വീണ്ടും അമ്മയെ സ്വപ്‌നം കണ്ടു കൊണ്ടാണ് രാവിലെ ഉണര്‍ന്നത്.
”മോനേ…” എന്നുള്ള ആ വിളി. മനസ്സില്‍ കുറ്റബോധത്തിന്റെ നീറ്റല്‍.
വല്ലാതെ തല വേദനിക്കുന്നു. എന്തോ ഒരു അസ്വാസ്ഥ്യം. ഛര്‍ദ്ദിക്കാന്‍ വരുന്നതുപോലെ.
അമ്മ മരിച്ചിട്ട് ഏഴോ എട്ടോ വര്‍ഷങ്ങളായി. ഒരിക്കല്‍ മറന്നതും, ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതുമായ പലതും മനസ്സിലേക്ക് അലയടിച്ചു വരുന്നു.
”വല്ലാത്ത ഒറ്റപ്പെടല്‍ തോന്നുന്നു മോനേ… മോന് നാട്ടിലേക്ക് വന്നുകൂടെ?”
വേട്ടയാടുന്ന ഒരു ചോദ്യമാണത്. എന്നും.
കുറച്ചു നേരം സീലിങ്ങിലേക്ക് നോക്കി വെറുതെ കിടന്നു.
ഒന്‍പതു മണി ആയി!
ഞായറാഴ്ച.
വൈകീട്ട് എം.ജി. റോഡില്‍, സ്വതന്ത്ര ചിന്താ സംഘത്തിന്റെ ഒരു ചടങ്ങു നടക്കുകയാണ്. ഞാനാണ് മുഖ്യ പ്രഭാഷകന്‍. ബംഗളൂരുവിലെ പതിവ് ട്രാഫിക്കില്‍ കുരുങ്ങി, ഒരല്‍പം വൈകിയായിരുന്നു എത്തിച്ചേര്‍ന്നത്.
”ഡോ. രാജീവ് ശങ്കരനാരായണന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അദ്ധ്യാപകന്‍. ക്വാണ്ടം സിദ്ധാന്തത്തിന്റെ പ്രവചനാതീതമായ തലങ്ങള്‍ക്ക് അടിസ്ഥാനമായി ഒരു നിര്‍വചനീയ തലം ഉണ്ടെന്ന് കണ്ടെത്തുന്നതില്‍ ഏറെ ഗണ്യമായ സംഭാവന ചെയ്ത പ്രതിഭ. ഈ വിഷയത്തില്‍ രാജീവിന്റെ പി.എച്ച്.ഡി. തീസിസ് ഇന്നും ശാസ്ത്രകാരന്മാര്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമായി തുടരുന്നു. സര്‍ സി.വി.രാമനു ശേഷം ശാസ്ത്ര വിഷയങ്ങളില്‍ എന്നെങ്കിലും ഒരു നോബേല്‍ സമ്മാനം നമ്മുടെ രാജ്യത്തേക്ക് വരുന്നുണ്ടെങ്കില്‍, അത് രാജീവിനായിരിക്കും, തീര്‍ച്ച!”
സ്വാഗത പ്രാസംഗികന്‍ എന്നെ ഒരുപാട് പ്രശംസകള്‍ കൊണ്ട് മൂടി.
”ഈ ആധുനിക യുഗത്തിലും മനുഷ്യന്‍ പലവിധ അന്ധവിശ്വാസങ്ങളുടെ കയങ്ങളിലേക്ക് മൂക്കും കുത്തി വീണുകൊണ്ടിരിക്കുകയാണ്. സ്വതന്ത്രമായ ചിന്തയാണ് നമുക്കിന്ന് അനിവാര്യം…”
യുക്തിഭദ്രമായ ചിന്ത എന്തുകൊണ്ടാണ് രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ വലിയ പങ്കു വഹിക്കുന്നതെന്ന് വളരെയേറെ സംസാരിച്ചു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ വന്നിട്ടുണ്ട്, കൂടുതലും ഊര്‍ജ്ജസ്വലരായ വിദ്യാര്‍ഥികള്‍ യുവാക്കള്‍. ഒട്ടനേകം ചോദ്യങ്ങള്‍ അവര്‍ ചോദിക്കുന്നുണ്ട്. ഇന്നു സ്വതന്ത്ര ചിന്താ സംഘം വളരെയേറെ മുന്നേറിയിരിക്കുന്നു. ദാബോല്‍ക്കറുടെ കൊലപാതകവും കര്‍ണ്ണാടകയിലെ തന്നെ കല്‍ബുര്‍ഗി വധവും ചെറുപ്പക്കാരുടെ ഇടയില്‍ പ്രതിഷേധത്തിന്റെ വലിയ അലകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്.
”എതിര്‍ക്കപ്പെടണം. സര്‍വ്വതും എതിര്‍ക്കപ്പെടണം. യുക്തിഭദ്രമല്ലാത്ത ഒന്നും തന്നെ ഇവിടെ നിലനിക്കുകയില്ല. അവയെയെല്ലാം കാലം അതിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യും.”
ചടങ്ങ് കഴിഞ്ഞ് നേരെ ഐ.ഐ.എസ്.സി. ക്യാമ്പസിലേക്കാണ് പോയത്. രേണു ഇപ്പോള്‍ ഷോപ്പിങ്ങിനായി പുറത്തു പോയിക്കാണും. അവള്‍ വരാന്‍ വൈകും. അത്രയും നേരം ഓഫീസില്‍ ചിലവഴിക്കാം. വൈകുന്നേരം ആയപ്പോഴേക്കും തലവേദന കുറെയൊക്കെ ശമിച്ചിട്ടുണ്ട്. എങ്കിലും നല്ല സുഖം ഇപ്പോഴും തോന്നുന്നില്ല. എന്തെങ്കിലും വായിക്കണം എന്നുണ്ട്, പക്ഷെ നല്ല ഒരു മൂഡ് ഇല്ല.
നീണ്ട പ്രസംഗം ഒന്ന് തളര്‍ത്തി. എന്നാലും അതൊരു ലഹരിയാണ്. ഒരു വിഷയത്തില്‍ നിന്നും മറ്റൊന്നിലേക്ക്, അങ്ങിനെ, ഒരു ജൈത്രയാത്രപോലെ. സംഘം യൂട്യുബില്‍ അപ്‌ലോഡ് ചെയ്ത പ്രസംഗത്തിന് ഇപ്പോള്‍ തന്നെ ആയിരത്തിലേറെ വ്യൂസ് ആയിരിക്കുന്നു.
ഭിത്തികളിലും മേശപ്പുറത്തെ കടലാസുകളിലും കമ്പ്യൂട്ടര്‍ മോണിറ്ററിലും സമവാക്യങ്ങള്‍ കാടുപിടിച്ചു കിടക്കുന്നുണ്ട്. ഒരു യുദ്ധക്കളം പോലെ. കയ്യും കാലും തലയും അറ്റു കിടക്കുന്ന വലുതും ചെറുതുമായ സമവാക്യങ്ങള്‍. അവയില്‍ ഓരോ ‘എക്‌സും’ ഓരോ പടയാളിയായി ചിതറി കിടക്കുന്നു. പൂജ്യം മുതല്‍ അനന്തത വരെ ആരോപിക്കപ്പെടുന്ന മൂല്യങ്ങളും പേറി ഓരോ ചരങ്ങള്‍. സമവാക്യങ്ങള്‍ക്ക് വെളിയിലോ അവ വെറും ‘എക്‌സ്’ മാത്രം.
ഓഫീസില്‍ നിന്നും ഇറങ്ങി. ഇരുട്ട് പരക്കുന്നുണ്ട്. കൊടുംവനം കണക്കെ കാടുപിടിച്ച് കിടക്കുന്ന ക്യാമ്പസിലൂടെ അലസമായി വെറുതെ കുറെ നേരം നടന്നു. ഞായറാഴ്ചയായിട്ടും മിക്ക ലാബുകളിലും വിദ്യാര്‍ത്ഥികള്‍ ഉണ്ട്. തകൃതിയായി ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു. ലൈബ്രറി കെട്ടിടത്തിന്റെ അരികിലൂടെ നടന്ന് മെയിന്‍ ഗേറ്റിനടുത്തുള്ള കോഫീ ബോര്‍ഡിലേക്ക് കയറി.
സാമാന്യം തിരക്കുണ്ട്. കൂടുതലും രാപ്പകല്‍ അധ്വാനിക്കുന്ന വിദ്യാര്‍ത്ഥികള്‍ തന്നെ. മികച്ച ഗവേഷണ ഫലങ്ങള്‍ കിട്ടണം, ശ്രദ്ധേയമായ പ്രബന്ധങ്ങള്‍ അവതരിപ്പിക്കണം, അമേരിക്കയിലേക്കോ യൂറോപ്പിലേക്കോ കുടിയേറണം. ഓരോരുത്തര്‍ക്കും വലിയ വലിയ മോഹങ്ങളാണ്.
തീര്‍ത്തും അവിചാരിതമായാണ് മിസ്റ്റര്‍ എക്‌സിനെ കണ്ടുമുട്ടുന്നത്. അയാളുടെ യഥാര്‍ത്ഥ പേര് എനിക്കറിയില്ല, ഞാന്‍ ചോദിച്ചിട്ടുമില്ല. ഒരുപക്ഷെ ചോദിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും അയാളെ പിന്നെ ഞാന്‍ കണ്ടിട്ടുമില്ല. മിസ്റ്റര്‍ എക്‌സ്. അയാളെ അങ്ങിനെ തന്നെ വിളിക്കാം. സമവാക്യങ്ങളിലെ ‘എക്‌സ്’ എന്ന ചരം പോലെ, നിഗൂഢത നിറഞ്ഞ ആ പേര് തന്നെയാണ് അയാള്‍ക്ക് ഏറ്റവും അനുയോജ്യം.
കാപ്പിയുമെടുത്ത് അയാള്‍ നേരെ ഞാന്‍ ഇരിക്കുന്ന ടേബിളിലേക്ക് വന്നു.
ഇത്തരം ഇടങ്ങളില്‍ പൊതുവെ അധികം ആളുകളില്ലാത്ത ഒഴിഞ്ഞ മൂലകളിലാണ് ഞാന്‍ ഒതുങ്ങിക്കൂടാറ്.
അയാള്‍ എനിക്കെതിരെ കസേര നീക്കി ഇരുന്നു. കോഫീബോര്‍ഡിലെ പഴകി നിറം മങ്ങിയ വെളുത്ത കപ്പില്‍ നിന്നും കാപ്പി നുണഞ്ഞുകൊണ്ട് മിസ്റ്റര്‍ എക്‌സ് സംഭാഷണം ആരംഭിച്ചു.
”എന്തൊരു ബഹളം, അല്ലെ?”
ഞാന്‍ ഒന്നും പറഞ്ഞില്ല.
”ഈ കാണുന്നവരെല്ലാം യഥാര്‍ത്ഥത്തില്‍ ഉള്ളവരാണോ? അതോ വെറും തോന്നല്‍ മാത്രം ആണോ? മെന്റല്‍ പ്രോജക്ഷന്‍സ്, യൂ നോ? ഇവരില്‍ ആരൊക്കെയാണ് യഥാര്‍ത്ഥത്തില്‍ ഉള്ളവരെന്നു എങ്ങനെ ഉറപ്പിക്കുവാന്‍ കഴിയും?”
സോഡിയം ലാമ്പിന്റെ മഞ്ഞ വെളിച്ചത്തില്‍ അയാളുടെ മുഖം വ്യക്തമായിരുന്നില്ല. ഒരു നിഴലില്‍ ആയിരുന്നു അയാള്‍ ഇരുന്നത്. കണ്ണടയും നരക്കാത്ത താടിയും ഉണ്ടെന്ന് തോന്നുന്നു. ഇരുണ്ട നിറത്തിലുള്ള ഒരു വെസ്റ്റ് ധരിച്ചിട്ടുണ്ട്.
ഒരു മുന്‍ പരിചയവും ഇല്ലാത്ത ഒരാളോട് സംഭാഷണം ആരംഭിക്കുന്ന രീതിയാണോ ഇത്! എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ടില്ല. ഞാന്‍ അയാളെ രൂക്ഷമായി നോക്കിക്കൊണ്ടു അലോസരത്തോടെയെങ്കിലും മര്യാദ പാലിച്ചുകൊണ്ട് പറഞ്ഞു.
”ഉം. രസകരമായ കാഴ്ചപ്പാടാണ് അത്”
അതായിരുന്നു തുടക്കം. എന്റെ ചിന്തകളെ മുഴുവന്‍ മാറ്റിമറിച്ച ആ കൂടിക്കാഴ്ച!
അയാള്‍ ഉറക്കെ ചിരിച്ചു. ഞാന്‍ ചുറ്റും നോക്കി.
ആരായിരുന്നു മിസ്റ്റര്‍ എക്‌സ്? ഞാന്‍ നിഴലില്‍ കണ്ട ആ നിഗൂഢത. വശ്യമായ സംസാര പാടവം. അതും ഉച്ചത്തില്‍. അയാളുടെ സാമീപ്യത്തില്‍, നിര്‍ത്താതെയുള്ള സംസാരത്തില്‍, എന്തോ ഒരു അസാധാരണമായ അടുപ്പം അയാളോട് എനിക്ക് തോന്നിയിരുന്നു. ഒരുവേള അയാള്‍ എന്നെ ഒരു സ്ത്രീ ആക്കി മാറ്റുമെന്നും, തീവ്രതയോടെ അയാളിലേക്ക് ആകര്‍ഷിക്കുമെന്നും ഞാന്‍ ഭയപ്പെട്ടു.
മൊബൈല്‍ ഫോണില്‍ രേണു നിര്‍ത്താതെ വിളിക്കുന്നുണ്ട്. അവള്‍ തിരികെ എത്തിക്കാണും.
ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3:30 നാണ് ബംഗളൂരുവിലെ പ്രശസ്ത മന:ശാസ്ത്രജ്ഞന്‍ ഡോ. മനോജ് മാത്യുവിന്റെ ക്ലിനിക്കില്‍ അപ്പോയിന്‍മെന്റ്. ഉച്ച വെയിലിന്റെ കാഠിന്യം ഒരല്‍പം കുറഞ്ഞു വരുന്നു. ഞാന്‍ കാല്‍ മണിക്കൂര്‍ നേരത്തെ തന്നെ എത്തി, എന്റെ ഊഴത്തിനായി സന്ദര്‍ശന മുറിയില്‍ കാത്തിരുന്നു.
കുറച്ചു കാലമായി അമ്മയെ സ്വപ്‌നം കണ്ടു ഞെട്ടി ഉണരല്‍ ഒരു പതിവായി മാറിയിരിക്കുന്നു. കൂടെ ഒന്നോ രണ്ടോ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന തലവേദനയും അസ്വാസ്ഥ്യവും. മനോജ് എന്റെ വലിയൊരു സുഹൃത്തുകൂടെ ആണ്. എല്ലാ മാസവും ഒരു തവണയെങ്കിലും മനോജിനെ കാണാറുണ്ട്.
എന്റെ പേര് വിളിച്ചു. കണ്‍സല്‍ട്ടിങ്ങ് മുറിയില്‍ ഞാന്‍ ഒന്നും മിണ്ടാതെ കൌച്ചില്‍ മേല്‍പ്പോട്ടു നോക്കി കുറെ നേരം കിടന്നു. ഇടക്ക് ഞാന്‍ എന്തെങ്കിലും പറഞ്ഞിരുന്നോ എന്നറിയില്ല. ക്ഷമയോടെ എന്നെ തന്നെ സസൂക്ഷ്മം നോക്കി ഇരുന്നതിനു ശേഷം മനോജ് സംസാരിച്ചു തുടങ്ങി.
”രാജീവ്, ഇപ്പോള്‍ എന്ത് തോന്നുന്നു?”
”സ്വപ്‌നങ്ങള്‍ എന്നെ വല്ലാതെ വേട്ടയാടുന്നു. എന്നെ ഒരുപാട് തളര്‍ത്തുന്നു. എനിക്ക് എവിടെയൊക്കെയോ തെറ്റുപറ്റിയോ എന്നു തോന്നുന്നു.”
”രാജീവ് അനാവശ്യമായി ചിന്തിച്ചു കൂട്ടുന്നതാണ്…”
”എല്ലാം ഒരു മിഥ്യ പോലെ. ഐ ആം ഗെറ്റിംഗ് കണ്‍ഫ്യൂസ്ഡ്”
”ഉം… ഗോ ഓണ്‍” മനോജ് അടുത്തേക്ക് നീങ്ങി ഇരുന്നു.
”ഇവിടെ എന്താണ് മിഥ്യ, എന്താണ് യാഥാര്‍ത്ഥ്യം? യാഥാര്‍ത്ഥ്യം എന്നു മസ്തിഷ്‌കം നമുക്ക് തോന്നിക്കുന്നതെല്ലാം നമുക്ക് യാഥാര്‍ത്ഥ്യം ആണെന്ന് തോന്നുന്നു. അല്ലെ? നമുക്ക് തോന്നുന്ന യാഥാര്‍ത്ഥ്യം നമ്മള്‍ അതേ മസ്തിഷ്‌കം ഉപയോഗിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. സംതിങ്ങ് ഈസ് റോങ്ങ് വിത്ത് മി. എനിക്ക് എന്താണ് സംഭവിക്കുന്നത്?”
”രാജീവ് വെറുതെ ഭയപ്പെടുകയാണ്. യു ആര്‍ ദ മാസ്റ്റര്‍ ഓഫ് യുവര്‍ ബ്രെയിന്‍. അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കൂ. നമ്മള്‍ നടത്തിയ ഒരു ടെസ്റ്റിലും ഒരു തകരാറും രാജീവിന് ഉള്ളതായി കാണുന്നില്ല. നോക്കൂ സുഹൃത്തെ താങ്കള്‍ വളരെ ക്ഷീണിതനാണ്. ഒരു ഇടവേള ആണ് ഇപ്പോള്‍ അത്യാവശ്യം”
പക്ഷെ മനോജിന്റെ വാക്കുകള്‍ എന്നെ ആശ്വസിപ്പിച്ചില്ല.
”ആം ഐ ദ മാസ്റ്റര്‍? ഓര്‍ ഈസ് മൈ ബ്രെയിന്‍ ദ മാസ്റ്റര്‍?”
”റിലാക്‌സ്. ഇനിയും തലവേദന അനുഭവപ്പെടുന്നെങ്കില്‍ ഞാന്‍ നിംഹാന്‍സിലേക്ക് ഒന്ന് റഫര്‍ ചെയ്യാം. എന്റെ ഒരു അടുത്ത സുഹൃത്തുണ്ട് അവിടെ, ന്യൂറോ സൈക്ക്യാട്രിസ്റ്റ്. നമുക്ക് കണ്ടുപിടിക്കാം എന്താണ് പ്രശ്‌നം എന്ന്, അഥവാ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ. ബട്ട് നൌ യു ആര്‍ പെര്‍ഫക്റ്റിലി ആള്‍റൈറ്റ്. നത്തിങ്ങ് ടു വറി.”
എഴുന്നേറ്റു പോകാന്‍ ഒരുങ്ങുമ്പോള്‍ തോളില്‍ തട്ടിക്കൊണ്ട് മനോജ് വീണ്ടും പറഞ്ഞു
”രാജീവ്, താങ്കള്‍ ഒരു ജീനിയസ് ആണ്. യു തിങ്ക് ടൂ മച്ച്. താങ്കള്‍ക്കൊരു നല്ല വിശ്രമം ആവശ്യമാണ്. ഒരു പക്ഷെ നാട്ടിലേക്ക് ഒരു യാത്ര…?”
ഞാന്‍ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു.
വ്യാഴാഴ്ച ആയി. ഇപ്പോഴും വല്ലാതെ തല വേദനിക്കുന്നുണ്ട്. ഒട്ടും വായിക്കാന്‍ കഴിയുന്നില്ല. ഇന്നേക്ക് നാല് ദിവസമായി ക്ലാസ് എടുത്തിട്ട്. ഓരോ തവണയും തലവേദന വരുമ്പോള്‍ ഒന്ന് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ മാറാറുണ്ട്. ഇതിപ്പോള്‍ ഒരു കുറവും ഇല്ല. വൈകുന്നേരം പതിവിലും നേരത്തെ വീട്ടിലെത്തി.
സൂര്യന്റെ ചെരിഞ്ഞ രശ്മികള്‍ അകത്തേക്ക് നീണ്ടു വരുന്നു. ഞാന്‍ ബ്ലൈന്‍ഡ് താഴ്ത്തി, ഒരല്‍പനേരം ഉറങ്ങാന്‍ ശ്രമിച്ചു. ഉറക്കം വരുന്നില്ല. റിച്ചാര്‍ഡ് ഡോകിന്‍സിന്റെ പുസ്തകം എടുത്തു വെറുതെ പേജുകള്‍ മറിച്ചു നോക്കി. ശ്രദ്ധിക്കാന്‍ കഴിയുന്നില്ല.
മുറിയില്‍ അദൃശ്യരായ ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍. എന്റെ ചിന്തകളെ അവ മാറ്റിമറിക്കുമോ എന്ന ഭയം. താന്‍ ഇതുവരെ കരുതിയതെല്ലാം തെറ്റാണോ? രേണു തിരിച്ചു വരുന്നതുവരെ എങ്ങിനെയെങ്കിലും പിടിച്ചു നിന്നേ പറ്റൂ. അല്പനേരത്തേക്ക് ആണെങ്കിലും ഒറ്റക്കിരിക്കാന്‍ പേടി തോന്നുന്നു.
ഞാന്‍ കണ്ണടച്ചു കിടന്നു.
വിചിത്രമായ കാഴ്ചകള്‍, അനുഭവങ്ങള്‍… ഒന്നും തന്നെ യുക്തിപൂര്‍വ്വം സ്ഥാപിച്ചെടുക്കാന്‍ കഴിയാത്തവ. കാലത്തിന്റെ ക്രമം തെറ്റിയുള്ള ഒഴുക്ക്… എനിക്കിതെങ്ങനെ വിവരിക്കാനാകും? ഞാന്‍ കടന്നുപോകുന്ന ഈ അവസ്ഥ… അത് എങ്ങനെ വിശദീകരിക്കാനാകും? ഇല്ലാത്തത് ഉണ്ടെന്നും ഉള്ളത് ഇല്ലെന്നും തോന്നിക്കുന്ന അനുഭവം. ഉള്ളത് ഉള്ളതാണെന്ന് എങ്ങിനെ ഉറപ്പിക്കാനാകും.
ഇടക്ക് ഒരല്‍പം മയക്കത്തിലേക്ക് വഴുതി. അതാ വീണ്ടും അമ്മ!
”മോനേ…”
ഞാന്‍ തല കുനിച്ചു നിന്നു. കുറ്റബോധം തോന്നുന്നു. എനിക്ക് അമ്മയെ അഭിമുഖീകരിക്കാന്‍ കഴിയുന്നില്ല.
അമ്മ എന്റെ അടുത്തെത്തി എന്റെ കൈകള്‍ എടുത്തുകൊണ്ടു വീണ്ടും പറയുന്നു.
”വല്ലാത്ത ഒറ്റപ്പെടല്‍ ആണ് മോനേ.”
ഞാന്‍ മുഖം ഉയര്‍ത്തി നോക്കുമ്പോള്‍, വിളറിയ അമ്മയുടെ മുഖം, കണ്ണുകളുടെ സ്ഥാനത്ത് ഇരുണ്ട രണ്ടു ഗര്‍ത്തങ്ങള്‍…
വലിയ കിതപ്പോടെ ഞെട്ടി ഉണര്‍ന്നു…
അടുക്കളയില്‍ നിന്നും പാത്രങ്ങളുടെ ശബ്ദം കേള്‍ക്കുന്നുണ്ട്…
രേണു വന്നിട്ടുണ്ട്.
കണ്ണുകള്‍ അടച്ചു കൊണ്ട് കിടന്നു. ഉറക്കം വരുന്നില്ല. വീണ്ടും ഓര്‍മകള്‍…
മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒറ്റപ്പാലത്തിനടുത്ത് മനിശ്ശേരിയില്‍ ജനനം. കോളേജ് അധ്യാപകനായ ശങ്കരനാരായണന്റെയും സ്‌കൂള്‍ അധ്യാപികയായ ശാരദക്കുട്ടി ടീച്ചറുടെയും ഏക മകന്‍. പഠനത്തില്‍ അതി മിടുക്കനായി വളര്‍ന്നു. അമ്മ പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ നിന്നും മിടുക്കനായി പാസ്സായി ഇറങ്ങുമ്പോള്‍, അച്ഛനായിരുന്നു നിര്‍ബന്ധം, മകന്‍ മദ്രാസ് ഐ.ഐ.ടി.യില്‍ ചേര്‍ന്ന് പഠിക്കണമെന്ന്. അച്ഛനില്‍ നിന്നാണ് യുക്തിവാദത്തിന്റെ ആദ്യപാഠങ്ങള്‍. അച്ഛന്റെ ലൈബ്രറിയില്‍ നിന്നും ഇടമറുകിനെയും, കോവൂരിനെയും, കാള്‍ പോപ്പെറെയും പരിചയപ്പെട്ടു. ശാസ്ത്രജ്ഞന്‍ ആകണം എന്നു തന്നെയായിരുന്നു മോഹം. അതാകാം പിന്നീട് അമേരിക്കയിലെ കോര്‍ണെല്‍ സര്‍വകലാശാലയില്‍ നിന്നും തിയററ്റിക്കല്‍ ഫിസിക്‌സില്‍ നേടിയ ഡോക്ടറേറ്റ് വരെ എത്തിച്ചത്.
അമ്മ ദൈവവിശ്വാസി ആയിരുന്നു. അച്ഛന്‍ പറയാറുണ്ടായിരുന്നതുപോലെ, ഒരു ‘അന്ധവിശ്വാസി!’ അമ്മക്ക് വഴിപാടുകള്‍ നടത്താനും അമ്പലങ്ങള്‍ സന്ദര്‍ശിക്കാനും പ്രാര്‍ത്ഥിക്കാനും ഒക്കെയേ നേരം ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഒരിക്കല്‍ പോലും ഇതിലൊന്നും അച്ഛന്‍ അനിഷ്ടമോ അതൃപ്തിയോ പ്രകടിപ്പിച്ചിരുന്നില്ല എന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. എന്തുകൊണ്ടായിരിക്കാം അമ്മയെ തിരുത്താന്‍ അച്ഛന്‍ ഒരിക്കലും ശ്രമിക്കാതിരുന്നത്? ഒരുപക്ഷെ, ശ്രമിച്ചു പരാജയപ്പെട്ടതായിരിക്കുമോ?
വെള്ളിയാഴ്ച. പുലര്‍ച്ചെ ഞെട്ടി ഉണര്‍ന്നു. നേരം വെളുത്തു വരുന്നേയുള്ളൂ. കടുത്ത തലവേദന ഇപ്പോളും ഉണ്ട്. വല്ലാത്ത അസ്വാസ്ഥ്യം.
രേണു അടുത്ത് ശാന്തമായി ഉറങ്ങുന്നു.
അരണ്ട വെളിച്ചത്തില്‍ ഞാന്‍ വെറുതെ സീലിങ്ങിലേക്ക് നോക്കി കിടന്നു.
എന്താണ് യുക്തി? മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളില്‍ ഭയചകിതനായ മനുഷ്യന്‍ കേണു കരയുന്ന കാഴ്ച. ഡാമിറ്റ്! തനിക്കത് മറക്കാന്‍ കഴിയുന്നില്ലല്ലോ. ഭയാനകമായ സ്വപ്നങ്ങള്‍. മനുഷ്യന്റെ ദയനീയമായ നിസ്സഹായത. കൂട്ടക്കരച്ചിലുകള്‍. ദൈവത്തെ അലറി വിളിക്കുന്നവര്‍. ദൈവം എന്നൊന്നും ഇല്ല എന്നാണു അവരോടു പറയുവാന്‍ തോന്നിയത്. പക്ഷെ, എന്തിന്?
എന്തിനാണ് ഞാന്‍ അന്ന് അവിടെ മേക്രി സര്‍ക്കിളിനു സമീപം ആ അപകടസ്ഥലത്ത് എത്തിപ്പെട്ടത്? എന്തുകൊണ്ടാണ് ആ കോലാഹലങ്ങള്‍ക്കിടയിലും അവിടേക്ക് ഓടിപ്പോകാന്‍ തനിക്കു തോന്നിയത്?
തല ചിതറി ചോരയില്‍ കുളിച്ചു നിലത്ത് കിടക്കുമ്പോളും തന്റെ കുഞ്ഞിനെ കൈകളില്‍ വലയം ചെയ്തു പിടിച്ചിരുന്ന ആ സ്ത്രീ. ആരായിരുന്നു അവര്‍. ഒരുപക്ഷെ, രക്ഷപ്പെടാമായിരുന്നിട്ടും, എന്തിനാണവര്‍… ഞാന്‍ അവരെ സൂക്ഷിച്ചു നോക്കി… അവര്‍ക്ക് അമ്മയുടെ ഛായ.
”മോനേ…” അമ്മ വിളിക്കുന്നു.
വീണ്ടും വല്ലാതെ തല വേദനിക്കുന്നു.
ഞാന്‍ കണ്ണടച്ചു കിടന്നു.
എന്താണീ ജീവിതം? അതിജീവനത്തിനായുള്ള പരക്കംപാച്ചില്‍. അതിനിടയില്‍ യുക്തിക്ക് എന്താണ് പ്രാധാന്യം?
യുക്തിയും യുക്തിയില്ലായ്മയും ഈ മസ്തിഷ്‌കം തന്നെയല്ലേ നിര്‍വചിക്കുന്നത്? ചിലത് നമുക്ക് യുക്തി എന്നു തോന്നിക്കുന്ന വിധം നമ്മുടെ മസ്തിഷ്‌കം രൂപപ്പെട്ടിരിക്കുന്നു. എല്ലാം ഈ തലയോട്ടിക്കുള്ളില്‍ സൃഷ്ടിക്കപ്പെടുന്ന, അതിനുള്ളില്‍ മാത്രം അര്‍ത്ഥമുള്ളതായി തോന്നുന്ന അവസ്ഥകള്‍…
ഉറങ്ങണം എന്നുണ്ട്. പക്ഷെ ഉറക്കം വരുന്നില്ല. അസ്തിത്വം നഷ്ടപ്പെടുമോ എന്ന ഭയം. വായുവില്‍ തങ്ങി ഏതു നിമിഷവും താഴെ വീഴാം എന്നപോലെ പാറി നില്‍ക്കുന്ന അനുഭവം, ഞാന്‍ നന്നായി വിയര്‍ക്കുന്നുണ്ട്. രേണു അരികില്‍ ശാന്തമായി ഉറങ്ങുന്നു. അവള്‍ക്ക് മനസ്സിലായിക്കാണുമോ? അവളെ പുണര്‍ന്നുകൊണ്ട് അങ്ങിനെ കിടന്നു. ഞാന്‍ കുറേ കരഞ്ഞു. എനിക്കറിയില്ല, പക്ഷെ വല്ലാത്ത ദുഃഖം തോന്നുന്നു. അണപൊട്ടി ഒഴുകുന്ന കണ്ണീര്‍. എവിടെയോ, എന്തൊക്കെയോ പിഴച്ചിരിക്കുന്നതുപോലെ.
കോര്‍ണെല്‍ സര്‍വകലാശാലയില്‍ വച്ചാണ് രേണുവിനെ കണ്ടുമുട്ടുന്നത്. രേണു ശര്‍മ. ആ കണ്ടുമുട്ടല്‍ പിന്നീട് പതിവായി, അവള്‍ എന്റെ ജീവിത സഖിയായി. പഠനശേഷം ഇന്ത്യയിലേക്ക് മടങ്ങുവാനായിരുന്നു രേണുവിന് ഇഷ്ടം. മികച്ച സര്‍വകലാശാലകളില്‍ നിന്നും എനിക്ക് വന്ന ഓഫറുകള്‍ക്കിടയില്‍ ബംഗളൂരുവിലെ ഐ.ഐ.എസ്.സി. തെരഞ്ഞെടുക്കാന്‍ എന്നെ ഒരുപാട് നിര്‍ബന്ധിച്ചതും രേണു ആയിരുന്നു.
”രാജീവ്, എന്ത് പറ്റി നിനക്ക്?”
ഒന്നും പറയാതെ ഞാന്‍ എഴുന്നേറ്റു ബാത്ത്‌റൂമിലേക്ക് നടന്നു. കുറെ നേരം കണ്ണാടിയിലേക്കു നോക്കി നിന്നു. സൂക്ഷിച്ചു നോക്കും തോറും കണ്ണാടിയില്‍ മറ്റൊരോ ആണെന്ന് തോന്നുന്നു.
ഞാന്‍ ഓര്‍ത്തു…
അന്ന് ന്യൂയോര്‍ക്കിലെ കോണ്‍ഫറന്‍സ് നടക്കുന്നതിനിടയില്‍ അച്ഛന്റെ സുഹൃത്ത് സേവിയര്‍ അങ്കിളിന്റെ ആ ഫോണ്‍ കാള്‍. എന്നില്‍ ഒരു ചലനവും സൃഷ്ടിക്കാതിരുന്ന ആ വാക്കുകള്‍.
”മോനേ, ശാരദ ടീച്ചര്‍ പോയി”
മറുപടി ഒന്നും പറഞ്ഞില്ല. പറയാന്‍ തോന്നിയില്ല.
തിയററ്റിക്കല്‍ ഫിസിക്‌സിലെ അതികായന്മാര്‍ പങ്കെടുക്കുന്ന വലിയ കോണ്‍ഫറന്‍സ്. അവിടെ ശാസ്ത്ര സമൂഹം എന്റെ പുതിയ ആശയങ്ങള്‍ക്കായി കാതുകൂര്‍പ്പിച്ചു നില്‍ക്കുന്നു. അച്ഛന്റെ വാക്കുകളാണ് അന്നും മാര്‍ഗദര്‍ശി ആയത്.
”പൊരുതി നേടാനുള്ളതാണ് ഈ ലോകം. ഒന്നും ഒരിക്കലും നിന്നെ തളര്‍ത്തരുത്. ഇവിടെ അറിവ് മാത്രമാണ് യാഥാര്‍ത്ഥ്യമായുള്ളത്. നിസ്സാരമായ വൈകാരികതക്ക് പുറകെ പോകരുത്.”
കോണ്‍ഫറന്‍സ് മുഴുവനും എന്റെ പ്രബന്ധം ചര്‍ച്ച ചെയ്യപ്പെട്ടു. തിരക്കിട്ട് ഓരോരുത്തരായി എന്നെ അന്വേഷിച്ചു വന്നു. പ്രിന്‍സ്റ്റണില്‍ നിന്നും ഹാര്‍വാര്‍ഡില്‍ നിന്നുമെല്ലാം തുടര്‍ ഗവേഷണത്തിനായി ഓഫറുകള്‍…
”അങ്കിള്‍… എനിക്ക് വരാന്‍ കഴിയില്ല.”
സേവിയര്‍ അങ്കിള്‍ മറിച്ചൊന്നും പറഞ്ഞില്ല.
അച്ഛന്‍ പറഞ്ഞതു ശരിയാണ്. വൈകാരികതയില്‍ ഒന്നും ഒരു അര്‍ത്ഥവും ഇല്ല.
കണ്ണാടിയിലെ എന്റെ പ്രതിബിംബം ഒന്നിളകി.
ഞാന്‍ അല്പം വെള്ളമെടുത്ത് മുഖം കഴുകി. വീണ്ടും എന്നെ തന്നെ നോക്കി നിന്നു.
ആ ഞായറാഴ്ച, ക്യാമ്പസിലെ കോഫീബോര്‍ഡിലിരുന്ന് മിസ്റ്റര്‍ എക്‌സ് സംഭാഷണം തുടരുകയാണ്.
”കാണുന്നതും അറിയുന്നതുമെല്ലാം മസ്തിഷ്‌കത്തിന്റെ സൃഷ്ടിയാണ്. തെറ്റും സത്യവും അസത്യവും യുക്തിയും യുക്തിഹീനതയും എല്ലാം മസ്തിഷ്‌കം ആണ് തീരുമാനിക്കുന്നത്. അതിനു പുറത്ത് ഇതൊന്നുമില്ല. ഒരുപക്ഷെ മനുഷ്യ മസ്തിഷ്‌കം മറ്റൊരു വിധത്തിലാണ് രൂപപ്പെട്ടതെങ്കില്‍ ഈ ലോകവും യാഥാര്‍ത്ഥ്യവും ശാസ്ത്രവും എല്ലാം മറ്റൊരു വിധത്തിലായി നാം അറിഞ്ഞേനെ. ഇതില്‍ നിന്നും ഒരു രക്ഷ ഇല്ല. ആത്യന്തികമായി നാം ഓരോരുത്തരും എന്നന്നേക്കും ഈ മസ്തിഷ്‌കത്തിന്റെ തടവറയില്‍ അകപ്പെട്ടിരിക്കുന്നു.”
”രാജീവ്, മസ്തിഷ്‌കത്തിന് വെളിയില്‍ വന്നു നോക്കൂ. എന്ത് തരം ലോകമാണ് അവിടെയെന്നു നോക്കൂ. അവിടെ എല്ലാം അര്‍ത്ഥശൂന്യമാകുന്നു”
മിസ്റ്റര്‍ എക്‌സ്, നിങ്ങള്‍ ആരാണ്? എന്തിനാണ് എന്റെ മനസ്സില്‍ ഇത്തരം ചോദ്യങ്ങള്‍ ഉണര്‍ത്തിവിട്ടത്?
പ്രപഞ്ചത്തിന്റെ ചലന നിയമങ്ങള്‍ വളരെ ലളിതമാണ്, പക്ഷെ മനസ്സിന്റെ ചലന നിയമങ്ങള്‍ അതി സങ്കീര്‍ണ്ണവും പ്രവചനാതീതവുമാണ്. ഭ്രാന്തു പിടിപ്പിക്കുന്ന സമവാക്യങ്ങളാല്‍ അവ സങ്കീര്‍ണ്ണമായി നില്‍ക്കുന്നു. ഇവിടെ ഒന്ന് മാത്രമേ പ്രാധാന്യം അര്‍ഹിക്കുന്നുള്ളൂ. നമ്മുടെ ചോയ്‌സ്. നാം എന്ത് തെരഞ്ഞെടുക്കുന്നു എന്നത് മാത്രം. നാം നമ്മള്‍ തന്നെ സൃഷ്ടിക്കുന്ന സമവാക്യങ്ങളുടെ പൂര്‍ത്തീകരണം തേടുന്നു, ഇടതും വലതും ഇരുവശങ്ങളും ഒരേപോലെ തുലനം ചെയ്തുകൊണ്ട്.
അര്‍ത്ഥശൂന്യം എന്നു താന്‍ ഒരിക്കല്‍ കരുതിയവയെല്ലാം ഇന്നു അര്‍ത്ഥപൂര്‍ണ്ണമായി തോന്നുന്നു. താന്‍ തിരഞ്ഞു അലഞ്ഞു നടന്നതെല്ലാം ഇന്നു അര്‍ത്ഥശൂന്യമായും തോന്നുന്നു. ഒരേ നാണയത്തിന്റെ ഇരു വശങ്ങള്‍ പോലെ.
മറ്റൊരു ഞായറാഴ്ച. രേണുവിനോടൊപ്പം നീണ്ടൊരു യാത്രയിലാണ്. ഒരുപാട് കാലത്തിന് ശേഷം മനിശ്ശേരിയിലേക്ക്. മുന്നില്‍ നിന്നും കണ്ണെടുക്കാതെ, സ്റ്റിയറിങ്ങില്‍ നിന്നും ഇടത്തെ കയ്യെടുത്ത് രേണു എന്റെ കയ്യില്‍ മുറുകെ പിടിച്ചു.
”യു നീഡഡ് എ ബ്രേക്ക്” രേണു പറഞ്ഞു.
ഞാന്‍ പുറത്തേക്കു നോക്കി ഇരുന്നു. മഴയും കാത്ത് അറ്റമില്ലാതെ കിടക്കുന്ന പാലക്കാടന്‍ വരള്‍ച്ചയെ പിറകിലേക്ക് തള്ളി മാറ്റി ഞങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.
വലിയ ശബ്ദത്തോടെ ഞാന്‍ ഗേറ്റ് തള്ളിത്തുറന്നു. രേണു കാര്‍ ഉള്ളിലേക്ക് ഒതുക്കിയിട്ടു. എന്റെ കുട്ടിക്കാലം നിറഞ്ഞു നില്‍ക്കുന്നതാണ് ഈ മുറ്റം.
ശബ്ദം കേട്ട് അടുത്ത വീട്ടില്‍ നിന്നും ജാനു ഏടത്തി ഓടിയെത്തി. നരകള്‍ വീണ മുടിയിഴകള്‍.
അവര്‍ വീടും പരിസരവും വൃത്തിയാക്കി വച്ചിട്ടുണ്ട്.
”ഈ പ്രദേശത്ത് ഇവിടുത്തെ കിണറ്റില്‍ മാത്രേ ഇപ്പൊ വെള്ളം ഉള്ളൂ. വെള്ളം കോരാന്‍ വരുമ്പോള്‍ ഞാന്‍ ചെടികളൊക്കെ നനയ്ക്കും. മോന്റെ അമ്മക്ക് വലിയ ജീവനായിരുന്നു ഇവയൊക്കെ. പാവം…”
മരണം വരെ അമ്മയോട് കൂടെ നിന്ന് പരിചരിച്ചിരുന്നത് ജാനു ഏടത്തി ആയിരുന്നു.
പഴയ വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോള്‍, ഒരു തണുത്ത കാറ്റ് എന്നെ സ്പര്‍ശിച്ചു കടന്നു പോയി. മുറ്റത്തെ തുളസിത്തറ. നന്ദ്യാര്‍ വട്ടം, മന്ദാരം, പാരിജാതം. ഇരുവശത്തും നിരനിരയായി കദംബവും, താഴെ നിറയെ തുമ്പ പൂക്കളും. അമ്മക്ക് ഏറെ ഇഷ്ടമായിരുന്നു വെളുത്ത പൂക്കള്‍. ഒന്നും മാറിയിട്ടില്ല.
ഞാന്‍ ഒന്നും പറഞ്ഞില്ല.
മുറ്റത്തിന്റെ അരികിലായി പൂച്ചെടികള്‍ക്കിടയില്‍ അച്ഛനും അമ്മയും അടുത്തടുത്തായി ഉറങ്ങുന്നു. ഞാന്‍ അടുത്ത് ചെന്ന് കുറച്ചു നേരം നിന്നു.
ഇടിയും മിന്നലുമൊക്കെയായി രാത്രി ഏറെ നേരം കനത്ത മഴ പെയ്തു. കുറേനേരം മഴ നോക്കി നില്‍ക്കണം എന്നൊക്കെ കരുതിയെങ്കിലും ഞാന്‍ നേരത്തേ കിടന്നു. നല്ലതുപോലെ ഉറങ്ങി.
രാവിലെ ഉണര്‍ന്ന് നോക്കുമ്പോള്‍ രേണു അടുത്തില്ല.
അടുക്കളയില്‍ നിന്നും ശബ്ദം കേള്‍ക്കുന്നുണ്ട്. ഞാന്‍ എഴുന്നേറ്റു.
പുറം തിരിഞ്ഞു നില്‍ക്കുന്ന അവളെ ഞാന്‍ സൂക്ഷിച്ചു നോക്കി. അവള്‍ക്ക് അമ്മയുടെ ഛായ ഉണ്ടെന്ന് തോന്നി.
പിന്നീടൊരിക്കലും ഞാന്‍ അമ്മയെ സ്വപ്‌നം കണ്ടിട്ടില്ല.