രാഷ്ട്രീയ-മാധ്യമരംഗങ്ങളിലെ കിടമത്സരങ്ങളില്‍ ബോധപൂര്‍വ്വമോ അല്ലാതെയോ ഒഴിവാക്കപ്പെടുന്ന നേരിന്റെയും വസ്തുതകളുടെയും യാഥാര്‍ത്ഥ്യത്തിന്റെയും നില അന്വേഷിച്ച ചിന്തകര്‍ പുതിയ കാലത്തിന് നല്‍കിയ പേരാണ് സത്യാനന്തരകാലം (Post Truth Era). 1992 ല്‍ സ്റ്റേവ് ടെസിക് (Stojan Steve Tesich) എന്ന സേര്‍ബ്യന്‍-അമേരിക്കന്‍ എഴുത്തുകാരനാണ് ഈ പദം ആദ്യമായുപയോഗിച്ചത്. 2016 ലെ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് കാലത്ത് ഈ വാക്ക് വ്യാപകമായി ഉപയോഗിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ആ വര്‍ഷത്തെ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ‘ഇന്റര്‍ നാഷണല്‍ വേര്‍ഡ് ഓഫ് ദ ഇയര്‍’ പുരസ്‌കാരം സത്യാനനന്തരകാലം എന്ന പദത്തിനായിരുന്നു. മാധ്യമങ്ങളാണ് സത്യാനന്തര കാലത്തെ നിര്‍മ്മിക്കുന്നതെങ്കിലും അതിന്റെ യഥാര്‍ത്ഥ സ്രഷ്ടാക്കള്‍ അര്‍ദ്ധ സ്വേച്ഛാധിപതികളായ രാഷ്ട്രത്തലവന്മാരാണ്. ലോകരാജ്യങ്ങളിലെ പ്രബലരായ ഏകാധിപതികളെല്ലാം മാധ്യമങ്ങള്‍ വഴി കൃത്രിമമായി സൃഷ്ടിച്ച ആശയങ്ങളിലൂടെയാണ് തങ്ങളുടെ ജനങ്ങളെ നയിക്കുന്നത് എന്നതാണ് സത്യാനന്തര കാലത്തെക്കുറിച്ച് പഠിച്ച ചിന്തകര്‍ കണ്ടെത്തുന്നത്. സത്യമെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ അസത്യം പ്രചരിപ്പിക്കുക, യാഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കും വിധം അയാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കുക – ഇത്തരത്തിലാണ് ഈ രാഷ്ട്രത്തലവന്‍മാര്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. 2014ല്‍ യുക്രൈയിനിലും ക്രിമിയനിലും റഷ്യ നടത്തിയ രക്തരൂക്ഷിതമായ അധിനിവേശത്തെ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചത് ഉദാഹരിച്ചുകൊണ്ട് യുവാല്‍ നോവ ഹാരരി (Yuval Noah Harari) സത്യാനന്തരകാലത്തിന്റെ വ്യാജനിര്‍മ്മിതികളെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്. (21 Lessons for the 21st Century,Jonathan Cape, London 2018)
ഡോണാള്‍ഡ് ട്രംപ്, വ്‌ളാദ്മിര്‍ പുടിന്‍, ഷീ ജിന്‍പിങ് തുടങ്ങിയ അര്‍ദ്ധസ്വേച്ഛാധിപതികള്‍ തങ്ങളുടെ സ്ഥാപിത താല്‍പര്യത്തിനായി വ്യാജവാര്‍ത്തകളുണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതികള്‍ അന്തര്‍ദേശീയ രാഷ്ട്രതന്ത്ര പഠനത്തില്‍ മുഖ്യവിഷയമാണ്. അതേസമയം സത്യാനന്തരകാലത്തെ ‘ഫെയ്ക് കള്‍ച്ചര്‍’ ജനാധിപത്യ രാഷ്ട്രങ്ങളില്‍ നേര്‍വിപരീതമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഏകാധിപത്യ-അര്‍ദ്ധ സ്വേച്ഛാധിപത്യ രാഷ്ട്രങ്ങളില്‍ രാഷ്ട്രത്തലവന്‍മാരും ഭരണകൂടവുമാണ് വ്യാജമാധ്യമ സംസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതെങ്കില്‍ ജനാധിപത്യ രാജ്യങ്ങളില്‍ നേരെമറിച്ചാണ് സ്ഥിതി. അവിടെ ജനാധിപത്യരീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ഭരണാധികാരിക്കും ഭരണകൂടത്തിനുമെതിരായാണ് അത് പ്രവര്‍ത്തിക്കുന്നത്. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹം നയിക്കുന്ന ഭരണകൂടവും കഴിഞ്ഞ അഞ്ചുവര്‍ഷമായി സത്യാനന്തരകാലത്തെ ഫെയ്ക് കള്‍ച്ചറിന്റെ ഇരയായിരുന്നു.
പ്രബലമായ ലോകരാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി ഭാരതം ജനാധിപത്യത്തിന്റെ വഴിക്കു വന്നിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. ഇതിനിടയില്‍ ഏകാധിപത്യത്തിന്റെ ഇരുണ്ടകാലമുണ്ടായെങ്കിലും ഭാരതത്തിലെ പൗരസമൂഹം അതിനെ പെട്ടെന്ന് തന്നെ കുടഞ്ഞെറിഞ്ഞു. എങ്കിലും ഏകാധിപത്യത്തിന്റെ അടിവേരുകള്‍ ചിലരുടെയെങ്കിലും അബോധത്തിലിപ്പോഴുമുണ്ട്. ഇത്തരം അബോധവും പേറി നടക്കുന്നവരാണ് ഭാരതമെന്ന ജനാധിപത്യ രാജ്യത്തില്‍ സത്യാനന്തരകാലം നിര്‍മ്മിക്കുന്നവരില്‍ പ്രധാനികള്‍. പുറമേ പറയുന്നതും കാണിക്കുന്നതും ഒന്ന്, ഉള്ളിലുള്ളതാവട്ടെ അതിന് നേര്‍ വിപരീതമായ മറ്റൊന്ന്-സത്യാനന്തര കാലത്തിന്റെ സ്രഷ്ടാക്കള്‍ ലോകത്തെല്ലായിടത്തും ഇങ്ങനെയാണ്. ഭാരതത്തില്‍ ജനാധിപത്യം, മതേതരത്വം എന്നിവയ്ക്കുവേണ്ടി നിരന്തരം വാദിക്കുന്നവരെ നോക്കൂ, അവരുടെയുള്ളിലാണ് ഏറ്റവും കൂടുതല്‍ ഏകാധിപത്യ-വര്‍ഗ്ഗീയ മനോഭാവം കാണുക. തങ്ങളുടെയുള്ളിലുള്ള മനോഭാവങ്ങളെ രാഷ്ട്രീയ എതിരാളികളില്‍ ആരോപിക്കുക വഴി ഇവര്‍ സത്യാനന്തരകാലത്തിന്റെ കാവല്‍ഭടന്മാരാവുന്നു. 2014 ല്‍ ഭാരതത്തില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദിയെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ എതിരാളികള്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ മാത്രം പരിശോധിച്ചാല്‍ സത്യാനന്തരകാലത്തിന്റെ ഭീഷണമായ മുഖം മനസ്സിലാക്കാം.
രാഷ്ട്രീയ എതിരാളികള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും നരേന്ദ്ര മോദി ലോകരാജ്യങ്ങള്‍പോലും അംഗീകരിക്കുന്ന ശക്തനായ ഭരണാധികാരിയാണ്. ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ച് അധികാരത്തില്‍ തിരിച്ചെത്താന്‍ മോദിയെ നിരന്തരം എതിര്‍ക്കേണ്ടത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷത്തിന്റെ ജാഗ്രതയെ ആര്‍ക്കും തള്ളിക്കളയാന്‍ പറ്റില്ല. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മോദിയെ വ്യക്തിപരമായും അല്ലാതെയും നിരന്തരം പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തവരുടെയുള്ളില്‍ പ്രതിപക്ഷ ജാഗ്രതയേക്കാള്‍ സത്യാനന്തര കാലത്തെ വ്യാജ മാധ്യമസംസ്‌കാരമാണ് തെളിഞ്ഞു കാണുന്നത്.
ഇടതു- വലതു രാഷ്ട്രീയ മുന്നണികളും അവരുടെ കീഴിലുള്ള ബുദ്ധിജീവിസംഘവും മാധ്യമപ്രവര്‍ത്തകരും ഒരു കുടക്കീഴില്‍ ഒത്തുചേര്‍ന്നാണ് നരേന്ദ്ര മോദിക്കെതിരെ വ്യാജവാര്‍ത്തകള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്നത്. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും സ്വയം സൃഷ്ടിച്ച് അത് സത്യമാണെന്ന തോന്നലുകള്‍ മറ്റുള്ളവരിലുണ്ടാക്കുംവിധം പ്രചരിപ്പിക്കാന്‍ ഇവര്‍ക്ക് പ്രത്യേക ട്രെയിനിങ്ങ് ലഭിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി ഇവര്‍ പ്രൊഫഷണലായി അത് ചെയ്തുവരികയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവരുടെ പ്രചാരണായുധമായ വാക്കാണ് ഫാസിസം. ദേശീയതയില്‍ അഭിമാനിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വരാന്‍ തുടങ്ങിയ കാലംതൊട്ടാണ് ഇവര്‍ ഇതുപയോഗിക്കാന്‍ തുടങ്ങിയത്. ജെ.എന്‍.യു, അലിഗഡ് തുടങ്ങിയ സര്‍വ്വകലാശാലകളിലെ തീവ്ര ഇടത്- ഇസ്ലാമിക ബുദ്ധിജീവികളാണ് ഫാസിസം ഇന്ത്യയില്‍ വന്നുകഴിഞ്ഞു എന്ന് പ്രചരിപ്പിച്ച് വ്യാജമായ ഉത്കണ്ഠകള്‍ ആദ്യമായി ജനങ്ങളിലുണ്ടാക്കിയത്. അതിനുശേഷം ഇടത്- ഇസ്ലാമിക തീവ്രചിന്താഗതിക്കാരുള്ള സ്ഥലങ്ങളിലൊക്കെ ഫാസിസമെന്ന വ്യാജനിര്‍മ്മിതി വന്‍തോതില്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടു. എം. എന്‍. വിജയന്‍ കേരളത്തിലെ ബുദ്ധിജീവിയായി അവരോധിക്കപ്പെടുന്നത് അദ്ദേഹം ഫാസിസം എന്ന പ്രയോഗം വാളും പരിചയുമായി ഉപയോഗിച്ചതുമുതലാണെന്ന് നമുക്കറിയാം. അതുവരെ അദ്ദേഹം ഒരു സാഹിത്യനിരൂപകന്‍ മാത്രമായിരുന്നു. ശത്രുവിന് നേരെ തൊടുക്കാനും വേണ്ട സമയത്ത് പ്രതിരോധിക്കാനും അദ്ദേഹം ഫാസിസമെന്ന സംജ്ഞ യഥേഷ്ടമുപയോഗിച്ചു. വിജയനുശേഷം കെ.ഇ. എന്നിലൂടെ സുനില്‍ പി. ഇളയിടത്തിലേക്ക് ആ ആയുധം കൈമാറി വന്നു. പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും ഇവര്‍ ജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ പടര്‍ത്തി. ഈ വിധത്തില്‍ ഫാസിസമെന്ന പ്രയോഗം സത്യാനന്തര കാലത്ത് ഏറ്റവും വിറ്റഴിഞ്ഞ വ്യാജബിംബമായി മാറി. യഥാര്‍ത്ഥത്തിലില്ലാത്ത ശത്രുവിനെ ഉണ്ടെന്ന് സ്വയം സങ്കല്‍പ്പിച്ച് അതിനെതിരെ യുദ്ധംചെയ്യാന്‍ ആഹ്വാനം ചെയ്ത ഇവര്‍ സത്യത്തില്‍ സെര്‍വാന്തസ്സിന്റെ ഡോണ്‍ ക്വിക്‌സോട്ടിനെപ്പോലെ പരിഹാസ്യരാവേണ്ടതാണ്. എന്നാല്‍ ഇവര്‍ പറയുന്നത് കള്ളമാണെന്ന് ബോധ്യപ്പെട്ടിട്ടും അത് സത്യമാണെന്ന് വിശ്വസിക്കാന്‍ കേരളീയര്‍ തയ്യാറാവുന്നു എന്നതാണ് അതിന്റെ വൈപരീത്യം.
ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയാണ് തങ്ങള്‍ ഫാസിസ്റ്റായ നരേന്ദ്ര മോദിയെ എതിര്‍ക്കുന്നത് എന്നാണ് ഇടതു- വലതു- ഇസ്ലാമിക ബുദ്ധിജീവികളെല്ലാം ഒരേ സ്വരത്തില്‍ അവകാശപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഇവരുടെതന്നെ അബോധമാണ് ഈ ഏകസ്വരത്തില്‍ പ്രതിഫലിക്കുന്നതെന്ന് നാം തിരിച്ചറിയുന്നില്ല. തങ്ങളുടെ അബോധത്തിലുള്ള ഫാസിസ്റ്റ് മനോഭാവമാണ് സത്യത്തില്‍ ഇവര്‍ നരേന്ദ്ര മോദിയില്‍ ആരോപിക്കുന്നത്. സ്വേച്ഛാധിപത്യത്തിന്റെ ദീര്‍ഘപാരമ്പര്യമുള്ളവരാണ് ഇടത്-ഇസ്ലാമിക തീവ്രവാദികള്‍. അടിയന്തരാവസ്ഥയുടെയും സിഖ് കലാപത്തിന്റെയും പാരമ്പര്യം വലതു ചിന്തകര്‍ക്കുമുണ്ട്. തങ്ങളുടെയുള്ളിലുള്ള ഫാസിസത്തിന്റെ ഈ പാരമ്പര്യത്തെ മറച്ചുവെച്ചുകൊണ്ട് ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനെതിരെ, അതിനെ നയിക്കുന്ന ഭരണാധികാരിക്കെതിരെ ഇവര്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചരണങ്ങള്‍ സത്യാനന്തരകാലത്താണ് നമ്മള്‍ ജീവിക്കുന്നത് എന്ന കാര്യം ഉറപ്പിക്കുന്നുണ്ട്. നരേന്ദ്ര മോദി 2014 ലെ പ്രചരണ കാലത്ത് താന്‍ ജയിച്ചാല്‍ ഓരോ ഇന്ത്യക്കാരനും പതിനഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പറഞ്ഞതായി പ്രചരിക്കുന്ന വ്യാജവാര്‍ത്ത മാത്രം ഉദാഹരണമായെടുക്കാം. നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങനെയല്ലെന്ന് അറിയാഞ്ഞിട്ടല്ല എതിരാളികളും മാധ്യമങ്ങളും 2019 ലെ തിരഞ്ഞെടുപ്പുവരെ ഈ അസത്യം പ്രചരിപ്പിച്ചത്. ട്രെയിനില്‍ വെച്ച് നടന്ന സീറ്റ് തര്‍ക്കത്തില്‍ കൊല്ലപ്പെട്ടതാണെന്ന് അറിയാഞ്ഞിട്ടല്ല ബീഫ് കൈവശംവെച്ചതിന്റെ പേരില്‍ തല്ലിക്കൊന്നുവെന്ന് ഇവര്‍ തെറ്റായി പ്രചരിപ്പിച്ചത്. ഇത്തരത്തില്‍ വീണുകിട്ടുന്ന സന്ദര്‍ഭങ്ങളും സംഭവങ്ങളും വ്യാജവാര്‍ത്തകളാക്കി മാറ്റുന്നതില്‍ പ്രത്യേക പ്രാവീണ്യം നേടിയവരാണ് നമ്മുടെ സമൂഹത്തെ സത്യാനന്തരകാലത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്നത്.
2019 ലെ ലോകസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം നരേന്ദ്ര മോദി വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയിരിക്കയാണ്. സത്യാനന്തരകാലത്തിന്റെ വ്യാജപ്രചരണങ്ങള്‍ കേരളത്തിലൊഴിച്ച് മറ്റൊരിടത്തും ഫലം കണ്ടില്ല. അതുകൊണ്ടുതന്നെ ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളെല്ലാം കഴിവുകെട്ടവരും കേരളീയര്‍ മാത്രം പ്രബുദ്ധരുമാണെന്ന് ഇടതു-വലതു മുന്നണികള്‍ അവകാശപ്പെടുന്നു. പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിലുള്ള നിരാശയില്‍നിന്നുമുണ്ടാവുന്നതാണ് ഇത്തരം പ്രബുദ്ധതയെന്ന് വ്യക്തം. എന്നാല്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ എന്ന് സ്വയം അഭിമാനിക്കുന്ന ഇടതു-വലതു ബുദ്ധിജീവികളും എഴുത്തുകാരും ഇക്കാര്യംതന്നെ പലരീതികളില്‍ ആവര്‍ത്തിച്ച് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യാന്‍ ആവുംവിധം ശ്രമിക്കുന്നത് കാണുമ്പോള്‍ സത്യാനന്തര വ്യാജസംസ്‌കാര നിര്‍മ്മിതിയില്‍ ഇവര്‍ക്കുള്ള പങ്കെത്രയുണ്ടെന്ന് വ്യക്തമാണ്. കേരളീയര്‍ പ്രബുദ്ധരായതുകൊണ്ടല്ല, ഏത് കള്ളവും അത് കള്ളമാണെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ വെള്ളംതൊടാതെ വിഴുങ്ങാന്‍ നമ്മള്‍ ശീലിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
രാഷ്ട്രീയ എതിരാളികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ദുരാരോപണങ്ങളെയെന്നപോലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കള്ളപ്രചരണങ്ങളെയും പരിഹസിച്ച് തള്ളിക്കളയാം. അങ്ങനെയാണ് ഇതുവരെ ചെയ്തുപോന്നതും. എന്നാല്‍ ഈ വിഷയത്തില്‍ കുറേക്കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. കാരണം ഇവരാണ് സത്യാനന്തര കാലത്തെ വ്യാജസംസ്‌കാരത്തിന്റെ യഥാര്‍ത്ഥ സ്രഷ്ടാക്കള്‍. എന്നുവെച്ച് സംഘടിതമായി എണ്ണയിട്ട യന്ത്രംപോലെ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന മസ്തിഷ്‌ക്ക പ്രക്ഷാളനങ്ങളെ അവഗണിക്കാന്‍ പറ്റുമോ? ഒരിക്കലുമില്ല. അവഗണനയും പരിഹാസവും കൊണ്ട് ഇവരെ നേരിടുന്നതിന് പകരം ഇവര്‍ക്ക് ബദലായി ദേശീയബോധമുള്ള, പൊതുസമ്മതരായ സാംസ്‌കാരിക വ്യക്തിത്വങ്ങളെ വളര്‍ത്തിക്കൊണ്ടുവരികയാണ് വേണ്ടത്. ഇതെങ്ങനെ സാധിക്കും? ഗൗരവമായി ആലോചിക്കേണ്ട വിഷയമാണിത്. കാരണം കേരളത്തെ സംബന്ധിച്ചെങ്കിലും സത്യാനന്തരകാലത്ത് ജനാധിപത്യത്തിന്റെ ഭാവി ഇവരുടെ കയ്യിലാണുള്ളത്.