കാലം മാറുന്നത് അടയാളങ്ങളിലൂടെയാണ് അറിയിക്കുന്നത്. ജീവിതത്തില്‍ ഓരോ കാലത്തും ശരീരത്തിലും മനസ്സിലും അടയാളങ്ങള്‍ വരും. അത് വളര്‍ച്ചയുടെ, ജീവിച്ചിരിക്കുന്നതിന്റെ മാത്രമല്ല, കരുതലെടുക്കേണ്ടതിന്റെ അറിയിപ്പുകൂടിയാണ്. ജരയും നരയും വാതവും കാഴ്ച്ചക്കുറവുമൊക്കെപ്പോലെ.
‘കാലത്തിനൊത്ത് കോലം’ എന്ന ചൊല്ലിനെ നമ്മള്‍ വെറും വേഷവിധാനത്തിലേക്ക് ഒതുക്കിയതെന്നാണ്? കാലം നല്‍കുന്ന അടയാളങ്ങള്‍ നമ്മള്‍ പരിഷ്‌കാരങ്ങളുടെ ചിഹ്നങ്ങള്‍ മാത്രമാക്കിക്കണ്ടു. പ്രകൃതിയെ നോക്കിപ്പഠിച്ചിരുന്ന രീതി മാറിയപ്പോള്‍ സംഭവിച്ചതാണത്.നിഴലും നിലാവും നോക്കി, പക്ഷിയുടെ ചിലയ്ക്കല്‍ കേട്ട്, മൃഗങ്ങളുടെ ചേഷ്ടകള്‍ കണ്ട് മനുഷ്യന്‍ ജീവിത രീതിയും ചിട്ടയും ക്രമപ്പെടുത്തിയ കാലമുണ്ടായിരുന്നു; യന്ത്രത്തിന്റെ ആധിപത്യത്തില്‍ ആ താളം മുറിഞ്ഞു. കൃത്യത വേണ്ടിടത്തൊക്കെ ആ യന്ത്രക്കരുത്ത് ഏറെ സഹായകമായപ്പോള്‍ അത് സാര്‍വത്രികമായ ഉപയോഗത്തില്‍ പലയിടങ്ങളിലും സങ്കീര്‍ണമായി, ‘യാന്ത്രിക’മായി.
പ്രകൃതിയുടെ അറിയിപ്പും അതിനെ സ്വീകരിക്കാന്‍ മനുഷ്യര്‍ ഉണ്ടാക്കിയ ആഘോഷ സംസ്‌കാരവും ചേര്‍ന്ന് ഒരു പൂരണമുണ്ടാക്കിയിരുന്നു. അതില്‍ ഇമ്പമുണ്ടായിരുന്നു, താളമുണ്ടായിരുന്നു, ക്രമമുണ്ടായിരുന്നു. അതിന് ചില സാമൂഹ്യ മര്യാദകളും ചട്ടങ്ങളുമുണ്ടാക്കിയിരുന്നു. ആ ചട്ടങ്ങള്‍ അനുസരിക്കാനും അനുവര്‍ത്തിക്കാനും ചില വിശ്വാസങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അത് ആചരണങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും സംസ്‌കാരമായി രൂപപ്പെട്ടിരുന്നു. അവ അതത് പ്രദേശങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ഭേദപ്പെട്ടിരുന്നു. ആ സംസ്‌കാരത്തെയും വലിയൊരു പരിധിവരെ യന്ത്രയുഗം അമര്‍ത്തിയൊതുക്കിക്കളഞ്ഞിരുന്നു.
പ്രകൃതി നല്‍കുന്ന മുന്നറിയിപ്പുകള്‍ പ്രകാരം ജീവിത താളം ക്രമപ്പെടുത്തുന്ന, അന്നുവരെയുള്ള ചിട്ടകള്‍ക്ക് മാറ്റം വരുത്തുന്ന രീതി ലോകത്തെമ്പാടുമുണ്ട്. അത് വിദേശ രാജ്യങ്ങളിലാണെങ്കില്‍ മനോഹരവും ഭദ്രവും മഹത്തും ആകുകയും നമ്മുടെ നാട്ടിന്‍പുറത്താണെങ്കില്‍ നാണക്കേടാണെന്ന് കരുതുകയും ചെയ്യുന്ന മനഃസ്ഥിതിക്കാര്‍ സൃഷ്ടിക്കപ്പെട്ടത് മുമ്പ് പറഞ്ഞ യന്ത്രയുഗത്തിന്റെ ഉപോല്‍പ്പന്നങ്ങളിലൊന്നാണ്.
ലോകത്തെല്ലാ രാജ്യങ്ങളിലും പ്രകൃതിയുടെ കാലമാറ്റം അറിയിക്കലിന്റെ ഉത്സവങ്ങളുണ്ട്. അവയെല്ലാം ഏറെക്കുറേ കാര്‍ഷിക ഉത്സവങ്ങളാണ്. കൊയ്ത്തുത്സവങ്ങളെന്ന് പൊതുപേരു പറയാം. ചെറുതും വലുതുമായ അത്തരം ഉത്സവങ്ങള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്; വിശാല യൂറോപ്പിലുള്ളതിനേക്കാള്‍. നമ്മുടെ പ്രാദേശിക സംസ്‌കാര വൈവിധ്യത്തിന്റെ പരപ്പാണ് അത് കാണിക്കുന്നത്.
വിഷുവിലേക്ക് വരാം. കണിയാണ് വിഷു. ‘കണികാണും നേരം കമല നേത്രന്റെ കളി’യാണ് പശ്ചാത്തലമായി വരിക. കണിക്കൊന്നയും വെള്ളരിയും ഫലങ്ങളും പിന്നാലേ. വെടിയും പടക്കവും വിഷുസദ്യയും വിഷുഭാവിഫലവുമൊക്കെയായി ചിലയിടങ്ങളില്‍ മനസ്സും ശരീരവും ഒതുങ്ങിക്കൂടിപ്പോകുന്ന ഇക്കാലത്ത് വിഷുവിലെ പ്രകൃതിപക്ഷത്തെ കാണാനും ചിന്തിക്കാനും ആര്‍ക്കുണ്ട് സമയം? അതുകൊണ്ടാണ്, ശാസ്ത്രം കവിതയിലും പ്രയോഗിച്ച കവിയായിട്ടും വൈലോപ്പിള്ളി ഓര്‍മിപ്പിച്ചത് ‘ഏത് ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും, ഏത് യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും, മനസില്‍ ഗ്രാമത്തിന്റെ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും ഉണ്ടാകട്ടെ’ എന്ന് ആശംസിച്ചത്. കവി പറഞ്ഞ ‘ധൂസര സങ്കല്‍പ്പവും യന്ത്രവല്‍കൃത ലോകവും’ ഉണ്ടാക്കിത്തീര്‍ത്ത വിചിത്രകാലത്ത്, പ്രകൃതിയുടെ അടയാളങ്ങള്‍ അറിഞ്ഞുള്ള കാലബോധം നമ്മള്‍ക്ക് അകന്നേ പോകുകയാണല്ലോ.
കണികാണണം, ദിവസവും കണി പ്രധാനം, അതാണ് അന്നത്തെ ജീവിതത്തിലെ നേട്ടവും നഷ്ടവും നിര്‍ണയിക്കുന്നത്; അങ്ങനെ ഒരു വര്‍ഷത്തേക്കുള്ള നേട്ടങ്ങളുടെ കണികാണുന്ന ദിവസമായാണ് വിഷുവിനെ ചില വിശ്വാസികള്‍ കണക്കാക്കുന്നത്. അതിന് ഒരുക്കുന്ന കണിക്കാഴ്ചയില്‍ ചേര്‍ക്കുന്നതെല്ലാം പ്രകൃതി നമുക്ക് നല്‍കുന്നവയുമാണ്. കണിയൊരുക്കുമ്പോള്‍ അതില്‍ കമനീയമായി ഇഷ്ടദൈവത്തെ ചേര്‍ക്കുന്നവരുണ്ട്. കുറച്ചുകൂടി ആത്മീയ-വേദാന്ത ചിന്താബോധമുള്ളവര്‍ ഉള്‍പ്പെടുത്തുന്ന കണ്ണാടിയും കോടിയും ഗ്രന്ഥവും മറ്റും മാറ്റ് മാത്രമല്ല കൂട്ടുന്നത്.
പക്ഷേ, വിഷുക്കണിയുടെ സാംസ്‌കാരിക സന്ദേശം മറ്റുചിലതുകൂടിയാണ്. അത് ശ്രീകൃഷ്ണലീലയുടെ അപദാനങ്ങളില്‍ തീരരുത്. അത് കണ്ണിനിമ്പം നല്‍കുന്ന കൊന്നപ്പൂക്കളുടെയും കണിവെള്ളരിയുടെയും മഞ്ഞപ്പില്‍ അവസാനിക്കരുത്. അത് കാര്‍ഷിക സംസ്‌കാരത്തിലേക്ക് നമ്മെ നയിക്കുന്നുവെങ്കിലേ വിഷുക്കണി പൂര്‍ത്തിയാകൂ, വിഷുഫലം സാര്‍ത്ഥകമാകൂ.
സമ്പൂര്‍ണ സ്വാശ്രയത്വത്തിന്റെ പ്രകൃതി സന്ദേശം ഓര്‍മിപ്പിക്കലാണ് ഈ ഉത്സവാഘോഷമെന്ന തിരിച്ചറിയലാണ് വിഷുസന്ദേശം. ‘വിഷുക്കാലമല്ലേ, കണിക്കൊന്നയല്ലേ, പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ’ എന്ന് കവിത എഴുതിയത് ഡോ. കെ. അയ്യപ്പപ്പണിക്കരാണ്. വിഷുക്കാലത്തല്ലാതെയും കൊന്നപൂക്കുന്ന കാലമാണിന്ന്. പക്ഷേ, വിഷുവിന് കൊന്നപൂക്കും. പൂക്കുന്നതെല്ലാം കായ ആകണമെന്നും ആ കായകളെല്ലാം വീണ് മുളയ്ക്കണമെന്നും കൊന്നയ്ക്ക് നിര്‍ബന്ധമുണ്ട്, നിഷ്‌കര്‍ഷയുണ്ട്. അതുകൊണ്ടുതന്നെ കൊന്ന കായ്ച്ച് വിളഞ്ഞാല്‍ മഴ ഉറപ്പാണ്. ഇക്കാര്യത്തില്‍ ഗവേഷണം നടത്തി അത് ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കൊന്നയ്ക്കുള്ള ആ നിഷ്‌കര്‍ഷ, കൊന്ന കണികാണുന്നവര്‍ക്ക് ഉണ്ടാകുന്ന കാലത്താണ് വിഷുആഘോഷം കൂടുതല്‍ അര്‍ത്ഥപൂര്‍ണമാകുന്നത്.
വെള്ളരിയും ചക്കയും മാങ്ങയും നെല്ലും അരിയും കണിക്കൊന്നയും അടയ്ക്കയും വെറ്റിലയും മറ്റും മറ്റും നമ്മുടെ വീട്ടുതൊടിയില്‍ വിളയുന്നുണ്ടോ? വേണ്ട, നമ്മുടെ നാട്ടിന്‍ പുറത്ത് വിളവെടുക്കുന്നുണ്ടോ? മുണ്ടും പൊന്നും ചാന്തും സിന്ദൂരവും കണ്‍മഷിയും പരിചയക്കാരനായ നാട്ടുകച്ചവടക്കാരില്‍നിന്ന് നമ്മള്‍ വാങ്ങുന്നുണ്ടോ? നിലവിളക്കില്‍ കത്തുന്ന തിരി, അലക്കിയ പഴയ ചീട്ടിത്തുണി കൈവെള്ളയിലിട്ട് തെറുത്ത് നമ്മള്‍ തിരിയാക്കിയതാണോ? എന്തിന്, കണിയുരുളിയിലെ ഏതെങ്കിലും ഉല്‍പ്പന്നങ്ങളില്‍ നമ്മുടെ സ്പര്‍ശമുണ്ടോ, അവയില്‍ ഏതെങ്കിലും ഉല്‍പ്പാദിപ്പിക്കാന്‍ നമ്മള്‍ വിയര്‍ത്തിട്ടുണ്ടോ? അതോ സകലതും ‘ഡിജിറ്റല്‍ പേയ്മെന്റില്‍’ ‘ഹോം ഡലിവറി’ കിട്ടുകയും ‘ഓണ്‍ലൈന്‍ ഷോപ്പിങ്’ ശീലമാകുകയും ചെയ്തിരിക്കെ ‘ലോക്കല്‍ പര്‍ച്ചേസ്’ പുച്ഛമായി മാറിക്കഴിഞ്ഞ തലമുറയിലായോ നിങ്ങളും!
വിയര്‍ത്തിട്ടില്ലെങ്കില്‍, വിശ്വാസത്തിന്റെ പേരില്‍, വിഷുവിന് ആചാരപരമായി കൈനീട്ടം വാങ്ങാന്‍ ആഘോഷത്തോടെ വീട്ടുകാര്‍ക്ക് മുന്നില്‍ ചിരിച്ചു നില്‍ക്കുന്ന നമ്മള്‍, സ്ഥിരമായി അന്യര്‍ക്കു മുന്നില്‍ കൈനീട്ടേണ്ടി വരുന്ന കാലം വരുന്നെന്ന് ഞെട്ടലോടെ അറിയുന്നെങ്കില്‍, അതാണ് ശരിയായ വിഷുഫലം.
വിത്തും കൈക്കോട്ടുമുണ്ട്, പക്ഷേ അതെടുത്ത് വിയര്‍ക്കാനാവില്ലെങ്കില്‍, വിയര്‍ക്കുന്നവരെ വീശിത്തണുപ്പിക്കാനോ അവര്‍ക്ക് ആശ്വാസമേകാനോ തയ്യാറാകുക എന്ന സന്ദേശം നല്‍കല്‍കൂടിയാണ് വിഷു. ആഗോള മനുഷ്യനാകുമ്പോഴും വിളിവട്ടത്തുള്ളവരെ കാണുകയും അവര്‍ക്ക് കൈകോര്‍ക്കുകയും ചെയ്യുക. അങ്ങനെയാണ് വിശ്വമാനവികത പിറക്കേണ്ടത്, വിഷു മാനസികാവസ്ഥ പുലരേണ്ടത്. അത്തരമൊരു സ്വാശ്രയ പാഠം ഓര്‍മിപ്പിക്കല്‍ കൂടിയാണ് വിഷു. ‘പശു നമുക്ക് പാല്‍ തരുന്നു’ എന്നായിരുന്നു പണ്ട് പാഠപുസ്തകത്തില്‍. പശുവും പുല്ലും വൈക്കോലും കൃഷിപ്പാടവും നിലം ഉഴലും കാലി വളര്‍ത്തലും മുത്തശ്ശിയും കറവക്കാരനും പാല്‍ക്കാരന്‍/പാല്‍ക്കാരി… ഒക്കെ ആ പുസ്തകത്താളില്‍ നിന്ന് ഇറങ്ങി വരുമായിരുന്നു. കാലം മാറിയപ്പോള്‍ പാല്‍ കിട്ടുന്നത് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണെന്ന് കുട്ടികള്‍ പറയുമ്പോള്‍ പ്രകൃതിയെ പഠിപ്പിക്കാന്‍, ജീവരാശിക്രമം പഠിപ്പിക്കാന്‍ അധ്യാപകര്‍ വിയര്‍ക്കും. പണ്ടത്തെ ജീവിതം, കാലം നല്ലത്, അങ്ങനെയല്ല എന്ന തര്‍ക്കത്തിനെങ്കിലും വിഷു ബോധമുണര്‍ത്തും. സ്വാശ്രയത്വത്തിന് ആഗ്രഹിച്ച്, കൂടുതല്‍ പരാശ്രയത്വത്തിലേക്ക് കൂപ്പുകുത്താനേ കഴിയൂ എന്നാണ് നമ്മുടെ ഗതി.
വിഷു, കഥയും കവിതയും കല്‍പ്പനികതയും പൂക്കുന്ന കാലം മാത്രമായി. എന്നും ഫലസമൃദ്ധമായ തൊടിയെ, പ്രകൃതിയെ കണികാണാന്‍ കൊതിയും മതിയുമില്ലാതായ നമുക്ക്, അത് വിധിയേ ഇല്ലാതാവുകയാണ്. അനന്താകാശം സ്വപ്‌നത്തിലും അന്യമായിക്കൊണ്ടിരിക്കുകയാണ്. വിഷുക്കാലത്തും അത്തരത്തില്‍ ഗഹന ചിന്ത ഉണ്ടാകാറുമില്ല. സ്വപ്‌നങ്ങളിലും സങ്കല്പങ്ങളിലും അഭിരമിക്കും, കവിതയെഴുതും, വാഹ്! വാഹ് എന്ന് സ്വയം തോളില്‍ത്തട്ടും. അവിടെത്തീരും.
”മഞ്ഞയാല്‍ മരക്കൂട്ടം
തോരണം കെട്ടിത്തൂക്കീ
കുഞ്ഞിളം വിഷുപ്പക്ഷി
സ്വാഗതം നീട്ടിപ്പാടീ
സ്പഷ്ട നീലിമ നീക്കി
മാനത്തെ മച്ചില്‍ നിന്നും
കൃഷ്ണ നിന്‍ വരവുണ്ടെ
ന്നോതുന്നു മയില്‍പ്പീലി
കൊന്നക്കു തമ്പ്രാന്‍ നല്‍കീ
കുന്നോളം വരാഹന്‍ ഹാ!
കൊന്നയിന്നതു കോര്‍ത്തു നാ
ട്ടാര്‍ക്കു കാണാന്‍ ചാര്‍ത്തീ
നന്നു നിന്‍ കൈനീട്ടമെന്നാര്‍
ത്താര്‍ത്തു ജനക്കൂട്ടം
ഒന്നുമേ മിച്ചം വെയ്ക്കാതങ്ങറയ്ക്കുള്ളില്‍ തൂക്കീ…” അങ്ങനെയാണ് നമ്മുടെ രീതി…
എങ്കിലും ഇപ്പോള്‍….. തുടരാം…
വിഷുവിന് കണിക്കും സദ്യയ്ക്കും പ്രാധാന്യം കൊടുക്കുന്നു ചിലയിടങ്ങളില്‍, ചിലയിടത്ത് ‘ചാലിടല്‍’ എന്നൊരു ചടങ്ങുണ്ട്. കന്നുകാലികളെയും അലങ്കരിച്ച് ആരാധിച്ച്, കലപ്പപൂട്ടി, പുതിയ കാര്‍ഷികോപകരണങ്ങള്‍ ഉപയോഗിച്ച് നിലം ഉഴുത് വിത്തുവിതയ്ക്കുന്നതാണ് ആ ചടങ്ങ്. വിഷുസദ്യയാണ് ചിലയിടങ്ങളില്‍ പ്രധാനം; അതില്‍ ചക്ക വിഭവങ്ങളും. മണ്ണില്‍ കൃഷിയിറക്കലും കന്നുകാലികളെ പോറ്റലും വളര്‍ത്തലും കാര്‍ഷികാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയും ഒക്കെ നല്‍കുന്ന വിഷു സന്ദേശങ്ങള്‍ ചെറുതല്ല. ‘ചക്കയ്ക്ക് ഉപ്പുണ്ടോ’ എന്ന് ‘ചങ്ങാലിപ്പക്ഷി’ പാടിയിരുന്നപ്പോള്‍ നമുക്ക് അത് അശ്രീകരമായിരുന്നു. ചക്കയുടെ ‘ഔഷധ ഗുണം’ മാര്‍ക്കറ്റില്‍ വിളിച്ചുപറയാന്‍ ആളുവന്നപ്പോള്‍ നമ്മള്‍ ചക്കയുത്സവമാഘോഷിക്കയായി.
വിഷുഫലം ഇങ്ങനെയാണ്: വിഷു ഓര്‍മപ്പെടുത്തലാണ്; കാര്‍ഷിക സംസ്‌കാരമാണ് നമ്മുടേതെന്ന്. മണ്ണിലേക്കിറങ്ങുക, മണ്ണിലേക്ക് തിരിയുക, രണ്ടുമല്ലെങ്കില്‍ ഇല്ലായ്മകള്‍ക്കൊടുവില്‍ മണ്ണാകുക.
Comments