കൊച്ചി: കൈയ്യേറിയ ക്ഷേത്രഭൂമികള്‍ക്ക് പട്ടയം നല്‍കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ക്ഷേത്രഭൂമി അദാലത്തിലൂടെ പട്ടയം കൊടുക്കുന്നത് മാഫിയകളെ സഹായിക്കാനാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഈ നടപടി ക്ഷേത്രഭൂമികള്‍ നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കുമെന്നും സംസ്ഥാന സമിതി യോഗം വിലയിരുത്തി.
ദേവസ്വം ഭൂമി കൈയേറ്റ വിഷയങ്ങള്‍ സാധാരണ അദാലത്തിലൂടെ തീര്‍പ്പുകല്‍പ്പിക്കാറില്ല. നാല് ഏക്കര്‍ മുതല്‍ അഞ്ച് ഏക്കര്‍ വരെയുള്ള അനധികൃത കൈയേറ്റ കൈവശഭൂമികളാണ് അദാലത്തിലൂടെ പരിഗണിക്കുന്നത്. ക്ഷേത്ര ഭരണാധികാരികള്‍ക്ക് വിവരങ്ങള്‍ പരിശോധിക്കുവാനോ എതിര്‍കക്ഷികള്‍ ഹാജരാക്കിയ രേഖകളുടെ സാധുത പരിശോധിക്കാനോ സമയം നല്‍കാതെ സര്‍ക്കാര്‍ വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കുകയാണ്.
കോടതിയില്‍ രേഖകള്‍ പരിശോധിച്ചാണ് വിധി പുറപ്പെടുവിക്കാറുള്ളത്. അതുകൊണ്ട് തന്നെ പല ക്ഷേത്രഭൂമികളും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി വീണ്ടെടുക്കുന്നതിനും ക്ഷേത്രഭൂമികള്‍ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍ക്കെതിരായും ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനും ഹിന്ദു ഐക്യവേദി തീരുമാനിച്ചു.
ഏപ്രില്‍, മെയ് മാസങ്ങളിലായി പഞ്ചായത്ത്, താലൂക്ക് ജില്ലാ തല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കാനും മെയ് 27, 28, 29 തീയതികളില്‍ സംസ്ഥാന സമ്മേളനം എറണാകുളത്ത് നടത്താനും യോഗം തീരുമാനിച്ചു. എറണാകുളം തൊഴിലാളി പഠന ഗവേഷണകേന്ദ്രത്തില്‍ ചേര്‍ന്ന സമ്പൂര്‍ണ്ണ സംസ്ഥാന സമിതി യോഗം സംസ്ഥാന രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ജനറല്‍ സെക്രട്ടറിമാരായ ആര്‍.വി. ബാബു, പി.സുധാകരന്‍, സംഘടനാ സെക്രട്ടറി സി. ബാബു, ആര്‍.എസ്.എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍, പ്രാന്ത സഹകാര്യവാഹ് ടി.വി. പ്രസാദ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
Comments