ഐക്യകേരളപ്പിറവിക്ക് ശേഷം സംസ്ഥാനത്ത് നടന്ന ഏറ്റവും ഹീനമായ കൂട്ടക്കൊലയായിരുന്നു 2003 മെയ് 2ന് കോഴിക്കോട് ബേപ്പൂരിനടുത്തുള്ള മാറാട് കടപ്പുറത്ത് നടന്നത്. നിരപരാധികളായ എട്ട് മത്സ്യത്തൊഴിലാളികളാണ് അന്ന് വൈകിട്ട് ഏഴ് മണിയോടെ മുസ്ലീം ഭീകരതയുടെ കൊലക്കത്തിക്കിരയായത്. കേരളം ഇന്നെത്തിനില്‍ക്കുന്ന ഭയാനകമായ സാമൂഹ്യാന്തരീക്ഷത്തിന്റെ തുടക്കമായിരുന്നു അത്. വര്‍ഗീയ പ്രീണനവും മതഭീകര സംഘങ്ങളുടെ സ്വാധീനവും കേരളത്തിലുണ്ടായിരുന്നെങ്കിലും മാറാട് കൂട്ടക്കൊല ഒരു വഴിത്തിരിവായിരുന്നു. കേരളത്തിന്റെ വരാനിരിക്കുന്ന ഭീകരമായ ഭാവികാലം എന്തായിരിക്കുമെന്ന് മാറാട് കൂട്ടക്കൊല നടന്നയുടനെ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ കൂട്ടക്കൊലക്ക് പിന്നിലെ യഥാര്‍ത്ഥ ശക്തികളെ പുറത്ത് കൊണ്ടുവന്നില്ലെങ്കില്‍ കേരളം കശ്മീരിന്റെ വഴിയിലേക്ക് തള്ളപ്പെടുമെന്നായിരുന്നു ആ മുന്നറിയിപ്പ്. ആഗോള മുസ്ലീം ഭീകരതയുടെ കയറ്റുമതി കേന്ദ്രമായി മാറിയ കേരളത്തിന്റെ വര്‍ത്തമാനകാലസാഹചര്യം ഈ മുന്നറിയിപ്പ് എത്രമാത്രം ശരിയായിരുന്നുവെന്നതാണ് തെളിയിക്കുന്നത്. വോട്ട് രാഷ്ട്രീയത്തിന്റെ ചന്തയിലെ ലാഭനഷ്ടക്കണക്കിലൂടെ ഈ ഗുരുതരമായ പ്രശ്‌നത്തെ അഭിമുഖീകരിക്കരുതെന്ന ആ മുന്നറിയിപ്പ് അവഗണിച്ചതിന്റെ ദുരന്തമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്.
മാറാട് കൂട്ടക്കൊല കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ചലനങ്ങള്‍ ഉണ്ടാക്കിയെന്ന് മാത്രമല്ല പ്രതിഷ്ഠിതരായ നേതാക്കളുടെ തനിനിറം എത്രമാത്രം വികൃതമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ആദര്‍ശധീരതയുടെ ഖദറുടുപ്പില്‍ പൊതിഞ്ഞ് കേരള രാഷ്ട്രീയത്തില്‍ കെട്ടിയെഴുന്നള്ളിച്ചിരുന്ന നേതാക്കള്‍ എത്രമാത്രം അല്പന്മാരാണെന്ന് ആ ചരിത്രം വ്യക്തമാക്കുന്നു. കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകര ശക്തികളെ പുറത്ത് കൊണ്ടുവരാന്‍ കേസന്വേഷണം സിബിഐയ്ക്ക് വിടണമെന്നായിരുന്നു മാറാട് അരയ സമൂഹത്തിന്റെയും ഹിന്ദു സംഘടനകളുടെയും ആവശ്യം. എന്നാല്‍ ‘ആദര്‍ശധീരന്‍ എ.കെ.ആന്റണി’യെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തിക്കൊണ്ട് ഈ ആവശ്യത്തെ അട്ടിമറിക്കാന്‍ മുസ്ലീം ഭീകര സംഘടനകള്‍ക്ക് കഴിഞ്ഞു. മുസ്ലിം സംഘടനകള്‍ ഇക്കാര്യത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം ഒറ്റക്കെട്ടായി നിന്നു.മാറാട് ജുമാമസ്ജിദിന്റെ അകത്തും പുറത്തും കൂട്ടക്കൊലയ്ക്കാവശ്യമായ അണിയറ നീക്കങ്ങള്‍ നടന്നുവെന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ പുറത്ത് വരുമ്പോഴാണ് മുഖ്യമന്ത്രി എ.കെ.ആന്റണി ഈ നികൃഷ്ടമായ നീക്കത്തിന് കണ്ണടച്ച് പിന്തുണ നല്‍കിയത്. മാറാട് കൂട്ടക്കൊല മുസ്ലിം ഭീകരതയ്ക്ക് അരങ്ങേറ്റം കുറിച്ചുവെങ്കില്‍ അത് ആന്റണിയുടെ രാഷ്ട്രീയ ജീവിതത്തിലെ ആത്മാര്‍ത്ഥതയില്ലായ്മയുടെ ആഴം വ്യക്തമാക്കുന്നതുമായിരുന്നു. പിന്നീട് മുഖ്യമന്ത്രിയായി ചുമതലയേറ്റവരെല്ലാം ആന്റണിയുടെ വഴിയാണ് തെരഞ്ഞെടുത്തത്. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ കറുത്ത ശക്തികളെ ഇരുട്ടില്‍ നിര്‍ത്തി സംരക്ഷിക്കുകയെന്ന തെറ്റിന് അവര്‍ ശങ്കയില്ലാതെ കൂട്ടുനിന്നു.
മാറാട് കൂട്ടക്കൊലക്കേസിന്റെ വിചാരണക്കാലത്ത് അതില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ കഴിഞ്ഞ രണ്ട് പ്രതികളുടെ വിചാരണ പൂര്‍ത്തിയായി വിധി വന്നത് ഈയിടെയാണ്. 2011 ജനുവരി 23-ന് സൗത്ത് ബീച്ചില്‍ ഒളിവില്‍ താമസിക്കുന്നതിനിടയില്‍ പിടിയിലായ പ്രതി കോയമോന്‍, 2010 ഒക്ടോബറില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായ മറ്റൊരു പ്രതി നിസാമുദ്ദീന്‍ എന്നിവരുടെ വിധിയാണ് പുറത്ത് വന്നത്. വിചാരണസമയത്ത് ഹൈദരാബാദിലേക്കുകടന്ന കോയമോന്‍ നാട്ടില്‍ തിരിച്ചെത്തി ഒളിവില്‍പ്പോവുകയായിരുന്നു.
2021 നവംബര്‍ 23 ന് വന്ന വിധിയില്‍ ഈ രണ്ട് പ്രതികള്‍ക്കും കടുത്ത ശിക്ഷയാണ് മാറാട് പ്രത്യേക കോടതി വിധിച്ചത്. രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതിയായിരുന്നു കോയമോന്‍ എങ്കില്‍ നൂറ്റി നാല്‍പത്തിയെട്ടാം പ്രതിയായിരുന്നു നിസാമുദ്ദീന്‍.
സ്‌ഫോടക വസ്തു കൈവശം വച്ചതിനും മതസ്പര്‍ധ വളര്‍ത്തിയതിനുമാണ് കോയമോന് ഇരട്ട ജീവപര്യന്തവും ഒരുലക്ഷത്തിരണ്ടായിരം രൂപ പിഴയും വിധിച്ചത്. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദ്ദീനെതിരെ തെളിഞ്ഞ കുറ്റങ്ങള്‍.
ഇരട്ട ജീവപര്യന്തം തടവിന് പുറമെ 56000 രൂപ പിഴയും നിസാമുദ്ദീന്‍ നല്‍കണം. നിസ്സാരമായ വകുപ്പുകളാണെന്നും ദുര്‍ബലമായ തെളിവുകളാണെന്നും വാദിച്ച് ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയ കേസിലാണ് ഈ വിധിയുണ്ടായത്. കേസ് അട്ടിമറിക്കപ്പെടുമെന്നായപ്പോള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട അരയ സമാജത്തിന്റെയും ഹിന്ദു സംഘടനകളുടെയും നിലപാടിനെ ശരിവെക്കുന്നതായിരുന്നു വിധി. മാറാട്ടെ പ്രധാന കേസില്‍ 86 പേര്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അത് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് വിചാരണ അവശേഷിച്ച രണ്ട് പ്രതികള്‍ക്കും സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
സിബിഐ അന്വേഷണ ആവശ്യത്തെ ശക്തിയുക്തം എതിര്‍ത്ത മുസ്ലിം ലീഗിനൊപ്പം നിലപാടെടുത്ത സിപിഎം അധികാരത്തിലെത്തിയപ്പോള്‍ സിബിഐ അന്വേഷണത്തെ അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കുകയായിരുന്നു.
2017 ജനുവരിയിലാണ് സിബി ഐ കേസ് ഏറ്റെടുത്തത്. എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത്, അന്വേഷണം നടത്തുന്ന കേസില്‍ ആവശ്യമായ സഹായം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ സുപ്രധാന ഫയലുകള്‍ പോലും നല്‍കാന്‍ തയ്യാറായില്ല. സിബിഐ തിരുവനന്തപുരം യൂണിറ്റിന് കീഴിലാണ് നിലവില്‍ മാറാട് ഗൂഢാലോചനക്കേസിന്റെ അന്വേഷണം നടക്കുന്നത്. ലീഗ് നേതാക്കളായ പി.പി. മൊയ്തീന്‍കോയ (ഒന്നാം പ്രതി), മായിന്‍ഹാജി (രണ്ടാം പ്രതി), എന്‍ഡിഎഫ് നേതാക്കള്‍, മഹല്ല് കമ്മറ്റി ഭാരവാഹികള്‍, ഭീകരവാദ സംഘടനാ നേതാക്കള്‍ എന്നിവരെ പ്രതിചേര്‍ത്താണ് അന്വേഷണം നടക്കുന്നത്. സിബിഐ ഡിവൈഎസ്പി കെ.ജെ. ഡര്‍വിന്‍ ആരംഭിച്ച അന്വേഷണം ഡിവൈഎസ്പി അനന്തകൃഷ്ണനാണ് തുടരുന്നത്. സിബിഐ അന്വേഷണത്തെ ആദ്യം മുതല്‍ എതിര്‍ത്ത ചരിത്രമുള്ള സിപിഎം ഭരണത്തിലിരിക്കേ സിബിഐ അന്വേഷണ സംഘത്തിന് കേസ് രേഖകള്‍ കൈമാറാന്‍ തയ്യാറായില്ല.
സംസ്ഥാന സര്‍ക്കാര്‍ വഴി അന്വേഷണം അട്ടിമറിക്കാനാണ് സിപിഎം ശ്രമിച്ചത്. പലതവണ ആവശ്യപ്പെട്ടിട്ടും കേസിന്റെ രേഖകള്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് കൈമാറാത്തതിനാല്‍ 2019 ഫെബ്രുവരി 8 ന് സിബിഐക്ക് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കേണ്ടി വന്നു.രേഖകള്‍ കൈമാറണമെന്ന് 2017 ജൂണ്‍ മാസത്തില്‍ സിബിഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷം 33 ഫയലുകള്‍ മാത്രമാണ് കൈമാറിയത്. ബാക്കിയുള്ള ഫയലുകള്‍ കാണാനില്ലെന്നും കണ്ടെത്തുന്ന മുറയ്ക്ക് ഏല്‍പ്പിക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.
സിബിഐ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും രേഖകള്‍ കൈമാറാത്തതിനെ തുടര്‍ന്ന് 2018 ഡിസംബറില്‍ വീണ്ടും സിബിഐ ഇതേ ആവശ്യമുന്നയിച്ചു. തുടര്‍ന്നാണ് 25 ഫയലുകള്‍ കൂടി കൈമാറിയത്. ഇതിന് ശേഷമാണ് ഗത്യന്തരമില്ലാതെ സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.
മാറാട് ജുഡീഷ്യല്‍ കമ്മീഷനു മുമ്പാകെ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇന്ന് മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ സിബിഐ അന്വേഷണത്തെ ശക്തിയുക്തം എതിര്‍ത്താണ് മൊഴി നല്‍കിയത്. 2004 ജൂലായ് 16 ന് കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയില്‍ ‘ഈ കാര്യത്തില്‍ വളരെ വ്യക്തമായ നിലപാട് സിപിഎമ്മിന് നേരത്തെ തന്നെയുണ്ട്. അത് സിബിഐ അന്വേഷണം വേണ്ട എന്നാണ്’ എന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്.
പുനലൂര്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ പ്രസാദ് കൊല്ലപ്പെട്ടതിനെക്കുറിച്ച് സിപിഎം സിബിഐ അന്വേഷണം ആവശ്യപ്പെട്ട കാലത്താണ് സിപിഎം നേതാവ് കമ്മീഷന് മുമ്പാകെ ഇത്തരമൊരു മൊഴി നല്‍കിയത്. ഇതിനെക്കുറിച്ചുള്ള അഭിഭാഷകന്റെ ചോദ്യത്തിന് അദ്ദേഹം തമിഴ്‌നാട്ടില്‍ വച്ചാണ് കൊല്ലപ്പെട്ടതെന്നും അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നുമായിരുന്നു കമ്മീഷന് മുമ്പാകെ പിണറായി നല്‍കിയ മറുപടി. ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സിപിഎമ്മാണ് എട്ടു ഹിന്ദുക്കള്‍ കൊല്ലപ്പെട്ട മാറാട് കൂട്ടക്കൊലയില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. തമിഴ്‌നാട്ടില്‍ വെച്ച് നടന്ന കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന വാദം പരിഹാസ്യവുമായിരുന്നു.
ലോക്‌സഭയില്‍ സിപിഎം അംഗങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടില്ലേ എന്ന അഭിഭാഷകന്റെ ചോദ്യത്തിന് അങ്ങനെയൊരു നിലപാട് സിപിഎമ്മിനില്ലെന്നും പത്രലേഖകര്‍ക്കുണ്ടായ തെറ്റിദ്ധാരണയില്‍ നിന്നാണ് വാര്‍ത്ത ഉണ്ടായതെന്നുമായിരുന്നു അന്ന് കമ്മീഷനു മുമ്പാകെയുള്ള പിണറായിയുടെ വിശദീകരണം. കാര്യങ്ങള്‍ വ്യക്തമാണ്. സിബിഐ അന്വേഷണത്തിന് തടയിടേണ്ടത് ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. മുസ്ലീം ഭീകര-വര്‍ഗീയ സംഘടനകളുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കേണ്ടത് പാര്‍ട്ടിയുടെ ജീവന്മരണ പ്രശ്‌നമാണ്. എന്നാല്‍ ഇതിലൂടെ സംഭവിക്കുന്നത് ഭീകരതയുടെ കറുത്ത ശക്തികള്‍ രക്ഷപ്പെടുകയെന്നതായിരിക്കും. സിബിഐ അന്വേഷണത്തിലൂടെയെങ്കിലും സത്യാവസ്ഥ പുറത്ത് വരുമെന്ന പ്രതീക്ഷ അസ്ഥാനത്താകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തിലുള്ള ഭരണഘടനാപരമായ കര്‍ത്തവ്യം നിറവേറ്റപ്പെടണമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.