്യ സന്യാസിമാരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അപഹസിക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ശിവഗിരി മഠത്തെയും ശ്രീനാരായണ ഗുരുവിനെയും കുറിച്ച് നരേന്ദ്ര മോദി മനസ്സിലാക്കുന്നത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയില്‍ നിന്നാണ്. കാരണം ലോകം മുഴുവനുള്ള സംഘ സ്വയംസേവകര്‍ നിത്യവും ചൊല്ലാറുള്ള പ്രാത:സ്മരണയിലെ മുപ്പതാമത്തെ ഗ്ലോകം ‘ഠക്കരോ ഭീമരാവശ്ച ഫുലേ നാരായണോ ഗുരു:’ എന്നാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം സ്മരിക്കാനുള്ള പേരാണ് നാരായണ ഗുരുവെങ്കില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നിത്യവും സ്മരിച്ച് ജീവിതത്തില്‍ പകര്‍ത്താനുള്ള ആദര്‍ശമാണ് ശ്രീനാരായണ ഗുരു. അതുകൊണ്ട് രാജ്യത്ത് ഇന്നേവരെ ഉണ്ടായ ഏത് പ്രധാനമന്ത്രിയെക്കാളും ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പറയാനുള്ള ആധികാരികത സ്വയംസേവകന്‍ കൂടിയായ നരേന്ദ്ര മോദിക്കുണ്ടെന്ന് ബാലകൃഷ്ണന്‍ സഖാവറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്കും ശ്രീനാരായണ ദര്‍ശനങ്ങള്‍ക്കും എതിരെ എല്ലാകാലത്തും പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് ശ്രീനാരായണ ദര്‍ശനം പഠിക്കേണ്ട ഗതികേടൊന്നും മലയാളിക്കു വന്നുപെട്ടിട്ടില്ല. തളിപ്പറമ്പില്‍ പാര്‍ട്ടി നടത്തിയ ഓണാഘോഷ പൊറാട്ടുനാടകത്തില്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചതും കഴുത്തില്‍ കയറിട്ട് കൊണ്ടു നടന്നതുമൊന്നും ആരും മറക്കാന്‍ സമയമായിട്ടില്ല. പാര്‍ട്ടിയുടെ താത്വികാചാര്യനായിരുന്ന ശങ്കരന്‍ നമ്പൂതിരിപ്പാടിന് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പരമപുച്ഛമായിരുന്നു. 1988ല്‍ അരുവിപ്പുറം പ്രതിഷ്ഠാ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇ.എം.എസ്സിനെ ക്ഷണിച്ചെങ്കിലും പോയില്ലെന്നു മാത്രമല്ല ‘താന്‍ പോയാല്‍ ഗുരുദേവന്റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തി ഉണ്ട് എന്ന് സമ്മതിക്കേണ്ടി വരും’ എന്ന് പിന്നീട് എഴുതുകയും ചെയ്തു. ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന കമ്മ്യൂണിസ്റ്റ് നിലപാടല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളത്. വര്‍ത്തമാനകാലത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ശ്രീനാരായണ ദര്‍ശനമെന്നുള്ളതുകൊണ്ടാണ് അദ്ദേഹം ശിവഗിരി സന്ദര്‍ശിക്കുകയും ശിവഗിരി തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് എന്ന കേന്ദ്ര പദ്ധതി അനുവദിക്കുകയും ചെയ്തത്.
ഹിന്ദു സമൂഹത്തെ വിഭജിച്ച് ദുര്‍ബലമാക്കുകയും രാഷ്ട്രത്തെ വര്‍ഗ്ഗീയ ചേരിതിരിവിലൂടെ വിഭജിക്കുകയും ചെയ്യുക എന്ന ബ്രിട്ടീഷ് കൊളോണിയല്‍ തന്ത്രം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ തുടര്‍ന്നു പോരുന്നത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളാണ്. അതിന്റെ ഭാഗമായാണ് ശ്രീനാരായണഗുരു ഹിന്ദു സന്ന്യാസി അല്ലെന്നും ശിവഗിരി മഠം ഹിന്ദുസ്ഥാപനമല്ലെന്നുമുള്ള കമ്മ്യൂണിസ്റ്റ് പ്രചാരണം. അതിനവര്‍ ഉദ്ധരിക്കുന്നത് ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ശ്രീനാരായണ സൂക്തമാണ്. ‘ഏകം സത് വിപ്രാ ബഹുധാ വദന്തി’ എന്ന ഉപനിഷത് വാക്യത്തിന്റെ പച്ച മലയാളത്തിലുണ്ടായ ഏറ്റവും സുന്ദരമായ വ്യാഖ്യാനമാണ് ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നത്. ഇത് ഒരു ഹിന്ദു സന്ന്യാസിക്ക് മാത്രമേ പറയാന്‍ കഴിയു. ഒരു സെമിറ്റിക് മതാചാര്യനും എല്ലാ മതവും തുല്യമാണ് എന്നു പറയാന്‍ കഴിയില്ല. ഒരു ജാതി എന്നതുകൊണ്ട് ഗുരു ഉദ്ദേശിച്ചത് മനുഷ്യ കുലത്തെ മുഴുവനുമാണ്. ഒരു മതം എന്നതുകൊണ്ട് സര്‍വ്വ മതസാരവുമേകമെന്നാണ് ഉദ്ദേശിച്ചത്. ഒരു ദൈവം എന്നതുകൊണ്ട് നിര്‍ഗുണവും നിരാകാരവുമായ ബ്രഹ്‌മ തത്ത്വത്തെയാണ് ഗുരു വിളംബരം ചെയ്തത്. ഇതു കൊണ്ടൊന്നും ഗുരു ഹിന്ദു വല്ലാതാകുന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍ മതം മാറ്റത്തിനെതിരെ പ്രസംഗിക്കാന്‍ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം കരുവാകൃഷ്ണനാശാനെ യോഗം നിയോഗിക്കുമായിരുന്നില്ല. നെയ്യാറ്റിന്‍കരയില്‍ മതം മാറിപ്പോയവരെ ഗുരുദേവന്‍ നേരിട്ടെത്തി തിരികെ കൊണ്ടുവരുകയും അവര്‍ക്കായി ക്ഷേത്രം സ്ഥാപിച്ച് നല്‍കുകയും ചെയ്യുമായിരുന്നില്ല. ഒരു മതം എന്നു പറഞ്ഞ ഗുരു പ്രതിഷ്ഠിച്ചത് ഹിന്ദു ദേവതകളെ മാത്രമാണ്. ഒരു ദൈവം എന്നു പറയുമ്പോഴും അദ്ദേഹം വിവിധ മൂര്‍ത്തികളെ പ്രതിഷ്ഠിക്കുക ഉണ്ടായി എന്ന് കാണാം. ഹിന്ദുത്വത്തിന്റെ വിശാലമായ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഗുരു നടത്തിയ ഉപനിഷദ് തത്ത്വബോധനത്തെ കമ്മ്യൂണിസ്റ്റുകള്‍ വളച്ചൊടിക്കുന്നത് കൊളോണിയല്‍ വിഭജനതന്ത്രം അവര്‍ വിട്ടിട്ടില്ല എന്നതിന്റെ ഉദാഹരണം മാത്രമാണ്. അടിമുടി ജിഹാദി വല്‍ക്കരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശ്രീനാരായണ ധര്‍മ്മത്തെ കുറിച്ച് ശബ്ദിക്കാന്‍ പോലുമുള്ള അവകാശമില്ലെന്നു മാത്രം പറയട്ടെ.
Comments