കേരളം ഭരിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആഭ്യന്തര വകുപ്പിലെ ക്രൈം ബ്രാഞ്ചിനെ ഉപയോഗിച്ച് പ്രാദേശിക തലത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റിലെ പച്ചവെളിച്ചം ഗ്രൂപ്പ് ഈ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തിക്കൊടുക്കുന്നു. ഈ ചോര്‍ത്തല്‍ വിവരം തെളിവു സഹിതം പുറത്തുവന്നപ്പോള്‍ ചോര്‍ത്തിയവനെ സേനക്ക് പുറത്താക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമാകുന്നു. അപ്പോഴും ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കാന്‍ ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നു എന്ന സംശയം ബലപ്പെടുത്തുന്നതാണ് പാലക്കാട്ടെ ശ്രീനിവാസന്‍ വധം. ആര്‍.എസ്.എസ് ഉന്‍മൂലനം എന്ന മാര്‍ക്‌സിസ്റ്റ് – പോപ്പുലര്‍ ഫ്രണ്ട് അച്ചുതണ്ടിന്റെ തന്ത്രം വിജയം കാണുകയാണ് പാലക്കാട്ട് ഉണ്ടായത്. ഇരുകൂട്ടരും പരസ്യമായി പ്രഖ്യാപിച്ചതാണ് തങ്ങളുടെ ആര്‍.എസ്. എസ് വിരുദ്ധ നിലപാട്. അതിന്റെ പ്രാവര്‍ത്തിക രൂപമാണ് ആലപ്പുഴയില്‍ രഞ്ജിത് ശ്രീനിവാസന്റെയും പാലക്കാട്ട് ശ്രീനിവാസന്റെയും ആസൂത്രിത കൊലപാതകങ്ങള്‍.
1993-ല്‍ രൂപീകൃതമായ എന്‍.ഡി. എഫിന്റെ പുത്തന്‍ അവതാരമായിരുന്നു പോപ്പുലര്‍ ഫ്രണ്ട്. മാറാട് ഹിന്ദു കൂട്ടക്കൊല നടത്തിയത് എന്‍.ഡി.എഫിന്റെ പദ്ധതിയായിരുന്നെങ്കിലും ഉന്‍മൂലന ജിഹാദി സംഘത്തില്‍ മാര്‍ക്‌സിസ്റ്റുകാരും ഉണ്ടായിരുന്നു. രാജ്യം മുഴുവന്‍ ഈ കൂട്ടക്കൊലയെ അധിക്ഷേപിച്ചപ്പോള്‍ തന്ത്രപൂര്‍വ്വം കോടിയേരി ബാലകൃഷ്ണന്‍ എന്‍.ഡി.എഫിനെ തള്ളിപ്പറയുകയും വൈകാതെ അക്രമികള്‍ക്കൊപ്പം നിന്ന് അവരുടെ സംരക്ഷകരാകുകയും ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് രൂപീകൃതമായപ്പോള്‍ സി.പി. എം. മദനിയെ തഴഞ്ഞ് പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ചു.

മദനിയുടെ പി.ഡി.പി. കേരള രാഷ്ട്രീയത്തില്‍ ദുര്‍ബലമായത് സി.പി.എമ്മിന്റെ ഈ നയം മൂലമാണ്. മദനിയെ ശംഖുമുഖം കടപ്പുറത്ത് സ്വീകരിക്കാന്‍ കാത്തുനിന്ന സി.പി.എം നേതാക്കള്‍ തന്നെ അദ്ദേഹത്തേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും കറിവേപ്പിലയാക്കി അതിലും വലിയ ഇസ്ലാമിക ഭീകരതയുടെ പ്രതീകമായ പോപ്പുലര്‍ ഫ്രണ്ടിനെ പാലൂട്ടി വളര്‍ത്തി.
2018 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പത്രക്കാര്‍ ഒരു ചോദ്യമുന്നയിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണോ എന്നതായിരുന്നു ആ ചോദ്യം. ക്ഷുഭിതനായ വിജയന്‍ പറഞ്ഞു: ”പോപ്പുലര്‍ ഫ്രണ്ടിനെയല്ല, ആദ്യം നിരോധിക്കേണ്ടത് ആര്‍.എസ്.എസ്സിനെയാണ്.” പത്രക്കാര്‍ ഈ ചോദ്യമുന്നയിച്ചത് ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു. 2013 ഏപ്രിലില്‍ കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രം പോലീസ് റെയ്ഡ് ചെയ്ത് 21 പേരെ അറസ്റ്റു ചെയ്തിരുന്നു. റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകള്‍ പി.എഫ്. ഐക്കാര്‍ പതിപ്പിക്കുകയുണ്ടായി. അന്നു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് പി.എഫ്.ഐ ഐ.എസ്.ഐ.എസ്സിന്റെ ഇന്ത്യന്‍ പതിപ്പെന്നാണ്. ഈ സാഹചര്യത്തില്‍ 2018 ജനുവരിയില്‍ മധ്യപ്രദേശിലെ കക്കന്‍ പുരിയില്‍ നടന്ന ഡി.ജി.പിമാരുടെ സമ്മേളനത്തില്‍ കേരള ഡി.ജി.പി. ലോകനാഥ് ബെഹ്‌റ ‘റാഡിക്കലൈസേഷന്‍ – എ കേസ് സ്റ്റഡി എന്ന പേപ്പര്‍ അവതരിപ്പിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്ന മിദിയാസ് മുണ്ടേരി, റസാഖ്, റാഷിദ് എന്നിവരെ 2017-ല്‍ ഐ.എസ്. ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ അറസ്റ്റു ചെയ്തിരുന്നു. സിറിയയില്‍ കൊല്ലപ്പെട്ട, കേരളത്തില്‍ നിന്നുള്ള ഷമീറിന്റെ പി.എഫ്.ഐ ബന്ധവും പോലീസ് അന്വേഷിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഒമ്പത് പി.എഫ്.ഐ. അംഗങ്ങള്‍ ഐ. എസ്സില്‍ ചേര്‍ന്നിരുന്നു. ഐ.ടി.ഐ എഞ്ചിനീയറിംഗ് ബിരുദധാരി ഷജീര്‍ അബ്ദുള്ള 2017-ല്‍ അഫ്ഘാനിസ്ഥാനില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പി.എഫ്.ഐയെ നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു എന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ രജ്ജു പറഞ്ഞിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യാന്തര ഭീകര ബന്ധം പുറത്തുവന്ന സാഹചര്യത്തില്‍ പോലും ആ സംഘടനയെയല്ല, ആര്‍.എസ്.എസ്സിനെയാണ് നിരോധിക്കേണ്ടതെന്ന് വിജയന്‍ നിലപാടെടുക്കുന്നത് ആരെ സംരക്ഷിക്കാനാണെന്ന് പകല്‍ പോലെ വ്യക്തമാണ്.

ഒരേയൊരവസരത്തില്‍ മാത്രമാണ് സി.പി.എം. പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞത്. അത് 2021 ജൂലായ് 1 ന് ഇരുപതുകാരനായ അഭിമന്യു എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോഴാണ്. അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയെ പിടികിട്ടിയിട്ടില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയുന്നതിനായി 600 പോപ്പുലര്‍ ഫ്രണ്ടുകാരെ കസ്റ്റഡിയില്‍ വെക്കുകമാത്രം ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിനെ പാലൂട്ടി വളര്‍ത്തിയത് സി.പി.എം ആണെന്നാണെന്ന് ബി.ആര്‍.പി. ഭാസ്‌കറിനെ പോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുള്ളത്. സി.പി.എമ്മിന്റെ അംഗത്വത്തില്‍ കേവലം 8 ശതമാനമാണ് മുസ്ലിങ്ങള്‍ എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. മുസ്ലിങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനാണ് ഇ.എം.എസ് ലീഗിനെ മുണണിയില്‍ എടുത്തതും മതത്തിന്റെ പേരില്‍ മലപ്പുറം ജില്ല അനുവദിച്ചതും. എന്നാല്‍ ലീഗ് സി.പി.ഐക്കൊപ്പം ചേര്‍ന്ന് മുന്നണി മാറി ഭരണത്തിലെത്തിയപ്പോള്‍ 1971-ല്‍ തലശ്ശേരിയില്‍ സി.പി.എം കലാപമുണ്ടാക്കിയത് ലീഗിനോടുള്ള വിരോധം തീര്‍ക്കാനായിരുന്നു. തലശ്ശേരി കലാപത്തില്‍ പള്ളികള്‍ തകര്‍ക്കപ്പെട്ടത് സി.പി.എം ശക്തി കേന്ദ്രങ്ങളിലായിരുന്നു. ലീഗിനെ കൂടെകിട്ടാത്തതുകൊണ്ടാണ് അതിനെ പിളര്‍ത്തി ഒരു വിഭാഗത്തെ കൂടെനിര്‍ത്തിയത്. വിമത ലീഗ് മുസ്ലിംലീഗില്‍ ലയിച്ചതിന്റെ ദേഷ്യം തീര്‍ക്കാനാണ് ഇ.എം.എസ്. മുസ്ലിം വ്യക്തിനിയമത്തിനെതിരെ നിലപാടെടുത്തത്. ബാബരി കെട്ടിടം തകര്‍ന്ന വേളയിലും കോണ്‍ഗ്രസിനൊപ്പം മുന്നണിയില്‍ തുടരുന്നതില്‍ എതിര്‍പ്പറിയിച്ച ലീഗില്‍ നിന്നു തെറ്റിപ്പിരിഞ്ഞ സുലൈമാന്‍ സേട്ടിനെ ഇടതുമുന്നണിയിലേക്ക് ആനയിച്ചത് സി.പി.എം ആണ്. മുസ്ലിംലീഗിന് തീവ്രത പോര എന്ന നിലപാടുകാരനായ സേട്ടുവിനെയാണ് സി.പി.എം വാരിപ്പുണര്‍ന്നത്. ഐ. എന്‍.എല്ലിനേക്കാള്‍ തീവ്രതയുള്ള മദനിക്കൊപ്പമാണ് പിന്നീട് സഖ്യമുണ്ടാക്കിയത്. ആര്‍.എസ്.എസ്സിനെ കായികമായി നേരിടുക, വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുക, സ്‌ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്യുക എന്നതായിരുന്നു മദനിയെ കൂടെ നിര്‍ത്താന്‍ സി.പി.എം കണ്ടെത്തിയ യോഗ്യതകള്‍. മദനിയെ പി.ഡി.പി നേതൃത്വം ഫണ്ടുണ്ടാക്കാനുള്ള ഉപകരണമാക്കുകയും ജനം ഈ പാര്‍ട്ടിയെ വെറുക്കുകയും ചെയ്തതോടെ സി.പി.എം. അതിനെ കൈവിട്ട് മുസ്ലിം ഭീകരത പരത്തുന്നതില്‍ മറ്റു മുസ്ലിം സംഘടനകളെ കവച്ചുവെക്കുന്ന എന്‍.ഡി.എഫിനേയും അതിന്റെ പുതിയ രൂപമായ പോപ്പുലര്‍ ഫ്രണ്ടിനേയും പിന്തുണക്കാന്‍ തുടങ്ങി.
പാര്‍ട്ടിക്കകത്തേക്ക് മുസ്ലിങ്ങളെ ആകര്‍ഷിക്കാനായിരുന്നു ഇതൊക്കെ. പന്തീരാങ്കാവ് മാവോവാദി കേസ്സില്‍ പിടിക്കപ്പെട്ട മുസ്ലിംയുവാക്കള്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായിരുന്നു. അവര്‍ക്കെല്ലാം എസ്.ഡി.പി.ഐ. ബന്ധമുളളതായും ആരോപണമുണ്ട്. പോലീസ് പിടികൂടുമ്പോള്‍ ജിഹാദികളെ പോലെയാണ് അവര്‍ മുദ്രാവാക്യം വിളിച്ചത്.
സംസ്ഥാന പോലീസിനകത്ത് പോപ്പുലര്‍ ഫ്രണ്ടിന് വിവരങ്ങള്‍ ചോര്‍ത്താന്‍ ആളുണ്ടെന്ന് സി.പി.എമ്മിന് നന്നായറിയാം. പച്ച വെളിച്ചം എന്ന പേരില്‍ അവരുടെ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതും അറിയാം. മാറാട് കൂട്ടക്കൊലക്കു മുമ്പ് എന്‍.ഡി.എഫിന്റെ ആയുധശേഖരത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ തുടരന്വേഷണം ഉണ്ടാവാതിരുന്നതാണ് കൂട്ടക്കൊലക്ക് സൗകര്യമൊരുക്കിയത്. കൊല്ലപ്പെട്ടവര്‍ക്കുള്ള ധനസഹായം കൊലയാളിയുടെ കുടുംബത്തിന് പ്രത്യേക താല്പര്യമെടുത്തു കൊടുത്തത് അന്ന് ജില്ലാ കലക്ടര്‍ ആയിരുന്ന ടി.ഒ. സൂരജ് ആയിരുന്നു. അദ്ദേഹത്തിന്റെ ഹിന്ദുവിരുദ്ധ നിലപാട് പച്ചയായി പുറത്തുവന്നിട്ടും ഇടതു മുന്നണി ഒരു നടപടിയും സ്വീകരിച്ചില്ല. മാറാട് അന്വേഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ശിക്ഷാനടപടി പോലും സ്വീകരിച്ചില്ല. സൂരജ് പിന്നീട് നിയമത്തിന്റെ പിടിയിലായത് പാലാരിവട്ടം പാലം അഴിമതി കേസ്സിലാണ്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ധാരണയിലായിരുന്നു. ഈ മുന്നണിയെ അധികാരത്തിലേറ്റിയത് തങ്ങളാണെന്നും സീറ്റുധാരണ ഉണ്ടായിരുന്നുവെന്നും വെല്‍ഫയര്‍ പാര്‍ട്ടി പറഞ്ഞതിനെ സി.പി.എം തള്ളിയിട്ടില്ല. ഇങ്ങനെ ഇസ്ലാമിക ഭീകരതയുടെ ഞാഞ്ഞൂല്‍ മുതല്‍ രാജവെമ്പാല വരെയുള്ള വിഷജീവികളെ കൂട്ടുപിടിച്ച ചരിത്രമാണ് സി.പി.എമ്മിനുള്ളത്.
പാലക്കാട് കൊലപാതകങ്ങളെ തുടര്‍ന്ന് സി.പി.എമ്മിന്റെയും കേരളാ പോലീസിന്റെയും നിലപാടുകളിലെ മാറ്റം പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കാനുള്ളതായിരുന്നു. പാലക്കാട്ടേത് രാഷ്ട്രീയ കൊലപാതകമാണ് എന്നാണ് പോലീസ് ആദ്യം പറഞ്ഞത്. പിറ്റേന്ന് ഈ നിലപാട് മാറ്റി സാമുദായിക വിദ്വേഷമാണെന്ന് തിരുത്തിപ്പറഞ്ഞു. മൂന്നാം ദിവസം സഞ്ജിത്തിനെ വധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ ആസൂത്രണം ചെയ്തതാണ് പോപ്പുലര്‍ ഫ്രണ്ടുകാരന്റെ കൊല എന്ന വസ്തുത പോലീസ് വെളിപ്പെടുത്തി. ആദ്യ കൊല നടന്ന് അധികം വൈകാതെ ഈ വസ്തുത പോലീസിന് ബോധ്യപ്പെട്ടിരുന്നു എന്ന് പ്രതികളെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമാണ്. ഇക്കാര്യം പുറത്തുവിടാന്‍ പിണറായി വിജയന്റെ പോലീസ് രണ്ടു ദിവസം താമസിച്ചത് എന്തിന്? പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പകരംവീട്ടല്‍ എന്ന പേരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ വകവരുത്താന്‍ സമയം നല്‍കുകയായിരുന്നോ സര്‍ക്കാറിന്റെ നയം എന്നു സംശയിക്കണം. പോപ്പുലര്‍ ഫ്രണ്ടുകാരന്റെ മരണത്തെ തുടര്‍ന്ന് പാലക്കാട് നഗരത്തില്‍ പോലീസ് അതീവ ജാഗ്രതയിലായിരുന്നു. എന്നാല്‍ കൊല നടന്ന മേലാമുറിയില്‍ പോലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. കൊലയാളികള്‍ക്ക് പോലീസ് അവസരം ഒരുക്കിക്കൊടുത്തു എന്നും സംശയിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതികാര രീതിയും കൊലപാതക രീതിയും അറിയുന്ന പോലീസ് ഇന്റലിജന്‍സ് പട്ടാപ്പകല്‍ അവര്‍ നടത്തിയ അരുംകൊല മണത്തറിഞ്ഞില്ല. തടയാന്‍ നടപടിയും സ്വീകരിച്ചില്ല. സര്‍ക്കാര്‍ കൊലക്ക് ഒത്താശ ചെയ്യുകയായിരുന്നു. അതിലും ഗുരുതരമായ സംഗതി ക്രൈംബ്രാഞ്ച് ശേഖരിച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ സംബന്ധിച്ച വിവരം പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കി എന്നതാണ്. സജീവ സംഘ ചുമതലയിലില്ലാത്ത ശ്രീനിവാസനെ കുറിച്ചുള്ള വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് എവിടെ നിന്നു കിട്ടി എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ആഭ്യന്തര വകുപ്പാണ്. ഓരോ പൗരന്റെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട സര്‍ക്കാര്‍ ആണ് കൊലയാളികള്‍ക്ക് സംഘപ്രവര്‍ത്തകരുടെ വിവരം ചോര്‍ത്തി നല്‍കിയത് . കേരളത്തില്‍ ഇടതുഭരണത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ സുരക്ഷിതരല്ല എന്നല്ലേ കരുതേണ്ടത്. ആര്‍.എസ്.എസ്. ഉന്‍മൂലനം എന്ന തങ്ങളുടെ പണി സി.പി.എം പോപ്പുലര്‍ ഫ്രണ്ടിന് കരാര്‍ കൊടുത്തിരിക്കുന്നു എന്നു പറഞ്ഞാല്‍ എങ്ങനെ തെറ്റാകും?
പാലക്കാട് കൊലപാതകങ്ങള്‍ക്ക് ശേഷം സി.പി.എം എടുത്ത നിലപാടിന്റെ വെളിച്ചത്തില്‍ വേണം ഈ ആശങ്കയെ വിലയിരുത്താന്‍. ഏപ്രില്‍ 18 ന് മന്ത്രി എം.വി.ഗോവിന്ദന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അരുംകൊലയെ ന്യായീകരിച്ചത് ഇങ്ങനെ വ്യാഖ്യാനിച്ചു കൊണ്ടാണ്: ”ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ് ഈ രാജ്യത്ത് ഹിന്ദുരാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദുരാഷ്ട്രം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ന്യൂനപക്ഷ വിരോധം. ന്യൂനപക്ഷ വിരോധത്തിന്റെ ഭാഗമായാണ് സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടുവരുന്നത്. സ്വാഭാവികമായും ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ് ഏറ്റവും അപകടകരമായ വര്‍ഗ്ഗീയത. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളിലൂടെ സംഘടന ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. സര്‍ക്കാരും പോലീസും മാത്രം ശ്രമിച്ചാല്‍ അക്രമം ഒഴിവാക്കാനാവില്ല.” ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ് കുഴപ്പം ന്യൂനപക്ഷ വര്‍ഗ്ഗീയതയല്ല എന്ന ഗോവിന്ദന്റെ നിലപാട് പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലപാതകത്തെ ന്യായീകരിക്കലാണ്. സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പാലക്കാട്ടെ കൊലകള്‍ എന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ആര്‍.എസ്.എസ്സിന്റെ ഏതു പരിപാടി നടക്കാന്‍ പോകുമ്പോഴും മുസ്ലിങ്ങളെ കൊല്ലാനും വര്‍ഗ്ഗീയ കലാപമുണ്ടാക്കാനും ആസൂത്രണം ചെയ്യുന്നു എന്ന് മുറവിളി കൂട്ടുന്നയാളാണ് ബാലകൃഷ്ണന്‍. എന്നാല്‍ സംഘപരിപാടികള്‍ കൊണ്ട് സംസ്ഥാനത്ത് ഒരു ക്രമസമാധാന പ്രശ്‌നവും ഇന്നുവരെ ഉണ്ടായിട്ടില്ല. എന്നാലും സഖാവ് പതിവ് പല്ലവി തുടരും. പാലക്കാട് കൊലപാതക ശേഷം ബാലകൃഷ്ണന്‍ ഈ ആരോപണം ഉന്നയിക്കുന്നത് ആര്‍. എസ്.എസ്സിന്റെ തലയില്‍ കുറ്റം ചുമത്താനും പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കാനുമാണ്.
2014ല്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത് 27 കൊലപാതകങ്ങളിലും 86 കൊലപാതക ശ്രമങ്ങളിലും മതവികാരം ഇളക്കി വിടാനുള്ള 12 കേസുകളിലും പോപ്പുലര്‍ ഫ്രണ്ട് പ്രതിസ്ഥാനത്താണെന്നാണ്. 2016ലെ ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫ്രന്‍സില്‍ ഐ.സി.എസ്, ഹഖാനി നെറ്റ്‌വര്‍ക്ക്, അല്‍ഖ്വയ്ദ, ലഷ്‌കര്‍ ഇ-തൊയ്ബ, താലിബാന്‍ എന്നീ ഭീകര സംഘടനകളുമായി ബന്ധമുള്ള ഇന്ത്യയിലെ ഏക സംഘടന പി.എഫ്.ഐ ആണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനാല്‍ ഈ സംഘടനയെ ഭീകര ബന്ധത്തിന്റെ പേരില്‍ നിരോധിക്കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് റിപ്പോര്‍ട്ടു തേടി. അതിന് മറുപടി നല്‍കാന്‍ തയ്യാറാകാത്ത പിണറായി സര്‍ക്കാര്‍ പി.എഫ്. ഐയെ നിരോധിക്കേണ്ടഎന്ന നിലപാടാണ് എടുത്തത്. മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിന്റെ വക്താവായി സംസ്ഥാന സര്‍ക്കാറിന്റെ അഡ്വക്കറ്റ് ജനറല്‍ മാറുന്ന കാഴ്ചയും ജനം കാണേണ്ടിവന്നു. സഞ്ജിത്ത് വധക്കേസില്‍ സംസ്ഥാന സര്‍ക്കാറിന്റെ അന്വേഷണം തൃപ്തികരമല്ല എന്നും സി.ബി.ഐ അന്വേഷണം വേണമെന്നും സഞ്ജിത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഹരജിയില്‍ വാദം കേള്‍ക്കേ സംസ്ഥാന സര്‍ക്കാറിന്റെ അഡ്വക്കറ്റ് ജനറല്‍ ആവശ്യപ്പെട്ടത് പ്രതിയുടെ വാദം കേള്‍ക്കാന്‍ കോടതി തയ്യാറാകണമെന്നാണ്. ഏതു ഏജന്‍സി കേസന്വേഷിക്കണമെന്ന് പ്രതി അഭിപ്രായപ്പെടുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. സംസ്ഥാനത്തെ നാണം കെടുത്തുന്ന വിധം സര്‍ക്കാര്‍ വക്കീല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വക്കാലത്തുകാരനായി മാറിയത് സംസ്ഥാനം ഭരിക്കുന്നത് ഭീകരവാദികളാണോ എന്ന സംശയം ജനിപ്പിക്കുന്നു. സഞ്ജിത്ത് വധക്കേസ്സില്‍ ഈ സര്‍ക്കാറില്‍ നിന്ന് നീതി കിട്ടില്ല എന്ന തോന്നലായിരിക്കില്ലേ നിയമം കയ്യിലെടുക്കാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ പ്രേരിപ്പിച്ചത്? അതുകൊണ്ടുതന്നെ പാലക്കാട്ടുണ്ടായ രണ്ടു കൊലകള്‍ക്കും ഉത്തരവാദി ആഭ്യന്തര വകുപ്പു ഭരിക്കുന്ന വിജയനും സി.പി.എമ്മുമല്ലേ? എല്ലാ കുഴപ്പങ്ങളും വരുത്തി വെച്ച ശേഷം ചിലര്‍ കൊലപാതകത്തിന് ഇറങ്ങിത്തിരിച്ചാല്‍ പോലീസിന് ഒന്നും ചെയ്യാനാവില്ല എന്നു പറഞ്ഞ് കൈകഴുകുന്നവര്‍ ഷണ്ഡത്വം ബാധിച്ചവരും ഭരിക്കാന്‍ കൊള്ളാത്തവരുമാണ്.
എന്തുകൊണ്ട് പോപ്പുലര്‍ ഫ്രണ്ടിനെതിരെ പിണറായിയുടെ പോലീസിന് ഒന്നും ചെയ്യാനാവുന്നില്ല? തിരഞ്ഞെടുപ്പു സഖ്യത്തിലും ഭരണത്തിലും മാത്രമല്ല കേന്ദ്രത്തിനെതിരായ സമരത്തിലും അവര്‍ ഒരമ്മ പെറ്റ മക്കളാണ്. കോട്ടയം ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി എല്‍.ഡി.എഫ് ഭരിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഊരയില്‍ ഇരുന്നു കൊണ്ടാണ്. 10 സീറ്റുള്ള ഇടതുമുന്നണി എസ്.ഡി.പി.ഐയുടെ അഞ്ചു അംഗങ്ങളുടെ പിന്തുണ കൊണ്ടാണ് ഭരിക്കുന്നത്. കോട്ടാങ്ങല്‍ പഞ്ചായത്ത് ഇടതുമുന്നണി ഭരിക്കുന്നതും എസ്.ഡി.പി. ഐ പിന്തുണയോടെയാണ്. ഇടതുമുന്നണി ഭരിക്കുന്ന പത്തനംതിട്ട നഗരസഭയില്‍ വൈസ് പ്രസിഡന്റ് എസ്.ഡി.പി.ഐ സ്വതന്ത്രയാണ്. ഒരു സ്ഥിരം കമ്മറ്റി ചെയര്‍മാന്‍ എസ്.ഡിപി.ഐക്കാരനാണ്. കണ്ണൂരില്‍ ഇരിട്ടിയില്‍ 14 സീറ്റുള്ള ഇടതുമുന്നണി ഭരിക്കുന്നത് എസ്.ഡി.പി.ഐയുടെ മൂന്നുപേരുടെ പിന്തുണയിലാണ്. മുഴപ്പിലങ്ങാട്ടും ഇടതുഭരണം തൂങ്ങിനില്‍ക്കുന്നത് എസ്.ഡി.പി.ഐയുടെ കാരുണ്യത്തിലാണ്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനമേറ്റ ഉടനെ ഇ.പി.ജയരാജന്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖ ത്തില്‍ പറഞ്ഞത് പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ടു വേണ്ട എന്നു പറയില്ല എന്നാണ്. അതേസമയം കണ്ണും പൂട്ടിപറയും ആര്‍.എസ്.എസ്സിന്റെ വോട്ടു വേണ്ട എന്ന്. ഇതില്‍ നിന്ന് സി.പി.എമ്മിന്റെ നിലപാട് വ്യക്തമാണ്.
ബി.ജെ.പിയെ കൂട്ടിതൊടില്ല എന്ന് അഭിമാനിക്കുന്ന സി.പി. എം പോപ്പുലര്‍ ഫ്രണ്ടിന്റെ സമര സഖാക്കളാണ്. ബാബരി സമരം മുതല്‍ ബീഫ് ഫെസ്റ്റിവല്‍, സി. എ.എ. വിരുദ്ധ സമരം ഉള്‍പ്പെടെ ഇരുകൂട്ടരും വേദി പങ്കിട്ട സമരങ്ങള്‍ നിരവധിയാണ്.
ഇത്തരം സമരങ്ങള്‍ക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് താത്വികമായ അടിത്തറ ഉറപ്പിച്ചു കൊടുക്കുന്നത് കെ.ഇ.എന്‍.കുഞ്ഞഹമ്മദാണ്. വി.എസ്.അച്യുതാനന്ദന്‍ കുരങ്ങന്‍ എന്നു കളിയാക്കിയ കെ.ഇ. എന്നിനെ തള്ളാന്‍ വിജയന്‍ മുഖ്യമന്ത്രി തയ്യാറില്ല. ലൗ ജിഹാദിനെ ആധുനിക കേരളത്തിന്റെ നവോത്ഥാനം എന്നു സിദ്ധാന്തിച്ച കുഞ്ഞഹമ്മദിന് പോപ്പുലര്‍ ഫ്രണ്ടിനെ ഇടതുമുന്നണിയില്‍ കൊണ്ടുവരണമെന്ന് താല്പര്യമുണ്ട്. ആര്‍.എസ്.എസ്സിനെ പ്രതിരോധിക്കാന്‍ ഇടതും പോപ്പുലര്‍ ഫ്രണ്ടും ഒന്നിക്കണമെന്ന നിലപാടുമുണ്ട്. ഇതിന്റെ അടുത്ത വഴിത്തിരിവാണ് പുതിയ ഇടതുമുന്നണി കണ്‍വീനറുടെ പച്ചക്കൊടികാട്ടല്‍. സേട്ടു ലീഗിന് ഒരു ദശാബ്ദത്തിലധികം ഇടതുമുന്നണിയുടെ പടിപ്പുര വാതില്‍ക്കല്‍ വിളി കാത്തിരുന്ന ശേഷമാണ് അകത്തേക്ക് കയറ്റം കിട്ടിയത്. അത്രയും കാലമൊന്നും വേണ്ടിവരില്ല പോപ്പുലര്‍ ഫ്രണ്ടിന്റെ എസ്.ഡി.പി.ഐക്ക് ഇടതുമുന്നണിയിലെത്താന്‍.
കേരളത്തെ രാഷ്ട്രീയ ധ്രുവീകരണത്തില്‍ നിന്ന് മത ധ്രുവീകരണത്തിന്റെ കുത്തൊഴുക്കിലേക്ക് തള്ളിവിടുകയാണ് സി.പി.എം. ചെയ്യുന്നത്. 2025-ല്‍ കേരളം ഇസ്ലാമിക രാജ്യമായി മാറും എന്ന വി.എസ്.അച്യുതാനന്ദന്റെ മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമാക്കുക എന്ന ദൗത്യം പിണറായി വിജയന്‍ ഏറ്റെടുത്തിരിക്കുന്നു എന്ന നിലയിലേക്കാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ കളിപ്പാവയായി സി.പി.എം മാറും എന്നതാണ് ഈ കൂട്ടുകെട്ടിന്റെ അനന്തരഫലം.