കുടുംബാധിപത്യം കൊണ്ട് ഒരു രാജ്യം എത്രത്തോളം മുടിയാം എന്നതിന്റെ ഉദാഹരണമാണ് ഭാരത മഹാരാഷ്ട്രത്തിന്റെ കാല്‍ച്ചുവട്ടില്‍ ശ്രീലങ്ക എന്ന കൊച്ചു രാജ്യത്തു നിന്നും വരുന്ന വാര്‍ത്തകള്‍ ലോകത്തോട് പറയുന്നത്. ലങ്കയില്‍ വര്‍ഷങ്ങളായി ജനാധിപത്യത്തിന്റെ മറവില്‍ നടക്കുന്നത് രാജ്പക്‌സെ കുടുംബത്തിന്റെ വാഴ്ചയാണ്. പ്രധാനമന്ത്രിയും പ്രസിഡന്റും ധനകാര്യ മന്ത്രിയുമെല്ലാം ഒരേ കുടുംബക്കാരാവുമ്പോള്‍ ഭരണം കുടുംബ കാര്യമായി മാറും. രാജ്യ കാര്യം കുടുംബ കാര്യമായി മാറിയപ്പോള്‍ കുടുംബം നന്നാകുകയും രാജ്യം മുടിയുകയുമാണ് ഉണ്ടായത്. കടക്കെണിയിലായ ശ്രീലങ്കയില്‍ അവശ്യവസ്തുക്കള്‍ പോലും കിട്ടാക്കനിയായിട്ട് മാസങ്ങളായി. ഒരു കിലോ അരിയ്ക്ക് 448 രൂപയും ഒരു ലിറ്റര്‍ പാലിന് 263 രൂപയും ആയി മാറിയപ്പോള്‍ ജനങ്ങള്‍ തലസ്ഥാന നഗരമായ കൊളംബോവിലടക്കം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പതിനായിരങ്ങള്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാ ബയ രാജ്പക്‌സെയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭത്തിലാണ്. 2014ല്‍ ഭാരത ജനാധിപത്യത്തില്‍ നിന്നും കുടുംബവാഴ്ചയെ പിഴുതുമാറ്റാന്‍ ജനങ്ങള്‍ കാട്ടിയ വിവേകപൂര്‍ണ്ണമായ തീരുമാനത്തിന്റെ വില നാമിപ്പോള്‍ തിരിച്ചറിയുകയാണ്. ഇല്ലെങ്കില്‍ ഇപ്പോള്‍ ശ്രീലങ്കയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഇതിലും ഭീകരമായി ഭാരതത്തിലും അരങ്ങേറിയേനെ.
ശ്രീലങ്കയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അയല്‍ക്കാരായ നാം അറിഞ്ഞേ പറ്റൂ. രണ്ടേകാല്‍ കോടി മാത്രം ജനസംഖ്യയുള്ള ദ്വീപ് രാഷ്ട്രത്തിന് ദീര്‍ഘദര്‍ശികളായ ഭരണനേതൃത്വം ഇല്ലാതായിപ്പോയതാണ് ആ രാജ്യത്തിന്റെ ഇന്നത്തെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. പേരിന് ജനാധിപത്യമുണ്ടെങ്കിലും നടക്കുന്നത് രാജ്പക്‌സെ കുടുംബത്തിന്റെ വാഴ്ചയാണ്. മുപ്പത് വര്‍ഷത്തോളം നീണ്ടുനിന്ന ആഭ്യന്തര വംശീയ സംഘര്‍ഷങ്ങളില്‍ നിന്നും 2009 ഓടുകൂടിയാണ് ലങ്ക കരകയറിയത്. തമിഴ് സിംഹള വംശവെറിക്ക് ഭാരതം എത്രത്തോളം വില കൊടുക്കേണ്ടി വന്നു എന്നത് ചരിത്രം. ലങ്കയില്‍ ഉണ്ടാകുന്ന ഏതു പ്രതിസന്ധിയും അയല്‍ രാജ്യമായ ഭാരതത്തെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കാറുണ്ട്. ഭാരതവുമായി ആഴത്തില്‍ ബന്ധങ്ങളുണ്ടായിരുന്ന ലങ്കയെ തങ്ങളുടെ വരുതിയിലാക്കാന്‍ ചൈന നടത്തിയ ശ്രമങ്ങളും അതിനനുകൂലമായി നീങ്ങിയ ലങ്കന്‍ ഭരണകൂടവും വിളിച്ചു വരുത്തിയ ദുരന്തങ്ങളാണ് ഇപ്പോള്‍ ആ രാജ്യം അഭിമുഖീകരിക്കുന്നത്. ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയെ സംബന്ധിച്ച് ശ്രീലങ്കയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം തന്ത്രപ്രധാനമാണ്. പൗരാണിക കാലം മുതല്‍ ഭാരത വന്‍കരയോട് ചേര്‍ന്നു നില്‍ക്കുന്ന സാമൂഹ്യ സാംസ്‌ക്കാരിക പശ്ചാത്തലമായിരുന്നു ലങ്കയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ഏഷ്യാ വന്‍കരയില്‍ ചൈനീസ് ആധിപത്യം കൊണ്ടുവരുന്നതിന് തടസ്സമായി നില്‍ക്കുന്ന ഭാരതത്തെ ഏതുവിധേനയും ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചൈന ഒരുക്കിയ കെണിയില്‍ ലങ്കന്‍ രാഷ്ട്രീയ നേതൃത്വം വീണു പോയി. ലങ്കയുടെ രാഷ്ട്രീയ നേതൃത്വത്തെ ചൈന വിലയ്‌ക്കെടുത്തു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഭാരതത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെ ചൈനയുടെ പിന്നാലെ പോയതിന്റെ ദുരന്തമാണ് ഇന്ന് ലങ്ക അനുഭവിക്കുന്നത്. കടംകൊടുത്ത് കെണിയിലാക്കുക (ഡെപ്റ്റ് ട്രാപ് ഡിപ്ലോമസി)എന്ന ചൈനീസ് നയതന്ത്രത്തില്‍ പെട്ടു പോയ ലങ്ക ഇന്ന് തകര്‍ച്ചയുടെ നെല്ലിപ്പടിയിലാണ്. എഴുനൂറു കോടി ഡോളറാണ് (ഏതാണ്ട് അമ്പതിനായിരം കോടി ഇന്ത്യന്‍ രൂപ) ശ്രീലങ്കയുടെ ഇപ്പോഴത്തെ വിദേശ കടം. കടം കയറി വിദേശനാണയ ശേഖരം ക്ഷയിച്ചതോടെ ഇറക്കുമതി താളം തെറ്റിയിരിക്കുകയാണ്. ഇതോടെ അവശ്യസാധനങ്ങള്‍ കിട്ടാക്കനിയായി. ലങ്കന്‍ രൂപയുടെ മൂല്യമിടിഞ്ഞതോടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പണപ്പെരുപ്പത്തിലായി ശ്രീലങ്ക. ലങ്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ടൂറിസവും തേയില കയറ്റുമതിയും തുണിവ്യവസായവും അരി ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനവും തകര്‍ന്നു. ടൂറിസം മേഖലയെ തകര്‍ക്കുന്നതില്‍ കൊറോണ വ്യാപനം കാരണമായെങ്കില്‍ തേയില പോലുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ തകര്‍ത്തത് റഷ്യ ഉക്രൈയിന്‍ യുദ്ധമാണ്. 2021 നവംബര്‍ മാസത്തോടെ വിദേശനാണ്യശേഖരത്തിന്റെ കരുതല്‍ 230 കോടി ഡോളറായി കുറഞ്ഞു. ഇതോടെ ഇന്ധനമുള്‍പ്പെടെ അവശ്യവസ്തുക്കളുടെ ഇറക്കുമതി അസാധ്യമാകുകയും വിദേശകടം വീട്ടാന്‍ പണമില്ലാതാകുകയും ചെയ്തു. ശ്രീലങ്കയുടെ മൊത്തം ഇറക്കുമതിയുടെ 20% ഇന്ധനമാണ്.പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കിട്ടാക്കനിയായതോടെ നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചാല്‍ കിട്ടാതായി. ഇന്ധനക്ഷാമം മൂലം വൈദ്യുതി നിലയങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്ന ലങ്കയില്‍ ദിവസം ഏഴര മണിക്കൂര്‍ വരെയാണ് ഇപ്പോള്‍ പവര്‍ കട്ട്. പെട്രോള്‍ പമ്പിലും പലചരക്കുകടയിലും മരുന്നുകടകളിലും മനുഷ്യര്‍ ദിവസങ്ങളോളം വരിനില്‍ക്കേണ്ടി വരുന്ന അവസ്ഥ എത്ര ഭീകരമായിരിക്കും. ചൈനയില്‍ നിന്നും തത്ത്വദീക്ഷയില്ലാതെ കടമെടുത്ത് തിരിച്ചടയ്ക്കാന്‍ മാര്‍ഗ്ഗമില്ലാതായ ശ്രീലങ്ക ചൈനയോട് ഇളവുകള്‍ക്ക് കെഞ്ചിയെങ്കിലും ചെമ്പന്‍ വ്യാളി കനിഞ്ഞില്ല. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാ ബയ രാജ്പക്‌സെ നേരിട്ടഭ്യര്‍ത്ഥിച്ചിട്ടും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വായ്പകള്‍ പുന:ക്രമീകരിക്കാനോ, ഇളവുകള്‍ നല്‍കാനോ തയ്യാറായിട്ടില്ല. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് മൂന്നു ശതമാനം പലിശ വാങ്ങുമ്പോള്‍ ചൈന കടം കൊടുത്ത രാജ്യങ്ങളോട് ആറു ശതമാനമാണ് പലിശ വാങ്ങുന്നത്. ചൈനയുടെ ഡെബ്റ്റ് ട്രാപ്പ് ഡിപ്ലോമസിയില്‍ കുടുങ്ങിയ ലങ്ക ഒടുക്കം ഹംബന്‍ തൊട്ട രാജ്യാന്തര തുറമുഖവും അതിനോടു ചേര്‍ന്നുള്ള ആയിരത്തി അഞ്ഞൂറ് ഏക്കര്‍ ഭൂമിയും 99 വര്‍ഷത്തേയ്ക്ക് ചൈനയ്ക്ക് പാട്ടത്തിന് കൊടുക്കാന്‍ നിര്‍ബന്ധിതമായി. ഈ ഗതികേടിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ലങ്ക നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി. വരുമാനത്തിന്റെ എണ്‍പത് ശതമാനത്തില്‍ അധികം വിദേശകടത്തിന്റെ പലിശ അടവിനു മാത്രം ചിലവാക്കേണ്ടി വരുന്ന ഒരു രാജ്യത്തിന്റെ അനിവാര്യമായ ദുരന്തമാണ് ഇപ്പോള്‍ ലങ്കയില്‍ കാണുന്നത്.
വ്യാപാരക്കമ്മി ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് എന്നും വെല്ലുവിളിയായിരുന്നു. അതായത് കയറ്റുമതി വരുമാനത്തേക്കാള്‍ അധികമായിരുന്നു ഇറക്കുമതി ചെലവ്. വരവറിയാതെ ചിലവാക്കുന്ന രാഷ്ട്രീയ നേതൃത്വമാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം. വിനോദ സഞ്ചാരം ലങ്കയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു. 2019 ഈസ്റ്റര്‍ ഞായറാഴ്ച പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉണ്ടായ ഭീകരാക്രമണത്തില്‍ 260 പേര്‍ കൊല്ലപ്പെട്ടതോടെ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു. ഇതോടെ ടൂറിസം മേഖലയില്‍ നിന്നുള്ള വിദേശനാണ്യ പ്രവാഹം കുറഞ്ഞു. കോവിഡാനന്തര പ്രതിസന്ധികളും റഷ്യ-ഉക്രൈയിന്‍ യുദ്ധവും കൂടിയായപ്പോള്‍ സ്വതവേ ദുര്‍ബലമായ ലങ്കയുടെ സമ്പദ്‌വ്യവസ്ഥ സമ്പൂര്‍ണ്ണമായി തകര്‍ന്നു. എന്തായാലും എല്ലാ വഴിയുമടഞ്ഞ ലങ്ക ഭാരതത്തെ ശരണാഗതി തേടിയിരിക്കുകയാണ്. സഹായം തേടി ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശ്രീലങ്കന്‍ ധനമന്ത്രിയ്ക്ക് തെല്ല് ആശ്വസിക്കാനുള്ള വകയുണ്ട്. ഇതിനോടകം ഭാരതം 241.5 കോടി സഹായധനമായി അനുവദിച്ചു കഴിഞ്ഞു.കൂടാതെ മരുന്നുകളും ധാന്യവും പെട്രോളിയവുമൊക്കെ എത്തിക്കാന്‍ ധാരണയായിട്ടുണ്ട്. ദുരിതം വരുമ്പോള്‍ അയല്‍ക്കാരനേ ഉണ്ടാകൂ എന്ന സത്യം ശ്രീലങ്ക ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ അവര്‍ക്കു കൊള്ളാം. ഇനിയുള്ള കാലത്ത് ഭാരതവുമായി ചേര്‍ന്ന് ഒരു കോണ്‍ഫെഡറേഷനാകുന്നതാണ് അയലത്തുള്ള ചെറു രാജ്യങ്ങള്‍ക്ക് നല്ലത്. കാരണം വരാന്‍ പോകുന്നത് ഭാരതത്തിന്റെ കാലമാണ്. ചൈനയെപ്പോലെ ചെറു രാജ്യങ്ങളെ ഞെരിച്ചമര്‍ത്തി ഇല്ലാതാക്കുന്നതല്ല ഭാരതത്തിന്റെ നയം. ശ്രീലങ്കയെപ്പോലെ ഭൂമിശാസ്ത്രപരമായ പരാധീനത ഉള്ള ഒരു രാജ്യം വന്‍ ശക്തിയാകുന്ന ഭാരതത്തോടു ചേര്‍ന്നുനിന്നാല്‍ ആ രാജ്യത്തിനുണ്ടാകുന്ന മെച്ചങ്ങള്‍ ഇനിയെങ്കിലും അവരുടെ ഭരണാധികാരികള്‍ തിരിച്ചറിഞ്ഞാല്‍ നന്നായിരുന്നു.