Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

കാര്‍ഷികമനസ്സിന്റെ കാണിക്കയും കൈനീട്ടവും

പി.കെ.ഗോപി

Print Edition: 1 April 2022

മനുഷ്യരും പ്രകൃതിയും കാലവും ചേര്‍ന്ന സംഗീതാത്മകമായ സമന്വയമാണ് മനോഹരമായ ജീവിതത്തെ കാത്തുരക്ഷിക്കുന്നത്. അതിന്റെ താളപ്പിഴയും അപസ്വരങ്ങളും അശാന്തിക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാകും. പ്രകൃതിയും കാലവും ചേര്‍ന്ന് മനുഷ്യന് നല്‍കുന്ന മഹത്തായ സന്ദേശങ്ങളുണ്ട്. അത് പഠിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ പ്രബുദ്ധത കൈവരുന്നു. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ അബദ്ധങ്ങള്‍ സംഭവിക്കുന്നു. പ്രകൃതിയുടെ കലവറയിലെ അക്ഷയനിധി നിരീക്ഷിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യുമ്പോള്‍ സര്‍ഗ്ഗാത്മകതയുടെ മുഖം തെളിയുന്നു. ആ മുഖം മനുഷ്യന് പ്രചോദനവും പ്രത്യാശയും നല്‍കുന്നു. അവിടെ ഉത്ഭവിക്കുന്ന വാക്ക് കവിതാംശം ഉള്‍ക്കൊള്ളുന്നു. കാവ്യാത്മകമായ വാക്കിന്റെ ചാരുത ഹൃദയത്തെ ആഹ്ലാദിപ്പിക്കുന്നു. ആഹ്ലാദത്തിലാണ് ആഘോഷങ്ങള്‍ പീലിവിരിക്കുന്നത്. ഓരോ ആഘോഷത്തിനു പിന്നിലും പുരാവൃത്തമോ ഐതിഹ്യമോ ചരിത്രമോ ദേശവിശേഷമോ പ്രേരണയായി വര്‍ത്തിക്കുന്നു. ഭാവനയുടെ മൂശയില്‍ വാര്‍ത്തെടുത്ത കഥകള്‍ക്കും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയിലെ ചാലകശക്തിയായി ഉത്സവസംഗമങ്ങള്‍ നിലനില്‍ക്കുന്നു.

ഋതുക്കളുടെ വേഷപ്പകര്‍ച്ചയും സമയസഞ്ചാരവും നിശ്ചയിക്കുന്ന, വേനലും മഴയും കാറ്റും നിലാവുമെല്ലാം മനുഷ്യരാശിയെ സ്വാധീനിക്കുന്നു. വിത്തും വിളയും പൂവും കതിരുമെല്ലാം ജീവന്റെ ചേരുവകള്‍ക്ക് പോഷകഘടകങ്ങളായി മാറുന്നു. മണ്ണിന്റെ ഫലസമൃദ്ധയില്‍ കൈക്കുമ്പിളും കലവറയും നിറയുമ്പോഴാണ് നാടും വീടും ഐശ്വര്യപൂര്‍ണ്ണമാവുന്നത്. വന്ധ്യമായ മണ്ണും ശൂന്യമായ മനസ്സും സൃഷ്ടിക്കുന്നതാണ് യഥാര്‍ത്ഥ ദാരിദ്ര്യം. ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടുന്ന വിദ്യയുടെ പേര് പദ്ധതി എന്നല്ല അദ്ധ്വാനം എന്നാണ്; അദ്ധ്വാനം എന്ന നിര്‍മ്മാണ കലയുടെ പ്രാചീനമായ കാര്‍ഷിക മുദ്രാവാക്യമാണ് ‘വിത്തും കൈക്കോട്ടും’! പണിയായുധം പിടിച്ചു ശീലിച്ച തഴമ്പും വിത്തുവിതച്ച താളവും ചേര്‍ന്നു രൂപപ്പെട്ട പ്രാകൃതമായ വായ്ത്താരിയെ ഒരു കിളിയുടെ നാദത്തോടൊപ്പം ചേര്‍ത്തുകെട്ടിയ ഭാവനയ്ക്ക് കൂപ്പുകൈ. മേടമാസത്തിന്റെ കൊടുംചൂടില്‍ പച്ചിലച്ചാര്‍ത്തു തേടി ദേശാടനം ചെയ്യുന്ന പക്ഷിയെ ഞാന്‍ വിഷുക്കിളി എന്നു വിളിക്കുന്നു. ആര്‍ദ്രവും മധുരവുമായ ഒരീണം തൊടിയില്‍ നിലയ്ക്കാതെ കേള്‍ക്കുന്നു. പാടത്തു പണിയെടുത്തവനാണ് പ്രകൃതിയുടെ രമ്യഭാവങ്ങളെ തൊട്ടറിഞ്ഞത്. അവന്റെ ഭാവന ജീവിതഗന്ധിയാണ്. കളങ്കമറ്റ ഭാഷയുടെ ചമല്‍ക്കാരങ്ങള്‍ക്ക് വിയര്‍പ്പിന്റെ ഉപ്പു രസമാണ്.

വിത്തും കൈക്കോട്ടും മറന്നുപോയ ജനതയും, അതേ മറവിയുടെ മകുടം ചാര്‍ത്തിയ ഭരണകൂടവും കടം… കടം… എന്ന മന്ത്രമേ ജപിക്കുകയുള്ളൂ. മഴയും ജലാശയവും പുഴയും വയലേലയും അനുഗ്രഹമായ നാട് പട്ടിണി കിടക്കേണ്ടി വരുന്നത് ലോകത്തിലെ ക്ഷണിക്കപ്പെട്ട ദുരന്തമായി കണക്കാക്കണം. ചെളിമണ്ണും മുളയും മരവും കാട്ടുകല്ലുപുല്ലും നിറഞ്ഞ നാട്, പാര്‍പ്പിടമില്ലാത്തവരുടേതാകുന്നതാണ് ശാസ്ത്രസാങ്കേതികവിദ്യയുടെ പരാജയം. പ്രകൃതിയെ കൈവിട്ട ശാസ്ത്രത്തിന് കാതുണ്ടെങ്കില്‍, മലയാളക്കിളിയുടെ ചൊല്ലുകേള്‍ക്കണം. ‘നെറ്റും… ലാപ്‌ടോപ്പും’ എന്നുച്ചരിക്കാന്‍ ആയിരം നാവുയരുമ്പോള്‍ ‘വിത്തും… കൈക്കോട്ടും’ ഉച്ചരിക്കാന്‍ നാല് നാവെങ്കിലും തയ്യാറാവണം. പരവതാനിപ്പുറത്ത് നടന്നു ശീലിച്ചവര്‍, ചെളിവരമ്പേ നടന്നവരുടെ ചരിത്രം കൂടി പഠിക്കണം. വിഷുക്കിളിയുടെ സ്വാഭാവിക ശബ്ദത്തിന് കാലാതിര്‍ത്തിയായ അര്‍ത്ഥം കല്പിച്ച കര്‍ഷകന്റെ കാല്ചുവട്ടിലെ മണ്ണാണ് ഈ നാടിന് ദിവ്യമായി തോന്നേണ്ടത്. കലപ്പനാവ് മണ്ണിനോട് പറഞ്ഞ കാവ്യരഹസ്യമാണ് കവിതയെന്നു പറഞ്ഞാല്‍, കാല്പനികമെന്നു തോന്നാം. അതെ, കല്പിക്കപ്പെട്ടതെന്ന് തിരുത്തി ബോധ്യപ്പെട്ടാല്‍ അര്‍ത്ഥം പൂര്‍ണ്ണമാകുമെന്നുറപ്പാണ്. കല്പനകളെ ലംഘിക്കുന്നവന് ശിക്ഷ കിട്ടാതെ വയ്യല്ലൊ!

അനാദിയ്ക്കും അനന്തതയ്ക്കുമിടയില്‍ അല്പനേരം ജീവിക്കാന്‍ വരുന്നവന് പ്രവചിക്കാന്‍ കഴിയാത്തൊരു പരമ രഹസ്യമുണ്ട്. അത് മടക്കയാത്രയുടെ നേരമാണ്. പ്രാണന്‍ എന്ന അത്ഭുതത്തെ ചൈതന്യപൂര്‍വ്വം നിലനിര്‍ത്തുന്ന അന്നദാതാവായ മണ്ണിന്റെ കാരുണ്യത്തെ വണങ്ങുന്ന മനുഷ്യന്‍, ഏതുനേരവും നിലച്ചു പോയേക്കാവുന്ന ഹൃദയപേടകത്തിന്റെ സ്പന്ദനശക്തിയിലാണ് നടക്കുന്നത്. ഉറക്കത്തിലും മിടിക്കുന്ന ഒരു മാംസപിണ്ഡത്തിന്റെ മഹാവിസ്മയമെന്നല്ലാതെന്തു പറയാന്‍! ചലനം നിലച്ചാല്‍ ശരീരം മാത്രമായി അവശേഷിക്കുന്ന മനുഷ്യന് മണ്ണിലേക്കു മടങ്ങുകയല്ലാതെ നിവൃത്തിയില്ല. പഞ്ചഭൂതങ്ങള്‍ പങ്കുവച്ചു നല്‍കിയതെല്ലാം മടക്കിക്കൊടുത്ത് നിശ്ചലമായി വിടപറയുന്ന അവസ്ഥയെ ‘തെക്കോട്ടെപ്പപ്പോം’ എന്ന് പുനരാവിഷ്‌കരിച്ച നാട്ടുപ്രതിഭയെ വണങ്ങാതെ വയ്യ. തിരിച്ചറിവോടെ വിനയപുരസ്സരം ജീവിക്കുക എന്ന മുന്നറിയിപ്പല്ലാതെ കാണാക്കിളിയുടെ സന്ദേശത്തിന് കാലോചിതമായ നിര്‍വ്വചനങ്ങള്‍ വേറെയുമുണ്ടാവാം. അനിശ്ചിതമായ ജീവിതേച്ഛകള്‍ക്കു മുമ്പില്‍ മിന്നല്‍പോലെ പ്രത്യക്ഷപ്പെടുന്ന ചില ചോദ്യങ്ങള്‍ക്കു പ്രസക്തി കൂടുമെന്നതു സത്യമല്ലേ? നേടിവച്ചതെല്ലാം തിരിച്ചുകൊടുക്കേണ്ടിവരുമെന്നും കവര്‍ന്നെടുത്താലും കൈവിടേണ്ടി വരുമെന്നും ഇടയ്ക്കിടെ ആരെങ്കിലും ഓര്‍മ്മിപ്പിക്കണമല്ലൊ. അതിന് വിഷുക്കിളിയും കര്‍ഷകനും നിമിത്തമായെന്നു മാത്രം.

അദ്ധ്വാനിക്കാതെ അപ്പം തിന്നുന്നവന്റെ കാപട്യം എക്കാലവും സമൂഹത്തിനു ഭാരമാണ്. ആരും നിയമം പാസ്സാക്കാതെ, അധികാരവാഴ്ച അടിച്ചേല്പിക്കാതെ, ചിലത് സംഭവിക്കാറുണ്ട്. ആലോചിച്ചാല്‍ അത്ഭുതം പോലെ ഒരു ഫലവൃക്ഷം. കേരളത്തിന്റെ പട്ടിണി മാറ്റാന്‍ പ്രകൃതി നിയോഗിച്ച സിദ്ധവൃക്ഷം – പ്ലാവ്. പുറമേ മുള്ളും അകമേ മൃദുലദലങ്ങളും ചവിണിയും കുരുവും കൂഞ്ഞുമൊക്കെയായി അടിമുടി ഉപയോഗമുള്ള ചക്ക. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രാണികള്‍ക്കുമെല്ലാം ആഹരിക്കാന്‍ കഴിയുന്ന വല്ലാത്തൊരു സൃഷ്ടി. പഴുത്താല്‍ സുഗന്ധം പ്രസരിക്കുന്ന അപൂര്‍വ്വയോഗ്യത. സ്വന്തം പൂവ് ഒളിച്ചുപിടിച്ച് അപരന് ഭക്ഷിക്കാന്‍ കൊടുക്കുന്ന വിശിഷ്ട ദാനദൗത്യം ഏറ്റെടുത്തിരിക്കുന്ന പ്ലാവിന് നമസ്‌കാരം. ആ പ്ലാവിലെ ചക്കയാണ് കള്ളന്‍ മോഷ്ടിച്ചത്. പട്ടിണിക്കാരനെന്ന പരിഗണനയില്‍ കിളി മാപ്പു കൊടുത്താലും കാലം മാപ്പു കൊടുക്കുമെന്നു തോന്നുന്നില്ല. ”കള്ളന്‍ ചക്കേട്ടു… കണ്ടാ മിണ്ടണ്ടാ – കൊണ്ടോയ്ത്തിന്നോട്ടെ!” കൂ.. കൂ.. കൂ.. കൂ.. കൂ എന്ന സാധാരണ കിളി നാദത്തിന് ആശയവികാസം സംഭവിക്കുന്നതിലെ മാനുഷികമാനം ആലോചനാമൃതമാണ്. ”കൊണ്ടേയ്ത്തിന്നോട്ടെ” എന്ന ഉദാരദയ കാണിച്ചാലും വിചാരണ ചെയ്യാതെ വയ്യ, അനീതിയെ – മോഷണം അനീതിയും അധര്‍മ്മവുമാണ്. വിശപ്പടങ്ങി വിശ്രമിക്കുമ്പോള്‍, ഇര തേടിയ വഴിയിലെ നീതിബോധം ശബ്ദിച്ചു തുടങ്ങും. ”ചക്കയ്ക്കുപ്പുണ്ടോ?! നെറ്റിയിലെ ഉപ്പുപൊടിയാതെ അപ്പം തിന്നവനാരായാലും സാമൂഹികവും രാഷ്ട്രീയവുമായ ചോദ്യത്തെ നേരിടാതെ ഒളിക്കാന്‍ കാലം അനുവദിക്കില്ല. കറക്കു കമ്പനിയൊ, കവിടി നിരത്തലോ, കയ്യാങ്കളിയോ, ഗുണ്ടാപ്പണിയോ, എന്തായാലും വിയര്‍പ്പുപ്പിന്റെ വിലയറിയാതെ കബളിപ്പിക്കലുമായി ഞെളിഞ്ഞിരിക്കുന്ന ഏവനെയും കാലം ചോദ്യം ചെയ്‌തേക്കും. കട്ടെടുത്ത ചക്കയ്ക്ക് ഉപ്പു ചേര്‍ക്കാന്‍ നിന്റെ രക്തധമനിയില്‍ സത്യമൊഴുകിയിരുന്നോ? ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും ചോദ്യം നിലനില്‍ക്കും. സ്വാര്‍ത്ഥന്‍ സ്വന്തം കീശവീര്‍പ്പിക്കാനും കപടന്‍ സ്വന്തം പ്രശസ്തിക്കുമായി ചെയ്യുന്നതത്രയും സമൂഹത്തിന് വിപത്തായി മാറുന്നു. ഒരു നാട്ടുകിളിയുടെ പാട്ടു കേട്ട്, വിശ്വവ്യാപകമായ അദ്ധ്വാനമഹത്ത്വം വിളംബരം ചെയ്യുന്നതിനേക്കാള്‍ ശക്തമായ രാഷ്ട്രീയഭാഷ്യം എങ്ങനെ മെനയാനാണ്?!

വ്യവസ്ഥിതിയുടെ ഏതു ഹീനമായ പ്രേരണയാലാണെന്നറിയില്ല, കുടുംബനാഥനായ അച്ഛന്‍ കൊമ്പത്തു വരുന്നത്? അല്ലെങ്കില്‍ കൊമ്പുമുളച്ച ശിരസ്സുമായി ഒരച്ഛന്‍ എന്തൊക്കെ ചെയ്‌തേക്കുമെന്ന് സങ്കല്പിച്ചുനോക്കുക. ഏതായാലും അറിവും അനുഭവവും ആര്‍ജ്ജിച്ച് അന്തസ്സോടെ അഭിമാനപൂര്‍വ്വം വന്നു കയറുന്ന അച്ഛന്റെ ചിത്രം കണ്ടു പഴകിയവര്‍ക്ക്, ”അച്ഛന്‍ കൊമ്പത്ത്… അമ്മ വരമ്പത്ത്” എന്ന വായ്‌ച്ചൊല്ല് ശുഭകരമല്ല. കാരുണ്യവതിയും വാത്സല്യനിധിയുമായ അമ്മ, വരമ്പത്ത് അഭയം പ്രാപിക്കേണ്ടി വരുന്ന ചിത്രം വര്‍ത്തമാനകേരളത്തിന് സുപരിചിതമെങ്കിലും സ്വീകാര്യമല്ല. കുടുംബം ശിഥിലമാവുന്ന അരാജകത്വം ലഹരിയുടെ താല്‍ക്കാലികപ്രായത്തില്‍ ലക്കില്ലാതെ പ്രവേശിക്കുമ്പോള്‍, മാതൃത്വം ഒളിച്ചോടുന്ന ശാപം ആരാണനുഭവിക്കേണ്ടത്? ഇളംതലമുറതന്നെ. അവരുടെ ദാരുണമായ ജീവിതസാഹചര്യം കാണാതെ, സാംസ്‌കാരിക കേരളത്തിന് പ്രബുദ്ധതയിലേക്ക് മുന്നേറാനാവില്ല. ബോധോദയത്തിന് വിദ്യാഭ്യാസവും ബോധാസ്തമയത്തിന് ലഹരിക്കുപ്പിയും ഒരേ കമ്പോളത്തില്‍ വില്പനയ്ക്കു വച്ചിരിക്കുന്ന ദേശമാണ് നമ്മുടേത്. വാര്‍ത്തുവയ്ക്കലും തകര്‍ത്തുടയ്ക്കലും ഒരേ കൈയാല്‍ ചെയ്യുന്ന വിരോധാഭാസത്തിന് നാം സാക്ഷികളാവുന്നു. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പോലും മയക്കുമരുന്നിന്റെ സ്വാധീനത്തിലമരുന്ന വാര്‍ത്ത നടുക്കമുണ്ടാക്കുന്നു. വിഷുക്കിളിയെ വിളിച്ചുവരുത്തി, തെളിവുണ്ടോ എന്നു വിസ്തരിച്ചു ചോദിച്ച് കേസ് അസാധുവാക്കാം! പക്ഷെ, സത്യത്തിന്റെ മുഖത്തിന് പ്രകാശിക്കാതെ വയ്യല്ലൊ.

വേനല്‍ച്ചുടേറ്റ് പാടശേഖരങ്ങള്‍ അടുത്ത വിത്തിനും കൈക്കോട്ടിനുമായി കാത്തുകിടക്കുമ്പോള്‍ ഇടവേള സമ്പന്നമാക്കാന്‍ ഒരു കൃഷി, വെള്ളരിക്കയുടെ വിത്തിന് ജന്മസാഫല്യം. ഇലവിരിച്ച് വള്ളിപടര്‍ന്ന് മഞ്ഞപ്പൂക്കള്‍ക്ക് ജന്മം നല്‍കി, സ്വര്‍ണ്ണവെള്ളരിയായി കാണിക്ക. വയല്‍ക്കരയില്‍ മീനച്ചൂടിന്റെ ആഘാതമേറ്റ മണ്ണ്, മഞ്ഞച്ചേലചുറ്റി കാറ്റില്‍ നൃത്തം വച്ചുതുടങ്ങി. കരയില്‍ കൊന്നച്ചില്ലയില്‍ ഞൊറിയിട്ട മഹാസൗന്ദര്യം. വയലില്‍ കണിവെള്ളരിയുടെ വര്‍ണ്ണക്കാഴ്ച. കാര്‍ഷിക കേരളത്തിന്റെ തിരുനെറ്റിയില്‍ സാന്ധ്യമേഘം ഗോപിക്കുറിയണിയിച്ച് ഐശ്വര്യലക്ഷ്മിയെ മാടിവിളിക്കുന്നു. കുഞ്ഞുമക്കളേ, വരുക. വരാനിരിക്കുന്ന തൃക്കാഴ്ചയുടെ വൈവിധ്യബിംബങ്ങള്‍ ഓട്ടുരുളിയില്‍ അമ്മ ഒതുക്കി വച്ചിട്ടുണ്ട്. കാലം കൈമാറി നല്‍കിയ സ്‌നേഹത്തിന്റെ വെള്ളിനാണയങ്ങള്‍ മുത്തശ്ശനോ മുത്തശ്ശിയോ കരുതിവച്ചിട്ടുണ്ടാവും. ഏഴരവെളുപ്പിനുണരാമോ? ചിലപ്പോള്‍ അമ്മയോ പെങ്ങളോ വിളിച്ചുണര്‍ത്തിയേക്കും. എല്ലാ ഉണര്‍വ്വിനു പിന്നിലും ഒരു വിളിയുണ്ടാവും. ഉള്ളം നിറഞ്ഞു കവിയുന്ന കനിവിന്റെ ധ്വനിയുള്ള വിളി.

കണ്ണുകള്‍ തുറന്നോളൂ… ഈ സാംസ്‌കാരിക ഭൂമിയുടെ ജീവസുറ്റ അംശങ്ങള്‍ക്ക് ഒറ്റപ്പാത്രത്തില്‍ ഇടമൊരുക്കിയിരിക്കുന്നു. നക്ഷത്രങ്ങളെ എണ്ണത്തിരിയിലിരുത്തിയ നിലവിളക്ക് ശോഭിക്കുന്നു. സര്‍വ്വാനുഭവങ്ങളുടെയും പ്രതീകമായ കാര്‍വര്‍ണ്ണന്റെ രൂപം ആകാശനീലിമ ചൂടി വിളങ്ങുന്നു. മഹിമയുടെ ഹരിതാനുഭൂതി മാന്തളിരായി, മാങ്കനിയായി ഉരുളിയിലുണ്ട്. നാളേയ്ക്കുള്ള സമ്പത്തിന്റെ പ്രസാദം പോലെ നിറനാഴിയും സുഗന്ധധൂമവും പഴവര്‍ഗ്ഗങ്ങളും. സ്വയം കണ്ട് നിരൂപണം ചെയ്യാന്‍ കണ്ണാടിയും അറിവിന്റെ ഖനിയായി പുസ്തകവും ഒപ്പം വച്ചിട്ടുണ്ട്. കസവുമുണ്ടിന്റെ മടക്കില്‍ നിന്ന് ഒരു ചെന്തുളസിക്കതിര്‍ തലനീട്ടുന്നു. വരാനിരിക്കുന്ന ദിനരാത്രങ്ങള്‍ക്ക് നേര്‍വഴി കാണിക്കുന്ന കണിയൊരുക്കിന്റെ പരമ്പരാഗതമായ പൊലിമയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല, അന്നും ഇന്നും. വീടും തൊടിയും മരങ്ങളും കടന്ന് ഒരു പൂത്തിരി ആകാശത്തിന് പൂരച്ചിരി സമ്മാനിച്ചു പൊലിഞ്ഞു പോകുന്നു. അയല്‍മുറ്റങ്ങളില്‍ പടക്കങ്ങളുടെ കൂട്ടപ്പൊരിച്ചില്‍. ആഹ്ലാദപ്പുലരിയുടെ അടുക്കളവിശേഷങ്ങളില്‍ വിഷുസ്സദ്യയുടെ വര്‍ത്തമാനങ്ങള്‍ക്ക് ചൂടുപിടിച്ചു തുടങ്ങി.

ചിരന്തനമായ നന്മയുടെ സഫലാംശങ്ങള്‍ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുന്ന കാലത്തിന്റെ കിളിമകളേ, മലയാളപ്പച്ചപ്പില്‍ നിന്ന് നിഷ്‌ക്രമിക്കരുതേ. അരുളും പൊരുളും ചിക്കിപ്പെറുക്കിയ കവിതയുടെ നാട്ടീണങ്ങളില്‍ എന്തെല്ലാമെന്തെല്ലാം ഒളിച്ചിരിപ്പുണ്ടാവും?! കാര്‍ഷിക മനസ്സിന്റെ ഗ്രാമീണ ഗീതികളിലെ ജീവിതമുരുക്കിച്ചേര്‍ത്ത ചൊല്ലര്‍ത്ഥങ്ങളാണ് യഥാര്‍ത്ഥ കാണിക്കയും കൈനീട്ടവുമായി നാം പകര്‍ന്നു നല്‍കുന്നത്. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

ShareTweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies