ആയിരം ഇതളുകള്‍ ഉള്ള താമരപ്പു ചിലപ്പോള്‍ കവി കല്പനയാവാം. ഭാരതീയ യോഗ സങ്കല്പത്തിലും ആയിരമിതളുകള്‍ ഉള്ള താമരയെ പ്രതീകാത്മകമായി ചിത്രീകരിക്കാറുണ്ട്. മനുഷ്യന്റെ സൂക്ഷ്മ ശരീരത്തില്‍ ഉറങ്ങി കിടക്കുന്ന ഈശ്വരചൈതന്യം ആത്മീയ സാധനകള്‍ കൊണ്ട് ഉണര്‍ത്തി ഉയര്‍ത്തി തലച്ചോറിലെത്തുമ്പോള്‍ സാക്ഷാല്‍ക്കാരബോധത്തിന്റെ ആയിരമിതള്‍ താമര വിരിയുമെന്നാണ് യോഗികളുടെ സങ്കല്‍പ്പം. അപ്പോള്‍ അലൗകികമായ പരമാനന്ദ പദപ്രാപ്തി ഉണ്ടാകുമത്രെ. ഭാരതീയ തന്ത്രശാസ്ത്രത്തിലും ആനന്ദ സ്വരൂപികളായ ദേവതമാര്‍ ആരൂഢം കൊള്ളുന്നത് താമരപ്പൂവിലാണ്. വിരിഞ്ഞ താമരപ്പൂവില്‍ പദമൂന്നി നില്‍ക്കുന്ന ഭാരത മാതാവിനെ ദേവതയായി കാണുന്ന ദേശീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് രാഷ്ട്ര ശരീരത്തിലെങ്ങും താമരമൊട്ടുകള്‍ സഹസ്രദള കമലങ്ങളായി വിരിയുന്ന വൈഭവ കാലത്തിന്റെ വരവറിയിക്കുന്നതായി കഴിഞ്ഞ ദിവസം അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പു ഫലങ്ങള്‍. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ വേരോട്ടവും ജനപിന്തുണയുമുള്ള ഏക ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായി ഭാരതീയ ജനതാ പാര്‍ട്ടി മാറിക്കഴിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യം പ്രാപിച്ച കാലം മുതല്‍ ദേശീയ പാര്‍ട്ടിയായി സ്വാധീനം ചെലുത്തിയിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ന് ഒരു പ്രാദേശിക പാര്‍ട്ടിയുടെ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. അത് ആ പാര്‍ട്ടിയുടെ ചെയ്തികള്‍ കൊണ്ടുതന്നെ സംഭവിച്ച ദുര്യോഗമാണ്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതോടെ ഭാരതം അടിമുടി മാറുന്ന അനുഭവമാണ് ജനങ്ങള്‍ക്കുണ്ടായത്. വികസനമെന്തെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനും അഴിമതി രഹിത ഭരണം സാധ്യമാണ് എന്ന് കാട്ടിക്കൊടുക്കാനും ഭാരതീയ ജനതാ പാര്‍ട്ടിക്ക് കഴിഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടിക്ക് അധികാരം ലഭിച്ച സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും മാതൃകാപരമായ ഭരണം കാഴ്ചവച്ചു തുടങ്ങിയതോടെ ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് തുടര്‍ഭരണം കിട്ടിത്തുടങ്ങി. ഇതിന്റെ ഭാഗമായി വേണം അഞ്ചു സംസ്ഥാന നിയമസഭകളിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളെ കാണാന്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ പഞ്ചാബ് ഒഴികെ നാലു സംസ്ഥാനങ്ങളിലും വ്യക്തമായ ജനവിധി ബി.ജെ.പിയ്ക്ക് അനുകൂലമായി ഉണ്ടായിരിക്കുകയാണ്. പഞ്ചാബിലാകട്ടെ കോണ്‍ഗ്രസ്സിനെ അതിദയനീയമായി പരാജയപ്പെടുത്തി ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നിരിക്കുകയാണ്. ഇതോടെ കോണ്‍ഗ്രസ് നേരിട്ട് ഭരിക്കുന്നത് ഛത്തീസ്ഗഡിലും രാജസ്ഥാനിലും മാത്രമായി മാറി. 2024 ല്‍ വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫല സൂചനയാണ് ഹിന്ദി ഹൃദയ ഭൂമിയില്‍ നടന്ന ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്ന് രാഷ്ട്രീയ വിദഗ്ദ്ധര്‍ പ്രവചിച്ചു കഴിഞ്ഞിരിക്കുന്നു. ഭാരതത്തിലെ ഏറ്റവും കൂടുതല്‍ ജനവാസമുള്ള, നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഏറ്റവും കൂടുതല്‍ ജനപ്രതിനിധികളെ എത്തിക്കുന്ന ഉത്തര്‍പ്രദേശ് സംസ്ഥാനത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്ന തുടര്‍ഭരണം കൃത്യമായ രാഷ്ട്രീയ ഗതിമാറ്റത്തെയാണ് കാണിക്കുന്നത്. യോഗി ആദിത്യനാഥിന്റെ ഭരണമികവിനുള്ള അംഗീകാരം തന്നെയാണ് ഈ ജനവിധി. നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുവച്ച വികസന പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തി തുടങ്ങിയിരിക്കുന്നു. കുഗ്രാമങ്ങളില്‍ വരെ വൈദ്യുതിയും കുടിവെള്ളവും പാചകവാതകവും ഒക്കെ ലഭിച്ചു തുടങ്ങിയതോടെ വന്‍തോതില്‍ സ്ത്രീ വോട്ടര്‍മാര്‍ ബി.ജെ.പിക്ക് അനുകൂലമായി മാറിയതായി കാണാം. റോഡും പാലങ്ങളും വിമാനത്താവളങ്ങളും ഫാക്ടറികളും തൊഴിലവസരങ്ങളും എല്ലാം വലിയ തോതില്‍ ലഭിച്ചു തുടങ്ങിയതോടെ യുവാക്കളും ബി.ജെ.പിയ്‌ക്കൊപ്പം അടിയുറച്ച് നില്‍ക്കാന്‍ തുടങ്ങി. മുത്തലാഖ് പോലുള്ള പ്രാകൃത മതനിയമങ്ങള്‍ എടുത്തു കളഞ്ഞതോടെ വലിയ തോതില്‍ മുസ്ലീം സ്ത്രീകളുടെ പിന്‍തുണയും ഭാരതീയ ജനതാ പാര്‍ട്ടിക്ക് കിട്ടിത്തുടങ്ങി. യു.പി. തിരഞ്ഞെടുപ്പില്‍ ഏറെ സ്വാധീനിച്ചിരുന്ന ജാതി രാഷ്ട്രീയത്തിന് ഈ തിരഞ്ഞെടുപ്പോടെ അന്ത്യം കുറിക്കാനായി എന്നത് നിസ്സാര കാര്യമല്ല. ജാതി പറഞ്ഞ് വോട്ട് പിടിച്ചിരുന്ന മായാവതിക്കും അഖിലേഷ് യാദവിനുമൊക്കെ കാലത്തിന്റെ ഗതി മാറ്റം ഉള്‍ക്കൊള്ളാതെ ഇനി മുന്നോട്ടു പോകാനാവില്ല.
സാംസ്‌കാരിക ദേശീയതയെ വര്‍ഗ്ഗീയതയായി ചിത്രീകരിക്കുന്നവര്‍ക്ക് ഇനി ഭാരത രാഷ്ട്രീയത്തില്‍ സ്ഥാനമുണ്ടാവില്ല. സാംസ്‌കാരിക ദേശീയതയുടെ മാനബിന്ദുക്കളായ അയോധ്യയിലും കാശിയിലും മഥുരയിലും പ്രയാഗ് രാജിലുമൊക്കെ ഭാരതീയ ജനതാ പാര്‍ട്ടിക്കുണ്ടായ ഉജ്ജ്വല വിജയങ്ങള്‍ കാലത്തിന്റെ ദിശാ സൂചന തന്നെയാണ്. വിദേശ ശക്തികളുടെ പിന്‍തുണയോടെ നടന്ന കര്‍ഷക സമരം കേന്ദ്രസര്‍ക്കാരിനെ തെരുവു യുദ്ധത്തിലൂടെ അട്ടിമറിക്കാനുള്ള കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് ഗൂഢാലോചന മാത്രമായിരുന്നെന്ന് തെളിയിക്കുന്നതായി ബി.ജെ.പിയുടെ ഉത്തര്‍പ്രദേശിലെ രണ്ടാമൂഴം. കര്‍ഷക സമരത്തിന്റെ അലയൊലികള്‍ കൂടുതല്‍ വ്യാപകമായിരുന്ന പടിഞ്ഞാറന്‍ യു.പിയിലും കര്‍ഷകരെ വാഹനം കയറ്റി കൊന്നു എന്നാരോപണമുണ്ടായ ലഖിംപൂര്‍ ഖേരിയിലുമെല്ലാം ബി.ജെ.പി സീറ്റുകള്‍ തൂത്തുവാരിയതില്‍ നിന്നു തന്നെ ഈ സമരങ്ങള്‍ക്ക് ജനഹൃദയത്തില്‍ എന്ത് സ്ഥാനമുണ്ടായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്.
ബി.ജെ.പി.തിരഞ്ഞെടുപ്പ് വിജയിക്കുമ്പോഴെല്ലാം അത് വര്‍ഗ്ഗീയ ധ്രുവീകരണം കൊണ്ടുണ്ടാകുന്നതാണെന്ന് എഴുതിപിടിപ്പിക്കുന്ന ചില മാധ്യമങ്ങള്‍ക്ക് ഈ തിരഞ്ഞെടുപ്പ് മുഖമടച്ച് നല്‍കുന്ന ഉത്തരമാണ് മണിപ്പൂരിലെയും ഗോവയിലെയും ബി.ജെ.പിയുടെ ആധികാരിക വിജയം.ഒരിക്കല്‍ നാഗാ വിഘടനവാദികളുടെയും മണിപ്പൂര്‍ സ്വാതന്ത്ര്യവാദികളുടെയും തട്ടകമായിരുന്ന മണിപ്പൂര്‍ ഇന്ന് ദേശീയ മുഖ്യധാരയില്‍ ചേര്‍ന്നു നില്‍ക്കുന്ന കാഴ്ചയാണ് എതിരാളികളെപ്പോലും അല്‍ഭുതപ്പെടുത്തുന്നത്. ഒരു കാലത്ത് തങ്ങള്‍ ഭാരതത്തിന്റെ ഭാഗമല്ലെന്നു പരസ്യമായി പറഞ്ഞിരുന്ന മണിപ്പൂര്‍ ദേശീയ മുഖ്യധാരയില്‍ ലയിച്ച് ഭാരതീയ ജനതാ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നല്‍കി അനുഗ്രഹിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ പോയി വരാമെന്നു പറഞ്ഞു ദില്ലിക്ക് യാത്ര തിരിച്ചിരുന്ന രാഷ്ട്രീയ നേതാക്കളുണ്ടായിരുന്ന മണിപ്പൂരിലാണ് ഈ മാറ്റമെന്നോര്‍ക്കണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന വിഘടനവാദ പ്രവണതകള്‍ക്ക് കാരണം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തെറ്റായ സമീപനങ്ങളായിരുന്നു എന്ന് ഇതോടെ തെളിയുകയാണ്. വികസനം കൊണ്ടുവരുന്ന ഇന്ദ്രജാലങ്ങളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഈ മാറ്റങ്ങള്‍ക്കു കാരണം.
കഴിഞ്ഞ മൂന്നേകാല്‍ വര്‍ഷത്തിനിടെ തിരഞ്ഞെടുപ്പ് നടന്ന 19 സംസ്ഥാനങ്ങളില്‍ ഒരിടത്തു പോലും ഒറ്റയ്ക്ക് ജയിക്കാന്‍ കഴിയാനാകാത്ത കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് ഫലം അവരുടെ ദേശീയ രാഷ്ട്രീയത്തിലെ ചരമഗീതമാണ്. കുറച്ച് കാലം കൂടി കേരളത്തിലെ ചില മാര്‍ക്‌സിസ്റ്റ് മാധ്യമ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ നിത്യയൗവനത്തെക്കുറിച്ചും പ്രിയങ്ക വാദ്രയുടെ മൂക്കിന്റെ നീളത്തെക്കുറിച്ചും ഫീച്ചറുകള്‍ എഴുതി ആത്മരതി അടഞ്ഞേക്കാം. അതുമല്ലെങ്കില്‍ പഞ്ചാബിലെ ആപ്പിന്റെ വിജയത്തില്‍ ബി.ജെ.പിയുടെ അന്തകാവതാരത്തെ കണ്ട് കൊണ്ടാടിയേക്കാം. ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ മലയാള മാധ്യമങ്ങളുടെ വിശ്വാസ്യതയും കൂടിയാണ് തകര്‍ന്നത്. ഇനി വരാന്‍ പോകുന്നത് സാംസ്‌കാരിക ദേശീയതയുടെ സഹസ്ര കമല യോഗമാണെന്ന് പറയാന്‍ അധികം രാഷ്ട്രീയ പാണ്ഡിത്യമൊന്നും വേണ്ട.