പാകിസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. ഭാവി ആശങ്കാജനകമാണ്. ശ്രീലങ്കയില്‍ ആഭ്യന്തര കലാപത്തിന് സമാനമായ സമരങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അഫ്ഗാന്‍ ജനത ഭീകരമായ താലിബാന്‍ ഭരണത്തിന്റെ കാല്‍ക്കീഴിലമര്‍ന്നു കഴിഞ്ഞു. മ്യാന്‍മറില്‍ പട്ടാളഭരണം. ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപത്യം. എന്നാല്‍ ഇങ്ങിവിടെ ഭാരതത്തില്‍ നാം റംസാനും, രാമനവമിയും ആഘോഷിച്ചു കൊണ്ടിരിക്കുന്നു. കായിക പ്രേമികള്‍ ഐപിഎല്‍ ആസ്വദിക്കുന്നു. കോവിഡിനു പോലും തകര്‍ക്കുവാനാവാതെ ഭാരതത്തിലെ സാമ്പത്തിക രംഗം കുതിച്ചുകൊണ്ടിരിക്കുന്നു. ഉക്രൈയിന്‍ – റഷ്യ യുദ്ധത്തില്‍ ഭാരതം ശക്തമായ നിലപാടെടുക്കണമെന്ന് യൂറോപ്യന്‍ യൂണിയനും, ലോക പോലീസെന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്കയും അഭ്യര്‍ത്ഥിക്കുന്നു. ഭാരത പ്രധാനമന്ത്രി ഇടപെട്ടാല്‍ റഷ്യ യുദ്ധത്തില്‍ നിന്നും പിന്‍മാറുമെന്ന് ഉക്രൈയിന്‍ പ്രസിഡന്റ് പ്രസ്താവിക്കുന്നു.
ജപ്പാന്‍ പ്രധാനമന്ത്രി ഫ്യുമിംയാ കിഷിദ, ഓസ്ട്രിയന്‍ വിദേശകാര്യമന്ത്രി അലക്‌സാണ്ടര്‍ ഷാലന്‍ബര്‍ഗ്, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്, അമേരിക്കയുടെ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ്, ഗ്രീസ് വിദേശകാര്യമന്ത്രി നിക്കോസ് ഡെന്‍ഡിയാസ്, ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബാദര്‍ ഹാമൂദ്, ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌യി, മെക്‌സിക്കന്‍ വിദേശകാര്യമന്ത്രി മാര്‍സെലോ എബ്രാര്‍ഡ്, നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദൂബ തുടങ്ങിയ ലോക നേതാക്കളെല്ലാം ഭാരതം സന്ദര്‍ശിച്ചത് വെറും രണ്ടാഴ്ചയ്ക്കുള്ളിലാണ്. അതെ, നാം ‘വീണ്ടും’ ലോകസമാധാനത്തിന്റെ വഴികാട്ടിയായി ലോകനേതൃത്വ പദവിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നു.
ഭാരതത്തിനൊപ്പം സ്വാതന്ത്ര്യം നേടിയിട്ടും, നാളിതുവരെയായി കാലാവധി തികയ്ക്കുന്നൊരു പ്രധാനമന്ത്രിയെ കാണാന്‍ പാകിസ്ഥാന്‍ ജനതയ്ക്ക് സാധിച്ചിട്ടില്ല. ഭാരതവിരോധം മാത്രം കൈമുതലായൊരു സൈന്യത്തിനും ആ സൈന്യത്താല്‍ നിയന്ത്രിക്കപ്പെടുന്ന സര്‍ക്കാരുകള്‍ക്കും മറ്റെന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുമെന്ന് ഇനിയും കരുതേണ്ടതില്ല. വിലക്കയറ്റവും പണപ്പെരുപ്പവും മൂലം പ്രതിസന്ധിയിലായ പാകിസ്ഥാനില്‍ സാധാരണ ജനങ്ങള്‍ ദുരിതത്തിലാണ്.
പാകിസ്ഥാന്‍ രൂപപ്പെട്ടതുമുതലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും മതമൗലികവാദികളുടെ സ്വാധീനവും ഇന്ന് ആ രാജ്യത്തെ പരാജയത്തിന്റെ പടുകുഴിയിലാഴ്ത്തിയിരിക്കുന്നു. ഭാരതത്തിന്റെ ആറിലൊന്ന് മാത്രം ജനസംഖ്യയുള്ളൊരു രാജ്യമായിട്ടും അവരുടെ സാക്ഷരതാ നിരക്ക് 58% മാത്രമാണ്.
കുടുംബാധിപത്യവും അമിതമായ ചൈനീസ് പ്രേമവുമാണ് ശ്രീലങ്കയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം. രാജ്പക്‌സെ കുടുംബത്തിന് സ്വാധീനമുള്ള ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് മഹിന്ദ രാജ്പക്‌സെയാണ് അവിടെ പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ സഹോദരനും ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി നേതാവുമായ ഗോതബായ രാജപക്‌സെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ്! കുടുംബസ്വത്ത് പോലെയാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗം അവര്‍ കൈകാര്യം ചെയ്തിരുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ 70% വും കൈകാര്യം ചെയ്തിരുന്നത് രാജ്പക്‌സെ കുടുംബത്തിലെ നാല് സഹോദരങ്ങള്‍ ചേര്‍ന്നായിരുന്നു. അതോടൊപ്പം ചൈനയൊരുക്കിയ കടത്തില്‍ കുടുക്കുന്ന നയതന്ത്ര (Debt Trap Diplomacy) ത്തില്‍ ശ്രീലങ്ക കൃത്യമായി കുടുങ്ങുകയും ചെയ്തു. ചൈനയില്‍ നിന്നും പണം കടമെടുത്തു നിര്‍മ്മിച്ച ഹംബന്‍തോട്ട തുറമുഖം 99 വര്‍ഷത്തേക്ക് ചൈനയ്ക്ക് പാട്ടത്തിന് കൊടുക്കേണ്ടി വന്നിരിക്കുന്നു.

അഫ്ഗാനില്‍ തീവ്രവാദികള്‍ തുടരുന്ന ക്രൂരതകള്‍ കേട്ടിരിക്കാന്‍ മനുഷ്യത്വമുള്ളവര്‍ക്ക് കഴിയുകയില്ല. ഒരു കാലത്ത് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന അഫ്ഗാന്‍ വീണ്ടും താലിബാന്‍ തീവ്രവാദികള്‍ക്ക് കീഴ്‌പ്പെട്ടിരിക്കുന്നു. സമാധാനമെന്നത് അഫ്ഗാന്‍ ജനതയ്ക്ക് വിദൂരമായൊരു വാക്കുമാത്രമായി മാറി. കലാകാരന്മാരും വീടിന് പുറത്തിറങ്ങുന്ന സ്ത്രീകളും നിരന്തരം കൊലചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. മുന്‍ അഫ്ഗാന്‍ പോലീസുകാരി ഖതേര ഹഷ്മി സ്വയം വിശേഷിപ്പിക്കുന്നത്, താന്‍ ജീവിച്ചിരിക്കുന്ന മൃതദേഹമാണെന്നാണ്. അഫ്ഗാന്‍ പോലീസില്‍ ജോലി ചെയ്തതിനെ തുടര്‍ന്ന് താലിബാന്‍ തീവ്രവാദികള്‍ ഹഷ്മിയെ ക്രൂരമായി ബലാത്സംഗം ചെയ്തു, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. തലയ്ക്ക് വെടിയേറ്റിട്ടും എങ്ങനെയോ രക്ഷപ്പെട്ട ഹഷ്മി ഭാരതത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.
ചൈനയില്‍ ഒരു പാര്‍ട്ടി മാത്രം എന്നതില്‍ നിന്നും മാറി ഒരു വ്യക്തിക്കു മാത്രം അധികാരത്തില്‍ എന്ന രീതിയിലേക്കായിരിക്കുന്നു. അഞ്ച് വര്‍ഷം വീതം പരമാവധി രണ്ട് തവണയേ ഒരാള്‍ക്ക് പ്രസിഡന്റാവാന്‍ കഴിയൂ എന്ന ഭരണഘടനാ വ്യവസ്ഥ ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് 2018ല്‍ മാറ്റിയിരുന്നു. ഫലത്തില്‍ ഷീ ജിന്‍ പിങ്ങിന് ചൈനയുടെ പ്രസിഡന്റായി ആജീവനാന്തം തുടരാനാവും. ജനാധിപത്യത്തിനോ, അഭിപ്രായ സ്വാതന്ത്ര്യത്തിനോ ഒന്നും യാതൊരു വിലയും കല്‍പിക്കാത്ത ചൈനീസ് ഭരണകൂടം ഇനിയും ജനങ്ങളെ കൂടുതല്‍ അമര്‍ച്ച ചെയ്യാനാവും ശ്രമിക്കുന്നുണ്ടാവുക. മറുവശത്ത് ഭാരതത്തിന്റെ സ്ഥിതി എന്താണെന്ന് നോക്കാം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിറകിലേറി ഭാരതം കുതിക്കുകയാണ്. നാളിതുവരെയായി ഒരു അഴിമതി ആരോപണം പോലും മന്ത്രിസഭയിലെ ഏതെങ്കിലും ഒരംഗം നേരിട്ടിട്ടില്ല. പാകിസ്ഥാന്‍ ഭാരതത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന് ചിന്തിച്ചുകൊണ്ട് കാലം കഴിച്ചപ്പോള്‍ ഭാരതം, ഇവിടുത്തെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ എങ്ങനെ വര്‍ദ്ധിപ്പിയ്ക്കാം എന്നാണ് ചിന്തിച്ചത്. 11 കോടി ശൗചാലയങ്ങളാണ് കഴിഞ്ഞ 6 വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയത്. ഒരു കുടുംബത്തില്‍ 4 പേര്‍ എന്നു കൂട്ടിയാല്‍ തന്നെ 44 കോടി ജനതയിലേക്കാണ് ഈ സൗകര്യം എത്തിയത്. വൈദ്യുതിയെത്താത്ത വിദൂര ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയപ്പോള്‍, കാതങ്ങളോളം തലച്ചുമടായി വീട്ടിലേക്ക് വെള്ളം എത്തിച്ചിരുന്ന നമ്മുടെ അമ്മമാര്‍ക്ക് വീടുകളില്‍ കുടിവെള്ളം ലഭിച്ചപ്പോള്‍, പ്ലാസ്റ്റിക് കൂടുകള്‍ മേല്‍ക്കൂരകളായിരുന്ന വീട് എന്നു വിളിക്കാവുന്ന രൂപങ്ങള്‍ക്ക് പകരം ഉറപ്പുള്ള കോണ്‍ക്രീറ്റ് വീടുകള്‍ ലഭിച്ചപ്പോള്‍ വര്‍ഷങ്ങളായി അടുപ്പിലെ പുകയൂതി ചുമച്ചുതളര്‍ന്ന വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് വീടുകളില്‍ ഗ്യാസ് ലഭിച്ചപ്പോള്‍, അവയെല്ലാം ഭാരത ജനതയ്ക്ക് വീണ്ടും മുന്നോട്ടു കുതിക്കുവാനുള്ള ഊര്‍ജ്ജം നല്‍കി. അഫ്ഗാനില്‍ താലിബാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചപ്പോള്‍, നാമിവിടെ ബേട്ടി ബച്ചാവോ, ബേട്ടിപഠാവോ എന്ന മുദ്രാവാക്യം മുഴക്കി. നമ്മുടെ പല അയല്‍രാജ്യങ്ങളിലും സ്ത്രീകളെ ചാക്കില്‍ പൊതിഞ്ഞ ഉപഭോഗവസ്തുവായി കണക്കാക്കിയപ്പോള്‍, ഇവിടെ സ്ത്രീകള്‍ വന്‍ മുന്നേറ്റം നടത്തി. വ്യാവസായിക രംഗത്തും, രാഷ്ട്രീയ രംഗത്തും, വിദ്യാഭ്യാസരംഗത്തുമെല്ലാം സ്ത്രീകള്‍ വന്‍ മുന്നേറ്റം നടത്തി. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തി. മുത്തലാഖ് നിരോധിച്ചു. സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനമനുവദിച്ചു. പ്രധാനമന്ത്രി ആവാസ്‌യോജന പ്രകാരമുള്ള വീടുകള്‍ കുടുംബനാഥയുടെ പേരില്‍ നിര്‍മ്മിച്ചു നല്‍കി. പാകിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലുമെല്ലാം, ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ടപ്പോള്‍, അവിടങ്ങളിലെ ദേവാലയങ്ങള്‍ തകര്‍ത്തെറിയപ്പെട്ടപ്പോള്‍, നാമിവിടെ ഭാരത ജനത ഒരുമിച്ച് റംസാന്‍ ആഘോഷിക്കുന്നു, രാമനവമി ആഘോഷിക്കുന്നു. ഭരണപരവും നയപരവുമായിട്ടുള്ള പരാജയങ്ങള്‍ മാത്രമല്ല, ഒരിക്കല്‍ നമ്മുടെ ഭാഗമായിരുന്ന അഫ്ഗാനിസ്ഥാനും പാകിസ്ഥാനുമൊക്കെ സംഭവിച്ചതെന്തെന്ന് അവരെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാവും.
ലോകത്തിലെ ഏറ്റവും വിശാലമായ, എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന ഒരു തത്വത്തില്‍ നിന്നും ജീവിതരീതിയില്‍ നിന്നും അകന്നുമാറി, കേവലം മതമൗലികതയുടേയും, യാഥാസ്ഥിതികതയുടേയും പാതയില്‍ സഞ്ചരിച്ചതാണ് ഈ രാജ്യങ്ങള്‍ക്കു പറ്റിയ തെറ്റ്. നാം ആ തത്വത്തില്‍ അടിയുറച്ച് മുന്നോട്ടു പോവുന്നതു കൊണ്ടാണ് ഇന്ന് ഭാരതം ലോകരാജ്യങ്ങള്‍ക്കിടയില്‍ ആദരിക്കപ്പെടുന്നതും. ആ ആദരവ് ഒരിക്കലും നാം ഭീഷണിപ്പെടുത്തിയോ, മറ്റാരെയെങ്കിലും ആക്രമിച്ചോ നേടിയെടുത്തതല്ല. നമ്മുടേതായതെല്ലാം ലോകത്തിനു പകര്‍ന്നു നല്‍കിയും, ശക്തി കാട്ടേണ്ടിടത്ത് ശക്തി കാട്ടിയും സ്വയം ആര്‍ജ്ജിച്ചെടുത്തതാണ്. റഷ്യ-ഉക്രൈയിന്‍ യുദ്ധം തുടങ്ങിയ സമയത്ത് ഏറ്റവും ഫലപ്രദമായി സ്വന്തം പൗരന്മാരെ ഒഴിപ്പിച്ചത് ഭാരതമായിരുന്നു. ചൈനയും, അമേരിക്കയുമെല്ലാം തങ്ങളുടെ പൗരന്മാരോട് എങ്ങനെയെങ്കിലും രക്ഷപ്പെട്ടോടുവാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ഭാരതത്തില്‍ പൗരന്മാരെ കാത്തുനിന്നത് കയ്യില്‍ പുഷ്പങ്ങളുമായി കേന്ദ്രമന്ത്രിമാര്‍ തന്നെയായിരുന്നു. യുദ്ധമുഖത്ത് നിന്നും സ്വന്തം പൗരന്മാരെ മാത്രം തിരികെയെത്തിക്കാനല്ല നാം ശ്രമിച്ചത്. ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയും നാം തിരികെയെത്തിച്ചു. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പാക് വിദ്യാര്‍ത്ഥിനിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ നാം കാണുകയുണ്ടായി. ഒരുപക്ഷെ പാകിസ്ഥാനാണെങ്കില്‍ ഇത് ചെയ്യുമായിരുന്നോ എന്ന് സംശയമാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയ്ക്ക് 2021 മുതല്‍ ഇതുവരെ 140 കോടി ഡോളറിന്റെ സഹായം നാം നല്‍കി. 2,70,000 ടണ്ണില്‍ കൂടുതല്‍ ഇന്ധനമാണ് ഭാരതത്തിന്റെ സഹായത്തോടെ അവിടെ വിതരണം ചെയ്തത്. ഭക്ഷ്യക്ഷാമം നേരിടുന്ന അഫ്ഗാന്‍ ജനതക്കായി 2500 മെട്രിക് ടണ്‍ ഗോതമ്പാണ് നാം നല്‍കിയത്. പുല്‍വാമയിലെ നമ്മുടെ 40 ധീര ജവാന്‍മാരുടെ വീരമൃത്യുവിന് പകരമായി, ബാലാക്കോട്ടിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി, 300ല്‍ അധികം തീവ്രവാദികളെ കാലപുരിക്കയച്ചത് ലോകം കണ്ടു. ഗാല്‍വാന്‍ അതിര്‍ത്തിയിലെ അപ്രതീക്ഷിത ചൈനീസ് ആക്രമണത്തിന് ബദലായി ഘാതക പ്ലാറ്റൂണിലെ കമാന്‍ഡോകളുടെ തിരിച്ചടി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഉടനെയെങ്ങും മറക്കാനിടയില്ല.
ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതിനപ്പുറം നാമാരേയും അങ്ങോട്ടാക്രമിക്കാന്‍ ശ്രമിക്കാറില്ല. മറിച്ചൊരു സംഭവം ചരിത്രപുസ്തകങ്ങളുടെ ഏതെങ്കിലുമൊരു താളില്‍ കാണുവാനും ആവില്ല. പഴയ ഭാരതവും, പുതിയ ഭാരതവും എല്ലാക്കാലത്തും ശക്തരായിരുന്നു, സ്വാധീനമുള്ളവരായിരുന്നു. ആ ശക്തിയും സ്വാധീനവും ഉപയോഗിച്ചതാവട്ടെ, ലോകസമാധാനത്തിന് വേണ്ടിയും.
ലോകത്തിലുള്ള സകലതിനേയും നാം സ്വാംശീകരിച്ചിട്ടുണ്ട്. അത് മതവിശ്വാസങ്ങളായിക്കൊള്ളട്ടെ, കലാരൂപങ്ങളായിക്കൊള്ളട്ടെ, വാസ്തുവിദ്യകളായിക്കൊള്ളട്ടെ…. ഉള്‍ക്കൊള്ളേണ്ടതെല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ട്. നളന്ദയിലും തക്ഷശിലയിലും പതിനായിരക്കണക്കിനു വിദേശ വിദ്യാര്‍ത്ഥികള്‍ വന്നു, വിദ്യ കരസ്ഥമാക്കി. നമ്മുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു. നമ്മള്‍ മാത്രം ശരിയെന്ന് നാമൊരിക്കലും പറഞ്ഞില്ല. ഞങ്ങളും നിങ്ങളും ശരിയാണെന്നാണ് നാമെക്കാലവും പറഞ്ഞിട്ടുള്ളത്.
മരത്തിന്റെ വേരുകളുടേയും ഇലകളുടേയും തായ്ത്തടിയുടേയും ധര്‍മ്മങ്ങള്‍ പലതെങ്കിലും അവയെല്ലാം വിത്ത്, എന്ന ഏകതയില്‍ നിന്നുമുണ്ടാവുന്നതു പോലെ, മനുഷ്യരുടേയും സകല ജീവജാലങ്ങളുടേയും ജാതി-മത-വര്‍ണ-വര്‍ഗ-ഭാഷ-ലിംഗ വ്യാത്യാസങ്ങളുണ്ടെങ്കിലും അവയെല്ലാം ഒന്നുതന്നെയെന്നാണ് നമ്മുടെ പൂര്‍വ്വികര്‍ നമ്മെ പഠിപ്പിച്ചത്. ആ തത്വമാണ് നമ്മുടെ സ്വത്വം. അതാണ് ഹിന്ദുത്വം. ആ അടിസ്ഥാന ചിന്തയില്‍ നിന്നും തെന്നിമാറി ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ചതാണ് നമ്മുടെ അയല്‍ക്കാര്‍ക്ക് പറ്റിയ തെറ്റ്. നാം മുന്നോട്ടു സഞ്ചരിക്കുകയാണ്, ശാന്തമായൊഴുകുന്ന നദിപോലെ. അതിന്റെ ഒഴുക്കിനെ തടയാന്‍ ഒരു ശക്തിക്കുമാവുകയില്ല. വന്‍ കല്ലുകളും, പാറക്കൂട്ടങ്ങളും ഒരുപക്ഷേ അതിനെതിരെ നിന്നേക്കാം. പക്ഷേ അവയും ഈ നദിയില്‍ അലിഞ്ഞു മണ്ണായ്ത്തീരും, അവര്‍ പോലുമറിയാതെ. ഈ നദി ഇനിയുമൊഴുകും, അതിലെ ജീവജാലങ്ങള്‍ക്കു പ്രാണവായു നല്‍കി, അതിന്റെ തീരത്തുള്ളവര്‍ക്ക് ദാഹജലം നല്‍കി.
പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ പറഞ്ഞു: ”നമ്മുടെ പഴമയെപ്പറ്റി അഭിമാനത്തോടെ സ്മരിച്ചുകൊണ്ടും വര്‍ത്തമാനകാലത്തെ യാഥാര്‍ത്ഥ്യബോധത്തോടെ കണക്കിലെടുത്തു കൊണ്ടും, ഭാവിയെപ്പറ്റിയുള്ള മഹത്വാകാംക്ഷയോടു കൂടിയും നമുക്ക് ഭാരതത്തിന്റെ നവ നിര്‍മ്മാണത്തില്‍ മുഴുകാം. നാം ഭാരതത്തെ പ്രാചീന കാലത്തിന്റെ നിഴലാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മറ്റു രാജ്യങ്ങളുടെ പകര്‍പ്പാകാനും ആഗ്രഹിക്കുന്നില്ല. ലോകത്തിലുള്ള സമ്പൂര്‍ണ്ണ ജ്ഞാനത്തിന്റേയും നമ്മുടെ പരമ്പരയുടേയും അടിസ്ഥാനത്തില്‍ നാം ഭാരതത്തെ നവനിര്‍മ്മാണം ചെയ്യും. അതു നമ്മുടെ പൂര്‍വ്വികരുടെ ഭാരതത്തിനെക്കാള്‍ ഗൗരവശാലിയായിരിക്കും. അവിടെ ജനിച്ച മനുഷ്യന്‍ അവന്റെ വ്യക്തിത്വത്തെ വികസിപ്പിച്ച്, സമ്പൂര്‍ണ മാനവ സമുദായത്തിന്റെ മാത്രമല്ല, സമ്പൂര്‍ണ സൃഷ്ടിയുടേയും ഏകാത്മത സാക്ഷാത്കരിച്ച് അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും” ഈ ചിന്താധാരയാണ് നമ്മുടെ കൈമുതല്‍. ഇതാണവര്‍ക്ക് നഷ്ടപ്പെട്ടതും.